മൈലാഞ്ചി

കെ.പി സല്‍വ No image

സംസ്‌കാരങ്ങള്‍ ഉരുവം കൊള്ളുന്നത് പല വിധത്തിലാണ്. കാലങ്ങള്‍ പഴക്കമുള്ള സംസ്‌കാരങ്ങള്‍ ഉണ്ട്. അധിനിവേശത്തിലൂടെ രൂപപ്പെടുന്നവയും വിധേയത്വത്തിലൂടെ സ്വീകരിക്കപ്പെടുന്നവയുമുണ്ട്. പാലായനവും സാംസ്‌കാരിക ഉന്മൂലനത്തിനും ഉയിര്‍പ്പിനും കാരണമാവാറുണ്ട്. വെളിപാടുകളും പുതിയ സംസ്‌കാരങ്ങള്‍ക്ക് കാരണമാണ്. ഇസ്‌ലാമിക സംസ്‌കാരം അത്തരത്തിലുള്ളതാണ്. അപ്പോഴും അത് പ്രാദേശിക സംസ്‌കാരങ്ങളെ പുര്‍ണമായി സ്വാംശീകരിക്കുകയോ നിരാകരിക്കുകയോ ഉണ്ടായില്ല. ഭാഷ, വേഷം, ഭക്ഷണം, ചികിത്സ, അലങ്കാരം, കല, സാഹിത്യം തുടങ്ങിയവയെല്ലാം കൊള്ളക്കൊടുക്കലുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഖുര്‍ആനിനാല്‍ നിര്‍വചിതമാണ് ഇസ്‌ലാമിക സംസ്‌കാരം. അതായത് സാംസ്‌കാരികമായതെല്ലാം ഖുര്‍ആനിന്റെ മൂശയിലൂടെ കയറിയിറങ്ങി ഒരു തരത്തിലുള്ള എഡിറ്റിംഗിന് വിധേയമായിട്ടുണ്ട്.
മൈലാഞ്ചി എന്ന കലാരൂപത്തെ ഇസ്‌ലാമിക കലയുമായി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ആമുഖമാണിത്. മൈലാഞ്ചിക്ക് പേര്‍ഷ്യന്‍ കലയുമായി ബന്ധമില്ലേ എന്ന ഒരു സുഹൃത്തിന്റെ എസ്.എം.എസ് ആണ് ഈ ചിന്തയുടെ തുടക്കം. അലങ്കാരമെന്ന നിലയിലും ഔഷധമെന്ന നിലയിലും ഹദീസുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് മൈലാഞ്ചി. നര മറക്കാന്‍ മാത്രമല്ല എണ്ണ കാച്ചാനും മുടി കഴുകാനുമൊക്കെ ഉപയോഗിക്കാറുണ്ടത്. പണ്ടത്തെയും ഇന്നത്തെയും മാപ്പിളപ്പാട്ടുകളില്‍ നിറ സാന്നിധ്യമാണ് മൈലാഞ്ചി. ഹവ്വാ ഉമ്മ മുതല്‍ ആയിശാ ബീവിക്ക് വരെ ഇറങ്ങിയ മൈലാഞ്ചിയുണ്ടതില്‍.
പെരുന്നാളുകള്‍ മൈലാഞ്ചിയുടെ കൂടി ആഘോഷമാണ്. പെരുന്നാള്‍ അണയുന്നതിന് മുമ്പ് തന്നെ നഖങ്ങള്‍ ചുവന്നിരിക്കും. പിന്നെ വെളഞ്ഞി കുത്തിയോ അല്ലാതെയോ ഒക്കെ കൈവെള്ളയും ചുവക്കും. പിന്നീട് ചെറിയ പൂക്കളും പുള്ളികളും കള്ളികളുമൊക്കെ മൈലാഞ്ചി കൊണ്ട് വരക്കലായി. തുടര്‍ന്ന് മൈലാഞ്ചി വെള്ളവും പൊടിയും അച്ചുമൊക്കെ വിരുന്നുവന്നു. കോണുകളുടെ വ്യാപനത്തോടെയാണ് മൈലാഞ്ചികൊണ്ട് കൈ നിറയെ ചെറുതും തുടര്‍ച്ചയുള്ളതുമായ ചിത്രങ്ങള്‍ വരയുന്ന രീതി വന്നത്. അതിനു മുമ്പ് തന്നെ മൈലാഞ്ചി പട്ടുപോലരച്ച് അരിപ്പയില്‍ അരിച്ചെടുത്ത് നന്നേ കനം കുറഞ്ഞ ഈര്‍ക്കില്‍ കൊണ്ടോ സേഫ്റ്റി പിന്നിന്റെ തുമ്പുകൊണ്ടോ കോണുകൊണ്ടെന്നപോലെ ചിത്രപ്പണി ചെയ്യുന്ന പെണ്‍കുട്ടികള്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് കേരളത്തില്‍ മൈലാഞ്ചി കോണുകള്‍ വ്യാപകമാവുന്നത്. അതോടെ ദേശങ്ങളുടെ അതിര് ഭേദിച്ച് മൈലാഞ്ചി മതത്തിന്റെ അതിരും കടന്നു. ഒരു കാലത്ത് മുസ്‌ലിം കല്ല്യാണങ്ങളിലും പെരുന്നാളുകളിലും മാത്രമുണ്ടായിരുന്ന മൈലാഞ്ചി ഇന്ന് എല്ലാവരും കല്ല്യാണങ്ങള്‍ക്കും അല്ലാതെയുമൊക്കെ ഉപയോഗിക്കുന്നു. വിപണിയാണ് അത് സാധിച്ചത്. മുസ്‌ലിം സാംസ്‌കാരിക പരിസരത്ത് നിന്ന് വന്ന ബിരിയാണിയും ചുരിദാറുമൊക്കെ പോലെ തന്നെ.
5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലുള്ള മൈലാഞ്ചി ചരിതങ്ങളുണ്ട്. ചൂടില്‍ നിന്നും ശാന്തി നല്‍കുന്ന ഔഷധമായി ഉപയോഗിച്ചു തുടങ്ങിയ മൈലാഞ്ചിയെ പിന്നീട് ചായക്കൂട്ടും അലങ്കാരവുമൊക്കെയാക്കി മാറ്റിയെടുത്തതായി പറയപ്പെടുന്നു. പച്ച കുത്തുന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ധാരാളമുണ്ടെങ്കിലും മൈലാഞ്ചിയെക്കുറിച്ച സാംസ്‌കാരിക പഠനങ്ങള്‍ എന്റെ പരിമിതമായ വായനയില്‍ എത്തിയിട്ടില്ല. മുഗളര്‍ക്ക് മുമ്പ് കൈയില്‍ സൂര്യനെ പതിപ്പിക്കുന്നതായിരുന്നത്രെ ഇന്ത്യയിലെ രീതി. ഇതിന്റെ വകഭേദങ്ങളാണ് മറ്റിടങ്ങളിലും. ഈ രീതിയല്ല ഞാന്‍ പരിഗണിക്കുന്നത്. മറിച്ച് കൈവെള്ള നിറയെ ചെറിയ ചിത്രങ്ങള്‍ ചേര്‍ന്ന് വലുതായി മാറുന്ന 'അറബെസ്‌കി' (ഇലകളും വള്ളികളും ശൈലീകൃത സസ്യരൂപങ്ങളും ജാമിതീയ രൂപങ്ങളും കാലിഗ്രാഫിയുമൊക്കെയടങ്ങിയ ബൃഹത്തായ അലങ്കാര രീതി)നോട് സദൃശ്യമായ ചിത്രീകരണത്തിനെയാണ്.
ഇസ്മായില്‍ റാജി ഫാറൂഖിയും ലൂയിസ് ലംയാഅ് ഫാറൂഖിയും ചേര്‍ന്നെഴുതിയ 'ദ കള്‍ച്ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്‌ലാം' ഇസ്‌ലാമിക കലകളെക്കുറിച്ച ശ്രദ്ധേയമായ പഠനമാണ്. കാലിഗ്രഫി, വാസ്തുവിദ്യ, ഉദ്യാന കല, ശബ്ദകല എന്നിവയെ ഖുര്‍ആന്‍ മാനദണ്ഡമാക്കി വിലയിരുത്തുന്ന കൃതിയാണിത്. ഈ പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ച് അധ്യായങ്ങളുടെ വിവര്‍ത്തനം എ.കെ അബ്ദുല്‍ മജീദ് നിര്‍വഹിച്ച 'ഖുര്‍ആന്‍, കല, സംഗീതം' എന്ന പേരില്‍ ഐ.പി.എച്ച് പുറത്തിറക്കിയിട്ടുണ്ട്. സെമിറ്റിക് പൗരസ്ത്യ ദേശത്ത് സൗന്ദര്യാവിഷ്‌കാരങ്ങളില്‍ ഗ്രീക്കോ- റോമന്‍ സ്വാധീനം പ്രകടമായിരുന്നു. ഇസ്‌ലാമിന്റെ കാലത്ത് നാഗരികതകളും സൗന്ദര്യാവിഷ്‌കാരങ്ങളും പുനര്‍നിര്‍മിക്കപ്പെട്ടു. ഖുര്‍ആനിക സംസ്‌കാരമായിരുന്നു ഇവയുടെയെല്ലാം ആന്തരിക ചൈതന്യമായി വര്‍ത്തിച്ചത്. ഖുര്‍ആനില്‍ ഓളം വെട്ടുന്ന തൗഹീദായി പിന്നിലുള്ള കലാവിഷ്‌കാരങ്ങളുടെ കാതല്‍. കലകളുടെ കേന്ദ്രസ്ഥാനം മനുഷ്യനില്‍ നിന്ന് മാറി അല്ലാഹുവായി. ഖുര്‍ആനിന്റേതിന് സദൃശ്യമായ ലക്ഷ്യം ഇസ്‌ലാമിക കലക്കുമുണ്ട്. അല്ലാഹുവിന്റെ സര്‍വാതിശായിത്വത്തെ പഠിപ്പിക്കുകയും പ്രബലപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യം. ഇതാണ് പുസ്തകത്തിന്റെ രത്‌നച്ചുരുക്കം. ഖുര്‍ആനിനെയാണവര്‍ ഏറ്റവും നല്ല കലാ മാതൃകയായി കാണുന്നത്. അതിനനുസൃതമായി ഇസ്‌ലാമിക കലാ സൗന്ദര്യാവിഷ്‌കാരങ്ങളുടെ ആറ് സവിശേഷതകള്‍ അവര്‍ രേഖപ്പെടുത്തുന്നുണ്ട്.
1. അമൂര്‍ത്തത: പ്രകൃതിരൂപങ്ങളെ യഥാര്‍ഥമായോ പ്രതീകങ്ങളായോ ചിത്രീകരിക്കാതെ അസ്വാഭാവികവും പ്രത്യേക ശൈലിയിലും ഉപയോഗിക്കുക. ഈ അമൂര്‍ത്തത അനന്തതയെ അനുഭവിപ്പിക്കുന്നു. മൈലാഞ്ചി ചിത്രങ്ങളിലും ഇലകളും പൂവും വള്ളിയുമൊക്കെ ഉണ്ടാവാറുണ്ട്. എങ്കിലും അത്തരത്തിലുള്ളവ നമുക്ക് പ്രകൃതിയില്‍ കാണാന്‍ സാധിക്കില്ല.
2. ഘടകങ്ങള്‍ ചേര്‍ന്ന ഘടന: ഒരുപാട് ചെറിയ ചെറിയ രൂപങ്ങള്‍ ചേര്‍ന്ന് വലിയൊരു ചിത്രം രൂപപ്പെടുക. ഒരോന്നും സ്വയം തന്നെ പൂര്‍ണതയുള്ളതായിരിക്കെ വലിയതൊന്നിന്റെ ഭാഗമായിരിക്കുക. (ഖുര്‍ആന്‍ വിവിധ ഖന്ധങ്ങളായി തിരിക്കപ്പെട്ടപോലെ) മൈലാഞ്ചി ചിത്രങ്ങളിലും വ്യത്യസ്തമായി ചെറിയ ചെറിയ ചിത്രങ്ങളാണ് വലിയ ഒന്നായി മാറ്റുന്നത്.
3. സംയോജനത്തിലെ നൈരന്തര്യം: ഈ ചെറിയ ഘടനകളെ ഒറ്റ കേന്ദ്രത്തിലേക്ക് യോജിപ്പിക്കുന്നതിന് പകരം അവയുടെ വ്യക്തിത്വവും തലവും നിലനിര്‍ത്തി വ്യത്യസ്ത കേന്ദ്രങ്ങളിലേക്ക് കേന്ദ്രീകരിക്കുക. അനേകം കാഴ്ചാ കേന്ദ്രങ്ങളും തുടക്കവും ഒടുക്കവും ഇല്ലാതിരിക്കുകയും ചെയ്യുക. (കളം വരക്കലിലും ക്ഷേത്ര ചിത്രങ്ങളിലും ഏക രൂപ കേന്ദ്രീകരണം കാണാം). മൈലാഞ്ചി ചിത്രങ്ങളില്‍ അനേകം കാഴ്ചാ കേന്ദ്രങ്ങള്‍ക്ക് പരിമിതിയുണ്ടെങ്കിലും ഓരോന്നില്‍ നിന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ തുടക്കവും ഒടുക്കവുമില്ലാതെ വ്യതിരിക്തമായി നിന്നുകൊണ്ടു തന്നെ അനന്തതയെ കുറിക്കുന്നു. കാലവൈഭവമുള്ളവര്‍ക്ക് അനേകം കാഴ്ചാകേന്ദ്രങ്ങളുള്ള ചിത്രപ്പണി സാധിക്കാറുമുണ്ട്.
4. ആവര്‍ത്തനം: ചേര്‍ന്ന് വരുന്ന ഘടകങ്ങളും പ്രമേയങ്ങളും വിന്യാസങ്ങളും തുടരെത്തുടരെ ആവര്‍ത്തിക്കുക. അമൂര്‍ത്തതയെപ്പോലെ ആവര്‍ത്തനവും അനന്തതയുടെ അനുഭൂതി നല്‍കും. ഡിസൈനുകളുടെ ആവര്‍ത്തനം മൈലാഞ്ചിയിടലിലുമുണ്ട്.
5. ചടുലത: കാലത്തിലൂടെ (സമയം) മാത്രം അനുഭവേദ്യമാകുന്നത് കൊണ്ടാണ് കണ്ണും മനസ്സും നിരന്തരം ചലിക്കേണ്ടതുകൊണ്ടുമാണ് ഇസ്‌ലാമിക കല ചടുലമാണെന്ന് പറയുന്നത്. ഒറ്റ നോട്ടം കൊണ്ടോ ഒരു ഭാഗം മാത്രം കണ്ടു കൊണ്ടോ ഈ കലകളുടെ അനന്തത ബോധ്യമാവില്ല. സമഗ്രമായ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് തുടരുന്ന നോട്ടം, ഒരു ഘടനയില്‍ നിന്ന് അടുത്ത ഘടനയിലേക്കും ഒരു കേന്ദ്രത്തില്‍ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്കും സൂക്ഷ്മമായ സഞ്ചാരം. നിശ്ചലമായ കാഴ്ചയല്ല, അറ്റമില്ലാത്ത കാഴ്ച. മൈലാഞ്ചി ചിത്രങ്ങളിലും കാഴ്ചയുടെ തുടര്‍ച്ചയുണ്ടെങ്കിലും ചെറിയ കാന്‍വാസ് ഒരു പരിമിതിയാണ്.
6. സങ്കീര്‍ണത: കലാ രൂപത്തിന്റെ ആകര്‍ഷണീയതയെ വര്‍ധിപ്പിക്കുന്ന ഒന്നാണ് സങ്കീര്‍ണത. ആന്തരികമായ ചെറിയ ഘടകങ്ങളുടെയും വിന്യാസങ്ങളുടെയും എണ്ണക്കൂടുതല്‍ വഴി സങ്കീര്‍ണത ചടുലതയെയും അനന്തതയെയും സഹായിക്കുന്നു. ചെറിയ കാന്‍വാസാണെങ്കിലും സങ്കീര്‍ണത മൈലാഞ്ചിയിലും ദൃശ്യമാണ്.
കൈ എന്ന കാന്‍വാസിന്റെ ചെറുപ്പം ഒരു പരിമിതിയാണെങ്കിലും അത് സ്വയം തന്നെ ഗോപുരത്തിന്റെയോ, കുംഭതങ്ങളുടെയോ അനന്തയെ ദ്യുതിപ്പിക്കുന്നുണ്ട്. മറ്റൊന്ന് ഇതിന്റെ ക്ഷണികതയാണ്. ഒരുപാട് കാലം നില നില്‍ക്കുന്ന ചിത്രപ്പണിയല്ല മൈലാഞ്ചി. മൂന്നോ നാലോ ദിവസം മാത്രമേ അതിനായുസ്സുള്ളൂ. എങ്കിലും വളരെ പെട്ടെന്ന് എളുപ്പത്തില്‍ വീണ്ടും ഒരുക്കാമെന്നത് ഒരു സവിശേഷതയാണ്. സചേതനമാണ് എന്നത് കാന്‍വാസിന്റെ പ്രത്യേകതയാണ്. ഒരു വേള കലാകാരികളെക്കാള്‍ കാന്‍വാസിന്റെ ഉടമയാണ് ശ്രദ്ധിക്കപ്പെടുക. കലക്കും കലാകാരികള്‍ക്കുമൊപ്പം വലിയൊരു വിഭാഗം കൂടി ഇതിന്റെ ഭാഗമാവുന്ന ജനകീയ തലം ഇതിനുണ്ട്. മുഖ്യധാരയിലല്ല, പെണ്ണിടങ്ങളിലാണ് മൈലാഞ്ചി നിറഞ്ഞു നില്‍ക്കുന്നത് എന്നത് ഈ കലാവിഷ്‌കാരം പരിഗണിക്കപ്പെടാതെ പോയതിന് കാരണമാവാം. ചുരുക്കത്തില്‍ മുസ്‌ലിം (സ്ത്രീ) സ്വത്വാന്വേഷണങ്ങളില്‍ മൈലാഞ്ചിക്ക് നല്ലൊരു സ്ഥാനമുണ്ട്. അതിന്റെ ദൃശ്യവല്‍ക്കരണമാണ് മൈലാഞ്ചിയിടല്‍ മത്സരങ്ങളില്‍ നടക്കുന്നത്.
പ്ലെയിന്‍ ഗ്ലാസ്
ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്ന മൂന്ന് വര്‍ഷവും എം.എസ്.എഫ് മുന്നണിയാണ് അവിടെ ഭരിച്ചിരുന്നത്. അവര്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കാര്യമായി നടത്തിയിരുന്ന പരിപാടിയായിരുന്നു മൈലാഞ്ചിയിടല്‍ മത്സരം. പിന്നീട് വനിതാ ലീഗിന്റെ ജില്ലാ കമ്മറ്റിയും അത്തരത്തിലുള്ളതു നടത്തിക്കണ്ടു. 'മുസ്‌ലിം സ്ത്രീകളുടെ സ്വത്വാവിഷ്‌കാരത്തില്‍ ശ്രദ്ധേയമായ ചുവട് വെപ്പ്' എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാമായിരുന്നു. നാട്ടില്‍ വ്യാപകമായി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോഴും സ്ത്രീ/മുസ്‌ലിം സ്ത്രീ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുമ്പോഴും പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്ത സ്ത്രീ ശാക്തീകരണം അജണ്ടയില്‍ പോലുമില്ലാത്ത ഒരു കൂട്ടമാണ് മുസ്‌ലിം ലീഗിന്റെ വനിതാവിഭാഗം. ഭദ്രമായൊരു ഘടന പോലുമതിനുണ്ടോ എന്നറിഞ്ഞു കൂടാ. ഭരണ പക്ഷത്തും പ്രതിപക്ഷത്തുമായി മുസ്‌ലിം ലീഗ് നിറഞ്ഞു നില്‍ക്കുമ്പോഴാണിത്. അവര്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് പെരുമാറ്റ ചട്ടത്തിന്റെ കാര്യത്തിലും പദവി വിവാദത്തിലുമൊക്കെയാണ്. അപ്പോള്‍ പിന്നെ മൈലാഞ്ചിയിടല്‍ മത്സരങ്ങള്‍ മുസ്‌ലിം സ്ത്രീയുടെ സ്വത്വാവിഷ്‌കാരമാണോ സ്ത്രീ ശരീരത്തിന്റെ വിപണിയാവിഷ്‌കാരമാണോ?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top