ബന്ധംഊട്ടിതന്നെ ഉറപ്പിക്കാം

കെ.വൈ.എ / ചുറ്റുവട്ടം No image

ഉച്ചച്ചൂടില്‍ തണുത്ത വെള്ളം ദേഹത്തൊഴിക്കുന്നതുപോലെയാണ് ഇക്കാലത്ത് വിലക്കുറവുള്ള വസ്തുക്കളുടെ പട്ടികയുണ്ടാക്കുന്നത്. അതിന്റെ സുഖമൊന്നു വേറെയാണ്. എല്ലാം ശാസ്ത്രീയമായി ചെയ്യുന്ന എനിക്ക് പ്രത്യേകിച്ചും.

ഇങ്ങനെയൊരു പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടാവുക പണമായിരിക്കും. ഒമ്പത് കുപ്പി വെള്ളത്തിന്റെതിനേക്കാള്‍ കുറവാണ് നൂറു രൂപയുടെ വില.
വില വളരെ കുറഞ്ഞ മറ്റൊന്ന് മാന്യതയും സദാചാരവുമാണെന്ന് പത്രവായനക്കാര്‍ പറയുന്നു. രാഷ്ട്രീയക്കാരുടെ ഭാഷയും കുടുംബ കഥകളും വായിച്ചിട്ടാണത്രെ ഇങ്ങനെ അഭിപ്രായം വന്നത്.
ജന നേതാക്കളുടെ പ്രസ്താവനകളും വിലയിടിവ് നേരിടേണ്ടി വന്ന മറ്റൊരിനമാണ്. പിന്നെയങ്ങോട്ട് പട്ടിക ചുരുങ്ങും. വിലക്കുറവുള്ളത് കണ്ടെത്താന്‍ കുറച്ച് പ്രയാസപ്പെടും.
എന്നാലോ, വിലക്കയറ്റമുണ്ടെന്ന് വെച്ച് തിന്നാതിരിക്കാനാവുമോ? വിലക്കയറ്റം ഒരു പ്രശ്‌നമാണ്. ഞാന്‍ കഴിഞ്ഞ കൊല്ലം വ്യാപാരാടിസ്ഥാനത്തില്‍ നടത്തിയ 'ക്രൈസിസ് മാനേജ്‌മെന്റ്' കോഴ്‌സില്‍ (മൂന്ന് മണിക്കൂര്‍ നൂറ് പരിശീലിതര്‍ക്ക് പ്രവേശനം, ഫീസ് ഒരാള്‍ക്ക് രണ്ടായിരം) പലതരം ഉദാഹരണങ്ങളും കളികളും വഴി പറഞ്ഞു പറ്റിച്ച തത്വമാണത്: ഓരോ പ്രശ്‌നവും പ്രശ്‌നമല്ല, അവസരമാണ് എന്ന്. എങ്കില്‍ വിലക്കയറ്റവും ഒരു പ്രശ്‌നമല്ല, അവസരമാണ്.
വിലക്കയറ്റത്തിന്റെ കെടുതികളെ മറികടക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടാന്‍ എന്റെ മസ്തിഷ്‌ക കോശങ്ങള്‍ക്കു പോലും കുറച്ചധികം സമയം വേണ്ടിവന്നു എന്നത് ആ കോശങ്ങളുടെ ബലക്കുറവിനെയല്ല, പ്രശ്‌നത്തിന്റെ ഗൗരവത്തെയാണ് കാണിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വിലക്കയറ്റം നിയന്ത്രിക്കാനുള്ള ആലോചനകള്‍ക്കിടയിലാണ് ഡയറ്റിങ് അഥവാ ഭക്ഷണനിയന്ത്രണം എത്ര ശാസ്ത്രീയമാണ് എന്ന വസ്തുത ശ്രദ്ധയില്‍പെടുന്നത്. നമ്മുടെ കുട്ടികള്‍ പ്രത്യേകിച്ചും അമിതാഹാര ശീലമെന്ന ദുരാചാരത്തിന്റെ പിടിയിലാണെന്ന വസ്തുതയും ശ്രദ്ധയില്‍ പെട്ടു. നമ്മള്‍ ഇപ്പോള്‍ കഴിക്കുന്നതിന്റെ മൂന്നിലൊന്ന് മതിയാകും ശരീരത്തിന്. ഡയറ്റിങ് ശരീരത്തിലെ അമിത കൊഴുപ്പുകള്‍ കുറക്കുന്നു. ശരീര കോശങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നു. പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നു. അടുക്കള ജോലിയുടെ സമയം ചുരുങ്ങുന്നതിനാല്‍ അയല്‍പക്കക്കാരുമായി കുശലം പറയാന്‍ കൂടുതല്‍ നേരം കിട്ടുന്നു. ഇത് സാമൂഹിക ബന്ധം മെച്ചപ്പെടുത്തുന്നു. രാജ്യത്തിന്റെ അഖണ്ഡത...
നോക്കൂ, ഡയറ്റിങ് എത്ര പ്രയോജനകരമാണെന്ന്. ഭക്ഷണത്തിന്റെ അളവ് മാത്രമല്ല തവണയും കുറക്കാം. കഠിനമായി അധ്വാനിക്കേണ്ടി വരുന്ന എന്നെപ്പോലെയുള്ള, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളൊഴിച്ച്, ഭക്ഷണം രണ്ടുനേരം മതി എന്നാകാം. ''മൂന്ന് നേരം ഭക്ഷിക്കുന്നവന്‍ രോഗി, രണ്ടു നേരം ഭക്ഷിക്കുന്നവന്‍ ഭോഗി, ഒരു നേരം ഭക്ഷിക്കുന്നവന്‍ യോഗി'' എന്ന ചൊല്ല് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
വീട്ടിലെ കുട്ടികളാണ് ഈ പദ്ധതി അട്ടിമറിച്ചത്. ഡയറ്റിങ്ങും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കലും ഭംഗിയായി തുടങ്ങി. ഒരുതരം ഭക്ഷ്യ അടിയന്തരാവസ്ഥ. എന്നാല്‍ കുട്ടികളുടെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച എതിര്‍പ്പ് ഉണ്ടായില്ല എന്നത് ഞാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. എന്തായാലും മാസം തികഞ്ഞപ്പോള്‍ വീട്ടിലെ ഭക്ഷണചെലവ് കുറഞ്ഞതിന് ആനുപാതികമായി (അല്ല, അതിലും കൂടുതലായി) പുറം ഭക്ഷണചെലവ് വര്‍ധിച്ചു.
അടുക്കള ഭക്ഷണം ഒഴിവായിക്കിട്ടാന്‍ കാത്തുനിന്നതുപോലെയാണ് വീട്ടിലെ പൗരാവലി ഓരോരോ തട്ടുകടകളിലും ഹോട്ടലുകളിലുമായി ബഹുമുഖ പറ്റുകള്‍ തുടങ്ങിയത്. ഓരോ പ്രശ്‌നവും ഓരോ അവസരമാണ് എന്ന എന്റെ ക്രൈസിസ് മാനേജ്‌മെന്റ് തത്വം അവര്‍ക്ക് നന്നായി ദഹിച്ചിരുന്നു. ഏതായാലും ഭക്ഷ്യ അടിയന്തരാവസ്ഥ വന്നതോടെ ഭക്ഷണത്തിന്റെ തവണയും അളവും ചെലവും കുതിച്ചുയര്‍ന്നു. ഞാന്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഇത്തവണ ചിലര്‍ ചെറുതായി മുറുമുറുക്കുന്നു എന്ന് കണ്ടതോടെ, തീരുമാനം ശരിയായി എന്ന് ബോധ്യപ്പെട്ടു.
അടുത്ത തന്ത്രം, കമ്പോളവില നോക്കി മെനു മാറ്റിക്കൊണ്ടിരിക്കുക എന്നതായിരുന്നു. ആട്ടിറച്ചിയുടെ വില കണ്ട് കോഴിയാക്കി. കോഴിക്കും കൂടിയപ്പോള്‍ മാട്ടിറച്ചിയാക്കി. അതിന് ആട്ടിറച്ചിയെക്കാള്‍ കൂടുതലാണെന്ന് അപ്പോളറിഞ്ഞു.
ഞാനോര്‍ത്തു: ഓരോ പ്രതിസന്ധിയും ഓരോ അവസരമായി കാണണമെന്നാണല്ലോ. ഞാന്‍ അവസരം കണ്ടെത്തി. ഒന്നല്ല, മൂന്ന്.
ഒന്ന്: ആളുകള്‍ നമ്മെ കുടുംബസമേതം വിവാഹത്തിനും മറ്റു വിരുന്നുകള്‍ക്കും ക്ഷണിക്കുന്നത് ഒരിക്കലും നിരസിക്കാതിരിക്കുക. കുടുംബസമേതം തന്നെ ആദ്യാവസാനം പങ്കെടുക്കുന്നത് പരസ്പരബന്ധം മെച്ചപ്പെടുത്തും. സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകവും മര്‍മവുമാണത്. അതുകൊണ്ട് സാമൂഹിക ജീവിതം കൂടുതല്‍ ഭദ്രവും ശക്തവുമാക്കുക.
രണ്ട്: അയല്‍പക്കബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക. നമ്മുടെ അയല്‍ സൗഹൃദങ്ങള്‍ ചാനല്‍ പരസ്യങ്ങളുടെ സമയത്ത് വേലിപ്പുറത്തൂടെ തിടുക്കത്തില്‍ നടത്തുന്ന കുശലാന്വേഷണങ്ങളില്‍ ഒതുങ്ങിപ്പോകുന്നു. അയല്‍ക്കാരോടൊപ്പം കൂടുതല്‍ സമയം നാം ചെലവിടണം. അതിന് അങ്ങോട്ടു ചെന്ന് മാതൃക കാണിക്കുകയാണ് നാം ചെയ്യേണ്ടത്. എല്ലാവരും എല്ലായ്‌പ്പോഴും തിരക്കിലായതിനാല്‍ ഭക്ഷണ വേളകളാണ് ഇത്തരം കൂടിച്ചേരലുകള്‍ക്ക് ഉപകാരപ്പെടുക. ഇത്തരം ഘട്ടങ്ങളില്‍ നാം അയല്‍ക്കാരുടെ സൗകര്യം കൂടി പരിഗണിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, ഭക്ഷണ സമയത്ത് കയറിച്ചെല്ലുന്നതിന് പകരം കുറച്ചു നേരത്തെ എത്തിച്ചേരുക. കുറച്ച് അരി കഴുകിയിടാന്‍ ആതിഥേയക്ക് ഇതുവഴി സാധിക്കും. അയല്‍ബന്ധത്തിന്റെ പേരില്‍ നാമവരെ ബുദ്ധിമുട്ടിക്കരുതല്ലോ.
മൂന്ന്: ജീവിതത്തിന്റെ തിക്കുതിരക്കുകളില്‍ നാം വിട്ടുപോകുന്ന ബന്ധുക്കളെ അവരുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാവുന്നതാണ്. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. ഭക്ഷണത്തിന് അവര്‍ ക്ഷണിച്ചാല്‍ സ്വീകരിക്കുന്നതും അവരോടൊപ്പമിരുന്ന് ഭക്ഷിക്കുന്നതും അവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യും. ആ സന്തോഷം നാമവര്‍ക്ക് നിഷേധിക്കരുത്.
മൂന്നിനപ്പരിപാടി മനസ്സിലിട്ട് ഞാന്‍ ഒന്നോടിച്ചു നോക്കി. കുഴപ്പമില്ല. സാമ്പത്തിക മാന്ദ്യം കടന്നുകിട്ടും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാം. സാമൂഹിക ബന്ധങ്ങള്‍ ഭദ്രമാക്കാം.
ഫോണടിച്ചപ്പോള്‍ പ്രതീക്ഷയോടെ എടുത്തു. വിവാഹത്തിനുള്ള ക്ഷണമാകാം.
കുറച്ചകലെയുള്ള ബന്ധുവാണ് ഫോണില്‍. കുടുംബസമേതം ഇങ്ങോട്ട് വരുന്നുവെന്ന്. കുറെ നാളായല്ലോ ഒന്നിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കിട്ടിട്ട് എന്ന്. രണ്ടുമൂന്ന് ദിവസം പാര്‍ക്കാനുള്ള ഒഴിവേ ഉള്ളുവത്രെ. വൈകീട്ട് എത്താം, ഇവിടെ ഉണ്ടല്ലോ അല്ലേ, എന്ന്.
ഫോണ്‍ വെച്ചപ്പോഴേക്കും വാതിലില്‍ ഒരു മുട്ട് അയല്‍പക്കത്തെ കുടുംബം ഉടുത്തൊരുങ്ങി വാതില്‍പടിയില്‍.
വാച്ച് നോക്കി. ഇത്തിരി അരികൂടി അടുപ്പത്തിടാന്‍ നേരമുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top