വണ്‍ മിസ്സ്ഡ് കോള്‍

വി.എം അഫ്താബുറഹ്മാന്‍ No image

എല്ലായ്‌പ്പോഴും അയാള്‍ പരിതിക്ക് പുറത്തായിരുന്നു. ആര്‍ക്കും തന്നെ അത്ര പെട്ടെന്നൊന്നും എത്തിപ്പിടിക്കാനാവാത്തിടങ്ങളില്‍... എന്നിരുന്നാലും അയാളെ കാണാത്തവരായി വലിയ നഗരങ്ങളില്‍ ആളുകള്‍ ചുരുക്കം. ഓഫീസിലെ മുഷിഞ്ഞ ഫയലുകള്‍ക്ക് നടുവില്‍, തിരക്കേറിയ തെരുവുകളില്‍, നഗരത്തിലെ വലിയ സിനിമാ ശാലകളില്‍, മുഴിപ്പ് തോന്നുന്ന വൈകുന്നേരങ്ങളെ പഴിച്ച് കടപ്പുറത്തെ കാറ്റാടി മരത്തിന്റെ ചുവട്ടില്‍... എല്ലായിടത്തും അയാളുടെ സാന്നിധ്യം സജീവമായിരുന്നു. അയാളെ കാണുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും തന്നെ ആരും നഷ്ടപ്പെടുത്താറില്ല. ആരെങ്കിലും അന്വേഷിച്ച് വിളിച്ചാല്‍ 'പരിധിക്ക് പുറത്തായിരിക്കും.'
സദാസമയവും മൂകമായി കാണപ്പെടാറുള്ള മുഖത്ത് ആരും തന്നെ പുഞ്ചിരി വിരിഞ്ഞത് കണ്ടിട്ടില്ല. ഓഫീസില്‍ അസ്വസ്ഥനായി കാണപപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ചുണ്ടോട് ചേര്‍ന്ന് ചിലപ്പോഴൊക്കെ മദ്യം കലര്‍ന്ന ഗ്ലാസുണ്ടാകും. നെഞ്ചോട് ചേര്‍ന്ന് മിടിക്കുന്ന മൊബൈലിലെ നമ്പറുകള്‍ നോക്കി ഇനി പുതുമയുള്ള വല്ലതുമുണ്ടോയെന്ന് നോക്കും. 'നോ ന്യൂ നമ്പേഴ്‌സ്' എന്ന് കാണിക്കുന്ന മാത്രകളില്‍ അസ്വസ്ഥതയുടെ എട്ടു കാലുകള്‍ വീണ്ടും നെഞ്ചിനു വളരെയുള്ളിലായി മാറാലയൊരുക്കും.
ഫയലുകള്‍ക്കിടയില്‍ ജീവിതത്തെക്കുറിച്ച് കണക്കുകൂട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൊബൈല്‍ നെഞ്ചോട് ചേര്‍ന്ന് മിടിക്കാന്‍ തുടങ്ങി. സ്‌ക്രീനില്‍ തെളിഞ്ഞ വാക്കുകള്‍ അയാളുടെ ചുണ്ടുകളുടെ ചലനത്തിലൂടെ തിരിച്ചറിഞ്ഞു.
''മൈ സോള്‍മേറ്റ് കാളിംഗ്...''
അയാള്‍ ഫോണ്‍ കട്ട് ചെയ്തു. തുടരെത്തുടരെ ഫോണുകള്‍ വന്നു കൊണ്ടിരിക്കുന്നതിനിടെ മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്തു. കൂടുതല്‍ അസ്വസ്ഥനായ അദ്ദേഹം ആശ്വാസം നേടാനായി ഷെല്‍ഫിന്റെ ഗ്ലാസ് നീക്കി നീണ്ട ഒരു കുപ്പിയില്‍ പിടുത്തമിട്ടു.
കാമ്പസിനു പിന്നിലെ തെല്ലു ചെരിഞ്ഞ മരച്ചുവട്ടില്‍ പൂത്തതായിരുന്നു വിവാഹജീവിതം. കാമ്പസിന്റെ ഭൂമികയില്‍ അത്രമേല്‍ പ്രിയപ്പെട്ടവളായിരുന്നു അവള്‍. പക്ഷേ,
സ്‌നേഹിച്ചു കൊതിതീരും മുമ്പേ അവള്‍ എന്നെന്നേക്കുമായി തന്റെ സ്വന്തമായി.
തനിക്ക് പാലും തേനുമായിരുന്നു അവളുടെ ഭര്‍ത്താവാണെന്നതിനപ്പുറം അവളുടെ കുഞ്ഞിന്റെ പിതാവാണു താനെന്ന സത്യം മനസ്സിനെ ബോധ്യപ്പെടുത്താന്‍ അയാള്‍ നന്നേ പാടുപെട്ടു.
അഛനേയും അമ്മയേയും ധിക്കരിച്ച് തനിക്കൊപ്പം ഇറങ്ങിത്തിരിച്ച അവള്‍ക്ക് പക്ഷേ, കാമ്പസിന്റെ അകത്തളങ്ങളില്‍ സംസാരിച്ചിരിക്കുമ്പോള്‍ അനുഭവിച്ച സ്വാതന്ത്ര്യം, അയാളെ തനിക്ക് സ്വന്തമായപ്പോള്‍ നഷ്ടമായി എന്നവള്‍ കരുതി. തങ്ങള്‍ക്കിടയില്‍ പറഞ്ഞുതീര്‍ക്കാനിനിയും എന്തൊക്കെയോ ഉണ്ടെന്ന ചിന്ത അയാളെ വീര്‍പ്പു മുട്ടിച്ചു. രണ്ടുപേര്‍ക്കും കാര്യമായെന്തോ സംഭവിച്ചിട്ടുണ്ടെന്നയാള്‍ മനസ്സിലാക്കി. ഏറെ നേരം കൂട്ടിയും കിഴിച്ചും നില്‍ക്കുന്നതിനിടയില്‍ ഫോണ്‍ ഓണ്‍ ചെയ്തു. ഉടനെ കൈ വിറപ്പിച്ച് മൊബൈല്‍ അയാളെ സ്‌ക്രീനിലേക്ക് ക്ഷണിച്ചു.
''വണ്‍ മെസേജ് റിസീവ്ഡ്...''
ഭാര്യയുടെതാണ്, അയാള്‍ സന്ദേശം വായിച്ചെടുത്തു.
''വാട്ട് ഹാപ്പന്‍ഡ് ടു അവര്‍ ലൈഫ്..?''
മറുപടി പെട്ടെന്നായിരുന്നു. ജോലിക്കാരന്‍ ചോദിച്ചു.
''സാറിനെന്താണ് പറ്റിയത്...?''
ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം അയാള്‍ ഫയലിനകത്താക്കി ചുവന്ന നൂലുകൊണ്ടു കെട്ടി ഭദ്രമാക്കി ഷെല്‍ഫിലേക്ക് വച്ചു.
ഇരുനില വീടിന്റെ അകത്തളങ്ങളില്‍ അയാളുടേത് പോലെയൊരു മനസ്സുമായി നടക്കുകയായിരുന്നു ഭാര്യ. അവളുടെ ദിവസങ്ങള്‍ക്ക് പ്രത്യേക ചിട്ടകളൊന്നുമില്ല. രാവിലെ നേരത്തെ പണിതീര്‍ത്ത് കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് താന്‍ പോസ്റ്റ് ചെയ്തവയില്‍ ആരും 'ലൈക്ക്' ചേര്‍ക്കാത്തതിലും 'കമന്റ്' ചെയ്യാത്തതിലും വിഷമിച്ചിരിക്കും. അല്ലെങ്കില്‍ റിയാലിറ്റി ഷോയിലേക്ക് എസ്.എം.എസ് അയച്ച് സംതൃപ്തയാകും.
ഇടക്കിടെ കുഞ്ഞ് കരയുമ്പോള്‍ അവള്‍ കുഞ്ഞിനെ ആയാളുടെ പരിധിക്കകത്താക്കാന്‍ ശ്രമിച്ചു നോക്കും. ഏറെ മടുപ്പുവരുമ്പോള്‍ തലയിണയില്‍ മുഖമമര്‍ത്തിക്കിടക്കും. നിത്യവും പറയാന്‍ കൊതിക്കുന്ന പലതും തനിക്കിപ്പോഴും അയാളോട് തുറന്ന് പറയാനാകുന്നില്ലെന്ന് അവള്‍ വേദനയോടെ മനസ്സിലാക്കുന്നുണ്ട്. ഏറെ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ പതിയെ നെഞ്ചിനെ അസ്വസ്ഥപ്പെടുത്തുന്ന വേദനമാത്രം ഇനിയുമവര്‍ക്ക് തുറന്നു പറയാനായിട്ടില്ല. ഓരോ തവണയും ഡോക്ടര്‍ ചോദിക്കും.
''ഹസ്‌ബെന്റിനെ ഇനിയും കൊണ്ടുവന്നിട്ടില്ലേ..?''
ചോദ്യങ്ങളുടെ ആവര്‍ത്തനം കാരണം ഈയിടെയായി ഡോക്ടറുടെ അടുത്തും പോകാറില്ല. വേദന വരുമ്പോള്‍ കണ്ണില്‍ നിന്നൂറുന്ന ഉപ്പുരസത്തിലും പല്ലിറുമ്മലിലും ആശ്വാസം കണ്ടെത്തും. കൊളുത്തി വലിക്കുന്ന വേദന വീണ്ടും നെഞ്ചില്‍ അള്ളിപ്പിടിച്ചിരിക്കാനെത്തുമെന്ന് തോന്നിയ മാത്രയിലുടനെ അവള്‍ മൊബൈലിന്റെ നെഞ്ചില്‍ കൈയമര്‍ത്തി. ഏറെ നേരം മൗനം പാലിച്ച മൊബൈല്‍ പതിയെ അവളുടെ കാതില്‍ പറഞ്ഞു:
''താങ്കള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ പരിധിക്ക് പുറത്താണ്. ദയവായി അല്‍പനേരം കഴിഞ്ഞ്...''
നെഞ്ചിനകത്തെ പ്രണയത്തിന്റെ വസന്തം കരിഞ്ഞുണങ്ങിയെന്നും മഴക്കാലം തുടങ്ങിയെന്നും അവള്‍ ചിന്തിച്ചു. വീണ്ടും വീണ്ടും ശ്രമിച്ചപ്പോള്‍ മൊബൈല്‍ ശക്തമായി പ്രതികരിച്ചു:
''നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ പരിശോധിക്കുക.''
താന്‍ വിളിക്കുന്നയാളെയും എന്നെത്തന്നെയും പരിശോധിക്കാതിരുന്നതാണ് തനിക്കു പറ്റിയ പിശകെന്ന് അവള്‍ തന്റെ ബാഹ്യരൂപം ഒപ്പിയെടുത്ത കണ്ണാടിയില്‍ നോക്കിപ്പറഞ്ഞു.
ഓഫീസിലെ തിരക്കുപിടിച്ച, കണക്കുകള്‍ കൂട്ടിക്കിഴിച്ച ശേഷം പ്രത്യേകിച്ച് ഉത്തരമൊന്നും കിട്ടാതിരുന്നതിനാല്‍ അയാള്‍ ഓഫീസില്‍ നിന്നിറങ്ങി.
കടപ്പുറം ലക്ഷ്യമാക്കി നടന്നു.
തെരുവിലെ ഏതോ മൂലയില്‍ നിന്നൊഴുകിയെത്തിയ ഗസല്‍...
''പറയാതെ പോയതും
പാടാന്‍ മറന്നതും...''
അത് അയാളുടെ ചെവികള്‍ക്കകത്തെവിടെയോ ചറിയ നീറ്റലിന്റെ തുടക്കമിട്ടു. കടപ്പുറത്തെ കാറ്റേറ്റ് കണ്ണു ചുകന്നു. തുടങ്ങിയപ്പോള്‍ അയാളെണീറ്റ് തിരിച്ചു നടക്കാന്‍ തുടങ്ങി. മനസ്സിനെ അസ്വസ്ഥമാക്കിയ ഗസല്‍ വീണ്ടും മനസ്സില്‍ അസ്വസ്ഥതയുടെ പൊടിക്കാറ്റ് വീശി. വഴിയില്‍ കണ്ട ഏറെ പഴകിയ കാസറ്റുകടയില്‍ കയറി കാണപ്പെട്ട ഗസലുകളെല്ലാം വലിച്ചിട്ടു; പലതും വാങ്ങി... കണ്ണില്‍ കണ്ട കാസറ്റുകളിലെല്ലാമെത്തി വഴിയില്‍ കേട്ട ഗസലിന്റെ ഈരടികള്‍ എഴുതിക്കൊടുത്തു. ഗസല്‍ സീഡികള്‍ അയാളുടെ മേശപ്പുറത്ത് നിറഞ്ഞു കഴിഞ്ഞിരുന്നു. കേട്ടവയില്‍ നിന്നൊന്നും അസ്വസ്ഥപ്പെടുത്തിയ വരികള്‍ അയാള്‍ക്ക് കണ്ടെത്താനായില്ല.
നിയന്ത്രണത്തിന്റെ രേഖകള്‍ പൊട്ടിപ്പോകുന്നതും താന്‍ മാറ്റാരുടേയോ നിയന്ത്രണത്തിലാണെന്ന സത്യവും ഹൃദയത്തില്‍ നിന്നൊലിച്ചിറങ്ങുന്ന രക്തത്തിന്റെ കടുപ്പം പോലെ വ്യക്തമായിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം അന്നുച്ചക്ക് ഓഫീസില്‍ അഛനറിയാതെ കയറിവന്ന് സംസാരിച്ച അമ്മയുടെ സാമീപ്യം മാത്രമാണ് അയാള്‍ക്കിത്തിരിയെങ്കിലും ആശ്വാസം നല്‍കിയത്. മടങ്ങി വരാമെന്ന ഉറപ്പില്‍ അമ്മയുടെ കണ്ണില്‍ നിന്നും പൊഴിഞ്ഞ കണ്ണീര്‍ ആയാളുടെ ഹൃദയത്തിലുറഞ്ഞു. അതയാളില്‍ വിങ്ങലുണ്ടാക്കി; തിരസ്‌കരിച്ചും ധിക്കരിച്ചും മാത്രം ശീലമുള്ള താന്‍ അമ്മയ്ക്ക് മുമ്പില്‍ ശിരസ്സ് പാദത്തേട് ചേര്‍ന്ന് നിന്നതയാളറിഞ്ഞു. അമ്മയിറങ്ങുമ്പോള്‍ മനസ്സ് വിങ്ങിത്തുടങ്ങുന്നുണ്ടായിരുന്നു. അമ്മയുടെ മിഴികോണിലെ അശ്രുബിന്ദു തന്നെ വിളിക്കുന്നത് നെഞ്ചിന്റെ മിടിപ്പ് അത്യുന്നതിയിലെത്തിയപ്പോള്‍ മാത്രമാണറിഞ്ഞത്.
വിങ്ങലുകളും നെടുവീര്‍പ്പുകളും തന്നെ ശ്വാസം മുട്ടിക്കുന്നുവെന്നറിഞ്ഞ മാത്രയില്‍ അയാള്‍ ഓഫീസില്‍ നിന്നിറങ്ങി സിനിമാ ശാലയുടെ ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കി നീങ്ങി. അയാളെ ഒരിക്കല്‍കൂടെ പിടിച്ചു നിര്‍ത്തിക്കൊണ്ട് അസ്വസ്ഥതപ്പെടുത്തിയ ഗസല്‍ നെഞ്ചിന് വളരെയുള്ളിലേക്ക് തുളച്ചിറങ്ങി.
''മടങ്ങിയെത്തുമ്പോള്‍..,
മറവിതന്‍ തീരത്താരോ കൊളുത്തി വച്ചൊരീ
മണ്‍ചെരാതുകള്‍...
വലിയൊരു വിങ്ങലോടെതിരേറ്റു പൂമുഖം...''
ഗസല്‍ പൂര്‍ണമാകാതെ ആരോ തന്നില്‍ നിന്നും അകന്നു മാറിയതായയാള്‍ അറിഞ്ഞു. കൈയില്‍ തട്ടിയ കൈനീട്ടിയ കുട്ടിയെ കണ്ടപ്പോഴാണ് തന്റെ ലക്ഷ്യമയാള്‍ക്ക് ഓര്‍മവന്നത്. ഒരു നാണയത്തുട്ട് കണ്ണിന് തിളക്കമേറേയുള്ള കൊച്ചുപെണ്‍കുട്ടിയുടെ കൈയില്‍ കൊടുത്ത് അയാള്‍ സിനിമാശാലയിലെത്തി. ഏറ്റവും പിന്‍നിരയിലായി ഇരുന്നു.
തന്റെ മൊബൈല്‍ വൈബ്രേഷനില്ലാതെ സൈലന്റ് മോഡിലാക്കി. തൊട്ടുമുമ്പില്‍ ഭാര്യക്കും കുഞ്ഞിനുമൊപ്പം സിനിമ കാണാനിരുന്ന മധ്യ വയസ്‌കന്റെ മുഖത്തെ സന്തോഷം അയാളെ പൊറുതിമുട്ടിച്ചു.
മുമ്പിലെ കൂറ്റന്‍ സീറ്റില്‍ ഓരോ രംഗങ്ങളും തന്റെ ജീവിതം പോലെ മാറിമറിയുന്നുണ്ടായിരുന്നു. അല്‍പനേരത്തേക്കുപോലുമത് ശ്രദ്ധിക്കാനാകാതെ, തന്റെ ഭാര്യയെ നെഞ്ചോടു ചേര്‍ത്ത് ചിലതെല്ലാം സംസാരിക്കണമെന്നത് അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി.
നെഞ്ചുവേദന അളക്കാനാകാത്ത ആഴത്തിലെത്തിയപ്പോഴാണ് എല്ലാം തുറന്ന് പറയണമെന്ന് അവള്‍ക്കും തോന്നിയത്. അടുക്കളയും ബെഡ്‌റൂമും മാത്രമല്ല തന്റെ ലോകമെന്ന തിരിച്ചറിവില്‍ അവള്‍ മുമ്പെത്തെ പോലെ ഇനിയും പ്രശ്‌നത്തിനില്ലെന്ന തീരുമാനത്തെ തൊട്ടു.
നെഞ്ചിനെ ശല്യപ്പെടുത്തുന്ന ക്ഷണിക്കാതെയെത്തുന്ന സഹയാത്രികന്‍ ഒരിക്കല്‍ കൂടി നെഞ്ചിനെ കവരാന്‍ ശ്രമിച്ചപ്പോള്‍, ഇന്നലെ തൊട്ടടുത്ത വീടുപൊളിക്കാനെത്തിയ ''വലിയ കൂര്‍ത്ത കൈയുള്ള'' വാഹനം ഓര്‍മ വന്നു.
നിലക്കാത്ത വേദന ശരീരമാകെ പൊതിഞ്ഞ മാത്രയില്‍ അവള്‍ മൊബൈലിന്റെ നെഞ്ചില്‍ കൈയമര്‍ത്തി.
ഒരു നിമിഷത്തേക്ക് അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അയാള്‍ പരിധിക്കകത്താണ്! ബെല്ലടിക്കുന്നുണ്ട്!! തൊട്ടടുത്തിരുന്ന് കരയുന്ന കുഞ്ഞിന്റെ ശബ്ദത്തോടെ ആ വിളി അവള്‍ അവസാനിപ്പിച്ചു. മൊബൈല്‍ നിശബ്ദതയുടെ ലോകത്തായതിനാല്‍ അയാള്‍ കോള്‍ വന്നതറിഞ്ഞില്ല.
ഇന്നു രാത്രിയെങ്കിലും ഒപ്പം ഭക്ഷണം കഴിക്കണമെന്ന് പറയാന്‍, മൊബൈല്‍ കൈകളില്‍ ചേര്‍ത്ത് പതിയെ മുന്നോട്ട് നീങ്ങിയ അവളുടെ കൈയില്‍ നിന്നും ഫോണ്‍ താഴെ വീണു ചിതറി. ഒരുപാട് ചീളുകളായി ചിതറിയ മൊബൈലിന്റെ മുകളിലേക്ക് നെഞ്ചില്‍ കൈവെച്ചു കൊണ്ട് അവള്‍ പതിച്ചു...! നിഴലിനോട് ചേര്‍ന്ന് അനക്കമില്ലാതെ കിടന്നു. അവസാനമായി അടയുന്ന കണ്ണിന്റെ ബോധ്യത്തില്‍ ജീവിതത്തെ ഒരിക്കല്‍ കൂടി അവള്‍ കണ്ടു. അവള്‍ക്കരികിലായി മുഖത്തു തല്ലിക്കൊണ്ട് കുഞ്ഞുറക്കെ കരഞ്ഞു കൊണ്ടേയിരുന്നു.
സിനിമ പൂര്‍ത്തിയാകും മുമ്പേ അയാള്‍ പുറത്തിറങ്ങി. തെരുവ് വിളക്കുകള്‍ മുമ്പത്തേക്കാള്‍ മങ്ങി പ്രകാശിക്കുന്നു. രാത്രിയേറെ വൈകിയെങ്കിലും ഇന്നൊന്നിച്ച് ഭക്ഷണം കഴിക്കണമെന്ന് പറയാന്‍ അയാള്‍ ഫോണെടുത്തു.
ഉറക്കച്ചടവുള്ള കണ്‍പോളകള്‍ക്കിടയിലൂടെ സ്‌ക്രീനില്‍ തെളിഞ്ഞ വാക്കുകള്‍ വായിക്കാന്‍ അയാള്‍ ബുദ്ധിമുട്ടി.
''വണ്‍ മിസ്സ്ഡ് കോള്‍, സോള്‍മേറ്റ്...''
അയാള്‍ സമയം നോക്കി.
അര മണിക്കൂര്‍ മുമ്പാണ്.
അയാള്‍ തിരിച്ചു വിളിച്ചു. ഒരുപാട് നേരം അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കെ മൊബൈല്‍ രൂക്ഷമായി അയാളുടെ കാതില്‍ സത്യം പറഞ്ഞു:
''താങ്കള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ ഇപ്പോള്‍ നിലവിലില്ല...''
വാക്കുകളുടെ പൊരുത്തവും പൊരുത്തക്കേടുകളും ആലോചിച്ചു നില്‍ക്കാതെ അയാള്‍ വീട്ടിലേക്കുള്ള അവസാന ബസ്സില്‍ കയറി.
വിളറിയ ചന്ദ്രന്‍ മാത്രം അയാളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top