യുവജനമുന്നേറ്റത്തിന്റെ മറക്കാനാവാത്ത അധ്യായം

ശൈഖ് മുഹമ്മദ് കാരകുന്ന്‌ No image

വിശുദ്ധ ഖുര്‍ആനില്‍ അതീവ സാഹസികമായ മൂന്ന് സംഭവങ്ങളുടെ വിശദീകരണമുണ്ട്. അവയിലെല്ലാം കര്‍തൃത്വം യുവാക്കള്‍ക്കാണ്. നാലായിരത്തിലേറെ കൊല്ലങ്ങള്‍ക്കപ്പുറം കടുത്ത ഏകാധിപതിയും മര്‍ദക ഭരണാധികാരിയുമായ നംറൂദിനെതിരെ ശക്തമായ നിലപാടെടുത്ത ധീര വിപ്ലവകാരിയായ ഇബ്രാഹീം പ്രവാചകന്‍ അന്ന് യുവാവായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
കാലം കണ്ട ഏറ്റവും കൊടിയ ധിക്കാരിയും മര്‍ദകനും ക്രൂരനുമായ ഫിര്‍ഔന്റെ പിടിയില്‍ നിന്ന് ഇസ്രായേല്‍ മക്കളെ മോചിപ്പിക്കാനായി നിയോഗിതനായ മൂസാ നബിയെ പിന്തുണച്ച ചെറുസംഘം ചെറുപ്പക്കാരുടെതായിരുന്നു.
എഫ്‌സൂസ് പട്ടണത്തിലെ മര്‍ദക ഭരണാധികാരി ദഖ്‌യാനൂസിനെ ധിക്കരിച്ചതിന്റെ പേരില്‍ ഗുഹയില്‍ അഭയം തേടേണ്ടി വന്ന ധീര സാഹസികരായ ഏഴുപേരും യുവാക്കളായിരുന്നു.
മക്കയില്‍ മുഹമ്മദ് നബി സത്യപ്രബോധനമാരംഭിച്ചപ്പോള്‍ പിന്തുണച്ചവരില്‍ അദ്ദേഹത്തെക്കാള്‍ പ്രായമുണ്ടായിരുന്ന ഒരൊറ്റ ആളെ ഉണ്ടായിരുന്നുള്ളൂ. ഉബൈദതുബ്‌നു ഹാരിസുല്‍ മുത്വലിബ്. പ്രവാചകന്റെ പ്രായമുള്ള ഒരാളും. അമ്മാറുബ്‌നു യാസിര്‍. മറ്റുള്ളവരെല്ലാം പ്രവാചകനെക്കാള്‍ പ്രായം കുറഞ്ഞവരായിരുന്നു.
നബിതിരുമേനിയുടെ പ്രമുഖ അനുയായികളായ അലിയ്യിബ്‌നു അബീത്വാലിബ്, ജഅ്ഫറബ്‌നു ത്വയ്യാര്‍, സുബൈര്‍, ത്വല്‍ഹ, സഅ്ദ്ബ്‌നു അബീവഖാസ്, മിസ്അബ്ബ്‌നു ഉമൈര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ് തുടങ്ങിയവര്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നു. അബ്ദുറഹ്മാനുബ്‌നു ഔഫ്, ബിലാല്‍, സുഹൈബ് എന്നിവരുടെ വയസ്സ് ഇരുപതിനും മുപ്പതിനും ഇടയിലായിരുന്നു. അബൂ ഉബൈദത്തുബ്‌നുല്‍ ജര്‍റാഹ്, സൈദുബ്‌നു ഹാരിസ്, ഉസ്മാനുബ്‌നു അഫ്ഫാന്‍, ഉമറുല്‍ ഫാറൂഖ് എന്നിവരുടെ പ്രായം 30-നും 35-നും മധ്യേയായിരുന്നു. അവരില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ള അബൂബക്കര്‍ സിദ്ധീഖ് മുപ്പത്തിയെട്ട് വയസ്സുകാരനായിരുന്നു.
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി 38-ാമത്തെ വയസ്സിലാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നല്‍കിയത്. ഹാജി വി.പി മുഹമ്മദലി സാഹിബ് കേരളത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 33-ാം വയസ്സിലാണ്. ലോകമാകെ പടര്‍ന്ന് പന്തലിച്ച മുസ്‌ലിം ബ്രദര്‍ഹുഡിന് ശഹീദ് ഹസനുല്‍ ബന്ന ജന്മം നല്‍കിയത് നിറയൗവ്വനത്തിലാണ്.
മനുഷ്യജീവിതത്തിലെ ഏറ്റവും അനുഗ്രഹീത കാലമാണ് യുവത്വം. കരുത്തിന്റെയും കര്‍മോല്‍സുകതയുടെയും ചൈതന്യത്തിന്റെയും ചോരത്തിളപ്പിന്റെയും പ്രായമാണത്. അതിനാല്‍ യുവാക്കളുടെ പിന്തുണയും സാന്നിധ്യവും ഉറപ്പുവരുത്തുന്ന സംരംഭങ്ങളും സംഘടനകളുമാണ് വിജയം വരിക്കുക. അതുകൊണ്ട് തന്നെയാണ് പ്രവാചകന്‍ യുവത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്. ഇസ്‌ലാം അതിനു വമ്പിച്ച പ്രാധാന്യം കല്‍പിക്കാനുള്ള കാരണവും മറ്റൊന്നല്ല.
ലോകമെങ്ങുമുള്ള ഇസ്‌ലാമിക വിദ്യാര്‍ഥി യുവജന സംഘടനകള്‍ക്ക് മാര്‍ഗദര്‍ശനവും പ്രചോദനവും നല്‍കിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വേദിയാണ് 'വേള്‍ഡ് അംബ്ലി ഓഫ് മുസ്‌ലിം യൂത്ത്' (വമി). 1972-ലാണ് ഇത് സ്ഥാപിതമായത്. സര്‍ക്കാരേതര സ്വതന്ത്ര സ്ഥാപനമാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 500 മുസ്‌ലിം വിദ്യാര്‍ഥി യുവജന സംഘടനകള്‍ ഇതില്‍ അഫ്‌ലിയേറ്റ് ചെയ്തിട്ടുണ്ട്. റിയാദിലാണ് ആസ്ഥാനം. 56 രാഷ്ട്രങ്ങളില്‍ സാറ്റലൈറ്റ് ചാപ്റ്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
1978-ജനുവരി അവസാനത്തിലാണ് ആദ്യമായി 'വമി' ഓഫീസ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. ജമാല്‍ മലപ്പുറത്തേടൊന്നിച്ചാണ് റിയാദിലെത്തിയത്. ഞങ്ങള്‍ക്ക് അവിടത്തെ റിയാദ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ താമസസൗകര്യം ഒരുക്കിത്തന്നത് 'വമി'യാണ്. ഞങ്ങളുടെ ആതിഥേയരും 'വമി'തന്നെ. ഡോക്ടര്‍ അഹമ്മദ് തൂതന്‍ജിയായിരുന്നു അക്കാലത്ത് 'വമി'യുടെ ജനറല്‍ സെക്രട്ടറി. പില്‍ക്കാലത്ത് മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മുഖ്യ ചുമതലക്കാരനായി സേവനമനുഷ്ഠിച്ച അബ്ദുല്‍ ഹമീദ് അബൂ സുലൈമാനാണ് 'വമി'യുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഇരുവരും അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രമുഖരും ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ആവേശവുമായി നിലകൊള്ളുകയുണ്ടായി.
റിയാദ് സര്‍വകലാശാല, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, വിവിധ മന്ത്രാലയങ്ങള്‍, നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാന്‍ ആവശ്യമായതെല്ലാം ഡോക്ടര്‍ അഹ്മദ് തൂതന്‍ജി ചെയ്തു തന്നു. പ്രമുഖ പണ്ഡിതനും മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ലാഹിബ്‌നു ബാസ്, മുഹമ്മദുബ്‌നു സുഊദ് യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോക്ടര്‍ അബ്ദുല്ലാഹിത്തുര്‍ക്കി തുടങ്ങിയവരുമായി പരിചയപ്പെടാന്‍ അവസരമൊരുക്കുകയും ചെയ്തു. മൂന്നാഴ്ചയോളം റിയാദില്‍ കഴിച്ചുകൂട്ടിയ ശേഷം ജിദ്ദയില്‍ മടങ്ങിയെത്തി. റിയാദില്‍ നിന്നുള്ള മടക്ക യാത്രയില്‍ ഇഹ്‌റാമില്‍ പ്രവേശിക്കുകയും ഒരിക്കല്‍ കൂടി ഉംറ നിര്‍വഹിക്കുകയും ചെയ്തു.
നാലര മാസം നീണ്ടുനിന്ന ആദ്യവിദേശ യാത്ര പൂര്‍ത്തീകരിച്ച് 1978 ഫെബ്രുവരി 12ന് നാട്ടില്‍ തിരിച്ചെത്തി. കോഴിക്കോട് നഗര മധ്യത്തില്‍ ഒരു യുവജന കേന്ദ്രം സ്ഥാപിക്കാനാവശ്യമായ സഹായം ഗള്‍ഫ് മലയാളികളില്‍ നിന്ന് നേടുകയെന്ന ലക്ഷ്യം സഫലമായതിലുള്ള സംതൃപ്തിയോടെയായിരുന്നു ഞങ്ങളുടെ മടക്കം.
മുസ്‌ലിം സമുദായത്തിലെ വ്യത്യസ്ത സംഘടനകളിലെ യുവാക്കള്‍ക്കെന്നപോലെ സംഘടനകളിലൊന്നുമില്ലാത്തവര്‍ക്കും ഒരുപോലെ ഉപകരിക്കുന്ന യുവജന കേന്ദ്രമായിരുന്നു ലക്ഷ്യം. ഒട്ടും മനഃപ്രയാസമില്ലാതെ വിദ്യാര്‍ഥി -യുവജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ആസ്ഥാനം. നാട്ടില്‍ തിരിച്ചെത്തിയ ഉടനെ അതിനാവശ്യമായ സ്ഥലം മാവൂര്‍ റോഡില്‍ നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെ വാങ്ങി. താല്‍ക്കാലിക അവസരങ്ങള്‍ക്കുപയോഗിക്കാവുന്ന പഴയ വീടും അതിലുണ്ടായിരുന്നു. അതാണ് ഇസ്‌ലാമിക യൂത്ത് സെന്റര്‍. അതേ പേരില്‍ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ പുസ്തക പ്രസാധനം, ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കല്‍, യുവജന സംഗമങ്ങള്‍ പോലുള്ള പല പരിപാടികളും യൂത്ത് സെന്റര്‍ സംഘടിപ്പിക്കുകയുണ്ടായി. ഒരു ഹൃസ്വമായ ചരിത്രവേളയില്‍ കേരളീയ മുസ്‌ലിം യുവതയുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാന്‍ യൂത്ത് സെന്ററിന് സാധിച്ചു. കൃത്യമായി പറഞ്ഞാല്‍ സിമിയും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം അകന്നതോടെ അതിന് സമൂഹത്തില്‍ കാര്യമായതൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ വന്നു ചേര്‍ന്നു. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം സ്ഥാപിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച ഹാജി സാഹിബിന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത് ഇസ്‌ലാമിക് യൂത്ത് സെന്ററാണ്.
അക്കാലത്ത് യൂത്ത് സെന്ററില്‍ ഒത്തുകൂടിയിരുന്ന ഞങ്ങളില്‍ ഏതാണ്ടെല്ലാവരും ഹാജി സാഹിബിനെ നേരില്‍ കാണാത്തവരായിരുന്നു. അടുത്തു പരിചയപ്പെട്ട ആരും ഉണ്ടായിരുന്നില്ല. അദ്ദേഹത്തോടൊന്നിച്ച് ജീവിച്ചവരും പ്രവര്‍ത്തിച്ചവരും അന്നോളം ആ മഹദ് വ്യക്തിത്വത്തെ സംബന്ധിച്ച് ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. വളരെ പ്രതികൂലമായ പരിതസ്ഥിതിയില്‍ കഠിനമായ ത്യാഗമനുഭവിച്ചാണ് വി.പി മുഹമ്മദലി ഹാജി കേരള മണ്ണില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയത്. പാതിരാവില്‍ സൂഫി വര്യനെപോലെ പ്രാര്‍ഥനാ നിരതനും പകലില്‍ കരുത്തനായ പടയാളിയെ പോലെ ധീരനും കര്‍മോത്സുകനുമായിരുന്നു. അതിരുകളില്ലാത്ത കരുത്തുല്‍പാദിപ്പിക്കാന്‍ കഴിയുന്ന ആ വിപ്ലവകാരിയുടെ ഓര്‍മകള്‍ കൂടെ കഴിഞ്ഞവരുടെ കുഴിമാടങ്ങളില്‍ ഒതുങ്ങിപ്പോകരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സമകാലികര്‍ അവ രേഖപ്പെടുത്തി വെക്കാത്തതില്‍ കടുത്ത ദുഃഖവും സങ്കടവും അമര്‍ഷവും പ്രതിഷേധവും ഞങ്ങളുടെ ചര്‍ച്ചകളില്‍ കടന്നുവന്നു. ജനതതികള്‍ക്കും രാഷ്ട്രങ്ങള്‍ക്കും എന്നപോലെ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വേരുകള്‍ അറുത്തുമാറ്റപ്പെട്ടാല്‍ ഭദ്രമായി നിലനില്‍ക്കാനാവില്ലെന്ന ചിന്തയും ഞങ്ങള്‍ക്കിടയില്‍ പങ്കുവെക്കപ്പെട്ടു. അങ്ങനെയാണ് ഹാജി സാഹിബുമായി ബന്ധപ്പെട്ട അന്ന് ജീവിച്ചിരിക്കുന്ന എല്ലാവരെയും നേരില്‍ കണ്ട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഒരു പുസ്തകം തയ്യാറാക്കാന്‍ തീരുമാനമായത്. യൂത്ത് സെന്റര്‍ ആ ചുമതല എന്നെ തന്നെയാണ് ഏല്‍പ്പിച്ചത്. ആ ശ്രമത്തിലൂടെ തയ്യാറാക്കപ്പെട്ട 'ഹാജി' സാഹിബ് എന്ന കൃതിയാണ് പിന്നീട് അദ്ദേഹത്തെ സംബന്ധിച്ച പഠനങ്ങള്‍ക്കും രചനകള്‍ക്കും അവലംബമായി മാറിയത്. അന്ന് വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയ 23 പേരില്‍ 20 പേരും ഇന്ന് ജീവിച്ചിരിപ്പില്ല. മൂന്ന് പേര്‍ മാത്രമാണ് നിലവിലുള്ളവര്‍. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ തലമുറകള്‍ക്ക് ഊര്‍ജം നല്‍കാന്‍ കഴിയുന്ന ജ്വലിക്കുന്ന ഓര്‍മകള്‍ കാല യവനികകള്‍ക്കുള്ളില്‍ മറഞ്ഞുപോയിരുന്നുവെന്ന ചിന്ത വല്ലാത്ത അഭിമാനബോധവും ഉള്‍പുളകവും നല്‍കുന്നു.
എന്റെ ആദ്യകൃതികളിലൊന്നായ 'പാദമുദ്രകള്‍' പ്രസിദ്ധീകരിച്ചത് യൂത്ത് സെന്ററിന്റെ കീഴില്‍പ്രവര്‍ത്തിച്ചിരുന്ന പ്രതിഭാ ബുക്‌സാണ്.
ഇപ്പോള്‍ മസ്ജിദ് ലുഅ്‌ലുഅ് നില്‍ക്കുന്ന സ്ഥലം കാലിക്കറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കച്ചവടം ചെയ്തത് അടിയന്തരാവസ്ഥക്ക് മുമ്പാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അത് നീങ്ങി രജിസ്‌ട്രേഷന് സൗകര്യപ്പെട്ടപ്പോഴേക്കും സ്ഥലത്തിന്റെ വില ഗണ്യമായി വര്‍ധിച്ചു. അതിനാല്‍ സ്ഥലമുടമ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു. അത് ജമാഅത്ത് നേതൃത്വവും സ്ഥലമുടമയും തമ്മില്‍ നിയമ നടപടികള്‍ക്ക് വഴിവെച്ചു. പ്രസ്തുത സ്ഥലത്തിനും യൂത്ത് സെന്ററിന്റെ സ്ഥലത്തിനുമിടയില്‍ ഒരു മതില്‍ സ്ഥലമുടമ നിര്‍മിച്ചിരുന്നു. റോഡിലേക്കുള്ള വഴി മുടക്കിയാണ് അതെന്നതിനാല്‍ ഒരു രാത്രിയില്‍ ഞങ്ങളത് പൊളിച്ചുമാറ്റി വഴി നിര്‍മിച്ചു. അന്ന് ഞങ്ങള്‍ ആ ചെയ്തത് ജമാഅത്തിനെ പ്രതികൂലമായി ബാധിക്കുന്ന നടപടിയായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയുമായിരുന്നില്ല. ജമാഅത്ത് നേതൃത്വത്തെ അറിയിക്കാതെ ചെയ്ത ഈ കൃത്യം അന്നത്തെ അമീര്‍ കെസി അബ്ദുല്ല മൗലവിയെയും സഹപ്രവര്‍ത്തകരെയും വളരെയേറെ പ്രയാസപ്പെടുത്തി. എന്നിട്ടും ബഹുമാന്യനായ കെ.സി സാഹിബ് ഞങ്ങളെ കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. 'നിങ്ങള്‍ മതില്‍ പൊളിച്ചു; അല്ലേ?' എന്നു മാത്രം ചോദിച്ചു. അതായിരുന്നു കെ. സി. സാഹിബ്. അദ്ദേഹത്തെ സംബന്ധിച്ച നിറം മങ്ങാത്ത ഓര്‍മകളില്‍ ഒന്നു മാത്രമാണിത്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top