നീണ്ട 10 മാസത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പിഞ്ചോമനയെ കൈയില്‍ കിട്ടി, മാറോട് ചേര്‍ത്ത് താലോലിച്ചു വരുമ്പോഴായിരിക്കും മരുന്നും മന്ത്രവും അനാവശ്യ നിയന്ത്രണങ്ങളുമായി നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിക്കുന്ന പ്രസവ ശുശ്രൂഷ എന്ന വില്ലന്‍ കയറിവരുന്നത്. പാരമ്പര്യമായി പകര്‍ന്നുവന്ന ഇത്തരം ചിട്ടകള്‍ ഇന്നും നമ്മുടെ വീടകങ്ങളില്‍ നിലനില്ക്കുന്നു.
പണ്ടുമുതലേ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന ചികിത്സാ മുറകള്‍ അപ്പടി വിഴുങ്ങി മുന്നോട്ടുകൊണ്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും ദൂഷ്യം വരുത്തും. രക്ഷകള്‍ ചെയ്യണമെന്നുള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം അവര്‍ക്ക് അനുയോജ്യമായ ചികിത്സാ മുറകള്‍ സ്വീകരിക്കേണ്ടതാണ്.
ഗര്‍ഭകാലവും പ്രസവവും സ്ത്രീയുടെ ശരീരത്തില്‍ ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ബാഹ്യ-ആന്തരിക അവയവങ്ങളിലും ഹോര്‍മോണിലും ഈ വ്യതിയാനം ഉള്‍പ്പെടുന്നു. പ്രസവസമയത്തും ശേഷവും ഉണ്ടാകുന്ന അമിത രക്തസ്രാവവും പ്രസവ സമയത്തെ ബുദ്ധിമുട്ടുകളും സ്ത്രീ ശരീരത്തെ തീര്‍ച്ചയായും ബാധിക്കും. അതുകൊണ്ടു തന്നെ പ്രസവാനന്തരം സ്ത്രീകള്‍ ശരിയായ ഭക്ഷണക്രമവും വിശ്രമരീതികളും പിന്തുടരേണ്ടത് അത്യന്താപേക്ഷിതമാണ്.
പണ്ടുകാലത്ത് കൂട്ടുകുടുംബ വ്യവസ്ഥിതി നില നിന്നിരുന്നത് കൊണ്ട് തന്നെ അമ്മയ്ക്കും കുഞ്ഞിനും പ്രത്യേക ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായി ആയിരിക്കാം അവരെ ഒരു മുറിയില്‍നിന്ന് ഇറക്കാതെ കിടത്തിയതും അവര്‍ക്ക് മാത്രമായി ഭക്ഷണങ്ങള്‍ ഉണ്ടാക്കിയതും. പക്ഷേ, അത് ഇപ്പോഴും പ്രാവര്‍ത്തികമാക്കുന്നത് അമ്മമാരെ ഒറ്റപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും, വിഷാദരോഗത്തിലേക്കു പോലും നയിക്കുകയും ചെയ്യുന്നു.
ചില തെറ്റിദ്ധാരണകളും യഥാര്‍ഥ്യവും
വിശ്രമം
പ്രസവശേഷം ഏകദേശം ആറാഴ്ച വരെ നന്നായി റസ്റ്റ് എടുക്കണം. കിടപ്പ് ഓരോരുത്തരുടെയും കംഫര്‍ട്ടബിള്‍ പൊസിഷനില്‍ (മലര്‍ന്നോ, ചരിഞ്ഞോ) ആകാം. അമ്മമാര്‍ക്ക് കിട്ടുന്ന ഈ വിശ്രമസമയം കൂടുതലായും കിടക്കാന്‍ ഉപയോഗിക്കാമെങ്കിലും നീണ്ട സമയം ബെഡില്‍ നിന്ന് തീരെ എഴുന്നേല്‍ക്കാതെ ഒരേ കിടപ്പ് കിടക്കരുത്. അത് രക്തയോട്ടത്തെ ബാധിക്കുകയും കാല് ഞരമ്പുകളിലെ രക്തം കട്ടപിടിക്കുക പോലുള്ള കോംപ്ലിക്കേഷന്‍സിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ നടക്കുകയും ആകാം.
പ്രസവം നോര്‍മലോ സിസേറിയനോ എന്തുമാകട്ടെ, 24 മണിക്കൂറിനു ശേഷം നടന്നു തുടങ്ങാം. ഇങ്ങനെ ചെറുതായി നടക്കുന്നത് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് മാത്രമല്ല, മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനും സഹായകമാവുകയും ചെയ്യും.
വ്യായാമ മുറകള്‍
നോര്‍മല്‍ ഡെലിവറിക്കാര്‍ മുറിവുകള്‍ ഉണങ്ങി, വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങാം. സിസേറിയന്കാര് 6 ആഴ്ച കഴിഞ്ഞതിനുശേഷം ആണ് വ്യായാമം തുടങ്ങേണ്ടത്. മുറിവുകള്‍ നന്നായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുക.
വ്യായാമം അല്ലാതെ തന്നെ ഇടയ്ക്കിടെ നടക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ചതിനു ശേഷം ഉടനെ പോയി കിടക്കാതെ അല്പം നടന്നതിനുശേഷം കിടക്കുകയാണെങ്കില്‍ ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഭാരപ്പെട്ട ജോലികള്‍ ചെയ്യുക, സ്റ്റെപ്പ് കയറുക, കുമ്പിടുക, ഭാരം എടുക്കുക (കുട്ടിയുടെ ഭാരത്തേക്കാള്‍ കൂടുതല്‍) എന്നിവ ഒഴിവാക്കേണ്ടതാണ്.
വയര്‍ കെട്ടുക
വയര്‍ കുറയാനും ഗര്‍ഭപാത്രം പെട്ടെന്ന് ചുരുങ്ങാനും വായു കയറാതിരിക്കാനും യോനി കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വളരെ ശക്തിയായി വയര്‍ വലിച്ചുമുറുക്കി കെട്ടുകയെന്നത് തീര്‍ത്തും അശാസ്ത്രീയവും ഉപയോഗശൂന്യവുമായ മാര്‍ഗമാണ്. ഈ സമയത്ത് വയറിലെ പേശികള്‍ ലൂസായി തൂങ്ങിക്കിടക്കുന്നതുകൊണ്ട് ഒരു സപ്പോര്‍ട്ടിന് വേണ്ടി ബെല്‍റ്റ് ഇടുകയോ തുണികൊണ്ട് അധികം മുറുക്കാതെ കെട്ടുകയോ ചെയ്യാവുന്നതാണ്.
വായന, ടി.വി, ഫോണ്‍ ഉപയോഗം
ആവശ്യത്തിന് ഇതെല്ലാം ചെയ്യാം. പക്ഷേ, ഉപയോഗിക്കുമ്പോള്‍ നമ്മുടെ പൊസിഷന്‍ പ്രധാനമാണ്. കിടന്ന് ഉപയോഗിക്കരുത്. ഒരു കസേരയില്‍ നിവര്‍ന്നിരുന്ന് വായിക്കുകയും ഫോണ്‍ ഉപയോഗിക്കുകയും ചെയ്യാം. ടി.വി കാണുന്നതുകൊണ്ട് കണ്ണിന് പ്രശ്നമില്ലെങ്കിലും രാത്രി കുട്ടിയുടെ കരച്ചിലും പാലൂട്ടലും ആയി ബന്ധപ്പെട്ട് ഉറക്കം നഷ്ടപ്പെടുന്നതുകൊണ്ട് പകല്‍ ഇത്തരം സമയങ്ങള്‍ ഉറങ്ങാനായി ഉപയോഗിക്കാം.
മുലയൂട്ടല്‍
ആദ്യം വരുന്ന പാല് കുട്ടികള്‍ക്ക് ഏറ്റവും അത്യാവശ്യമായി കിട്ടേണ്ട കൊളസ്ട്രം എന്ന പാലാണ്. വളരെ പോഷകമൂല്യമുള്ള ഈ പാല് ആന്റിബോഡിയാല് സമ്പുഷ്ടമായതിനാല്‍ അണുബാധ വരാതെ പ്രതിരോധിക്കാന്‍ സഹായിക്കും. സിസേറിയന് കഴിഞ്ഞ അമ്മമാര്‍ക്ക് പാല് ഉണ്ടാകില്ലെന്ന് പറഞ്ഞ് മില്‍ക്ക് പൗഡര്‍ പല ആശുപത്രികളും നിര്‍ദേശിക്കാറുണ്ട്. ഇത് മാത്രം കൊടുത്തു കഴിഞ്ഞാല്‍ കുട്ടി മുലപ്പാല്‍ കുടിക്കാന്‍ താല്പര്യം കാണിക്കാതിരിക്കുകയും തന്മൂലം മുലപ്പാല്‍ ഉല്പാദിപ്പിക്കുന്നത് കുറയുകയും ചെയ്യും. അതുകൊണ്ട് ഇത്തരം പാലുകള്‍ വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രം കൊടുക്കുകയും രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ മുലപ്പാല്‍ നിര്‍ബന്ധമായും കൊടുക്കുകയും വേണം.
സെക്സ്
നോര്‍മല്‍ ആണെങ്കിലും സിസേറിയന് ആണെങ്കിലും മുറിവുകള്‍ ഉണങ്ങിയതിനു ശേഷം മാത്രം ബന്ധപ്പെടുക. രണ്ടാഴ്ച മുതല്‍ ഓവുലേഷന് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗര്‍ഭ നിരോധന മുറകള്‍ സ്വീകരിക്കുക.
ശ്രദ്ധ വേണം
ഇനി എന്താണ് പ്രസവശേഷം കൂടുതലായും ശ്രദ്ധിക്കേണ്ടത്? പനി, ശക്തിയായ തലവേദന, അപസ്മാരം, മുറിവിന് ചുറ്റും നീര്‍ക്കെട്ടും ചുവപ്പും, കാലില്‍ നീര്‍ക്കെട്ട്, ചുവപ്പ്, വേദന, ശക്തിയായ വയറുവേദന, യോനിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന ഡിസ്ചാര്‍ജ്, അമിത രക്തസ്രാവം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറുമായി ബന്ധപ്പെടണം.
എണ്ണ തേച്ചു കുളി
എണ്ണ തേക്കുന്നത് ത്വക്ക് മൃദുലമാക്കുന്നതിനും പൂര്‍വ ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുമെങ്കിലും, കൂടി വന്നാല്‍ ഒരു 15 മിനിറ്റ് എണ്ണ തേച്ചു നില്‍ക്കേണ്ട ആവശ്യമേ ഉള്ളൂ. മുറിവുകള്‍ ഉണങ്ങിയതിനുശേഷം മാത്രം എണ്ണ തേപ്പ് തുടങ്ങുക. സിസേറിയന്കാര് മുറിവില്‍ എണ്ണ പുരളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ഇളം ചൂട് വെള്ളത്തില്‍ കുളിക്കാവുന്നതാണ്. ഗര്‍ഭപാത്രം പെട്ടെന്ന് ചുരുങ്ങാനും വയറു കുറയാനും തിളച്ച വെള്ളം വയറിലേക്ക് ഒരിക്കലും ഒഴിക്കരുത്. ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയിലേക്ക് തിരികെയെത്താന്‍ ഏകദേശം 6-8 ആഴ്ച എടുക്കും. ചാടിയ വയര്‍ കുറയാനായി വ്യായാമം ചെയ്യുകയും ഭക്ഷണക്രമം അതിനനുസൃതമാക്കുകയുമാണ് വേണ്ടത്. ചൂടുവെള്ളത്തില്‍ ഉള്ള കുളിയും ചൂടുപിടിക്കലും പേശികള്‍ക്ക് അപ്പോള്‍ ഉള്ള വേദന കുറക്കും എന്നല്ലാതെ വേദനയും മറ്റും ജീവിതത്തില്‍ ഒരിക്കലും വരാതിരിക്കാനുള്ള ഒരു ഹ്രസ്വകാല ചികിത്സാരീതി എന്ന എളുപ്പമാര്‍ഗം അല്ല.
ഭക്ഷണരീതി
നോര്‍മലായി കഴിക്കുന്ന ഏത് ഭക്ഷണവും പ്രസവശേഷവും കഴിക്കാവുന്നതാണ്. വിശപ്പ് മാറുന്നതുവരെ കഴിച്ചാല്‍ മതി, അമിതാഹാരം വേണ്ട. മുലയൂട്ടുന്ന അമ്മമാര്‍ സാധാരണ കഴിക്കുന്നതിനേക്കാളും 500 കലോറി കൂടുതലായി കഴിക്കണം. സമീകൃതാഹാരമാവാന് ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം. അന്നജവും കൊഴുപ്പും കൂടുതല്‍ ഉപയോഗിക്കുന്നതിന് പകരം, പ്രോട്ടീന്‍ ധാരാളമുള്ള മീന്‍, മുട്ട, ഇറച്ചി, പയര്‍ വര്‍ഗങ്ങള്‍, പാല് തുടങ്ങിയവ ഉപയോഗിക്കാം. ധാന്യങ്ങള്‍, ചീസ്, ഇലക്കറികള്‍, പച്ചക്കറികള്‍ എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മലബന്ധം ഉള്ളവര്‍ പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കണം. പ്രസവസമയത്ത് അമിതമായി രക്തം പോയത് മൂലം വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ഇലക്കറികള്‍, കരള്‍, ഈത്തപ്പഴം തുടങ്ങി അയണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അയണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം സപ്ലിമെന്റ്സും എടുക്കാവുന്നതാണ്.
മരുന്നും ലേഹ്യങ്ങളും
മരുന്നും ലേഹ്യവും കഴിക്കണം എന്നുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക. ലേഹ്യങ്ങള്‍ വീട്ടില്‍ ഉണ്ടാക്കുന്നതാണെങ്കിലും അമിതമായി കഴിക്കാതിരിക്കുക.