(പൂര്‍ണ്ണചന്ദ്രനുദിച്ചേ....30)
പിതൃസഹോദരന്‍ അബ്ബാസാണ് റസൂലിനോട് ഇങ്ങനെയൊരു വിവാഹാലോചനയുണ്ട് എന്ന് പറഞ്ഞത്. മൈമൂനയെ വിവാഹം കഴിക്കുന്നതില്‍ റസൂലിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. മൈമൂന അപ്പോഴേക്ക് ഇരുപത്തിയാറ് വസന്തങ്ങള്‍ പിന്നിട്ടിട്ടുണ്ടായിരുന്നു. ഏറ്റവുമാഹ്ലാദം മൈമൂനക്ക് തന്നെ. നബിയുമായി സന്ധിക്കുന്ന ആ സുന്ദര നിമിഷം സ്വപ്നം കാണുകയാണ് മൈമൂന. ഹൃദയവികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ വയ്യ. ദുനിയാവ് മുഴുവന്‍ കൈയില്‍ കിട്ടിയതു പോലെ. ഒരു സ്ത്രീക്ക് ഇതിലപ്പുറം എന്ത് സ്വപ്നമാണ് കാണാനുള്ളത്? താന്‍ സ്വീകരിച്ച പുതിയ ആദര്‍ശത്തിന്റെയും മൂല്യങ്ങളുടെയും ഉടലെടുത്ത രൂപമായ ഒരു മഹാ മനുഷ്യനിലേക്കാണ് താന്‍ ചെന്നു ചേരാന്‍ പോകുന്നത്. ആ നിമിഷമെത്തിച്ചേരാന്‍ ഇനി ഏതാനും നാഴികകള്‍ മാത്രമാണ് ബാക്കി. പക്ഷേ, അതൊരു നീണ്ടകാലമാണെന്ന് തോന്നിപ്പോകുന്നു. അത് മനസ്സിന്റെ പിരിമുറുക്കം കൂട്ടുന്നു.
വാര്‍ത്ത കേട്ടപ്പോള്‍ ഉമറിന്റെ മനസ്സിലും ആഹ്ലാദമായിരുന്നു. റസൂലിന്റെ ഭാര്യയായ തന്റെ മകള്‍ ഹഫ്സക്ക് ഈ വിവാഹം ഇഷ്ടപ്പെടില്ല. പൊട്ടിത്തെറിക്കാനും മതി. അതാലോചിച്ച് ഉമര്‍ ചിരിച്ചുപോയി. തന്റെ ഇഷ്ടമോ ഹഫ്സയുടെ ഇഷ്ടമോ അല്ലല്ലോ പ്രധാനം. റസൂലിന്റെ തീരുമാനമല്ലേ ദുനിയാവിലുള്ള എല്ലാറ്റിലും വലുത്.
ഉമര്‍ ആലോചിക്കുകയായിരുന്നു. മക്കയും അതിലെ ആളുകളും എത്ര മാറിപ്പോയി! മക്കക്കാരുടെ ആ പഴയ വെറുപ്പും വിദ്വേഷവും ഇപ്പോള്‍ കാണാനില്ല. അല്ലെങ്കില്‍ കുശുമ്പും കുന്നായ്മയും വലിയൊരളവില്‍ അപ്രത്യക്ഷമായിരിക്കുന്നു. റസൂലിന്റെ സന്ദേശത്തിലേക്ക് മക്കക്ക് എത്തിച്ചേരാന്‍ ഇനി ഏതാനും അടിവെച്ചാല്‍ മതി എന്നായിരിക്കുന്നു. പക്ഷേ, ഇനി വെക്കാനുള്ള കാല്‍വെപ്പുകള്‍ വളരെ നിര്‍ണായകമാണ്. അസാധാരണമായ ധീരത അതിന് ആവശ്യമാണ്. ഏതൊന്നിന്റെയും നിര്‍ണായക ഘട്ടം അങ്ങനെയായിരിക്കുമല്ലോ. ഉമറിന് ഒരു കാര്യം വ്യക്തമായി. മക്കയിലെ പൊതുജനം ഒരു തട്ടിലും, പ്രമാണിമാര്‍ വേറൊരു തട്ടിലുമാണ്. ഉള്ളില്‍ നടക്കുന്ന ഈ സംഘര്‍ഷം ഒരുനാള്‍ പുറത്തു വരും. പക്ഷേ, ഈ വിഭജനം അത്ര കൃത്യമായി വ്യക്തമാവണമെന്നില്ല. കാരണം, പ്രമാണിമാരില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മുഹമ്മദിനോട് ആഭിമുഖ്യമുണ്ട്. പൊതുജനങ്ങളില്‍ കുറച്ച് പേരുടെ മനസ്സില്‍ മുസ് ലിംകളോടുള്ള ആ വിദ്വേഷം ഇപ്പോഴുമുണ്ട്. എല്ലാമൊന്ന് വേര്‍തിരിഞ്ഞ് കിട്ടുക എളുപ്പമല്ല. മക്കയിലെ സ്ഥിതിയാണിത്. ഇതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്ക ആട്ടിയോടിച്ച അതിന്റെ പ്രിയപുത്രനെ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള സമയമായോ?
തന്റെ മനസ്സിലുയരുന്ന സംശയങ്ങള്‍ക്ക് റസൂല്‍ തന്റെ അനുയായികളോട് പറഞ്ഞ വാക്കുകളില്‍ ഉത്തരമുണ്ടെന്ന് ഉമര്‍ കണ്ടു. മക്കയില്‍ തങ്ങാന്‍ അനുവാദമുള്ള മൂന്ന് ദിവസം കഴിഞ്ഞാല്‍ മൈമൂനയുമായുള്ള തന്റെ വിവാഹം നടക്കട്ടെ എന്നാണ് റസൂല്‍ പറഞ്ഞത്. മക്കക്കാര്‍ക്ക് അത് സമ്മതമാണെങ്കില്‍ അവര്‍ക്ക് വേണ്ടി ലളിതമായ ഒരു വിവാഹസല്‍ക്കാരം സംഘടിപ്പിക്കാം. ശാന്തമായ അന്തരീക്ഷത്തില്‍ അവരുമായി സൗഹൃദ സംഭാഷണങ്ങള്‍ക്ക് തുടക്കമിടാം. താന്‍ പറയുന്നത് കേള്‍ക്കാന്‍ ഇനിയെങ്കിലും അവര്‍ തയാറായെങ്കിലോ? എങ്കില്‍ വെറുപ്പിന്റെയും കലിപ്പിന്റെയും ഈ അധ്യായം ഇരുകൂട്ടര്‍ക്കും അടച്ചുവെക്കാമായിരുന്നു. വിവാഹസല്‍ക്കാര പരിപാടി മക്കക്കാര്‍ അംഗീകരിക്കണമേ എന്ന് ഉമര്‍ മനസാ പ്രാര്‍ഥിച്ചു. പ്രബോധന മാര്‍ഗത്തില്‍ അത് വലിയൊരു തുറവിയായിരിക്കും. അക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകാന്‍ പോകുന്നു. മക്കയില്‍നിന്ന് ഇതാ രണ്ട് പേര്‍ എത്തിയിരിക്കുന്നു. സുഹൈലുബ്നു അംറും ഹുവൈത്വിബു ബ്നു അബ്ദില്‍ ഉസ്സയും. ആ മൂന്ന് ദിവസം ഇന്നോടെ കഴിയുകയാണല്ലോ.
രണ്ടു പേരെയും റസൂല്‍ ഹൃദ്യമായി സ്വീകരിച്ചു. നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം രേഖപ്പെടുത്തി. കഴിഞ്ഞതൊക്കെ മറക്കാനും പൊറുക്കാനും കഴിയേണ്ടതല്ലേ എന്നൊരു സന്ദേശം ആ സ്നേഹപ്രകടനങ്ങളിലുണ്ട്.
''മുഹമ്മദേ, പറഞ്ഞ സമയം കഴിഞ്ഞു. ഇനി ഇവിടെ നിന്ന് പുറത്ത് പോകണം'' - വന്ന രണ്ടാളില്‍ ഒരാള്‍ പറഞ്ഞു.
റസൂല്‍ ഹൃദ്യമായി പുഞ്ചിരിച്ചു. സ്നേഹവും പ്രതീക്ഷയും ഉദാരതയുമൊക്കെ ആ ശരീര ചലനങ്ങളിലുണ്ട്. റസൂല്‍ ചോദിച്ചു:
''ഇവിടെ വെച്ച് ഒരു വിവാഹസല്‍ക്കാരം നടത്തുന്നത് നിങ്ങള്‍ക്ക് പ്രയാസമാകുമോ? ഞങ്ങള്‍ ഭക്ഷണമൊരുക്കുന്നുണ്ട്. നിങ്ങളും വരണം.''
ഹുവൈത്വിബാണ് മറുപടി പറഞ്ഞത്; സുഹൈല്‍ അത് ഏറ്റുപറഞ്ഞു:
''നിങ്ങളുടെ ഭക്ഷണമൊന്നും ഞങ്ങള്‍ക്ക് വേണ്ട. ഇവിടെ നിന്ന് ഉടന്‍ ഇറങ്ങണം.''
ഇതിനിടെ ഹുവൈത്വിബിന്റെ ചെവിട്ടില്‍ സുഹൈല്‍ സ്വകാര്യം പറഞ്ഞു:
''മക്കക്കാരെ മൊത്തം നേരില്‍ കാണാനാണ് മുഹമ്മദിന്റെ പരിപാടി. ഇന്ദ്രജാലം അവരിലും പ്രയോഗിക്കും. അതോടെ സകലരും മുഹമ്മദിന്റെ ആളുകളാകും. ഇതിന് നമ്മള്‍ സമ്മതിച്ചാല്‍ നമ്മുടെ കൂട്ടരെ മുഹമ്മദിന് എറിഞ്ഞുകൊടുക്കുന്നതിന് തുല്യമായിരിക്കുമത്. പിന്നെ എന്തൊക്കെ ഗുലുമാലുകള്‍ ഉണ്ടാവുമെന്ന് പറയാന്‍ പറ്റില്ല.''
സ്വകാര്യം നീണ്ടപ്പോള്‍ ഉമര്‍ ഇരുവര്‍ക്കും നേരെ ചെന്നു.
''ശരിയാണ്, നമ്മള്‍ ഉണ്ടാക്കിയത് ഒരു സമയബന്ധിത കരാറാണ്. പക്ഷേ, നമുക്ക് ഈ യുദ്ധങ്ങളൊക്കെ അവസാനിപ്പിച്ചു കൂടേ, മുന്നത്തെപ്പോലെ സഹോദരന്മാരായി കഴിഞ്ഞുകൂടേ? ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കട്ടെ. അതിലെന്താ തടസ്സം?''
ഹുവൈത്വിബാണ് മറുപടി പറഞ്ഞത്. അയാള്‍ പരുക്കന്‍ പ്രകൃതമാണ്. വാക്കുകളിലും ആ കടുപ്പമുണ്ട്.
''നിങ്ങള്‍ക്ക് ഞങ്ങളുടെ മക്കാനഗരത്തെ വിഴുങ്ങണം, ഞങ്ങളുണ്ടാക്കിയ പ്രൗഢിയും പ്രശസ്തിയും ഇല്ലാതാക്കണം. അതിനാല്‍ പറഞ്ഞേക്കാം, നമ്മള്‍ തമ്മില്‍ ഹുദൈബിയ സന്ധിയില്‍ പറഞ്ഞ കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ല. മൂന്ന് ദിവസമായി മക്കക്കാര്‍ മലമുകളില്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ക്കു വേണ്ടി വിട്ടൊഴിഞ്ഞു പോയവരാണവര്‍. അവര്‍ക്ക് അവരുടെ വീടുകളിലേക്ക് തിരിച്ചു വരണം.''
സുഹൈല്‍ നേരത്തെ പറഞ്ഞത് ആവര്‍ത്തിച്ചു.
''ഞങ്ങളെ വിട്ടു പോകണം. നിങ്ങളുടെ ഭക്ഷണമൊന്നും ഞങ്ങള്‍ക്ക് വേണ്ട.''
ഹുവൈത്വിബ് കൂട്ടിച്ചേര്‍ത്തു.
''മൈമൂനയുമായുള്ള വിവാഹവും അതിന്റെ സല്‍ക്കാരവും മക്കക്ക് പുറത്ത് എവിടെവെച്ചായാലും കുഴപ്പമില്ല. ഇതിലപ്പുറം ക്ഷമിക്കാനൊന്നും ഞങ്ങള്‍ക്ക് കഴിയില്ല.''
ഉമര്‍ സ്വരം താഴ്ത്തി ഇടപെട്ടു.
''സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള ഒരു അവസരവും റസൂല്‍ പാഴാക്കില്ല. റസൂല്‍ ചോദിക്കുന്നത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. റസൂല്‍ പറയുന്നത് സ്വീകരിക്കണമോ വേണ്ടയോ എന്ന് ജനം തീരുമാനിക്കട്ടെ. അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. അത് അവരുടെ അവകാശമാണ്. ബുദ്ധിയുള്ളവര്‍ക്ക് ഇത് മനസ്സിലാകില്ലേ?''
ഹുവൈത്വിബ് ഒന്നുകൂടി സ്വരം കടുപ്പിച്ചു.
''ഒപ്പു വെച്ച ആ കരാറേ നമുക്കിടയിലുള്ളൂ. ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം. മക്കക്കാരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചും പറയാന്‍ നിങ്ങള്‍ വരണ്ട. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.''
ഒന്ന് നിര്‍ത്തി അയാള്‍ വീണ്ടും.
''കനല്‍കട്ടകളിലെന്ന പോലെ ജനങ്ങള്‍ മലമുകളില്‍ നില്‍ക്കുകയാണ്. നിങ്ങള്‍ പോകുന്നോ ഇല്ലയോ?
വേഗം ഇവിടെനിന്ന് പൊയ്ക്കോളണം. അത് പറയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്.''
മക്കയിലെ അഹങ്കാരികളായ പ്രമാണിമാര്‍ മുഖം തിരിച്ചതോടെ മുസ് ലിംകള്‍ക്ക് മുന്നില്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. അവരുടെ വാഹനങ്ങള്‍ മക്കയുടെ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങി. അവര്‍ മദീനയിലേക്ക് മടങ്ങുകയാണ്. അവരുടെ ഒട്ടകക്കൂടാരത്തില്‍ ഇപ്പോള്‍ മൈമൂനയുണ്ട്.
ഹിറാ, അബൂഖുബൈസ് മലകളിലും ചുറ്റുമുള്ള മറ്റു മലകളിലും തമ്പടിച്ചിരുന്ന മക്കക്കാര്‍ വലിയ ആലോചനകളിലും ചര്‍ച്ചകളിലുമായിരുന്നു. മുഹമ്മദ് മക്കയില്‍ നില്‍ക്കുമോ അതോ പോകുമോ? ഇനി പോയില്ലെങ്കില്‍ എന്താണ് സംഭവിക്കുക? അവരുടെ മനസ്സുകളില്‍ ഭയവും അസ്വസ്ഥതയും പടര്‍ന്നു. മക്കക്കാര്‍ ശരിക്കും രണ്ട് ചേരിയായിട്ടുണ്ട്. മുഹമ്മദിനോട് യുദ്ധം ചെയ്യണമെന്ന് ശഠിക്കുന്ന ഒരു കൂട്ടര്‍; അദ്ദേഹവുമായി സന്ധിയാകണം എന്ന് ആഗ്രഹിക്കുന്ന മറ്റൊരു കൂട്ടര്‍. ഇങ്ങനെ പലതരം അന്തഃസംഘര്‍ഷങ്ങളിലാണ് മക്കക്കാര്‍. സമയം ഒത്തു വന്നാല്‍ മുട്ടാളന്മാരായ ഖുറൈശി പ്രമാണിമാര്‍ക്കെതിരെ ഇസ് ലാം ആശ്ലേഷിച്ചുകൊണ്ട് ആഞ്ഞടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്. അന്ത്യം എന്താകുമെന്ന് ഒരു ഉറപ്പുമില്ലാത്ത ഒരു സംഘട്ടനത്തിലേക്ക് ചെന്ന് ചേരാൻ ആഗ്രഹിക്കാത്ത മറ്റൊരു വിഭാഗം. ഇക് രിമ, അബൂസുഫ് യാന്‍, ഹിന്ദ്, ഹുവൈരിസ് പോലുള്ളവര്‍ക്ക് എന്ത് വന്നാലും മുസ് ലിംകളെ തകര്‍ത്തേ മതിയാകൂ.
മുഹമ്മദും സംഘവും തിരിച്ചു പോവുകയാണെന്നറിഞ്ഞപ്പോള്‍ പലരില്‍ നിന്നും ആശ്വാസത്തിന്റെ നെടുവീര്‍പ്പുയര്‍ന്നു.
അബൂസുഫ്യാന്‍ തൊണ്ട ശരിപ്പെടുത്തി ദൈവങ്ങളെ സ്തുതിച്ചു.
''മുഹമ്മദ് പോയില്ലെങ്കില്‍ പിന്നെ നടക്കുന്നതിന്റെ പരിണതി എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.''
ഭാര്യ ഹിന്ദാണ് മറുപടി പറഞ്ഞത്.
''മുഹമ്മദ് തിരിച്ചു പോകാതിരുന്നെങ്കില്‍ എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്.''
''എന്നിട്ടോ?''
''പോയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് വാളൂരാമായിരുന്നല്ലോ. കൂടെ വന്ന രണ്ടായിരമെണ്ണത്തിനെയും വധിക്കുകയോ തടവുകാരായി പിടിക്കുകയോ ചെയ്യാമായിരുന്നല്ലോ. പക്ഷേ, അത്തരമൊരു നിര്‍ണായക നീക്കത്തിലേക്ക് നിയതി നിങ്ങളെ കൊണ്ടെത്തിക്കുന്നില്ല. നിങ്ങള്‍ മടിപിടിച്ചിരുന്നതുകൊണ്ട് ദൈവങ്ങള്‍ നിങ്ങളോട് കോപിച്ചതാണ്.''
അബൂസുഫ് യാന്‍ അതിന് മറുപടി പറഞ്ഞില്ല. കൂറെക്കൂടി ആഴത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ കാണുന്നത്. എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ കൃത്യമായ കണക്കുകൂട്ടലുമുണ്ട്.
തൊട്ടപ്പുറത്ത് നില്‍ക്കുന്ന ഖാലിദുബ്നുല്‍ വലീദിനെ നോക്കൂ. അദ്ദേഹം മറ്റെന്തോ ചിന്തയിലാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല. മുഹമ്മദും അദ്ദേഹത്തിന്റെ സന്ദേശവുമാണ് അദ്ദേഹത്തിന്റെ ആലോചനകളില്‍ നിറയെ. യുദ്ധത്തെക്കുറിച്ച് ഇപ്പോള്‍ അദ്ദേഹം ആലോചിക്കുന്നേയില്ല. സമാധാന സന്ധിയും അദ്ദേഹത്തിന്റെ ചിന്താവിഷയമല്ല. സ്വന്തം ഭാവിയെക്കുറിച്ച് ആലോചിക്കുകയാണ് അദ്ദേഹം. എന്താണിനി ചെയ്യേണ്ടത്? നിലപാട് കൃത്യമാക്കിയേ പറ്റൂ. തന്റെ ശ്വാസം നിലക്കുന്നത് വരെ മുഹമ്മദിനെ എതിര്‍ക്കണമോ, അതോ ആ സന്ദേശത്തില്‍ വിശ്വാസമര്‍പ്പിച്ച് അങ്ങോട്ട് ഓടിയണയണമോ?
ഇപ്പുറത്ത് ഇക് രിമതു ബ്നു അബീജഹല്‍, മക്കയില്‍ നടക്കുന്ന അപായകരമായ മാറ്റങ്ങളും ആശയസംഘര്‍ഷങ്ങളുമൊക്കെ അടുത്തറിയുന്നുണ്ടെങ്കിലും ഇപ്പോള്‍ ഒരൊറ്റ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളൂ. യുദ്ധത്തില്‍ മുസ് ലിംകള്‍ക്കെതിരെ ഏതറ്റം വരെ പോവാനും താന്‍ തയാറാണ്. തന്റെ പിതാവിനെയും സ്വന്തക്കാരെയും അവര്‍ വധിച്ചിട്ടുണ്ട്. അതിന് പ്രതികാരം ചെയ്യണം.
ഹുവൈരിസ് മലഞ്ചരിവിലുള്ള തന്റെ ടെന്റിലേക്ക് ഓടിയെത്തി. ഭാര്യയെയും മറ്റു ബന്ധുക്കളെയും ഒട്ടകപ്പുറത്ത് കയറ്റി; ഒപ്പം അവരുടെ സാധന സാമഗ്രികളും. എന്നിട്ടൊരു ആജ്ഞ:
''ഇനി വീട്ടിലേക്ക് പൊയ്ക്കോളൂ.''
ഭാര്യ ചോദിച്ചു.
''നിങ്ങള്‍ വരുന്നില്ലേ?''
''എന്റെ കാര്യം നോക്കണ്ട. കുറച്ചു കഴിഞ്ഞ് ഞാനങ്ങ് എത്താം.''
തിരിഞ്ഞു നോക്കാതെ ഹുവൈരിസ് നടന്നകന്നു. ലുഅ്ലുഅയുടെ ടെന്റില്‍ എത്തിയ ശേഷമാണ് നിന്നത്. അവള്‍ കട്ടിലില്‍ കണ്ണടച്ച് കിടക്കുകയാണ്. ഉറങ്ങിയിട്ടില്ല.
''സുപ്രഭാതം, ലുഅ്ലുഅ.''
അവള്‍ ക്ഷീണിതയായിരുന്നു.
''ഇരിക്ക്, ഹുവൈരിസേ.''
''എന്നാല്‍ മക്കയിലേക്ക് തിരിച്ചു പോവുകയല്ലേ?''
''എന്തിനാണിത്ര ധൃതി?''
''മുസ് ലിംകള്‍ അവിടം വിട്ടുപോയി.''
അവള്‍ അലസമായി മുരണ്ടു.
''ഈ സ്ഥലത്തോട് വലിയ ഇഷ്ടം തോന്നുന്നു. മനസ്സിനാകെ ഒരു കുടുസ്സായിരുന്നു. ഈ തുറന്ന സ്ഥലവും മന്ദം മന്ദം വീശുന്ന കാറ്റും എന്റെ ഹൃദയത്തിന് എന്തെന്നില്ലാത്ത ആശ്വാസം തരുന്നു. മക്കയില്‍ തുരങ്കം പോലുള്ള ഒരു ഇരുട്ടുമുറിയിലായിരുന്നല്ലോ എന്റെ താമസം. തെളിഞ്ഞ ആകാശത്തെയും നക്ഷത്രങ്ങളെയും ചന്ദ്രനെയും ആ ഇരുട്ടുമുറി എന്നെ മറപ്പിച്ചു കളഞ്ഞു.''
ഒന്ന് ചിരിച്ച് അവള്‍ തുടര്‍ന്നു.
''വെറുതെയല്ല മുഹമ്മദ് ഒഴിഞ്ഞ ശാന്തമായ ഒരിടം തേടിപ്പോയത്. ഹിറാ ഗുഹയില്‍ വെച്ചാണല്ലോ വെളിപാട് കിട്ടിയത്.''
ചിരിയില്‍ ഹുവൈരിസും പങ്ക് ചേര്‍ന്നു.
''അപ്പോള്‍ നീയും അതു പോലെ ദിവ്യവെളിപാട് കാത്തിരിക്കുകയാണോ?''
''ശാന്തത ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ലല്ലോ....
ഈ മലക്കുകള്‍ക്ക് കള്ളിന്റെ മണമൊന്നും പിടിക്കുകയില്ല.''
ഹുവൈരിസ് നാല് പാടും നോക്കി ശബ്ദം താഴ്ത്തിപ്പറഞ്ഞു.
''നീ പറഞ്ഞതാണ് ശരി. ഇതൊരു മനോഹര സ്വപ്നം തന്നെയാണ്.''
''ഏത്?''
''അല്ല, നിന്റെ കൂടെ ഒറ്റക്ക് സ്നേഹിച്ചും ശാന്തി നുകര്‍ന്നും ഇവിടെ കഴിയുക. കുടിച്ചും മദിച്ചും ആട്ടിന്‍കുട്ടിയെ പാകം ചെയ്തും നാമിവിടെ കൂടും. മനോഹര സ്വപ്നമല്ലേ അത്?''
അവള്‍ പൊട്ടിച്ചിരിച്ചു.
''സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാണ്‍ വേണ്ടേ? താനൊരു പൊട്ടന്‍ തന്നെ.''
''നീ എന്താണ് പറയുന്നത്?''
''കുറച്ചു കഴിഞ്ഞാല്‍ തന്റെ പെണ്ണുമ്പിള്ള ആര്‍ത്തും നെഞ്ചത്തടിച്ചും ഇങ്ങോട്ട് കയറി വരും. അപ്പോള്‍ നമുക്ക് ചെലവ് കൂടും. പാറാവുകാരെ വരെ വെക്കേണ്ടി വരും.... പിന്നെ ഒരു കാര്യം പറയാന്‍ മറന്നു.''
''എന്താണത്?''
''നമ്മുടെ സുന്ദരമായ ഈ പക്ഷിക്കൂട് തകര്‍ക്കാന്‍ ഏത് നിമിഷവും മുഹമ്മദിന്റെ സൈന്യം എത്തിയേക്കും.''
''അയാള്‍ക്ക് അതിന് കഴിയില്ല.''
''എന്താ തെളിവ്?''
''എനിക്ക് ഉറപ്പാണ്. അത്രതന്നെ.''
അവള്‍ കട്ടിലില്‍ തിരിഞ്ഞു കിടന്നു.
''ഏതായാലും നിന്റെ സ്വപ്നം എനിക്ക് ഇഷ്ടമായില്ല.''
''കാരണം?''
''എനിക്ക് ചുറ്റും കുറേ പുരുഷന്മാര്‍ വേണം. താന്‍ മാത്രമായാല്‍ തന്നെ ഞാന്‍ കൊന്നിരിക്കും.''
അയാള്‍ ഞെട്ടി.
''എന്നെ നീ കൊല്ലുകയോ?''
''അതെ. മടുപ്പ് മാറ്റാന്‍ അതും ചെയ്യേണ്ടി വരും.''
''നിൻ്റെ തമാശ വല്ലാതെ കൂടിപ്പോയി.''
''മുഹമ്മദ് വന്ന് നിന്റെ പിരടി വെട്ടുന്നതിന് മുമ്പ് ഞാന്‍ തന്നെ നിൻ്റെ കഥ തീര്‍ക്കുന്നതല്ലേ നിനക്ക് അഭിമാനകരം?''
അയാള്‍ അലറി.
''അവര്‍ക്കതിന് കഴിയില്ല.''
ഹുവൈരിസിന്റെ ഹൃദയമിടിപ്പ് കൂടി; ശ്വാസഗതി വേഗത്തിലായി. ശബ്ദം കടുപ്പത്തിലായി.
''നീ പോരുന്നുണ്ടോ?''
''ശരി. പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോ.''
(തുടരും)
വിവ: അഷ്‌റഫ് കീഴുപറമ്പ്
വര: നൗഷാദ് വെള്ളലശ്ശേരി