ഇരുളിലെ വെട്ടം

അമീന തൃശൂര്‍ No image

തൃശൂര്‍ ജില്ലയില്‍ ചേലൂര്‍ എന്ന ഗ്രാമത്തില്‍ ഒരു ഹിന്ദു കുടുംബത്തിലായിരുന്നു എന്റെ ജനനം. അമ്മയും അച്ഛനും മൂന്ന് മക്കളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. എനിക്ക് താഴെയുള്ള രണ്ടു സഹോദരന്മാരിലൊരാള്‍ ബസ്സപകടത്തില്‍ മരണപ്പെട്ടു.
ശ്രീരാമകൃഷ്ണ മിഷന്‍ വക ശ്രീശാരദ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അലൗകിക ജീവിതം നയിക്കുന്നവരെന്ന് വിശ്വസിച്ചിരുന്ന അവിടുത്തെ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളും സന്യാസിനിമാരും സഹപാഠികള്‍ക്കെന്ന പോലെ എനിക്കും കൗതുകവും ആവേശകരവുമായിരുന്നു. പകല്‍ക്കിനാവുകളില്‍ ഏറെയും അപഹരിച്ചിരുന്നത് ആശ്രമജീവിതം നയിക്കുന്ന 'മാതാജി'യായുള്ള എന്റെ ഭാവി ചിത്രങ്ങളായിരുന്നു. സംസ്‌കൃതം ഒരു വികാരമായി മാറിയതും അക്കാലത്തു തന്നെ. അഞ്ചാം ക്ലാസ്സ് മുതല്‍ സംസ്‌കൃതം പഠിച്ചു തുടങ്ങി. മെട്രിക്കുലേഷന് ശേഷവും ഇതു തുടര്‍ന്നെങ്കിലും സാമ്പത്തിക പരാധീനത  കോട്ട കെട്ടി തുടര്‍പഠനം തടഞ്ഞു. പ്രയാസങ്ങളിലും നിസ്സഹായാവസ്ഥയിലും താങ്ങാവുക അഭൗതികമായ മനുഷ്യന്റെ നൈസര്‍ഗിക തിരിച്ചറിവ് തന്നെയായിരിക്കും. വീടിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഭാഗങ്ങളിലെല്ലാം ചെറുതും വലുതുമായ ദൈവങ്ങള്‍ സ്ഥാനം പിടിക്കാന്‍ കാരണമായത്. മണ്ണ് തേച്ച ചുമരുകളിലെ എണ്ണവിളക്കും മാലമാറാത്ത ദേവീ ചിത്രങ്ങളും പാതിയടര്‍ന്ന കളിമണ്‍ പ്രതിമകളും ഭൂതകാല കുളിരായി മനസ്സിലുണ്ട്.
നിത്യജീവിതത്തില്‍ നിന്ന് ദൈവങ്ങളെയെല്ലാം പടിയടച്ച് പിണ്ഡം വെച്ചെങ്കിലും ഉള്ളിലെവിടെയോ ദൈവത്തെക്കുറിച്ചുള്ള പുതിയൊരു പ്രതീക്ഷയുണ്ടായിരുന്നു. മതഗ്രന്ഥങ്ങളില്‍ ദൈവത്തെ തെരയാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നില്‍ ഉയിര്‍കൊണ്ട പ്രതീക്ഷയുടെ നാമ്പുകളായിരിക്കണം. ഉള്ളില്‍ ദൈവഭയവും കണ്ണില്‍കാണുന്ന ദൈവങ്ങളോടെല്ലാം രോഷവുമായി നടന്ന ഇക്കാലത്താണ് വിവേകാനന്ദ വിജ്ഞാനഭവന്‍ ലൈബ്രറിയില്‍ നിന്ന് ഒരു ഖുര്‍ആന്‍ പരിഭാഷ കൈയില്‍ കിട്ടുന്നത്. അതിലെ ദൈവപരാമര്‍ശമുള്ളിടങ്ങളൊക്കെ അടയാളപ്പെടുത്തി വായിച്ചു. മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ലോകജനതക്ക് മുഴുവന്‍ മാര്‍ഗദര്‍ശനമാണിതെന്നു സ്വയം വിവരിക്കുന്ന ഖുര്‍ആന്‍, സൃഷ്ടികളുടെ മുഴുവന്‍ രക്ഷിതാവായാണ് ദൈവത്തെ പരിചയപ്പെടുത്തുന്നത്. വൈരുദ്ധ്യങ്ങളോ യുക്തിക്ക് നിരക്കാത്തതോ ആയ യാതൊന്നും അതില്‍ കാണാന്‍ കഴിഞ്ഞില്ല. ഇത് മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു.   
അനാചാരങ്ങളിലും ബഹുദൈവാരാധനയിലും മുഴുകി ജീവിച്ച ഞാന്‍ ഇസ്‌ലാംമതം സ്വീകരിച്ചിട്ട് ഈ മാര്‍ച്ച് 31-ഓടെ ഏഴുവര്‍ഷം പൂര്‍ത്തിയായി. ഈ സംഭവം നടക്കുമ്പോള്‍ എനിക്ക് 47 വയസ്സായിരുന്നു പ്രായം. പലര്‍ക്കും പലതരം ഉല്‍കണ്ഠകളായിരുന്നു. ഇതറിഞ്ഞപ്പോള്‍ കുടുംബത്തിലുള്ളവര്‍ക്ക് അപമാന ഭാരത്താല്‍ തല താണു. അത് കൊട്ടിപ്പാടി നടക്കുമ്പോള്‍ കിട്ടുന്ന സുഖം മറ്റുള്ളവര്‍ക്ക.് ഇതിന്റെ പിന്നിലെ രഹസ്യനാടകത്തിന്റെ കഥ അറിയാനുള്ള ആകാംക്ഷ വേറൊരുത്തര്‍ക്ക്. ''ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍'' എന്നതിനെ അവര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഈ തിരിച്ചറിവാണ് എന്നെ മുസ്‌ലിമാകാന്‍ പ്രേരിപ്പിച്ചത്.
അല്ലാഹു പറയുന്നു: ''നാം അവരിലേക്ക് മലക്കുകളെ ഇറക്കി എന്നാലും, മരണപ്പെട്ടവര്‍ അവരോടു സംസാരിക്കുകയും (ചെയ്താലും) അവര്‍ക്കു ദൃഷ്ടാന്തമായി എല്ലാ വസ്തുക്കളെയും കൂട്ടം കൂട്ടമായി നാം ശേഖരിച്ചു കൊടുക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കുവാന്‍ തയ്യാറാകുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ.'' (വി.ഖു: 6:111) അതുപോലെയാണ് എന്റെ കാര്യം സംഭവിച്ചത്. അല്ലാഹു ഉദ്ദേശിച്ചു. അതു നടന്നു.
അതിനുശേഷം ഒരുപാട് പ്രശ്‌നങ്ങളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. പറയുന്നവര്‍ പറയട്ടെ എന്നുമാത്രമേ അന്നു തോന്നിയുള്ളൂ. ഞാന്‍ പഠിച്ച ചില ആയത്തുകള്‍ കൊളുത്തിട്ടു പിടിക്കും പോലെ എന്റെ മനസ്സിനെ പിടിച്ചുനിര്‍ത്താറുണ്ട്. അവ മനസ്സില്‍ മാഞ്ഞുപോകാതെ നില്‍ക്കും. പരമാവധി ആ വഴിയില്‍ മുന്നോട്ട് പോകാന്‍ പരിശ്രമം നടത്താറുണ്ട്. കൂടുതലും പ്രാര്‍ഥനയിലൂടെയായിരുന്നു.
ക്ഷമ തരുവാനും, സല്‍സ്വഭാവത്തിനും വേണ്ടി എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു ഇപ്പോഴും. കാരണം എന്റെ സ്വഭാവത്തില്‍, എന്റെ കര്‍മങ്ങളില്‍ എനിക്ക് തൃപ്തി തോന്നുന്നില്ല. പോരാ എന്നൊരു തോന്നല്‍. കാരണം, അവന്‍ അത്രമേല്‍ കാരുണ്യം എന്നോട് കാണിക്കുന്നുണ്ട്. അത്രമേല്‍ അനുഗ്രഹമാണ് അവനെനിക്ക് നല്‍കുന്നത്. അത് പറഞ്ഞറിയിക്കാന്‍ എനിക്ക് കഴിയില്ല, എങ്കിലും ഒരു ഉദ്‌ബോധനം എന്ന നിലയിലേക്ക് ഞാനൊരു അനുഭവം പറയാം. ''ഏതൊരുവനെ സന്മാര്‍ഗത്തിലാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ നെഞ്ചിന് (ഹൃദയത്തിന്) അവന്‍ ഇസ്‌ലാമിലേക്ക് വികാസം നല്‍കുന്നു. (ഖു: 6:25) ഇതിന്റെ ഉദാഹരണം പോലെ എനിക്ക് നാലുവാള്യം തഫ്‌സീര്‍ കിട്ടുന്നു, ഹദീസ് (കമാല്‍ പാഷ) ഗ്രന്ഥം കിട്ടുന്നു. അങ്ങനെ എല്ലാം യാദൃശ്ചികമായി മനസ്സില്‍ ആഗ്രഹിക്കുമ്പോഴേക്കും കിട്ടിയിരിക്കും. അങ്ങനെ കൂടുതല്‍ അറിഞ്ഞപ്പോള്‍ സത്യവിശ്വാസികള്‍ പലവിധത്തിലും ധനം കൊണ്ടും രോഗം കൊണ്ടും ഉപജീവനം കൊണ്ടും എല്ലാം പരീക്ഷിക്കപ്പെടുന്നു എന്നറിഞ്ഞപ്പോള്‍ എല്ലാം റബ്ബിന്റെ പരീക്ഷണമായി കണക്കാക്കാന്‍ ഒരു പ്രയാസവും തോന്നിയില്ല. ഖുര്‍ആന്‍ മുഖേന അല്ലാഹു സത്യവിശ്വാസികളോട് ആഹ്വാനം ചെയ്തത് ക്ഷമയും നമസ്‌കാരവും വഴി സഹായം തേടിക്കൊള്ളുക എന്നാണല്ലോ.
ഒരുഘട്ടത്തില്‍ അല്ലാഹുവിന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും തടസ്സം നേരിട്ടതായി എനിക്ക് തോന്നി. ഞാനാകെ വിഷമിച്ചു. എന്തെങ്കിലും കാര്യത്തില്‍ ഞാന്‍ കണ്ണുനീര്‍ തൂകിയാല്‍ നമസ്‌കാരസ്ഥലം വിടുംമുമ്പോ അല്ലെങ്കില്‍ അടുത്ത നമസ്‌കാരത്തിനുമുമ്പോ എന്റെ പ്രയാസങ്ങള്‍ക്ക് ഉത്തരം കിട്ടിയിരിക്കും. ആ രീതി മാറിയതുപോലെ എനിക്ക് തോന്നി. ഒരു സ്ഥാപനത്തില്‍ ശരിയായ ജോലി പെട്ടെന്ന് നഷ്ടപ്പെട്ടു. അത് നല്ലതിനായിരിക്കുമെന്ന് കരുതി സമാധാനിച്ചു. പിന്നെ എന്റെ സംശയം എന്നിലേക്കുതന്നെ തിരിഞ്ഞു. അല്ലാഹു പൊറുക്കാത്ത വല്ല തെറ്റും ഞാന്‍ ചെയ്‌തോ എന്ന വേവലാതിയായി. ഒരു റമദാനിലായിരുന്നു ഇത്. റമദാനിലെ ഖുര്‍ആന്‍ ക്ലാസ് കേള്‍ക്കാന്‍ പോയപ്പോള്‍ പലിശ ഇടപാടുകളിലെ ദോഷങ്ങളെ കുറിച്ച് അറിഞ്ഞു. പെട്ടെന്നാണ് എന്റെ ഓര്‍മയിലേക്ക് ഒരു കാര്യം വന്നത്. എന്റെ അമ്മ എന്നെയൊരു കിട്ടുന്ന ഒരു ചിട്ടിയില്‍ ചേര്‍ത്തിരുന്നു. അതു കിട്ടി പക്ഷേ, കിട്ടിയപ്പോള്‍ ഞാന്‍ അടച്ച തുകയെക്കാള്‍ അധികമുണ്ടായിരുന്നു. ഞാനത് അന്ന് അത്ര കാര്യമാക്കിയില്ല. പുതിയ ജോലിയില്‍ ചേരേണ്ട ആവശ്യമുണ്ടായിരുന്നു. പിന്നെ സഹോദരങ്ങള്‍ക്കും അമ്മക്കും ഓരോന്നു വാങ്ങിച്ചു കൊടുത്തു. ഖുര്‍ആന്‍ ക്ലാസ് കേട്ട് വിഷമിച്ച് വന്ന ഞാന്‍ ചിട്ടിയുമായി ബന്ധപ്പെട്ട സ്ത്രീയോട് അന്വേഷിച്ചപ്പോഴാണ് 400 രൂപ പലിശയാണെന്ന് ഞാന്‍ അറിഞ്ഞത്. ഞാനാകെ വെപ്രാളപ്പെട്ടുപോയി. അല്ലാഹു പൊറുക്കാത്ത എഴു വന്‍പാപങ്ങളിലൊന്നാണ് പലിശ. പലിശ മുതല്‍ തിന്നുന്നവന്‍ ബാധ നിമിത്തം പിശാച് മറിച്ചു വീഴുത്തുന്നവന്‍ എഴുന്നേല്‍ക്കുന്നവനെ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല (2: 275). ഞാന്‍ ഉടനെ തന്നെ ഒരു തീരുമാനമെടുത്തു. പലിശ ഉടനെ അവര്‍ക്ക് തിരിച്ചു കൊടുത്തു. പ്രായശ്ചിത്തമായി റമദാന്‍ കഴിഞ്ഞ ഉടനെ മുന്ന് സുന്നത്ത് നോമ്പ് പിടിക്കാന്‍ തീരുമാനിച്ചു. ചിട്ടിക്കാരി എന്നോട് ചോദിച്ചു ഈ പൈസ ഞാന്‍ എന്ത് ചെയ്യണമെന്ന്. ഞാന്‍ പറഞ്ഞു: 'ഏതെങ്കിലും മുസ്‌ലിംകള്‍ പലിശ തരാനുണ്ടെങ്കില്‍ അവര്‍ക്ക് ഇളവ് ചെയ്തു കൊടുത്തോളൂ' എന്ന്. മനസ്സിന് വലിയ ഭാരം ഇറക്കിവെച്ചപോലെയായിരുന്നു എനിക്കന്ന്. നാട്ടില്‍ നിന്നും ഞാന്‍ തിരിച്ച് കോഴിക്കോട് വന്നു. ഒരു ജോലിയും ശരിയായില്ല. പ്രായശ്ചിത്തമായി നേര്‍ച്ചയാക്കിയ നോമ്പ് എടുത്തു വീട്ടി. മൂന്നാമത്തെ ദിവസം മഗ്‌രിബിന് മുമ്പ് എനിക്ക് ഒരു ഫോണ്‍ വന്നു. കൊച്ചിയില്‍ ക്രസന്റ് ഓര്‍ഫനേജില്‍ ഒരു ജോലി ശരിയാക്കിക്കൊണ്ട് ഒരു സഹോദരി വിളിച്ചതായിരുന്നു. സുബ്ഹാനല്ലാ! സന്തോഷവും പാശ്ചാതാപവും കൊണ്ട് ഞാന്‍ കരഞ്ഞു. എന്റെ റബ്ബ് അനുഗ്രഹം തടഞ്ഞു വെച്ചില്ലായിരുന്നുവെങ്കില്‍ ഇത്തരം തെറ്റുകള്‍ ചെയ്ത് മഹാ വന്‍പാപത്തിന് ഇരയായി ദുനിയാവിലും ആഖിറത്തിലും ഞാന്‍ നഷ്ടക്കാരിയാകുമായിരുന്നു. ജോലിക്ക് ചേര്‍ന്നപ്പോള്‍ എനിക്ക് ഒരു നിയ്യത്ത് മാത്രമായിരുന്നു. ഒന്നുകില്‍ ഹജ്ജ് അല്ലെങ്കില്‍ ഉംറ. രണ്ടു വര്‍ഷത്തിനുള്ളില്‍ അതു ചെയ്യണം. 2000 രൂപയാണ് ശമ്പളം. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. അല്ലാഹുവിന്റെ കാരുണ്യത്തില്‍ ആശ മുറിയുന്നവര്‍ കപട വിശ്വാസികളാണെന്ന ഖുര്‍ആന്‍ ആയത്ത് എനിക്ക് ഓര്‍മവരുന്നു. ഞാനെന്റെ വീട്ടിലേക്ക് ഇടക്കിടെ പോകുമായിരുന്നു. വരുമ്പോഴൊക്കെ അന്നത്തെ ചിട്ടിക്കാരിക്ക് കൊടുക്കാമെന്നേറ്റ പൈസ കൊടുത്തോ എന്ന് ചോദിക്കും. ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് ഞാനറിഞ്ഞത് ആ സ്ത്രീ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായെന്നാണ്.
ഞാന്‍ ജോലിചെയ്യാന്‍ തുടങ്ങി ആറു മാസമായപ്പോഴേക്കും 3000 രൂപയായി ശമ്പളം. ഇവിടെയും ഒരു അത്ഭുതം പോലെ എനിക്കൊരു അസുഖം വന്നു. അതുമൊരു റമദാനില്‍ തന്നെ. മൂന്ന് ദിവസം കിടന്ന കിടപ്പില്‍ നിന്നെഴുന്നേല്‍ക്കാനോ സംസാരിക്കാനോ പറ്റുന്നില്ല. റമദാനായിട്ട് ഇങ്ങനെയായല്ലോ എന്ന സങ്കടമായിരുന്നു. പക്ഷേ, അവിടുത്തെ കുട്ടികളില്‍ ഒരാളാണ് എന്നെ പരിചരിക്കാന്‍ ഹോസ്പിറ്റലില്‍ നിന്നത്. പ്രസവിച്ച ഒരു ഉമ്മക്ക് മക്കളില്‍ നിന്നുപോലും കിട്ടാത്ത സ്‌നേഹമാണ് എനിക്കവര്‍ നല്‍കിയത്. ആരുമില്ലാത്ത എനിക്ക് ഇത്രമാത്രം സംരക്ഷണം കിട്ടാന്‍ കാരണം എന്റെ റബ്ബിന്റെ അനുഗ്രഹമല്ലേ എന്നോര്‍ത്ത് ഞാന്‍ കരയുകയായിരുന്നു. എന്റെ ഹോസ്പിറ്റല്‍ ചെലവ് മുഴുവന്‍ വഹിച്ചത് അവരായിരുന്നു. സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ എന്റെ വസ്ത്രങ്ങള്‍ കഴുകി സമയത്തിന് എത്തിച്ചു തരും. എന്റെ പടച്ചവന്‍ എന്നെ നിരാശപ്പെടുത്തിയില്ല. തൊട്ടടുത്ത വര്‍ഷം എന്റെ തറാവീഹും പെരുന്നാള്‍ നമസ്‌കാരവും മസ്ജിദുല്‍ ഹറമിലും മദീനയിലുമൊക്കെയായി 28 ദിവസം ഉംറക്കായി മക്കത്തെത്തുകയായിരുന്നു. എത്ര വലിയ പ്രതിഫലമാണ് അവന്റെ അടിമകള്‍ക്ക് അവന്‍ നല്‍കുന്നത്. പഴയ രീതിയിലാണ് എന്റെ ജീവിതം മുന്നോട്ട് പോകുന്നതെങ്കില്‍ എന്റെ കഷ്ടകാലം തീര്‍ക്കാന്‍ എത്ര രൂപ മുടക്കണം. ജോത്സ്യരെ കാണണം. ബാധ ഒഴിപ്പിച്ചെടുക്കല്‍, മുട്ടറക്കല്‍, ക്ഷേത്ര വഴിപാടുകള്‍, ഹോമം ഇത്യാതികൊണ്ട് ഞാന്‍ വട്ടം കറങ്ങുമായിരുന്നു. ക്ഷമയും നമസ്‌കാരവും വഴി സഹായം തേടുമ്പോള്‍ ശാശ്വതമായ സമാധാനം തരാന്‍ പ്രാപ്തനായ ഒരുവന്‍ അല്ലാഹുവല്ലാതെ മറ്റാരാണ്?
|      

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top