മതിലുകള്‍ മറിയണം, പക്ഷേ...

അനീസ് കെ.വി

വാര്‍ത്താ വിതരണ സംവിധാനവും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും നിര്‍ണയാധികാരം നടത്തുന്ന കാലത്ത് പോരാട്ടങ്ങളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന വിമോചനപരത നിമിഷങ്ങള്‍ക്കകം വിനിമയം ചെയ്യപ്പെടുന്നുമുണ്ട്. ആധുനികതയുടെ ആള്‍ത്തിരക്കില്‍ പര്‍ദയും സ്കാഫുമണിഞ്ഞ് വിമോചന പോരാട്ടങ്ങളുടെ വ്യവഹാര മണ്ഡലത്തിലേക്ക് കാലൂന്നി വന്ന തവക്കുല്‍ കര്‍മാനെ പോലുള്ളവര്‍ പ്രക്ഷോഭങ്ങളുടെ നടുമുറ്റങ്ങളില്‍ സ്ത്രീ സാന്നിധ്യം ഇരമ്പിയെത്തുന്നതിന് കാരണമായിട്ടുണ്ട്.
പെണ്ണല്ലേ എന്ന മാറ്റിനിര്‍ത്തലിന്റെ ന്യായം പൊളിക്കപ്പെട്ടുവെന്ന് ചുരുക്കം. അതുകൊണ്ടു കൂടിയാവണം നവലോകക്രമത്തിലെ പെണ്ണ് കൂടുതല്‍ കരുത്തുറ്റ സ്വത്തമായിത്തീര്‍ന്നത്. വിദ്യയിലൂടെ നേടിയെടുത്ത വീറും മതകീയ പരിസരം വെച്ചുകൊടുത്ത ആത്മാഭിമാനവും കേരളീയ മുസ്ലിം പെണ്ണിനും ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സാമൂഹിക പരിസരത്ത് നിന്ന് നോക്കുമ്പോള്‍ കേരളീയ മുസ്ലിം സമൂഹം വൈവാഹിക രംഗത്ത് കെട്ടി നിര്‍ത്തിയ മതിലുകളിലേക്ക് കണ്ണടകളില്ലാതെ നോട്ടമെറിഞ്ഞ കെ.പി സല്‍വയുടെ ലേഖനം അന്തമായ ആത്മവിശ്വാസങ്ങളിലേക്ക് വഴിമാറുന്നുണ്ടോ?
ഒരു മതില്‍ മറിക്കാന്‍ കൂട്ടുകാരികളെ കൂട്ടുചേര്‍ത്ത് മണവാളന്റെ മാളികയിലേക്ക് മണവാട്ടി കയറിച്ചെല്ലുന്നത് പുതിയ പുലരികള്‍ പുലരുന്നതിന്റെ പേറ്റുനോവായി കാണാം. പക്ഷേ, ഇതിന്റെ പേരില്‍ മണവാളന്റെ മാളികയിലെ പെണ്ണുങ്ങള്‍ കൂട്ടുകൂടിയാലും രൂപമെടുക്കുന്നത് മതിലുകള്‍ തന്നെയല്ലേ. ഒരു മതില്‍ മറിക്കാന്‍ പോയി ഒരുപാട് മതിലുകള്‍ നിര്‍മിക്കേണ്ടതുണ്ടോ? വിവാഹ അന്വേഷണങ്ങളില്‍ ആണ്‍ നോട്ടങ്ങള്‍ക്കപ്പുറം പെണ്‍നോട്ടങ്ങള്‍ തന്നെയാണ് പെണ്ണിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നതും. അതുകൊണ്ട് പൌരസമിതികള്‍ ബോര്‍ഡുകള്‍ ഇളക്കിമാറ്റി നമ്മുടെയെല്ലാം വീടകങ്ങളുടെ അടുക്കളപ്പുറങ്ങളില്‍ കുഴിച്ചിടട്ടെ.
ഒറ്റക്കാകുമ്പോള്‍ മുള്ളുകളായി വിരിയുന്ന വിപ്ളവങ്ങള്‍ സമൂഹത്തോടൊപ്പം നിന്ന് മുല്ലപ്പൂക്കളായി വിരിയിച്ചെടുക്കുകയാണ് വേണ്ടത്. ബാക്കിവെച്ച ജീവിതം മുളപ്പിച്ചെടുക്കേണ്ടതും മുളപൊട്ടുന്ന പുതിയ നാമ്പുകള്‍ക്ക് ഇടമൊരുക്കേണ്ടതും ഭര്‍തൃവീട്ടിലാകുമ്പോള്‍ മുന കൂര്‍ത്ത മുള്ളുകളുടെ നീറ്റലിനപ്പുറം മുല്ലപ്പൂവിന്റെ പരിമളം തന്നെയാവും ആശ്വാസമേകുക.
അനീസ് കെ.വി 
കാരകുന്ന്

ആരു തന്നതാണ് കണ്ണടകള്‍?
ആരാമം മെയ് ലക്കത്തിലെ 'കണ്ണടകളില്ലാതെ' പംക്തിയോടുള്ള പ്രതികരണങ്ങള്‍ നിരീക്ഷിച്ചപ്പോഴുണ്ടായ കുറിപ്പാണിത്.
ഏതൊരു സമൂഹത്തിലും നിലനില്‍ക്കുന്ന സ്ഥാപനങ്ങളും ആചാരങ്ങളും സാമൂഹിക സ്ഥാനങ്ങള്‍ വാഴുന്നവരുടെ ഇഷ്ടങ്ങള്‍ക്ക് അനുകൂലമായിരിക്കും. അല്ലാത്തവരെ അധികകാലം വാഴാന്‍ അവര്‍ സമ്മതിക്കില്ല. എന്നാല്‍ അത്തരം എല്ലാ സാമൂഹികാവസ്ഥകളും അതേപടി കാലാകാലം തുടരണമെന്നത് ദുഃശാഠ്യമാണ്. ഓരോ സമൂഹത്തിന്റെയും വിദ്യാഭ്യാസ തൊഴില്‍ പുരോഗതിക്കനുസരിച്ച് അതുള്‍ക്കൊള്ളുന്ന വ്യക്തികളുടെയും ഉപവര്‍ഗങ്ങളുടെയും ചിന്തയിലും ഇടപെടലുകളിലും മാറ്റങ്ങളുണ്ടാവും. ഈ മാറ്റങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷം തങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാവാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇത്തരം പരിശ്രമങ്ങള്‍ അധികാര സ്ഥാപനങ്ങളില്‍ നിന്നുള്ളതാവുമ്പോഴും തങ്ങളോട് ആശയ ഐക്യം പുലര്‍ത്തുമ്പോഴും സ്വാഗതം ചെയ്യുകയും അരികുകളില്‍ നിന്നാകുമ്പോള്‍ അവഗണിക്കുകയും ചെയ്യുന്നത് ആശ്വാസ്യമല്ല. സ്ത്രീയും പുരുഷനും ആരാണെന്നും ആരാകണമെന്നും ഖുര്‍ആനും തിരുസുന്നത്തും കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ നാട്ടാചാരങ്ങളെ അതുപോലെ സ്വീകരിക്കണമെന്ന 'നിര്‍ബന്ധം' എങ്ങനെയാണ് നിലനില്‍ക്കുക. മഹര്‍ എന്ന സങ്കല്‍പം വാഴേണ്ടിയിരുന്ന ഒരു സമൂദായത്തിനകത്ത് എങ്ങനെയാണ് സ്ത്രീധനം പ്രബലമായത്. തങ്ങളെക്കാള്‍ പ്രായത്തില്‍ വളരെയേറെ മുതിര്‍ന്ന സ്ത്രീകളെ നബിയുടെ സഹചാരികള്‍ (നബിയും) വിവാഹം കഴിച്ചിട്ടുണ്ടായിരുന്നു. അത്തരം അനുകരണങ്ങള്‍ എന്തുകൊണ്ടാണ് നമ്മള്‍ പ്രോത്സാഹിപ്പിക്കാത്തത്. കാരണം കാലികമായ ഇസ്ലാമിന്റെ ഇടപെടലുകള്‍ക്കനുസരിച്ചാണ് നാട്ടാചാരങ്ങളെയും (ഉര്‍ഫ്) നമ്മള്‍ സ്വീകരിക്കുന്നത്.
ഫെമിനിസം എന്നത് ആഗോളാടിസ്ഥാനത്തില്‍ വളരെയധികം വികസിച്ചുകൊണ്ടിരിക്കുന്ന ആശയ വിജ്ഞാന ശാഖയാണ്. അതില്‍ തന്നെ ഇസ്ലാമിക് ഫെമിനിസം മാത്രമല്ല, ഇസ്ലാമിസ്റ് ഫെമിനിസവും വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം വ്യവഹാരങ്ങളുടെ ഉള്ളടക്കത്തിലേക്കും അവ വളര്‍ന്നു വന്നതിന്റെ പിന്നാമ്പുറങ്ങളിലേക്കും തിരിഞ്ഞു നോക്കാതെ അവയെ പാടെ നിരാകരിക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. പ്രതികരിക്കാന്‍ ശ്രമിക്കുന്ന പെണ്ണുങ്ങളെ ഫെമിനിസ്റു മുദ്ര കുത്തി ഇരുത്തുന്നത് സാമര്‍ഥ്യമാണ്. ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ഇതര നൂനപക്ഷങ്ങള്‍ക്കും തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും സമരം ചെയ്യാനും പറ്റുമെന്നിരിക്കെ, അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന പുരോഗമനവാദികള്‍ എന്തുകൊണ്ടാണ് സ്ത്രീകളുടെ മാത്രം അത്തരം ചെറുചലനങ്ങളെ പോലും പരിഹസിച്ചു നിരുല്‍സാഹപ്പെടുത്തുന്നത്? കണ്ണടകളില്ലാതെ അവര്‍ എഴുതുകയും വായിക്കുകയും ചെയ്യട്ടെ.
ഫാസില. എ.കെ
ഗവണ്‍മെന്റ് ലോ കോളേജ്, കോഴിക്കോട്.

മാഗി വിളയിച്ചെടുത്തത്
മെയ് ലക്കം ആരാമത്തില്‍ നിസാര്‍ പുതുവന എഴുതിയ- ഇത്തിരിവെട്ടത്ത് ഒത്തിരി വിളയുമായി മാഗി എന്ന ലേഖനം മികച്ചതായിരുന്നു. ഭാര്യയുടെ മെനുവനുസരിച്ചുള്ള പച്ചക്കറികള്‍ക്കായി കൈയിലൊരു സഞ്ചിയുമായി അതിരാവിലെ കടയിലേക്ക് പായുന്ന കുടുംബനാഥന്‍ അന്യനാട്ടില്‍ നിന്നെത്തിച്ച വിഷമടിച്ചതും രാസവളമിട്ട് പെരുപ്പിച്ചതുമായ പച്ചക്കറികളുമായാണ് തിരിച്ചു വരവ്. ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ പച്ചക്കറി അര മണിക്കൂര്‍ കുതിര്‍ത്തുവെച്ചാല്‍ പോലും വിഷഭയം തീര്‍ന്നെന്ന് കരുതി കഴിക്കാനാവില്ല. സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിനുള്ള ഏകമാര്‍ഗമാണ് അടുക്കളത്തോട്ടം. വീട്ടാവശ്യത്തിനുള്ളത് അപ്പപ്പോള്‍ത്തന്നെ പറിച്ചെടുക്കാനാവുന്നതിനുള്ള എളുപ്പവഴി. തോര്‍ത്തുമുണ്ടുടുത്തും പാളത്തൊപ്പിയണിഞ്ഞും അതിരാവിലെ പാടത്തിറങ്ങിയാലേ പച്ചക്കറി വിളയൂ എന്നില്ല. ഇത്തിരി മുറ്റവും മട്ടുപ്പാവുമെല്ലാം പച്ചക്കറി വിളയിച്ചെടുക്കാന്‍ പാകമാണ്. താല്‍പര്യവും ഭാവനയുമുള്ളവരുടെ മനസ്സറിഞ്ഞ ഇടപെടല്‍ മാത്രം മതി വിത്തുകള്‍ മുളപൊട്ടാന്‍.
ജൂണ്‍ ലക്കത്തില്‍ ടി. സലീം എഴുതിയ 'പഠനം ഉള്ളറിഞ്ഞ്' എന്ന ലേഖനം വളരെ നിലവാരം പുലര്‍ത്തി. പത്രങ്ങള്‍ വായിക്കുന്ന ശീലം പോലുമില്ലാത്ത നല്ലൊരു ശതമാനം പുതുതലമുറയിലുണ്ട്. സാമൂഹ്യാവബോധം ഉണ്ടാവുന്നതിന് അത്യാവശ്യമായ പൊതുവായന വളരുന്നതിനുള്ള സാഹചര്യം കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. പ്രായത്തിനനുസരിച്ച് വായിക്കാവുന്ന പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കണം. ഹൈസ്കൂള്‍ പ്രായംതൊട്ട് ഇംഗ്ളീഷിലുള്ള ചെറിയ പുസ്തകങ്ങളുംകൂടി കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നത് നന്നായിരിക്കും.
റഹീം കെ.
പറവന്നൂര്‍

മാതൃകാ കൃഷിക്കാരിയായ മാഗിയെക്കുറിച്ച് നിസാര്‍ പുതുവന എഴുതിയ ഫീച്ചര്‍ വിജ്ഞാനപ്രദമായി. അതുപോലെ മജീദ് അഴീക്കോടിന്റെ 'ഇനിയുമുണങ്ങാത്ത മുറിവുകള്‍' വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു. കൊടും ക്രൂരത ചെയ്ത കലാപകാരികള്‍, നിങ്ങളും അവസാനം ദൈവത്തിലേക്ക് തന്നെ മടങ്ങുമെന്നും കാട്ടിയ ക്രൂരകൃത്യങ്ങള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും ഓര്‍മിക്കണം. ഇല്‍യാസ് മൌലവിയുടെ 'നാവിനെ സൂക്ഷിക്കുക' എന്ന ലേഖനവും ഇരുട്ടില്‍ നിന്ന് വെളിച്ചം നല്‍കുന്ന ഒന്നായിരുന്നു.
പാറയില്‍ ഫസലു
കാനാത്ത്

ഇരുളിലെ വെട്ടം ജ്വലിക്കുന്നു
മുസ്ലിം കുടുംബത്തില്‍ ജനിച്ച് ഇസ്ലാമിക ചുറ്റുപാടില്‍ വളര്‍ന്നെങ്കിലും മനസ്സുമുറിയുന്ന വല്ലതും നടന്നാല്‍ ജീവിതത്തെ വെറുത്തു പോകുന്ന ഈയുള്ളവള്‍ എത്ര നിര്‍ഭാഗ്യവതി. ജൂണ്‍ ലക്കം അമീനാ തൃശൂര്‍ എഴുതിയ ഇരുളിലെ വെട്ടം എന്ന അനുഭവം വായിച്ചപ്പോള്‍ മിഴികള്‍ നനഞ്ഞു. 47-ാം വയസ്സില്‍ ഇസ്ലാമിലേക്ക് വന്ന് ദൈവസ്മരണയില്‍ ജീവിക്കുകയും പ്രയാസങ്ങളുണ്ടാകുമ്പോള്‍ അനുഗ്രഹങ്ങളെ ഓര്‍ക്കുകയും ചെയ്ത് തെറ്റ് തേടിപ്പിടിച്ച് തിരുത്തി ജീവിതം നയിക്കുന്ന അമീനയുടെ നന്മനിറഞ്ഞ മനസ്സിനോട് അസൂയ തോന്നുന്നു. ദൈവാനുഗ്രഹം മറന്ന് മതിമറയുന്ന പുതുതലമുറക്ക് ഈ അനുഭവം ഒരു പാഠവും ഉപദേശവുമാണ്.
ഫാത്തിമ
അരിയില്‍

ഓഹരിയും പലിശയും
ഇന്ത്യയിലെ ചെറുതും വലുതുമായ വ്യാപാര സേവന-സ്ഥാപനങ്ങളെല്ലാം പലിശ ഇടപാട് നടത്തുന്നവയാണെന്ന കാര്യത്തില്‍ സംശയമില്ല. സമ്പന്ന വ്യക്തികളും ഗ്രൂപ്പുകളുമൊക്കെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റാനോ അവരെ പറ്റിക്കാനോ ആയി ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പലിശ നല്‍കി വായ്പ കൈപറ്റുന്നവരാണ്. ഓഹരി വിപണിയിലുള്ള എല്ലാ കമ്പനികളും പ്രത്യക്ഷമായോ പരോക്ഷമായോ പലിശയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മതപരമായ നിഷിദ്ധം മാത്രമല്ല സാമൂഹികമായ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ആരാമം ലക്കം രണ്ടിലെ 'ഓഹരി വിപണി സ്ത്രീകള്‍ക്കും വഴങ്ങും' എന്ന ലേഖനം ഓഹരി വിപണിയിലേക്കിറങ്ങാന്‍ പുരുഷന്മാര്‍ക്ക് പോലും പ്രചോദനം നല്‍കുമെങ്കിലും പ്രയോഗവല്‍കരിക്കുന്നതിന് മുമ്പ് മൂന്ന് വട്ടം ആലോചിക്കേണ്ടതല്ലേ?
റസാഖ്
എടവനക്കാട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top