ഒരു പിടി തകര

ഡോ: മുഹമ്മദ് ബിന്‍ അഹ്മദ് No image
സമയകാല വ്യത്യാസമില്ലാതെ മിക്ക സ്ഥലങ്ങളിലും തനിയെ മുളച്ചുപൊന്തുന്ന ഒരു പ്രകൃതിദത്ത ചെടിയാണ് തകര. പൊന്നാന്തകര എന്ന പേരിലും ഇത് അറിയപ്പെടുന്നു. പ്രത്യേക കൃഷിരീതി ആവശ്യമില്ലാതെ വളരുന്ന ഈ ചെടിക്ക് വമ്പിച്ച ഔഷധവീര്യവുമുണ്ട്.
പ്രത്യേക വൈദ്യനിര്‍ദേശം ആവശ്യമില്ലാതെ തന്നെ ഇതിന്റെ ഉപയോഗം രോഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ സഹായിക്കുന്നതാണ്. കൊല്ലത്തില്‍ ഒരു പ്രാവശ്യം മാത്രം മുളച്ചുണ്ടാവുന്ന  ചെടിയാണിത്. ഇലകള്‍ അരച്ചുണക്കി പൊടിച്ചു ദീര്‍ഘകാലം സൂക്ഷിക്കാവുന്നതാണ്. ത്വക്ക് രോഗങ്ങള്‍ക്ക് അകത്തേക്ക് കഷായ ചൂര്‍ണങ്ങളായും, അരച്ചു കഞ്ഞിവെച്ചും തേനിലോ നാളികേരപ്പാലിലോ ചേര്‍ത്തും, അരച്ചു വെളിച്ചെണ്ണയില്‍ ചാലിച്ചു കാച്ചിയെടുത്തും മോരില്‍ അരച്ചുചേര്‍ത്തും പലരീതിയില്‍ വൈദ്യനിര്‍ദേശാനുസരണം ഉപയോഗിക്കാന്‍ പറ്റുന്ന ഔഷധ ചെടിയാണിത്. കടുംമധുര രസമാണിതിന്. എന്നാല്‍ ഇതിന്റെ സീസണില്‍ (ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍) വ്യാപകമായി കണ്ടുവരുന്ന ഇതിനെ പറിച്ചു സൂക്ഷിച്ചുവെക്കുന്ന പണി വൈദ്യലോകം എഴുതിത്തള്ളിയിരിക്കുകയാണ്.
രോഗാണുനാശക സ്വഭാവമുള്ള ഇത് മറ്റു സുഗന്ധ വ്യഞ്ജനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുകയിക്കാന്‍ പറ്റുന്നുവെന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കിയേ പറ്റൂ. കുഷ്ഠരോഗ ചികിത്സയില്‍ വമ്പിച്ച സാമ്പത്തിക ചെലവു വരുമ്പോള്‍ ദൈവം കനിഞ്ഞരുളിയ ചെലവില്ലാത്ത ഈ ഔഷധ ചെടിയെ പ്രായോഗിക രംഗത്തേക്ക് കൊണ്ടു വരുന്നതില്‍ വൈദ്യസമൂഹത്തിനുള്ള പങ്ക് നിസ്സാരമായി തള്ളാവുന്നതല്ല. സ്രവങ്ങളില്ലാത്ത ചൊറി, വളംകടി, പുഴുക്കടി എന്നീ രോഗങ്ങള്‍ക്കെല്ലാം അല്‍പം തകരയില കഴുകി വൃത്തിയാക്കി അരച്ചുണ്ടാക്കുന്ന കഞ്ഞി വെച്ച് കഴിക്കുന്നതും ഇല നന്നായി അരച്ച് നാളികേരപ്പാലും സ്വല്‍പം മഞ്ഞളും ചേര്‍ത്ത് കുഴമ്പാക്കി ഏതെങ്കിലും ത്വക്ക്‌രോഗ ഹരങ്ങളായ കാച്ചിയ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ഉദ്രവമുള്ളിടത്തു തേച്ചുപിടിപ്പിച്ച്  ഒരു മണിക്കൂര്‍ കഴിഞ്ഞു സോപ്പു തേയ്ക്കാതെ മെഴുകിളക്കി നിത്യവും കുളിക്കുന്നതും ഫലപ്രദമായി കണ്ടിട്ടുണ്ട്.
വര്‍ഷകാലത്ത് സുലഭമായി ലഭിക്കുന്ന ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് ശുദ്ധമായ ആവണക്കെണ്ണയും ചേര്‍ത്ത് കാച്ചി ചൂടാറിയ ശേഷം എടുത്തു സൂക്ഷിക്കുക. ത്വക്ക് രോഗമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും മലശോധനക്കായി ഉപയോഗിക്കാവുന്ന ഫലപ്രദമായ ഔഷധമാണിത്. തകരയിലയും മുരിക്കിന്‍ ഇലയും സമമായെടുത്തു അരച്ചുചേര്‍ത്ത കഞ്ഞിയും മികവുറ്റതാണ്. ഇതിന്റെ വേര് മാത്രമായോ സമൂലമായോ നുറുക്കി ചതച്ചു കഷായം വെച്ചു ത്വക് രോഗങ്ങള്‍ക്ക് അകത്തേക്ക് കഴിക്കാവുന്ന ഒന്നാന്തരം ഔഷധമാണ്. ആര്യവേപ്പിന്‍ തൊലി, കരിങ്ങാലിക്കാതല്‍, ത്രിഫലത്തോട്, പടവല വള്ളി, ചിറ്റമൃത് തൊലി നീക്കിയതും ആടലോടകത്തിന്റെ വേരും ഒറ്റയായോ, കൂട്ടായോ ചേര്‍ത്തുണ്ടാക്കുന്ന കഷായവും വളരെ ഗുണകരമായി കണ്ടിട്ടുണ്ട്.
ശ്വാസകോശ രോഗങ്ങള്‍ക്കും ആശ്വാസമേകുന്നതാണിതിന്റെ പ്രയോഗങ്ങള്‍. തകരയിലയും ആടലോടക ഇലയും ഇടിച്ചു പിഴിഞ്ഞ നീരും തകരയില നീരു മാത്രമായും ആവശ്യത്തിനു തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഒന്നാന്തരം ചുമ സംഹാരിയാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ബാല പീഠകള്‍, പനി, ചുമ, തുമ്മല്‍, ഏക്കം, കഫക്കെട്ട് എന്നീ രോഗങ്ങള്‍ക്കും ഇതിനെ ഉപയോഗിക്കാവുന്നതാണ്. പനിക്കൂര്‍ക്ക (കഞ്ഞിക്കൂര്‍ക്കല്‍) ആടലോടക ഇല, തകരയില എന്നിവ വാട്ടിപ്പിഴിഞ്ഞ നീരിന് സമമായി തേനും ചേര്‍ത്ത് സന്ദര്‍ഭത്തിനനുസരിച്ച് ഗോപിചന്ദനാദി, കൊമ്പഞ്ചാദി, ശ്വാസാനന്ദം ഗുളിക ചേര്‍ത്ത് കഴിക്കുന്നത് ഗൃഹൗഷധിയാണ്.
വളംകടി, പുഴുക്കടി, വട്ടച്ചൊറി, ഒടിയിലുണ്ടാകുന്ന ചൊറി, ജട്ടി മുതലായവകൊണ്ടുണ്ടാകുന്ന അലര്‍ജി, മുക്കുപണ്ടം ധരിക്കുന്നതുകൊണ്ടുണ്ടാകുന്ന ചൊറികള്‍ക്കും തകരക്കുരുവും ഉങ്ങിന്‍ കുരുവും ചേര്‍ത്ത് ചെറുനാരങ്ങാ നീരിലരച്ചുപുരട്ടുന്നതും, വേപ്പെണ്ണ എന്നിവയില്‍ ചേര്‍ത്തരച്ചിടുന്നതും നല്ല ഗുണമേകുന്ന ഔഷധക്കൂട്ടാണ്. തകരയില നീരും ശുദ്ധമായ വെളിച്ചെണ്ണയും ചേര്‍ത്ത് കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ അല്‍പമാത്രയില്‍ അകത്തേക്ക് കഴിക്കുന്നതും ത്വക് രോഗഹരമാണ്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top