സ്ത്രീകളും ഹ്രിദയാഘാതവും

ഡോ: എം.പി. മണി / ആരോഗ്യം No image

ഒരു അധ്യാപികയുടെ അനുഭവം പറയാം. നമുക്കവരെ മിസ്സിസ് നായര്‍ എന്ന് വിളിക്കാം. മിസ്സിസ് നായര്‍ക്ക് ഒരു ദിവസം വൈകുന്നേരം നെഞ്ചെരിച്ചില്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഓഫീസില്‍ ജോലിഭാരം കൂടുതലായതും അതോടനുബന്ധിച്ച് മാനസിക സംഘര്‍ഷം അനുഭവിച്ചതും സമയത്ത് ആഹാരം കഴിക്കാന്‍ കഴിയാതിരുന്നതും അവരോര്‍ത്തു. അതിന്റെ ഫലമായി ഉണ്ടായ 'ഗ്യാസ്' ആണെന്നായിരുന്നു അവരുടെ രോഗനിര്‍ണയം. ഏതായാലും നെഞ്ചില്‍ എരിച്ചിലാണല്ലോ, ഒന്ന് തണുപ്പിച്ചു നോക്കാം എന്ന തീരുമാനത്തില്‍ ഫ്രിഡ്ജില്‍ നിന്ന് നല്ല തണുത്ത വെള്ളം കുടിച്ചു. മിനുട്ടുകള്‍ പലതു കഴിഞ്ഞിട്ടും എരിച്ചില്‍ ശമിച്ചില്ല. ഒടുവില്‍ ഭര്‍ത്താവിനെയും കൂട്ടി ആശുപത്രിയില്‍ പോയി. ഇ.സി.ജി എടുത്തപ്പോഴാണ് ചിത്രം വ്യക്തമായത്. മിസ്സിസ് നായര്‍ക്ക് ലഘുവായ ഒരു ഹൃദയാഘാതം ഉണ്ടായിരിക്കുന്നു. അങ്ങനെ പത്തു ദിവസം അവര്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്തു. 

മിസ്സിസ് നായരുടെ കുടുംബത്തില്‍ പ്രമേഹത്തിന്റെ പാരമ്പര്യമുണ്ട്. ചിലര്‍ക്ക് ആസ്തമയുടെയും. അവരുടെ കുടുംബത്തില്‍ ചിലരൊക്കെ ഹൃദയാഘാതം മൂലം മരിച്ചിട്ടുണ്ട്.
മിസ്സിസ് നായര്‍, വേണ്ട സമയങ്ങളില്‍ ചില പരിശോധനകള്‍ നടത്തുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ഹൃദയാഘാതം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ചികിത്സയോടൊപ്പം ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്തേണ്ടതുണ്ട്. കൊഴുപ്പ് കുറഞ്ഞ ആഹാരം, വ്യായാമം, മാനസിക പിരിമുറുക്കം ഒഴിവാക്കല്‍ എന്നിവ പ്രധാനപ്പെട്ടവയാണ്.
സ്ത്രീകളില്‍ ഹൃദയാഘാതം കൂടിക്കൊണ്ടിരിക്കുകയാണ്. നാല്‍പത്തിയഞ്ചിനും അറുപത്തിയഞ്ചിനും വയസ്സിനിടക്ക് പ്രായമുള്ള സ്ത്രീകളില്‍ ഒമ്പതില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഹൃദയ ധമനീരോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട് എന്നാണറിയുന്നത്. ഏറ്റവും ദയനീയമായ കാര്യം, ഇവരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ വേണ്ട സമയത്ത് രോഗ നിര്‍ണയവും ചികിത്സയും ചെയ്യാന്‍ കഴിയുന്നുള്ളൂ എന്നതാണ്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നതും ഹൃദയാഘാതം മൂലമാണ്.
സ്ത്രീ സമൂഹം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒപ്പം ഡോക്ടര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും. ഭാരതത്തിലെ ചെറുപ്പക്കാരായ സ്ത്രീകളില്‍ പ്രമേഹവും കൂടുതലായി കാണാന്‍ തുടങ്ങിയിരിക്കുന്നു. പുരുഷന്മാര്‍ പുകവലിച്ച് ഊതി വിടുന്ന പുക ശ്വസിക്കുന്നതിന്റെ ഫലമായും സ്ത്രീകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ നെഞ്ച് വേദനയേക്കാള്‍ കൂടുതലായി സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില രോഗലക്ഷണങ്ങളുണ്ട്. പുറം വേദന, മോണയിലോ വയറ്റിനകത്തോ അനുഭവപ്പെടുന്ന വേദന, മനം പുരട്ടല്‍, ഛര്‍ദി എന്നിവയാണവ. നെഞ്ചില്‍ അസ്വസ്ഥതയോ വയറു വേദനയോ ഒപ്പം ശ്വാസോഛാസത്തിന് ബുദ്ധിമുട്ടും കൂടെ കൂടെ ശക്തിയായി വിയര്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഉടനെ ആശുപത്രിയിലെത്തിക്കണം.
ഹൃദയാഘാതം പുരുഷന്മാര്‍ക്ക് വരുന്നതാണെന്ന ധാരണ പലര്‍ക്കുമുണ്ട്. അതൊരു മിഥ്യാ ധാരണയാണ്. സ്ത്രീകളുടെ ഹൃയാഘാതം പല രീതിയിലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. അതിലൊരു കാരണം, ഹൃദയാഘാതത്തിന്റെ ഭാഗമായ അസ്വസ്ഥതയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. രണ്ടാമത്തെത്, പല സ്ത്രീകളും പെട്ടെന്ന് പുരുഷ ഡോക്ടര്‍മാരുടെ അടുത്ത് പോകാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. മൂന്നാമത്തെ കാരണം, സ്ത്രീകള്‍ ജോലിസ്ഥലത്തും വീട്ടിലും കൂടുതലായി മാനസിക സംഘര്‍ഷം അനുഭവിക്കുന്നു എന്നതാണ്. ഇതൊക്കെ സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദ്രോഗങ്ങളും ഹൃദയാഘാതങ്ങളും അറിവില്ലായ്മയുടെ ബാക്കി പത്രമാണ്. നല്ല ആരോഗ്യ ശീലങ്ങളിലൂടെ ഇതൊക്കെ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ.
സ്വന്തം ഹൃദയം ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ വേണ്ട കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് സ്വയം ചെയ്യാവുന്നതാണ്. ഉയര്‍ന്ന നിലയിലുള്ള കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും യുവതികളില്‍ പോലും കണ്ടുവരുന്നുണ്ട്. ഇതൊക്കെ ഇടക്കിടെ പരിശോധിക്കണം. ഡോക്ടറെ കാണുകയും വേണം. ആരോഗ്യത്തിന് ഗുണകരമല്ലാത്തതെല്ലാം ഒഴിവാക്കണം. വ്യായാമം ശീലിക്കണം. കുട്ടിക്കാലത്ത് തന്നെ ബേക്കറിയും കൂടിയ അളവില്‍ എണ്ണയും ഉപ്പും കഴിക്കാതിരിക്കണം.
നീണ്ടകാലം നിലനില്‍ക്കുന്ന നീര്‍ക്കെട്ടിന്റെ ഫലമായും ഹൃദയാഘാതമുണ്ടാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്. നീര്‍ക്കെട്ട് രക്തധമനികളില്‍ രൂപം കൊള്ളുകയും രക്തപ്രവാഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അത് നീണ്ട കാലം തുടരുകയും ചെയ്യുമ്പോള്‍ ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കാനുള്ള സാധ്യതയാണ് കൂടുന്നത്. രക്തധമനികളില്‍ നീര്‍ക്കെട്ട് നിലനില്‍ക്കുകയും രക്തപ്രവാഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അകാരണമായ ക്ഷീണം അനുഭവപ്പെടും. ഉറക്കത്തില്‍, പ്രത്യേകിച്ച് വെളുപ്പിന് രണ്ടു മണിക്ക് ശേഷം കാല്‍വണ്ണകളില്‍ ഉരുണ്ടു കയറ്റമുണ്ടാകുന്നത് വേറൊരു മുന്നറിയിപ്പാണ്. ഇങ്ങനെ തുടര്‍ച്ചയായി അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണണം. വേണ്ട പ്രതിവിധികള്‍ സ്വീകരിക്കുകയും വേണം. ഇതൊക്കെ പരിഹരിക്കാന്‍ വേണ്ട അറിവുകള്‍ ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ട്.

 

ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍

¨ രാവിലെ 20 മിനുട്ടെങ്കിലും നടക്കുക.
¨ രാവിലെ ആഹാരം ഏത്തപ്പഴം വേവിച്ചതാക്കുക.
¨ ആഹാരത്തോടൊപ്പം കാപ്പി, ചായ, വെള്ളം എന്നിവ കുടിക്കാതിരിക്കുക. ഒരു മണിക്കൂര്‍ മുമ്പോ ശേഷമോ ആകാം.
¨ രണ്ട് ടീസ്പൂണ്‍ ഉലുവ പതിവായി വേവിച്ച് കഴിക്കുക.
¨ ഉച്ചക്കോ രാത്രിയോ ആഹാരത്തോടൊപ്പം ഇരുപത് അല്ലി വെളുത്തുള്ളി വേവിച്ചു കഴിക്കുക.
¨ഇഞ്ചിയോ പച്ചമഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കാനുപയോഗിക്കുക.
¨പച്ചമോര്, തൈര്, അച്ചാറ്, പപ്പടം, ബേക്കറി, വറുത്തതും പൊരിച്ചതും, മുട്ടയുടെ മഞ്ഞ, കോഴി ഒഴികെയുള്ള മാംസം, മൈദ, ഉണക്ക മത്സ്യം, ചോക്കലേറ്റ്, കോളാ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക.
¨ഉപ്പ് കഴിയുന്നത്ര ഒഴിവാക്കുക.
¨രാത്രി ഉറക്കമൊഴിക്കാതിരിക്കുക.
¨മാനസിക സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
¨തമാശകള്‍ പറയുകയും കേള്‍ക്കുകയും കാണുകയും വായിക്കുകയും ധാരാളം ചിരിക്കുകയും ചെയ്യുക.
¨വെറുപ്പ്, വിദ്വേഷം, അസൂയ എന്നിവക്ക് മനസ്സില്‍ സ്ഥാനം കൊടുക്കാതിരിക്കുക.
¨ദിവസവും വൈകുന്നേരം ചൂടുവെള്ളത്തില്‍ യുക്കാലിപ്‌സ് തൈലമോ പുല്‍തൈലമോ അല്‍പം ഒഴിച്ച് തുണി മുക്കി ശരീരം മുഴുവന്‍ തുടക്കുക.
¨കുളികഴിഞ്ഞ ഉടനെ അല്‍പം ചൂടുവെള്ളം കുടിക്കുക.
¨ജീവിതത്തില്‍ വിശുദ്ധി പാലിക്കുക.
¨ശരിയായ രീതിയില്‍ പ്രാര്‍ഥിക്കുക.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top