എഴു പെണ്‍കുട്ടികള്‍

റഹ്‌മാൻ മുന്നൂർ
2013 ജൂണ്‍

കഥ ഇതുവരെ
അമീര്‍ സലാഹുദ്ദീന്‍ ഈജിപ്തിന്റെ ഗവര്‍ണറും സര്‍വ സൈന്യാധിപനുമായി വരുന്നത് ഈജിപ്ഷ്യന്‍ പ്രതിരോധ സേനക്കും അതിന്റെ തലവനായ അമീര്‍ നാജിക്കും ഇഷ്ടപ്പെട്ടില്ല. കുരിശു പടയുമായി സഹകരിച്ച് അവര്‍ സലാഹുദ്ദീനെതിരെ കലാപം ആസൂത്രണം ചെയ്യുന്നു. നാജി കുരിശു പടക്കയച്ച രഹസ്യ സന്ദേശം പിടിച്ചെടുത്ത സലാഹുദ്ദീന്‍ അദ്ദേഹത്തിന് വധശിക്ഷ നല്‍കി. നാജിയുടെ ക്ഷണപ്രകാരം ഈജിപ്തിനെ അക്രമിക്കാനെത്തിയ കുരിശുപട റോമന്‍ കടല്‍ത്തീരത്ത് നിശ്ശേഷം തകര്‍ക്കപ്പെടുന്നു. കുരിശുപട ചാരപ്രവര്‍ത്തനത്തിനു നിയോഗിച്ച ഏഴുപെണ്‍കുട്ടികള്‍ സലാഹുദ്ദീന്റെ പട്ടാള ക്യാമ്പിലെത്തുകയും രാത്രി സലാഹുദ്ദീന്റെ ഒരു പടയാളിയോടൊപ്പം കയ്‌റോവിലേക്ക് ഒളിച്ചോടുകയും ചെയ്യുന്നു. അവരെ പിന്തുടര്‍ന്ന് കൊണ്ട് സലാഹുദ്ദീന്റെ രഹസ്യാന്വേഷണ ഓഫീസര്‍ അലിയ്യുബ്‌നു സുഫ്‌യാന്‍ കയ്‌റോവിലെത്തുന്നു. ഫഖ്‌റുല്‍ മിസരിയെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി അലിയ്യ്ബ്‌നു സഫ്‌യാന്റെ മുമ്പില്‍ ഹാജരാക്കി. എന്നാല്‍ മോബിയെ കണ്ടെത്താനായില്ല. അതിനിടെ സുഡാനി സൈന്യം കലാപത്തിന് തയ്യാറെടുത്ത് കഴിഞ്ഞിരുന്നു.
തുടര്‍ന്ന് വായിക്കുക.

കാഴ്ച: പതിനാറ്
കൈറോ നഗരവീഥിയിലൂടെ ഗംഭീരമായ ഒരു സൈനിക ഘോഷയാത്ര കടന്നുപോവുകയാണ്. സുഡാനി സൈന്യത്തിന് പകരമായി ഈജിപ്തുകാരായ പടയാളികളെ ഉള്‍പെടുത്തി സലാഹുദ്ദീന്‍ അയ്യൂബി സംഘടിപ്പിച്ച പുതിയ സൈന്യമാണത്. അലിയ്യുബ്‌നു സുഫ്‌യാന്‍, അലി സാലിഹ് തുടങ്ങിയ ഉയര്‍ന്ന പടനായകര്‍ ഘോഷയാത്രയുടെ മുന്‍നിരയില്‍ തന്നെയുണ്ട്. അവര്‍ക്ക് പിറകിലായി കുതിരപ്പട, ഒട്ടകപ്പട, കാലാള്‍പ്പട, ആയുധ സാമഗ്രികളും ഭക്ഷണ പദാര്‍ത്ഥങ്ങളും വഹിക്കുന്ന മൃഗങ്ങള്‍ തുടങ്ങിയവ. ഘോഷയാത്രക്ക് കൊഴുപ്പേകാന്‍ ബാന്റും കുഴല്‍ വാദ്യങ്ങളുമുണ്ട്. പടായാളികളുടെ എണ്ണം കുറവാണെങ്കിലും സൈന്യത്തിന്റെ ഗാംഭീര്യം ആരിലും ഭയം ജനിപ്പിക്കും. അവരുടെ അച്ചടക്കവും ആത്മവിശ്വാസവും ആരുടെയും ശ്രദ്ധപിടിച്ചെടുക്കും.
തെരുവിന്റെ ഇരുവശങ്ങളില്‍ തിങ്ങിനിറഞ്ഞ ആബാലവൃദ്ധം ജനങ്ങള്‍ കൈകള്‍ വീശി സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചു. അവര്‍ ഉച്ചത്തില്‍ തക്ബീര്‍ മുഴക്കുകയും, സലാഹുദ്ദീന്‍ അയ്യൂബി സിന്ദാബാദ്, നൂറുദ്ദീന്‍ സങ്കി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുകയും ചെയ്തു. പര്‍ദയണിഞ്ഞ പെണ്ണുങ്ങള്‍ കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് പുഷ്പങ്ങള്‍ വര്‍ഷിച്ചും തൂവാലകള്‍ വീശിയും പടയാളികള്‍ക്ക് ആവേശം പകര്‍ന്നു.
തങ്ങളുടെ പുതിയ സൈന്യത്തിന്റെ ഒരു പരേഡ് ആദ്യമായാണ് നഗരവാസികള്‍ കാണുന്നത്. സുഡാനി സൈന്യത്തിനില്ലാത്ത കരുത്തും ആത്മബലവും ഈ ഈജിപ്ഷ്യന്‍ സൈന്യത്തിന് ഉള്ളതായി അവര്‍ക്ക് തോന്നി. സൈന്യത്തോടൊപ്പം സലാഹുദ്ദീനെക്കൂടി അവര്‍ പ്രതീക്ഷിച്ചുവെങ്കിലും അദ്ദേഹം അക്കൂട്ടത്തിലുണ്ടായിരുന്നില്ല. കടല്‍ത്തീരത്തുള്ള സൈന്യത്തോടൊപ്പമാണ് അദ്ദേഹം എന്നാണ് അവര്‍ക്ക് അറിയാന്‍ സാധിച്ചത്. വാസ്തവത്തില്‍, സുഡാനി സൈന്യത്തിന്റെ കലാപ ശ്രമങ്ങള്‍ അടിച്ചമര്‍ത്താനുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം കൈറോയില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ അതീവ രഹസ്യമാക്കി വെച്ചിരിക്കയായിരുന്നു അക്കാര്യം .
ഘോഷയാത്ര മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ സൈന്യം നൈല്‍ നദീയുടെ തീരത്തുള്ള ഒരു പ്രത്യേക സ്ഥലത്തേക്ക് യുദ്ധ പരിശീലനത്തിന് പോവുകയാണെന്ന വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു കൊണ്ടിരുന്നു. രഹസ്യ വകുപ്പിലെ ജീവനക്കാരായിരുന്നു പ്രസ്തുത പ്രചാരണത്തിന് പിന്നില്‍. കലാപത്തിന് കച്ചകെട്ടി നില്‍ക്കുന്ന സുഡാനി സൈന്യത്തെ വഴിതെറ്റിക്കാനുള്ള അലിയ്യുബ്‌നു സുഫ്‌യാന്റെ തന്ത്രമായിരുന്നു അത്.
ഘോഷയാത്ര നഗര കവാടം കടന്നു. പിന്നില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അത് അകന്നകന്നു പോയി. അവര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ ജനങ്ങള്‍ കൈകള്‍ വീശിക്കൊണ്ട് അവര്‍ക്ക് യാത്രാ മംഗളം നേര്‍ന്നുകൊണ്ടിരുന്നു.
കാഴ്ച: പതിനേഴ്
പാതിരാ കൂരിരുട്ടില്‍ പുതഞ്ഞു കിടക്കുന്ന നൈല്‍ നദീതീരം. നദിയില്‍ ആയുധങ്ങളുമായി കാവല്‍ നില്‍ക്കുന്ന വള്ളങ്ങള്‍. കരയില്‍ മൈലുകള്‍ നീളത്തില്‍ നിരനിരയായി നിര്‍മിച്ചു വെച്ച കൂടാരങ്ങള്‍. അനയുടെ ഒരു ഭാഗത്ത് പാറക്കൂട്ടങ്ങള്‍ക്ക് പിന്നില്‍ മറവില്‍ പതുങ്ങി നില്‍ക്കുകയാണ് ഈജിപ്ഷ്യന്‍ സൈന്യം. സലാഹുദ്ദീന്‍ അയ്യൂബിയുമുണ്ട് അവര്‍ക്കിടയില്‍.
സുഡാനി സൈന്യം ഇരുട്ടിന്റെ മറവില്‍ പതുങ്ങിയെത്തി അല്‍പം അകലെ ഒളിച്ചിരിക്കുന്നുണ്ട്. അവരുടെ അടക്കം പറച്ചിലുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. സലാഹുദ്ദീനും അദ്ദേഹത്തിന്റെ യോദ്ധാക്കളും, പകലിലെ പരിശീലനങ്ങള്‍ കഴിഞ്ഞ് കൂടാരങ്ങളില്‍ തളര്‍ന്നുറങ്ങുകയായിരിക്കുമെന്നാണ് അവരുടെ വിചാരം. ഒരൊറ്റ മുന്നേറ്റത്തില്‍ എല്ലാവരുടെയും കഥകഴിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ കൂടാരങ്ങള്‍ക്കുള്ളില്‍ ഒറ്റ പടയാളി പോലുമില്ല. ഉണങ്ങിയ വൈക്കോല്‍ കറ്റകളാണ് അവ നിറച്ചും. സലാഹുദ്ദീനും യോദ്ധാക്കളും സുഡാനി സൈന്യത്തിന്റെ ആക്രമണം പ്രതീക്ഷിച്ച് പാറക്കൂട്ടങ്ങള്‍ക്ക് പിറകില്‍ ഒളിച്ചിരിക്കുകയാണ്. സമയം പാതിരാത്രി പിന്നിട്ടു. സുഡാനി സൈന്യം വെട്ടു കിളികളെ പ്പോലെ കൂടാരങ്ങളിലേക്ക് ഇരമ്പിക്കേറി. പൊടുന്നനെ നദിയിലെ വള്ളങ്ങളില്‍ നിന്നും കരയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നും നൂറുകണക്കിന് തീപ്പന്തങ്ങളും മണ്ണെണ്ണയില്‍ മുക്കിയ തുണിപ്പന്തങ്ങളും കൂടാരങ്ങള്‍ക്ക് മുകളില്‍ പറന്നു വീഴാന്‍ തുടങ്ങി. കൂടാരങ്ങളില്‍ തീ ആളിപ്പടര്‍ന്നു. അവക്കുള്ളില്‍ നിന്ന് മനുഷ്യരുടെയും കുതിരകളുടെയും ആര്‍ത്തനാദങ്ങളുയര്‍ന്നു. ആകാശം മുട്ടിയ അഗ്നിനാളങ്ങളില്‍ രാത്രിയുടെ കരിമ്പടം കരിഞ്ഞു ചാമ്പലായി.
കാഴ്ച: പതിനെട്ട്
പാതിരാത്രിയില്‍ വമ്പിച്ച ബഹളം കേട്ട് കൈറോ നഗരം ഞെട്ടിയുണര്‍ന്നു. അമ്പരപ്പോടെ പുറത്തിറങ്ങിയ ജനങ്ങള്‍ അകലെ നൈലിന്റെ തീരത്ത് തീയും പുകയും ഉയരുന്നത് കണ്ടു. നഗരവീഥിയിലൂടെ ആയിരക്കണക്കിന് പട്ടാളക്കാര്‍ പാഞ്ഞുപോകുന്ന ശബ്ദം. സുഡാനി പട്ടാളത്തിന്റെ ഹെഡ്‌കോര്‍ട്ടേഴ്‌സിന്റെ ഭാഗത്ത് നിന്ന് വമ്പിച്ച ആര്‍പ്പുവിളികളും അട്ടഹാസങ്ങളും ഉയരുന്നുണ്ട്. യുദ്ധപരിശീലനമല്ല യഥാര്‍ഥ യുദ്ധം തന്നെ തുടങ്ങിക്കഴിഞ്ഞതായി ജനം മനസ്സിലാക്കി. പെട്ടെന്ന് വീടകങ്ങളിലേക്ക് പിന്‍വലിഞ്ഞ അവര്‍ കൈയില്‍കിട്ടിയ സാധനങ്ങളുമെടുത്ത് ഭയവിഹ്വലരായി തെരുവിലിറങ്ങി ഓടാന്‍ തുടങ്ങി.
കാഴ്ച
സലാഹുദ്ദീന്‍ അയ്യൂബിയുടെ കൊട്ടാര അങ്കണം. സുഡാനി സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കുറ്റവാളികളെപ്പോലെ തലകുനിച്ച് നില്‍ക്കുന്നു. അവരുടെ മുന്നില്‍ അല്‍പമകലെയായി നിലത്ത് അവരുടെ ആയുധങ്ങള്‍ നിരത്തി വെച്ചിട്ടുണ്ട്. പടത്തലവന്മാരുടെ മുഖങ്ങളില്‍ ഭയം പ്രകടമാണ്. സലാഹുദ്ദീന്‍ തങ്ങള്‍ക്ക് എന്ത് ശിക്ഷയായിരിക്കും തരാന്‍ പോകുന്നതെന്ന ആശങ്കയില്‍ പിടക്കുകയാണ് അവരുടെ ഹൃദയങ്ങള്‍. അല്‍പ നേരം കഴിഞ്ഞ് സലാഹുദ്ദീനും അലിയ്യുബ്‌നു സുഫ്‌യാനും അവരുടെ മുമ്പിലേക്ക് നടന്നു വന്നു.
സ.അ: നിങ്ങള്‍ക്കെതിരെ ഞാന്‍ കൈക്കൊണ്ട സൈനിക തന്ത്രം അല്‍പം കടന്നകൈയായിപ്പോയി എന്ന് എനിക്കറിയാം. അതല്ലാതെ എന്റെ മുമ്പില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. അമ്പതിനായിരം വരുന്ന നിങ്ങളുടെ സൈന്യത്തിന് കനത്ത ഒരു പ്രഹരം ആവശ്യമായിരുന്നു. നിങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ എത്ര ഗുരുതരമാണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് അതിനുള്ള ശിക്ഷ എന്താണെന്നും അറിയാത്തവരല്ല നിങ്ങള്‍. പക്ഷേ, അക്കാര്യം ഇപ്പോള്‍ ഞാന്‍ ആല്ലാഹുവിന് വിടുകയാണ്. അവന്റെ നീതിയാണല്ലോ യഥാര്‍ഥ നീതി. പക്ഷേ, ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. നിങ്ങളെ സൈന്യത്തില്‍ വെച്ചുപൊറുപ്പിക്കാന്‍ പറ്റുകയില്ല. അതിനാല്‍ ഇനിയുള്ള കാലം നിങ്ങള്‍ കൃഷിചെയ്ത് ജീവിക്കണം എന്നാണ് നാം തീരുമാനിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും കൃഷിചെയ്യാനുള്ള ഭൂമി പതിച്ചു നല്‍കുന്നതായിരിക്കും. എന്നാല്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നിങ്ങള്‍ക്ക് തടവുകാരായി കഴിയേണ്ടി വരും. സുഡാനി സൈന്യത്തിലെ സാധാരണ പടയാളികള്‍ക്ക് നാം പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ക്ക് വേണമെങ്കില്‍ പുതിയ സൈന്യത്തില്‍ ചേര്‍ന്ന് ഇസ്‌ലാമിനെ സേവിക്കാം. അല്ലെങ്കില്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി സ്വന്തമായി ജീവിതമാര്‍ഗം കണ്ടെത്താം. നിങ്ങള്‍ വീടുകളിലേക്ക് മടങ്ങിപ്പോയ ശേഷം രാജ്യദ്രോഹപരമായ വല്ല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടതായി നമുക്ക് വിവരം ലഭിച്ചാല്‍, മനസ്സിലാക്കിക്കൊള്ളുക, അത് നിങ്ങളുടെ ജീവിതത്തിന്റെ അവസാനമായിരിക്കും. അതിനാല്‍ സര്‍ക്കാര്‍ പതിച്ചു നല്‍കുന്ന ഭൂമിയില്‍ കൃഷിനടത്തി രാജ്യത്തിനും ദീനിനും ഉപകാരമുള്ള മനുഷ്യരായി ജീവിക്കുക.
അത്രയും പറഞ്ഞ് സലാഹുദ്ദീനും അദ്ദേഹത്തോടൊപ്പം അലിയ്യ്ബ്‌നു സുഫ്‌യാനും കൊട്ടാരത്തിലേക്ക് നടന്നു.
കാഴ്ച: പത്തൊന്‍പത്
സലാഹുദ്ദീന്‍ അയ്യൂബിയും അലിയ്യ്ബ്‌നു സുഫ്‌യാനും സംസാരിച്ചുകൊണ്ട് കൊട്ടാരത്തിന്റെ പടിവാതില്‍ക്കല്‍ എത്തി.
സ.അ: അങ്ങനെ സുഡാനി പട്ടാളത്തെക്കൊണ്ടുള്ള തലവേദന അവസാനിച്ചു എന്ന് കരുതാം. അടുത്ത നീക്കം എന്താണ് , അമീര്‍.
സ.അ: ആ ചാരപ്പെണ്‍കുട്ടികളുടെയും അവരുടെ സുഹൃത്തുക്കളുടെയും കാര്യം നമ്മള്‍ മറന്നു. അവര്‍ ഇപ്പോഴും കടല്‍ത്തീരത്ത് തന്നെയാണ്. അവരെ എത്രയും വേഗം ഇവിടെ എത്തിക്കണം
അ.സു: ഞാന്‍ ഇപ്പോള്‍ തന്നെ സന്ദേശം അയക്കാം. അവിടെയുള്ള നമ്മുടെ ഭടന്മാര്‍ അവരെ കൊണ്ട് വരും
സ.അ: പിന്നെ ആ ഏഴാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തണം. അവളെക്കുറിച്ച് പിന്നീടെന്തെങ്കിലും വിവരം ലഭിക്കുകയുണ്ടയോ?
അ.സു: കൈറോയില്‍ എത്തിയശേഷം അവള്‍ താമസിച്ചിരുന്നത് സുഡാനി പടത്തലവന്‍ ബാലിയാന്റെ കൂടെയാണെന്ന് അറിവായിട്ടുണ്ട്. ബാലിയാനെ ഞാന്‍ എല്ലായിടത്തും തിരക്കുകയുണ്ടായി. പക്ഷേ കണ്ടെത്താനായില്ല. കീഴടങ്ങിയ പട്ടാളക്കാര്‍ക്കിടയില്‍ അയാളില്ല. മരിച്ചവരുടെ കൂട്ടത്തിലുമില്ല. ഞാന്‍ സംശയിക്കുന്നത്..
സ.അ: പറയൂ. എന്താണ് താങ്കളുടെ സംശയം?
അ.സു: അയാള്‍ ആ പെണ്‍ കുട്ടിയോടൊപ്പം ഒളിച്ചോടിയിട്ടുണ്ടാവും. പക്ഷെ..എങ്ങോട്ട്?
സ.അ: അവര്‍ ഒളിച്ചോടിയതാണെങ്കില്‍ അത് സമുദ്രതീരത്തേക്കായിരിക്കും. കടല്‍ കടക്കുന്നതിന് മുമ്പ് അവരെ പിടികൂടണം. അക്കാര്യം താങ്കളെത്തന്നെ ചുമതലപ്പെടുത്തുന്നു. ആവശ്യമുള്ള ഭടന്മാരെയും കൂട്ടി പുറപ്പെട്ടുകൊള്ളുക... ഇപ്പോള്‍തന്നെ.
അ.സു: ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു അമീര്‍..
(തുടരും)


.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media