ഖല്‍ബില്‍ വിരിഞ്ഞ കാന്‍വാസൂകള്‍

ഉമർ ഫാറൂഖ് വണ്ടൂർ
2012 മാര്‍ച്ച്‌
കണ്ണടച്ച് ഇരുട്ടാക്കി കാടും മേടും വെട്ടിനിരത്തുന്ന മര്‍ത്യന് നേരെയുള്ള കത്തിമുനയാണ് 'വേഴാമ്പല്‍' ജമീലുമ്മയുടെ ഫ്രെയിമുകള്‍.

ന്നൊരു വൈകുന്നേരമാണ് തിരൂരിലെ ചെമ്പറ റോഡിലെ 'വേഴാമ്പല്‍' കുടിലിലെ നിറച്ചാര്‍ത്തിന്റെ നറുമണം വിതറുന്ന ജമീലുമ്മയെ തേടി ചെന്നത്. കണ്ണൂര്‍ സിറ്റിയാണ് ഉമ്മയുടെ ജന്മദേശം. അവിടെനിന്ന് 'മംഗലം' കഴിഞ്ഞ് നിറച്ചാര്‍ത്തുമായി വന്നെത്തിയത് മാമലയാളത്തിന് വിത്തുപാകി നട്ടുനനച്ച് വളര്‍ത്തിയ എഴുത്തച്ഛന്റെ നാട്ടിലേക്കായിരുന്നു.
ജമീലുമ്മയുടെ മക്കളും മരുമക്കളും പേരക്കുട്ടികളും സുഹൃത്തുക്കളും അവരിലെ നിറമെന്ന മുത്തിനെ ഖല്‍ബെന്ന ചിപ്പിക്കുള്ളില്‍ നിന്ന് സഹൃദയന്റെ മുമ്പിലെത്തിച്ചു. അന്നുമുതലാണ് നിറച്ചാര്‍ത്ത് തന്റെ ആത്മഭാഷണമാണെന്ന് ഉമ്മ തിരിച്ചറിഞ്ഞത്. സ്രഷ്ടാവിന്റെ സൗന്ദര്യബോധത്തിന് ചായം കൊടുത്ത് കൂടുതല്‍ നിറം പകരുവാന്‍ കഴിയുമെന്ന ആത്മവിശ്വാസവും. പിന്നീടിതുവരെ വേഴാമ്പല്‍ തീരത്തെ ക്യാന്‍വാസുകളിലെ നിറക്കൂട്ടുകള്‍ അതിന് സാക്ഷ്യം വഹിക്കുകയാണ്.
ഖല്‍ബിന്റെ കാന്‍വാസുകള്‍
ചിത്രകലയുടെ ചില്ലക്ഷരങ്ങളൊന്നും ചൊല്ലിപ്പഠിക്കാത്ത ഉമ്മയുടെ നിറച്ചാര്‍ത്തിന് മുമ്പില്‍ സര്‍വ രീതിശാസ്ത്രങ്ങളും സുജൂദ് ചെയ്യും. പ്രകൃതി നഷ്ടപ്പെട്ടതിലല്ല ഉമ്മയുടെ ചിത്രങ്ങള്‍ വേപഥു കൊള്ളുന്നത്. മറിച്ച് പ്രകൃതിബോധം തന്നെ ആദം സന്തതിയുടെ വിചാര നിഘണ്ടുവില്‍ നിന്ന് മാഞ്ഞുപോയതിലാണ്. പ്രകൃതിസൗന്ദര്യത്തിന്റെ മുഴുവന്‍ ആത്മാക്കളെയും സ്വന്തത്തിലേക്ക് ആവാഹിച്ചെടുത്ത് തന്റെ ആത്മസൗന്ദര്യത്തിന്റെ സര്‍വാംശങ്ങളും ഉള്‍ചേര്‍ത്ത് വിഭാവനം ചെയ്യുന്ന വൈവിധ്യമാര്‍ന്ന നിറക്കൂട്ടുകള്‍ ഉല്ലേഖനം ചെയ്തതാണ് 'വേഴാമ്പല്‍' കുടിലിലെ ചെങ്കല്‍ ചുമരിന്റെ ക്യാന്‍വാസുകള്‍.
ആറ് വര്‍ഷം രോഗപീഢയിലായിരുന്നിട്ടും തന്റെ ആത്മസൗന്ദര്യ ഭാഷണമായ നിറച്ചാര്‍ത്തിന്റെ നിറം കെടുത്തുവാന്‍ രോഗത്തിന് സാധിച്ചിട്ടില്ല. നിറമുള്ള മനസ്സിനു മുമ്പില്‍ രോഗം പോലും വഴിമാറിനിന്നു.
നേരിന്റെ നിറച്ചാര്‍ത്തുകള്‍
പരിപൂര്‍ണ പ്രകൃതിപ്രേമി കൂടിയായ ഉമ്മയുടെ കാന്‍വാസും നിറങ്ങളും പ്രകൃതിയാണ്. സ്രഷ്ടാവിന്റെ സൗന്ദര്യബോധത്തിന്റെ പത്തരമാറ്റ് ഉത്തരോത്തരം സ്തുതിക്കുന്ന വാങ്മയ ചിത്രങ്ങളാണ് ഉമ്മയുടെ ഫ്രെയിമുകള്‍.
അതുകൊണ്ടാണ് മമ്മി ഹാജിയുടെ സഹധര്‍മിണിക്ക് താന്‍ കിനാവില്‍ പോലും കാണാത്ത ആഫ്രിക്കന്‍ മരം തന്മയത്വത്തോടെ വരക്കാന്‍ കഴിയുന്നത്. അടങ്ങാത്ത ഒടുക്കത്തെ പ്രകൃതിബന്ധം കൊണ്ടാണ് കടല്‍തീരം വരക്കുമ്പോള്‍ അത് റസ്സല്‍ഖൈമയിലെ തീരമായി മാറുന്നത്. അത്യസാധാരണമായി പ്രകൃതിയെ മാറോട് ചേര്‍ത്ത് പേരക്കുട്ടിയെപ്പോലെ പരിചരിക്കുന്നതാണ് ഉമ്മയുടെ ചിത്രങ്ങള്‍ ശീലമാക്കിയത്.
ഒരു പ്രകൃതിസ്‌നേഹി എന്നതിലപ്പുറം നിശബ്ദയായ ഒരു പരിസ്ഥിതി പോരാളി കൂടിയാണവര്‍. 'വേഴാമ്പല്‍'തീരത്ത് പ്ലാസ്റ്റിക്കിന്റെ ഒരു കടുകുമണി പോലും കാണാന്‍ കഴിഞ്ഞില്ല എന്നത് അതിന്റെ തെളിഞ്ഞ അനുഭവമാണ്.
ആര്‍ത്തിയുടെ പീച്ചാംകത്തി മണ്ണിന്റെ മാറ് കുത്തിക്കീറുന്ന കാലത്ത് ഹൃദയത്തിന്റെ അടിത്തട്ടില്‍ ചെന്ന് വേണ്ടതെല്ലാം തേച്ചുമിനുക്കി ക്യാന്‍വാസില്‍ നിറനിവേദ്യം ചാര്‍ത്തുകയാണിവര്‍. പ്രേക്ഷകനെ, മര്‍മ്മത്തില്‍ തട്ടി ചിന്തിപ്പിക്കുന്ന മായാ മോഹന മനോഹര വര്‍ണ വസന്ത സമരങ്ങളാണ് ഉമ്മയുടെ നിറക്കൂട്ടുകള്‍. ആര്‍ത്തിമൂത്ത മര്‍ത്യന് നേരെയുള്ള വാള്‍സ്ട്രീറ്റ് കലാപത്തിന്റെ ചുമര്‍ചിത്രങ്ങള്‍ കാണുമ്പോള്‍ ആത്മാവിന്റെ ഒറ്റയാള്‍ പോരാട്ടമെന്നേ പറയാനാകൂ.
തൊണ്ടില്‍ വിരിയുന്ന ചെന്താമര
ചകിരിത്തൊണ്ടില്‍ നിന്ന് തുടങ്ങി കത്തിക്കരിഞ്ഞ വിറകുകൊള്ളിയില്‍ നിന്നുപോലും കൊത്തിമിനുക്കി ശില്‍പ ഭംഗി തീര്‍ക്കുന്ന ഉമ്മയുടെ കരവിരുത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചേറും ചെളിയും നിറക്കൂട്ടുകൊണ്ട് തേച്ചുമിനുക്കി ചെന്താമരയുടെ ചായം പൂശുന്ന ഉമ്മയുടെ ശില്‍പകാവ്യത്തിന് വാനോളം വലിപ്പമുണ്ട്.
സ്വന്തം വീടിനും പൂന്തോട്ടത്തിനും ആന്തരിക രൂപരേഖ വരക്കുന്ന ജമീലുമ്മ ഒരു ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്. അതിന് 'വേഴാമ്പല്‍ ഭവനം' തന്നെ ആവോളം സാക്ഷിയാണ്. കറ കളഞ്ഞ കൈവിരല്‍ തുമ്പുകള്‍ നിറച്ചാര്‍ത്തിന്റെ നിറയൗവ്വനം തീര്‍ത്തപ്പോള്‍ വാര്‍ധക്യം പോലും ഉമ്മക്ക് മുമ്പില്‍ വഴിമാറിനിന്നു.
ചിത്രകല പഠിക്കാന്‍ ഒരു കലാലയത്തിന്റെയും പടി കയറിയിട്ടില്ല. അല്ലെങ്കിലും സര്‍ഗസിദ്ധി പുറത്തെടുക്കാന്‍ സര്‍വകലാശാലയുടെ ആവശ്യമില്ലല്ലോ? പുല്ലും പുല്‍ച്ചെടിയും കരിക്കട്ടയുമാണ് ഉമ്മയുടെ സര്‍വ്വകലാശാലകള്‍. അത് പതുക്കെ ഘട്ടം ഘട്ടമായി പിന്നീടൊരുനാള്‍ സടകുടഞ്ഞെണീറ്റ് പുറത്ത് വരും. സര്‍വശക്തിയും പുറത്തെടുത്ത് കാലത്തിന്റെ ക്യാന്‍വാസുകളില്‍ എഴുന്നേറ്റ് നിന്ന് അടയാളപ്പെടുത്തും.
മണ്ണും വിണ്ണും ഒരുപോലെ നിറംകെട്ട് മലിനമാക്കപ്പെടുമ്പോഴും നിറങ്ങളുടെ നിത്യവസന്തം തീര്‍ത്ത് സദാ വെറ്റിലച്ചുകപ്പുള്ള ചുണ്ടില്‍ പുഞ്ചിരി തൂകി ജീവിതത്തിന് നിറം പകരുകയാണിവര്‍. പ്രകൃതിയെ ഒന്നൊന്നായി കൂട്ടക്കുരുതി നടത്തുമ്പോള്‍ അതിനെതിരെ ഒറ്റക്ക് വര്‍ണവിപ്ലവ വസന്തത്തില്‍ നിറം ചാര്‍ത്തുകയാണ് മമ്മിഹാജിയുടെ പ്രിയപത്‌നി.
കണ്ണടച്ച് ഇരുട്ടാക്കി കാടും മേടും വെട്ടിനിരത്തുന്ന മര്‍ത്യന് നേരെയുള്ള കത്തിമുനയാണ് 'വേഴാമ്പല്‍' ജമീലുമ്മയുടെ ജമാലിന്റെ ജമീലായ ഫ്രെയിമുകള്‍.
ജമീലുമ്മ നല്ല ഒരു ഗസല്‍ ആസ്വാദക കൂടിയാണ്. വീട്ടുകാരും തഥൈവ. ഉമ്പായിയുടെ ഗസലുകളോട് പ്രത്യേക മമതയാണ്. സര്‍വകലകള്‍ക്കും ഇടമുള്ള പച്ചതുരുത്താണ് 'വേഴാമ്പല്‍' ഭവനതീരം.
പ്രകൃതിയെക്കുറിച്ച് വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത മനുഷ്യന് വാര്‍ധക്യത്തിലും യൗവ്വനത്തിന്റെ നിറം ചാര്‍ത്തി മെയ്യും മനസ്സും മഷിയും മനീഷയും തീര്‍ത്ത് സമൂഹത്തിന് വഴിവെളിച്ചമാവുകയാണിവര്‍. സ്രഷ്ടാവിന്റെ ജമാലായ സൃഷ്ടിസൗന്ദര്യത്തിന് നിറം പകരുകയാണ് സ്‌നേഹമുള്ള വാത്സല്യനിധിയായ ചൊറുക്കുള്ള ജമീലുമ്മ.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media