വാര്‍ധക്യം രസകരമാക്കാന്‍

അബ്ദുൽ റഷീദ്
2012 മാര്‍ച്ച്‌

ജീവിതത്തിലെ ഏറ്റവും ആനന്ദകരവും നഷ്ടപ്പെടാന്‍ ഇഷ്ടപ്പെടാത്തതുമായ കാലഘട്ടമാണ് യുവത്വം. വയോധികരില്‍ പലരും ജീവിതത്തെക്കുറിച്ച് നിരാശരും, ശാരീരിക, മാനസിക കാരണങ്ങളാല്‍ ക്ഷീണിതരുമായിരിക്കും. ഇന്നലെകളിലെ ഉര്‍ജസ്വലതയില്‍ കുടുംബക്കാരും സമൂഹവും പ്രതീക്ഷയോടെ കണ്ടിരുന്നവര്‍ പ്രായമാകുമ്പോള്‍ ആരോഗ്യം നഷ്ടപ്പെട്ട് ഒന്നുമല്ലാതായിപ്പോവുന്നു എന്ന തോന്നല്‍ നിരാശ സൃഷ്ടിക്കുക സ്വാഭാവികമാണ്. ഇവയെ ഫലപ്രദമായി എങ്ങനെ നേരിടാം എന്നുള്ള ചിന്തകളാണ് വേണ്ടത്.
മാനസിക തയ്യാറെടുപ്പുകള്‍
വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഓരോരുത്തര്‍ക്കും അവരുടെ പരിമിതികളില്‍ നിന്നുകൊണ്ട് കുടുംബത്തിനും സമൂഹത്തിനും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവ നല്ലരീതിയില്‍ പ്രയോഗിക്കുവാനും ജീവിതം വളരെ സന്തോഷകരമാക്കുവാനുമുള്ള വഴികള്‍ കണ്ടെത്തുകയും വേണം. അപകര്‍ഷതാബോധം ഇല്ലാതാക്കാനും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന ഏകാന്തതയും അത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും മാറ്റി ദൈനംദിന ജീവിതത്തെ രസകരമാക്കുവാനും ഇതുവഴി സാധിക്കും.
നല്ല ശേഷിപ്പുകള്‍
കുടുംബത്തിലും മക്കളിലും സമൂഹത്തിലും പ്രകൃതിയിലും നമ്മുടെ ജീവിതം വഴി മധുരസ്മരണകള്‍ സൃഷ്ടിക്കുവാന്‍ സാധിക്കേണ്ടതുണ്ട്. ധാര്‍മിക-സദാചാര വിദ്യാഭ്യാസമുള്ള മക്കളെ വളര്‍ത്തുക വഴി കുടുംബത്തിനും രാജ്യത്തിനും അനുഗ്രഹമായി തീരുന്നു. സഹജീവികള്‍ക്കു വേണ്ടിയുള്ള ധര്‍മസമരങ്ങളിലൂടെയും സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും പ്രകൃതിയുടെ താളം തെറ്റാതിരിക്കുവാന്‍ ആവശ്യമായ പരിസ്ഥിതി സംരക്ഷണം വഴിയും നല്ല ശേഷിപ്പുകള്‍ സൃഷ്ടിക്കണം. എങ്കില്‍, വാര്‍ധക്യത്തില്‍ ഗതകാലസ്മരണകളെ ആനന്ദകരമാക്കുവാന്‍ കഴിയും.
സല്‍സ്വഭാവങ്ങള്‍
മിക്കവാറും പ്രായം ചെന്നവരില്‍ ദുഃശീലങ്ങളും ദുഃശാഠ്യങ്ങളും സാധാരണമാണ്. ഇവ ചെറുപ്പം മുതലേ നാം വളര്‍ത്തിയെടുക്കുന്ന സ്വഭാവത്തിന്റെ പ്രതിഫലനം മാത്രമാണ്. ഓരോ പ്രായത്തിലുള്ള ജീവിതാനുഭവത്തില്‍ നിന്ന് നല്ല സ്വഭാവങ്ങളെയും നല്ല ചിന്തകളെയും വളര്‍ത്തിയെടുത്താല്‍ വാര്‍ധക്യത്തില്‍ അതിന്റെ ഏറ്റവും നല്ല അനുഭവങ്ങള്‍ വീട്ടുകാര്‍ക്കും, വളര്‍ച്ച പ്രാപിച്ച മനുഷ്യന്റെ തികഞ്ഞ സ്വഭാവഗുണങ്ങള്‍ സമൂഹത്തിനും ലഭിക്കും.
അമിത പ്രതീക്ഷകള്‍
നാം വളര്‍ത്തിക്കൊണ്ടുവന്ന സന്താനങ്ങള്‍, സമ്പാദിച്ച ധനം, ആശ്രിതര്‍ എല്ലാം തന്റെ പ്രതീക്ഷകള്‍ക്കൊത്ത് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും എന്നുള്ള ചിന്ത ഉപേക്ഷിക്കണം. വാത്സല്യത്തോടെ വളര്‍ത്തിയ മക്കള്‍ അന്വേഷിച്ചുകൊള്ളണമെന്നുള്ള അമിതമായ ആഗ്രഹങ്ങള്‍ വെച്ചുപുലര്‍ത്താതിരിക്കുക. ഓരോന്നും പിന്നിട്ട വഴികളിലെ തേട്ടങ്ങളായിരുന്നുവെന്നും തന്നില്‍ അര്‍പിതമായിട്ടുള്ള ഉത്തരവാദിത്വം നിറവേറ്റി എന്നും ചിന്തിച്ചാല്‍ നിരാശ ഒഴിവാക്കി സന്തോഷത്തോടെ ജീവിതം ആനന്ദകരമാക്കാം.
ഊന്നുവടികള്‍
പണ്ടൊക്കെ പ്രായമായവരെ തിരിച്ചറിയാന്‍ തലേക്കെട്ടും ഊന്നുവടികളും വഴി സാധ്യമായിരുന്നു. ഇന്നിപ്പോള്‍ ഭൂരിഭാഗം വയോധികരും ഊന്നുവടികള്‍ ഉപേക്ഷിച്ചിരിക്കുന്നു. പകരം, ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കുവെച്ച് അവരെ അദൃശ്യ ഊന്നുവടികളാക്കാമെന്ന് വിചാരിക്കുന്നു. അത്തരം ഊന്നുവടികളെ ആശ്രയിക്കാതെ നില്‍ക്കുന്നിടത്തോളം കാലം പരമാവധി നിവര്‍ന്നുനി ല്‍ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
ആരോഗ്യാവസ്ഥ
പ്രായമായവരില്‍ മിക്കവാറും കണ്ടുവരുന്ന രോഗങ്ങള്‍ ഭയത്തിന്റെയും ജിജ്ഞാസയുടെതുമാണ്. ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ വളരെ നേരത്തെ തന്നെ നിയന്ത്രിക്കുവാന്‍ ശീലിക്കേണ്ടതുണ്ട്. മിക്കവാറും ഇത്തരം രോഗങ്ങള്‍ നമ്മുടെ മാനസികനിലയെ ആശ്രയിച്ചാണിരിക്കുന്നത്. എല്ലാം ദൈവത്തില്‍ ഭരമേല്‍പ്പിക്കുവാനും ആവശ്യമുള്ളപ്പോള്‍ ചികിത്സ തേടുവാനുമുള്ള മാനസിക പക്വത പാകപ്പെടുത്തിയെടുക്കേണ്ടതാണ.് എങ്കില്‍ മാത്രമേ ജീവിക്കുന്നേടത്തോളം കാലം പ്രതീക്ഷയോടെ ജീവിച്ച് സന്തോഷത്തോടെ യാത്രയാകാന്‍ സാധിക്കൂ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media