ഗോവിന്ദാ മാളു പെറ്റു ട്ടോ...
വയറ്റാട്ടിയുടെ വിളി കേട്ടതും ഗോവിന്ദന്‍ അങ്ങാടിക്കടയിലേക്കോടി. അവിടെ ചെന്ന് മാളു പ്രസവിച്ചു എന്നു പറഞ്ഞതും ഉടന്‍ ഗോവിന്ദന് കിട്ടി ഒരു വലിയ പൊതി കഷായവും അരിഷ്ടവും ലേഹ്യവും മറ്റു പച്ചമരുന്നും. ആ പൊതിയുമായി ഗോവിന്ദന്‍ വീട്ടിലെത്തി. 5-10 ദിവസം കൊണ്ട് എല്ലാ മരുന്നുകളും അതിനൊപ്പം 5 നേരം ചോറും കഴിച്ച് മാളു മല പോലെയും കുഞ്ഞ് എലിപോലെയും വളര്‍ന്നു... കാര്യം ശുഭം...
....... (പിന്നീട് അശുഭം)
കാലം ഒരുപാട് പുരോഗമിച്ചു; കൂടെ പ്രസവ രക്ഷയും. ശാസ്ത്രീയമായി ആയുര്‍വേദ പ്രസവ രക്ഷ ചെയ്യുന്ന ഒരുപാട് സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. എന്നിരുന്നാലും ഇന്നും ഗോവിന്ദനെ പിന്‍പറ്റുന്ന ചിലരെങ്കിലും ഉണ്ട്.
ആയുര്‍വേദ ശാസ്ത്രത്തില്‍ ഒരു കുഞ്ഞിന്റെ ജനനം മുതല്‍ അങ്ങോട്ടുള്ള ഒന്നരമാസ (6 ആഴ്ച) കാലയളവാണ് പ്രസവ രക്ഷാ കാലമായി കണക്കാക്കുന്നത്. ഗര്‍ഭകാലം പോലെത്തന്നെ സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ട സമയമാണ് പ്രസവ രക്ഷാകാലവും.
പ്രസവത്തോടെ ദുര്‍ബലമാവുന്ന സ്ത്രീശരീരത്തിന്റെ ബലം വീണ്ടെടുക്കുക, പ്രസവത്തെ തുടര്‍ന്നുണ്ടായ വിവിധ വേദനകള്‍ക്ക് ശമനം നല്‍കുക, അണുബാധ തടയുക, മുലപ്പാല്‍ സമൃദ്ധമായി ലഭ്യമാകുന്നതിനുള്ള പോഷകം പ്രദാനം ചെയ്യുക, പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം നല്‍കുക എന്നീ കാര്യങ്ങളാണ് പ്രസവാനന്തര ശുശ്രൂഷയില്‍ നാം ശ്രദ്ധിക്കേണ്ടത്.
ശാരീരിക ഘടനകൊണ്ടും ആരോഗ്യം, ആഹാരരീതി, ജോലി, ഗര്‍ഭധാരണ കാലയളവില്‍ അനുഭവിച്ച പ്രയാസങ്ങള്‍ എന്നിവകൊണ്ടും ഓരോ സ്ത്രീയും വ്യത്യസ്തയാണ്. അതിനാല്‍, ഏകീകൃതമായ പ്രസവ രക്ഷാ ചികിത്സയും മരുന്നുകളും ഒരിക്കലും ഫലപ്രദമല്ല. പ്രസവശേഷം അമ്മയുടെ ശാരീരിക-മാനസിക പ്രയാസങ്ങള്‍, പ്രസവരീതി (സുഖ പ്രസവം, ശസ്ത്രക്രിയ, വാക്വം, ഫോര്‍സെപ്‌സ്...) എന്നിവ മനസ്സിലാക്കി അതിനനുയോജ്യമായ ഭക്ഷണ ക്രമവും മരുന്നുകളും വിശ്രമവും നല്‍കുമ്പോള്‍ മാത്രമാണ് പ്രസവരക്ഷ അര്‍ഥവത്താകുന്നത്.
പ്രസവശേഷമുള്ള ആദ്യ ആഴ്ചയില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് അമ്മയുടെ മുറിവിലുണ്ടായേക്കാവുന്ന അണുബാധയ്ക്കാണ്. അതോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ആദ്യ ആഴ്ചയിലെ അമ്മയുടെ ദഹന വ്യവസ്ഥയും. മുറിവ് ചെറു ചൂടുവെള്ളം ഒഴിച്ച് വൃത്തിയാക്കുക, സിറ്റ്‌സ് ബാത്ത് എടുക്കുക, വിസര്‍ജന ശേഷം ശുചിത്വം ഉറപ്പാക്കുക, 2-4 മണിക്കൂറില്‍ പാഡ് മാറ്റുക, മുറിവുണങ്ങാന്‍ നിര്‍ദേശിച്ച മരുന്ന് ഉപയോഗിക്കുക, വായു സഞ്ചാരം ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ അണുബാധ തടയാനായി ശ്രദ്ധിക്കാം. മുറിവില്‍ തിളച്ച വെള്ളം ഒഴിക്കുന്നതും മുറിവ് ഉണങ്ങുന്നതിന് മുമ്പ് ദേഹത്ത് എണ്ണ തടവുന്നതും അമിതമായ എണ്ണ ചേര്‍ത്ത ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ച കാരണം ശിഥിലമാവുന്ന അമ്മയുടെ ശരീരത്തിലെ ധാതുക്കള്‍ പ്രസവ സമയത്തെ വേദന സഹിക്കുന്നതുമൂലവും രക്തസ്രാവം കൂടിയാവുമ്പോള്‍ അമ്മയുടെ ശരീരത്തില്‍ അഗ്നിമാന്ദ്യം അഥവാ ദഹന വ്യവസ്ഥ മന്ദഗതിയിലാവുകയും ബലക്ഷയം ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ പ്രസവശേഷമുള്ള ആദ്യ ആഴ്ചയില്‍ ലഘുവും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ആഹാര ക്രമമാണ് ശീലിക്കേണ്ടത്. ദഹന വ്യവസ്ഥ കൂട്ടുന്നതിന് ഔഷധങ്ങളിട്ട് കാച്ചിയ കഞ്ഞി നല്‍കുന്നത് അത്യുത്തമമാണ്. ആദ്യ ആഴ്ചയില്‍ മാംസാഹാരങ്ങള്‍ വര്‍ജിക്കുന്നതാണ് നല്ലത്. മുലപ്പാല്‍ ശരിയായ രീതിയില്‍ ഉദ്പാദിപ്പിക്കാനും അമ്മയുടെ ബലക്ഷയവും ശരീര ക്ലേശങ്ങളും പരിഹരിക്കുന്നതിനും ലഘു ഭക്ഷണത്തിലൂടെ ദഹനവ്യവസ്ഥ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
പിന്നീടുള്ള ദിവസങ്ങളില്‍ ഗര്‍ഭാശയ ശുദ്ധിക്കും വാതശമനത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആഹാര ഔഷധങ്ങളാണ് നല്‍കേണ്ടത്. പ്രസവിച്ച സ്ത്രീയുടെ പ്രകൃതി, ദേശം, വിശപ്പ്, ദഹനശക്തി, ശീലങ്ങള്‍ ഇവ വിലയിരുത്തിയതിന് ശേഷം അവര്‍ക്ക് അനുയോജ്യമായ ആഹാരവും ഔഷധവും വൈദ്യനിര്‍ദേശ പ്രകാരം മാത്രം നല്‍കണം.
മുറിവുണങ്ങി എന്നുറപ്പാക്കിയ ശേഷം വാതഹരങ്ങളായ തൈലം ഉപയോഗിച്ചുള്ള എണ്ണതേപ്പ് ശീലിക്കാവുന്നതാണ്. ഇതിലൂടെ പേശികളിലുണ്ടായ നീര്‍ക്കെട്ട്, വേദന എന്നിവ കുറയുകയും ശരീരത്തിന് ബലം കിട്ടുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന് അയവ് നല്‍കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരിയായ ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടായ കറുത്ത പാടുകള്‍, സ്‌ട്രെച്ച് മാര്‍ക്ക് എന്നിവ കുറയുന്നതിനും ഉചിതമായ എണ്ണ ഉപയോഗിച്ചുള്ള കുളി സഹായിക്കുന്നു.
പ്രസവ രക്ഷാ സമയത്ത് ചെറു ചൂടുവെള്ളത്തിലുള്ള കുളിയാണ് അമ്മയ്ക്ക് ഏറ്റവും ഉചിതം. ആയുര്‍വേദശാസ്ത്ര പ്രകാരം വാതഹരങ്ങളായ ഔഷധങ്ങളിട്ട് തിളപ്പിച്ച ചെറു ചൂടുവെള്ളത്തിലുള്ള വേതുകുളി പ്രസവശേഷമുള്ള ക്ലേശങ്ങള്‍ കുറയ്ക്കാനും നടുവേദന, നീര്‍ക്കെട്ട് തുടങ്ങിയവ അകറ്റാനും സ്ത്രീയുടെ പ്രസവാനന്തര ആരോഗ്യം ഉറപ്പു വരുത്താനും സഹായിക്കുന്നു. ഓരോ സ്ത്രീയും പ്രസവശേഷം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കനുസരിച്ച് വേതിനുള്ള ഔഷധം തെരഞ്ഞെടുക്കാം. ത്വക് രോഗങ്ങള്‍, ചൊറിച്ചില്‍ എന്നിവ ഉള്ളവര്‍ക്ക് അതിനനുസരിച്ചും വേദന, നീര് ഉള്ളവര്‍ക്ക് അതിനനുക്രമമായും മരുന്നുകള്‍ വ്യത്യാസപ്പെടുത്തി ഉപയോഗിക്കാം.
സുഖപ്രസവത്തില്‍ 7 ദിവസത്തിന് ശേഷവും ശസ്ത്രക്രിയയിലൂടെയുള്ള പ്രസവത്തില്‍ മുറിവുണങ്ങിയ ശേഷവും വയറ് തുണിവെച്ച് കെട്ടുന്നത് പ്രസവത്തോടെ അയവ് വന്ന ഉദരത്തിലെയും ഇടുപ്പിലെയും പേശികള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്നതിന് ഉത്തമമാണ്. തുടര്‍ച്ചയായി മുലയൂട്ടാന്‍ ഇരിക്കുമ്പോള്‍ ഉണ്ടാവുന്ന നട്ടെല്ലിലെ മര്‍ദത്തിന് അയവ് വരുത്താനും ഇത് ഉപകരിക്കുന്നു.
അണുബാധയില്ലാത്ത ശരീരത്തില്‍ തലയിലും പാദത്തിലും അനുയോജ്യമായ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് രക്തചംക്രമണം ഉയര്‍ത്തുന്നതിനും പ്രസവശേഷമുള്ള സ്‌ട്രെസ്സ് കുറയ്ക്കുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. എന്നാല്‍ തലക്കെണ്ണ തെരഞ്ഞെടുക്കുന്നത് അമ്മയുടെ ശരീരപ്രകൃതി, കാലാവസ്ഥ, അവര്‍ അനുഭവിക്കുന്ന രോഗാവസ്ഥ എന്നിവ കണക്കിലെടുത്തായിരിക്കണം. അല്ലെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഉദാഹരണത്തിന്, കറ്റാര്‍ വാഴയും മൈലാഞ്ചിയും ബ്രഹ്മിയുമെല്ലാം മുടിക്ക് നല്ലതാണ്. എന്നാല്‍ ആരുടെ മുടിക്ക്, ഏതവസ്ഥയില്‍ എങ്ങനെ പാകപ്പെടുത്തണം എന്നതപേക്ഷിച്ചാണ് അതിന്റെ ഗുണവും ദോഷവും നിശ്ചയിക്കുന്നത്.
ആദ്യ ആഴ്ചയിലെ കൃത്യമായ പ്രസവ രക്ഷയിലൂടെ അഗ്നി വര്‍ധിക്കുകയും ശരിയായ ബലവും ആരോഗ്യവും തിരിച്ച് കിട്ടുകയും ചെയ്ത അമ്മയ്ക്ക് അതിന് ശേഷം രസായനം നല്‍കാവുന്നതാണ്. രസായന സേവ അമ്മയുടെ ബലം നിലനിര്‍ത്തുന്നതിനും കുഞ്ഞിന് സുലഭമായി മുലപ്പാല്‍ പ്രധാനം ചെയ്യുന്നതിനും സഹായിക്കുന്നു.
സുഖ പ്രസവത്തില്‍ 7 ദിവസത്തിന് ശേഷവും സിസേറിയന് 15 ദിവസത്തിന് ശേഷവും (മുറിവ് ഉണങ്ങിയെങ്കില്‍) വേദനയും അസ്വസ്ഥതയും ഇല്ലെങ്കില്‍ ചെറിയ രീതിയില്‍ ഉള്ള സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. പിന്നീട് പേശീ ബലത്തിനനുസരിച്ച് അതിന്റെ വ്യാപ്തി കൂട്ടാം.
ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചെയ്യുന്ന പ്രസവരക്ഷാ പാക്കേജുകള്‍ വീടുകളില്‍ ചെയ്യുന്നതിനേക്കാള്‍ എന്തുകൊണ്ടും ഉത്തമമാണ്. പ്രസവരക്ഷയ്ക്ക് നാം ഏര്‍പ്പാട് ചെയ്യുന്ന ജോലിക്കാര്‍ നമ്മുടെ ശരീരം വിശകലനം ചെയ്ത് മരുന്ന് തരാന്‍ പ്രാപ്തരല്ല. അവര്‍ പറയുന്ന മരുന്ന് വൈദ്യശാലയില്‍ പോയി വാങ്ങി അവരെ നാം ഏര്‍പ്പാട് ചെയ്ത സമയത്തിനുള്ളില്‍ (ചിലപ്പോള്‍ 7 അല്ലെങ്കില്‍ 14) ആ മരുന്നുകളെല്ലാം ശാരീരികാവസ്ഥ നോക്കാതെ കഴിക്കുന്നത് മൂലം അമ്മയ്ക്കും കുഞ്ഞിനും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടേക്കാം. ഇവിടെ പഴിചാരപ്പെടുന്നത് ആയുര്‍വേദ മരുന്നുകളാണെങ്കിലും വില്ലനാവുന്നത് നാം മരുന്ന് കഴിക്കുന്ന രീതിയാണ്. അതിനാല്‍, ശരീരത്തിന്റെ അവസ്ഥ മനസ്സിലാക്കി സമയ ബന്ധിതമായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം പ്രസവരക്ഷ ആരംഭിക്കാം.
പ്രസവരക്ഷയില്‍ അമ്മയോടൊപ്പം തന്നെ പ്രാധാന്യം കുഞ്ഞിന്റെ സംരക്ഷണത്തിനും നല്‍കേണ്ടതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് പരമപ്രധാനമായി നല്‍കേണ്ടത് മുലപ്പാല്‍ സുലഭമായി ലഭ്യമാക്കുക എന്നതാണ്.
പൊക്കിള്‍ കൊടി വീഴുന്നത് വരെ അണുബാധ തടയാനായി കുഞ്ഞിനെ കുളിപ്പിക്കുന്നത് ഒഴിവാക്കാം. ചെറുചൂടുവെള്ളത്തില്‍ നനച്ച് തുടയ്ക്കാവുന്നതാണ്.
പൊക്കിള്‍ കൊടി വീണാല്‍ ഉണക്കത്തിനും അണുബാധ തടയുന്നതിനുമുള്ള ഔഷധം ഉപയോഗിക്കുന്നത് നല്ലതാണ്.
പൊക്കിളിലെ മുറിവ് ഉണങ്ങുകയും കുഞ്ഞിന്റെ തൂക്കം 2.5 കി.ഗ്രാം ആവുകയും ചെയ്‌തെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളില്ലാത്ത കുഞ്ഞുങ്ങളെ ഉചിതമായ മരുന്നുകളിട്ട് പാകപ്പെടുത്തിയ എണ്ണ ഉപയോഗിച്ച് മൃദുവായ മസാജ് നല്‍കി ചെറു ചൂടുവെള്ളത്തില്‍ കുളിപ്പിക്കാം.
ശക്തിയായും 5-10 മിനിറ്റില്‍ കൂടുതലും എണ്ണ തടവുന്നത് കുഞ്ഞിന് ഗുണം ചെയ്യില്ല.
മൃദുവായ മസാജ് കൊണ്ട് നമുക്ക് കിട്ടുന്ന ഫലം കുഞ്ഞിന്റെ തലയുടെ ആകൃതി മാറുകയോ മൂക്കിന്റെ നീളം കൂടുകയോ അല്ല, മറിച്ച് കുഞ്ഞിന്റെ തൊലിക്ക് മൃദുത്വം നല്‍കുന്നതിനും രക്ത ചംക്രമണം ത്വരിതപ്പെടുത്തി ശരീരത്തിന് പുഷ്ടി നല്‍കുന്നതിനും ഉപകരിക്കുന്നതാണ്.
സമയം തികയുന്നതിന് മുമ്പ് ജനിച്ച കുഞ്ഞുങ്ങളെ 2 കിലോ ആവുന്നത് വരെ നനച്ച് തുടയ്ക്കുന്നതും 2-2.5 കിലോയില്‍ ചെറു ചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നതും 2.5 കിലോ ആയതിന് ശേഷം എണ്ണ തടവി കുളിപ്പിക്കുന്നതും ആണ് ഉചിതം.
ജനനത്തിന്റെ ആദ്യ നാളുകളില്‍ കുഞ്ഞിനുണ്ടാകുന്ന ഗ്യാസിന്റെ അസ്വസ്ഥത, മഞ്ഞപ്പിത്തം എന്നിവയ്ക്ക് അവസ്ഥയ്ക്കനുസൃതമായ ചികിത്സ നല്‍കണം. മുലയൂട്ടിയതിന് ശേഷം കുഞ്ഞിന്റെ ചുമലില്‍ തട്ടി ഗ്യാസ് കളയുന്നതും കൃത്യമായ ലാച്ചിങ്ങിലൂടെ വായു വിഴുങ്ങുന്നത് ഒഴിവാക്കുന്നതും ഗ്യാസിന് ഗുണം ചെയ്യും.
പ്രസവ രക്ഷാ സമയത്ത് അമിതമായ ഉത്കണ്ഠയിലൂടെ കടന്നുപോകുന്ന അമ്മയ്ക്ക് ആശ്വാസമാകുന്നത് സ്വന്തം ഭര്‍ത്താവിന്റെ സാമീപ്യം ആവാം. അതിനാല്‍, പ്രസവരക്ഷയുടെ പേരില്‍ ഭര്‍ത്താവിന്റെ സാമീപ്യം വിലക്കുന്നത് അമ്മയെ വിഷാദത്തിലേക്ക് തള്ളിവിടാം.
*********************************************************************************************************************
പ്രസവരക്ഷയുടെ ഭാഗമായി തിളച്ച വെള്ളം ദേഹത്തൊഴിക്കുന്നതും തിളച്ച വെള്ളം വയറിലേക്ക് ശക്തമായി എറിയുന്നതും തിളച്ച വെള്ളം കൊണ്ട് സിറ്റ്‌സ് ബാത്ത് ചെയ്യുന്നതും ഒഴിവാക്കണം.
പ്രസവരക്ഷയുടെ ആദ്യനാളുകളില്‍ അടിത്തുണി ഉടുക്കുക എന്ന പേരില്‍ സ്റ്റിച്ച് മുറുക്കിക്കെട്ടി വെക്കുന്നത് അവിടെ ഈര്‍പ്പംനിന്ന് അണുബാധയ്ക്ക് കാരണമാവുന്നതിനാല്‍ ഒഴിവാക്കാം.
പ്രസവിച്ച സ്ത്രീക്ക് ദഹന വ്യവസ്ഥ കണക്കാക്കാതെ തുടര്‍ച്ചയായി ആഹാരം നല്‍കുന്നതിലൂടെ അവരുടെ ശരീരത്തിലെ ചയാപചയ പ്രക്രിയ തകരാറിലാവുകയും തന്മൂലം മുലപ്പാല്‍ കുറയുകയും അമ്മയ്ക്ക് വായുവിന്റെ അസ്വസ്ഥതയും മലബന്ധവും ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യും.
തുടര്‍ച്ചയായി അരിയാഹാരം കഴിച്ചാല്‍ മാത്രമേ പ്രസവിച്ച അമ്മയ്ക്ക് ശരീരത്തിന് ഉറപ്പുണ്ടാവൂ എന്ന പഴമൊയില്‍ കഴമ്പില്ലെന്നും അന്നജവും പ്രോട്ടീനും നല്ല കൊഴുപ്പും നാരുകളും എല്ലാം അടങ്ങിയ സമീകൃതാഹാരം ദഹനത്തിനനുസരിച്ച് നല്‍കുന്നതാണ് ഉചിതമെന്നും മനസ്സിലാക്കുക.
പ്രസവശേഷം അമ്മയ്ക്ക് മതിയായ വിശ്രമം ആവശ്യമെങ്കിലും അറ്റന്‍ഷനില്‍ കിടക്കണം, എഴുന്നേറ്റ് നടക്കാന്‍ പാടില്ല, ഉറക്കെ ചിരിക്കാന്‍ പാടില്ല, മുടി ചീകാന്‍ പാടില്ല, പുറത്തിറങ്ങാന്‍ പാടില്ല, വീടിന്റെ ഉമ്മറത്തിരിക്കാന്‍ പാടില്ല എന്നീ വിഷയങ്ങള്‍ വസ്തുതാ വിരുദ്ധമാണ്.
പ്രസവിച്ച സ്ത്രീ വെള്ളം കുടിച്ചാല്‍ വയറ് കുറയില്ല. അതിനാല്‍, വെള്ളം കുടിക്കരുത് എന്ന പഴമൊഴി കേട്ട് വെള്ളം കുടിക്കാതെ മൂത്രത്തില്‍ അണുബാധ വന്ന ഒരുപാട് അമ്മമാരെ ആശുപത്രിയില്‍നിന്ന് ബോധവല്‍ക്കരിക്കേണ്ടി വന്നിട്ടുണ്ട്. അമ്മ മതിയായ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നത് അമ്മയുടെ ആരോഗ്യത്തിനും മതിയായ മുലപ്പാല്‍ ഉല്‍പാദിപ്പിക്കുന്നതിനും അത്യാവശ്യമാണ്.
പ്രസവശേഷം ആശുപത്രി വിട്ടതിന്റെ അടുത്ത ദിവസം തന്നെ ദേഹത്ത് എണ്ണയിട്ടില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവും എന്ന നിലയില്‍ പരിഭ്രാന്തരാവുന്ന അമ്മമാരെ കണ്ടിട്ടുണ്ട്. എണ്ണ തടവുന്നത് മുറിവുണങ്ങിയതിന് ശേഷം അമ്മയുടെ ശരീര പ്രകൃതിയും ക്ലേശങ്ങളും മനസ്സിലാക്കി മാത്രം ചെയ്യേണ്ട കാര്യമാണ്. എണ്ണ തടവുന്നതിനേക്കാള്‍ ഊന്നല്‍ കൊടുക്കേണ്ട അണുബാധയ്ക്കും ദഹനവ്യവസ്ഥയ്ക്കും ഒന്നും ആരും പ്രാധാന്യം കൊടുക്കുന്നത് കാണാറില്ല.
നവജാത ശിശുവിന്റെ മാറിടം ശക്തിയായി തടവുന്നതും അമിത മര്‍ദം ചുമത്തി നവജാത ശിശുവിനെ ഉഴിയുന്നതും തെറ്റായ രീതിയാണ്.
************************************************************************************
പ്രസവരക്ഷയില്‍ ശീലമാക്കാം
- സമീകൃതാഹാരം
- മതിയായ വിശ്രമം
- ശരിയായ ഔഷധം
- മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ആശ്വാസവാക്കുകള്‍
- ശാന്തമായ അന്തരീക്ഷം
- വൈദ്യനിര്‍ദേശ പ്രകാരം ആവശ്യമായ ചികിത്സ
- ലഘു വ്യായാമങ്ങള്‍ (ശരീര ബലത്തിനനുസരിച്ച്)