സഹനത്തെ സമരമാക്കി ഹന

വി.പി.എ അസീസ്
2012 ജൂണ്‍

സ്വാതന്ത്ര്യവും അപകടങ്ങളും ജീവിതം തന്നെയും അനുഭവിക്കാന്‍ അര്‍ഹതയില്ലാത്ത മൂന്നാംകിട പൗരന്മാരായാണ് ഫലസ്തീനികളെ ഇസ്രയേല്‍ കണക്കാക്കിയിരുന്നത്. അവരുടെ ജീവനും മാനാഭിമാനങ്ങള്‍ക്കും പുല്ലുവില പോലും നല്‍കാന്‍ തയ്യാറല്ല സയണിസ്റ്റ് സാമ്രാജ്യം. ഇസ്രയേലിന്റെ ഈ കുടിലനയത്തിന് ഇതോടെ ശരിയായ ചില പ്രഹരങ്ങള്‍ ലഭിച്ചു. ഇസ്രയേല്‍ ഭരണകൂടത്തിന്റെ മര്‍ദനോപകരണമായ ഉപവാസസമരത്തില്‍ ഹന ശലബി നടത്തിയ ത്യാഗം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
അകാരണമായി തന്നെ ജയിലിലിടുകയും മര്‍ദനമുറകള്‍ക്കിരയാക്കുകയും വിചാരണയില്ലാതെ തടവ് നീട്ടിക്കൊണ്ടുപോവുകയും ചെയ്ത അധികൃതര്‍ക്കെതിരെ ഉപവാസ സമരം നടത്തിയ ഹന ശലബിയുടെ ഇച്ഛാ ശക്തിക്കുമുമ്പില്‍ ഇസ്രയേല്‍ മുട്ടുമടക്കുകയായിരുന്നു.
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറെ കരയിലുള്ള ജെര്‍നിന്‍ പട്ടണത്തിനു സമീപം ബുര്‍ഖിന്‍ എന്ന ഗ്രാമത്തില്‍ 1983-ലാണ് ഹനയുടെ ജനനം. 'ഇസ്‌ലാമിക് ജിഹാദ്' എന്ന ചെറുത്തുനില്‍പ് സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന ഹനയുടെ സഹോദരനെ 2005-ല്‍ ഇസ്രയേലി സൈന്യം വെടിവെച്ചുകൊന്നു. സഹോദരന്റെ വേര്‍പാട് പകര്‍ന്ന വേദന ആ യുവതിയില്‍ പ്രതിരോധ സംഘടനകളോടുള്ള അനുഭാവമായി മാറി. എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിനോ ആയുധപരിശീലനത്തിനോ ഹന സന്നദ്ധയായിരുന്നില്ല. പക്ഷേ 2009-ല്‍ അകാരണമായി വീട് റെയ്ഡ് ചെയ്ത് പട്ടാളക്കാര്‍ അവളെ തുറുങ്കിലടച്ചു. വിചാരണയില്ലാതെ അനാവശ്യമായ തടങ്കലിന് 2011 ഒക്‌ടോബറില്‍ ആണ് അന്ത്യമായത്. ഗസ്സയില്‍ അതിക്രമിച്ചു കടന്നതിന് ഹമാസ് പിടികൂടിയ ശാലിത്ത് എന്ന ഇസ്രയേലി സൈനികന്റെ മോചനത്തിന് വേണ്ടി ഉണ്ടാക്കിയ സന്ധി പ്രകാരം നിരവധി ഫലസ്തീന്‍ തടവുകാര്‍ക്കൊപ്പം ഹനയും മോചിപ്പിക്കപ്പെട്ടു.
എന്നാല്‍ 2012 ഫെബ്രുവരിയില്‍ വീണ്ടും സയണിസ്റ്റ് പട അവളുടെ ഗ്രാമത്തില്‍ ഇരച്ചുകയറി. ഹനയുടെ വീട് കൊള്ളയടിക്കുകയും മാതാപിതാക്കളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടായിരുന്നു അവളെ അവര്‍ പിടിച്ചുകൊണ്ടുപോയത്. 'അപകടകാരിയായ ഭീകര യുവതി' എന്ന് മുദ്രയടിച്ചുകൊണ്ടായിരുന്നു ഈ നടപടി. ഇസ്‌ലാമിക് ജിഹാദിനുവേണ്ടി പോരാട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നായിരുന്നു ആരോപണം. വീണ്ടും തടവ്. അടിയും തൊഴിയും തുടങ്ങി ഇതര ക്രൂരമര്‍ദനങ്ങള്‍, ശരീരത്തില്‍ ആയുധമുണ്ടോയെന്ന പരിശോധനക്കായി പുരുഷപട്ടാളക്കാര്‍ എത്തിയപ്പോള്‍ അവളതെതിര്‍ത്തു. അതിന്റെ പേരില്‍ തൂണില്‍കെട്ടി ഉടുവസ്ത്രമുരിഞ്ഞുകൊണ്ടായിരുന്നു പൊതിരെ തല്ലിയത്. സര്‍വലോകനിയമങ്ങളും ജനീവ പ്രമാണങ്ങളും കാറ്റില്‍ പറത്തിയുള്ള തേര്‍വാഴ്ച.
ജയിലധികൃതരുടെ നിരന്തര പീഢനത്തിനെതിരെ ഭക്ഷണപാനീയങ്ങളുപേക്ഷിച്ച് പ്രതിഷേധസമരത്തിന് തുടക്കം കുറിച്ചു. തുടര്‍ച്ചയായ ഉപവാസം മൂലം ശരീരം തളര്‍ന്ന് തറയില്‍ വീണിട്ടും തളരാത്ത സമരവീര്യവും ദൃഢനിശ്ചയത്താല്‍ ഉറച്ച മനസ്സുമായി അവള്‍ സമരം തുടര്‍ന്നു. ഉപവാസം 43 ദിവസം പിന്നിട്ടപ്പോള്‍ ഹനയെ വിട്ടയക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ജന്മ ഗ്രാമമായ ബുര്‍ഖിനിലേക്ക് മടങ്ങാന്‍ ഇപ്പോഴും അനുവാദം നല്‍കിയിട്ടില്ല. ഇപ്പോള്‍ ഗസ്സയാണ് ഹനയുടെ പാര്‍പിടം.
ഇസ്രയേലി ജയിലില്‍ രണ്ടു മാസത്തോളം നിരാഹാരസമരം നടത്തി മോചിതനായ ഖാദിര്‍ അദ്‌നാന്‍ എന്ന ഫലസ്തീന്‍ യുവാവിന്റെ പ്രതിഷേധമുറയാണ് ഹന ശലബിയുടെ പ്രചോദനം. ജനിന്‍ നഗരപ്രാന്തവാസിയായ ഖാദിര്‍ അദ്‌നാനെ രണ്ടും നാലും വയസ്സായ പിഞ്ചുമക്കള്‍ നോക്കി നില്‍ക്കെയാണ് വിലങ്ങിട്ട് കണ്ണുകള്‍ ബന്ധിച്ച് ഇസ്രയേലി ഭടന്മാര്‍ ജയിലിലേക്ക് കൊണ്ടുപോയത്. ഏതു ഫലസ്തീനിയെയും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അന്യായമായി അറസ്റ്റ് ചെയ്യാനുള്ള ഇസ്രയേലി ദാര്‍ഷ്ട്യത്തിനെതിരെ നിരാഹാരസമരമുറയുമായി 1550 ഫലസ്തീന്‍കാര്‍ തടവറകളില്‍ പ്രതിഷേധിച്ചുവരികയാണ്. ഇവരില്‍ രണ്ടുപേരുടെ ഉപവാസം രണ്ട് മാസം പിന്നിട്ടിട്ടും ഇതിനോട് വേണ്ടവിധത്തില്‍ പ്രതികരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. ഇവരിലാരുടെയെങ്കിലും ജീവന്‍ അപായപ്പെട്ടാല്‍ ലോകമനസ്സാക്ഷി മാപ്പു നല്‍കില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഹനക്കുവേണ്ടി നടത്തിയതുപോലെ വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളും പത്രമാധ്യമങ്ങളും ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനുവേണ്ടി കാമ്പയിനുകള്‍ ആരംഭിച്ചിരിക്കുന്നു.
നീതിക്കും സമത്വത്തിനും പകരം അന്യായവും വിവേചനവും  ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്രയേലി മര്‍ദക വ്യവസ്ഥക്കെതിരെ സഹനസമരത്തിന്റെ പാത തെരഞ്ഞെടുത്തുകൊണ്ട് ഹന ശലബി അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നിരിക്കുന്നു.
|
    

   

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media