കരുത്തുറ്റ പെണ്‍കൂട്ടത്തിന്
റുക്‌സാന പി/ ഫൗസിയ ഷംസ്
2013 ജൂണ്‍
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട്
റുക്‌സാന. പി സംഘടനയുടെ
നയങ്ങളും നിലപാടുകളും
ആരാമത്തോട് പങ്കുെക്കുന്നു.
õ ജി.ഐ.ഒവിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സംഘടനയെ ഏത് തരത്തില്‍ നയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്? ഏതെല്ലാം പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്?
õ ജി.ഐ.ഒവിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സംഘടനയെ ഏത് തരത്തില്‍ നയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്? ഏതെല്ലാം പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്?
പ്രാദേശികതലത്തില്‍ വായനവും ചര്‍ച്ചയും ക്രിയാത്മകമായി നടപ്പിലാക്കുകയും, അതിലൂടെ അംഗങ്ങള്‍ക്കിടയില്‍ ആത്മസംസ്‌കരണത്തിന്റെ വേര് ഊട്ടിയുറപ്പിക്കുകയും ചെയ്തുകൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സേവന ചിന്തയെയും സര്‍ഗാത്മകതയെയും പോഷിപ്പിക്കാനും ജില്ലാതലത്തില്‍ കുറച്ചുകൂടി മുന്നോട്ട് പോയി ഇടപെടലിന്റെയും പ്രതികരണത്തിന്റെയും സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വ്യവസ്ഥാപിതമായി സംഘടനയെ വളര്‍ത്തണം. അതിനുവേണ്ടി പരമ്പരാഗതമായി തുടര്‍ന്നുവന്ന പ്രവര്‍ത്തനത്തില്‍ നിന്നും വ്യത്യസ്തമായി കാലിക സമൂഹത്തില്‍ മുസ്‌ലിം സ്ത്രീയെ പ്രൗഢിയോടു കൂടി പ്രതിനിധാനം ചെയ്യുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുക.
õകാലിക സമൂഹത്തില്‍ ജി.ഐ.ഒവിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് യഥാര്‍ഥത്തില്‍ ഇസ്‌ലാമിക വിദ്യാര്‍ഥിനീ പ്രസ്ഥാനത്തെ തന്നെയാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പൊതുബോധം രൂപപ്പെടുത്തിയെടുത്ത മുസ്‌ലിം സ്ത്രീയുടെ ഒരു ചിത്രമുണ്ട്. യഥാര്‍ഥത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഇരട്ട അസ്തിത്വം പേറുന്നവരാണ.് പെണ്ണ്- തട്ടം കൊണ്ട് മുഖം മറക്കപ്പെട്ടവള്‍- ഇതിനിടയില്‍ ഇത് എത്രത്തോളം സാധ്യമാണ്?
തീര്‍ച്ചയായും പൊതുസമൂഹത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന മുസ്‌ലിം സ്ത്രീ ഇന്നു പിന്തിരിപ്പനാണ്. വിദ്യാഭ്യാസപരമായി മുസ്‌ലിം സ്ത്രീകള്‍ ഉയര്‍ന്നുവന്ന ഈ സഹചര്യത്തില്‍ പോലും ''മതത്തിന്റ ബലിയാടുകള്‍'' എന്ന മുന്‍ധാരണയോടു കൂടിയാണ് ഇവരെ പൊതുസമൂഹം നോക്കിക്കാണുന്നത്. ആരുടെയൊക്കെയോ നാവും പേനയും ഈ മുന്‍ധാരണയെ ഊട്ടിയുറപ്പിക്കാന്‍ പണിപ്പെടുകയാണ്. അവര്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്തുകയും സമൂഹത്തില്‍ ഇടപെടുകയും ഉള്‍ക്കാഴ്ചയോടെ സംസാരിക്കുകയും പേന ചലിപ്പിക്കുകയും ചെയ്യുന്ന മുസ്‌ലിം പെണ്ണിനെ അംഗീകരിക്കാന്‍ വല്ലാത്ത വിമുഖതയാണ്. അതിന് അവരെ തടയുന്നത് പലപ്പോഴും അവളുടെ ഇസ്‌ലാമിക വേഷവിധാനമാണ്. ഇക്കാരണങ്ങളാല്‍ തന്നെ ക്യാമ്പസിനകത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ അസ്തിത്വ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. അഭ്യസ്ത വിദ്യയായ, കഴിവുറ്റ പെണ്ണ,് മുസ്‌ലിം പെണ്ണിന്റെ എല്ലാ അടയാളങ്ങളില്‍ നിന്നും രക്ഷ നേടണമെന്നാണ് അവള്‍ നിരന്തരമായി പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മുസ്‌ലിം പെണ്ണിനെ സ്വത്വബോധത്തോടു കൂടി ക്യാമ്പസിനുള്ളിലും പൊതു സമൂഹത്തിനകത്തും നിലകൊള്ളാന്‍ പ്രാപ്തരാക്കുകയായിരുന്നു യഥാര്‍ഥത്തില്‍ ജി.ഐ.ഒ. അതിന് ജി.ഐ.ഒ നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്.
õവിദ്യാര്‍ഥിനി പ്രസ്ഥാനമെന്ന നിലയില്‍ ഇതര വിദ്യാര്‍ഥിനി പ്രസ്ഥാനങ്ങളെ പോലെ കാമ്പസിലല്ല, പൊതുനിരത്തുകളാണ് ജി.ഐ.ഒ-വിന്റെ പ്രവര്‍ത്തന മണ്ഡലം. എന്തുകൊണ്ട് കാമ്പസുകളില്‍ എസ്.ഐ.ഒ-വിന്റെ ബാനറില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു.?
ജി.ഐ.ഒ സ്വതന്ത്ര അസ്തിത്വമുള്ള സംഘടനയാണ് പൊതു ഇടങ്ങളിലും കാമ്പസിലും അത് അങ്ങനെ തന്നെയായിരിക്കും. ഇക്കാര്യത്തില്‍ എസ്.ഐ.ഒവിനും അഭിപ്രായ വ്യത്യാസമില്ല. സ്വതന്ത്രമായ യൂനിറ്റ് പ്രോഗ്രാം, അജണ്ട എന്നിവ കാമ്പസുകളില്‍ ജി.ഐ.ഒവിന് ഉണ്ടാകും. ഈ സംവിധാനം കുറച്ച് കാലമായി കാമ്പസില്‍ നിര്‍ജ്ജീവമായിരുന്നു. അതിനാല്‍ ഈ പ്രക്രിയ പൂര്‍ണമാകാന്‍ സമയമെടുക്കും. ഈ മീഖാത്തിലെ നയപരിപാടികളില്‍ ക്യാമ്പസ് എന്നത് ഞങ്ങള്‍ ഏറെ മുന്‍തൂക്കം കൊടുക്കുന്ന മേഖലയാണ്. ക്യാമ്പസിലെ വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസപരവും സര്‍ഗാത്മകവുമായ ഉന്നമനമാണ് ജി.ഐ.ഒ. വിന്റെ ലക്ഷ്യം. വിദ്യാര്‍ഥിനികളുടെ പ്രശ്‌നങ്ങളും സമൂഹത്തിലെ സ്ത്രീപ്രശ്‌നങ്ങളും ഇനി ജി.ഐ.ഒ തന്നെയായിരിക്കും ക്യാമ്പസില്‍ ഏറ്റെടുക്കുക. അതേസമയം കാമ്പസ് ഇലക്ഷന്‍, സംയുക്തമായി ഇടപെടേണ്ട പ്രശ്‌നങ്ങല്‍ എന്നിവയില്‍ പരസ്പരം കൂടിയാലോചിച്ച് യോജിച്ച് മുന്നോട്ട് പോകും. ഇലക്ഷനുകളില്‍ എസ്.ഐ.വിന്റെ ബാനറില്‍ തന്നെയായിരിക്കും ജി.ഐ.ഒ അണിനിരക്കുക.
õജമാഅത്തെ ഇസ്‌ലാമിയുടെ പോഷക സംഘടനയാണ് ജി.ഐ.ഒ സ്വതന്ത്രമായ തീരുമാനങ്ങളും നയങ്ങളുമാണോ സംഘടനയെ മുന്നോട്ട് നയിക്കുന്നത് അതോ മാതൃസംഘടനയുടെ ഫ്രെയിംവര്‍ക്കില്‍ നിന്നുകൊണ്ടാണോ സംസാരിക്കുന്നത്.?
പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെ വളരെ വ്യവസ്ഥാപിതമായി മുന്നോട്ടു പോകുന്ന സംഘടന എന്ന നിലയില്‍ സ്വാതന്ത്രമായ തീരുമാനങ്ങളും നയങ്ങളും തന്നെയാണ് ജി.ഐ.ഒ വിനെ മുന്നോട്ട് നയിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്ന ആശയ ആദര്‍ശ വിദ്യാര്‍ഥിനീ പ്രതിനിധാനമാണ് ജി.ഐ.ഒ. ജമാഅത്തെ ഇസ്‌ലാമി എന്ന മഹത്തായ സംഘടനയുടെ ജനാധിപത്യബോധത്തിന്റെയും വിശാല വീക്ഷണത്തിന്റെയും ഫലമായിട്ടാണ് ജി.ഐ.ഒ രൂപം കൊണ്ടത് തന്നെ. കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയോ ശക്തമായി നിരസിക്കുകയോ ചെയ്യുന്നതിന് പകരം ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെയും ന്യായാന്യായങ്ങള്‍ ബോധ്യപ്പെടുത്തിയും പരസ്പരം യോജിപ്പിലെത്തുകയാണ് പതിവ്.
õസ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരുപാട് വെല്ലുവിളികള്‍ സ്ത്രീകള്‍ നേരിടുന്നുണ്ട്. എന്ത് പരിഹാരമാണ് നിര്‍ദ്ദേശിക്കാനുള്ളത്? എന്തൊക്കെ ചെയ്തു?
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ പരിഹാരം ഏതെങ്കിലും ചില കാര്യങ്ങളില്‍ ഒതുങ്ങുമെന്ന് ജി.ഐ.ഒ കരുതുന്നില്ല. ഒരു കുഞ്ഞിന്റെ പിറവി മുതല്‍ രക്ഷിതാക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭരണകര്‍ത്താക്കളുടെയും തികഞ്ഞ ഉത്തരവാദിത്ത നിര്‍വഹണത്തിലൂടെ മാത്രമേ ഇതിന് പരിഹാരം സാധ്യമാവുകയുള്ളൂ. അതുകൊണ്ട് തന്നെ പ്രതിഷേധ റാലികളും പത്രപ്രസ്താവനകളും നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്യുന്നതോടൊപ്പം കൗമാരക്കാരായ മക്കളോടുള്ള സമീപനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സലിംഗ് ക്ലാസ്, സ്ത്രീ സുരക്ഷാ നിയമബോധവല്‍ക്കരണം, പെണ്‍കുട്ടികളെ മാനസികമായും ശാരീരികമായും കരുത്തുള്ളവരാക്കാനുള്ള പരിപാടികള്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗ ചതിക്കുഴികള്‍ തടയാനുള്ള ബോധവത്കരണ ക്ലാസ്, മദ്യത്തിനും അശ്ലീല പോസ്റ്ററിനുമെതിരെയുള്ള പ്രതിഷേധ പരിപാടികള്‍, ഇസ്‌ലാമിക കാഴ്ച്ചപ്പാടിലെ സ്ത്രീ സുരക്ഷയെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പയിന്‍ നടത്തി വരികയാണ് ജി.ഐ.ഒ.
õഇത്തരം കാര്യങ്ങളില്‍ കേരളത്തിലെ ഇതര വനിതാ പ്രസ്ഥാനങ്ങളുമായി യോജിച്ച് പോകാന്‍ സാധിക്കുന്നുണ്ടോ?
ഉണ്ട.് പൊതു സമൂഹത്തിലെ സ്ത്രീപ്രശ്‌നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുകയും പരിഹാര നിര്‍ദ്ദേശങ്ങളില്‍ ഐക്യപ്പെടാറുമുണ്ട്. പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ തലത്തിലുള്ള സ്ത്രീ വ്യക്തിത്വങ്ങളുമായി സംവദിക്കാനും ആശയവിനിമയം നടത്താനും വേദികള്‍ പങ്കിടാനും സാധിച്ചിട്ടുണ്ട്. ജി.ഐ.ഒവിനെ പൊതുസമൂഹം അംഗീകരിക്കുന്നുവെന്നതിന്റെയും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ ജി.ഐ.ഒവിന് സാധിച്ചിട്ടുണ്ട് എന്നതിന്റെയും തെളിവാണ് ജി.ഐ.ഒ നടത്തിയ പല പരിപാടികളിലും പങ്കെടുത്ത വിവിധ സംഘടനാ നേതാക്കളുടെ സാന്നിധ്യം.
õസമൂഹത്തിന്റെ ചാലക ശക്തിയായ യുവസമൂഹത്തെയാണ് ജി.ഐ.ഒ പ്രതിനിധീകരിക്കുന്നത്. ഇവരിലൂടെ ഏത് തരത്തിലുള്ള വിപ്ലവമാണ് ജി.ഐ. ഒ നടത്താന്‍ ഉദ്ദേശിക്കുന്നത്?
ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളെ സംഘടിപ്പിക്കുന്ന അറിയപ്പെടുന്ന മറ്റൊരു സംഘടന നിലവിലില്ല എന്നതിനാല്‍ ജി.ഐ.ഒക്ക് യുവസമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ഇടപെടാനും നിരവധി മേഖലകളാണുള്ളത്. മറ്റുള്ളവര്‍ക്കും അത് സാധ്യമാണ് എന്നതല്ലല്ലോ ആരാണ് ഇടപെടാന്‍ ഉള്ളത് എന്നതാണ് പ്രശ്‌നം. ഇസ്‌ലാമിക സംഘടന എന്ന നിലയില്‍ മുസ്‌ലിം സ്ത്രീയുടെ അന്തസ്സും ഉയര്‍ച്ചയുമാണ് ജി.ഐ.ഒ ഇവരിലൂടെ ലക്ഷ്യം വെക്കുന്നത്. ഇസ്‌ലാമിന്റെ ഫ്രെയിം വര്‍ക്കിനുള്ളില്‍ നിന്നുകൊണ്ട് പ്രൗഢിയുള്ള മുസ്‌ലിം പെണ്ണിനെ വളര്‍ത്തുക എന്നത് ജി.ഐ.ഒവിന്റെ മുഖ്യ ലക്ഷ്യമാണ്.
õജി.ഐ.ഒ പല ഇടപെടലുകളും നടത്തിയിട്ടുണ്ട്. അത് ഏറെക്കുറെ ഇതര വിദ്യാര്‍ഥിനീ പ്രസ്ഥാനങ്ങള്‍ക്കും സാധ്യമായതാണ്. അതിനപ്പുറം മുസ്‌ലിം അസ്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എന്തുചെയ്തു?
ഞാന്‍ മുകളില്‍ സൂചിപ്പിച്ച തരത്തില്‍ മുസ്‌ലിം പെണ്ണ് അജ്ഞതയിലും ഇരുട്ടിലുമാണ് എന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടി കൊടുക്കാനുള്ള ഉദ്യമങ്ങള്‍ തന്നെയായിരുന്നു ജി.ഐ.ഒ നടത്തിയ പല പരിപാടികളും. പഠനത്തില്‍ മാത്രമല്ല കലാസാഹിത്യ രംഗത്തും ഇതര രംഗത്തും ഏറെ മികവ് പുലര്‍ത്തുന്നവരാണ് മുസ്‌ലിം പെണ്‍കുട്ടികള്‍. ജി.ഐ.ഒ നടത്തിയ ശ്രദ്ദേയമായ പരിപാടിയായിരുന്നു 'തര്‍തീല്‍ 12' ഉം 'കാന്‍വാസ്‌കാര്‍ഫും' മറ്റും. സംസ്ഥാന തലത്തില്‍ നടത്തിയ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും സജീവപങ്കാളിത്തമാണുണ്ടായത്. ചിത്രരചനാ രംഗത്ത് ഇതുവരെ അടയാളപ്പെടുത്താതെ പോയ മുസ്‌ലിം പെണ്‍കുട്ടികളുടെ സാന്നിധ്യം പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ വെച്ച് നടന്ന പ്രദര്‍ശനത്തിലൂടെ സാധിച്ചു.
õഇത്തരം അടയാളപ്പെടുത്തലുകള്‍ക്ക് തടയിട്ടത് ഒരളവോളം സമുദായം തന്നെയല്ലേ?
ഒരളവോളം മുസ്‌ലിം സമുദായത്തിനകത്തുനിന്നുതന്നെയാണ്. വിവാഹവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും സ്ത്രീയുടെ തൊഴില്‍ മേഖലയുമായും സമൂഹത്തിലെ ഇടപെടലുമായി ബന്ധപ്പെട്ടും പല കുടുസ്സുകളും ഇന്ന് നാം അഭിമുഖീകരിക്കുന്നുണ്ട്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഒരു ശാക്തീകരണമുണ്ട്. അത് നാം നേടിയിട്ടില്ല. പെണ്ണ് അല്‍പമൊന്ന് പഠിച്ചോട്ടെ എന്ന് തീരുമാനിക്കുകയും അത് വിവാഹം വരെ മാത്രമാക്കുകയും അതിനുശേഷമുള്ള സ്ത്രീയുടെ ഇടപെടലുകള്‍ തടഞ്ഞുകൊണ്ട് കുടുംബം മാത്രമാണ് അവളുടെ ഇടം എന്ന മട്ടിലുള്ള ചിന്ത ഇന്നും ഏറെക്കുറെ മാറിയിട്ടില്ല.
õഇസ്‌ലാമിന്റെ മൗലികാധ്യാപനങ്ങളും നിലവിലെ സ്ത്രീയോടുള്ള മുസ്‌ലിം സമൂഹത്തിന്റെ നിലപാടും വൈരുധ്യം നിറഞ്ഞതാണ്. ഇതിനെ തിരിച്ചറിയാനും പ്രതിരോധിക്കാനും ശ്രമിച്ചിട്ടുണ്ടോ?
അല്ലാഹുവും പ്രവാചകനും സ്ത്രീകള്‍ക്ക് നല്‍കിയ സ്‌നേഹവും പരിഗണനയും അന്തസ്സും ഇന്നും അതിന്റെ പൂര്‍ണരൂപത്തില്‍ നമുക്ക് ലഭിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മുസ്‌ലിം സമുദായത്തിനകത്തുനിന്ന് തന്നെയാണ് പലപ്പോഴും മുസ്‌ലിം പെണ്ണിനെ അപമാനിക്കുന്ന, അവളുടെ അവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള സമീപനം ഉണ്ടാവുന്നത്. ഇതര പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് ജമാഅത്തെ ഇസ്‌ലാമി ഇതില്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. ഇനിയും ചിലതിലൊക്കെ നമ്മുടെ ശ്രദ്ധ ചെന്നെത്തേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. സമുദായത്തിനകത്ത് നിന്ന് പോലും പണ്ഡിതന്മാര്‍ പല തരത്തിലാണ് സ്ത്രീയെ വായിച്ചത്. അവള്‍ക്ക് നിര്‍ണയിച്ച് കൊടുക്കാവുന്ന കൃത്യമായ ഇടം ഏതെന്ന് വ്യക്തമാക്കുന്നതിന് ഇനിയും ഒരു പുനര്‍വായന അത്യന്താപേക്ഷിതമാണ്. അതില്ലാത്തതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗത്തില്‍ മറ്റുള്ളവര്‍ മുസ്‌ലിം സ്ത്രീയെ ഉള്‍പ്പെടുത്തുകയും അതിലൂടെ ഇസ്‌ലാം തെറ്റായ രീതിയില്‍ വായിക്കപ്പെടുകയും ചെയ്യുന്നു.
õപെണ്‍കുട്ടികളുടെ ശാക്തീകരണം ഇസ്‌ലാമിക അടിത്തറയില്‍ നിന്നുകൊണ്ട് സാധ്യമാകുമെന്ന് കരുതുന്നുണ്ടോ?
തീര്‍ച്ചയായും. ഇസ്‌ലാമിക ചരിത്രം ഒരുപാട് തെളിവുകള്‍ നമുക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്. ആയിശ(റ)യില്‍ നിന്നും ഉമ്മുസല്‍മ(റ)യില്‍ നിന്നും ഉമ്മു അമ്മാറ(റ)യില്‍ നിന്നും ചരിത്രം കാണിച്ചുതന്ന ശാക്തീകരണത്തോളം വേറൊരു സംസ്‌കാരവും സ്ത്രീയുടെ ശാക്തീകരണത്തെ നമുക്ക് മുമ്പില്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രവാചകനില്‍ നിന്നും പഠിച്ച അവരാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ നമുക്ക് മാതൃക.
õമാതൃകകള്‍ ചൂണ്ടിക്കാണിക്കുകയും അവകാശങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഇസ്‌ലാം അനുവദിച്ചുതന്ന അവകാശത്തിന് വേണ്ടി സമുദായത്തിനകത്ത് നിന്ന് പ്രതിഷേധം ഉയര്‍ത്താന്‍ കഴിയുന്നില്ല? ഉദാഹരണമായി സ്ത്രീധനം പോലുള്ള കാര്യങ്ങള്‍. ചരിത്രം പറയുമ്പോള്‍ മഹറിനു വേണ്ടി വാദിച്ച മഹതിയെ ഉദ്ദരിക്കാറുണ്ട്. സ്ത്രീധനം കൊടുക്കാത്ത, മഹര്‍ ചോദിച്ചു വാങ്ങുന്ന ഒരു പെണ്‍കൂട്ടായ്മക്ക് വേണ്ടി ജി.ഐ.ഒ എന്തുകൊണ്ട് മുന്നിട്ടിറങ്ങുന്നില്ല.? ചരിത്രം പാടിപ്പുകഴ്ത്താന്‍ മാത്രമുള്ളതാണോ?
ഇസ്‌ലാമിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുമ്പോള്‍ ഏറെക്കുറെ അഭിമാനത്തോടെ നമ്മള്‍ പറയാറുള്ളതാണ് പെണ്ണിന്റെ മഹര്‍ ചോദിക്കാനുള്ള അവകാശത്തെക്കുറിച്ച്. ചരിത്രത്തില്‍ ഇസ്‌ലാമിലെ പെണ്ണിന്റെ യശസ്സ് ഉയര്‍ത്താന്‍ ഈ മഹര്‍ വ്യവസ്ഥക്ക് സാധിച്ചിട്ടുണ്ട്. ജി.ഐ.ഒവിന്റെ ചര്‍ച്ചകളില്‍ അതിശക്തമായി ഉയര്‍ന്ന വിഷയമാണ് സ്ത്രീധനം. ഇതിന്റെ നേതൃത്വം ഏറ്റെടുത്ത അന്നുമുതല്‍ എന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ് മഹര്‍ ചോദിച്ചു വാങ്ങുന്ന ഒരു പെണ്‍കൂട്ടം എന്നത്. തീര്‍ച്ചയായും പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന എന്ന നിലയില്‍ വളരെ വ്യക്തമായ ചുവടുവെപ്പ് ഇതിനായി എടുത്തേ മതിയാവൂ.
õവിദ്യാഭ്യാസ കാലഘട്ടത്തില്‍ ജി.ഐ.ഒവില്‍ വളരെ സജീവ ഇടപെടലുകള്‍ നടത്തിയ പലരും പിന്നീട് എവിടെയോ ഒതുങ്ങിപ്പോയിട്ടുണ്ട്. എന്താണ് കാരണം?
പഠന സമയത്ത് സജീവരായ പ്രവര്‍ത്തകര്‍ പലരും ഇന്ന് കുടുംബിനികളാണ്. കുടുംബത്തോടൊപ്പം സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക എന്നത് നിലവിലെ സാഹചര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ഞാന്‍ പറഞ്ഞില്ലേ അവളുടെ സ്വത്വ പ്രകാശനം സാദ്ധ്യമാവുന്ന കുടുംബാന്തരീക്ഷവും സാമൂഹിക ഘടനയും ഉണ്ടായേ തീരൂ. അതില്ലാത്തതിനാലാണ് അത് അവള്‍ക്ക് ഇരട്ടിഭാരവും അമിതാദ്ധ്വാനവും പ്രയാസവും ഉണ്ടാക്കുകയും പൊതു ഇടപെടലുകള്‍ ഇല്ലാതെ കുടുംബത്തിനകത്ത് മാത്രമായി ഒതുങ്ങിപ്പോകുകയും ചെയ്യുന്നത്.
õജി.ഐ.ഒവിന്റെ പെണ്‍കുട്ടികള്‍ തെരുവില്‍ പ്രകടനവും പൊതുയോഗവും നടത്തുമ്പോള്‍ മത-യഥാസ്ഥിതികരില്‍ നിന്നും എന്ത് പ്രതികരണമാണുണ്ടാകുന്നത്.?
യാഥാസ്ഥിതികരായ ആളുകളില്‍ ചുരുക്കം ചിലയാളുകളാണ് ജി.ഐ.ഒവിന്റെ ഇത്തരം പരിപാടികളെ രൂക്ഷമായി വിമര്‍ശിക്കാറുള്ളത്. മുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതലായി ഉന്നതപഠനത്തിനുവേണ്ടി വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ക്യാമ്പസിനകത്ത് കൂട്ടുകൂടാനും ചര്‍ച്ച ചെയ്യാനും പഠിക്കാനും ജി.ഐ.ഒ ക്കാരികളെ തന്നെയാണ് മാതാപിതാക്കള്‍ അന്വേഷിക്കുന്നത്. ധാര്‍മിക ബോധമുള്ള ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ എന്ന നിലയില്‍ ഇവരോട് പകരം വെക്കാന്‍ വേറൊന്ന് വിമര്‍ശകര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല.
õഏതൊരു സംഘടനക്കും പ്രവര്‍ത്തന ഫണ്ട് ആവശ്യമാണ്. ഇത് എങ്ങനെയാണ് സമാഹരിക്കുന്നത്? ഇതുപയോഗിച്ച് വല്ല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടോ?
വര്‍ഷത്തില്‍ റമദാന്‍ മാസത്തിലാണ് ജി.ഐ.ഒ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ശേഖരിക്കുന്നത്. ഇതിന്റെ ഭൂരിഭാഗവും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നുമാണ് ലഭിക്കുന്നത്. ഈ ഫണ്ടുകള്‍ ഉപയോഗിച്ച് റിലീഫ് പ്രവര്‍ത്തനം നടത്തുന്നുമുണ്ട്.
പ്രാദേശിക തലത്തിലും ജില്ലാതലത്തിലുമാണ് കൂടുതല്‍ റിലീഫ് പ്രവര്‍ത്തനങ്ങളും നടക്കുന്നത്. വിദ്യാഭ്യാസ സഹായം, ചികിത്സാസഹായം, ആഘോഷ വേളകളിലെ കിറ്റ് വിതരണം, തൊഴില്‍ ആവശ്യാര്‍ഥമുള്ള ചെറിയ സഹായങ്ങള്‍ എന്നിവയാണ് റിലീഫില്‍ മുഖ്യമായിട്ടുള്ളത്. ഫണ്ടുകള്‍ സ്വരൂപിച്ചതിന്റെയും ചെലവഴിച്ചതിന്റെയും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റിംഗിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
õമഹാരാഷ്ട്ര ഗവണ്‍മെന്റെില്‍ നിന്ന് ജി.ഐ.ഒ തീവ്രവാദ സംഘടനയാണെന്ന ഒരു പരാമര്‍ശവും അന്വേഷണവും വന്നു. എന്തുപറയുന്നു?
തീവ്രവാദമല്ലാതെ മറ്റൊന്നും ഇസ്‌ലാമില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന കുപ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവരുടെ ഒളി അജണ്ടയായി മാത്രമെ ജി.ഐ.ഒ ഇതിനെ കാണുന്നുള്ളൂ. ഇസ്‌ലാമിനെ അതിന്റെ എല്ലാവിധ തനിമയോടും കൂടി സമൂഹത്തില്‍ അവതരിപ്പിക്കുന്നവരെ തകര്‍ക്കുക എന്നത് അവരുടെ മുഖ്യ അജണ്ടയാണ്. വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അസൂയാവഹമായ മുന്നേറ്റമാണ് കാഴ്ച വെക്കുന്നത് എന്നത് ഇസ്‌ലാമിന്റെ തകര്‍ച്ച സ്വപ്നം കാണുന്നവര്‍ ഭയക്കുന്നുണ്ടാവാം.