നോമ്പ്അനുഭവങ്ങള്‍

ഫൗസിയ ഷംസ്‌

സുഭാഷേട്ടന്റെ സ്വന്തം
നോമ്പുകാരി
ലതികാ സുഭാഷ്
(കെ.പി.സി.സി സെക്രട്ടറി)

നാല് വര്‍ഷം മുമ്പ് ഒരു നോമ്പുകാലത്താണ് സുഭാഷേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞത;് 'ഞാന്‍ ഇനി മുതല്‍ നോമ്പെടുക്കുകയാണെന്ന്'. അതുകേട്ടപ്പോള്‍ എനിക്കും തോന്നി നോമ്പെടുത്ത് തുട ങ്ങിയാലെന്താ... എന്ന്. ഗുരു നിത്യചൈ തന്യ യതിയുടെ ശിഷ്യയാണ് ഞാന്‍. എല്ലാ മതങ്ങളെയും അതിന്റെ അധ്യാപനങ്ങളെയും ദിവ്യപുരുഷന്മാരെയും ബഹുമാനിക്കാനാണ് അവിടുന്ന് പഠിപ്പിക്കുന്നത്. എനിക്ക് വായിക്കാന്‍ അറിയുന്ന കാലം മുതല്‍ ഞാന്‍ മുടങ്ങാതെ രാമായണം പാരായണം ചെയ്യാറുണ്ട്. എല്ലാ കര്‍ക്കടക മാസത്തിലും എത്ര തിരക്കിനിടയിലും അത് ഒരാവര്‍ത്തി ഞാന്‍ വായിച്ചു തീര്‍ക്കും. ഹൈന്ദവ വിശ്വാസപ്രകാരമുള്ള നോമ്പുകളും നോല്‍ക്കാറുണ്ട്. മോന് ഒന്നര വയസ്സുള്ളപ്പോള്‍ എനി ക്കൊരപകടം പറ്റിയിരുന്നു. അതിനു ശേഷം സുഭാഷേട്ടനും മോനും കൂടി എല്ലാ വര്‍ഷവും ശബരിമലയില്‍ ദര്‍ശന ത്തിന് പോകുമായിരുന്നു. പതിനേഴ് വര്‍ഷമായി അത് തുടരുന്നു. വ്രതശുദ്ധി യുണ്ടാകാന്‍ എല്ലാ വര്‍ഷവും മണ്ഡല കാലത്ത് ഞാനും അവരോടൊപ്പം വ്രതമെടുക്കുമായിരുന്നു. സുഭാഷേട്ടന്‍ നോമ്പെടുക്കുന്ന കാര്യം വിളിച്ചറിയിക്കുന്ന സമയത്ത് ഞാന്‍ കെ.പി.സി.സിയുടെ സെക്രട്ടറിയാണ്. ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതിനാല്‍ എനിക്ക് നോമ്പെടുക്കാന്‍ കഴിയില്ലെന്ന് സുഭാഷേട്ടന്‍ പേടിച്ചിരുന്നു.
തൊണ്ണൂറ്റിരണ്ടിലായിരുന്നു ഞങ്ങളുടെ വിവാഹം. പൊതുപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായിരുന്നു ഞങ്ങള്‍ രണ്ടുപേരും. ആ ബന്ധമാണ് വിവാഹത്തിലേക്ക് നയിച്ചതും. ഞാന്‍ കോട്ടയം മാമാനം കെ.ഇ കോളേജില്‍ ഫസ്റ്റ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ വനിതാ പ്രതിനിധിയായും കോട്ടയം ബി.സി.എം കോളേജില്‍ പഠിക്കുമ്പോള്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. എറണാകുളം ചെറായിലായിരുന്നു സുഭാഷേട്ടന്‍. വിവാഹ സമയത്ത് ഞാന്‍ കോട്ടയത്തും സുഭാഷേട്ടന്‍ എറണാകുളത്തും ജില്ലാ കൗണ്‍സില്‍ മെമ്പര്‍മാരായിരുന്നു. തിരക്കുപിടിച്ച പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ വളരെ കുറച്ചേ സമയം കിട്ടിയിരുന്നുള്ളൂ. ഇരുപത് വര്‍ഷമായി ഞാനും കുടുംബവും രണ്ടിടത്തായാണ് താമസം. രണ്ട് ജില്ലകളിലായി. കോട്ടയം ജില്ലാ പഞ്ചായത്ത്പ്രസിഡന്റായി മൂന്നാമതും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോട്ടയത്ത് തന്നെ താമസിക്കാനുള്ള സ്വാതന്ത്ര്യം സുഭാഷേട്ടന്‍ തന്നിരുന്നു. അതിനാല്‍ വല്ലപ്പോഴുമേ ഞങ്ങള്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഞാന്‍ പൂര്‍ണമായും വെജിറ്റേറിയനായിരുന്നു. പൊതുപ്രവര്‍ത്തനത്തില്‍ സജീ വമായതോടെ മിക്കവാറും ദിവസങ്ങളില്‍ പുറത്തു നിന്നാവും ഭക്ഷണം. ഹോട്ടല്‍ ഭക്ഷണം എനിക്ക് തീരെ ഇഷ്ടമല്ല. വീട്ടിലെത്തിയാല്‍ എന്തെങ്കിലും കഴിച്ചെങ്കിലായി. ഭക്ഷണകാര്യത്തില്‍ വലിയ നിഷ്ഠകളൊന്നും ഉണ്ടായിരു ന്നില്ല. അതുകൊണ്ട് റമദാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിന് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. എന്റെ മുസ്‌ലിം സുഹൃത്തുക്കളൊക്കെ നോമ്പെടുക്കുന്ന സമയത്ത് വ്രതശുദ്ധിയോടെ പൊതുപ്രവര്‍ത്തനം നടത്തുന്നതില്‍ വളരെ ചാരിതാര്‍ഥ്യമാണെനിക്ക്. നാല് വര്‍ഷമായി ഞാന്‍ മുടങ്ങാതെ നോമ്പെടുക്കുന്നു.
ഹൈന്ദവ വിശ്വാസപ്രകാരം പുലര്‍ച്ചെ എഴുന്നേറ്റ് കുളിക്കും. കുളി കഴിഞ്ഞാണ് ഭക്ഷണം. നോമ്പിനും അതുപോലെ തന്നെ. കുമരനെല്ലൂര്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളിക്കുന്നത് കേള്‍ക്കാം. പുലര്‍ച്ചെ ബാങ്ക് വിളിക്കുന്നതിനു മുമ്പായി എണീറ്റ് കുളിച്ച് അത്താഴത്തിന് എന്തെങ്കിലും കഴിക്കും. കാരക്കയോ അല്ലെങ്കില്‍ ദോശമാവുണ്ടെങ്കില്‍ ദോശ ചുട്ടോ കഴിക്കും. മിക്കവാറും ദിവസ ങ്ങളില്‍ സുഭാഷേട്ടന്‍ കൊല്ലത്തായിരിക്കും. ഞാനുണര്‍ന്നാല്‍ സുഭാഷേട്ടനെ വിളിച്ചുണര്‍ത്തും. ചില ദിവസങ്ങളില്‍ സുഭാഷേട്ടന്റെ വിളി കേട്ടായിരിക്കും ഞാനുണരുക. ഞാന്‍ നോമ്പെടുത്തുകൊണ്ട് തന്നെ പല പരിപാടികളിലും പങ്കെടുത്തിരുന്നുവെങ്കിലും അത് വാര്‍ത്തയായത് ജനശ്രീയുടെ സംസ്ഥാന ട്രഷററായ സമയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു. അന്ന് ഭക്ഷണം കഴിക്കാതിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന എം.എം ഹസന്‍ സാര്‍ കാര്യമന്വേഷിച്ചു. ഞാന്‍ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം അപ്പോള്‍ തന്നെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ജയ്ഹിന്ദ് റിപ്പോര്‍ട്ടറോട് പറഞ്ഞു. അവരത് ഉടനെ തന്നെ വാര്‍ത്തയാക്കി.
നോമ്പ് എനിക്കൊരുപാട് നന്മകള്‍ തന്നിട്ടുണ്ട്. വ്രതമനുഷ്ഠിക്കുമ്പോള്‍ നമ്മുടെ ചിന്തകളിലും കാഴ്ചപ്പാടിലുമൊക്കെ മാറ്റം ഉണ്ടാകും. നമ്മളറിയാതെ ആത്മനിയന്ത്രണം വരും. പാര്‍ട്ടിയില്‍ സജീവമാകുന്നതിന് മുമ്പ് 'കന്യക വുമണ്‍സ്' മാഗസിന്റെ സീനിയര്‍ സബ്-എഡിറ്ററായിരുന്നു ഞാന്‍. അന്ന് ഓഫീസിലിരിക്കുമ്പോള്‍ 10 മണിക്കൊരു ചായ, മൂന്ന് മണിക്കൊരു ചായ, ഒരു മണിക്ക് ചോറ് എന്നതായിരുന്നു പതിവ്. ഈ പതിവ് അര മണിക്കൂറൊന്ന് തെറ്റിയാല്‍ മതി. താനേ തലവേദന വരും. എന്തോ ബാധിച്ചതുപോലെയാണ്. നോമ്പെടുക്കുമ്പോള്‍ എത്ര സമയം ഭക്ഷണം കഴിക്കാതിരുന്നാലും ഇത്തരം പ്രശ്‌നങ്ങളില്ല. ശരീരത്തിന്റെ ഇച്ഛകളെ നിയന്ത്രിക്കാന്‍ നോമ്പിലൂടെ പരിശീലിപ്പിക്കുന്നതുകൊണ്ടാണത്. ഇക്കാര്യങ്ങളൊക്കെ വെച്ചാണ് 'അമുസ്‌ലിമിന്റെ നോമ്പ്' എന്ന പേരില്‍ എന്റെ ബ്ലോഗില്‍ എഴുതിയത്.
മെന്‍സസ് പിരീഡ് സമയത്ത് നോമ്പെടുക്കാന്‍ പാടില്ലെന്നും എനിക്കറിയില്ലായിരുന്നു. ഒരു റമദാനില്‍ ഈ സമയത്ത് ഞാന്‍ നോമ്പെടുത്തു. ഭയങ്കര ക്ഷീണമായിരുന്നു. അന്നെന്തോ കാര്യത്തിന് ഷാനിമോള്‍ ഉസ്മാനെ വിളിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. അപ്പോള്‍ ഷാനിമോളാണ് പറഞ്ഞത് ഓടിപ്പോയി നോമ്പ് മുറിക്കാന്‍. അതുപോലെ നോമ്പ് പിടിക്കുമ്പോള്‍ ക്ഷീണം പറ്റെ ഒഴിവാക്കാന്‍ പാടില്ലെന്ന് കരുതി ഉച്ചക്ക് ശേഷം കുളിക്കാറുമില്ലായിരുന്നു. എന്റെ വീട്ടില്‍ അമ്മയും അഛനും മകനുമെല്ലാം പൂര്‍ണമായും എന്നോട് സഹകരിക്കും. ഞാന്‍ വീട്ടിലെത്താന്‍ വെകിയിട്ടുണ്ടെങ്കില്‍ നോമ്പ് തുറക്കാനെന്തെങ്കിലും അവര്‍ തയാറാക്കിയിട്ടുണ്ടാകും. അയല്‍ക്കാരും സുഹൃത്തുക്കളുമായ ഒരുപാട് മുസ്‌ലിംകള്‍ എന്നെ നോമ്പ് തുറക്കാന്‍ വിളിക്കും.
നോമ്പിന് എനിക്ക് ഖുര്‍ആന്‍ ഓതാനോ സകാത്ത് കൊടുക്കാനോ കഴിഞ്ഞിട്ടില്ല. പ്രത്യേക ദിവസമെന്നോ മാസമെന്നോ കരുതാതെ ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ എന്റെ കഴിവറിഞ്ഞ് ഞാന്‍ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും അതിന്റെ വിശുദ്ധി ഞാനറിയുന്നു. എല്ലാ മതങ്ങളിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വ്രതാനുഷ്ഠാനം ഉണ്ട്. സ്വയം സഹിക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി സഹിക്കാനുമാണത് പഠിപ്പിക്കുന്നത്.
മതങ്ങളൊക്കെയും പരസ്പര സ്‌നേഹവും കരുണയും തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്. മുസ്‌ലിമിന്റെ നോമ്പിനെ ഇതര മതസ്ഥരും കൂടി വരവേല്‍ക്കുന്നു എന്നതിന്റെ തെളിവാണ് നാടിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ഇഫ്താറുകള്‍. നമ്മുടെ ജീവിതമെന്നത് ഹ്രസ്വമാണ്. അതിനെ തീര്‍ത്തും ആസ്വാദനത്തിന് വിട്ടുകൊടുത്ത് മതിമറക്കാന്‍ പാടില്ല. ലളിതമായ ജീവിതമാണ് മനുഷ്യന് നന്മ ചെയ്യുകയെന്നാണെന്റെ വിശ്വാസം. നോമ്പ് തുറക്കുമ്പോള്‍ രണ്ടോ മൂന്നോ കാരക്കകൊണ്ട് തുറക്കാനാണിഷ്ടം. നോമ്പ് തുറ സല്‍ക്കാരങ്ങളില്‍ പോയാല്‍ പലപ്പോഴും സങ്കടമാകാറുണ്ട്. അലങ്കരിച്ചുവെച്ച ഭക്ഷണസാധനങ്ങളുടെ ആര്‍ഭാടമായിരിക്കും. ഒരുപാട് ഭക്ഷണമുണ്ടാക്കി പാഴാക്കിക്കളയുന്ന പ്രവണത നോമ്പുകാലത്തിന്റെ മഹത്വം കെടുത്തിക്കളയും. നോമ്പുകാലത്ത് എനിക്കുള്ള സങ്കടമാണത്. പതിനൊന്ന് മാസത്തെ എല്ലാ പാപവും കഴുകിക്കളഞ്ഞ് വ്രതശുദ്ധിയോടെ ദൈവത്തിലേക്ക് മടങ്ങാനൊരുങ്ങുന്ന കുട്ടിയെപോലെ തന്നെ എല്ലാ മനുഷ്യരും എല്ലാ മാസവും ആയിട്ടുണ്ടെങ്കില്‍ ലോകം എത്ര സുന്ദരമായേനെ!

ദേവി ഒരുക്കിയ നോമ്പുതുറ

കൈതപ്രം ദാമോദരന്‍ നമ്പൂതിരി
(ഗാന രചയിതാവ്)

ഒരു നോമ്പുകാലം. സിനിമാ സംവിധായകന്‍ സിദ്ദീഖ് എന്റെ വീട്ടില്‍ വന്നു. 'ക്രോണിക് ബാച്ചിലര്‍' എന്ന പടത്തിലെ പാട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു വന്നത്. ചര്‍ച്ച പുരോഗമിക്കേ നോമ്പുതുറക്കുള്ള ബാങ്ക് മുഴങ്ങി. അപ്പോഴേക്കും എന്റെ ഭാര്യ ദേവി സിദ്ദീഖിന് നോമ്പു തുറക്കാനുള്ള ഭക്ഷണം ഒരുക്കിയിരുന്നു. ഞാനവ സന്തോഷത്തോടെ വിളമ്പി നല്‍കുമ്പോള്‍, 'നോമ്പ് തുറക്കുന്നതിനേക്കാള്‍ പുണ്യമാണ് നോമ്പുതുറ ഒരുക്കുന്ന ആള്‍ക്ക് ലഭിക്കുക. അത് കൈതപ്രത്തിന് കിട്ടട്ടെ'യെന്ന് സിദ്ദീഖ് പറഞ്ഞു. ഈ വാക്കുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു.
വിശുദ്ധ ഖുര്‍ആന്റെ, ആ വിശുദ്ധ ഗ്രന്ഥത്തിന്റെ ആത്മീയ ജനനം ഒരു ജനത വിശ്വാസത്തിന്റെ മാസമാക്കി മാറ്റുന്നു. അക്ഷരങ്ങളുടെ അവതാരമായാണ് റംസാന്‍ ആഘോഷിക്കുന്നത്. വിദ്യയെ, ഭാഷയെ, സംസ്‌കാരത്തെ ആചരിക്കുന്ന മാസം. അങ്ങനെയൊരു ആഘോഷം ലോകത്ത് മറ്റൊന്നിനുമില്ല.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നോമ്പിന്റെ പാഠം എനിക്ക് പകര്‍ന്നു തന്നത്.
'ഇന്നള്ളാഹ മഅ സ്സ്വാബിരീന്‍' പൊറുക്കുന്നവരുടെ കൂടെയാണ് ഈശ്വരന്‍. നോമ്പ് പൊറുക്കാനും മറക്കാനുമാണ് പഠിപ്പിക്കുന്നതെന്ന് തങ്ങള്‍ പറയും.
ഇന്ന് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അസഹിഷ്ണുതയാണ്. മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാനോ അനുസരിക്കാനോ ഇന്ന് നാം തയ്യാറല്ല. എന്തിനേറെ ഒരാള്‍ക്ക് പറയാനുള്ള അവകാശം പോലും നാം നിഷേധിക്കുന്നു. ഇത് കൊലയിലും അക്രമത്തിലും കലാശിക്കുകയാണ്. 'അത് മറന്നുകള' എന്ന് പറയാന്‍ പോലും ആരുമില്ല. ഞാന്‍ സംവിധാനം ചെയ്യുന്ന 'മഴവില്ലിനറ്റം വരെ' എന്ന ചിത്രത്തിന്റെ അടിസ്ഥാനപ്രമാണം 'മറക്കുക, പൊറുക്കുക' എന്നാണ്.
മുസ്‌ലിം സമൂഹവുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് ഒരു നേട്ടവും ഞാനതില്‍ ആഗ്രഹിക്കുന്നില്ല. ആത്മീയ സൗഹൃദങ്ങളാണ് ഇന്നാവശ്യം. അത് വ്യക്തികളും ജനങ്ങളും തമ്മിലുണ്ടാവണം. ഉത്കൃഷ്ടമായ സൗഹൃദം. അതിനെ പിരിക്കാനാവില്ല. അത് രണ്ട് വിഭാഗത്തിനും പരസ്പരം ഉണ്ടാവണം. അതായിരിക്കണം നോമ്പിന്റെ ലക്ഷ്യം.
ഞാന്‍ എന്റെ എല്ലാ പൈതൃകങ്ങളും സൂക്ഷിക്കുന്ന ആളാണ്. നമ്മുടെ സ്വത്വം നിലനിര്‍ത്തുകയും മറ്റുള്ളവരുടെ സ്വത്വത്തെ ആദരിക്കുകയും അംഗീകരിക്കുകയും അവ സ്വാംശീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ഉത്തമ മനുഷ്യനാവുക. എന്നതാണ് എന്റെ വിശ്വാസം.
എന്റെ തിരക്ക് പിടിച്ച യാത്രക്കിടയില്‍ ഒരിക്കല്‍ പോലും കാര്‍ ഡ്രെവര്‍ ഷരീഫിന്റെ നോമ്പ് മുടങ്ങാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. എന്റെ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു അയാള്‍. നോമ്പിന് ഷരീഫിനാവശ്യമായ അത്താഴം പുലര്‍ച്ചെ എഴുന്നേറ്റ് എന്റെ ഭാര്യ തയ്യാറാക്കി നല്‍കുകയും പതിവായിരുന്നു. പിന്നീടയാള്‍ സൗദിയില്‍ പോയി.
പിന്നീടെപ്പോഴോ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റും പ്രതീക്ഷിച്ച് ഞാനിരിക്കുമ്പോള്‍ ഷരീഫിന്റെ ഫോണ്‍ കോള്‍. കുഞ്ഞുസൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം ഷരീഫ് പറഞ്ഞു.
''ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നോടു പൊറുക്കണം.''
എനിക്ക് ഒന്നും മനസ്സിലായില്ല. എന്താണ് കാര്യമെന്ന് ഞാന്‍ ചോദിച്ചു.
''ഞാന്‍ ഉംറക്ക് പോവുകയാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ്, പുണ്യകര്‍മത്തിന് മുമ്പ് ചെയ്തുപോയ തെറ്റുകള്‍ക്കെല്ലാം മാപ്പിരന്നുകൊണ്ടാവണം ഈ യാത്ര തുടങ്ങാന്‍.
ഷരീഫിന്റെ വാക്കുകള്‍ എന്നെ ആശ്ചര്യഭരിതനാക്കി. അതിലേറെ എന്നെ ചിന്തിപ്പിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്നോടുള്ള ഷരീഫിന്റെ സ്‌നേഹത്തിന്റെ തീവ്രത ഞാനനുഭവിച്ചറിയുകയായിരുന്നു. ഇന്നെന്റെ വീട്ടിലെ അംഗമായി മറ്റൊരാളുണ്ട്- ജംഷീര്‍.
മതവിഭാഗങ്ങള്‍ കുറേ കൂടി ആത്മീയ അടുപ്പം ഉണ്ടാക്കണം. ഈ അടുപ്പത്തിലേക്ക് വിശുദ്ധമായ എല്ലാ കാലങ്ങളും വ്രതങ്ങളും നയിക്കുന്നതാവണം. ഉപവാസം ശരീരത്തിന്റെ തൃഷ്ണകളെ അവഗണിച്ചുകൊണ്ട് ആത്മാവിനെ ഉണര്‍ത്തുക എന്നാണ് വിശുദ്ധ ഖുര്‍ആന്റെ നോമ്പു സന്ദേശമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
|
എന്റെ റാബി 'ഉമ്മ'

ടി.എന്‍ പ്രതാപന്‍ എം.എല്‍.എ

സ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന കാലം. റംസാന്‍ മാസമായാല്‍ എന്റെ മുസ്ലിം സുഹൃത്തുക്കളെല്ലാം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് നോമ്പെടുക്കുമായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഗഫൂര്‍ തളിക്കുളം പകലൊന്നും കഴിക്കാതെ ക്ളാസിലിരിക്കുമ്പോള്‍ അവന്റെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നത് എന്നില്‍ മാനസിക വിഷമം സൃഷ്ടിച്ചു.
ദരിദ്രകുടുബത്തിലെ അംഗമായ എനിക്ക് വിശപ്പ് പുതുമയുള്ളതായിരുന്നില്ല. തലേദിവസത്തെ ചോറായിരിക്കും എന്റെ ഉച്ചഭക്ഷണം. അതും എന്നുമില്ല. സ്കൂളിലെ പൈപ്പ് വെള്ളവും കുറഞ്ഞ വിലക്ക് കിട്ടുന്ന മിഠായികളും കൊണ്ടായിരിക്കും മിക്കപ്പോഴും ഉച്ചക്ക് വിശപ്പകറ്റുന്നത്. അതുകൊണ്ടു തന്നെ നോമ്പുകാലത്ത് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ ഞാനും തീരുമാനിച്ചു. ഇതറിഞ്ഞ ഗഫൂര്‍ നോമ്പു തുറക്കാന്‍ എന്നെ ക്ഷണിച്ചു. അതായിരുന്നു തുടക്കം. എന്നാല്‍ അവരുണ്ടാക്കുന്ന നോമ്പ് ഭക്ഷണം വെറുതെ ചെന്നിരുന്ന് കഴിക്കുന്നതിനോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല.
നോമ്പെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒമ്പതാം ക്ളാസ് മുതല്‍ നോമ്പ് തുടങ്ങി. ആദ്യം അഞ്ചെണ്ണം. ആദ്യ നോമ്പു ദിവസങ്ങളില്‍ മുസ്ലിം സുഹൃത്തുക്കളുടെ വീട്ടിലായിരുന്നു നോമ്പ് തുറന്നത്. അത്താഴവും അവര്‍ തന്നു. കോളേജില്‍ പഠിക്കുമ്പോള്‍ 20 നോമ്പുകള്‍ വരെയായി.
തിങ്കാളാഴ്ച വ്രതം എടുത്താല്‍ പോരെ എന്ന് അമ്മ ചോദിക്കും. നോമ്പെടുക്കുന്നതാണ് എനിക്കിഷ്ടമെന്ന് ഞാന്‍ പറഞ്ഞതോടെ അമ്മ എതിര്‍ത്തില്ല.
അമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ കുഞ്ഞുനാള്‍ മുതല്‍ എന്നെ ഏല്‍പ്പിക്കുന്നത് അയല്‍വാസിയായ റാബി ഉമ്മയെ ആയിരുന്നു. അവരുടെ മുലപ്പാല് കുടിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്റെ അമ്മയെ പോലെ തന്നെയായിരുന്നു അവരും എനിക്ക്.
നോമ്പുകാലമായാല്‍ റാബി ഉമ്മ എന്നെ നേരത്തെ വിളിച്ചെഴുന്നേല്‍പ്പിക്കും. അത്താഴം തരും. നോമ്പെടുപ്പിക്കും. ഉമ്മയോടൊപ്പം പള്ളിയില്‍ വഅള് കേള്‍ക്കാന്‍ പോകുക പതിവായിരുന്നു. പള്ളിപറമ്പില്‍ വിരിക്കാനുള്ള പുല്‍പ്പായ ഞാനാണ് പിടിക്കുക. അറബിയിലുള്ളത് മലയാളത്തില്‍ വ്യക്തമായി മൊയില്യാര്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ എനിക്ക് വല്യ ഇഷ്ടമായിരുന്നു.
വഅളിനു ശേഷം അവിടെ മുട്ടയും പഴവും മറ്റും ലേലം ചെയ്യാറുണ്ട്. ഉമ്മ അവ ലേലത്തിലെടുത്ത് എനിക്ക് തരും. ചീരണിയും തരും. ജീരകക്കഞ്ഞിയുണ്ടാക്കാന്‍ അമ്മ റാബിഉമ്മയില്‍ നിന്നാണ് പഠിച്ചത്.
വിവാഹശേഷം ഭാര്യ രമക്ക് ആദ്യമൊന്നും നോമ്പ് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. തുടര്‍ച്ചയായി നോമ്പെടുക്കുന്നതിനോട് അവള്‍ക്ക് എതിര്‍പ്പായിരുന്നു. എന്നാല്‍ ഞാന്‍ അവളോട് പറഞ്ഞു.
"നിന്നെ സ്വീകരിക്കുന്നതിന് മുമ്പ് ഞാന്‍ എന്റെ ജീവിതത്തില്‍ സ്വീകരിച്ചതാണ് നോമ്പ്. അതുകൊണ്ട് നിന്നെപ്പോലെ തന്നെ നോമ്പിനെയും എനിക്ക് ഉപേക്ഷിക്കാന്‍ സാധ്യമല്ല.''
പിന്നീടവള്‍ സുഹൃത്ത് നഫീസ കുഞ്ഞുമ്മയുമായി ചോദിച്ചറിഞ്ഞ് നോമ്പിന്റെ മഹത്വം മനസ്സിലാക്കി. ഇപ്പോള്‍ ഭാര്യയും ആവും വിധം നോമ്പെടുക്കാറുണ്ട്.
മകന്‍ ആഷിഖ് നാലാം ക്ളാസ് മുതല്‍ നോമ്പെടുക്കുന്നുണ്ട്. മകള്‍ ആന്‍സി പത്തോളം നോമ്പെടുത്തു.
ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകനും എന്ന നിലയില്‍ റംസാന്‍ കാലത്ത് പോലും തീരെ വിശ്രമമുണ്ടാവില്ല. നോമ്പെടുക്കുന്നതിന്റെ പേരില്‍ ഒരു പൊതുപരിപാടിയും ഞാന്‍ ഒഴിവാക്കാറുമില്ല. ആരോഗ്യം അനുവദിക്കുന്നതുവരെ ഞാന്‍ മുഴുവന്‍ നോമ്പെടുക്കും.
ഇപ്പോള്‍ റംസാന്‍ മാസക്കാലം നോമ്പ് മുറിക്കുന്നത് ജ്യൂസ് കഴിച്ചുകൊണ്ടാണ്. പഴവര്‍ഗങ്ങളും കഴിക്കും. ആ സമയത്ത് വേവിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കും. മത്സ്യമാംസാദികളും ഇപ്പോള്‍ നോമ്പുകാലം ഞാന്‍ തീരെ കഴിക്കാറില്ല. പൂര്‍ണ സസ്യാഹാരം മാത്രം. ഇത് ചിലപ്പോള്‍ വിഷമങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
ഒരു നോമ്പുകാലത്താണ് ചൈന സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. കൂടെ തൃശൂര്‍ മതിലകം സ്വദേശി സിംഷോര്‍ മുഹമ്മദലിയും പി.എം.എ ജബ്ബാര്‍ എന്ന സുഹൃത്തുക്കളുമുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണം ചൈനയില്‍ കിട്ടാന്‍ പ്രയാസമാണെന്നതുകൊണ്ട് നോമ്പിന് മാംസം കഴിക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു. നിര്‍ബന്ധിച്ചു. പ്രലോഭിപ്പിച്ചു. എന്നാല്‍ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പഴവും ബ്രഡും മറ്റു പഴവര്‍ഗങ്ങളും സംഘടിപ്പിച്ച് നോമ്പ് തുറന്നു. അത്താഴം കഴിച്ചു. നാട്ടില്‍ നിന്ന് കൊണ്ടുപോയ അവില്‍, പാല്‍പ്പൊടി വെള്ളത്തില്‍ ചേര്‍ത്തു കഴിച്ച് പത്ത് നോമ്പെടുത്തത് മറക്കാനാവാത്ത ഒരനുഭവമാണ്.
ചൈനയില്‍ പ്രവാചകന്റെ കാലത്ത് സ്ഥാപിച്ച ഒരു പള്ളിയുണ്ട്. കമ്മ്യൂണിസ്റുകാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ പളി അന്യാധീനപ്പെടുകയുണ്ടായി. ഇടിഞ്ഞു പൊള്ളിഞ്ഞ ആ പള്ളിയില്‍ ഞങ്ങള്‍ പോയി ഏറെ നേരം ധ്യാനനിമഗ്നരായി നിന്നതും മറക്കാനാവില്ല.
റംസാന്‍ വ്രതാനുഷ്ഠാനം ഏതെങ്കിലും ഒരു മതസ്ഥര്‍ മാത്രം അനുഷ്ഠിക്കാനുള്ളതല്ലെന്നാണ് എന്റെ വിശ്വാസം. ശരീരത്തെ സ്ഫുടം ചെയ്താല്‍ മാത്രമേ മനസ്സിനേയും സ്ഫുടം ചെയ്യാന്‍ സാധിക്കൂ.
പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കാന്‍ സാധിക്കുന്നത് നോമ്പിലൂടെ ലഭിച്ച സഹനത്തില്‍ നിന്നും ശക്തിയില്‍ നിന്നുമാണ്. കൈകുമ്പിളില്‍ കിട്ടിയത് പലതും തട്ടിയകറ്റപ്പെടുമ്പോഴും ഇപ്പോള്‍ നിരാശ തോന്നാറില്ല. അതിനെ അതിജീവിക്കാനുള്ള ശക്തി നോമ്പ് പ്രദാനം ചെയ്യുന്നു.
ഇത് സ്വീകരിക്കുക, നിഷേധിക്കാതിരിക്കുക. മനുഷ്യനുവേണ്ടി ദൈവം നല്‍കിയ ഏറ്റവും വലിയ ചൂണ്ടുപലകയാണ് നോമ്പ് എന്നാണ് എന്റെ അനുഭവ സാക്ഷ്യം.
|

വേലിക്കലെ പത്തിരി

സുകുമാര്‍ കക്കാട്
എഴുത്തുകാരന്‍))))))

രണ്ട് ചന്ദ്രോദയങ്ങള്‍ക്കിടയിലുള്ള ഒരു മാസക്കാലമാണ് പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റംസാന്‍വ്രതമായി വിശ്വാസികളുടെ മുന്നിലെത്തുന്നത്.
അന്തിമാനത്ത് റംസാന്‍ പിറ വ്രതാരംഭവും ശവ്വാല്‍ പിറ വ്രതാന്ത്യവും കുറിച്ചിടുന്നതിന്റെ കാല്‍പനിക ചാരുത അവര്‍ണനീയമാണ്. മൌനത്തെ വാചാലമാക്കുന്ന പ്രഖ്യാപനം.
നോമ്പിന്റെ മഹത്വം നോമ്പുതുറയുടെ മാധുര്യത്തിലൂടെയാണ് ഞാനറിയുന്നത്. ഓര്‍മവെച്ച നാള്‍ മുതല്‍ അയല്‍വീട്ടിലെ പാത്തുമ്മ നോമ്പുതുറക്കൊരുക്കുന്ന വിഭവങ്ങളുടെ പങ്ക് വേലിക്ക് മീതെ നീട്ടിക്കാണിക്കുമായിരുന്നു. അന്നത്തെ പത്തിരിയുടെ സ്വാദ് എന്റെ നാവിന്‍തുമ്പത്ത് ഇന്നുമുണ്ട്.
ഒരു ദിവസം പതിവിലും നേരത്തെ പാത്തുമ്മയുടെ സല്‍കാരം മോഹിച്ച് അയല്‍വീട്ടിലേക്ക് പോയതും അള്ളിപ്പിടിക്കുമ്പോള്‍ മറിഞ്ഞു വീണ് തലപൊട്ടിയതും ഓര്‍ക്കുന്നു. പാത്തുമ്മ തന്നെയാണ് ഓടിവന്ന് പഞ്ചസാര പൊടിച്ച് മുറിവില്‍ വച്ചുകെട്ടിയത്. അയല്‍പക്ക സൌഹൃദത്തിന്റെ മുദ്രയായി ആ പരുക്കന്‍ 'കല' ഇന്നും എന്റെ നെറ്റിയിലുണ്ട്.
ഏകാദശി നോല്‍ക്കാന്‍ ചെറുപ്പത്തില്‍ അമ്മ പ്രേരിപ്പിക്കുമായിരുന്നു. ഞാന്‍ നോല്‍ക്കാറില്ല. ഒരായുസ്സിനു വേണ്ട ഏകാദശി ഒന്നിച്ചു നോറ്റുകഴിഞ്ഞെന്ന് അമ്മയോട് പറയും.
ഞങ്ങളുടെ യൊക്കെ തലമുറയില്‍ പെട്ടവരുടെ കുട്ടിക്കാല ജീവിതം 'വറുതി' കടിച്ചു കീറിയതാണ്. യുവതലമുറക്ക് ആ കാലഘട്ടത്തെ പറ്റി സങ്കല്‍പ്പിക്കാനേ കഴിയില്ല.
വിശക്കുന്ന വയറുകള്‍ക്കെന്ത് ഉപവാസം? സമൃദ്ധിയുടെ നാളുകളിലെ ഭക്ഷ്യപഴങ്ങള്‍ വര്‍ജിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനങ്ങള്‍ക്കേ പ്രസക്തിയുള്ളൂവെന്ന് തോന്നിയിട്ടുണ്ട്.
മിക്ക നോമ്പുകളുടെയും പ്രധാനഘടകം ഉപവാസമാണ്. 'തപോനാസ്തി അനശനാത്പരം' എന്നാണ് ചൊല്ല്. നിരാഹാരത്തില്‍ കവിഞ്ഞ തപസ്സില്ല.
എല്ലാ മതങ്ങളും വ്രതാനുഷ്ഠാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. ഹിന്ദുമതത്തില്‍ ചെറുതും വലുതുമായ 137 വ്രതങ്ങളുണ്ട്. എന്നാല്‍ ഇസ്ലാം മതത്തിലെ റംസാന്‍ വ്രതത്തിന്റെ ശക്തിസൌന്ദര്യങ്ങള്‍ തികച്ചും വ്യത്യസ്തമത്രെ.
പകല്‍വേളയില്‍ സ്വമേധയാ അന്നപാനീയങ്ങള്‍ വര്‍ജിച്ച് നോമ്പിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംഭവം. ഒരു സമൂഹം നോമ്പുതുറയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയ നാളില്‍.
നാട്ടിലെയൊരു കലാ സാംസ്കാരിക സംഘടനയാണ് ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ചത്. നോമ്പ് നോറ്റവര്‍ക്കേ നോമ്പുതുറക്ക് അര്‍ഹതയുള്ളൂ എന്ന് മനസ്സ് മന്ത്രിച്ചു. ഉദരരോഗം മൂര്‍ഛിക്കുമെന്ന് വീട്ടുകാരി ഓര്‍മപ്പെടുത്തിയെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കി.
വ്രതാനുഷ്ഠാനങ്ങള്‍ കടുകിടെ തെറ്റിക്കാതെ, പ്രഭാതം മുതല്‍ പ്രദോഷം വരെ ഉപദേശിച്ച സുഹൃത്തുക്കളോടൊപ്പം മഗ്രിബ് ബാങ്കിന് കാതോര്‍ത്ത് സ്വാദിഷ്ടമായ ഭക്ഷ്യവിഭവങ്ങളുടെ മുന്നിലിരിക്കുമ്പോള്‍ ഒട്ടും കുറ്റബോധം തോന്നിയില്ല. മാനവ ഐക്യത്തിന്റെ പുതിയൊരു ആകാശവും ഭൂമിയും അത്മാവില്‍ ചുരുള്‍ നിവരുകയും ചെയ്തു. അടങ്ങാത്ത ആ സക്തികളില്‍ നിന്നും മാനവകുലത്തെ രക്ഷിക്കാന്‍ ഉപവാസങ്ങള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍...
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top