കുവൈത്ത് സന്ദര്‍ശനത്തിന്റെ സുന്ദര സ്മരണകള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്
2012 മാര്‍ച്ച്‌
1977-ല്‍ കുവൈത്ത് സന്ദര്‍ശിക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ പൊതുരംഗത്ത് വളരെ സജീവമായിരുന്നു. അന്ന് മുഖമക്കന ധരിച്ച സ്ത്രീകള്‍ വാഹനമോടിക്കുന്നത് കേരളീയരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാഴ്ചയായിരുന്നു. അധ്യാപന രംഗത്തും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമൊക്കെ സ്ത്രീകളുടെ സജീവ സാന്നിധ്യം അന്നു തന്നെ ഉണ്ടായിരുന്നു. ഇപ്പോഴത് ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. സാമൂഹിക രംഗത്തും പൊതുമണ്ഡലത്തിലുമെല്ലാം വനിതകള്‍ക്ക് മികച്ച പ്രാതിനിധ്യമുണ്ട്.

യാത്രക്ക് മനുഷ്യരാശിയോളം പഴക്കമുണ്ട്. ആദിമമനുഷ്യന്‍ ആദം നബിയുടെ ഭൂമിയിലെ ജീവിതം ആരംഭിച്ചത് തന്നെ യാത്രയെ തുടര്‍ന്നാണ്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള യാത്ര. തുടര്‍ന്ന് മനുഷ്യന്‍ തന്റെ യാത്ര അവിരാമം തുടര്‍ന്നു. അതിലൂടെയാണ് പുതിയ സംസ്‌കാരങ്ങളും നാഗരികതകളും പിറവിയെടുത്തത്.
യാത്ര ധാരാളം അനുഭവങ്ങള്‍ നല്‍കുന്നു. പുതിയ അറിവുകളും പരിചയങ്ങളും സമ്മാനിക്കുന്നു. നിരവധി കൂട്ടുകാരെ നല്‍കുന്നു. വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും വികാസത്തിന് വഴിയൊരുക്കുന്നു. വ്യത്യസ്ത ജനവിഭാഗങ്ങളുമായി ഇടപഴകാനും അങ്ങനെ വമ്പിച്ച ആദാന-പ്രദാനത്തിന്നും അവസരം സൃഷ്ടിക്കുന്നു. അതിനാലാണ് വിശുദ്ധഖുര്‍ആന്‍ യാത്രയെ വളരെയേറെ പ്രോത്സാഹിപ്പിച്ചത്. അതില്‍ യാത്രക്ക് പ്രേരിപ്പിക്കുന്ന പതിനഞ്ചോളം സൂക്തങ്ങളുണ്ട്.
ചെറുപ്രായത്തില്‍ യാത്രക്ക് തീരെ അവസരം ലഭിച്ചിരുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് സാമ്പത്തിക കാരണങ്ങളാല്‍ പഠന-വിനോദയാത്രകളിലൊന്നും പങ്കാളിയാകാന്‍ കഴിഞ്ഞിരുന്നില്ല. കോളേജ് പഠനം ഫറൂക്കിലായിരുന്നിട്ടും രണ്ടാംവര്‍ഷം അവസാനമാണ് കോഴിക്കോട് നഗരം പോലും കാണാന്‍ കഴിഞ്ഞത്. പക്ഷേ പിന്നീട് യാത്ര ജീവിതത്തിന്റെ ഭാഗമായി. ഇപ്പോഴും യാത്ര മുടക്കമില്ലാതെ തുടരുന്നു. ഒരര്‍ഥത്തില്‍ ജീവിതം തന്നെ ഒരു യാത്രയാണല്ലോ. ജനനത്തോടെ അതാരംഭിച്ചു. ഒടുക്കം മരണത്തോടെ മാത്രം.
വിദേശയാത്രക്ക് ആദ്യമായി അവസരം ലഭിച്ചപ്പോള്‍ അതിയായി സന്തോഷിച്ചു. ആദ്യ കുഞ്ഞിനെ ഗര്‍ഭംധരിച്ച പ്രിയതമയെയും പ്രായമായ മാതാപിതാക്കളെയും വിട്ടുപിരിയാനുള്ള പ്രയാസത്തെ കുവൈത്ത് കാണാനുള്ള ആഗ്രഹം വളരെയേറെ ലഘൂകരിച്ചു. കുവൈത്തില്‍ നിന്ന് ഹജ്ജിന് പോകാനുള്ള അവസരം കൂടി ഒത്തുവരുമെന്നറിഞ്ഞപ്പോള്‍ സന്തോഷം പതിന്മടങ്ങ് വര്‍ധിച്ചു.
പേര്‍ഷ്യന്‍ ഗള്‍ഫിലെ സ്വതന്ത്ര രാജ്യമാണ് കുവൈത്ത്. ചെറു കോട്ട എന്നര്‍ഥം വരുന്ന'കൂതി'ല്‍ നിന്നാണ് ആ രാജ്യത്തിന് കുവൈത്തെന്ന പേര് ലഭിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ സുരക്ഷക്കായി നിര്‍മിച്ച കോട്ടയാണ് 'കൂത്.' അതാണ് ആ രാജ്യത്തിന്റെ പേരിന്റെ അടിസ്ഥാനം. കുവൈത്തിന്റെ വിസ്തീര്‍ണം കേരളത്തിന്റെ പാതിയെക്കാള്‍ കുറവാണ്. കേവലം 17656 ചതുരശ്ര കിലോമീറ്റര്‍. ലോകത്തിലെ അതി സമ്പന്ന രാജ്യങ്ങളിലൊന്നാണിത്. എണ്ണയുല്‍പാദനത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ഒരാധുനിക പരിഷ്‌കൃത രാജ്യത്തിന്റെ എല്ലാവിധ പ്രൗഢിയും പ്രതാപവും അതിനുണ്ട്.
കുവൈത്തിലെ ഭൂരിഭാഗം ജനങ്ങളും തൊഴില്‍ തേടിയെത്തിയ വിദേശികളാണ്. തദ്ദേശീയരില്‍ മഹാഭൂരിപക്ഷവും അറബികളാണ്. അവശേഷിക്കുന്നവര്‍ നീഗ്രോ പേര്‍ഷ്യന്‍ പാരമ്പര്യമുള്ളവരാണ്. തദ്ദേശീയരെല്ലാം മുസ്‌ലിംകളാണ്. ജോലിക്കെത്തിയവരില്‍ എല്ലാ മതവിഭാഗക്കാരുമുണ്ട്. അവര്‍ക്കെല്ലാം മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും പൂര്‍ണമായും അനുവദിക്കപ്പെട്ടിരിക്കുന്നു.
കുവൈത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റുണ്ട്. എങ്കിലും ഭരണാധികാരി അമീറാണ്. പ്രധാനമന്ത്രിയും മന്ത്രിസഭയും അദ്ദേഹത്തിനു വിധേയമാണ്.
വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച പുരോഗതി നേടിയ നാടാണ് കുവൈത്ത്. അതോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ മികവു പുലര്‍ത്തുന്നത്. പതിനേഴായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കുവൈത്ത് സര്‍വകലാശാലയില്‍ അറുപത് ശതമാനത്തോളം വിദ്യാര്‍ഥിനികളാണ്. 1988-ലെ കണക്കനുസരിച്ച് തന്നെ ബിരുദധാരികളായ പുരുഷന്മാര്‍ 9177 ആണെങ്കില്‍ സ്ത്രീകള്‍ 10521 ആണ്.
1977-ല്‍ കുവൈത്ത് സന്ദര്‍ശിക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ പൊതുരംഗത്ത് വളരെ സജീവമായിരുന്നു. അന്ന് മുഖമക്കന ധരിച്ച സ്ത്രീകള്‍ വാഹനമോടിക്കുന്നത് കേരളീയരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാഴ്ചയായിരുന്നു. അധ്യാപന രംഗത്തും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമൊക്കെ സ്ത്രീകളുടെ സജീവ സാന്നിധ്യം അന്നു തന്നെ ഉണ്ടായിരുന്നു. ഇപ്പോഴത് ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. സാമൂഹിക രംഗത്തും പൊതുമണ്ഡലത്തിലുമെല്ലാം വനിതകള്‍ക്ക് മികച്ച പ്രാതിനിധ്യമുണ്ട്.
കുവൈത്ത് സര്‍വകലാശാലയിലെ പ്രൊഫസറും പൊളിറ്റിക്കല്‍ അഫയേഴ്‌സിന്റെ ഡയറക്ടറുമായ റാഷ് അസ്വലാഹ്, കുവൈത്ത് യൂണിവേഴ്‌സിറ്റി പരിസ്ഥിതി വിഭാഗം പ്രൊഫസര്‍ ബദരിയ്യ അല്‍ അവ്ദി, അല്‍ വത്വന്‍ പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ഫാത്വിമഹുസയിന്‍, ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രിയിലെ ഡോക്യുമെന്റേഷന്‍ കേന്ദ്ര മേധാവി സുമയ്യ അല്‍ മുസ്‌ലം, പ്രശസ്ത കോളമിസ്റ്റ് മഅ്‌സ്വൂമ മുബാറക് തുടങ്ങിയവര്‍ അവിടത്തെ പ്രമുഖരായ വനിതകളില്‍ ചിലരാണ്.
ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്താണ് ഇസ്‌ലാം കുവൈത്തിലെത്തിയത്. ഖാലിദുബ്‌നുല്‍ വലീദിലൂടെയാണ് ആ പ്രദേശം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി മാറിയത്. പേര്‍ഷ്യക്കാരില്‍ നിന്നാണ് അദ്ദേഹം ആ രാജ്യം മേചിപ്പിച്ചത്. ലോകമെമ്പാടുമുള്ള ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് സഹായം നല്‍കി വരുന്ന നാടുകളിലൊന്നാണ് കുവൈത്ത്.
1951-ല്‍ കുവൈത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ശാഖ സ്ഥാപിതമായി. പിന്നീടത് ജംഇയ്യത്തുല്‍ ഇസ്‌ലാഹില്‍ ലയിച്ചു. ഞങ്ങളുടെ സന്ദര്‍ശന വേളയില്‍ തന്നെ ജംഇയ്യത്തിന് സൗകര്യപ്രദമായ ഓഫീസുണ്ടായിരുന്നു. ഇപ്പോഴത് കുറേക്കൂടി വിപുലീകരിച്ചിട്ടുണ്ട്. കുവൈത്ത് വഖഫ് മന്ത്രാലയത്തിന്റെ അതിഥികളെന്ന നിലയില്‍ ബാഗ്ദാദ് ഹോട്ടലില്‍ താമസ സൗകര്യമേര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഞങ്ങള്‍ ജംഇയ്യത്തിന്റെ ഓഫീസാണ് താമസത്തിന് തെരഞ്ഞെടുത്തത്. അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ഇടപഴകാന്‍ അത് അവസരമൊരുക്കി. ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക ചലനങ്ങളെ ഒപ്പിയെടുത്ത് വായനക്കാരുടെ മുന്നിലെത്തിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന അല്‍ മുജ്തമഅ് പ്രസിദ്ധീകരിക്കുന്നത് ജംഇയ്യത്തുല്‍ ഇസ്‌ലാഹിന്റെ കീഴിലാണ്. അടിയന്തരാവസ്ഥയില്‍ ജയിലിലടക്കപ്പെട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്റെ ഫോട്ടോ കവര്‍ചിത്രമാക്കിയാണ് ഒരു ലക്കം 'അല്‍ മുജ്തമഅ്' പുറത്തിറങ്ങിയത്. കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളും അതില്‍ വരാറുണ്ട്. 2010-ലെ കുവൈത്ത് സന്ദര്‍ശന വേളയില്‍ 'അല്‍ മുജ്തമഇല്‍' ഈ ലേഖകനുമായുള്ള വിശദവും സുദീര്‍ഘവുമായ അഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി.
കുവൈത്ത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാറുമുള്ള ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇപ്പോള്‍ ഏറ്റവും അംഗങ്ങളുള്ള കക്ഷി.
കുവൈത്തിലെ ഇസ്‌ലാമിക പ്രവ ര്‍ത്തകരുടെ കൂട്ടായ്മ രൂപം കൊള്ളുന്നത് 1968-ലാണ്. അന്നത് ജംഇയ്യത്തുല്‍ ഇര്‍ശാദ് ആയിരുന്നു. 1976-ല്‍ അത് കേരള ഇസ്‌ലാമിക് ഗ്രൂപ്പ് എന്നാക്കി മാറ്റി. മാഹി സ്വദേശി കെ.എം അബ്ദുറഹീം സാഹിബും സഹോദരന്‍ രിയാലുവുമാണ് അതിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. അത്യസാധാരണമായ പ്രതിഭാശേഷിയും പാണ്ഡിത്യവും സംഘാടന കഴിവുമുള്ള വ്യക്തിയാണ് അബ്ദുല്‍ റഹീം സാഹിബ്. അദ്ദേ ഹം ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ അധ്യാപകനായിരുന്ന കാലത്താണ് അവിടെ നിന്ന് അത്യസാധാരണ യോഗ്യതയുള്ള തലമുറ വളര്‍ന്നുവന്നത്.
ഇപ്പോള്‍ കുവൈത്തിലുടനീളം ശാഖകളും പ്രവര്‍ത്തകരുമുള്ള കെ.ഐ.ജി ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് വളരെ സജീവമാണ്.
മരണം വരെ കുവൈത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്‌ലാമിക വ്യക്തിത്വം ജംഇയ്യത്തുല്‍ ഇസ്‌ലാഹിന്റെ പ്രസിഡന്റായിരുന്ന പ്രമുഖ വ്യാപാരി അലി അബ്ദുല്ല അല്‍ മുത്തവ്വഅ് ആയിരുന്നു. അബൂ ബദര്‍ എന്നാണ് അപര നാമം. ഉദാരതയുടെ കാണപ്പെട്ട രൂപമാണദ്ദേഹം. മക്ക ആസ്ഥാനമായ മുസ്‌ലിം വേള്‍ഡ് ലീഗ് അംഗം കൂടിയായ അബൂബദറിന്റെ സംഭാവനകളില്ലാത്ത പ്രധാനപ്പെട്ട ഇസ്‌ലാമിക സംരംഭങ്ങള്‍ ലോകത്തെവിടെയും വളരെ വിരളമായിരിക്കും. സ്വന്തം സ്വത്തില്‍ നിന്നും മൂന്നിലൊന്ന് പിതാവിന് വേണ്ടി നീക്കിവെക്കുകയും അതിലെ മുഴുവന്‍ വരുമാനവും ലോകമെങ്ങുമുള്ള മഹത് സംരംഭങ്ങള്‍ക്കായി സംഭാവന നല്‍കുകയും ചെയ്തു പോന്നു. കൂടാതെ സ്വന്തം സകാത്തിന്റെ പലയിരട്ടി ദാനമായി നല്‍കിയിരുന്ന അബൂബദറിന്റെ മധ്യാഹ്ന നമസ്‌കാര ശേഷമുള്ള മുഖ്യജോലി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ സ്വീകരിക്കലും അവരുടെ ആവശ്യങ്ങള്‍ കേട്ട് പരിഹരിക്കലുമായിരുന്നു. അദ്ദേഹവുമായി പരിചയപ്പെടാനും ഇടപഴകാനും അവസരം ലഭിച്ചത് ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നാ യി കരുതുന്നു.
ഞങ്ങളുടെ സന്ദര്‍ശന കാലത്ത് ശൈഖ് യൂസുഫ് ജാസിമുല്‍ ഹിജ്ജിയായിരുന്നു വഖഫ് കാര്യമന്ത്രി. അദ്ദേഹം ജംഇയ്യത്തുല്‍ ഇസ്‌ലാഹിന്റെ മുന്‍ പ്രസിഡണ്ടാണ്. ഇന്ത്യ ഉള്‍പ്പെടെ നിരവധി നാടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കു വൈത്തിലെ ഇസ്‌ലാമിക പ്രവര്‍ ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ അബ്ദുല്ല അഖീലുമായും പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും അവസരം ലഭിച്ചു.
കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ നിരവധി പരിപാടികളില്‍ പങ്കെടുക്കാനും കുവൈത്തിലെ ഇസ്‌ലാമിക പ്രസ്ഥാനവുമായും പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങളുമായും അടുത്ത ബന്ധം സ്ഥാപിക്കാനും സന്ദര്‍ശന ലക്ഷ്യം നേടാനും പതിനാലു നാളത്തെ അവിടുത്തെ താമസത്തിനിടയില്‍ അവസരമുണ്ടാ യി. 1977-ലെ ഈ ആദ്യ സന്ദര്‍ശനത്തിന് ശേഷം നിരവധി തവണ അവിടെ പോകാനും ഇസ്‌ലാമിക പ്രവര്‍ത്തകരുമായി ബന്ധപ്പെടാനും ഇടപഴകാനും അവസരം ലഭിച്ചു. എങ്കിലും ആദ്യ സന്ദര്‍ശനത്തിലെ ഹൃദ്യമായ അനുഭവങ്ങള്‍ പുതുമ കാരണം ഇന്നും മനസ്സില്‍ സുന്ദര സ്മരണകളായി പച്ച പിടിച്ചു നില്‍ക്കുന്നു.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media