വേദനയില്‍ കാലിടറാതെ...

ചന്ദ്രശേഖരന്‍ No image



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തില്‍ നിന്നും ഏതാണ്ട് ഏഴു കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ഗ്രാമപ്രദേശമാണ് പനമണ്ണ. പനമണ്ണയിലെ മല്ലിപ്പറമ്പില്‍ വീട്ടില്‍ ജയപ്രസീതക്ക് തൊഴില്‍ ചെയ്ത് ഇനിയെങ്കിലും ജീവിക്കണമെന്ന അതിയായ ആഗ്രഹമുണ്ട്. ഈയിടെ അത് പരിശീലിക്കുവാനുള്ള കഠിന ശ്രമത്തിലാണ്. തയ്യല്‍ പണിയുടെ ബാലപാഠങ്ങള്‍  അവള്‍ അഭ്യസിച്ചുതുടങ്ങി. പക്ഷേ കൂടുതല്‍ സമയം തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ അസഹനീയമായ വേദന ജയപ്രസീതക്ക് ഇപ്പോഴും അനുഭവപ്പെടുന്നു.
ജയപ്രസീത ആറാംക്ലാസ് വരെ സാധാരണ ഏതൊരു പെണ്‍കുട്ടിയെയും പോലെ കഴിഞ്ഞിരുന്നതാണ്. 2003 മാര്‍ച്ച് മാസം 19, ജയപ്രസീതയുടെ ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണന്ന്. അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതായിരുന്നു. മനംപുരട്ടല്‍ അനുഭവപ്പെട്ടപ്പോള്‍ എഴുന്നേറ്റു ഛര്‍ദ്ദിച്ചു. പിറ്റേന്ന് കഴുത്തിനു താഴെ ശരീരം പൂര്‍ണമായും തളര്‍ന്ന് സ്പര്‍ശനശക്തിയും ചലനശക്തിയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐ.സി.യൂവില്‍ എട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അസുഖത്തിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. എന്നുമാത്രമല്ല മുതുകിനു താഴെ വൃത്താകൃതിയില്‍ ഒരു മുറിവുണ്ടായി. ആ മുറിവ് കൂടുതലായപ്പോള്‍ സര്‍ജറി നടത്തി. രണ്ട് മാസത്തിനു ശേഷം വീട്ടിലെത്തിയെങ്കിലും പഴുപ്പ് കൂടുതലായി. മലര്‍ന്നു കിടക്കാനോ കസേരയില്‍ ഇരിക്കാനോ കഴിയാത്ത വേദനയുടെ കാലമായിരുന്നു പിന്നീടങ്ങോട്ട്.
വിവിധ ആശുപത്രികളില്‍ മാറിമാറി ചികിത്സ തേടിയെങ്കിലും ചികിത്സാ ചെലവ് ജയപ്രസീതയുടെ വീട്ടുകാര്‍ക്ക് താങ്ങാനാവാത്തതായിരുന്നു. രോഗിയായ മോളെ വീട്ടിലിരുത്തി കൂലിപ്പണിക്ക് പോകാന്‍ കൂടി മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല.
ഈ ദുരവസ്ഥയറിഞ്ഞ് ഒറ്റപ്പാലം തോട്ടക്കര പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഈ ബാലികയെ സന്ദര്‍ശിച്ചു. ഡോക്ടര്‍, നഴ്‌സ്, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം മികച്ചതായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി. മുറിവുണങ്ങി രണ്ടുമാസത്തിന് ശേഷം ചലനശക്തി തിരിച്ചു കിട്ടുവാനും നടക്കുവാനുമുള്ള കഴിവ് നേടാന്‍ വേണ്ടി കോയമ്പത്തൂരിലേക്ക് അയച്ച് പരിശീലനം നടത്തി. വാക്കര്‍ ഉപയോഗിച്ച് കാലിപര്‍സ് ധരിച്ച് അടിവെച്ചു നടക്കുവാനുള്ള കഴിവ് ഈ ബാലിക നേടിക്കൊണ്ടിരിക്കുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ജയപ്രസീതയുടെ എല്ലാമെല്ലാമായിരുന്ന അച്ഛനെ മരണദൂതന്‍ വന്ന് കൂട്ടിക്കൊണ്ടുപോയി. പെട്ടെന്നൊരു ദിവസം തങ്ങളെ വിട്ടുപോയ കുടുംബ നാഥന്റെ വേര്‍പാട് താങ്ങാനാവാത്ത മറ്റൊരു ദുഃഖം കൂടി ഇവര്‍ക്ക് സമ്മാനിച്ചു. പ്രസീതക്കൊപ്പം അമ്മയും രണ്ടു സഹോദരന്മാരും അവരുടെ ഭാര്യമാരുമുണ്ട്.
രോഗത്തിന്റെ കാഠിന്യത്തിനിടയിലും കുടുംബത്തിന് താങ്ങാവണമെന്നാണ് പ്രസീതയുടെ ആഗ്രഹം. അതിനു വേണ്ടി പാലിയേറ്റീവ് ക്ലിനിക്കിന്റെ പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന സ്വയം തൊഴില്‍ പദ്ധതി പ്രകാരം  രാധ എന്ന അധ്യാപികയുടെ കീഴില്‍ തയ്യല്‍വേല അഭ്യസിക്കുകയാണ്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അസുഖം വന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്. കൂടെ പഠിച്ച കൂട്ടുകാരികള്‍ ഇടക്കിടെ അവളെ സന്ദര്‍ശിക്കാന്‍ വരും. അതുകാണുമ്പോള്‍ പഠിക്കണമെന്നവള്‍ക്ക് തോന്നാറുണ്ട്.  പാലിയേറ്റീവ് കെയറില്‍ നിന്നും വരുന്ന ഡോക്ടര്‍ പ്രൈവറ്റായി പഠിച്ച് പരീക്ഷയെഴുതാനുള്ള സാധ്യതകള്‍ പറഞ്ഞിട്ടുണ്ട്. ഇനി തയ്യലിനുശേഷം ഇടക്ക് നിലച്ചുപോയ പഠനം കൂടി പൂര്‍ത്തിയാക്കണമെന്നും തന്നാലാവുന്നത് കുടുംബത്തിനു വേണ്ടി ചെയ്യാനാവുമെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് പ്രസീതക്ക്.
|





Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top