കാത്തിരുപ്പ്‌

എന്‍.പി ഹാഫിസ് മുഹമ്മദ്‌ / മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ No image

രണ്ട് വര്‍ഷം മുമ്പ്, സുഹൃത്തിനെ നഗരപ്രദേശത്തെ ഒരു കൊച്ചു റെയില്‍വേസ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നു. മൂന്നര മണിക്കൂര്‍. പരിചയമുള്ള ഒരാളെയും കാണുന്നില്ല. അഞ്ച് മിനുട്ട് കാല്‍ നീട്ടി വലിച്ച് നടന്നാല്‍ പ്ലാറ്റ്‌ഫോമിന്റെ ദൈര്‍ഘ്യം കഴിഞ്ഞു. സുഹൃത്ത് ട്രെയിന്‍ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വന്ന് നിന്നപ്പോഴാണ് ഓടിക്കിതച്ച് എത്തുന്നത്. ബാഗുമെടുത്ത് ഞാനും കോണി പാഞ്ഞ് കേറി അനങ്ങാന്‍ പോകുന്ന വണ്ടിയില്‍ അവനെ കയറ്റി. കൈ വീശി. ഞാന്‍ ബസ്സില്‍ കേറി മടങ്ങുമ്പോള്‍ സുഹൃത്തിന്റെ സന്ദേശം: 'ക്ഷമിക്കണം നാലു മണിക്കൂറോളം സ്റ്റേഷനില്‍ എന്നെ കാത്ത് ബോറടിച്ചിട്ടുണ്ടാവുമെന്നറിയാം. 'സോറി'. ഞാന്‍ മൊബൈല്‍ സന്ദേശത്തിന് മറുപടി നല്‍കി: 'മാപ്പ് സ്വീരിക്കുന്നു. ബോറടിച്ചു എന്ന അനുമാനം തെറ്റി. ശുഭയാത്ര.'

സത്യം. ബോറടിച്ചിരുന്നില്ല. കാത്തിരിപ്പ് ദുസ്സഹമായിരുന്നു. സങ്കടപ്പെടുത്തിയിരുന്നു. കാണാനാശിച്ച്, കാണാമെന്നുറപ്പിച്ച് ഒരാളെ കാത്ത് നില്‍ക്കുമ്പോള്‍ വിഷമിക്കും. എന്റെ സമയം നഷ്ടപ്പെടുത്തി എന്ന വിചാരത്താലല്ല. വരാമെന്നേറ്റ ആള്‍ വന്നില്ലല്ലോ, നേരത്തിനെത്തിയില്ലല്ലോ എന്ന വിഷമത്തില്‍. പക്ഷേ, കാത്തിരിപ്പ് ബോറടിപ്പിക്കുന്നില്ല എന്നത് സത്യം. ഇക്കാര്യമറിഞ്ഞ് ചിലര്‍ ചോദിച്ചിട്ടുണ്ട്: 'കാത്തിരിപ്പ് ഇത്ര ഇഷ്ടമാണോ?' കാത്തിരിപ്പ് ഞാന്‍ ആശിക്കുന്നില്ല. അനിവാര്യമായി വരുമ്പോള്‍ ആസ്വദിക്കുമെന്ന് മാത്രം. പലരും വിശ്വസിക്കാറില്ല.
എന്തുകൊണ്ടാണ് കാത്തിരിപ്പ് അതെത്ര മണിക്കൂറായാലും എന്നില്‍ വിരസതയോ വിദ്വേഷമോ ഉണ്ടാക്കാത്തത്? ഞാനെന്നെ ശീലിപ്പിച്ചതുകൊണ്ടു തന്നെ. പലര്‍ക്കും കൃത്യനിഷ്ഠ എന്നത് എന്തോ ഒരു ക്രൂരകൃത്യമാണെന്ന ഭാവമാണ്. നേരത്തെയോ കൃത്യത്തിനോ എത്തിയാല്‍ എന്റെ വില കുറയുമെന്ന് ചിലര്‍ കരുതുന്നു. ചിലരത് സാരമായി എടുക്കുന്നില്ല. നമ്മള്‍ നേരത്തെ എത്തിയിട്ടെന്താ മറ്റുള്ളവരെത്തുമോ എന്നാണ് പലരുടേയും ഭാവം. കാത്തിരിപ്പ് സംഭവിക്കാനുള്ള കാരണങ്ങള്‍ പലതാണ്.
1. നമ്മളില്‍ പലരും മറ്റൊരാള്‍ക്ക് നല്‍കുന്ന വാക്ക് പാലിക്കാന്‍ ശ്രമിക്കുന്നില്ല. മറ്റുള്ളവരുടെ സമയത്തിന് വില കല്‍പിക്കുന്നില്ല. മറ്റുള്ളവരുടെ വ്യക്തിത്വത്തിനോ അസ്തിത്വത്തിനോ ഒരു പരിഗണനയും കൊടുക്കാതെ, നേരത്തെ സമയം നിശ്ചയിച്ചാലും ഇവര്‍ ഇഷ്ടമുള്ള സമയത്തെത്തുന്നു.
2. നാം പലരും ഒരാളെ കാത്തിരിപ്പിന് വിധേയമാക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന അസ്വസ്ഥതയും വിഷമവും കാണാനാകുന്നില്ല. ഒരാള്‍ കാത്തിരിക്കുമ്പോള്‍ മുഷിയുന്നു എന്ന കാര്യം പോലും ഓര്‍ക്കുന്നില്ല. ഇവരുടെ വിചാരങ്ങളില്‍ മറ്റുള്ളവരുടെ പൊറുതിക്കേടോ സങ്കടമോ വരുന്നില്ല. അതിനാലവര്‍ വൈകുന്നു.
3. ചെയ്യാനാവുന്നതിലേറെ കാര്യങ്ങള്‍ ചിട്ടയില്ലാതെ കൊക്കിലൊതുക്കാന്‍ ശ്രമിക്കുന്നതിനാല്‍ ചിലര്‍ മറ്റുള്ളവരെ കാത്തു നിര്‍ത്തിക്കുന്നു. തന്റെ പരിമിതികളറിയാനോ, ഒന്നും വിട്ടുകൊടുക്കാനോ തയ്യാറാവാത്തവരാണിവര്‍. പരിധി നിര്‍ണയിക്കാതെ ഇവര്‍ സ്വന്തം നീക്കങ്ങളെ കൂട്ടിക്കലര്‍ത്തുന്നു. മറ്റുള്ളവരെ കാത്തുനിര്‍ത്തിക്കുന്നു.
4. നേരത്തെ ആസൂത്രണം ചെയ്ത് സ്വന്തം പ്രവൃത്തികളെ ചിട്ടപ്പെടുത്താത്തത് കൊണ്ട് മറ്റുള്ളവര്‍ കാത്തിരിക്കാന്‍ വിധിക്കപ്പെടുന്നു. ചില കണിശതകള്‍ പാലിച്ചാല്‍ സമയനിഷ്ഠ സാധ്യമാണ്. ചെയ്യാന്‍ ആശിക്കുന്ന കാര്യങ്ങള്‍, ചെയ്യാനാവുന്ന കാര്യങ്ങള്‍, ചെയ്യേണ്ട കാര്യങ്ങള്‍, ചെയ്യാന്‍ ലഭിക്കുന്ന സമയം എന്നിവ പരിശോധിച്ച് ചിട്ടപ്പെടുത്തിയാല്‍ ആര്‍ക്കും കൃത്യനിഷ്ഠ പാലിക്കാനാവും.
5. എത്ര ശ്രമിച്ചാലും ആകസ്മികമായുണ്ടാകുന്ന കാരണങ്ങള്‍ യാത്രയിലോ മറ്റു നീക്കങ്ങളിലോ തടസ്സം വരുമ്പോള്‍ നമ്മള്‍ കാരണം മറ്റുള്ളവര്‍ കാത്തിരിക്കാന്‍ ഇടവരുന്നു. നമ്മുടേതല്ലാത്ത കാരണം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ആകസ്മിക കാരണങ്ങളെ അവയുടെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് സമയം ചിട്ടപ്പെടുത്തുകയാണെങ്കില്‍ ഇതും ഒഴിവാക്കാവുന്നതാണ്.
നാം മറ്റൊരാളെ കാത്ത് നിര്‍ത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അത് ഒരു സഹജീവിക്ക് നല്‍കാവുന്ന ഉയര്‍ന്ന പരിഗണനയാണ്. മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഈ മനോഭാവം നമ്മില്‍ വേരുറച്ചാല്‍, പിന്നെ ആലോചനയും സമയ ക്രമീകരണവും കൊണ്ട് മറ്റുള്ളവരുടെ കാത്തിരിപ്പ് ഇല്ലാതാക്കാനാവും. ചിലര്‍ പറയാറുണ്ട്: 'അയാള്‍ നാലെന്ന് പറഞ്ഞാല്‍ അഞ്ചിനാ വരിക. നമ്മള്‍ അഞ്ചരക്ക് ചെന്നാല്‍ മതി.' ഞാന്‍ വ്യത്യസ്താഭിപ്രായക്കാരനാണ്. അഞ്ചിനേ എത്താന്‍ പറ്റൂ എന്നാണെങ്കില്‍ നാല് പറയരുത്. പറയിപ്പിക്കരുത്. മീറ്റിംഗ് സദസ്സിന് വേണ്ടിയാണ് പലപ്പോഴും വൈകിക്കുന്നത്. ഉള്ളത് ഒരാളാണെങ്കിലും കൃത്യത്തിന് തുടങ്ങും എന്ന് നടത്തിപ്പുകാര്‍ തീരുമാനിക്കണം. പ്രസംഗിക്കുന്നവരും അതംഗീകരിക്കുമ്പോള്‍, വൈകാതെ അങ്ങനെ നടത്തുന്ന പരിപാടികള്‍ക്കും കൃത്യത്തിനെത്തുന്ന അതിഥിയെ കേള്‍ക്കാനും ആവശ്യമുള്ളവര്‍ എത്തും.
കാത്തിരിക്കേണ്ടി വന്നേക്കുമെന്നുറപ്പ്. കാത്തുകാത്തിരിക്കേണ്ടി വരുമ്പോഴോ? ബസ്സിന് കാത്ത് നില്‍ക്കുമ്പോള്‍ കൂടെയുള്ളവരുടെ അസ്വസ്ഥത കാണാറുണ്ട്. എങ്ങനെയിത് രസിക്കാനാവുന്നുവെന്നവരുടെ ചോദ്യവുമുണ്ടാവും. നമുക്ക് ചെയ്യാനാവുന്നത്, ആ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് ബസ്റ്റോപ്പിലാണെങ്കില്‍ ബസ്സ് കാത്ത് നില്‍ക്കുന്നവരെ നിരീക്ഷിക്കും. അവരുടെ ഭാവ പ്രകടനങ്ങളില്‍ നിന്ന് അവരെക്കുറിച്ചുള്ള ചില ഊഹങ്ങളോ നിഗമനങ്ങളോ നടത്തും. സഹജീവികള്‍ നമുക്ക് ദൂരെ നില്‍ക്കുമ്പോള്‍ പോലും ഒരു സവിശേഷ വിഭവമാണ്. റെയില്‍വെസ്റ്റേഷനില്‍ ന്യൂസ്‌പേപ്പര്‍ വിരിച്ച് കിടക്കുന്നവരും കലപില സംസാരിച്ചിരിക്കുന്ന ചെറുപ്പക്കാരും അടുത്തടുത്ത് ദീര്‍ഘനേരം മിണ്ടാതിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരും കാഴ്ച വസ്തുക്കളായി മാറുന്നു. ആസ്വദിക്കുന്നതിനൊപ്പം മനുഷ്യരെക്കുറിച്ചുള്ള ഉള്‍കാഴ്ച ലഭിക്കാനിത് കാരണമായി തീരുന്നു. കാത്തിരിക്കുന്ന ആളുടെ ഭാവന പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. വിരസതയെ നാടുകടത്താനുള്ള ഫലപ്രദമായ ആയുധമാണത്. കാത്തിരിപ്പ് ആസ്വദിക്കാനുള്ള ഫലപ്രദമായ മാര്‍ഗം തൊട്ടടുത്തുള്ളവരോട് സംസാരിക്കുക എന്നതാണ്. ഓരോ മനുഷ്യനും വിസ്മയകരമായ കനിയാണ്. അവരുടെ അനുഭവങ്ങളുടെ ലോകത്ത് ഉള്‍ഖനനം നടത്തുമ്പോള്‍, ശ്രദ്ധയോടെ കേട്ടിരിക്കുമ്പോള്‍, ആവശ്യമുള്ളത് കുറിച്ച് വെക്കുമ്പോള്‍ നാം കാത്തിരിക്കുകയാണെന്നത് മറക്കും.
കാത്തിരിക്കുമ്പോള്‍ നമ്മെ വലയം ചെയ്ത് നില്‍ക്കുന്ന പ്രകൃതി വിഭവങ്ങളെ നിരീക്ഷിക്കാം. പ്രകൃതിയുടെ മനോഹാരിത തന്നെ അസ്വദിക്കണമെന്നില്ല. നമ്മുടെ കാഴ്ചക്കപ്പുറം ഒരു കാക്കക്കരച്ചില്‍ കേട്ടുവെന്ന് കരുതു. ആ ശബ്ദം വിനിമയം ചെയ്യുന്ന സന്ദേശം സങ്കല്‍പ്പിച്ചെടുക്കാം. കിളി പറക്കുന്നത് കാണുമ്പോള്‍ ആ കിളി ഏതെന്ന് ആലോചിക്കാം. അതെങ്ങോട്ട് പറക്കുന്നുവെന്ന് മനസ്സില്‍ കാണാം. നിറഞ്ഞ കാര്‍മേഘങ്ങളെ നിരീക്ഷിച്ച് അവയുടെ രൂപ സാദൃശ്യങ്ങളില്‍ മനസ്സ് നട്ടിരിക്കാം. ഇറ്റിക്കൊണ്ടിരിക്കുന്ന മഴത്തുള്ളികളെ നോക്കാം. ഒരു ഇറയത്ത് നിന്ന് എത്ര തുള്ളികള്‍ ഇറ്റുവീഴുന്നു. പ്രകൃതിവിഭവങ്ങളില്‍ നിന്നും നിരീക്ഷണങ്ങളിലൂടെ പ്രകൃതിയുടെ അത്ഭുതപ്രപഞ്ചത്തിലേക്ക് ഇറങ്ങിച്ചെല്ലാം.
ഇരിക്കാന്‍ ഇടം കിട്ടുന്ന കാത്തിരിപ്പാണെങ്കില്‍ ഞാന്‍ സ്‌കെച്ച് പുസ്തകത്തില്‍ രേഖാ ചിത്രങ്ങള്‍ വരക്കുന്നു. ദൃശ്യാനുഭവങ്ങളെ നമ്മുടെ രീതിയില്‍ പുനരാവിഷ്‌കരിക്കാനുള്ള മാര്‍ഗം കൂടിയാണിത്. കാത്തിരിപ്പില്‍ ഞാന്‍ പലപ്പോഴും ചെയ്യുന്ന കാര്യം കത്തെഴുത്താണ്. നഗര പ്രാന്ത പ്രദേശത്തെ റെയില്‍വേസ്റ്റേഷനില്‍ മൂന്നര മണിക്കൂര്‍ സുഹൃത്തിനെ കാത്തിരുന്നപ്പോള്‍ രണ്ടു മണിക്കൂറോളം ഞാന്‍ കത്തെഴുതുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ ഒരു മൂലയില്‍ കടലാസ് വെച്ച് കത്തെഴുതി വൈകി വന്ന സുഹൃത്തിന് കത്ത് കവറിലിട്ട് കൊടുക്കാന്‍ മറന്നതുമില്ല. ഇത്തരം കാത്തിരിപ്പ് സന്ദര്‍ഭങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ ആവശ്യമായ സാധന സാമഗ്രികള്‍ എന്റെ തോള്‍സഞ്ചിയില്‍ എപ്പോഴും കരുതാറുണ്ട്.
കാത്തിരിപ്പില്‍ പലരും ചെയ്യുന്നത് വായനയാണ്. വായിച്ചു തീര്‍ക്കാന്‍ ആശിക്കുന്ന ഒരു പുസ്തകം കാത്തിരിപ്പു നേരങ്ങളില്‍ ഉപയോഗിക്കാന്‍ കരുതുക. നാം കാത്തിരിക്കുന്ന മനുഷ്യനോ വണ്ടിയോ അല്‍പം വൈകിയാല്‍ ഈ അധ്യായം വായിച്ചു തീര്‍ക്കാമല്ലോ എന്ന് നാം കരുതും. ലാപ്‌ടോപ്പ്, ഐപോഡ് വിവിധ സാധ്യതകളുള്ള മൊബൈല്‍ എന്നിവ ഫലപ്രദവും പ്രയോജനന പ്രദവുമായി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. വരയോ എഴുത്തോ നിരീക്ഷണമോ എന്തായാലും അത് നമുക്ക് ആസ്വാദകരവും മറ്റുള്ളവര്‍ക്ക് ഉപദ്രവകരവുമല്ലാത്തതാകണം. നമുക്ക് ആവേശകരമായ ഒന്ന് നമ്മുടെ അഭിപ്രായങ്ങളെ ഉണര്‍ത്തുന്ന ഒരു കര്‍മം. അതിനപ്പുറം മറ്റൊന്നുണ്ട്. കാത്തിരിപ്പ് നമുക്ക് ബോറടിക്കാതിരിക്കാന്‍ നമ്മെ ബോറടിപ്പിക്കുന്ന ആളുകളില്‍ നിന്ന് മാറി നില്‍ക്കുക. കാത്തിരിപ്പിന് ഫലപ്രദവും ക്രിയാത്മകവുമായ കാര്യമാക്കിത്തീര്‍ക്കുക എന്നതാണ് കാത്തിരിപ്പിക്കുന്നവരോട് നമുക്ക് ചെയ്യാവുന്ന മധുരമായ പ്രതികാരം.
വീട്ടിലോ ഓഫീസിലോ കാത്തിരിക്കുമ്പോള്‍ ഇറങ്ങാനുള്ള ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് എപ്പോള്‍ നിര്‍ത്തിയാലും കുഴപ്പമുള്ള നമ്മുടെ ജോലികള്‍ ചെയ്യാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കത്തെഴുതുക, കഥവായിക്കുക, ആവശ്യമുള്ള ഫോണ്‍ കോള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കാവുന്നതാണ്. കാത്തിരിപ്പിന് വിധേയമാകാതിരിക്കാന്‍ മറ്റുള്ളവരോട് കണിശമായി നമ്മുടെ സമയനിഷ്ഠ അറിയിക്കണം. ഒമ്പതരക്കെത്തുമെന്നറിയിച്ച കോളേജ് യൂണിയന്‍ ഭാരവാഹികള്‍ വൈകുന്നതിന്റെ കാരണം പോലും അറിയിക്കാതെ പത്തരക്കെത്തിയപ്പോള്‍ ദേഷ്യമൊട്ടും കാണിക്കാതെ പറഞ്ഞു. ''ക്ഷമിക്കുക. ഞാനിനി നിന്നാല്‍ പന്ത്രണ്ടിന് കാണാമെന്ന് ഉറപ്പ് കൊടുത്ത രണ്ടാളുകളെ കാണാനാവില്ല.'' സോറി. അവര്‍ മടങ്ങിപ്പോയി. മറ്റൊരാളെ കാത്തിരിപ്പിക്കുമ്പോള്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് അവര്‍ മനസ്സിലാക്കട്ടെ. നമ്മുടെ സമയനിഷ്ഠ മറ്റുള്ളവരില്‍ മാറ്റമുണ്ടാക്കാതിരിക്കില്ല. നമ്മെ കാണേണ്ടത് അവരുടെ ആവശ്യമാണെങ്കില്‍ പ്രത്യേകിച്ചും.

ശേഷക്രിയ
1. കാത്തിരിപ്പ് ഇഷ്ടമില്ലാത്തവര്‍ ഒരിക്കലും മറ്റൊരാളെ കാത്തുനിര്‍ത്തരുത്. ആകസ്മികമായ കാര്യങ്ങളില്‍ വൈകുമെന്നുറപ്പാണെങ്കില്‍ അത് അഞ്ച് മിനുട്ടാണെങ്കില്‍ പോലും അറിയിക്കുക.
2. നാം എത്ര വിചാരിച്ചാലും കാത്തിരിപ്പ് ഒഴിവാക്കാനാവാത്തതാകയാല്‍ ആ വേളകള്‍ കൂടുതല്‍ ക്രിയാത്മകവും ഫലപ്രദവുമാക്കാനുള്ള മനോഭാവം ഉണ്ടാക്കുക. ആകസ്മികമായ കാര്യങ്ങള്‍ നമ്മുടെ കാത്തിരിപ്പിന് കാരണമായേക്കാവുന്നതാണ്. മറ്റുള്ളവരെ അതറിയിക്കുക. വീട്ടിലേക്കോ ഓഫീസിലേക്കോ വരുന്ന ഒരാള്‍ക്ക് വഴി പറഞ്ഞു കൊടുക്കേണ്ടി വരികയോ. ബസ്സുകളുടെയോ മറ്റു വാഹനങ്ങളുടെയോ സ്ഥിതിവിവരങ്ങള്‍ അറിയിക്കുകയോ ചെയ്യേണ്ട അവസരത്തല്‍ അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കണം.
3. കാത്തിരിപ്പിന്റെ സാധ്യത പരിശോധിച്ച് ആ സന്ദര്‍ഭത്തെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുക. വായിക്കാനോ എഴുതാനോ വരക്കാനോ ഉള്ള സാമഗ്രികള്‍ കരുതുക.
4. കാത്തിരിപ്പില്‍ പ്രകോപിതരാവാതിരിക്കുക. കാത്തിരിപ്പ് തുടങ്ങിയാല്‍ ഫോണ്‍ വിളിച്ച് എത്ര വൈകാനിടയുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തുക. കാത്തിരിക്കുന്ന ആളിനെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്നത് കൂടുതല്‍ അസ്വസ്ഥമാക്കിയേക്കും, അതിനാല്‍ ആവേശകരമായ മറ്റെന്തെങ്കിലും ആലോചിക്കുക.
5. കാത്തിരിക്കുമ്പോള്‍ ഒരിക്കലും സ്വയം പഴിക്കരുത്. കാത്തിരിപ്പിനിടയില്‍ പുകവലിക്കുകയോ മുറുക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്.
6. കാത്തിരിപ്പ് നഷ്ടമാണെന്ന തോന്നല്‍ അവസാനിപ്പിച്ച് ലാഭകരവും പ്രയോജനപ്രദവുമായ അവസരമാണെന്ന് കരുതി അനുഭവിച്ചറിയുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top