മലര്‍മണം മാഞ്ഞില്ല

എ.യു റഹീമ / മറുപുറം
2013 ജൂണ്‍
അതി സുന്ദരിയാണ് സുലേഖ. അധിക വിദ്യാഭ്യാസമൊന്നുമില്ല. ഒരു കുഗ്രാമത്തില്‍ പരിചരണമില്ലാത്തൊരു ഉദ്യാനത്തില്‍ വിരിഞ്ഞു വിടര്‍ന്ന ഒരു കാട്ടുപൂവ്. യൗവനാരംഭത്തില്‍ തന്നെ വിവാഹാലോചന വന്നു. അവളെ കണ്ടാല്‍ ഉടന്‍ കൈവശപ്പെടുത്താന്‍ ആരും ഒന്നാഗ്രഹിക്കും. വിവാഹം നിശ്ചയിക്കപ്പെട്ടു. അനാഥയെങ്കിലും ഏക സഹോദരനും ഉമ്മയും മറ്റു ബന്ധുക്കളും ചേര്‍ന്നു വിവാഹം മംഗളമാക്കി. മലര്‍മണം മാഞ്ഞില്ല; മധുവിധു തീര്‍ന്നില്ല. അതിനു മുമ്പേ അനിവാര്യമായ വിധി അവള്‍ക്കുമേല്‍ നടപ്പാക്കപ്പെട്ടു!

അതി സുന്ദരിയാണ് സുലേഖ. അധിക വിദ്യാഭ്യാസമൊന്നുമില്ല. ഒരു കുഗ്രാമത്തില്‍ പരിചരണമില്ലാത്തൊരു ഉദ്യാനത്തില്‍ വിരിഞ്ഞു വിടര്‍ന്ന ഒരു കാട്ടുപൂവ്. യൗവനാരംഭത്തില്‍ തന്നെ വിവാഹാലോചന വന്നു. അവളെ കണ്ടാല്‍ ഉടന്‍ കൈവശപ്പെടുത്താന്‍ ആരും ഒന്നാഗ്രഹിക്കും. വിവാഹം നിശ്ചയിക്കപ്പെട്ടു. അനാഥയെങ്കിലും ഏക സഹോദരനും ഉമ്മയും മറ്റു ബന്ധുക്കളും ചേര്‍ന്നു വിവാഹം മംഗളമാക്കി. മലര്‍മണം മാഞ്ഞില്ല; മധുവിധു തീര്‍ന്നില്ല. അതിനു മുമ്പേ അനിവാര്യമായ വിധി അവള്‍ക്കുമേല്‍ നടപ്പാക്കപ്പെട്ടു! 

അന്ന് പ്രഭാതം പൊട്ടിവിടരാന്‍ മടിച്ചു നില്‍ക്കുന്നത് പോലെ. രാത്രിയുടെ കരിമ്പടം അപ്പോഴും പകലിനെ മറച്ചു പിടിച്ചിരിക്കുകയാണ്. സുബ്ഹിബാങ്ക് കേട്ടുണര്‍ന്ന സുലേഖ തപ്പിത്തടഞ്ഞെഴുന്നേറ്റു കിണറ്റിന്‍ കരയിലേക്കോടി. നേരം വെളുക്കുന്നതിന് മുമ്പ് കുളിക്കണം. വെള്ളം കോരി മറപ്പുരയിലെത്തിക്കുമ്പോഴേക്കും സുബ്ഹി നമസ്‌കാരം പിന്തും. ഇപ്പോഴാണെങ്കില്‍ ഈ ഇരുളിന്റെ മറപ്പുരയില്‍ കിണറ്റിന്‍ കരയില്‍ തന്നെ കുളിക്കാം. കുടവുമെടുത്ത് അവള്‍ ധൃതിയില്‍ നടന്നു.
വീട്ടിലെ ആണുങ്ങള്‍ വൈകിയേ ഉണരാറുള്ളൂ. ഉമ്മയും സുലേഖയും അങ്ങനെയല്ല. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നത് പണ്ടു മുതലേയുള്ള ശീലമാണ്. ഉമ്മ പറഞ്ഞും ഉസ്താദ് പറഞ്ഞും മനസ്സില്‍ ഊട്ടിയുറപ്പിച്ചതാണ് ദൈവവിശ്വാസം. അതുകൊണ്ടു തന്നെ ദീനീനിഷ്ഠയുള്ളവളാണവള്‍. നമസ്‌കാരം കഴിഞ്ഞ് എന്നും അവള്‍ ഭര്‍ത്താവിനെ ഉണര്‍ത്താന്‍ നോക്കും. അയാള്‍ക്ക് മതനിഷ്ഠ വളരെ കുറവാണ്. മധുവിധു നാളില്‍ പിണക്കമില്ലാതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ടു തന്നെ നമസ്‌കാരത്തെ പറ്റി ചിലപ്പോഴൊക്കെ പറഞ്ഞുവെക്കാറുണ്ട്. അദ്ദേഹമിപ്പോള്‍ ഗാഢനിദ്രയിലായിരിക്കും. തന്റെ കുളിയും നമസ്‌കാരവും കഴിഞ്ഞു വേണം അദ്ദേഹത്തിന് കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍...!
ബക്കറ്റ് ഇരുട്ടില്‍ തപ്പിയെടുത്തു. കിണറ്റിലിടാന്‍ നേരം അവളുടെ കൈകള്‍ വഴുതിപ്പോയി. മറ്റേ തല പിടിക്കാന്‍ അറിയാതെ മുന്നോട്ടാഞ്ഞ അവള്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കൂപ്പുകുത്തിയത് പെട്ടെന്നായിരുന്നു. ആഴമുള്ള കിണറ്റിന്റെ അടിയിലെത്തി ഉയര്‍ന്നപ്പോള്‍ ഒരു മരക്കമ്പില്‍ പിടുത്തം കിട്ടിയെങ്കിലും താഴോട്ടു വീഴുമ്പോള്‍ അങ്ങുമിങ്ങും തട്ടി തലയിടിച്ചതിനാല്‍ അല്‍പനേരത്തിനുള്ളില്‍ ബോധം പോയി...!
പകല്‍ ചലിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറായി. ആരുടെയും ശ്രദ്ധ കിണറ്റിന്റെയടുത്തേക്കെത്തിയിട്ടില്ല. അവളുടെ പുതുമാരന്‍ അവള്‍ക്കു പകരം തലയിണയും മുറുക്കെ ചുറ്റിപ്പിടിച്ച് ഉറക്കത്തിലാണ്. വെള്ളം കോരാന്‍ ചെന്നവരുടെ അലമുറ കേട്ടാണ് അയാളും അയല്‍വാസികളും വിവരം അറിയുന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അവള്‍ക്ക് ബോധമില്ലായിരുന്നു. രണ്ടു നാള്‍ക്കകം അവളുടെ വിധി എല്ലാവരും തിരിച്ചറിഞ്ഞു. വീഴ്ചയില്‍ സ്‌പൈനല്‍ കോഡ് നിശ്ശേഷം തകര്‍ന്നു പോയിരിക്കുന്നു. ഇനിയൊരിക്കലും കഴുത്തിന് കീഴെ ഒരവയവവും ചലിപ്പിക്കാന്‍ അവള്‍ക്ക് കഴിയില്ല.
തനിക്കിനി ഈ സുന്ദര ശരീരം ആസ്വദിക്കാന്‍ കഴിയില്ലെന്ന സത്യം മനസ്സിലാക്കിയ പുതുമാരന്‍ അന്ന് അവിടം വിട്ടതാണ്. ജീവിതത്തിന്റെ പച്ചപ്പുള്ളിടം വേറെയും ഉണ്ടാകുമല്ലോ! നീണ്ട ആശുപത്രി വാസം കഴിഞ്ഞു. ഇനി വീട്ടില്‍ മരണം വരെ നീണ്ടു നിവര്‍ന്നു കിടക്കാം. കാലുകള്‍ രണ്ടും ശോഷിച്ച് ചുള്ളിക്കമ്പു പോലെയായി. കാല്‍പാദങ്ങള്‍ ഉള്ളിലേക്ക് മടങ്ങാന്‍ തുടങ്ങി. കൈകളും നിശ്ചലമാണ്. ദേഹം മുഴുവനും ശുഷ്‌കിച്ചുണങ്ങി. എന്നാല്‍ ആ മുഖ കമലം ഇപ്പോഴും ഇതള്‍ വിരിഞ്ഞ ശോഭയോടെ തിളങ്ങുന്നു. സദാ സമയവും മായാത്ത പുഞ്ചിരിയും! അത്ഭുതം തന്നെ! എങ്ങനെയാണ് ഒരിക്കലും അനുഭവിക്കാന്‍ കഴിയാതെ പോയ ജീവിത ഓര്‍മകളെ മനസ്സില്‍ വെച്ച് ഇങ്ങനെ പുഞ്ചിരിക്കാന്‍ അവള്‍ക്ക് കഴിയുന്നത്. ബന്ധപ്പെട്ട ജീവിതങ്ങള്‍ അവളോട് ചെയ്തത് എന്താണ്? കുറച്ചെങ്കിലും പരിചരിക്കാന്‍ മെനക്കെടാതെ അവളുടെ പുതുമാരന്‍ ഒന്നുമുരിയാടാതെ വിട്ടകന്നു. സ്വന്തം സഹോദരനും ഭാര്യയും ചെയ്തതും മറ്റൊന്നായിരുന്നില്ല. ചികിത്സാര്‍ഥം ഉള്ള പുരയിടം വിറ്റു കാശാക്കി. ചികിത്സ കഴിഞ്ഞ് ബാക്കിയുള്ളത് കീശയിലാക്കി, കോയമ്പത്തൂരിലേക്ക് വിരുന്ന് പോയതാണ്. പിന്നെ തിരിച്ചു വന്നില്ല!
ആശുപത്രിയില്‍ നിന്നും വന്നു കിടക്കുന്നത് സ്വന്തം വീട്ടിലല്ല എന്ന തിരിച്ചറിവ് തകര്‍ന്ന ശരീരം പോലെ അവളുടെ മനസ്സും തകര്‍ത്തു കളഞ്ഞു! വൃദ്ധയും രോഗിയുമായ മാതാവിനെയും ചലനമറ്റ സഹോദരിയെയും പെരുവഴിയിലിട്ട് പോയത് ആള്‍രൂപം പൂണ്ട സ്വാര്‍ഥതയല്ലാതെ മറ്റെന്താണ്? മനുഷ്യരിലും ചില നന്മ വറ്റാത്ത മനസ്സുകളുണ്ട്. സുലേഖയുടെ മൂത്തമ്മയുടെ മകനും കുടുംബവും ഭാവിയില്‍ സ്ഥിരമായി വഹിക്കേണ്ടുന്ന ജീവിത ഭാരം മുന്നില്‍ കണ്ടുകൊണ്ടു തന്നെ അവരെ ഏറ്റെടുത്തു! അവരെ കഷ്ടപ്പെട്ടു തന്നെ പോറ്റുന്നു. കൂലിപ്പണിക്കാരന്റെ കുറഞ്ഞ വരുമാനം കുടുംബത്തിന്റെ നിലവിലുള്ള ചെലവുകള്‍ക്കു തികയാത്തിടത്താണ് എന്നും മരുന്നും ചികിത്സയും ഭക്ഷണവും മറ്റു ചെലവുകളുമടങ്ങുന്ന ഒരു പ്രാരാബ്ധത്തെ അറിഞ്ഞുകൊണ്ടുതന്നെ ഏറ്റെടുക്കുന്നത്. സ്വന്തം രക്തത്തില്‍ പിറന്നവന് തോന്നാത്തതാണ് അകന്ന സഹോദരന് തോന്നിയത്. അദ്ദേഹത്തിന്റെ ഭാര്യയും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. എന്നും സുലേഖയെ ശുശ്രൂഷിക്കുന്നതും അവരുടെ വൃദ്ധ മാതാവിനെ പരിചരിക്കുന്നതും അവരാണ്. ദുനിയാവില്‍ ദൈവം തമ്പുരാന്‍ തന്ന ഒരു ജീവിതം കൊണ്ട് പരലോക ജീവിതത്തിലേക്ക് നേട്ടം കൊയ്യുന്നവരാണിവര്‍! കിട്ടിയ ഭൂവാസം ധന്യമാക്കുന്നവര്‍. പാലിയേറ്റീവ് കെയറിന് മാസത്തിലൊരിക്കലേ സുലേഖയുടെ അടുത്തെത്തേണ്ടതുള്ളൂ. കത്തീറ്റര്‍ മാറ്റിയിടാന്‍. അന്ന് അവര്‍ക്ക് മറ്റു സഹായങ്ങളുമായി ഞങ്ങള്‍ എത്തുക പതിവാണ്. ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളുമൊക്കെ കിട്ടുന്നതിനനുസരിച്ച് വിഹിതം സുലേഖക്ക് കൊടുക്കും.
സുലേഖ സുസ്‌മേരവദനയാണ്. ആ മുഖത്ത് എപ്പോഴും ഒരു 'ഈമാനിക' പ്രകാശം നമുക്കു കാണാം. അവളുടെ സംസാരത്തിലും നിരാശയേതുമില്ല. സഹോദരനെപ്പറ്റി അവള്‍ പറയുന്നു: ''അവരെക്കൊണ്ടു കഴിയാത്തത് അവര്‍ ഏറ്റെടുത്തില്ല. അതിനവരെ പഴിച്ചിട്ടെന്തുകാര്യം?'' എന്നാല്‍ ജീവിതം ആസ്വദിക്കുന്നതിനിടയില്‍ ഈ ചിറകറ്റ പക്ഷികളെ അവര്‍ കിടന്ന കൂടും തകര്‍ത്ത് പെരുവഴിയിലിട്ടു പോയതിന് ശേഷം ഒന്നു തിരിഞ്ഞുനോക്കുകയോ സമ്പാദിക്കുന്നതില്‍ നിന്നും എന്തെങ്കിലും പങ്കുവെക്കുകയോ ചെയ്യാത്തതിലും അവള്‍ക്ക് പരിഭവമില്ല. ഏതാനും നാള്‍ തന്നെ പൊന്നുമോളേയെന്നും ചക്കരക്കുട്ടിയെന്നുമൊക്കെ പറഞ്ഞ് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാത്ത തന്റെ പുതുമണവാളന്‍ അത്യാപത്ത് വന്നപ്പോള്‍ നിന്ന നിലയിലുപേക്ഷിച്ചു പോയതിലും അവളിപ്പോള്‍ സങ്കടപ്പെടുന്നില്ല! ''എനിക്ക് പടച്ചോന്‍ വിധിച്ചത് ഇങ്ങനത്തെ അവസ്ഥയാണ്. എന്റെ ഈ ചേലും കോലവും വെച്ചുകൊണ്ട് ഒരാള്‍ തന്റെ ജീവിതം എന്തിന് പാഴാക്കിക്കളയണം.'' അവള്‍ ചോദിക്കുന്നു.
എപ്പോഴെങ്കിലും കത്തീറ്ററിന് എന്തെങ്കിലും കുഴപ്പം വന്നാല്‍ ഫോണില്‍ സുലേഖ എന്നെ വിളിക്കും. ആ സ്വരത്തിന് എന്തൊരു വിനയമാണെന്നോ! അവളുടെ ചിരിച്ചു കൊണ്ടുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിന് കുളിര്‍മയാണ്- കാരണം അവള്‍ക്ക് ദുഃഖമില്ലല്ലോ. ആ കിടപ്പിനെ, ഈ അവസ്ഥയെ അവള്‍ അംഗീകരിച്ചിരിക്കുന്നു.
ജീവിതം അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ഉത്തുംഗശ്രേണിയില്‍ നില്‍ക്കേ എത്ര പെട്ടെന്നാണ് അവരുടെ കൈപിടിയില്‍ നിന്ന് പിടിവിട്ടുപോയത്! എന്നിട്ടും ശോഷിച്ച ജീവിതം എത്ര ക്ഷമയോടെയാണവര്‍ ജീവിച്ചു തീര്‍ക്കുന്നത്. എന്തൊരു അചഞ്ചലമായ വിശ്വാസം! നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വിധം തീക്ഷ്ണമായ അനുഭവം നമുക്കുണ്ടായാല്‍ നമ്മുടെ മനസ്സിന് സുലേഖയുടെ ഈ നിശ്ചയദാര്‍ഢ്യം ഉണ്ടാകേണ്ടിയിരിക്കുന്നു! മനസ്സിനെ ചിന്തകളിലൂടെ പരുവപ്പെടുത്തിയെടുക്കുന്ന ഒന്നാണ് പാലിയേറ്റീവ് പ്രവര്‍ത്തനമെന്നു തന്നെ പറയാം. അതിന്റെ സദ്ഫലങ്ങളുടെ ഉടമയാകാന്‍ സാധിക്കട്ടെ!

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media