പല്ലില്ലാ വായില്‍ ഗുണനപട്ടികയുമായി കാര്‍ത്യായനി

ഒ.എച്ച്.   മുഹ്‌സിന, കൊടുങ്ങല്ലൂര്‍ No image

കേരളം സമ്പൂര്‍ണ സാക്ഷരതയാക്കുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാരിന്റെ  അക്ഷരലക്ഷം പദ്ധതിക്കുവേണ്ടി ഒരു സര്‍വേ നടത്താന്‍ തീരുമാനമുണ്ടായി.  ആലപ്പുഴ ജില്ലയിലെ സാക്ഷരതാ പ്രേരക് സതി ടീച്ചര്‍ക്ക് സര്‍വേ നടത്താന്‍ ലഭിച്ചത്, സ്വന്തം നാടായ ചേപ്പാട്  ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡാണ്. 2018 ജനുവരി മാസത്തില്‍ സര്‍വേ ആരംഭിച്ചു. പതിവ് പോലെ ടീച്ചര്‍ വീടുകള്‍ തോറും കയറിയിറങ്ങവെ ഒരു ചെറിയ വീടിന് മുമ്പിലെത്തിയപ്പോള്‍ കൈലിയും മുണ്ടും ധരിച്ച് ഒരു മുത്തശ്ശി ഇരിക്കുന്നു. പേര് കാര്‍ത്യായനി അമ്മ. സതി ടീച്ചര്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട്, വന്ന കാര്യം ബോധിപ്പിച്ചു. എന്നിട്ട് വീട്ടില്‍ ഇതുവരെ പഠിക്കാത്തവര്‍ ഉണ്ടോ എന്നും അന്വേഷിച്ചു. ഇനിയാണ് കഥ.
മുത്തശ്ശിയില്‍നിന്നും പൊടുന്നനെ കിട്ടിയ മറുപടിയില്‍ ടീച്ചര്‍ ഒന്ന് പകച്ചു. 'ഞാനുണ്ട് മോളേ. ഒന്നും പഠിച്ചിട്ടില്ല. എനിക്ക് പഠിക്കണം.' കാണുമ്പോള്‍ തന്നെ നല്ല പ്രായം തോന്നിക്കുന്ന അമ്മയോട് വയസ്സ് ചോദിച്ചു. ഒരു ഇരുപതുകാരിയുടെ ആവേശത്തോടെ 96 എന്ന് അമ്മയും. തന്റെ 28 വര്‍ഷത്തെ ഔദ്യോഗിക കാലയളവില്‍ ഇത്തരമൊരു അനുഭവം ഇതാദ്യമാണ്. സാധാരണ പ്രായം ചെന്നിട്ടില്ലാത്ത വീട്ടമ്മമാരില്‍നിന്ന് പോലും 'ഈ വയസ്സാം കാലത്ത് എന്ത് പഠിത്തം' എന്നൊക്കെയാണ് കേട്ട് പരിചയം.
അങ്ങനെ കാര്‍ത്യായനിയമ്മയില്‍നിന്ന് ലഭിച്ച മറുപടിയും ചുളിവീണ ആ മുഖത്തെ പഠനത്തോടുള്ള അഭിനിവേശവും സതി ടീച്ചറില്‍ പ്രതീക്ഷയും കൗതുകവും ഉണ്ടാക്കി.  സാക്ഷരത പ്രേരക് ആയിട്ടുള്ള തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവവുമായി അടുത്ത ദിവസം വീണ്ടും വരാമെന്ന് ഏറ്റ് ടീച്ചര്‍ യാത്ര പറഞ്ഞു.

വാര്‍ധക്യത്തില്‍നിന്ന് വിദ്യാരംഭത്തിലേക്ക്
പറഞ്ഞപോലെ ടീച്ചര്‍ ഏറെ ആവേശത്തോടെയും തെല്ല് ആശങ്കയോടെയും, തന്റെ വീട്ടില്‍നിന്നും അധികം ദൂരമില്ലാത്ത കാര്‍ത്യായനിയമ്മയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
ഇതുവരെ ഒരക്ഷരം പോലും പഠിക്കാത്ത, അതും 96 വയസ്സുള്ള ഒരമ്മയെയാണ് പഠിപ്പിക്കാന്‍ പോകുന്നത്. ഭാരമായിരിക്കുമോ? ഓര്‍മശക്തി എത്രത്തോളം ഉണ്ടാകും? ടീച്ചര്‍ക്ക് ആവലാതിയായി. എന്നാല്‍, ടീച്ചര്‍ അവിടെ എത്തുമ്പോള്‍ കണ്ടത് കുളിച്ച് സുന്ദരിക്കുട്ടിയായി പഠിക്കാന്‍ തയാറായി നില്‍ക്കുന്ന കാര്‍ത്യായനിക്കുട്ടിയെ ആണ്. ഒപ്പം ബുക്കും പേനയും. അമ്മയുടെ പഠനാവേശത്തിനു മുമ്പില്‍ തന്റെ ആശങ്കകള്‍ക്ക് വിരാമമിട്ട് ഒരു കുഞ്ഞു കുട്ടിയെ പഠിപ്പിക്കും പോലെ ടീച്ചര്‍ ക്ലാസ്സ് തുടങ്ങി.
ആദ്യമാദ്യം ഓരോ അക്ഷരങ്ങളും പഠിപ്പിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും തന്റെ വിദ്യാര്‍ഥിനിയുടെ മുന്നേറ്റം ടീച്ചര്‍ക്ക് ആവേശമേകി. ഒരു കണ്ണടയുടെ സഹായമില്ലാതെ, ഓര്‍മകള്‍ക്ക് ഒരു മങ്ങല്‍ പോലുമില്ലാതെ അമ്മ പഠനം തുടര്‍ന്നു. മറ്റാരേക്കാളും തന്റെ അമ്മവിദ്യാര്‍ഥിനിയെ പഠിപ്പിക്കല്‍ മാത്രമായി സതി ടീച്ചറുടെ ആഗ്രഹം. പിന്നീടങ്ങോട്ട് ദിവസവും രണ്ട് തവണയെങ്കിലും വന്ന് പഠിപ്പിക്കും. പരിസ്ഥിതി പഠനം, കണക്ക്, മലയാളം എന്നിവയാണ് പാഠ്യവിഷയങ്ങള്‍. അതില്‍ കണക്കിനോടാണ് അമ്മക്ക് കൂടുതല്‍ ഇഷ്ടം. അതുകൊണ്ടാവണം ഗുണനപ്പട്ടിക തകൃതിയായി ചൊല്ലും ആ പല്ലില്ലാ വായ് കൊണ്ട്.

പരീക്ഷയും ഫലവും
പഠനം ആരംഭിച്ച് ആറു മാസങ്ങള്‍ക്കു ശേഷം പരീക്ഷാ ദിവസം വന്നെത്തി. ഏതൊരു വിദ്യാര്‍ഥിക്കും ഉണ്ടാകുന്ന പരീക്ഷാ പേടി അമ്മയിലും ഉണ്ടായിരുന്നു. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം വെപ്രാളം. എഴുതുന്നത് ശരിയാകുമോ തെറ്റുമോ? എന്തായാലും ദൈവത്തോട് നന്നായി പ്രാര്‍ഥിച്ച്, കണിച്ചനെല്ലൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പരീക്ഷയെഴുതി. കാര്‍ത്യായനിയമ്മ പരീക്ഷയെഴുതിയ കാര്യം പറയുമ്പോള്‍, ഒന്നുകൂടി ഓര്‍ത്തു പോകും. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ആ ഫോട്ടോ. അമ്മയുടെ പേപ്പറില്‍ നോക്കി എഴുതുന്ന ഒരു 'ആണ്‍കുട്ടി.' അതേപ്പറ്റി ചോദിക്കുമ്പോള്‍ കുട്ടിക്കുറുമ്പോടെ അമ്മ പറയും, 'അവനെന്റെ മരുമോനാണ്. ഞാന്‍ കാണിച്ച് കൊടുത്തൊന്നും ഇല്ലേന്ന്.'
രണ്ട് മാസം കഴിഞ്ഞ് പരീക്ഷാഫലം വന്നു. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച്, ആരുമറിയാതെ ഒരു കുഞ്ഞുവീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന കാര്‍ത്യായനിയമ്മയെ ലോകം മുഴുവന്‍ അറിയാന്‍ പാകത്തില്‍. നാല്‍പ്പതിനായിരം  പേരെ പിന്തള്ളി 100-ല്‍ 98 മാര്‍ക്ക് നേടി ഒന്നാം റാങ്ക്, ഭാഗ്യം വരാന്‍ കാലവും സമയവും ഒന്നും വിഷയമേ അല്ലെന്ന് ഒന്ന്കൂടി ഓര്‍മിപ്പിച്ചുകൊണ്ട്. നമ്മളൊരു കാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ ഈ ലോകം മുഴുവന്‍ നമ്മോടൊപ്പം നില്‍ക്കുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകളെ അര്‍ഥവത്താക്കിയ കാര്‍ത്യായനിയമ്മയെ പിന്നീട് കോമണ്‍വെല്‍ത്ത് ഓഫ് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യന്‍ സന്ദര്‍ശിക്കുകയും കോമണ്‍വെല്‍ത്ത് ഓഫ് ലേണിംഗ് ഗുഡ്വില്‍ അംബാസഡര്‍ കാര്‍ത്യായനിയമ്മയാവും എന്ന് അറിയുകയും ചെയ്തു. അംബാസഡര്‍ ആകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് അമ്മ.
 
തീവ്രമാണീ ആഗ്രഹം
ചെറുപ്പത്തിലേ പഠിക്കാന്‍ ഏറെ താല്‍പര്യമായിരുന്നു കാര്‍ത്യായനി അമ്മക്ക്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ ഒന്നും ഒത്തുവന്നില്ല. പിന്നെ വളര്‍ന്നു. വിവാഹിതയായി. മക്കളായി. പേരക്കുട്ടികളായി. കൊച്ചുമക്കളായി. ജീവിതം കരക്കടുപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ പഠനമോഹങ്ങളും ഇല്ലാതെയായി. എന്നാല്‍ തന്റെ ചെറുമക്കളുടെ പഠനം കണ്ടപ്പോള്‍ ജീവിതചക്രം മായ്ച്ചുകളഞ്ഞ ആ മോഹം  വീണ്ടും തളിരിട്ടു. അങ്ങനെയിരിക്കെയാണ്, സ്വപ്‌ന സാക്ഷാത്കാരത്തിനായി ദൈവനിയോഗം പോലെ സാക്ഷരതാ പ്രേരക് സതി ടീച്ചറുടെ വരവുണ്ടായത്.
ഈശ്വരാനുഗ്രഹം ഉണ്ടായാല്‍ 10 വരെ പഠിക്കണം എന്നാണ് അമ്മയുടെ വലിയ ആഗ്രഹം. ഇപ്പോള്‍ നാലാം ക്ലാസ് പരീക്ഷക്ക് തയാറെടുക്കുകയാണ്. ഉദ്യോഗം കിട്ടാന്‍ സാധ്യത ഒന്നുമില്ല, എന്നാലും നന്നായി പഠിക്കണം എന്നാണ് മോഹം. പരീക്ഷാ ഫലം വന്നപ്പോള്‍, ചെറുപ്പത്തിലേ പഠിക്കുകയായിരുന്നെങ്കില്‍ എവിടെയെങ്കിലും എത്തുമായിരുന്നിരിക്കണം എന്നും, ഇനിയിപ്പോ എത്തും പിടിയുമില്ലാതെ, ജോലിക്ക് പോകാന്‍ പറ്റാതെ  വീട്ടില്‍ ഇരിക്കണം എന്ന നിരാശയും പരിഭവവും ഉണ്ട് ഈ മുത്തശ്ശിക്ക്.
പ്രായമേറെയായിട്ടും സാധാരണ വൃദ്ധരില്‍ കാണുന്ന 'വയസ്സായി, ഇനിയെന്ത്' എന്ന ചിന്തയേ ഇല്ലാതെ പഠനം മാത്രം ലക്ഷ്യമാക്കിയ അമ്മ. ആഗ്രഹപ്രകാരം പത്താം ക്ലാസ്സ് എത്തുമ്പോള്‍ പ്രായം 100 തികയും. അതിനായി, ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് ഉണ്ടാവണേ എന്ന പ്രാര്‍ഥനയിലാണ് മറ്റാരേക്കാളും സതി ടീച്ചര്‍.

ചിട്ടയില്ലാതെ എന്തു പഠനം?
ചിട്ടയോടെ തന്നെയാണ് പഠനം. രാവിലെയും ഉച്ചക്കും വൈകീട്ടും രാത്രിയും എല്ലാം  ഈ അമ്മ മിടുക്കി പഠിക്കും.  ഇടക്ക് കമ്പ്യൂട്ടര്‍ മോഹം വന്ന അമ്മക്ക്, വിദ്യാഭ്യാസ മന്ത്രി സമ്മാനിച്ച ലാപ് ടോപ്പുമായി വൈകുന്നേരം 4 മണി കഴിയുമ്പോള്‍ പഠിക്കാന്‍ ഇരിക്കും. ഒമ്പതാം ക്ലാസ്സുകാരനായ കൊച്ചുമകന്‍ അശ്വിന്‍ ആണ് കമ്പ്യൂട്ടര്‍ മാഷ്. ഒപ്പം സതി ടീച്ചറുടെ സഹായവും ഉണ്ട്. കൂടെ, വളര്‍ന്നു വരുന്ന കേരളത്തിലെ എല്ലാ മക്കള്‍ക്കും തന്റെ വക  ഉപദേശവും ഉണ്ട്. 'നന്നായി പഠിക്കണം. കളിക്കേണ്ട സമയത്ത് കളിക്കണം. പഠിക്കേണ്ട സമയത്ത് പഠിക്കേം വേണം. ഒപ്പം എന്നും ഈശ്വരനോട് നല്ല അറിവിനായി പ്രാര്‍ഥിക്കണം. മാതാപിതാക്കളുടെയും ഗുരുക്കളുടെയും പ്രീതിയുണ്ടാകണം. പിന്നെ, എന്നെ പോലെ മിടുക്കിയാവണം.' ഒപ്പം ഒരു വശ്യമായ  ചിരിയും.

അല്‍പം കുടുംബകാര്യം
അഛനും അമ്മയും ആറ് സഹോദരികളും അടങ്ങിയതാണ് കാര്‍ത്യായനി അമ്മയുടെ കുടുംബം.  അതില്‍ നാലാമത്തേതാണ് കാര്‍ത്യായനി. കുടിപ്പള്ളിക്കൂടത്തില്‍ ആശാനായിരുന്നു അഛന്‍.
 പതിനെട്ടാം വയസ്സില്‍ കൂലിപ്പണിക്കാരനായ കൃഷ്ണപിള്ളയുമായി വിവാഹിതയായി. നാല് പെണ്ണും രണ്ട് ആണുമായി ആറ് മക്കളും ഉണ്ടായി. 35-ാം വയസ്സില്‍ ഭര്‍ത്താവ് മരണപ്പെട്ടു. ശേഷമുള്ള കാലം അമ്പലങ്ങളില്‍ തൂക്കാന്‍ പോയും കൂലിപ്പണിയെടുത്തും കുഞ്ഞുങ്ങളെ നോക്കി. 94 വയസ്സ് വരെ കാലം കഴിച്ചു.
മക്കളില്‍ രണ്ട് പെണ്‍മക്കള്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളു. അമ്മിണിയമ്മയും പൊന്നമ്മയും. ഇളയ മകളുടെ കൂടെയാണ് കാര്‍ത്യായനിയമ്മ ഇപ്പോള്‍. മക്കളും പേരക്കുട്ടികളും അവരുടെ ഭര്‍ത്താക്കന്മാരും കൊച്ചുമക്കളുമെല്ലാം തങ്ങളുടെ മുത്തശ്ശിക്ക് പിന്തുണയായുണ്ട്.
പ്രായമാകും മുമ്പേ പ്രഷറും കൊളസ്‌ട്രോളും നടുവേദനയും ഒക്കെയായി കഴിയുന്നവര്‍ക്ക് നടുവില്‍ ഒരൊറ്റ അസുഖവും ഇല്ലാതെ, കാഴ്ച മങ്ങാതെ, ഓര്‍മശക്തി കുറയാതെ, പണ്ടു കാലങ്ങളില്‍ എല്ലുമുറിയെ പണിയെടുത്തതിന്റെ ഫലമെന്ന ചെറിയ അഭിമാനത്തോടെയാണ് നിത്യയൗവനത്തിന്റെ കാര്‍ത്യായനി. ദൈവവിശ്വാസിനിയായ അമ്മ തന്റെ പഠനത്തിന്റെയും ആരോഗ്യത്തിന്റെയും എല്ലാം മുഴുവന്‍ ക്രെഡിറ്റും ഈശ്വരനാണെന്നും പറയുന്നു.

വിജയത്തിന് പുറകിലെ ഈ കൈകള്‍
സതി എന്ന ടീച്ചറെ കൊണ്ട് കാര്‍ത്യായനിയമ്മയും അമ്മയെക്കൊണ്ട് ടീച്ചറും പരസ്പരം പ്രശസ്തരായ രസകരമായ കാര്യം കൂടി ഈ വിജയത്തില്‍ ഉണ്ട്. അമ്മയുടെ വിജയത്തിനു പിന്നിലെ പ്രധാന കണ്ണിയായ സതി ടീച്ചറെ കുറിച്ചും പറയാതെ വയ്യ. 1990 മുതല്‍ സാക്ഷരതാ പ്രേരക് ആയി ജോലി നോക്കുകയാണ് സതി ടീച്ചര്‍. ഇപ്പോള്‍ ഹയര്‍ സെക്കന്ററി ക്ലാസ് കോര്‍ഡിനേറ്റര്‍ കൂടിയാണ്. പാരലല്‍ കോളേജ് അധ്യാപകനായ ഗണനാഥന്‍ ആണ് ഭര്‍ത്താവ്. ഏക മകന്‍ അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. വിരമിക്കാനുള്ള വര്‍ഷം അടുക്കാനായപ്പോള്‍, തനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് ഈ അമ്മയെന്നും തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതിലും വലിയ അവാര്‍ഡ് ലഭിക്കാന്‍ ഇല്ലെന്നും സതി ടീച്ചര്‍ സന്തോഷത്തോടെ പറയുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top