മുസ്ലിം സ്ത്രീ സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി ഇസ്ലാമിക പ്രസ്ഥാനം

നാസിറാ ഖാനം/ റാഹില സലാം No image

ജമാഅത്തെ ഇസ്്ലാമി ഹിന്ദ് സ്ഥാപിതമായിട്ട് 75 വര്‍ഷം തികയുകയാണ്. പ്രസ്ഥാനവുമായി വളരെക്കാലം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെന്ന നിലക്ക് ചോദിക്കട്ടെ: പല മുസ്ലിം സംഘടനകളിലും സ്ത്രീകള്‍ സാമൂഹിക-സാംസ്‌കാരിക സേവനത്തിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നത് സാധാരണമല്ല. പക്ഷേ, ജമാഅത്തെ ഇസ്ലാമിക്കുള്ളില്‍ എന്ത് വ്യത്യാസമാണ് താങ്കള്‍ കണ്ടത്? എന്തുകൊണ്ടാണ് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്തെ ഇസ്ലാമിയുടെ പ്ലാറ്റ്ഫോം തെരഞ്ഞെടുത്തത്?

പല മുസ്ലിം സംഘടനകളെയും ഞാന്‍ സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്. ആ സംഘടനകളും ജമാഅത്തെ ഇസ്ലാമി ഹിന്ദും തമ്മില്‍ വലിയ അന്തരമാണ് അനുഭവപ്പെടുന്നത്. ജമാഅത്തെ ഇസ്്ലാമി ഹിന്ദ് വളരെ സജീവവും സുസംഘടിതവും തത്ത്വാധിഷ്ഠിതവുമാണ്. മുദ്രാവാക്യം വളരെ ഉയര്‍ന്നതും ശ്രേഷ്ഠവുമാണ്- ഇഖാമത്തുദ്ദീന്‍ (ദീന്‍ സംസ്ഥാപിക്കല്‍). കൂടാതെ, ഈ വ്യവസ്ഥ ജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ജീവിതത്തിന്റെ ഒരു കോണും ഈ മണ്ഡലത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നില്ല. വ്യക്തിയുടെ സ്വഭാവവും സമൂഹത്തിന്റെ നിര്‍മാണവുമെല്ലാം അതിനനുസരിച്ചാണ്. രൂപീകരണകാലം മുതലേ സ്ത്രീകളെ മറന്നിട്ടില്ല എന്നതാണ് സംഘടനയുടെ പ്രത്യേകത. ഇഖാമത്തുദ്ദീനിനു വേണ്ടിയുള്ള പോരാട്ടത്തില്‍ സ്ത്രീകളുടെ പങ്ക് അത് തിരിച്ചറിഞ്ഞു. മതത്തിന്റെ സമഗ്രവും ശരിയായതും വിശാലവുമായ ആശയം അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കാനുള്ള അവസരവും വേദിയും നല്‍കുന്നു എന്നതാണ് പ്രധാന വ്യത്യാസം.
സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും പരസ്പരം സഹായികളും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരുമാണ്. അതിനാല്‍, ഈ പ്രസ്ഥാനത്തില്‍ ചേരണമെന്നും സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ദൈവഭയത്തോടെ നിറവേറ്റണമെന്നും ഞാന്‍ കരുതി. അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും ലക്ഷ്യമാക്കി മാത്രമേ ഈ ജോലി ചെയ്യാവൂ. ഒരു സ്ത്രീ വേദിയാണ് ഞാന്‍ ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും. ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പുരുഷന് തുല്യമായ ഉത്തരവാദിത്വം സ്ത്രീക്കുമുണ്ടെന്ന ധാരണ മറ്റു മുസ്ലിം സംഘടനകള്‍ക്ക് കുറവാണ്. ചില സംഘടനകള്‍ക്ക്, സ്ത്രീയുടെ ശബ്ദം പോലും മറയ്ക്കണം. ഇത്തരം മാനസികാവസ്ഥ സ്ത്രീകളെ സാമൂഹികപ്രവര്‍ത്തനങ്ങളില്‍നിന്ന് അകറ്റി. ഇത് ഇസ്ലാമിന്റെ വ്യാപനത്തില്‍ പ്രതികൂല സ്വാധീനം ചെലുത്തിയിട്ടുണ്ട്. അല്‍ഹംദു ലില്ലാഹ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് സ്ത്രീകളില്‍ ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ചൈതന്യം വളര്‍ത്തിയെടുക്കുകയും, ഇസ്ലാമിന്റെ വ്യാപനത്തില്‍ തുല്യ ഉത്തരവാദിത്വമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയും നയവും  നേതൃത്വവും നിങ്ങള്‍ക്കും മറ്റു സ്ത്രീകള്‍ക്കും എത്രത്തോളം പ്രചോദനവും സഹായകരവുമായിരുന്നു? സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ പഠിക്കാന്‍ അനുവാദമില്ലാത്ത അവസ്ഥയില്‍നിന്ന് പുറത്തുകടക്കാനും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും നിങ്ങളെ അനുവദിച്ച പിന്തുണാ സംവിധാനം എന്താണ്?
ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമാണ്. ഇത് ശരീഅത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പ്രേരണയായി. സംഘടനയുടെ അച്ചടക്കം, സംഘടനാ ഘടനയും നയ പരിപാടികളും മനസ്സിലാക്കാന്‍ സഹായകമായിരുന്നു. സംഘടനയുടെ കാര്യക്ഷമമായ നേതൃത്വം ഓരോ ഘട്ടത്തിലും ഞങ്ങളെ നയിച്ചു. ചുമതലയുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കാന്‍ ഇത് വളരെ സഹായകമായി. ഉയര്‍ന്ന തലത്തില്‍ സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനുള്ള കൂട്ടായ സംവിധാനം ജമാഅത്തിനുണ്ട്. വിശുദ്ധ ഖുര്‍ആന്‍ സാധാരണക്കാര്‍ക്കുള്ളതല്ല എന്ന ധാരണ ചിലര്‍ക്കുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഖുര്‍ആന്‍ വായിക്കാന്‍ കഴിയുമെങ്കില്‍ അറബി പാഠം മാത്രം വായിക്കുക, വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും വായിക്കരുത് എന്ന് ചിലര്‍ പറഞ്ഞു. ഇവര്‍ പലതരത്തില്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി  ഖുര്‍ആന്‍ പഠനവും തജ്വീദ് ക്ലാസുകളും നടത്തി. വലിയ സമ്മേളനങ്ങള്‍ നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. ഈ പശ്ചാത്തലത്തിലാണ്, ജാമിഅത്തു സ്വാലിഹാത്തിന്റെ രണ്ട് ശാഖകളും അഅ്സംഗഢിലെ ജംഇയ്യത്തുല്‍ ഫലാഹും ഹൈദരാബാദില്‍ ജാമിഅ റിയാസുസ്സാലിഹാത്തിന്റെ രണ്ട് ശാഖകളും സ്ഥാപിക്കപ്പെട്ടത്.  സ്ത്രീകളെ വലിയ തോതില്‍ വിദ അഭ്യസിപ്പിക്കാന്‍ ഇതിലുടെ കഴിഞ്ഞു. ഈ സംവിധാനമാണ് സ്ത്രീകള്‍ക്ക് പുറത്തു പോകാനും മറ്റു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും സൗകര്യമൊരുക്കിയത്.

ജമാഅത്തെ ഇസ്്ലാമി സ്ഥാപിതമായിട്ട് 75 വര്‍ഷമാകുന്നു. എല്ലാതരം പ്രവര്‍ത്തനങ്ങളും പുരുഷന്മാരുടെ ഉത്തരവാദിത്വമായി കണക്കാക്കപ്പെട്ട കാലത്ത്, സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരെ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോള്‍ നിങ്ങള്‍ നേരിട്ട വെല്ലുവിളികള്‍?

തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. വീടിന് പുറത്തിറങ്ങുന്നതില്‍ ഞങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഖുര്‍ആനും സുന്നത്തും ഉദ്ധരിച്ച്, നമ്മുടെ പ്രവര്‍ത്തനം അനിവാര്യമാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ക്കുന്നവര്‍ കീഴടങ്ങി. ഖുര്‍ആനിക അധ്യാപനങ്ങള്‍ മനസ്സിലാക്കുന്നതില്‍ മറ്റുള്ളവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരായിരുന്നു. ഇക്കാര്യത്തില്‍ സ്ത്രീകളെ ബോധവല്‍ക്കരിക്കാനും ആളുകളില്‍ മികച്ച അവബോധം ഉണ്ടാക്കാനും പരിശ്രമിച്ചു.  ഉദാഹരണങ്ങളിലൂടെയും ഖുര്‍ആനിക വചനങ്ങളുടെ സഹായത്തോടെയും ഇത് അവരെ ബോധ്യപ്പെടുത്തി. അവരുടെ മനസ്സില്‍ ദൈവത്തോടുള്ള ഉത്തരവാദിത്വബോധം സൃഷ്ടിക്കാന്‍ അത് നിമിത്തമായിട്ടുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കുകയോ അശ്രദ്ധ കാണിക്കുകയോ ചെയ്യുന്നതിന്റെ പരിണിത ഫലം ആളുകളെ ഓര്‍മിപ്പിച്ചു. വ്യക്തിഗത, ഗ്രൂപ്പ് മീറ്റിംഗുകള്‍ നടത്തി. സ്ത്രീകളെ മാനസികമായി ഉയര്‍ത്തിക്കൊണ്ടുവന്നു. ഞങ്ങളെ ഒട്ടും കേള്‍ക്കാന്‍ തയാറാകാത്ത സ്ത്രീകളും ഉണ്ടായിരുന്നു. ചില സ്ത്രീകള്‍ ഞങ്ങളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഞങ്ങള്‍ നല്‍കുന്ന തഫ്സീറും ഖുര്‍ആനിന്റെ പകര്‍പ്പുകളും സ്വീകരിക്കരുതെന്ന് പോലും ചിലര്‍ പറഞ്ഞു. എന്നാല്‍, ഞങ്ങള്‍ എല്ലാ എതിര്‍പ്പുകളും പുഞ്ചിരിയോടെ സഹിക്കുകയും സ്ഥിരോത്സാഹത്തോടെ മുന്നോട്ട് പോവുകയുമായിരുന്നു.

ഈ പ്രസ്ഥാനത്തിന് വേണ്ടി സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിട്ടത്? അവ എങ്ങനെ തരണം ചെയ്തു?

ദീനിനെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടായിരുന്നു. ആന്തരികവും ബാഹ്യവുമായ അന്തരീക്ഷം അനുകൂലമാക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിച്ചു. യുക്തിസഹമായ വാദങ്ങളിലൂടെ ഞങ്ങള്‍ എതിര്‍പ്പിനെ നേരിട്ടു. എല്ലാ പരുക്കന്‍ സംഭാഷണങ്ങളോടും വിനയത്തോടെ പ്രതികരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഈ പാത നിരവധി പരീക്ഷണങ്ങള്‍ നിറഞ്ഞതാണ്. ഒരു ഉദാഹരണം  പറയാം: ഹൈദരാബാദ് നഗരത്തിലെ തറവാട്ടുകാരായ നവാബി കുടുംബങ്ങളെ സമീപിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അല്ലാഹു ഞങ്ങളെ സഹായിച്ചു. നിരന്തര പരിശ്രമത്തിനൊടുവില്‍ 45 സ്ത്രീകള്‍ പങ്കെടുത്ത ഒരു പരിപാടി ഞങ്ങളൊരുക്കി. എല്ലാ ആഴ്ചയും പാര്‍ട്ടികള്‍ ആസ്വദിക്കാനും റമ്മി കളിക്കാനും സ്ത്രീകള്‍ ഒത്തുകൂടുന്ന വീടായിരുന്നു അത്.
ആദ്യ പരിപാടിയുടെ അവസാനത്തെ ദുആ കഴിഞ്ഞ് ഉടനെ തന്നെ ഈ സ്ത്രീകള്‍ പറഞ്ഞു, ഇന്ന് മുതല്‍ നമക്ക് റമ്മി കളി അവസാനിപ്പിക്കാം. എല്ലാ ആഴ്ചയും ഖുര്‍ആന്‍ പഠിക്കാന്‍ സംവിധാനമൊരുക്കണമെന്നും അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങള്‍ രണ്ടാമതും അവിടെ പോയപ്പോള്‍ 15 സെറ്റ് തഫ്സീര്‍ എടുത്തു, അതവര്‍ ആവേശത്തോടെ വാങ്ങി. ഇന്നും ഈ പ്രോഗ്രാമുകള്‍ തുടരുന്നു. അവരില്‍ ഒരാളെ ഞങ്ങള്‍ ഈ പരിപാടിയുടെ ഉത്തരവാദിത്വം ഏല്‍പിച്ചു. പ്രസ്ഥാന പ്രവര്‍ത്തനത്തിറങ്ങിയപ്പോള്‍ ആദ്യം ബുദ്ധിമുട്ടുകളുണ്ടായത് സ്വന്തം വീട്ടില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമാണ്. മറ്റു സംഘടനകളിലെ പ്രമുഖ വനിതകളും ഞങ്ങളുടെ യാത്രയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. ചിലപ്പോള്‍ ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ചില സ്ത്രീകളും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഞങ്ങളുടെ പരിപാടികളെ മോശമായി ചിത്രീകരിച്ചു.  മൗലാനാ മൗദൂദിയെയും തഫ്ഹീമുല്‍ ഖുര്‍ആനെയും കുറിച്ച് അടിസ്ഥാനരഹിതമായ പലതും പ്രചരിപ്പിച്ചു. പക്ഷേ,  ഈ ആളുകളോട് ഞങ്ങളൊരിക്കലും നിഷേധാത്മകമായി പെരുമാറിയിട്ടില്ല.

ഇന്നത്തെ കാലവും ജമാഅത്ത് സ്ഥാപിതമായ കാലവും അതിനിടയിലുള്ള കാലഘട്ടവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതെങ്ങനെ താരതമ്യം ചെയ്യും? എന്ത് മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

ജമാഅത്ത്് രൂപീകരണ സമയത്ത് ദീനിനെ കുറിച്ച അറിവ് കുറവായിരുന്നു. പാരമ്പര്യങ്ങളും ആചാരങ്ങളും അടിസ്ഥാനമാക്കിയ സാംസ്‌കാരിക വിശ്വാസങ്ങള്‍ സാമൂഹിക ജീവിതത്തില്‍ സമൃദ്ധമായിരുന്നു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് രൂപീകരിച്ചതിന് ശേഷമാണ് കാര്യങ്ങള്‍ മാറിത്തുടങ്ങിയത്. മത വിദ്യാഭ്യാസം സാധാരണമായി. ദീന്‍ മനസ്സിലാക്കാനുള്ള ആഗ്രഹം കൂടുതലാളുകള്‍ക്കുമുണ്ടായി. നല്ലതും ചീത്തയും വേര്‍തിരിച്ചറിയാനുള്ള കഴിവിനൊപ്പം ഇസ്്ലാമിനെക്കുറിച്ച ശരിയായ ധാരണയുമുണ്ടായി. സ്ത്രീകളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും വിശ്വാസ സമ്പ്രദായങ്ങള്‍ തിരുത്തപ്പെട്ടു. ഇത് ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല, വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമാണ്.
വിശ്വാസ സമ്പ്രദായത്തില്‍ ഒരുപാട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. അജ്ഞത അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ശരിയായ മതവിദ്യാഭ്യാസം ഈ പരിതഃസ്ഥിതിയില്‍ സാര്‍വത്രികമാകേണ്ടതുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഈ സ്ത്രീകളുടെ ചിന്താഗതിയില്‍ മാറ്റമുണ്ടാകണം. വളരെ വിവേകത്തോടെ, സൗമ്യമായ മനോഭാവത്തോടെ അവരെ മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. ഓരോ തവണയും, ഞങ്ങളുടെ ജോലിയുടെ പുരോഗതിയെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരായിരുന്നു. അതുകൊണ്ടാണ് പെരുമാറ്റത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും അവരെ പറയുന്ന കാര്യങ്ങള്‍ അനുഭവിപ്പിക്കാന്‍ കഴിഞ്ഞു. ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അല്ലാഹുവിന്റെ മതത്തിന്റെ സന്ദേശം സ്ത്രീകള്‍ വ്യാപകമായി പ്രചരിപ്പിച്ചതിന്റെ ഫലമായി അവരില്‍ പഠനത്തിന്റെയും അറിവിന്റെയും ചൈതന്യം ജ്വലിച്ചു. ഞങ്ങളുടെ പരിശ്രമം ഒടുവില്‍ മാന്യമായി പരിഗണിക്കപ്പെട്ടു.

വിവിധ തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്ങനെയാണിത് കാണുന്നത്?

മതത്തോട് അഭിനിവേശവും ഒപ്പം പരിഭവവുമുള്ള അഭ്യസ്തവിദ്യരായ യുവതികളും ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു എന്നതാണ് പോസിറ്റീവ് വശം. വായനയോടുള്ള താല്‍പര്യം വര്‍ധിച്ചു. സാമൂഹിക തിന്മകള്‍ക്കും അശ്ലീലതക്കുമെതിരെ കുടുംബ  കാമ്പയിനുകള്‍ ഞങ്ങള്‍ ആരംഭിക്കുമ്പോഴെല്ലാം ഇത്തരം സ്ത്രീകള്‍ അതിന് വേണ്ടി രംഗത്തിറങ്ങി.  സ്ത്രീകള്‍ മുന്നില്‍ നിന്ന് നയിച്ച 'ഇസ്ലാം കി ബേഠി ജാഗ് സര' (ഇസ്ലാമിന്റെ പുത്രീ, ഉണരുക) എന്ന കാമ്പയിന്‍ വലിയ വിജയമായി. 60,000 സ്ത്രീകളുടെ സാന്നിധ്യം അടയാളപ്പെടുത്തിയ ഈ സമ്മേളനം ചരിത്രം സൃഷ്ടിച്ചുവെന്ന് പറയാം. തിന്മകള്‍ തടയാന്‍ സമൂഹത്തിലെ മറ്റു സ്ത്രീകളുമായി ബന്ധപ്പെടാനും ശരീഅത്തിന്റെ നിയമങ്ങള്‍ പാലിച്ച് സാമൂഹികജീവിതം നയിക്കാനും കഴിയുന്നു എന്നതാണ് സ്ത്രീകള്‍ സാമൂഹിക ജീവിതത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണപരമായ വശങ്ങള്‍. സ്ത്രീകളില്‍ പാണ്ഡിത്യം നേടാനുള്ള മനോഭാവം വര്‍ധിക്കുന്നു.  സ്ത്രീകളുടെയും പുരുഷന്മാരുടെയും അമിതമായ ഇടകലരല്‍ നെഗറ്റീവ് വശമാണ്.

ഉന്നത വിദ്യാഭ്യാസം നേടുകയും പ്രൊഫഷണലുകളായി മാറുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്?

ഇവര്‍കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മതത്തെക്കുറിച്ച ശരിയായ ധാരണ സൃഷ്ടിക്കുകയും അവരുടെ സമയത്തെ കണക്കിലെടുത്ത് ഹ്രസ്വവും ഫലപ്രദവുമായ പരിപാടി സംഘടിപ്പിക്കുകയും വേണം. അക്കാദമിക് കഴിവും അഭിരുചിയും നോക്കി അവ പ്രോഗ്രാമുകളില്‍ പങ്കെടുപ്പിക്കണം. അവര്‍ക്കായി സ്റ്റഡി സര്‍ക്കിളുകള്‍ സംഘടിപ്പിക്കാം.  ബോറടിക്കാത്ത വിധത്തില്‍ രസകരവും നൂതനവുമായിരിക്കണം പരിപാടികള്‍. അല്‍ഹംദു ലില്ലാഹ്, ഈ വിഷയത്തില്‍ ഞങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ വളരെ ഫലപ്രദമായി. അവര്‍ക്കായി സമകാലിക വിഷയങ്ങളില്‍ സിമ്പോസിയങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക. അവരുടെ തെരഞ്ഞെടുപ്പുകള്‍ എപ്പോഴും നിരീക്ഷിക്കുക. സാഹിത്യത്തില്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് സാഹിത്യസംഗമം സംഘടിപ്പിക്കുന്നതും പ്രയോജനകരമാണ്.  അവരെയും സംസാരിക്കാന്‍ അനുവദിക്കുക. അവരുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുക. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കേണ്ടത് പ്രധാനമാണ്. സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസ സംസ്‌കാരം തീരെ ഇല്ലാതിരുന്ന കാലത്ത് അവര്‍ കൂടുതലും വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ വീട്ടിലിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം സ്ത്രീകളുടെ കഴിവുകള്‍ നമുക്ക് പ്രയോജനപ്പെടുത്തണം. അവരുടെ വ്യക്തിത്വം മനസ്സില്‍ വെച്ചുകൊണ്ട്, ജമാഅത്തിന്റെ എച്ച്.ആര്‍.ഡി ഡിപ്പാര്‍ട്ട്മെന്റ് വഴി അവരെ പരിശീലിപ്പിക്കാന്‍ കഴിയും.

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുടുംബജീവിതത്തെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന് നല്‍കാനുള ഉപദേശം എന്താണ്?

മൊബൈലിന്റെ ഉപയോഗം പൂര്‍ണമായും ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്നു; വാളു പോലെ. പരിശീലനം ലഭിച്ച സൈനികന്റെ കൈയില്‍ അത് ഉപയോഗപ്രദമാണ്, പരിശീലനം ലഭിക്കാത്ത വ്യക്തി കൈകാര്യം ചെയ്താല്‍ അപകടവുമാണ്. മൊബൈല്‍ ഫോണ്‍   വളരെ പ്രധാനപ്പെട്ട ആധുനിക സാങ്കേതിക വിദ്യയാണ്. അത് കാലഘട്ടത്തിന്റെ അനുഗ്രഹമാണ്. ധാരാളം വിവരങ്ങള്‍ നേടാനും വീട്ടിലിരുന്ന് കാര്യങ്ങr ചെയ്യാനും കഴിയുന്ന സാങ്കേതിക വിദ്യ. ശരിയായി ഉപയോഗിച്ചാല്‍, വളരെ ഉപയോഗപ്രദമാണ്. സത്യ സന്ദേശം പ്രചരിപ്പിക്കാനുള്ള നല്ലൊരു മാധ്യമമാണ്. അനുചിതമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍, നെഗറ്റീവായിരിക്കും ഫലം. പല തിന്മകളും അതിലൂടെ പരസ്യമാക്കപ്പെടുകയാണ്. ദുരുപയോഗം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും അപചയത്തിലേക്ക് നയിക്കുന്നു. വിദ്യാഭ്യാസത്തെ ബാധിക്കുന്നു. ശുദ്ധ മനസ്സുകള്‍ രോഗബാധിതമാകുന്നു. കടമകള്‍ നിറവേറ്റുന്നതിനുള്ള കാര്യക്ഷമമായ ഉപകരണമായി ഈ മൊബൈലിനെ മാറ്റുക. മാന്യതയില്ലാത്തതും അധാര്‍മികവും സംസ്‌കാരമില്ലാത്തതുമായ അനാവശ്യ വീഡിയോകള്‍ കണ്ട് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കരുത്.

ഇസ്ലാമിക സമൂഹത്തിലും സഹോദര സമുദായങ്ങളിലും സ്ത്രീകള്‍ക്ക് എങ്ങനെയാണ് സാമൂഹികസേവനം സജീവമായി നിര്‍വഹിക്കാനാവുക?

ഇസ്ലാമിക സമുദായത്തിലെ ആളുകളും മറ്റ് സമുദായങ്ങളും തമ്മില്‍ സ്നേഹവും സഹാനുഭൂതിയും ഉണ്ടാകണം. രാജ്യത്തെ സഹോദരങ്ങളുമായുള്ള ബന്ധം വിപുലമാക്കണം. പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ വിവേകത്തോടെ പരിഹരിച്ച് അവരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും അവരോട് മധുരമായും സൗമ്യമായും സംസാരിക്കുകയും ചെയ്യുക. മതസമുദായ വിവേചനമില്ലാതെ സേവന മനോഭാവം വളര്‍ത്തിയെടുക്കുക. പകര്‍ച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകുന്ന സമയങ്ങളില്‍ സഹായിക്കാനായി മുന്നിട്ടിറങ്ങി നിസ്വാര്‍ഥതയിലൂടെയും ത്യാഗത്തിലൂടെയും സങ്കടപ്പെടുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുക. നേരത്തെ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ ഇത്രയധികം പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് നമ്മുടെ സ്ത്രീകള്‍ വ്യവസ്ഥാപിതമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുകയും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ചെറിയ ജോലികളിലൂടെ അവരെ സ്വയം പര്യാപ്തരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സാമൂഹിക സേവനത്തില്‍ മതപരമായ വ്യത്യാസം പാടില്ല. എല്ലാ മനുഷ്യരെയും സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം.

കുടുംബ, സംഘടനാ, സാമൂഹിക ജീവിതങ്ങള്‍ക്കിടയില്‍ സന്തുലിതാവസ്ഥ വേണമല്ലോ. ഈ ബാലന്‍സ് എങ്ങനെ കൈവരിക്കാം?

സന്തുലിതാവസ്ഥ കൈവരിക്കാന്‍ ടൈം മാനേജ്മെന്റ് നടത്തേണ്ടതുണ്ട്. ഒരു ടൈംടേബിള്‍ ഉണ്ടാക്കി അതനുസരിച്ച് എല്ലാ ജോലികളും ചെയ്താല്‍ മാത്രമേ ബാലന്‍സ് സ്ഥാപിക്കാന്‍ കഴിയൂ. സ്ത്രീകള്‍ക്ക് അവരുടെ എല്ലാ ജോലികളും മികവോടെ ചെയ്യാന്‍ കഴിയും. സമയപരിഗണനയില്ലാത്തതിനാല്‍ ഇന്ന് നമ്മുടെ മുഴുവന്‍ സംവിധാനങ്ങളും താറുമാറായിരിക്കുകയാണ്. 'കുട്ടികള്‍ സ്വര്‍ഗത്തിലെ പൂക്കളാണ്' എന്ന തിരുനബിയുടെ വചനം ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു. ഈ മനോഹരമായ അനുഗ്രഹത്തെ പ്രത്യേകം ശ്രദ്ധിക്കുക. അവര്‍ സ്വര്‍ഗത്തിലെ പുഷ്പങ്ങളാകുന്ന വിധത്തില്‍ അവരെ പരിശീലിപ്പിക്കുക. അവര്‍ നമുക്ക് പ്രതിഫലത്തിന്റെ തുടര്‍ച്ചയായ ഉറവിടമായി മാറട്ടെ. അല്‍ഹംദുലില്ലാഹ്, തുടക്കം മുതല്‍ തന്നെ ഞാന്‍ അത്തരമൊരു ഷെഡ്യൂള്‍ വികസിപ്പിച്ചെടുത്ത് ടൈം മാനേജ്മെന്റ് ഫലവത്തായി പരിശീലിക്കുകയും അത് ശീലമാക്കുകയും ചെയ്തിട്ടുണ്ട്. വീട്ടുജോലിയും പ്രവര്‍ത്തനവും തമ്മില്‍ ആരോഗ്യകരമായ ബാലന്‍സ് നിലനിര്‍ത്താന്‍ സ്ത്രീകള്‍ പലപ്പോഴും പാടുപെടുന്നു. ഇതില്‍ ഒന്നും അവഗണിക്കാനാവില്ല. ഓരോ നിമിഷവും എന്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് സാഹചര്യം നമ്മെ പഠിപ്പിക്കും. അതല്ലാതെ ഒരു പൊതു നിയന്ത്രണ രേഖ ഉണ്ടാകില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top