സ്ത്രീദിനം സ്തീധനം

ജിഷ എലിസബത്ത് No image

നൂറിലധികം വര്‍ഷങ്ങളിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു വനിതാദിനം കൂടി കടന്നുവരുന്നു. "പെണ്‍കുട്ടികളെ ഏകോപിപ്പിക്കുക, തലമുറകളെ പ്രചോദിപ്പിക്കുക'' എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം മുന്നോട്ടു വെക്കുന്നത്. സ്വയം പര്യാപ്തത നേടാന്‍ കഴിയുന്നവിധത്തില്‍ സകല സാധ്യതകളും വിപുലപ്പെടുത്തി നല്‍കി ഇന്നത്തെ പെണ്‍കുട്ടികളെ ഭാവിയില്‍ സാമ്പത്തികമായും രാഷ്ട്രീയമായും വിജയിക്കുന്ന സ്ത്രീകളായി വാര്‍ത്തെടുക്കലാണ് ലക്ഷ്യം. ഇതിനായി ലോകമൊട്ടാകെ വലിയ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വലിയ വിശാലത മറന്നേക്കൂ. നമ്മുടെ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ സമുദായത്തിന്റെയോ കുടുംബത്തിന്റെയോ ചെറിയ ലോകത്തിലേക്ക് ഈ ആശയപ്രചരണം എത്രയോളം സാധ്യതയുണ്ടെന്ന് ഒരു അന്വേഷണം നടത്തുകയാകും ഉചിതം. ചെറിയ പടവുകള്‍ ചവിട്ടിക്കയറി വേണമല്ലോ വലിയ വാതായനങ്ങള്‍ തുറക്കാന്‍!
ഭാരതം എന്നും മാതൃകയാണ്. നല്ലതിനും തിയ്യതിനുമെല്ലാം. നല്ല മാതൃകകള്‍ മറക്കപ്പെട്ടു പോകുംവിധം ചീത്ത മാതൃകകള്‍ വന്നു പെരുകുന്ന കാലമാണ് നമ്മുടെ ജീവിതം. അതിനിടയില്‍ മാനവികമൂല്യങ്ങളും സഹജീവിസ്നേഹവും വളര്‍ത്തുന്നതിനു എന്തൊക്കെ ചെയ്യാം എന്നാണ് നാം ചിന്തിക്കേണ്ടത്. പകരം അസ്വാതന്ത്യ്രത്തിന്റെ ചങ്ങലക്കെട്ടുകള്‍ കൂടുതല്‍ കൂടുതല്‍ വലിഞ്ഞു മുറുകിക്കൊണ്ടിരിക്കുന്നു. വേര്‍തിരിവുകളുടെ മതിലുകള്‍ മനസ്സില്‍ വളര്‍ത്തിയാണ് നാം ഇന്ന് നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ സത്രീദിനവും പുരുഷദിനവും എന്നുള്ള ആഘോഷ പ്രചാരണ പരിപാടികള്‍ പ്രഹസനം മാത്രമാണ്. സ്ത്രീയായി പിറന്നതില്‍ അഭിമാനിക്കുന്ന എത്ര സ്ത്രീകളുണ്ടാകും ഈ ലോകത്ത്? കുറവായിരിക്കും. അങ്ങനെയൊരു അഭിമാനം ഉണ്ടോയെന്നാകും ഇത് വായിക്കുന്ന ഭൂരിഭാഗം സ്ത്രീകളും ആലോചിക്കുക. കുറ്റം പറയാന്‍ കഴിയില്ല. സാഹചര്യങ്ങള്‍ അങ്ങനെ ആയിപ്പോയി. ആക്കിതീര്‍ത്തതാണെന്ന് പറയുന്നതാകും ഏറെ ഉചിതം. അതിനു കാരണക്കാര്‍ ആരെന്നു ചിന്തിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ സ്ത്രീകളും കാണും എന്നതാണ് ഏറെ വിരോധാഭാസം.
സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിക്കേണ്ടതുണ്ടോ എന്നാണ് ഈ ലേഖനത്തിലൂടെ വായനക്കാരന് മുന്നില്‍ വെക്കുന്ന ആദ്യ ചോദ്യം. തീര്‍ച്ചയായും വേണം എന്ന് പറയുന്ന ഒരുപാട് വായനക്കാരെ എനിക്ക് മനസ്സില്‍ കാണാനാകും. എന്നാല്‍ വേര്‍തിരിവ് വേണ്ടെന്നു പറയുന്ന ഒരു ചെറിയ വിഭാഗത്തിന്റെ കൂടെ നില്‍ക്കാനാണ് എനിക്ക് താല്‍പര്യം. ആണും പെണ്ണുമെന്ന വേര്‍തിരിവ് ഒട്ടും ഇല്ലാതിരുന്ന, ഇപ്പോഴും ഇല്ലാതിരിക്കുന്ന ഒരു കുടുംബത്തിലെ അംഗം ആണ് ഞാനെന്നു പറയാന്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അതുകൊണ്ട് തന്നെയാകണം പെണ്ണായതില്‍ അഭിമാനം ഉണ്ടെന്നു പറയാന്‍ എനിക്ക് കഴിയുന്നത്.
ശാരീരികമായി പെണ്ണുങ്ങളും ആണുങ്ങളും തമ്മില്‍ പല വ്യത്യാസങ്ങളും ഉണ്ട്. പെണ്ണ് അബലയും തബലയും ആകുന്നത് പെണ്ണിന്റെ ശരീരത്തിന് പുരുഷന്റെ ശരീരത്തോളം ബലം ഇല്ലാത്തതു കൊണ്ടാണ്. സ്ത്രീ ശരീരത്തിന്റെ ദുര്‍ബലതയുടെ ആഴം കൂടുന്നതിനനുസരിച്ചാണ് പുരുഷന്റെ ബലത്തിന്റെ അളവ് കൂടുന്നത്. ഒരു ഗ്രാഫ് വരച്ചാല്‍ പുരുഷന്റെ ബലം ഉയര്‍ന്നും സ്ത്രീ ശരീരത്തിന്റെ കായികക്ഷമത കുറഞ്ഞും നില്‍ക്കും. അങ്ങനെ ബലത്തിന്റെ ഗ്രാഫില്‍ ഏറ്റക്കുറച്ചില്‍ വേണം എന്നത് പ്രകൃതിയുടെ നിയമമാണ്. കാലചക്രം ഉരുളണമെങ്കില്‍ സ്ത്രീ കായികമായി ദുര്‍ബലത ആയിരുന്നേ മതിയാകൂ. എന്നാല്‍ കയികക്ഷമതയുടെ ഈ ഗ്രാഫ് മനസ്സില്‍ വെച്ച് മാനസികബലത്തിന്റെ മറ്റൊരു ഗ്രാഫ് മുന്‍വിധിയോടെ വരക്കരുത്. അങ്ങനെ വരക്കുകയാണ് സമൂഹത്തിന്റെ പതിവ്.
സ്ത്രീയെ ഒരു ചെടിയോട് ഉപമിക്കാം. വിത്തില്‍ നിന്ന് മുളച്ച് വലുതായ ഇടത്തില്‍ നിന്ന് മറ്റൊരു കാലത്തില്‍ പറിച്ചു നടപ്പെടുന്നു. പറിച്ചു നടപ്പെടുന്ന ചെടിക്ക് അതിജീവനത്തിന്റെ ഭാരം വലുതാണ്. വെള്ളവും വളവും ആവശ്യത്തിനു കിട്ടി തഴച്ചുവളരുന്ന ഒരു ചെടിക്ക് മാറ്റി നടലിന്റെ തളര്‍ച്ച വല്ലാതെ ഏശില്ല. വിദ്യാഭ്യാസവും ലോകപരിചയവുമില്ലാത്ത പെണ്ണും അങ്ങനെ തന്നെ. പുരുഷനും അങ്ങനെയാണ്. നമ്മുടെ നാടിന്റെ സ്വാഭാവിക ചുറ്റുപാടില്‍ വളരുന്ന ഒരു ആണ്‍കുട്ടിക്ക് ആവശ്യത്തിനു വിദ്യാഭ്യാസവും ലോകപരിചയവും ഉണ്ട്. ആണ്‍കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ പെണ്‍കുട്ടികളെ നമ്മള്‍ അടുക്കളയിലേക്കു പറഞ്ഞു വിടും. അതിനാല്‍ ഈ ലോകപരിചയം സ്ത്രീകള്‍ക്ക് കിട്ടാക്കനിയായി മാറുന്നു. ഒടുവില്‍ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നടപ്പാക്കേണ്ട സമയത്ത് ലോകപരിചയത്തിന്റെയും അറിവിന്റെയും കാര്യപ്രാപ്തിയുടെയും സമ്പത്തിന്റെയും കുറവുണ്ട്ýഎന്ന കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ പുറംതള്ളപ്പെടുന്നു. ആരാണ് ഇതിനുത്തരവാദി?
വിദ്യാഭ്യാസം കൂടുംതോറും മാന്യതയും സംസ്കാരവും കൂടുമെന്നാണ് എന്റെ പക്ഷം. പെണ്‍കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന മാതാപിതാക്കള്‍ക്ക് മരിച്ച ശേഷം പോകേണ്ടിവരുന്ന ഏതെങ്കിലും നരകത്തെക്കുറിച്ച് മതഗ്രന്ഥങ്ങള്‍ പറയുന്നോ എന്തോ? അങ്ങനെ ഒരു പരാമര്‍ശം ഇല്ലാത്തതു കൊണ്ടാകണം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. ആണ്‍മക്കളെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന പെണ്‍മക്കളെയോര്‍ത്തു അഭിമാനിക്കുന്ന എത്ര മാതാപിതാക്കളുണ്ടാകും നമ്മുടെ നാട്ടില്‍? കുറവാണ്. ആ അഭിമാനം എന്തെന്ന് അറിയണമെങ്കില്‍ അതിനുള്ള അവസരം ഒരുക്കാന്‍ തയാറാകുക തന്നെ വേണം. സാമ്പത്തികമായും രാഷ്ട്രീയമായും സ്വയംപര്യാപ്തരാകുന്ന സ്ത്രീകളുള്ള സമൂഹം ലോകത്തിന്റെ സവിശേഷ ശ്രദ്ധക്ക് പാത്രമാകും.
എന്റെ ചങ്ങാതിമാരായ ചിലരെ ഈ നിമിഷം ഓര്‍ക്കുന്നു. മാധ്യമ പ്രവര്‍ത്തനം എന്നത് സ്ത്രീകള്‍ക്ക് സാധിക്കാത്ത തൊഴില്‍ മേഖലയാണെന്ന് ഇക്കാലഘട്ടത്തിലും പലരും പറയുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ചില ചങ്ങാതിമാരെ കാണുമ്പോള്‍ സന്തോഷത്തോടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നു. പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ എടുത്തു പറയേണ്ടുന്ന ഒരു പേരാണ് വി.പി റജീനയുടെത്. അടുത്തിടെ രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്ന വളരെ വലിയ അവാര്‍ഡ് റജീനക്ക് ലഭിച്ചു. ഗോയെങ്ക അവാര്‍ഡ്. അവര്‍ എന്റെ സഹപ്രവര്‍ത്തക കൂടിയാണെന്ന് പറയാന്‍ എനിക്ക് എന്തൊരു അഭിമാനമാണെന്നോ! അപ്പോള്‍ അവരുടെ ഭര്‍ത്താവിനും മകള്‍ക്കും മാതാപിതാക്കള്‍ക്കും തോന്നുന്ന അഭിമാനം എത്രയാണെന്ന് ഊഹിക്കാവുന്നതെയുള്ളൂ. പഠനകാലത്ത് സംഗീത എന്ന മറ്റൊരു ചങ്ങാതി എനിക്കുണ്ടായിരുന്നു. ധീരതക്ക് ദേശീയ അവാര്‍ഡ് കിട്ടിയിരുന്നു അവര്‍ക്ക്. കുളത്തില്‍ മുങ്ങിത്താണ് കൊണ്ടിരുന്ന ജിഷ, ജിനി എന്ന രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയതിനാണ് അവര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. ആ കഥകള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് തോന്നുന്ന അഭിമാനബോധം വളരെ വലുതായിരുന്നു. കഴിഞ്ഞ ദിവസം പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയെ കാണാനിടയായി. മോഹിനിയാട്ടത്തില്‍ ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ആ വനിതയ്ക്ക് കിട്ടുന്ന ആദരവിന് കൈയും കണക്കുമില്ല. പ്രമുഖ മാധ്യമപ്രവര്‍ത്തക ലീല മേനോന്‍, സാമൂഹിക പരിഷ്കരണത്തിന് മുന്നിട്ടിറങ്ങിയ അരുണ റോയ്, ആദിവാസികള്‍ക്കിടയില്‍ താമസിച്ചു അവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ദയ ബായ്, എഴുത്തുകാരി സാറാ ജോസഫ്, പുസ്തക നിരൂപക ഡോ: എം ലീലാവതി തുടങ്ങി സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലെത്തിയ സ്ത്രീ മാതൃകകളോട് സംസാരിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. അവരുടെ വലിപ്പത്തിന്റെ അത്ഭുതത്തിനുപരി, അവര്‍ ആ സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ അവരുടെ കുടുംബം അവര്‍ക്ക് നല്‍കിയ പിന്തുണയെ കുറിച്ചാണ് ഞാനെപ്പോഴും ഓര്‍ക്കുക. അത്രയും മഹത്തുക്കളായ സ്ത്രീകളെ ഈ നാടിന് സംഭാവന ചെയ്തതില്‍ ആ കുടുംബങ്ങള്‍ക്ക് നന്ദി!
നഴ്സുമാരെ ഓര്‍ക്കാതെ കേരളത്തിലെ ഇത്തവണത്തെ സ്ത്രീ ദിനത്തെ കുറിച്ച് പറയാന്‍ കഴിയില്ല. നാടും നഗരവും നഴ്സുമാരുടെ സമരം വ്യാപിക്കുകയാണ്. അടിച്ചമര്‍ത്തലുണ്ടായിട്ടും വായ മൂടിക്കെട്ടപ്പെട്ടവര്‍. മറ്റുള്ളവരുടെ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ക്ക് പക്ഷെ ദുരിതം മാത്രം. സ്ത്രീകളാണ് ഈ മേഖലയില്‍ 99 ശതമാനവും തൊഴിലാളികള്‍. അത് കൊണ്ടുതന്നെ കുത്തകസ്വഭാവം കാണിക്കുന്നവരടക്കമുള്ള ഒട്ടുമിക്ക ആശുപത്രി മാനേജ്മെന്റുകളും ആവശ്യത്തിനുപോലും ശമ്പളം നല്‍കാതെ ചൂഷണം ചെയ്തു. ഒടുവില്‍ അവര്‍ ഇപ്പോള്‍ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. അവര്‍ സംഘടിച്ചതിന് പിറകില്‍ ചില പുരുഷന്മാരാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. അവര്‍ക്ക് അഭിനന്ദനം! സ്ത്രീ സംവരണം വേണം എന്ന് കേട്ടുകൊണ്ടിരിക്കുന്ന നാട്ടില്‍ പുരുഷ സംവരണം വേണമെന്ന് പറയുന്ന ഒറ്റ വര്‍ഗമേയുള്ളൂ, അവരാണ് നഴ്സുമാര്‍. പറയുമ്പോള്‍ തമാശ തോന്നിയേക്കാമെങ്കിലും സത്യം അതാണ്. പുരുഷ നഴ്സുമാരെ ജോലിക്കെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്തത് അവര്‍ സമരം നയിക്കും എന്നുള്ളത് കൊണ്ട് തന്നെയാണ്.
സൌമ്യ, മലയാളിയുടെ അലംഭാവത്തിന്റെ ഇര! സൌമ്യയെ ഓര്‍ക്കാതെയും വനിതാ ദിനം കടന്നുപോകില്ല. ഒരു കൊല്ലം മുന്‍പാണ് ചെറുതുരുത്തിയിലെ വിജനമായ കുറ്റിക്കാട്ടിലേക്ക് ട്രെയിനില്‍ നിന്നും തള്ളിയിടപ്പെട്ടു ക്രൂരമായ ബലാല്‍സംഗത്തിനിരയായി സൌമ്യ കൊല്ലപ്പെട്ടത്. വഴിയില്‍ കാണുന്ന മറ്റുള്ളവരുടെ ദുരിതങ്ങളെ കണ്ണടച്ച് കളഞ്ഞ മലയാളിയെ അതീവ ജാഗ്രതയുള്ളവരാക്കാന്‍ സൌമ്യയുടെ മരണത്തിന് ആയെങ്കിലും നഷ്ടം ആ കുടുംബത്തിനു മാത്രമാണ്.
സാധാരണ ഒരു പെണ്ണും തനിക്കു മുകളില്‍ പോകരുതെന്ന് ബോധപൂര്‍വമായോ അല്ലാതെയോ ഒരു തോന്നല്‍ ഒട്ടുമിക്ക പുരുഷന്മാരിലും ഉണ്ട്. സ്വന്തം സഹോദരിയോ ഭാര്യയോ എന്തിന് അമ്മയോടു പോലും ചില സമയങ്ങളില്‍ മാനസികമായ ആധിപത്യം കാണിക്കാനുള്ള ഒരു പ്രവണത പുരുഷനുണ്ട്. കാലാകാലങ്ങളായി ആണും പെണ്ണുമടങ്ങുന്ന സമൂഹം തന്നെയാണ് അവനില്‍ അത്തരം മനോഭാവം വളര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പുരുഷനെ അടച്ചാക്ഷേപിക്കാന്‍ കഴിയില്ല. അത്തരം ഒരു സാഹചര്യം നിലനില്‍ക്കെ തന്നെ ഏതെങ്കിലും ഒരു പുരുഷന്‍ തനിക്കുമേല്‍ ഒരു പെണ്ണ് ഉയര്‍ന്നുവരണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അത് പിതാവ് മകള്‍ ബന്ധത്തിലാണ്. മകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകണമെന്ന് ഭൂരിഭാഗം പിതാക്കന്മാരും ആഗ്രഹിക്കുന്നു. അത് പക്ഷെ, ഫലപ്രദമായി വിനിയോഗിക്കണമെങ്കില്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണം. ജീവിതവിജയം നേടണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ അതിനുള്ള സാഹചര്യമൊരുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുമെന്നാണ് എന്റെ വിശ്വാസം.
സ്ത്രീയെന്നാല്‍ സ്ത്രീധനം വാങ്ങാനുള്ള വഴിയെന്നു കരുതുന്നവര്‍ ഒരുപാടുണ്ട്്. ആ വിശ്വാസത്തിനും തോന്നലിനും ഈ ആധുനിക കാലത്തും മാറ്റം വന്നിട്ടില്ല. സ്ത്രീയെ തന്നെ ഒരു ധനമായി കരുതണമെങ്കില്‍ അതിനുള്ള കഴിവുകള്‍ സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്. അതിനു വിദ്യാഭ്യാസം നേടണം. കൂടുതല്‍ വായിക്കണം. സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ കാലത്ത് പൊതുസംവാദത്തിനുള്ള ഇടം സ്ത്രീക്കും ലഭിച്ചിരിക്കുന്നു. അതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കണം. കഴിവുള്ളവനേ സമൂഹത്തില്‍ നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിയണം. തിരിച്ചറിവുകളാണ് ജീവിതത്തില്‍ വിജയം നേടിത്തരുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top