ക്രിയാത്മക ചിന്ത വളര്‍ത്തിയെടുക്കാം

അബ്ദുല്‍ ഹമീദ് കാരശ്ശേരി No image

ബാല്യകാലത്തെ അനുഭവങ്ങളും ചുറ്റുപാടുകളുമാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്നത്. കുടുംബ സാഹചര്യവും സാമൂഹിക സാമ്പത്തിക സാംസ്‌കാരിക പരിതസ്ഥിതിയും കുട്ടിയുടെ വ്യക്തിത്വത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നു. പരിസ്ഥിതി ഘടകങ്ങള്‍ കുട്ടിയില്‍ അപകര്‍ഷതാ ബോധം വളര്‍ത്തുന്നതിന് കാരണമാകുന്നു. ബാല്യകാലത്തെ രക്ഷിതാക്കളുടെ ശരിയായ ശിക്ഷണം കുട്ടികളുടെ അഭിമാനം വര്‍ധിപ്പിക്കും. മാതാപിതാക്കളുടെ തെറ്റായ വാക്കും പ്രവൃത്തിയും അവരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാന്‍ കാരണമാകും. കുട്ടികളെ മിടുക്കരും മഠയരും നല്ലവരും ബുദ്ധിയുള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ വേര്‍തിരിക്കരുത്. സ്വന്തം കുട്ടിയുടെ കഴിവുകള്‍ മാതാപിതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കണ്ടെത്താന്‍ കഴിയുക? മാതാപിതാക്കളില്‍ നിന്നുണ്ടാകുന്ന കുറ്റപ്പെടുത്തലുകളും താക്കീതും ഭീഷണിയും കുട്ടിയുടെ മനസ്സില്‍ നിഷേധാത്മക ചിന്ത വളര്‍ത്തും. ഇത്തരത്തിലുള്ള അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷിതാക്കള്‍ മാറി നില്‍ക്കണം. സാമൂഹ്യബോധം വളര്‍ത്തുന്നതിനുള്ള സന്ദര്‍ഭങ്ങള്‍ കുട്ടിക്ക് ലഭിക്കേണ്ടതുണ്ട്. സമൂഹത്തോട് ബന്ധപ്പെട്ട് മാത്രമേ ശിശുവിന് വളരാനും വികസിക്കാനും കഴിയൂ. സമൂഹവുമായി ഇടപെട്ടും കണ്ടും കേട്ടും ചോദിച്ചറിഞ്ഞും കാര്യങ്ങള്‍ കുട്ടി പഠിക്കുന്നു. കൂട്ടുകാരുമായും മുതിര്‍ന്നവരുമായും ഇടപെട്ട് നിരവധി ശേഷികള്‍ അവന്‍ സ്വായത്തമാക്കുന്നു. കുട്ടിയുടെ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിന് വ്യക്തിത്വ വികസനത്തിനും സാമൂഹ്യ പരിസ്ഥിതിക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്ക് സമപ്രായക്കാരുമായി കളികളിലേര്‍പ്പെടുന്നതിനും അവരുമായി ഇടപെടുന്നതിനും അവസരം ഉണ്ടാക്കികൊടുക്കണം. കുട്ടികളില്‍ അമിത പ്രതീക്ഷ പുലര്‍ത്തി അവര്‍ക്കാവാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുത്.
അപകര്‍ഷതാബോധം മൂലമുണ്ടാകുന്ന മാനസിക സംഘര്‍ഷത്താലും ആശങ്കയാലും കുട്ടികള്‍ക്ക് ചെറിയ കാര്യങ്ങളില്‍ പോലും മുന്നേറാനും യഥാസമയം ചെയ്തുതീര്‍ക്കാനും കഴിയാതെ പോകുന്നു. അംഗവൈകല്യം, വൈരൂപ്യം, കുലമഹിമ ഇല്ലായ്മ തുടങ്ങിയ അപര്യാപ്തതകളെ ഓര്‍ത്ത് പലരും ദുഃഖിച്ച് കഴിയുന്നു. ലോക പ്രശസ്തരായ പലരും ഇത്തരം പരിമിതികളെ അതിജയിച്ചവരാണെന്ന ചിന്ത കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. എല്ലാം തികഞ്ഞവരും എല്ലാ കഴിവുകളും ഉള്ള ആരുമില്ലെന്നും കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്.
ക്രിയാത്മക ചിന്ത എങ്ങനെ വളര്‍ത്താം?
ജീവിതപ്രശ്‌നങ്ങളെ സമര്‍ഥമായി നേരിടുന്നതിനും വിജയം നേടുന്നതിനും ക്രിയാത്മക ചിന്ത വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കാര്യകാരണ സഹിതം യുക്തിപൂര്‍വം ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്ന വിവേചനശക്തി ഉള്ളവരാണ് മനുഷ്യര്‍. ചില നിഷേധ ചിന്തകള്‍ ഒരാളെ വിഷാദത്തിലേക്കും ജീവിത പരാജയത്തിലേക്കും എത്തിക്കുന്നു. എന്നാല്‍ ക്രിയാത്മക ചിന്തകള്‍ അവനെ കൂടുതല്‍ പുരോഗതിയിലേക്കും വിജയത്തിലേക്കും നയിക്കുന്നു. മിക്ക പരാജയങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും നിദാനം ക്രിയാത്മകമായി ചിന്തിക്കാത്തത് കൊണ്ടാണ്.
ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന നേതാവുമായ ബര്‍ട്രാന്റ് റസല്‍ സ്വന്തം മനസ്സിന്റെ നിഷേധാത്മക മനോഭാവത്തെ സൃഷ്ടിപരമാക്കി ജീവിത വിജയം നേടി. അദ്ദേഹം കുട്ടിക്കാലത്ത് വളരെയധികം ക്ലേശങ്ങള്‍ സഹിച്ചു. കൗമാരപ്രായത്തില്‍ ജീവിതത്തെ തന്നെ വെറുത്ത് ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ചു. ഈ അവസ്ഥയിലും മനസ്സിനെ നിന്ത്രിക്കാന്‍ അദ്ദേഹത്തിനും സാധിച്ചു. നിഷേധ ചിന്തകളെ കടിഞ്ഞാണിട്ടുകൊണ്ട് മാത്തമറ്റിക്‌സില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു വിജയം നേടി. മനസ്സില്‍ നിന്ന് വരുന്ന ബാലിശമായ ചിന്തകളെ യുക്തിബോധമുപയോഗിച്ച് നേരിടണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഈ സന്ദേശം രക്ഷിതാക്കള്‍ കുട്ടികളില്‍ പകര്‍ന്നുകൊടുക്കണം.
നമ്മുടെ തെറ്റായ വിശ്വാസങ്ങളെയും ദുഃഖത്തെയും പാളിച്ചകളെയും ചിന്തയുപയോഗിച്ച് നേരിടണം. ബുദ്ധികൊണ്ട് ലോകത്തെ കീഴടക്കി ജീവിത വിജയം നേടണം. ഒരിക്കലും ഭയത്തിന് കീഴടങ്ങരുത്. ചില വ്യക്തികള്‍ അവരുടെ കഴിവും പ്രവര്‍ത്തനവും ക്രിയാത്മക ചിന്തയും ഉപയോഗപ്പെടുത്തി ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നു. എന്നാല്‍ മറ്റ് ചിലര്‍ കഴിവുകളും പ്രവര്‍ത്തന ശേഷിയും ഉണ്ടായിട്ടും നിഷേധ ചിന്തകളുടെ ഫലമായി പരാജയപ്പെടുന്നു.
ശുഭചിന്തകള്‍ മനസ്സിന് ഊര്‍ജവും ഉന്മേഷവും നല്‍കുന്നു. മനുഷ്യനെ കര്‍മനിരതനാകുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. കായികാധ്വാനത്തേക്കാളും. മാനസിക വ്യാപാരങ്ങള്‍ക്കാണ് ഊര്‍ജം വേണ്ടത്. തലച്ചോറ് ശാന്തമായി നിര്‍ത്തിയാല്‍ ഊര്‍ജം സംരക്ഷിക്കാന്‍ സാധിക്കും. അസുഖകരമായ കാര്യങ്ങളില്‍ നിന്നും വിട്ട് നില്‍ക്കണം. ദേഷ്യം കൂടുമ്പോള്‍ അത് വിദ്വേഷമായി മാറും. നിഷേധ ചിന്തകള്‍ വെടിഞ്ഞ് ക്രിയാത്മക ചിന്തയിലേക്ക് നയിക്കാന്‍ മാതാപിതാക്കളും അധ്യാപകരും പ്രേരണ നല്‍കണം.
നിഷേധ ചിന്ത ഉള്ളവന്‍ തന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വം മറ്റുള്ളവരില്‍ ആരോപിക്കുകയാണ്. കഴിഞ്ഞകാല സംഭവങ്ങളെ ഓര്‍ത്ത് മനംനൊന്ത് കഴിയാതെ ഭാവിയിലേക്ക് നോക്കണം. അനിഷ്ടകരമായ സംഭവങ്ങളെ എന്നെന്നേക്കുമായി മറന്ന് പുതിയ കാര്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവുക. തെറ്റുകള്‍ മാത്രം കാണുന്നത് നിഷേധാത്മക ചിന്തയാണ്. ഏത് കാര്യത്തിലും ഗുണവും ദോഷവുമുണ്ടാകുമെന്ന് ഓര്‍ക്കുക.
ക്രിയാത്മക ചിന്ത വളര്‍ത്താന്‍ സദാസമയവും ശുഭാപ്തി വിശ്വാസമുള്ളവനായിരിക്കണം. കഴിഞ്ഞ് പോയ ശുഭകരമല്ലാത്ത കാര്യങ്ങള്‍ മറക്കുകയും ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതിരിക്കുകയും ചെയ്യണം. ഒരു ദൈവ വിശ്വാസിക്ക് എപ്പോഴും ശുഭാപ്തി വിശ്വാസം ഉണ്ടായിരിക്കും. ഈ വസ്തുത കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് രക്ഷിതാക്കളാണ്. അങ്ങനെയുള്ള കുട്ടികള്‍ക്ക് എന്ത് വിഷമങ്ങള്‍ നേരിടുമ്പോഴും മനഃസമാധാനവും ശാന്തിയും അനുഭവപ്പെടുന്നു. നാം മറ്റുള്ളവരുമായി സദാ സംസാരിക്കുന്നവരാണ്. എപ്പോഴും ജീവിതവിജയം, സന്തോഷം, സമാധാനം, പുരോഗതി മുതലായ കാര്യങ്ങള്‍ സംസാരിക്കുക. ക്രിയാത്മക ചിന്തകര്‍ വെറുപ്പും, വിദ്വേഷവും, അസഹിഷ്ണുതയും, അശാന്തിയും, ദുഃഖവും ഉണ്ടാക്കുന്ന സംസാരങ്ങളില്‍ നിന്നും അകന്ന് നില്‍ക്കും. ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഒഴിവ് കഴിവ് പറഞ്ഞ് മാറ്റി വെക്കാതെ സമയബന്ധിതമായി ചെയ്യണം. തന്റെ കുറ്റങ്ങളും കുറവുകളും മാത്രം ചിന്തിച്ച് ദുഃഖിച്ച് കഴിയരുത്. പ്രയാസമനുഭവിക്കുന്നവര്‍ ധാരാളം പേര്‍ സന്തുഷ്ടരായി കഴിയുന്നത് നമുക്ക് കാണാന്‍ കഴിയും. എല്ലാവരും എന്നെ മോശപ്പെട്ടവനായി കാണുന്നു എന്ന് എന്തിന് ചിന്തിക്കണം? തെറ്റുകള്‍ സംഭവിക്കാത്തവരായി ലോകത്താരുമില്ല. ദുഃഖങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുക. ജീവിത വിജയം കൈവരിച്ചവര്‍ കോംപ്ലക്‌സുകളെ ക്രിയാത്മക ചിന്തയിലൂടെ തരണം ചെയ്തവരായിരുന്നു.
മനുഷ്യന്റെ ഏറ്റവും വലിയ ശക്തി മനഃശാന്തിയാണ്. എന്നാല്‍ നമ്മുടെ മനസ്സ് എപ്പോഴും അസ്വസ്ഥമാണങ്കിലോ? ക്രിയാത്മക ചിന്തക്ക് സ്വസ്ഥമായ മനസ്സ് ആവശ്യമാണ്. ദുഷ്ചിന്തകളും ദുരാഗ്രഹങ്ങളും മനസ്സിനെ അസ്വസ്ഥമാക്കും. മനസ്സ് എപ്പോഴും ശാന്തമായും സ്വസ്ഥമായും ഇരിക്കണം. അസൂയ, ദുഷ്ചിന്ത, ദുരാഗ്രഹം, വിദ്വേഷം തുടങ്ങിയ ക്ഷുദ്ര വികാരങ്ങള്‍ക്ക് മനസ്സില്‍ ഇടം നല്‍കരുത്.
പല കാര്യങ്ങളും അസാദ്ധ്യമെന്ന് കരുതി പിന്തിരിയുന്നത് പരാജയത്തിന്റെ ലക്ഷണമാണ്. ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ പിന്തിരിഞ്ഞോടുകയില്ല. തോട് ചാടുമെന്നുറപ്പുണ്ടായാലേ ചാടാന്‍ പറ്റു. വീഴുമെന്ന് ചിന്തിച്ച് ചാടാന്‍ ശ്രമിച്ചാല്‍ വീണത് തന്നെ. നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ എല്ലാം എനിക്ക് പറ്റുകയില്ലെന്ന് പറഞ്ഞ് പിന്തിരിയുന്നു. ഏത് പ്രയാസമുള്ള കാര്യവും സാധ്യമാണെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുക. എന്നാല്‍ വിജയം ഉറപ്പാണ്. ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും ആസുത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു.
നിഷേധാത്മക ചിന്തകള്‍ കാരണം നിരവധി കുട്ടികള്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. അവസാനം അവരെ ആത്മഹത്യയിലേക്ക് വരെ കൊണ്ടെത്തിക്കുന്നത് ഈ ചിന്തയാണ്. വികാരത്തിനടിമപ്പെട്ട് ചിന്തിക്കാതെ ആത്മസംയമനം പാലിച്ച് പ്രവൃത്തിക്കേണ്ടതുണ്ട്. എന്നാലേ പ്രശ്‌നത്തിന് പരിഹാരമുണ്ടാകൂ. മനസ്സ് സ്വസ്ഥമാകുമ്പോള്‍ ശരിയായ പരിഹാരം കണ്ടെത്താന്‍ സാധിക്കും.
മിഥ്യധാരണകള്‍ക്ക് വിട
യാതൊരു അടിസ്ഥാനവുമില്ലാത്ത, യാഥാര്‍ഥ്യവുമായി ഒട്ടും ബന്ധമില്ലാത്ത ധാരണകള്‍ ചിലര്‍ വെച്ചു പുലര്‍ത്തുന്നത് മാനസികാരോഗ്യത്തെ തകര്‍ക്കും. മിഥ്യാ ധാരണയുള്ളവരുടെ ചിന്തകള്‍ ഇപ്രകാരമാകാം.
Äഎല്ലാവരും എന്നോട് അസൂയ പുലര്‍ത്തുന്നവരാണ്. എന്റെ പുരോഗതി ആര്‍ക്കും സഹിക്കാനാവുന്നില്ല.
Äമറ്റുള്ളവര്‍ എന്നെ ദ്രോഹിക്കാന്‍ പ്ലാനിടുന്നു.
Äഎല്ലാവരും എന്റെ ശത്രുക്കളാണ്.
Äഎന്റെ രോഗം ഒരിക്കലും ഭേദമാകില്ല.
Äഎന്നെ ആരും ഇഷ്ടപ്പെടില്ല. ഞാന്‍ വെറുക്കപ്പെട്ടതാണ്.
ഇത്തരം നിഷേധചിന്തകളെ നിയന്ത്രിക്കണം. നിങ്ങളെക്കാള്‍ പ്രശ്‌നമനുഭവിക്കുന്നവരും കഷ്ടപ്പെടുന്നവരും ലോകത്ത് ധാരാളം പേരുണ്ട്. പിന്നെ നിങ്ങള്‍ എന്തിന് താരതമ്യം ചെയ്യണം? ഈ ചിന്ത കുട്ടികളുടെ മനസ്സിനുള്ളിലേക്ക് കടത്തിവിടണം. എല്ലാവര്‍ക്കും നിങ്ങളോട് അസൂയയാണെന്നും വിദ്വേഷമാണെന്നും ശത്രുതയാണെന്നുമെല്ലാം ചിന്തിക്കുന്നത് നിങ്ങളുടെ തെറ്റായ ചിന്തയാണ്. എല്ലാവര്‍ക്കും എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടാന്‍ കഴിയുമോ? നിങ്ങളുടെ മനസ്സില്‍ ഉയരുന്ന നിഷേധ ചിന്തകളെ യുക്തിചിന്ത കൊണ്ട് നേരിടുക.
അപകര്‍ഷതാബോധം വെടിയുക
അപര്‍ഷതാ ബോധം മൂലം വിഷാദരോഗം ബാധിച്ചവരും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുന്നവരും ഏറെയാണ്. സ്വഭിമാനത്തിന്റെ അഭാവം മൂലമുണ്ടാകുന്ന മാനസിക ദൗര്‍ബല്യമാണ് അപകര്‍ഷതാബോധം. പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് അഡ്‌ലര്‍ ജനനം മുതല്‍ എല്ലാവരിലും അപകര്‍ഷതാ ബോധം ഉണ്ടാകുന്നുണ്ടെന്നും ഒരു ശിശു അവന്റെ വലിപ്പക്കുറവും നിസ്സഹായാവസ്ഥയും കാരണം അപകര്‍ഷതാബോധം അനുഭവിക്കുന്നതായും പറഞ്ഞിട്ടുണ്ട്.
അപകര്‍ഷതാബോധം നേരിട്ട പലരും അസാമാന്യ നേട്ടം കൈവരിച്ചിട്ടുമുണ്ട്. ബര്‍ട്രന്റ് റസല്‍ ഡമോസ്തനീസ്, മൈക്കില്‍ ജാക്‌സന്‍, റൂസ് വെല്‍ട്ട് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു
സമയത്തെ ശരിയായി വിനിയോഗിക്കുക
സമയത്തെ വെറുതെ പാഴാക്കുന്നവര്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ഒന്നിനും സമയമില്ല എന്നു പറയുന്നത് അധിക മനുഷ്യരുടെയും പരാതിയാണ്. ആധുനിക ജീവിത സാഹചര്യം സമയത്തിന്റെ സമ്മര്‍ദം ഉണ്ടാക്കുന്നുണ്ടുതാനും. എങ്കിലും സമയത്തെ ശരിയായും കാര്യക്ഷമമായും ക്രമപ്പെടുത്താതെ വിനിയോഗിക്കുന്നത് പരാജയത്തിന് കാരണമാകും. ഇത് മാതാപിതാക്കള്‍ കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ പറ്റും. ഇന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ തലേന്ന് തന്നെ ക്രമീകരിക്കുന്നത് വളരെയധികം പ്രയോജനകരമായിരിക്കും. ഇങ്ങനെ ശീലിച്ചാല്‍ സമയ നിഷ്ട ജീവിതത്തിന്റെ ഭാഗമായിത്തീരും. ഓരോന്നിനും ഓരോ ടൈംടേബിള്‍ ഉണ്ടാക്കണം. നമ്മുടെ ശീലങ്ങളെ ക്രമപ്പെടുത്താന്‍ ഇതുകൊണ്ട് സാധിക്കും. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ സമയക്രമം അത്യാവശ്യമാണ്. രാവിലെ എപ്പോള്‍ എഴുന്നേല്‍ക്കണമെന്ന് മുന്‍കൂട്ടി തീരുമാനിക്കുക. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കുന്നുവെന്ന് കരുതുക. സ്‌കൂളിലോ ഓഫീസിലോ മറ്റു ജോലികള്‍ക്കോ പോകുന്നതിന് മുമ്പ് കിട്ടുന്ന ഈ സമയത്തെ ക്രിയാത്മകമായി നമുക്ക് വിനിയോഗിക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഏറ്റവും ഫലപ്രദമായ സമയമാണിത്. പ്രഭാതകൃത്യങ്ങള്‍ ചെയ്യാനും പത്രം വായിക്കാനും വ്യായാമം ചെയ്യാനും ഇങ്ങനെ സമയം ലഭിക്കുന്നു. വെറുതെ കിട്ടുന്ന സമയം പാഴാക്കി സമയത്തെ പഴിച്ചിട്ട് കാര്യമില്ല. രാവിലെ ഉണര്‍ന്നാലും കുറെ നേരം കൂടി അലസമായി കിടന്ന് സമയം പാഴാക്കുന്നവരെ കാണാം. രാവിലെ ലഭിക്കുന്ന ഈ സമയത്തെ ദുര്‍വിനിയോഗം ചെയ്ത് സ്‌കൂളിലെത്താന്‍ ഇവര്‍ പാടുപെടുന്നു. സമയത്തെ ശരിയായി ചിട്ടപ്പെടുത്തിയാല്‍ പത്തു മണിക്കൂര്‍ യാതൊരു ക്ഷീണവുമില്ലാതെ ക്രിയാത്മകമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ കഴിയും. ഉന്നത വിജയം നേടിയവരുടെ ജീവിതം പരിശോധിച്ചാല്‍ കൃത്യനിഷ്ഠ ദര്‍ശിക്കാനാകും. സമയവിനിയോഗത്തില്‍ കൃത്യ നിഷ്ഠക്ക് വലിയ പ്രാധാന്യമുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top