മഴരസങ്ങള്‍

ബിശാറ മുജീബ്‌ No image

മഴ പലര്‍ക്കും പലതാണ്. മഴയനുഭൂതികള്‍ മഴപോലെ നനുത്തതാണ്. മഴയൊരുക്കങ്ങള്‍ മറക്കാതെ നടത്തിയില്ലെങ്കില്‍ പെടാപാടായിരിക്കും. വെറുതെ ഇറയത്ത് നിന്ന് മഴ നോക്കി മെല്ലെ മുറ്റത്തിറങ്ങിയൊന്ന് നനഞ്ഞില്ലെങ്കില്‍ നഷ്ടം തന്നെ. മഴയുടെ സംഗീതവും രോഷവും ഇടിമുഴക്കവും മിന്നല്‍ പ്രകാശവും അവളുടെ മാറ്റ് കൂട്ടുന്നു.
സ്‌കൂള്‍ തുറക്കാറായെന്നറിയിച്ചിരുന്നത് തിമിര്‍ത്ത് പെയ്യുന്ന മഴയല്ലായിരുന്നോ? ഇപ്പോള്‍ അവള്‍ക്ക് വയസ്സായോ എന്തോ, പറഞ്ഞുവെച്ച സമയത്തൊന്നും അവളെ കാണാറേയില്ല. വേനലാകട്ടെ കൂടുതല്‍ യുവത്വത്തിലേക്കുള്ള പ്രയാണത്തിലുമാണ്.
ഇന്നത്തെ വിരലോളം വലിപ്പമുള്ള കുഞ്ഞു വലിയ കുടക്ക് പകരം അന്ന് കൈയില്‍ നീളന്‍കുടയായിരുന്നു. ഒന്നിച്ച് കുടയും ചൂടി, നനയാതിരിക്കാന്‍ സഞ്ചിയില്‍ ഒളിപ്പിച്ച പുസ്തകങ്ങളെ മാറോടണച്ച് നടന്നുപോകുമ്പോള്‍ സ്‌കൂളിലേക്കുള്ള വഴി തീര്‍ന്നുപോവരുതേ എന്നായിരുന്നു കൊതിച്ചത്. വഴിയിലെവിടെയെങ്കിലും വെള്ളം കെട്ടി നില്‍ക്കുന്നത് കാണുമ്പോഴേക്കും ഓടിച്ചെന്ന് അതൊന്ന് തട്ടിത്തെറിപ്പിക്കാതെ മുന്നോട്ട് പോകാനാവുമായിരുന്നില്ല. കുടയടി പതിവായിരുന്നു. കൂട്ടുകാരുടെ കുടക്കിട്ട് കിഴുക്കിയതുകൊണ്ട് എന്നും തുന്നുവിട്ട കുടയുമായി വീട്ടിലെത്തുമ്പോള്‍ ഉമ്മയൊന്നു കണ്ണുരുട്ടുമായിരുന്നെങ്കിലും ഒരു സൂചിയും നൂലും എന്റെ കുട നന്നാക്കാനായി മാത്രം കരുതിയിരുന്നു എന്റെ ഉമ്മ.
മഴയോടൊപ്പമുള്ള കാറ്റിന് എതിരെ കുട പിടിക്കുന്നതിന് പകരം അതേ ദിശയില്‍ കുട പിടിച്ച് ചെറുതായൊന്ന് പറക്കാന്‍ കഴിഞ്ഞതും പാടത്തെ ചെളിയില്‍ മുഖമടിച്ച് വീണതും മറക്കാനേ കഴിയില്ല. നിറഞ്ഞൊഴുകിയിരുന്ന തോടുകളില്‍ പുസ്തകസഞ്ചി സഹിതം അറിഞ്ഞുകൊണ്ട് വീണത് അന്നത്തെ മാത്രം രസമാണ്. മാഷ് ക്ലാസ്സെടുക്കെ പൊട്ടിയ ഓടിനുള്ളിലൂടെ കിനിഞ്ഞെത്തുന്ന മഴവെള്ളം ക്ലാസ്സില്‍ കുട തുറന്ന് തിരിച്ചുവെച്ച് ശേഖരിക്കാറുണ്ടായിരുന്നു. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ ബോധപൂര്‍വം കുട മറന്നത് കാരണം നനഞ്ഞൊലിച്ച് പുസ്തകം മാറോടണച്ച് വീട്ടിലേക്ക് കയറുന്നതിനു മുമ്പുതന്നെ വല്യുമ്മ പറയും: 'ങ്ങളാ ബുക്ക് വാങ്ങി അടുപ്പുംതണമല് വെച്ചൊന്ന് ഒണക്കിക്കൊടുക്ക്.'
വറുതിയുടെ കാലമാണ് മഴക്കാലമെന്ന് മനുഷ്യര്‍ക്ക് മാത്രമല്ല മറ്റുജീവജാലങ്ങള്‍ക്കും അറിയാമായിരിക്കാം. കാറ്റടിക്കുമ്പോഴേക്കും മാവിന്‍ചോട്ടിലേക്ക് മറ്റാരും എത്തുന്നതിനുമുമ്പെത്താനായി ഓടിനോക്കിയാല്‍ കാണാം, ഒരുപാടുപേര്‍ അപ്പോഴേക്കും ഹാജരായിട്ടുണ്ടാവും. അണ്ണാനും മറ്റുപക്ഷികളും മാവിനുമുകളിലുമുണ്ടാവും. ഞങ്ങള്‍ പോയാലും അവരവിടെത്തന്നെയുണ്ടാവും. അണ്ണാന്‍ ബാക്കിവരുന്ന മാങ്ങയണ്ടി പോലുമെടുത്ത് മരത്തിലേക്ക് കയറുന്നത് കണ്ട് അതിന്റെ ഒരു ആര്‍ത്തിയെന്ന് പറഞ്ഞപ്പോഴാണ് ഉപ്പ പറഞ്ഞത്: 'അത് വറുതിക്കാലത്തേക്ക് കരുതിവെക്കാനാണെന്ന്.' മീനില്ലാതെ ചോറേ തിന്നില്ലെന്ന് വാശിപിടിക്കാറുണ്ടായിരുന്ന കുഞ്ഞനിയത്തിയും വല്യുമ്മയുമെല്ലാം മഴക്കാലത്ത് സഹിച്ചേ പറ്റുമായിരുന്നുള്ളൂ. പെരുമഴ മീന്‍പിടുത്തക്കാരെ കടലിലിറങ്ങാന്‍ സമ്മതിക്കാത്തതിനാല്‍ മീന്‍കാരന്‍ കമ്മുക്കാനെ കാണാനേ കഴിയില്ല. പവര്‍കട്ടിന് മാത്രം പോകുമായിരുന്ന കറന്റ് ഇക്കാലത്ത് അപൂര്‍വമായേ വന്ന് നോക്കുക പോലും ചെയ്യൂ. മാത്രമല്ല പുഞ്ചപ്പാടത്ത് വെള്ളം കയറിയപ്പോള്‍ നീന്തിക്കളിക്കാന്‍ പോയി കറന്റ് കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച കുട്ടിയെപ്പോലെ ഒരുപാടനുഭവങ്ങള്‍ മഴക്കാലത്തെ വറുതിയായി ഓര്‍ക്കാനുണ്ട്. സ്‌കൂളിലേക്ക് റോട്ടിലൂടെ തോണിയിലില്‍ കയറി പോയതും രാവിലെ പോകുമ്പോള്‍ മുട്ടോളം നിന്നിരുന്ന വെള്ളം വൈകുന്നേരമാവുമ്പോഴേക്കും കഴുത്തറ്റമായതും ഇനി വെറും ഓര്‍മകള്‍ മാത്രം.
വേനല്‍ കെടുതികള്‍ക്കൊടുവില്‍ മഴക്കുവേണ്ടി കേണുകൊണ്ടിരിക്കുമ്പോള്‍ വേനല്‍മഴയൊന്നു പൊടിഞ്ഞാല്‍ മതി, മണ്ണിന്റെ മനം തുടിപ്പിക്കുന്ന മണം വരും. നല്ല കോഴിക്കോടന്‍ ബിരിയാണിയുടെ മണത്തേക്കാള്‍ വലിയൊരു അനുഭൂതിയാണത്. അന്ന് രാത്രി വല്യുമ്മ ഒരു വട്ടപ്പാത്രത്തില്‍ കുറച്ച് വെള്ളമാക്കി കാലുനീളമുള്ള വിളക്ക് കത്തിച്ച് വെക്കും. പുതുമഴയില്‍ പൊടിയുന്ന പാറ്റയെ തുരത്താനായിരുന്നു അത്. ഒരു ചെറിയ കുഴിയില്‍ നിന്ന് വളരെ വേഗത്തില്‍ നിരയായി പൊടിഞ്ഞ് വരുന്ന അവയെ കാണാന്‍ നല്ല ഭംഗിയാണ്. വെറും ഇരുപതോ മുപ്പതോ മിനിട്ട് മാത്രം ആയുസ്സുള്ള ഒരു പാവം ജീവി. പാറ്റകളെ രക്ഷിക്കാന്‍ പലപ്പോഴും വല്യുമ്മ കാണാതെ വിളക്ക് ഊതാറുണ്ടായിരുന്നു. അപ്പോഴേക്കും പാത്രത്തിലെ വെള്ളം പുറത്ത് കാണാത്ത വിധം കൊതിയോടെ വിളക്കിനു ചുററും പാറിനടന്ന ചിറകറ്റ പാറ്റകള്‍ അതില്‍ നിറഞ്ഞിട്ടുണ്ടാവും.
ലൈബ്രറിയില്‍ ഏറ്റവും കൂടുതല്‍ കയറിയിറങ്ങിയിരുന്നത് മഴക്കാലത്തായിരുന്നു. ഒഴിവുദിനങ്ങളിലെ മഴ തുടങ്ങുമ്പോള്‍ തന്നെ നേരിട്ടോ ജനല്‍ തുറന്നോ മഴ കാണാന്‍ കഴിയുന്ന ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് മറ്റാരും സ്ഥലം പിടിക്കുന്നതിനു മുമ്പേ ബുക്കുമെടുത്ത് ഓടും. നല്ലനല്ല പുസ്തകങ്ങളെടുത്ത് ഒരുപാടുറക്കെ വായിക്കാന്‍ അന്ന് വലിയ ഇഷ്ടമായിരുന്നു. മഴയുടെ ഒച്ചപ്പാടിനൊപ്പം വായനക്കിടയില്‍ ഉറക്കെ ചിരിക്കാനും കരയാനും ആരെയും പേടിക്കേണ്ടതില്ലായിരുന്നു. അതിനുമുമ്പ് വായനക്കിടയിലെ ഉണര്‍വിനും മഴക്കാലത്തെ ഒടുക്കത്തെ വിശപ്പ് അഡ്ജസ്റ്റ് ചെയ്യാനും തല്ക്കാലം സ്റ്റോര്‍ റൂമില്‍ കയറി എന്തെങ്കിലുമൊക്കെ ആരും കാണാതെ കടലാസില്‍ പൊതിഞ്ഞെടുക്കുമായിരുന്നു.
മഴയുടെ നാനാഭാവങ്ങള്‍ എനിക്ക് ജീവിതത്തിലെ നിറസാനിധ്യമായാണ് അനുഭവപ്പെട്ടിരുന്നത്. അതുപോലെയായിരിക്കും മിക്ക മലയാളികളും. മലയാളിയുടെ എഴുത്തില്‍ മഴയുടെ സമൃദ്ധി കാണാം. അതിലൊട്ടൊക്കെ വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തകഴി, ടി.പത്മനാഭന്‍, എം.ടി, എസ്.വി വേണുഗോപാലന്‍ നായര്‍, ആനന്ദ് തുടങ്ങി എഴുത്തില്‍ മഴ പെയ്യിച്ച സാഹിത്യകാരന്മാര്‍ ഒട്ടേറെയാണ്. ബ്ലോഗിലും ഫേസ്ബുക്കിലും മഴക്ക് വലിയൊരിടം തന്നെയുണ്ട്. പലതും എഴുതിയവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവ വേറിട്ടു നില്‍ക്കുന്നു.
'റോഡുകളിലൂടെ വെളുത്ത നുര
പടര്‍ത്തി മഴവെള്ളം ഒലിച്ചുപോകുന്നില്ല.
കടലാസുതോണി കളിക്കാന്‍ കാത്തുനില്‍ക്കാതെ
ടാര്‍ റോഡുകളില്‍ വീണ് മഴവെള്ളം
പേടിച്ചോടുന്നു.
മഴ മണ്ണില്‍ വീണ് ചിരിക്കുന്നില്ല
വിലപിച്ച മണ്ണിന്റെ ഭാരമകറ്റുന്നില്ല.
എന്നിട്ടും മഴ പെയ്യുന്നു.'
മഴ പ്രത്യാശയായി കാണുന്നവരാണേറെയും. പലരും ഇടിമിന്നലിനെ പേടിസ്വപ്നമായി കാണുന്നുണ്ടെങ്കിലും ടി.പത്മനാഭന്റെ കഥയിലത് ഇരുട്ടുനിറഞ്ഞ ജീവിതത്തിലെ പ്രകാശം പരത്തുന്ന കൊള്ളിമീനാണ്. തകഴി തന്റെ 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയില്‍ വെള്ളം കയറുമ്പോള്‍ വള്ളത്തില്‍ കയറി മോഷ്ടിക്കാനിറങ്ങുന്ന ആളുകളെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ വേണുഗോപാലന്‍ നായര്‍ എഴുതിയത് ഇങ്ങനെയാണ്- ''വള്ളത്തീക്കേറി ചെറുബാല്യക്കാര് ഞങ്ങള് ഊരു ചുറ്റും. വാഴക്കൊലയും കൊലകൊലയായി തേങ്ങയും പാക്കും വെട്ടി വള്ളത്തിലിടും. വെള്ളം വിഴുങ്ങിയ ഭൂമിക്ക് അതിരുണ്ടോ, വരമ്പുണ്ടോ.''
എന്‍.പി മുഹമ്മദിന്റെ കഥ വായിച്ചപ്പോള്‍ മനസ്സിലത് തുള്ളിയായി തുടങ്ങി പെരുമഴയായി പെയ്ത് തോര്‍ന്ന പ്രതീതിയായിരുന്നു. ''പെട്ടെന്ന് വീണ്ടുമൊരു മഴ. അലറിവരുന്ന നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയില്‍ നിന്ന് വെള്ളം മുറ്റത്തേക്ക് തെറിച്ചുകൊണ്ടിരിക്കുന്നു. ഇറയില്‍ നിന്ന് വീഴുന്ന മഴനാരുകള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാട പോലെ. പിന്നെ വെളളം പതുക്കെ പതുക്കെ പൊങ്ങി വരികയായിരുന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പോളകള്‍ മഴത്തുള്ളികള്‍ തട്ടി പൊട്ടിപ്പോകുന്നു. മുറ്റത്ത് നിന്ന് വെള്ളം വരമ്പ് കഴിഞ്ഞ്, നടവഴി കഴിഞ്ഞ്, വേലി കടന്ന് കരഞ്ഞ് പാഞ്ഞുപോവുകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍ തുടങ്ങി. മഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണി പോലെ പാറുന്നുണ്ടായിരുന്നു.''
ഓലകൊണ്ട് മറച്ചതെങ്കിലും ചോര്‍ന്നൊലിക്കുന്ന മദ്രസയിലേക്ക് മടി കാരണം കുളിക്കാതെയാണ് പോവാറുള്ളത്. ഇതുകണ്ടുപിടിച്ച എന്റെ ഉസ്താദ് ഖുര്‍ആനിലെ മുഅ്മിനൂന്‍ എന്ന അധ്യായത്തിലെ 18 മുതലുള്ള രണ്ട് ആയത്തുകള്‍ എന്നോട് വായിക്കാന്‍ പറഞ്ഞു. ശേഷം അതിന്റെ അര്‍ഥം എനിക്ക് ഇങ്ങനെ പറഞ്ഞുതരുകയും ചെയ്തു. 'നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതു വറ്റിച്ചുകളയാനും നമുക്ക് കഴിയും. അങ്ങനെ ആ വെളളം വഴി നിങ്ങള്‍ക്ക് ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. നിങ്ങള്‍ക്കവയില്‍ ഒരുപാട് പഴങ്ങളുണ്ട്. നിങ്ങളവയില്‍ നിന്ന് ആഹരിച്ചുകൊണ്ടിരിക്കുന്നു.' വെള്ളം തീരെ കിട്ടാത്ത അവസ്ഥയെക്കുറിച്ച് അന്നാണാദ്യമായി ഞാന്‍ ചിന്തിച്ചു തുടങ്ങിയത്.
നാട്ടില്‍ മഴക്കാലമാവുമ്പോള്‍ വിദേശത്തായിരുന്ന എളാപ്പമാര്‍ക്ക് കത്തിലൂടെ മഴ കാണിച്ചുകൊടുക്കും. അവരുടെ മറുപടിയില്‍ ഗള്‍ഫിന്റെ കൊടും ചൂടിനിടക്ക് ഞങ്ങള്‍ നല്‍കിയ തണുപ്പിന്റെ ആശ്വാസം കാണാനാവുമായിരുന്നു. ഉപ്പയുടെ തുണികീറിയെടുത്ത് അനിയത്തിയെയും കൂട്ടി തോട്ടില്‍ നിന്ന് കുഞ്ഞുമീനുകള്‍ പിടിച്ചത് എഴുതിയപ്പോള്‍ എളാപ്പയാണ് ഓര്‍മപ്പെടുത്തിയത്, വെള്ളപ്പൊക്കം വന്ന സമയത്ത് രണ്ട് ഉണക്കത്തേങ്ങകള്‍ കൂട്ടിക്കെട്ടി അതിന്റെ നടുവില്‍ കിടന്ന് നീന്താന്‍ പഠിപ്പിച്ചതും ആവേശം കൂടിയപ്പോള്‍ എങ്ങനെയോ തേങ്ങ ഒഴിഞ്ഞ്‌പോയി വെള്ളത്തിലേക്ക് താണുപോയതുമെല്ലാം.
ആദ്യമായും അവസാനമായും ഉപ്പയില്‍ നിന്ന് ഒരടി കിട്ടിയത് ~ഒരു മഴക്കാലത്തായിരുന്നു. വെള്ളം പൊങ്ങി പാടം കടന്ന് പറമ്പും കയറി നിന്നത് പതുക്കെ പടിയിറങ്ങുമ്പോഴാണ് ഞങ്ങള്‍ ആരും കാണാതെ പാടത്തേക്കിറങ്ങിയത്. ചെളിയും വെളളവും പായസം പോലെ കൊഴുത്തു കിടന്നിരുന്ന പാടത്തിറങ്ങി വിശദമായി ഒന്നു നീന്തിക്കുളിച്ച് കയറിയപ്പോഴാണ് ഉപ്പ വടിയുമായി നില്‍ക്കുന്നത് കണ്ടത്. പിന്നെ ആദ്യമായി കിട്ടിയ അടിയുമായി കരഞ്ഞുനില്‍ക്കേണ്ടിവന്നു.
വിവാഹം കഴിഞ്ഞ് നല്ലപാതിയോടൊപ്പം ആദ്യമായി ബീച്ചിലേക്ക് പോയപ്പോള്‍ നല്ല കാലാവസ്ഥയായിരുന്നു. രാത്രി ഏറെ വൈകി തിരിച്ചുപോരുമ്പോഴേക്കും മഴ തുടങ്ങി. തുള്ളിക്കൊരു കുടം കണക്കെ പെയ്ത മഴ ബൈക്കിലിരുന്ന് ഒരു മണിക്കൂറിലേറെ ആസ്വദിച്ചു കൊണ്ടപ്പോള്‍ വല്ലാത്തൊരനുഭൂതിയായിരുന്നു. മഴകൊണ്ടതിന് ആരും ചീത്തപറയാതിരുന്നപ്പോള്‍ അതിന്റെ രസം പിന്നെയും ഇരട്ടിക്കുകയായിരുന്നു.
ദൈവത്തിന് മുമ്പില്‍ മനുഷ്യരെല്ലാം സമന്മാരാണ്. അതുപോലെത്തന്നെയാണ് മഴക്കുമുമ്പിലും. ഓരോ മഴയും ഓരോ മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും പലതായി പെയ്തിറങ്ങുന്ന ജീവിതാനുഭവമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top