ഒരു കുളിര്‍കിനാവു പോലെ

മൊഴിമാറ്റം: ഇബ്‌നു സൈനബ്

ഫാത്വിമയുടെ പ്രസവം നടക്കുമ്പോള്‍ എനിക്ക് മുപ്പത് കഴിഞ്ഞിരുന്നില്ല. ആ രാത്രി ഇന്നും എന്റെ ഓര്‍മയില്‍ തികട്ടിവരികയാണ്...
നേരംപോക്കുകളും വെടിപറച്ചിലുകളുമായി ഞാന്‍ രാത്രിയുടെ അന്ത്യയാമങ്ങള്‍ തള്ളിനീക്കുകയാണ്. എല്ലാ ശ്ലീലതകളും അതിര്‍ ലംഘിച്ച പൊള്ളത്തരങ്ങള്‍ മാത്രം നിറഞ്ഞുനിന്ന രാത്രി. കൂടെയുണ്ടായിരുന്ന നേരംകൊല്ലികളുടെ കേന്ദ്രബിന്ദു ഞാനാണ്. അവരെയെല്ലാം രസിപ്പിക്കാനുള്ള ദൗത്യം ഞാന്‍ ഏറ്റെടുത്തിരുന്നു. അവര്‍ ചിരിച്ചുകൊണ്ടേയിരിക്കും, ഞാന്‍ ചിരിപ്പിച്ചും.
ആ രാത്രി കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരികയാണ്. ഹൊ! ഞാനവന്മാരെ ഒരുപാട് ചിരിപ്പിച്ചിരിക്കുന്നു. ആളുകളെ അനുകരിക്കുന്നതിലും പരിഹസിക്കുന്നതിലുമുള്ള എന്റെ ചാരുത അസാമാന്യം തന്നെയായിരുന്നു. എന്റെ പരിഹാസത്തില്‍ നിന്നും ആരും തന്നെ ഒഴിഞ്ഞുപോയിരുന്നില്ല. പരിഹാസത്തിന്റെ പരമകോടിയില്‍ സ്വന്തം സുഹൃത്തുക്കള്‍ പോലും എന്നെ വെറുത്തിരുന്നുവെന്നത് സത്യം.
ആ രാത്രി, വഴിയരികിലൂടെ തപ്പിത്തടഞ്ഞ് പോവുകയായിരുന്ന ഒരു അന്ധനായിരുന്നു എന്റെ ഇര. അവന്‍ കടന്നു പോവുമ്പോള്‍ ഞാന്‍ കാലുവെച്ച് തട്ടിയിട്ടതും തലയിടിച്ച് അവന്‍ വീഴുന്നതും കണ്ട് ഞാന്‍ ആര്‍ത്തുചിരിച്ചതും അന്നാ കവലയില്‍ മുഴങ്ങിയപോലെ എന്റെ കാതുകളില്‍ ഇപ്പോഴും അലയടിക്കുകയാണ്. ആരാണ് കാല് വെച്ചതെന്നോ അട്ടഹസിച്ചതെന്നോ മനസ്സിലാകാതെയുള്ള അവന്റെ ദയനീയ നോട്ടം എന്നാണ് എന്റെ മനസ്സില്‍ നിന്ന് മായുക...?
പതിവുപോലെ ഞാന്‍ അന്നും ഏറെ വൈകിത്തന്നെ വീട്ടിലെത്തി. ഫാത്വിമ കാത്തിരിക്കുകയാണ്. നിസ്സഹായയായി, അവശതയോടെ അവള്‍ ചോദിച്ചു:
'ഇത്രേം നേരം നിങ്ങളെവിടാര്‍ന്നു?''
തികഞ്ഞ പരിഹാസത്തോടെയാണ് ഞാനതിന് മറുപടി കൊടുത്തത്:
എന്റെ മറുപടി അവളെ തെല്ലൊന്ന് അലോസരപ്പെടുത്തിയതായി തോന്നി. അല്‍പം പരിഭവത്തോടെ അവള്‍ ചോദിച്ചു:
'നോക്കൂ... നിക്ക് തീരെ വയ്യ.''
ഇത് പറയുമ്പോള്‍ കണ്ണുനീര്‍തുള്ളികള്‍ സാവധാനം അവളുടെ കവിളുകളെ ഈറനണിയിക്കുന്നത് ഞാന്‍ കണ്ടു. ഞാനവളെ പറ്റെ അവഗണിക്കുകയായിരുന്നുവോ എന്ന് സംശയിച്ചുപോയി. വിശേഷിച്ച് അവള്‍ ഗര്‍ഭിണിയായിരിക്കെ. ഇതിപ്പോ ഒമ്പതാം മാസമാണ്. അവളുടെ പരവേശം കണ്ട് വല്ലായ്ക തോന്നിയ ഞാന്‍ എത്രയും വേഗത്തില്‍ അവളെ ആശുപത്രിയിലെത്തിച്ചു. അധികം താമസിയാതെ അവളെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. അക്ഷമനായി ഞാന്‍ വരാന്തയില്‍ മണിക്കൂറുകളോളം കാത്തിരുന്നു. അവിടമാകെ ചുറ്റിനടന്നു. ഒടുവില്‍, ക്ഷീണിച്ചവശനായ ഞാന്‍ ഫോണ്‍ നമ്പര്‍ ഡ്യൂട്ടി നഴ്‌സിനെ ഏല്‍പിച്ച് വീട്ടിലേക്ക് പോന്നു. മണിക്കൂറൊന്നു കഴിഞ്ഞില്ല, സാലിമിന്റെ ജന്മവാര്‍ത്തയുമായി ഒരു ഫോണ്‍കാള്‍ വന്നു. മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല, കുഞ്ഞിന്റെ മുഖം കാണാനുള്ള തിടുക്കത്തില്‍ അതിശീഘ്രം ആശുപത്രിയിലേക്ക് പാഞ്ഞെത്തി. ആദ്യം കണ്ട നഴ്‌സിനോടു തന്നെ അവരുടെ റൂമെവിടെയെന്ന് തിരക്കി. എന്നാല്‍ ഡ്യൂട്ടി ഡോക്ടറെ കാണാനാണ് എനിക്ക് കിട്ടിയ നിര്‍ദേശം.  ഇതെന്നെ അരിശം കൊള്ളിച്ചു.
'ഏത് ഡോക്ടര്‍? എനിക്കെന്റെ ഭാര്യയെയും കുഞ്ഞിനെയുമാണ് കാണേണ്ടത്.''
'പക്ഷെ, താങ്കള്‍ ഡോക്ടറെ കണ്ടേ തീരൂ.''
മറുപടി എനിക്കൊട്ടും ദഹിച്ചില്ലെങ്കില്‍ കൂടി ഡോക്ടറുടെ മുറിയിലേക്ക് ഞാന്‍ കടന്നു. അദ്ദേഹം എന്നെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ തോന്നിച്ചു. മുഖവുരയൊന്നുമില്ലാതെ അദ്ദേഹം വിഷയത്തിലേക്ക് കടന്നു:
'റാഷിദ്, നമ്മുടെ പ്രതീക്ഷകള്‍ എപ്പോഴും ദൈവഹിതവുമായി യോജിച്ചുവരണമെന്നില്ല. താങ്കളുടെ കുഞ്ഞിന്റെ കാര്യത്തില്‍ അല്ലാഹു മറ്റെന്തോ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.''
    എനിക്കൊന്നും മനസ്സിലായില്ല.
    ഡോക്ടര്‍ തുടര്‍ന്നു: ''കുഞ്ഞിന് ചില ജനിതക വൈകല്യങ്ങളുണ്ട്. അവന്റെ കാഴ്ചശക്തി...''
അതുകേട്ട ഞാന്‍ തരിച്ചുപോയി. സിരകളില്‍ രക്തം ഉറച്ച് കട്ടയായതുപോലെ. നിമിഷങ്ങള്‍ക്കുശേഷം സുബോധം കിട്ടുമ്പോള്‍ ഡോക്ടര്‍ എന്നെ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിസരബോധം നഷ്ടപ്പെട്ട ഞാന്‍ യാന്ത്രികമായി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. മനസ്സു മുഴുവന്‍ രാത്രി കണ്ട അന്ധനായിരുന്നു. എന്റെ സുബോധത്തിന്റെ തിരശ്ശീലക്ക് പിന്നില്‍ അവന്‍ പല്ലിളിച്ച് കാട്ടുന്നത് ഞാന്‍ കാണുന്നു. വിളറിയ മുഖത്തോടെ ഞാന്‍ പ്രസവ വാര്‍ഡിലെത്തി. കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് കിടക്കുന്ന ഫത്വിമയെ കണ്ട ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ദുഃഖത്തിന്റെ ഒരു ലാഞ്ചന പോലും മുഖത്തില്ലായിരുന്നു. എന്നു മാത്രമല്ല, വളരെ പ്രസന്നവദനയുമായിരുന്നു അവള്‍. ദൈവഹിതത്തില്‍ തൃപ്തയുമായിരുന്നു. ആളുകളെ അപഹസിക്കുന്നതിനെക്കുറിച്ചും അവമതിക്കുന്നതിനെക്കുറിച്ചും അവളൊരുപാട് സംസാരിച്ചു. എന്റെ മനസ്സിനെ ശാന്തമാക്കാനായിരുന്നു അവളുടെ ശ്രമം മുഴുവന്‍.
ഞങ്ങള്‍ വീട്ടിലെത്തി. ദിവസങ്ങള്‍ കടന്നു പോവുകയാണ്. സാലിം വീട്ടിലുണ്ടെന്ന ഭാവം പോലും വാസ്തവത്തില്‍ ഞാന്‍ കാണിച്ചില്ല. അവന്റെ കരച്ചില്‍ കേള്‍ക്കുമ്പോഴേക്കും ഞാന്‍ വരാന്തയില്‍ പോയി കിടക്കും. രാത്രിയുടെ യാമങ്ങളില്‍ അത് എനിക്ക് അരോചകമായി തോന്നിത്തുടങ്ങി. ഫാത്വിമ അവനെ വല്ലാതെ പരിഗണിച്ചു. അതിരറ്റ് സ്‌നേഹിക്കുകയും ചെയ്തു. വെറുത്തിരുന്നില്ലെങ്കിലും അവനെ സ്‌നേഹിക്കാന്‍ എനിക്ക് സാധിച്ചില്ല. കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു. സാലിം വളരുകയാണ്. ഇപ്പോഴവന്‍ ഇഴയുന്നുണ്ട്. എങ്കിലും ആ ഇഴഞ്ഞുനടത്തത്തില്‍ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. താമസിയാതെ വേദനിപ്പിക്കുന്ന ആ ഇരുണ്ട സത്യം കൂടി വെളിപ്പെട്ടു- ഒരു മുടന്തന്‍ കൂടിയാണ് സാലിം...
    'ദൈവമേ...!'
    എനിക്ക് ഒന്നും ചോദിക്കാന്‍ തോന്നിയില്ല. എന്റെ ഹൃദയഭാരം കൂടിക്കൂടി വരികയാണ്. ഇതിനിടയില്‍ ഖാലിദും വാഹിദും അവന്റെ അനുജന്മാരായിക്കഴിഞ്ഞിരുന്നു. കാലം നീങ്ങുകയാണ്. സാലിം വളര്‍ന്നുകൊണ്ടേയിരുന്നു, കൂടെ അനുജന്മാരും. ഞാനാണെങ്കില്‍ മുഴുവന്‍ സമയവും വീട്ടിന് പുറത്തു തന്നെയായി. തെമ്മാടിക്കൂട്ടങ്ങളുടെ കൂടെ കളിതമാശകളുമായി സമയം കളയുക മാത്രമായി എന്റെ ഒരേയൊരു തൊഴില്‍. വാസ്തവത്തില്‍ ഞാനവരുടെ കളിപ്പാട്ടമായി മാറുകയായിരുന്നു.
    ഞാന്‍ മാറുമെന്ന കാര്യത്തില്‍ ഫാത്വിമയുടെ പ്രതീക്ഷകള്‍ അസ്തമിച്ചതേയില്ല. എനിക്കുവേണ്ടി നിരന്തരം അവള്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. എന്നോടൊരിക്കല്‍ പോലും മുഖം കറുപ്പിച്ചില്ല. കുറ്റം പറഞ്ഞില്ല. ആവലാതിപ്പെട്ടില്ല. എങ്കിലും എനിക്കറിയാമായിരുന്നു സാലിമിനോടുള്ള എന്റെ അവഗണനയും അവന്റെ സഹോദരന്മാരോടുള്ള പരിഗണനയും കാരണം അവളുടെ ഹൃദയം നീറുകയാണ് എന്ന്. കനലുകള്‍ക്കിടയില്‍ പെട്ട തൂവലുപോലെ ഉരുകിത്തീരുകയാണ് അവള്‍. സാലിം വളരുന്തോറും എന്റെ ആശങ്കകളും വളര്‍ന്നു. അതുകൊണ്ടുതന്നെയാകണം, അവനെ ദൂരെയൊരു വികലാംഗവിദ്യാലയത്തില്‍ ചേര്‍ക്കണമെന്ന ഫാത്വിമയുടെ ആവശ്യം ഞാന്‍ നിരാകരിക്കാതിരുന്നത്. വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണത് എനിക്കനുഭവപ്പെട്ടതേയില്ല. ദിനങ്ങളെല്ലാം വൃഥാ നീങ്ങിക്കൊണ്ടേയിരുന്നു. ജോലി... ഭക്ഷണം... ഉറക്കം... നേരംപോക്കുകള്‍...
    ഉണര്‍ന്നപ്പോള്‍ 11 മണിയായിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതുതന്നെ നേരത്തെയായിരുന്നു. പുത്തന്‍ മുണ്ടും അത്തറും പത്രാസുമൊക്കെയായി ഞാന്‍ പാര്‍ട്ടിക്ക് പോകാനൊരുങ്ങി. മുറ്റത്ത് സാലിം നിന്ന് കരയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. നാളിതുവരെ അവന്റെ കരച്ചില്‍ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. ഏതോ ഒരു ഉള്‍വിളിയാല്‍ ഞാനവിടെ നിന്നു. പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഒരിക്കല്‍ പോലും അവനെ തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല. ഉമ്മയെ വിളിച്ചു കരയുന്നത് തൊട്ടടുത്തുനിന്ന് കേട്ടു നില്‍ക്കുകയാണ് ഞാന്‍. അടുത്തു ചെന്ന് ഞാന്‍ മന്ത്രിച്ചു:
'സാലിം, എന്തിനാ നീ കരയുന്നത്?''
    എന്റെ സ്വരം കേട്ട സാലിം നിശ്ചലനായി. ശബ്ദമടങ്ങി. എന്റെ സാമീപ്യം മനസ്സിലാക്കിയ അവന്‍ തന്റെ ദുര്‍ബലമായ കൈകള്‍ കൊണ്ട് വായുവില്‍ തപ്പി പിറകോട്ടു നടന്നു തുടങ്ങി.
'ദൈവമേ, അവന്‍ അടുത്തു വരുന്നില്ലല്ലോ...?''
ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്നാണോ എന്നെ നിങ്ങള്‍ കാണുന്നത്?' എന്നവന്‍ ചോദിക്കുന്നതുപോലെ എനിക്കു തോന്നി. ഞാനവനെ പിന്തുടര്‍ന്നു. ഞാനെത്ര നിര്‍ബന്ധിച്ചിട്ടും കരയാനുണ്ടായ സാഹചര്യം വിവരിച്ചില്ല. നൈര്‍മല്യം നടിച്ചു നോക്കി, പ്രലോഭിപ്പിച്ചും നോക്കി. ഒടുവില്‍ അവന്‍ മനസ്സു തുറന്നു. ചെവി വട്ടം കൂര്‍പ്പിച്ച് ഞാന്‍ ശ്രദ്ധിച്ചു. സാധാരണയായി അനിയന്‍ വാഹിദ് സ്‌കൂളില്‍ നിന്ന് വന്നാണ് സാലിമിനെ പള്ളിയില്‍ കൊണ്ടുവിടുന്നത്. വാഹിദ് ഇതുവരെ എത്തിയിട്ടില്ല. ഇന്നാണെങ്കില്‍ വെള്ളിയാഴ്ചയുമാണല്ലോ? ഇനിയും വൈകിയാല്‍ എങ്ങിനെ പള്ളിയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കും? ആലോചിച്ച് കരഞ്ഞു പോയതാണ്. ധാരയായി ഒഴുകുന്ന കണ്ണീര്‍ തുള്ളികള്‍ക്ക് പരുപരുത്ത വിരലുകള്‍ കൊണ്ട് ഞാന്‍ തടകെട്ടിനോക്കി. പക്ഷേ, അത് തടഞ്ഞു നിര്‍ത്താനുള്ള ശേഷി എന്റെ വിരലുകള്‍ക്കില്ലായിരുന്നു. പതുക്കെ ഞാന്‍ ചോദിച്ചു:
'ഇതിനാണോ, സാലിമേ നീ കരഞ്ഞത്?''
'ഞാനെങ്ങനെ കരയാതിരിക്കും? പിന്നീടൊരവസരം എനിക്ക് കിട്ടിയില്ലെങ്കിലോ?' എന്റെ കൂട്ടുകാരെ ഞാന്‍ മറന്നു. സല്‍ക്കാരങ്ങള്‍ മറന്നു.
'സാലിം, ഇതിനിത്ര വിഷമിക്കാനെന്തിരിക്കുന്നു? ഇന്നു നിന്റെ കൂടെ പള്ളിയില്‍ വരുന്നതാരാണെന്നറിയാമോ?''               'വാഹിദ്, അല്ലാതാരാ?!''
'ഇന്നു നിന്റെ കൂടെ ഈ ഞാനായിരിക്കും! എന്താ?''
ആശ്ചര്യത്തോടെ, അവിശ്വസനീയതയോടെ കണ്ണീരൊഴുക്കി സാലിം നിന്നു. സാവധാനം ഞാനവനെ ചേര്‍ത്തുപിടിച്ചു. കാറില്‍ പോകാമെന്നാണ് ഞാന്‍ കരുതിയത്. അവനതിന് കൂട്ടാക്കിയില്ല. പള്ളി അടുത്തു തന്നെയാണെന്നും നടന്നു പോയാല്‍ മതിയെന്നും നിര്‍ബന്ധം പിടിച്ചു.
എന്നായിരുന്നു അവസാനമായി പള്ളിയില്‍ കയറിയതെന്ന കാര്യം പോലും ഞാന്‍ മറന്നിരിക്കുന്നു. എങ്കിലും ഇന്ന് എന്തോ ചില പ്രത്യേകതകള്‍ അനുഭവപ്പെടുന്നുണ്ട്. ആളുകളെക്കൊണ്ട് പള്ളി നിബിഡമാണ്. സാലിമിന് മുന്‍വശത്തു തന്നെ ഞാനൊരു സ്ഥാനം കണ്ടെത്തി. ഖുത്വുബ കഴിഞ്ഞ് ഞങ്ങള്‍ തോളുരുമ്മി നമസ്‌കരിച്ചു. ശേഷം അവനെന്നോടൊരു ഖുര്‍ആനാവശ്യപ്പെട്ടു. അത്യത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നുപോയി. ഇവനെങ്ങനെ വായിക്കാന്‍! എന്നതായിരുന്നു എന്റെ ചിന്ത. അല്‍കഹ്ഫ് എന്ന സൂറത്ത് എടുക്കാന്‍ അവന്‍ ആവശ്യപ്പെട്ടു. ഞാന്‍ അനുസരിച്ചു. ഒരുപാട് സമയമെടുത്താണ് ഞാനത് കണ്ടെത്തിയത്. ഖുര്‍ആന്‍ വാങ്ങി മുന്നില്‍ വെച്ച് അവന്‍ ഓതുകയാണ്. കണ്ണുകള്‍ രണ്ടും അടഞ്ഞു കിടക്കുന്നു. ഒരക്ഷരം പോലും പിഴക്കുന്നുമില്ല. അതുമുഴുവന്‍ അവന്‍ മനഃപാഠമാക്കിയിരുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നു. ഞരമ്പുകള്‍ക്ക് തളര്‍ച്ച ബാധിക്കുന്നു. കുറ്റബോധത്തിന്റെയും അപകര്‍ഷതാ ബോധത്തിന്റെയും ഭാരം തലയിലേറിവരുന്നു. ഞാന്‍ ഖുര്‍ആന്‍ മുറുകെപ്പിടിച്ചു. സിരകള്‍ക്ക് ഉണര്‍വ് വന്നതുപോലെ. തണുത്ത് മരവിച്ചതൊക്കെയും ചൂടുപിടിക്കുന്നതുപോലെ. ഖുര്‍ആന്‍ വായിക്കാനുള്ള ഒരു ശ്രമം നടത്തി ഞാന്‍. മനസ്സില്‍ കൂടുകെട്ടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്തിറങ്ങുന്നു. ശരീരത്തിന്റെ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നു. കണ്ണുകള്‍ സജലങ്ങളാകുന്നു. ആത്മനിയന്ത്രണം നഷ്ടപ്പെടുകയാണ്. അര്‍ഹിക്കാത്തതെന്തൊക്കെയോ കൈയില്‍ കിട്ടിയതുപോലെ... കൊച്ചു കുഞ്ഞുങ്ങളെപ്പോലെ കരയുകയാണ് ഞാന്‍. ആളുകള്‍ അപ്പോഴും പള്ളിയില്‍ ബാക്കിയുണ്ടായിരുന്നു. ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാന്‍ കരച്ചില്‍ നിര്‍ത്താന്‍ ബദ്ധപ്പെട്ടു. കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. മനസ്സിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. പാപങ്ങളുടെ കൂമ്പാരം തന്നെ മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. ദുര്‍ഗന്ധത്താല്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നു. ആളും അന്തരീക്ഷവുമൊന്നും തിരിച്ചറിയാനാവുന്നില്ല. ഒരു കുഞ്ഞുകരം എന്റെ വായ മൂടുന്നതായും പിന്നീടതെന്റെ കവിളുകളിലൂടെ ഓടിക്കളിക്കുന്നതായും ഞാനറിയുന്നു. എന്നെ ആശ്വസിപ്പിക്കാനുള്ള സാലിമിന്റെ പാഴ്ശ്രമമാണ്. ഞാനവനെ മാറോടു ചേര്‍ത്തുപിടിച്ചു. ഇന്നോളം ലഭിക്കാതിരുന്ന ഒരു കുളിര് എനിക്ക് അനുഭവപ്പെടുന്നു. സത്യത്തില്‍ അവനായിരുന്നില്ല, ഞാനായിരുന്നു യഥാര്‍ഥ അന്ധന്‍.
    ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. ഫാത്വിമ സാലിമിനെയോര്‍ത്ത് അസ്വസ്ഥപ്പെട്ടിരിക്കുകയാണ്. അധികം താമസിയാതെ അസ്വസ്ഥത കരച്ചിലിന് വഴിമാറി, ഞാനും പള്ളിയില്‍ പോയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍.
    അന്നുതൊട്ട് ഒരൊറ്റ ജമാഅത്ത് നമസ്‌കാരം പോലും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. പഴയ തെമ്മാടിക്കൂട്ടങ്ങളെയൊക്കെ ഒഴിവാക്കി. എനിക്കിപ്പോള്‍ പുതിയ കുറെ കൂട്ടുകാരെ ലഭിച്ചിരിക്കുന്നു. ഇന്നേവരെ ചെന്നെത്താത്ത വിശ്വാസത്തിന്റെ പ്രകാശഗോപുരങ്ങളിലേക്ക് അവരെന്നെ വഴിനടത്തി. വിത്‌റ് നമസ്‌കാരം പോലും ഒഴിവാക്കാനാവാത്ത മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തിപ്പെട്ടു. ഓരോ മാസത്തിലും ഒരുപാടു തവണ ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്തു. പടച്ചവന്‍ എന്നെ സ്വീകരിക്കില്ലേ? ഓരോ നിമിഷവും അവന്റെ സ്മരണയിലൂടെയാണ് കടന്നുപോവുന്നത്.
    വീട്ടുകാരുമായി വളരെ അടുത്തതുപോലെ തോന്നുന്നു. ഫാത്വിമയുടെ മുഖത്ത് തളം കെട്ടിയിരുന്ന നൈരാശ്യവും ആശങ്കയുമൊക്കെ മാഞ്ഞുപോയിരിക്കുന്നു. സാലിമിന്റെ പുഞ്ചിരിക്കുന്ന മുഖത്തിന് ഏതോ രാജകുമാരന്റെ ഭാവമാണ്. ഞാനല്ലാഹുവിന് നന്ദി പറഞ്ഞോട്ടേ...?
    ഒരു ദിവസം ചില കൂട്ടുകാര്‍ എന്നെ ഒരുപാട് നിര്‍ബന്ധിച്ചു. എന്തിനെന്നോ, ദൂരെയൊരു പ്രദേശത്ത് പ്രബോധനാര്‍ഥം കൂടെ ചെല്ലാന്‍. ഞാന്‍ വിസമ്മതിക്കുകയാണുണ്ടായത്. ഫാത്വിമക്ക് അതിഷ്ടമാവില്ലെന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചത്. കാര്യമവതരിപ്പിക്കേണ്ട താമസം അത്യാഹ്ലാദത്തോടെ അവളെന്നെ പ്രോല്‍സാഹിപ്പിക്കുകയാണുണ്ടായത്. മുമ്പൊക്കെ ഒരക്ഷരം പറയാതെ ഊരുതെണ്ടിയിരുന്ന ആള്‍, തന്നോടുകൂടി കാര്യം ആലോചിച്ചത് അവളെ വളരെ സന്തോഷിപ്പിച്ചു. സാലിമും എന്നെ ആശംസിച്ചു.
    മൂന്നരമാസമായി വിട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മൂന്നര പതിറ്റാണ്ടെന്ന പോലെ അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ ഫാത്വിമയെ വിളിച്ചുകൊണ്ടിരുന്നു. മക്കളുടെ കാര്യമന്വേഷിച്ചു. അവരെയൊക്കെ എനിക്കിത്രക്ക് ഇഷ്ടമായിരുന്നോ...? അകലും തോറും സ്‌നേഹത്തിന് ആഴം കൂടുന്നതായി തോന്നുന്നു. സാലിമിന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിയാവുന്നു. യാത്ര തുടങ്ങിയതുമുതല്‍ അവന്റെ ശബ്ദം മാത്രമെ കേള്‍ക്കാതുള്ളൂ. വിളിക്കുമ്പോഴൊക്കെയും അവന്‍ സ്‌കൂളിലോ പള്ളിയിലോ ആയിരിക്കും. അവനെക്കുറിച്ച് ഫാത്വിമയോട് ചോദിക്കുമ്പോഴൊക്കെ അവള്‍ മന്ദഹസിക്കും- ഒരേസമയം വേദനയും സന്തോഷവും ഇടകലര്‍ന്ന ഒരു തരം മന്ദഹാസം. എന്നാല്‍ ആ രാവില്‍, അവസാന വിളിയില്‍... ഫാത്വിമ മന്ദഹസിച്ചില്ല. സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണങ്ങളൊന്നും ഞാനറിഞ്ഞില്ല. എന്തോ, അവളുടെ സ്വരമാകെ മാറിയതുപോലെ.
'സാലിമിനോട് എന്റെ സലാം പറയണം.''
'ഇന്‍ശാ അല്ലാ...''
അത്രമാത്രം. ഞാനിന്ന് വീട്ടിലേക്ക് മടങ്ങുകയാണ്.
വീടും വരാന്തയുമൊക്കെ വരണ്ടുകിടക്കുന്നു. വാതിലിനു കൊട്ടി, സാലിം വന്നു തുറക്കുന്നതും കാത്ത് ഞാന്‍ നിന്നു. നാലു വയസ്സുള്ള ഖാലിദാണ് വാതില്‍ തുറന്ന് പ്രത്യക്ഷപ്പെട്ടത്. അവനേയും വാരിയെടുത്ത് ഞാന്‍ അകത്തേക്ക് കടന്നു. ഹൃദയമിടിപ്പ് അല്‍പം കൂടിയതുപോലെയും മനസിലെവിടെയോ ചില കാരിമുള്ളുകള്‍ കൊളുത്തിവലിക്കുന്നതുപോലെയും തോന്നുന്നതെന്തേ? അടുപ്പത്തിന്റെ ഓരോ തിരിച്ചറിവിലും അകല്‍ച്ചയിലെ അനുഭവമുണ്ടോ?
    ഫാത്വിമ കടന്നു വന്നു. മുഖമാകെ വിളറിയിരിക്കുന്നു. സന്തോഷമാണെന്ന് ഭാവിക്കാന്‍ ശ്രമിക്കുകയാണ്. അവളെ നന്നായി അറിയുന്നവനല്ലേ ഞാന്‍?
    ''എന്താ പറ്റിയത്? നിനക്ക് അസ്വസ്ഥത വല്ലതും...?''
'ഓ, ഒന്നൂല്ല.''
പെട്ടെന്നാണ് സാലിമിന്റെ കാര്യം മനസ്സില്‍ മിന്നിയത്.
'സാലിം, എവിടെ?''
ഫാത്വിമ തല താഴ്ത്തി. അവള്‍ മിണ്ടിയില്ല. കവിളിലൂടെ വെള്ളത്തുള്ളികള്‍ ഉരുണ്ടു വീഴുന്നത് മാത്രം കാണാം.
'സാലിം, എവിടെ സാലിം?''
ഞാന്‍ അക്ഷരാര്‍ഥത്തില്‍ അട്ടഹസിക്കുകയായിരുന്നു. ഖാലിദാണ് അതിനുത്തരം പറഞ്ഞത്:
'ബാപ്പാ, ശാലിം ശൊര്‍ഗത്തീ പോയതാ.'' കണ്ണുകളില്‍ പെട്ടെന്ന് ഇരുട്ടു പടരുന്നു. രക്തക്കുഴലുകള്‍ക്ക് തീ പിടിക്കുന്നു. പേശികള്‍ വലിഞ്ഞു മുറുകുന്നു. കാര്‍മുകിലുകള്‍ കുമിഞ്ഞു കൂടുന്നു. ഇടിയും പേമാരിയും ഇരുളില്‍ പെയ്തിറങ്ങുന്നു. ചീവീടുകള്‍ കലപില കൂട്ടുന്നതും വിഷപ്പാമ്പുകള്‍ ചീറ്റുന്നതും കൊടുങ്കാറ്റിന്റെ മര്‍മരവുമൊക്കെ കര്‍ണപുടത്തില്‍ ഒരേസമയം അലയടിക്കുന്നു. ആ വാര്‍ത്ത കേള്‍ക്കാന്‍മാത്രം ശക്തനായിരുന്നില്ല ഞാന്‍. കണ്ണീര്‍ വര്‍ഷത്തിനൊടുവില്‍ ഫാത്വിമ നിലത്ത് വീണുകിടക്കുകയാണ്.
ഞാന്‍ പോയി രണ്ടാമത്തെയാഴ്ച ഒരു പനി വന്നിരുന്നുവത്രെ. ഉടനെ ആശുപത്രിയിലെത്തിച്ചു. പക്ഷേ, ദൈവത്തിന്റെ വിധിന്യായത്തില്‍ കാലാവധി തീര്‍ന്നുകാണും. കൂരിരുളില്‍ ജീവവായുവിന്റെ ദീപശിഖയുമായി എന്റടുക്കല്‍ വന്നവനായിരുന്നു സാലിം. ഹൃത്തടത്തില്‍ ഇരുളിന്റെയും വെളിവിന്റെയും ഘടകങ്ങള്‍ നിക്ഷേപിച്ചവനാണ് ദൈവം. അവന്‍ തന്നെ വെളിച്ചത്തിന് പുറത്തുവരാനുള്ള ഉപാധികളും ഉണ്ടാക്കിക്കൊടുക്കുന്നു. എനിക്കു കിട്ടിയ വെളിച്ചത്തിന്റെ, വിജയത്തിന്റെ ഉപാധിയായിരുന്നു സാലിം. എനിക്കവന്‍ വഴി വെട്ടിത്തന്നു. തിരിച്ചു പോവുകയും ചെയ്തു. എത്രയോ മനുഷ്യര്‍ ഇപ്പോഴും ഇത്തരം ദിവ്യാനുഗ്രഹങ്ങള്‍ തിരിച്ചറിയാതെ കുഴിയില്‍ തന്നെ കഴിയുന്നു. സര്‍വേശ്വരാ... എന്റെ കുഞ്ഞിന് നീ പൊറുത്തുകൊടുക്കേണമേ. എന്നെ വീണ്ടും നീ അന്ധനാക്കല്ലേ അല്ലാഹ്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top