മുന്‍വിധികളെ പൊളിചച്ചു വരച്ച കാന്‍വാസ്‌കാര്‍ഫ്‌

ഫാസില എ.കെ No image

ഇസ്‌ലാം പെണ്ണിന്റെ എല്ലാ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെയും അടിച്ചമര്‍ത്താനും മൂടിവെക്കാനും നിരന്തരം ശ്രമിക്കുന്നുവെന്ന പൊതുസമൂഹത്തിന്റെ ആക്ഷേപങ്ങള്‍ക്കും ആവലാതികള്‍ക്കും നടുവിലാണ് നാം ജീവിക്കുന്നത്. പാട്ട്, എഴുത്ത്, ചിത്രംവര തുടങ്ങി എല്ലാ ആവിഷ്‌കാര രൂപങ്ങളെയും തങ്ങള്‍ക്ക് കഴിവുണ്ടായിട്ടുകൂടി പുറത്തെടുക്കാനും വെളിച്ചം കാണിക്കാനും മുസ്‌ലിം പെണ്ണിനെ ഇസ്‌ലാം അനുവദിക്കുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. ഇസ്‌ലാമിനകത്തെ പൗരോഹിത്യാധിപത്യത്തിന്റെയും പൊതുവെ മുസ്‌ലിം പുരുഷന്റെ തന്നെ പൊതുബോധം അടയാളപ്പെടുത്തിയ അധീശത്വ ഭാവത്തിന്റെയും ഇരകളായിട്ടാണ് അവരിങ്ങനെ കണക്കുകൂട്ടിയത്. അതുകൊണ്ടു തന്നെ അവരുടെ കഥകളിലും കവിതകളിലും ചിത്രങ്ങളിലും സിനിമകളിലും കറുത്ത പര്‍ദ്ദക്കുള്ളില്‍ തങ്ങളുടെ എല്ലാ കഴിവുകളും അടിയറ വെച്ച് ഭത്താവിന്റെയോ പിതാവിന്റെയോ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മാത്രം മനസ്സും ശരീരവും പ്രവര്‍ത്തിപ്പിക്കുന്ന പാവകളായിട്ടാണ് മുസ്‌ലിം പെണ്ണിനെ അവതരിപ്പിച്ചത്. ഇസ്‌ലാമിന്റെ അടയാളങ്ങളെ ചേര്‍ത്ത് വെച്ചവരെ എന്നും തീരുമാനമെടുക്കാന്‍ അധികാരമില്ലാത്തവരായും സ്വയം ആവിഷ്‌കരിക്കാന്‍ അനുവാദമില്ലാത്തവരായും നമ്മുടെ മുഖ്യധാരാ മാധ്യമ ലോകവും കലാസാംസ്‌കാരിക മേഖലയും മുദ്ര കുത്തി. ഒരു വശത്ത് മുഖ്യധാരാ പൊതുസമൂഹത്തിന്റെ ഇത്തരം ആക്ഷേപങ്ങള്‍ കേട്ട്‌കൊണ്ടേയിരിക്കുമ്പോള്‍ സമുദായത്തിനകത്ത് മറ്റൊരു വിഭാഗം ചിത്രകലയെ തന്നെ ഇസ്‌ലാം അനുവദിക്കുന്നുവോ ഇല്ലയോ എന്ന തരത്തിലുള്ള കെട്ടു പിണഞ്ഞ സംവാദങ്ങള്‍ നടത്തി സമയം ചെലവഴിച്ചു കൊണ്ടേയിരിക്കുന്നു. പെണ്ണുടലുകളുടെ നഗ്നതാ പ്രദര്‍ശനത്തെ മാത്രം ആവിഷ്‌കാര സ്വാതന്ത്യമായി അംഗീകരിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്ന കലയുടെ സവര്‍ണ സ്ത്രീ വിരുദ്ധ മുഖത്തെ കുറിച്ച് ആര്‍ക്കും പരാതിയൊന്നും പറയാനുമില്ല. ‘മുസലിം, സ്ത്രീ എന്നീ രണ്ട് തന്മകളെയും ഒരേ സമയം പ്രതിനിധീകരിക്കുമ്പോള്‍ കലാവിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം അഭിമുഖീകരിക്കുന്ന വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള വെല്ലുവിളികളാണ് ഇവ മൂന്നും.
ഈ മൂന്നു നിര്‍മിതികളെയും ഏറ്റവും സര്‍ഗാത്മകമായി പൊളിച്ചിടുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ‘'കാന്‍വാസ്‌കര്‍ഫ്'’എന്ന തലക്കെട്ടില്‍ ജി.ഐ.ഒ കേരള ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. തല മറച്ച പെണ്ണിന്റെ സര്‍ഗ ശേഷികളെ ആരാണ് മറച്ചുവെക്കുന്നത് എന്ന ചോദ്യമാണ്, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരികളായ മുസ്‌ലിം പെണ്‍കുട്ടികളുടെ സൃഷ്ടികള്‍ സംയോജിപ്പിച്ച 'കാന്‍വാസ്‌കാര്‍ഫ്' ഉയര്‍ത്തുന്നത്. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും സര്‍ഗാത്മകമായ പുതിയ മാധ്യമങ്ങളെ വികസിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധതയും ഉള്‍കാഴ്ചയുമുള്ള കലാകാരികളെ വളര്‍ത്തികൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും അത്തരം കലാസൃഷ്ടികളെ പുറം ലോകത്തിനു മുമ്പിലെത്തിക്കുകയും ചെയ്യുക എന്ന ജി.ഐ.ഒ വിന്റെ ഈ വര്‍ഷത്തെ പ്രഖ്യാപിത നയത്തിന്റെയും കൂടി ഭാഗമാണ് 'കാന്‍വാസ്‌കാര്‍ഫ്'. കേരളത്തിലെ തന്നെ ആദ്യമായ ഈ വര്‍ണാനുഭവം മെയ് 8 ബുധനാഴച രാവിലെ പ്രശസ്ത എഴുത്തുകാരിയും ആര്‍ട്ടിസ്റ്റുമായ ഷബ്‌ന പൊന്നാട് ഉദ്ഘാടനം ചെയ്തു. കല ദൈവാനുഗ്രഹമാണെന്നും അതു ലഭിച്ചവര്‍ ആ കഴിവ് ഉപയോഗിച്ച് സമൂഹത്തോടും അതു വഴി ദൈവത്തോടുമുള്ള ബാധ്യതയാണ് നിര്‍വഹിക്കുന്നതെന്നും പ്രദര്‍ശനം സന്ദര്‍ശിച്ച അവര്‍ പറഞ്ഞു. ഇത്തരം ആര്‍ട്ടിസ്റ്റുകളുടെ വളര്‍ച്ചയുടെ പാതയില്‍ കാന്‍വാസ്‌കാര്‍ഫിനാല്‍ മഹത്തായൊരു ദൗത്യമാണ് ജി.ഐ.ഒ നിര്‍വഹിച്ചതെന്നു കൂട്ടിച്ചേര്‍ത്ത അവര്‍ ആര്‍ട്ടിസ്റ്റുകളെ പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും മുന്‍കൂട്ടി ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച മികച്ച ഇരുപത് ആര്‍ട്ടിസ്റ്റുകളുടെ അമ്പതിലേറെ പെയിന്റിംഗുകളും പെന്‍സില്‍ ഡ്രോയിംഗുകളും ഗ്ലാസ് പെയിന്റിംഗുകളും ഫോട്ടോ പ്രദര്‍ശനവും കൂടിയായിരുന്നു പ്രദര്‍ശനത്തില്‍ അണി നിരന്നത്. മലപ്പുറം സ്വദേശിനിയായ ഷബീബയുടെ പെയിന്റിംഗുകളും ബാള്‍പോയിന്റ് പെന്‍ ചിത്രങ്ങളും പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. ചെറുപ്പം മുതലേ വര്‍ണ കൂട്ടുകളോടൊത്തുള്ള ജീവിതം ആവേശവും ആനന്ദവുമായി കൊണ്ടുനടക്കുന്ന ഷബീബക്ക് ചിത്രകല ഒരു ജീവിത സപര്യയാണ്. സാമ്പത്തിക പരാധീനതകള്‍ മൂലം നിറങ്ങള്‍ വാങ്ങാന്‍ കഴിയാതിരുന്ന സമയത്ത് ബാള്‍ പോയിന്റ് പേനകള്‍ മാത്രമുപയോഗിച്ച് അവര്‍ വരച്ചുതീര്‍ത്ത ചിത്രങ്ങള്‍ വളര്‍ന്നു വരുന്ന ഏതു കലാകാരിക്കും ഇല്ലായ്മകളില്‍ നിന്നും വെല്ലുവിളികളെ നേരിടാനുള്ള പ്രചോദനമാണ്. കറുപ്പും ചുവപ്പും ബാള്‍ പോയിന്റ് പേനകള്‍ മാത്രം ഉപയോഗിച്ച് അവര്‍ തീര്‍ത്ത റെഡ് മൂണ്‍, ബ്രോകണ്‍ ബാംഗിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ ചിത്രകലയോടുള്ള അവരുടെ ആത്മാര്‍ഥമായ അഭിനിവേശത്തിന്റെയും വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവിന്റെയും അടയാളമായിരുന്നു. ഇങ്ങനെത്തന്നെ തീര്‍ത്ത ‘വെറ്റ് ഹാര്‍ട്ടെന്ന് പേരിട്ട ബാല്യകാലസഖിയിലെ ചെമ്പരത്തി കൊമ്പു പിടിച്ച് മജീദിനെ യാത്രയാക്കുന്ന സുഹറായുടെ രൂപം പ്രദര്‍ശനം കണ്ടു കഴിഞ്ഞിറങ്ങിയവരുടെയെല്ലാം പ്രശംസക്കു പാത്രമായി. ഈ 25-കാരിയുടെ, അന്ത്യദിനത്തില്‍ ചുട്ടു പൊള്ളുന്ന സൂര്യനു താഴെ ഒരുമിച്ച് കൂട്ടപ്പെടുന്ന മനുഷ്യരുടെ ദയനീയാവസ്ഥ ചിത്രീകരിച്ച “ദി കോര്‍ട്ട് ഓഫ് ഗോഡ്, കാത്തു സംരക്ഷിക്കേണ്ട ഭൂമിയെ കുറിച്ച ബോധമുണര്‍ത്തുന്ന ‘സോയില്‍, വിവരസാങ്കേതിക വിദ്യയുടെയും മാധ്യമങ്ങളുടെയും മദ്യത്തില്‍ മുങ്ങിയ പൊതുസമൂഹത്തിന്റെയും പീഡനത്തിനിരയായികൊണ്ടേയിരിക്കുന്ന പെണ്‍കുട്ടിയുടെ അരക്ഷിതാവസ്ഥകാണിക്കുന്ന ‘ഗ്ലാസ് പെയിന്റ്’ തുടങ്ങിയവയിലെ ആശയഗാംഭീര്യവും ഭാവനയും ഈ കലാകാരിയുടെ ഇനിയും മുന്നോട്ട് പോവാനുള്ള ഊര്‍ജത്തിന്റെയും പ്രാപ്തിയുടെയും തെളിവു കൂടിയാണ്.
കണ്ണൂരിലെ മാഹി സ്വദേശി നാജിയ ഗഫൂറിന്റെ resurrection, Developed india, remark, ഷിഫാന കല്ലായിയുടെ കത്തുന്ന കാട്, വരണ്ടമണ്ണിലെ പേറ്റന്റെടുത്ത മരത്തൈ എന്നീ പെയിന്റിംഗുകള്‍ അവയുള്‍ക്കൊണ്ട ആശയങ്ങളുടെ ഗാംഭീര്യത്താലും ഭാവന കൊണ്ടും സന്ദര്‍ശകരെ അത്ഭുതപ്പെടുത്തി. തളിപ്പറമ്പ് സ്വദേശിനി പി.പി റഫീനയുടെ പൂ പറിക്കുന്ന പെണ്‍കുട്ടിയുടെ പ്രതിരൂപകല്‍പന ചെയ്ത രൂപവും മറ്റ് ഓയില്‍ പെയിന്റിംഗുകളും ചായകൂട്ടുകളുടെ മനോഹാരിതയാല്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളായി മാറി. ജീഹന്‍ കെ. ഹൈദര്‍, സ്വദീഖ നസ്രീന്‍ മഞ്ചേരി, സുമയ്യ കൊല്ലം, മുര്‍ഷിദ തൃശ്ശൂര്‍, സുമയ്യ കൊയിലാണ്ടി, ഫായിസ കെ. മലപ്പുറം, ജസീന സി, ഹര്‍ഷ ഹനാന്‍, ഷദാ ജില്‍ദ, അഫ്‌നാന്‍ അഷ്‌റഫ്, സജീറ എം എ, ഷാന ജബിന്‍, സന സി.ടി, ആയിഷത് ഷിര്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതോളം ആര്‍ട്ടിസ്റ്റുകളുടെ വ്യത്യസ്ത ഭാവനകളെയാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വിവിധ വര്‍ണങ്ങളില്‍ ജി.ഐ.ഒ കേരള അഞ്ചു ദിവസങ്ങളിലായി അണി നിരത്തിയത്. വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ ഈ പെണ്‍കുട്ടികളിലധികപേരും ചിത്രകലയില്‍ ഔദ്യോഗിക വിദ്യാഭ്യാസം നേടിയവരേ അല്ല എന്നതു പെയിന്റിംഗ് കണ്ടിറങ്ങിയവരെ അദ്ഭുതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്. കൂടാതെ അമല്‍ അബ്ദുറഹ്മാന്‍, ഷരീഫ അബൂബക്കര്‍ കാസര്‍കോഡ് എന്നിവരുടെ ഫോട്ടോ പ്രദര്‍ശനം പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാരോടു കിട പിടിക്കുന്നതും ഓരോ വസ്തുവിന്റെയും സൂക്ഷ്മ സൗന്ദര്യം രേഖപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു.
കറുത്ത പര്‍ദക്കകത്ത് നരച്ച വര്‍ണക്കൂട്ടുകള്‍ കൊണ്ടു മാത്രം തങ്ങളെ വരക്കുകയും മങ്ങിയ വര്‍ണങ്ങളായി മാത്രം തങ്ങളെ വായിക്കാന്‍ ശ്രമിക്കുകയും ചെയ്ത പൊതു ബോധത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തലും അവര്‍ നിര്‍മിച്ച അതിരുകളെ മറികടന്നു പുതിയ വര്‍ണക്കൂട്ടുകളുടെ വിശാലമായ ലോകവും കീഴ്‌പ്പെടുത്താന്‍ മാത്രം കെല്‍പ്പുള്ളവരായി മുസ്‌ലിം പെണ്ണുങ്ങള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്ന ബോധ്യപെടുത്തലും കൂടിയാണ് കാന്‍വാസ്‌കാര്‍ഫ്’ എന്നു ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന പറഞ്ഞു. അഞ്ച് ദിവസം നീണ്ടുനിന്ന പ്രദര്‍ശനം കേരളത്തിലെ പ്രമുഖ ആര്‍ട്ടിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരുടെയും പ്രശംസ പിടിച്ചു പറ്റി. അജിത അന്വേഷി, പി. മുജീബ് റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, പ്രജേഷ് സെന്‍, നാസിമുദ്ദീന്‍, എസ്. ഇര്‍ഷാദ്, സഫീര്‍ഷാ തുടങ്ങിയ സംഘടനാ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സിനിമ കലാ സാഹിത്യ പ്രവര്‍ത്തകര്‍, സ്ത്രീ കൂട്ടായ്മകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഇസ്‌ലാം മുസ്‌ലിം പെണ്ണിനു വസ്ത്രം പോലും തെരഞ്ഞെടുക്കാനനുവദിക്കുന്നില്ല എന്നും ഒരു തരത്തിലുള്ള ആവിഷ്‌കാരങ്ങള്‍ക്കും മതത്തിനകത്ത് അവള്‍ക്കു സ്ഥാനം നല്‍കുന്നില്ലെന്നും പറഞ്ഞ് ചില ദൃശ്യമാധ്യമങ്ങള്‍ ‘മുസ്‌ലിം പുരുഷനോടുള്ള ‘യം മൂലം നിശ്ശബ്ദരായിപ്പോയ’ മുസ്‌ലിംപെണ്ണിന്റെ വിമോചക’ വേഷം എടുത്തണിയുന്ന അതേ സമയത്ത്, യാദൃശ്ചികമാണെങ്കിലും, ഉള്‍കാഴ്ചയുള്ള പെണ്‍കുട്ടിക്കാലത്തിന്റെ അവര്‍ക്കുള്ള മൂര്‍ച്ചയുള്ള മറുപടിയായി കാന്‍വാസ്‌കാര്‍ഫ് ആര്‍ട്ട് എക്‌സിബിഷന്‍.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top