ഇനിയും വേണോ നിയമംസ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിന് പുതിയ നിയമനിര്‍മാണം നടത്തുമെന്ന്  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ഉന്നതതല യോഗം  തീരുമാനിച്ചതായി  പത്രവാര്‍ത്ത. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന വിലയിരുത്തലിലാണത്രെ ഇനിയും ഒരു നിയമത്തെ കുറിച്ച് ചിന്തിച്ചത്. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാല്‍ കരാട്ടെയടക്കമുള്ള ആയോധന കലകള്‍ അവര്‍ പഠിക്കണമെന്നുള്ള  പ്രതിപക്ഷത്തെ മറ്റൊരു പ്രമുഖ നേതാവിന്റെ പ്രസ്താവനയും തൊട്ടടുത്ത ദിവസമുണ്ടായി.  ആണായാലും പെണ്ണായാലും സ്വത്തും മുതലും അപഹരിക്കാനോ ദേഹോപദ്രവമേല്‍പ്പിക്കാനോ സാമൂഹ്യ ദ്രോഹികളിലാരെങ്കിലും മുതിര്‍ന്നാലും പെണ്ണിന് മാനം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോഴും അക്രമിയുടെ മുന്നില്‍ നിയമത്തിന്റെ വകുപ്പുകള്‍ ഓതിക്കേള്‍പ്പിച്ചതുകൊണ്ടോ മജിസ്‌ട്രേറ്റിനെയും പോലീസിനെയും  വിളിച്ചുകൂവിയിട്ടോ കാര്യമില്ല.  സ്വയം രക്ഷക്കായി പ്രതിരോധം തന്നെയാണഭികാമ്യം.
പക്ഷേ ഇന്ന് പെണ്‍വര്‍ഗം പ്രായഭേദനമന്യേ അനുഭവിക്കുന്ന അതിക്രമങ്ങളില്‍ ഏറിയ പങ്കും മല്ലയുദ്ധത്താല്‍ പെണ്ണിന് പരിഹരിക്കാന്‍ കഴിയുന്ന പ്രശന്ങ്ങളേയല്ല.  കൈക്കരുത്തിനാലും ഏടുകളില്‍ ഉറങ്ങുന്ന നിയമത്താലും പരിഹരിക്കപ്പെടാവുന്ന രോഗവുമല്ലിത്.
 സ്ത്രീധന നിയമവും സ്ത്രീപീഡന നിയമവും ജീവിത പങ്കാളി എന്ന നിലക്ക് സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാനായി ഗാര്‍ഹിക പീഡന നിയമവും ഒക്കെ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും  സ്ത്രീ പീഡന ഗ്രാഫ് കുത്തനെ ഉയരുകയാണ്. ഒറ്റപ്പെട്ട കേസുകളില്‍ സമൂഹത്തിന്റെ കരുതലും ജാഗ്രതയും ഉണ്ടായപ്പോള്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും  പതിന്മടങ്ങ്  കേസുകൡ കുറ്റവാളികള്‍ സൈ്വര്യവിഹാരം നടത്തുക തന്നെയാണ്.  അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവര്‍ പോലീസിലും ഭരണകൂടത്തിലും ജ്യൂഡീഷ്യറിക്കകത്തുമുണ്ട്. നിയമത്തിന്റെ അപര്യാപ്തതയല്ല യഥാര്‍ഥ പ്രശ്‌നം.  നിയമങ്ങള്‍ മനോഗതിക്കനുസരിച്ച് ആരുണ്ടാക്കിയാലും അത് ഫലം കാണണമെങ്കില്‍ നടപ്പിലാക്കുന്നവര്‍ക്ക് ലേശം ഇച്ഛാശക്തി വേണം. പെണ്ണിനു നേരെ കനപ്പിച്ചൊന്ന് നോക്കിയാല്‍ പോലും പീഡനമാക്കി കേസെടുക്കാനുള്ള വകുപ്പുള്ളപ്പോഴാണ് പ്രമാദമായ പല ബലാത്സംഗ കേസിലെയും പ്രതികള്‍ സുഖമായി നടക്കുകയും പെണ്‍കുട്ടികള്‍ ഒളിച്ചുകഴിയേണ്ടിവരികയും ചെയ്യുന്നത്. സ്ത്രീയെ അലങ്കാരത്തോടെ താലപ്പൊലിയേറ്റി നടത്തിക്കുന്നത് നിയമവിരുദ്ധമാണ്. എന്നിട്ടും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പാട്ടുകൂത്ത് മേളകളില്‍ പോലും ആനയോടൊപ്പം എഴുന്നള്ളിക്കുന്നത് കൈയിലൊരു ബൊക്കെയുമായി അല്‍പ വസ്ത്രധാരിണികളെയാണ്. രാവേറെ കഴിഞ്ഞ് മദ്യലഹരിയില്‍ ആടിവരുന്ന ഭര്‍ത്താവിന്റെ അടിയും തൊഴിയുമേറ്റ് ദിനരാത്രങ്ങള്‍ എണ്ണിക്കഴിക്കാനാണ് മിക്ക കുടുംബങ്ങളിലും പെണ്ണിന്റെ വിധി. എല്ലാ വീട്ടിലെയും ഗൃഹനാഥന്മാര്‍ക്ക് മദ്യം കിട്ടി എന്നുറപ്പുവരുത്താന്‍ ജാഗ്രത കാണിക്കുന്നവരില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ല. വിനോദോപാധികളൊക്കെയും സ്ത്രീ ശരീരത്തെ ചുറ്റിപ്പറ്റിയാണ്. ഇത് പ്രോത്സാഹിപ്പിക്കുന്നതില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ നിയന്ത്രിക്കാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ടവര്‍ക്ക് ഇന്നേവരെ ആയിട്ടില്ല.
ജീവന്‍ നല്‍കിയ പിതാവിനെ പോലും ഭയന്ന് കിടക്കക്കരികില്‍ കത്തിയും കൊടുവാളുമായി അന്തിയുറങ്ങേണ്ട അവസ്ഥ ഒറ്റപ്പെട്ട കുടുംബങ്ങളിലെങ്കിലും പെണ്‍കുട്ടികള്‍ക്കുണ്ടായിട്ടുണ്ട്. ഭര്‍ത്താവും ഭാര്യയും പരാതി പ്രളയവുമായി കോടതികള്‍ കയറിയിറങ്ങുകയാണ്. കുടുംബത്തില്‍ ഇണയും തുണയുമാകേണ്ടവര്‍ ലിംഗ സമത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി മാത്രം പോരടിച്ച് വെറും 'ആണും' 'പെണ്ണു'മായി മാറി. ആദ്യം വേണ്ടത്, സ്ത്രീയുടെ  വ്യക്തിത്വത്തെ വകവെച്ച് കൊടുക്കാന്‍ കഴിയുന്ന, അവള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന  മാനവികതയിലൂന്നിയ സാമൂഹിക അന്തരീക്ഷമാണ്.
അല്ലാതെ കുടുംബമെന്ന അടിസ്ഥാന സാമൂഹിക സ്ഥാപനത്തിന്റെ പിഴുതെറിയലിലേക്കും പെണ്ണ്=ഉപഭോഗ താല്‍പര്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടവള്‍ എന്ന നിലയിലേക്കും നമ്മുടെ ചിന്തകള്‍ മാറുമ്പോള്‍ അമ്മയും മകളും ഭാര്യയുമൊക്കെയായ പെണ്ണ് വെറുമൊരു മാംസപിണ്ഡമായി മാറുകയാണ്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top