കാലമിത്രയായിട്ടും തിരിച്ചറിയാനാവാത്ത ഒരു ബന്ധമേ
എന്നിലുണ്ടായിട്ടുള്ളൂ...
'എന്റെ ഹൃദയവും ഉമ്മയുടെ മിഴികളും'
ഉമ്മയുടെ ഭാവ മാറ്റങ്ങള്‍ തെളിയുന്നത് ആ മിഴികളിലാണ്
സന്തോഷം വന്നാല്‍ അസാധാരണമായി ചുമന്നിരിക്കും
അല്പനേരം ഒന്ന് നിശ്ചലമാവും എന്നിട്ട് കണ്ണ് നിറയ്ക്കും
ദേഷ്യം വന്നാല്‍ കണ്ണടച്ചിരിക്കും
വിഷമം വരുമ്പോള്‍ മാത്രം ഒരു ഭാവവും എനിക്ക്
കാണാന്‍ കഴിഞ്ഞിട്ടില്ല
ഉമ്മയാകെ നിശ്ചലമാവുന്ന സമയമുണ്ട്, മനസ്സും ശരീരവും!
അതേത് ഭാവമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല
ഒരിക്കല്‍ മാത്രം ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടിട്ടുണ്ട്.
വായിലേക്ക് വെച്ച ചോറ്റുരുള ഉറഞ്ഞുപോയത് എനിക്കോര്‍മയുണ്ട്
ഹൃദയം മരവിച്ച് പോയതും
പിന്നീടൊരിക്കലും ആ ഭാവം കാണാന്‍ പറ്റിയിട്ടില്ല
അന്നാണ് ഉമ്മയുടെ മിഴികളും എന്റെ ഹൃദയവും
തമ്മിലുള്ള ബന്ധം ഞാന്‍ തിരിച്ചറിയുന്നത്
ആ കണ്ണുനീര് തോര്‍ന്നിട്ടും ഹൃദയത്തില്‍നിന്ന്
എന്തോ കുത്തിയൊഴുകുന്നുണ്ടായിരുന്നു, തോരാ മഴ പോലെ!
ഒന്ന് കുളിച്ചിട്ടും ശമിച്ചില്ല
കണ്ണടച്ച് കിടന്ന് നേരം വെളുത്തപ്പോഴാണ് ഒന്ന് ശമനം വന്നത് .