കുഞ്ഞു നാളിലേ നാം കേട്ടു പരിചയിച്ചൊരു കഥയുണ്ട്; 'ഉമ്മാന്റെ കരള്‍ പറിച്ചെടുത്ത് ഓടുന്ന മകന്റെ കഥ'. പായുന്നതിനിടയില്‍ കല്ലില്‍ തട്ടിത്തടഞ്ഞു വീഴുന്ന മകനോട് ആ മാതൃഹൃദയം ചോദിക്കുകയാണ്; 'പൊന്നുമോനേ നിനക്കെന്തെങ്കിലും പറ്റിയോ'ന്ന്.
വെറുമൊരു ഗുണപാഠ കഥയല്ലിത്. മാറിടത്തില്‍ മുലപ്പാല്‍ ചുരത്തിയ പെണ്‍ഹൃദയത്തില്‍ അവളെ സൃഷ്ടിച്ചവന്‍ ഇട്ടു കൊടുത്ത കാരുണ്യം കടലാഴത്തോളം പരന്നൊഴുകുന്നതാണെന്ന് ഓര്‍മപ്പെടുത്തുന്നൊരു കഥ. പകരം വെക്കാനില്ലാത്ത കരുതലിന്റെ പേരാണ് മക്കള്‍ക്ക് ഉമ്മയെന്നത്. ആര് കൈവിട്ടാലും ഓടിയണയാന്‍ ഒരു സ്‌നേഹത്തണല്‍ ആ മടിത്തട്ട് ബാക്കിവെച്ചിട്ടുണ്ടാകും. പ്രതിസന്ധിയിലെ കരുത്തും പ്രയാസങ്ങളിലെ ആശ്വാസവുമാണ് ഉമ്മയെന്ന രണ്ടക്ഷരം. ഏതോ ഒരു പാതിരാവില്‍ വീട്ടിലേക്ക് കയറിപ്പോയ തനിക്കായി, ചോറ്റു പാത്രവും മൂടിവെച്ചു കാത്തിരുന്ന ഉമ്മയെ വിശ്വസാഹിത്യകാരന്‍ ബഷീറില്‍ നാം വായിച്ചിട്ടുണ്ടല്ലോ.
സഫാ -മര്‍വ മലകള്‍ക്കിടയിലൂടെ ഓടിത്തളര്‍ന്ന ആ മാതാവിന്റെ പിന്‍തലമുറയായ ഓരോ പെണ്ണും സഹിക്കുന്ന വേദനയിലൂടെയാണ് ലോകത്തിന്റെ നിലനില്‍പിനാധാരമായ മനുഷ്യപ്പിറവി ഉയിര്‍ക്കൊള്ളുന്നത്. 'നാം മനുഷ്യനോട് ഉപദേശിച്ചു; മാതാപിതാക്കളോട് നന്മയോടെ വര്‍ത്തിക്കണം. ക്ലേശം സഹിച്ച് അവള്‍ ഗര്‍ഭം ചുമന്നു. ക്ലേശം സഹിച്ചു തന്നെ പ്രസവിച്ചു' (46:15). ആരോടാണ് ആദ്യമായെന്റെ കടപ്പാടെന്ന ചോദ്യത്തിന് 'നിന്റെ മാതാവിനോട്' എന്ന തിരുമൊഴി അവളനുഭവിക്കുന്ന യാതനക്കുള്ള അംഗീകാരമാണ്. പത്തുമാസം ചുമന്നു നടക്കുന്ന ഗര്‍ഭത്തിന്റെ ആലസ്യം വയറൊഴിയുന്നതോടെ ആശ്വാസമാകുന്നത് കുഞ്ഞു വാവയുടെ മുഖമൊന്ന് കാണുന്നതോടെയാണ്.
ആധിയൊഴിഞ്ഞ ആ നാളിലാണ് അവളൊന്ന് ആശ്വാസമായി കിടക്കുക. രക്ഷകള്‍ നല്‍കി ആ ശരീരം വീണ്ടും ഉന്മേഷം വീണ്ടെടുത്തുവരുന്നത് പിച്ചവെക്കുന്ന ആ കുഞ്ഞു കാല്‍പാദങ്ങളെ ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്താനാണ്. ചുറ്റുപാടിന്റെ പരിചരണത്തില്‍ പെണ്ണൊന്ന് സായൂജ്യം കണ്ടെത്തുന്നത് പ്രസവിച്ച ആ മൂന്നുനാലു മാസങ്ങളില്‍ മാത്രമാണു താനും. കുടുംബത്തിന്റെ മുഴുവന്‍ ശ്രദ്ധയും പരിചരണവും വേണ്ട സമയം കൂടിയാണത്. അനുഭവിച്ച ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറക്കാനും പ്രസവാനന്തരമുണ്ടാകാനിടയുള്ള ഡിപ്രഷനിലേക്ക് പോകാതിരിക്കാനും കുടുംബത്തിന്റെ മുഴുശ്രദ്ധയും അവള്‍ക്ക് കിട്ടേണ്ടതുണ്ട്. എന്നാലും വെറുമൊരു നാട്ടു നടപ്പാണോ അതല്ല, പ്രസവിച്ചവള്‍ക്ക് നല്‍കുന്ന ആരോഗ്യ രക്ഷകള്‍ ഇങ്ങനെ തന്നെയാണോ എന്ന സംശയം പിന്നെയും ബാക്കിയാണ്. സമ്പ്രദായങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം അതിന് മറുപടി പറയേണ്ടവര്‍ ആരോഗ്യ സംവിധാനത്തിനുള്ളിലുള്ളവരാണ്. വൈദ്യശാസ്ത്രത്തിന്റെ വിഭിന്ന മേഖലയിലുള്ളവര്‍ ആരാമത്തിലൂടെ മറുപടി പറയുകയാണ്.