എന്നെ ഞാനാക്കിയ പ്രസ്ഥാനം

 കെ.കെ ഫാത്തിമ സുഹറ No image

കുട്ടിക്കാലത്ത് നിന്നു തുടങ്ങാം. ശാന്തപുരത്താണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. പിതാവ് കളക്കണ്ടത്തില്‍ മുഹമ്മദ് എന്ന കുഞ്ഞാപ്പ, മാതാവ് കാടംതൊടി മറിയക്കുട്ടി. ഗുരുവായൂര്‍ സ്വദേശി വി.പി മുഹമ്മദുണ്ണിയെയാണ് ഞാൻ വിവാഹം കഴിച്ചതെങ്കിലും എന്റെ ജന്മദേശമായ ശാന്തപുരത്ത് തന്നെയാണ് അദ്ദേഹവുമൊത്ത് ഇപ്പോഴും താമസം. ശാന്തപുരം ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ഒരു മഹല്ലാണ്. ഈ പേരിട്ടതുതന്നെ പ്രസ്ഥാന നായകന്‍ ഇസ്സുദ്ദീന്‍ മൗലവിയാണ്. പ്രസ്ഥാന നായകരുടെ പാദസ്പര്‍ശമേല്‍ക്കുകയും അവരുടെ നേരിട്ടുള്ള മേല്‍നോട്ടം ലഭിക്കുകയും ചെയ്ത അനുഗൃഹീത പ്രദേശമാണ് ശാന്തപുരം. പല ഭാഗങ്ങളിലും പ്രസ്ഥാനം ആദ്യ കാലങ്ങളിൽ എതിര്‍പ്പുകളും അവഗണനയും നേരിടുകയും പുത്തന്‍ പ്രസ്ഥാനം എന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്ത സമയത്ത് ശാന്തപുരം സ്വദേശികള്‍ ഹൃദയ വിശാലതയോടെയും വളരെ സന്തോഷത്തോടെയും ഇസ്്ലാമിക പ്രസ്ഥാനത്തെയും പ്രസ്ഥാന നായകരെയും നെഞ്ചിലേറ്റി. പ്രസ്ഥാനത്തെ മാറോടു ചേര്‍ത്ത പ്രദേശമായതിനാല്‍ ഇവിടെയൊരു വിദ്യാഭ്യാസ സ്ഥാപനം പണിയാന്‍ ജമാഅത്തെ ഇസ്്ലാമി നേതാക്കള്‍ തീരുമാനിച്ചതനുസരിച്ച് 1956-ല്‍ ശാന്തപുരം ഇസ്്ലാമിയാ കോളേജിന് ശിലാസ്ഥാപനം നിര്‍വഹിച്ചു. ധിഷണാശാലികളും ഉന്നത കാഴ്ചപ്പാടുമുള്ള നേതാക്കന്മാരാണ് അതിനു പിന്നില്‍. മത-ഭൗതിക വിജ്ഞാനങ്ങളെ സമന്വയിപ്പിച്ച കാലിക പ്രസക്തിയുള്ള ഒരു സിലബസാണ് ശാന്തപുരത്ത് രൂപം കൊടുത്തത്; അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം, ഹിന്ദി ഭാഷകള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിലബസ്. അറബി മലയാളം എന്ന ഒരു പ്രത്യേക ലിപി മുസ്ലിം സമുദായത്തില്‍ വളരെ പ്രചാരത്തിലുണ്ടായിരുന്ന സാഹചര്യത്തിലാണ് ലോകഭാഷകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഭാഷാനവോത്ഥാനത്തിന് പ്രസ്ഥാനം തുടക്കം കുറിച്ചത്. ഇതരമതസ്ഥരിലേക്കും ഭാഷക്കാരിലേക്കും ഇസ്ലാമിന്റെ സന്ദേശം പകര്‍ന്നുനല്‍കുവാനും ആശയക്കൈമാറ്റത്തിനും ഇത് സഹായകമായി.
എടുത്തുപറയേണ്ട കാര്യം, ആ സ്ഥാപനത്തിന്റെ വാതിലുകള്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ തുറക്കപ്പെട്ടു എന്നതാണ്. ആണ്‍-പെണ്‍ ഭേദമന്യെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഈ പ്രദേശത്തെ കുട്ടികളെ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ ചേര്‍ക്കും. അന്നും ഇന്നും നാട്ടുകാര്‍ക്ക് ഫീസ് ഈടാക്കുന്നില്ല. നമ്മുടെ കോളേജ് എന്നാണ് നാട്ടുകാര്‍ സ്ഥാപനത്തെ കുറിച്ച് പറയുക.
എന്നെ സംബന്ധിച്ചേടത്തോളം ശാന്തപുരം കോളേജും അതിലെ ജീവനക്കാരും ഏറ്റം പ്രിയപ്പെട്ടവരാണ്. ചെറുപ്പത്തില്‍ വല്ലവരും പ്രസ്ഥാനത്തെയോ സ്ഥാപനത്തെയോ കുറിച്ച് എന്തെങ്കിലും മോശമായ ഒരു വാക്ക് പറഞ്ഞാല്‍ അതിനെതിരെ ഞങ്ങള്‍ ശബ്ദിക്കും. എന്റെ ഉമ്മാക്ക് അഞ്ചു മക്കളാണ്. ഒരു മകളൊഴികെ ഞങ്ങളെല്ലാവരും ശാന്തപുരത്ത് പഠനം പൂര്‍ത്തിയാക്കിയവരാണ്. പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസ്സ് കഴിഞ്ഞ് ശാന്തപുരത്ത് പതിനൊന്നു വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് ഞങ്ങള്‍. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു കോളേജ് പ്രിന്‍സിപ്പല്‍. പി.കെ അബ്ദുല്ല മൗലവി, കെ. മൊയ്തു മൗലവി, എം. മുഹമ്മദ് മൗലവി, എന്‍.എം ശരീഫ് മൗലവി, അബ്ദുര്‍റഹ്‌മാന്‍ തറുവായി തുടങ്ങി ഒട്ടേറെ പ്രഗത്ഭര്‍ ശാന്തപുരത്ത് പഠിപ്പിച്ചിരുന്നു.
    1970-കളിലാണ് ഞാൻ ശാന്തപുരത്തു പഠനം തുടങ്ങുന്നത്. 1980-ല്‍ പഠനം പൂര്‍ത്തിയാക്കി അവിടെത്തന്നെ അധ്യാപികയായി. 1980-86 കാലത്ത് ശാന്തപുരം കോളേജില്‍ പുതിയ പരീക്ഷണമെന്ന നിലയില്‍ 6 വര്‍ഷ അഫ്ദലുല്‍ ഉലമാ കോഴ്സിന് തുടക്കം കുറിച്ചു. എനിക്കും  ജ്യേഷ്ഠത്തി ആബിദ മറിയം, ഇസ്ഹാഖലി മൗലവിയുടെ മൂത്ത മകള്‍ ടി. ഫാത്തിമ സുഹ്റ ടീച്ചര്‍ക്കും മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളെ അഫ്ദല്‍ ഉലമാ കോഴ്‌സിലെ ചില വലിയ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ അവസരം ലഭിച്ചു. ആറ് കൊല്ലം അവിടെ പഠിപ്പിച്ചു. ഞങ്ങള്‍ മൂന്ന് അധ്യാപികമാരും വിദ്യാര്‍ഥികളായിരിക്കെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നന്നായി പഠിച്ചിരുന്നു. എന്റെ പ്രിയപ്പെട്ട സഹോദരന്‍ മമ്മുണ്ണി മൗലവി സര്‍ക്കാര്‍ പരീക്ഷ എഴുതാന്‍ എന്നില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ശാന്തപുരത്ത് അധ്യാപികയായി തുടരാനാണ് ഭര്‍ത്താവ് ഇഷ്ടപ്പെട്ടത്. പിന്നീട് രണ്ടു വര്‍ഷം ഭര്‍ത്താവുമൊന്നിച്ച് അല്‍ ഐനില്‍ ഉണ്ടായിരുന്നു. അക്കാലത്ത് അല്‍ ഐന്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് അധ്യാപികയായി ക്ഷണിക്കപ്പെട്ടെങ്കിലും ഭര്‍ത്താവ് ഇഷ്ടപ്പെട്ടത് ശാന്തപുരത്ത് പഠിപ്പിക്കാനാണ്. ശാന്തപുരത്തെ പൂര്‍വ വിദ്യാര്‍ഥിയും വനിതാ വിഭാഗം മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ.എന്‍ സുലൈഖ അല്‍ ഐനില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെ പ്രസ്ഥാനത്തിന് ബീജാവാപം നല്‍കി. ഇന്നും ആ യൂനിറ്റ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം, 1984-ല്‍ ശാന്തപുരത്ത് അധ്യാപനത്തില്‍ തിരിച്ചെത്തി. അഫ്ദലുല്‍ ഉലമാ കോഴ്സ് ശാന്തപുരത്തുനിന്ന് വണ്ടൂരിലേക്ക് മാറ്റിയപ്പോള്‍ വണ്ടൂരില്‍ ആറ് വര്‍ഷവും പഠിപ്പിച്ചു. പിന്നീട് ശാന്തപുരത്ത് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായി തുടര്‍ന്നു. 2005 മുതല്‍ 2015 വരെ ജമാഅത്ത് സെക്രട്ടറിയായും മറ്റു പ്രാസ്ഥാനിക ഉത്തരവാദിത്വങ്ങള്‍ക്കും വേണ്ടി സ്‌കൂളില്‍നിന്ന് ലീവെടുത്തു. 2015 മുതല്‍ അഞ്ചുവര്‍ഷം അല്‍ജാമിഅയില്‍ അധ്യാപികയായി. 2020-ല്‍ അധ്യാപന രംഗത്തുനിന്ന് പൂര്‍ണമായും വിരമിച്ചു.
അതിനുശേഷം ആരോഗ്യസ്ഥിതി മോശമാവാന്‍ തുടങ്ങിയതിനാല്‍ പരിമിതമായ പ്രാസ്ഥാനിക പരിപാടികളില്‍ സന്തോഷം കണ്ടെത്തി മുന്നോട്ടുപോവുന്നു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറിയായ കുറച്ചുകാലം ജോലിയില്‍നിന്ന്  വിട്ടുനിന്നതൊഴിച്ചാല്‍ ബാക്കി സമയത്തൊക്കെയും അധ്യാപികയായിരുന്നു. സാമ്പത്തിക, ഭൗതിക കണ്ണോടെ നോക്കുമ്പോള്‍ നഷ്ടമാണെങ്കിലും പത്ത് നാല്‍പതു വര്‍ഷത്തെ അധ്യാപക ജീവിതത്തിനിടയില്‍ പ്രസ്ഥാനത്തിനകത്തെ സ്ത്രീകളും പുരുഷന്മാരും പണ്ഡിതന്മാരും സമൂഹത്തിലെ ഉന്നതരുമായ വലിയൊരു വൃത്തത്തോട് സൗഹൃദമുണ്ടാക്കാന്‍ സാധിച്ചത് വലിയൊരു നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. പ്രസ്ഥാന നേതൃനിരയിലായിരുന്നതുകൊണ്ട് പ്രസ്ഥാനത്തിലെ നേതാക്കളുമായും അണികളുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു എന്നതുതന്നെയാണ് ജീവിതത്തിലെ വലിയ സമ്പാദ്യമായി ഞാന്‍ കണക്കുകൂട്ടുന്നത്.

ഇന്നലകളിലെ സ്ത്രീ 
സമൂഹവും ജി.ഐ.ഒയും 
അക്ഷരാഭ്യാസം തടയപ്പെട്ട് അടുക്കളയില്‍ സ്ത്രീകള്‍ തളച്ചിടപ്പെട്ടിരുന്ന കാലത്താണ്  ഇസ്ലാമിക വിജ്ഞാനം നേടാനുള്ള വിശാല സാധ്യതകൾ അവർക്ക് പ്രസ്ഥാനം തുറന്നിട്ടു കൊടുത്തത്. ഖുര്‍ആന്‍ പാരായണം ചെയ്യാനും ഈമാന്‍ കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും ചൊല്ലിപ്പറയാനും പഠിച്ചാൽ ഇസ്ലാമിക പഠനം പൂര്‍ത്തിയായി എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്ന കാലത്ത്, കാലത്തിന്റെ ഭാഷയില്‍ ഇസ്ലാമിക സമൂഹത്തിന് സേവനം ചെയ്യാന്‍ പ്രാപ്തമാക്കുമാറ് മുഖ്യധാരാ വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് നല്‍കുക എന്ന ഉള്‍ക്കാഴ്ചയുള്ള സമീപനമാണ് ഭാവിയെക്കുറിച്ച് പ്രതീക്ഷയുള്ള പ്രസ്ഥാന നേതൃത്വം സ്വീകരിച്ചത്. കാലത്തിന്റെ ഭാഷയില്‍ ഇസ്ലാമിക സന്ദേശം പ്രചരിപ്പിക്കാന്‍ പ്രബോധകരായ ഒരു ടീമിനെ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് എ.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ബോധിപ്പിക്കാറുണ്ടായിരുന്നു. അധ്യാപന രംഗത്തും സര്‍ക്കാര്‍ തലങ്ങളിലുമുള്ള സ്ത്രീ സാന്നിധ്യം പ്രസ്ഥാനം വളര്‍ത്തിയെടുത്ത കൂട്ടമാണ്. എം. നസീമയെ പോലുള്ളവര്‍ ഖത്തര്‍ ഔഖാഫിന്റെ കീഴില്‍ ഇസ്ലാമിക സേവനം നടത്തിക്കൊണ്ടിരിക്കുന്നത് വളരെ അഭിമാനാര്‍ഹമാണ്.
ഞാന്‍ ശാന്തപുരത്ത് പഠിക്കുമ്പോള്‍ തന്നെ നാസിമത്തായും ഏരിയാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. 83-ല്‍ എസ്.ഐ.ഒ രൂപവത്കരിച്ചു. അതേപോലെ വിദ്യാര്‍ഥിനികളെ സംഘടിപ്പിച്ചുകൊണ്ട് സംഘടനക്ക് രൂപം നല്‍കണമെന്ന് കേരള ശൂറ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ 1984-ല്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി ജി.ഐ.ഒ (ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ) രൂപവത്കരിച്ചു. അതിന്റെ പ്രഥമ പ്രസിഡന്റായി ഈയുള്ളവളെയാണ് പ്രസ്ഥാനം ഏല്‍പിച്ചത്. എന്റെ ആദ്യ കുഞ്ഞ് പിറന്നതും അതേ വര്‍ഷമാണ്. പ്രസ്ഥാന പ്രവര്‍ത്തനവും കുഞ്ഞും ശാന്തപുരത്തെ ജോലിയും... വെറുതെ ഒരു സ്ഥാനത്തിരിക്കാതെ ആ സ്ഥാനത്തോട് നീതി പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിച്ചു. അതിന് സ്ഥാപനം എനിക്ക് ഇളവുകള്‍ തന്നിരുന്നു. മൂന്ന് ദിവസം കോളേജില്‍ അധ്യാപിക, രണ്ട് ദിവസം പ്രസ്ഥാനത്തിനു വേണ്ടി, രണ്ട് ദിവസം വീട്ടില്‍. അന്നത്തെ അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയും പ്രിന്‍സിപ്പലായിരുന്ന അബ്ദുല്‍ ഖാദര്‍ മൗലവിയും തമ്മില്‍ ഇങ്ങനെ ഒരു ധാരണയുണ്ടാക്കിയിരുന്നു.
ജിഐ.ഒ കെട്ടിപ്പടുക്കുന്നതില്‍ ബാലാരിഷ്ടതകള്‍ ഒരുപാടുണ്ടായിരുന്നു. വിവിധ ജില്ലകളില്‍ പോയി ജില്ലാ സമിതികള്‍ രൂപവത്കരിക്കുക. അംഗങ്ങളെ ഉണ്ടാക്കുക, വര്‍ധിപ്പിക്കുക തുടങ്ങി പ്രാഥമിക പണികള്‍. അത് വിഷമം പിടിച്ചതു തന്നെയായിരുന്നു. മിക്കവാറും കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാറില്ല. ഇന്നത്തെ പോലെ കാറോ മറ്റ് യാത്രാ സൗകര്യങ്ങളോ ഇല്ല. ബസ് യാത്ര തന്നെ ദുരിതമായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ജി.ഐ.ഒ കെട്ടിപ്പടുക്കാന്‍ പോയപ്പോള്‍ എന്റെ ഉമ്മയായിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത്. ഉമ്മയുടെ സേവനത്തെ കുറിച്ചൊന്നും പറയാന്‍ വാക്കുകളില്ല. അത്രയും ത്യാഗമായിരുന്നു സ്ഥാപനത്തോടും  പ്രസ്ഥാനത്തോടും. മക്കളെയൊക്കെ പ്രസ്ഥാനത്തിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു ഉമ്മ. അതില്‍പ്പരം സന്തോഷമുള്ള മറ്റൊരു കാര്യം ഉണ്ടായിരുന്നില്ല. അക്കാലത്തെ പ്രസ്ഥാന നായകരിലും സ്ഥാപനത്തിലെ അധ്യാപകരിലും ഉമ്മാന്റെ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാത്തവര്‍ അധികമുണ്ടാവില്ല. അല്ലാഹുവിന്റെ അനുഗ്രഹം ഉദ്ദേശിച്ചുകൊണ്ടു മാത്രമാണ് ഉമ്മ അത് ചെയ്തിരുന്നത്. അതൊന്നും ഞാനിവിടെ എടുത്തുപറയുന്നില്ല. അവര്‍ക്കൊക്കെ അല്ലാഹുവിന്റെ മഹത്തായ പ്രതിഫലം നല്‍കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.
ജി.ഐ.ഒവിന്റെ സംസ്ഥാന പ്രസിഡന്റായി രണ്ട് മീഖാത്തില്‍ തുടര്‍ന്നു. ജമാഅത്തെ ഇസ്ലാമി, ജി.ഐ.ഒക്ക് രൂപം കൊടുക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടാത്തവരൊന്നുമായിരുന്നില്ല. പക്ഷേ, ഭൗതിക വിദ്യാഭ്യാസത്തിനു മാത്രം പരിഗണന നല്‍കുന്ന അവസ്ഥയായിരുന്നു. ആ  കാലത്താണ് ഞങ്ങള്‍ ഉപ്പ എന്ന് സ്നേഹപൂര്‍വം വിളിച്ചിരുന്ന കൊണ്ടോട്ടി അബ്ദുറഹ്‌മാന്‍ സാഹിബ് ഒരിക്കല്‍ ഞങ്ങളോട് പറഞ്ഞത്: 'നിങ്ങള്‍ ഇന്ന് ധരിക്കാന്‍ അറച്ചു നില്‍ക്കുന്ന ഈ ഇസ്ലാമിക വേഷം, ഫാഷനായി വരുന്ന ഒരു കാലം വരും' എന്ന്. ദൈവാനുഗ്രഹത്താല്‍ ഇസ്ലാമിക വേഷം പരക്കെ പ്രചാരത്തില്‍ വന്നതിന് വലിയ പങ്ക് വഹിക്കാന്‍ ജി.ഐ.ഒക്കും സാധിച്ചിട്ടുണ്ട്. ഒടിയന്‍, ഉറുക്ക്, മന്ത്രം, മാരണം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ വ്യാപിച്ചിരുന്ന കാലത്താണ് ജമാഅത്ത് അതിനെതിരെ വ്യാപകമായ കാമ്പയിനുകള്‍ സംഘടിപ്പിച്ചത്.

ആരാമത്തിന്റെ പിറവി 
ആരാമം 1985-ല്‍ ജന്മമെടുത്തപ്പോള്‍ എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കാനുള്ള നിയോഗവും വന്നു. ജമാഅത്ത് ശൂറ തീരുമാനിച്ചാണ് ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. ഞാന്‍ ജി.ഐ.ഒ പ്രസിഡന്റായ സമയത്ത് കുട്ടികള്‍ക്ക് തര്‍ബിയത്തിനായി ഒരു ഖുര്‍ആന്‍ പരിഭാഷ ഇറക്കണമെന്ന നിര്‍ദേശം വന്നു. സൂറഃ അല്‍ ഹുജുറാത്തിന്റെ പരിഭാഷ ഇറക്കണമെന്നും അത് ഞനേറ്റെടുക്കണമെന്നുമുള്ള കൊണ്ടോട്ടി അബ്ദുറഹ്‌മാന്‍ സാഹിബിന്റെ സ്നേഹ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു. അങ്ങനെ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ തഫ്ഹീമിൽ ഖുർആനിൽ നിന്നുള്ള അല്‍ ഹുജുറാത്തിന്റെ അർഥവും വ്യാഖ്യാനവും ഉർദുവിൽ നിന്ന് പരിഭാഷപ്പെടുത്തി.
ശാന്തപുരം പൂര്‍വ വിദ്യാര്‍ഥിയും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ടി.കെ ഉബൈദ് സാഹിബ്, പരിഭാഷ നന്നായിട്ടുണ്ടെന്നും ധൈര്യമായി പരിഭാഷകള്‍ നിര്‍വഹിക്കാമെന്നും പറഞ്ഞെങ്കിലും എഴുത്ത് രംഗത്ത് ശോഭിക്കാന്‍ കഴിയാതെ പോയതിനു കാരണം ഉത്തരവാദിത്വങ്ങളടെ ആധിക്യമായിരുന്നു.  സിറാജുല്‍ ഹസന്‍ സാഹിബ്, കൗസര്‍ യസ്ദാനി, അബ്ദുല്‍ ഹഖ് അന്‍സാരി എന്നിവരുടെ ഉര്‍ദു പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സിറാജുല്‍ ഹസന്‍ സാഹിബിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തുന്നത് അദ്ദേഹവുമായി സംസാരിച്ചിട്ടോ, ധാരണയിലെത്തിയിട്ടോ അല്ലായിരുന്നു. അതിനാല്‍തന്നെ അതിന്റെ വേവലാതിയും ഉണ്ടായിരുന്നു. എ.കെയായിരുന്നു അതിനെല്ലാം പ്രചോദനം. പരിഭാഷ കഴിഞ്ഞ് എ.കെ അഭിനന്ദിച്ചതോടൊപ്പം ''പ്രവാചകന്മാരെയെല്ലാം പ്രസവിച്ചത് സ്ത്രീകളാണെങ്കിലും ഒരു സ്ത്രീയും പ്രവാചകയായിട്ടില്ലെന്ന'' പോയന്റ് പരിഭാഷയില്‍ വിട്ടതായി അദ്ദേഹം സൂചിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. കൂടാതെ അഖിലേന്ത്യാ അംഗങ്ങളുടെ യോഗത്തില്‍ ശാഹിസ്താ റഫ്അത്ത് നടത്തിയ ഉര്‍ദു പ്രഭാഷണം പരിഭാഷ നടത്തിയതും ഓര്‍ക്കുന്നു.
ജമാഅത്തെ ഇസ്ലാമി കേരളയുടെ  വനിതാ സംസ്ഥാന പ്രസിഡന്റ്, മലപ്പുറം ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ്, സംസ്ഥാന ശൂറാ അംഗം, അഖിലേന്ത്യാ പ്രതിനിധി സഭാംഗം തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരം ലഭിച്ചു. സ്ത്രീയെന്ന പരിമിതി, അന്നത്തെ യാത്രാ സൗകര്യങ്ങള്‍ ഇതൊക്കെ കണക്കിലെടുത്ത് എന്റെ കുടുംബം നല്‍കിയ നിര്‍ലോഭമായ പിന്തുണയും നന്ദിയോടെ ഓര്‍ക്കുന്നു. എന്റെ സഹോദരന്‍ മമ്മുണ്ണി മൗലവി സ്ത്രീ ശാക്തീകരണ രംഗത്ത് ഏറെ പ്രോല്‍സാഹനം നല്‍കുന്ന ആളാണ്. ജമാഅത്തെ ഇസ്ലാമിക്കെതിരെ കുടുംബത്തില്‍ ആരെങ്കിലും വൈമുഖ്യം കാണിച്ചാല്‍ അത് അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തും. പ്രസ്ഥാനത്തിന് മുന്‍നിരയില്‍ ഞാനുണ്ടാവണമെന്നത് അദ്ദേഹത്തിന്റെ വലിയൊരാഗ്രഹമായിരുന്നു. മിക്ക വിഷയത്തിലും ആദ്യ വനിതാ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനുള്ള ബഹുമതി എനിക്ക് ലഭിച്ചു. അതിന് കാരണം ശാന്തപുരം എന്ന പ്രദേശവും പ്രസ്ഥാനത്തിന്റെ സ്ത്രീശാക്തീകരണ മനോഭാവവുമാണ്.

വനിതാ വിഭാഗം 
വനിതാ വിഭാഗത്തിന്റെ ഒന്നാമത്തെ പ്രസിഡന്റ് ഫാത്തിമ മൂസയാണ്. 1993 മുതല്‍ 2003 വരെ 10 വര്‍ഷം അവര്‍ തന്നെയാണ് വനിതാ വിഭാഗത്തെ നയിച്ചത്. അതിനുശേഷം ഞാന്‍ 2003 മുതല്‍ 2011 വരെ സംസ്ഥാന പ്രസിഡന്റായി. സ്ത്രീകള്‍ക്ക് ഒരു പ്രസ്ഥാനത്തിനകത്ത് എത്രത്തോളം വളരാമോ അത്രയും പ്രസ്ഥാനം  വളര്‍ത്തിയിട്ടുണ്ട്. പുരുഷന്മാരെക്കാള്‍ വനിതാ മേഖലയിലായിരുന്നു പ്രവര്‍ത്തകര്‍ സമൃദ്ധമായിക്കൊണ്ടിരുന്നത്. ഇസ്ലാം സ്ത്രീകള്‍ക്ക് എന്ത് സ്ഥാനം നല്‍കിയിട്ടുണ്ടോ ആ സ്ഥാനത്തേക്ക് സ്ത്രീകളെ പിടിച്ചുയര്‍ത്തുക, എല്ലാ അര്‍ഥത്തിലും അവരെ വളര്‍ത്തുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു ജമാഅത്തെ ഇസ്ലാമിക്കുണ്ടായിരുന്നത്. വനിതാ ശാക്തീകരണം എന്ന് വെറുതെ പറഞ്ഞാല്‍ ആ ലക്ഷ്യം നേടാനാവുകയില്ല. ധാര്‍മികമായും വൈജ്ഞാനികമായും വിശ്വാസപരമായും ശാക്തീകരിച്ച് ഇസ്ലാമ നവോത്ഥാന പ്രക്രിയയില്‍ സ്ത്രീകളെ കൂടി പങ്കാളികളാക്കുക എന്ന വലിയ ദൗത്യമാണ് ജമാഅത്ത് നിർവഹിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്ക് പൂര്‍ണമായും സാമൂഹിക മേഖല തടയപ്പെട്ട കാലത്ത്, പുരുഷന്മാരോടൊപ്പം സ്റ്റേജില്‍ ഇരുത്തിക്കൊണ്ട് വലിയ സമ്മേളനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയത് എടുത്തുപറയേണ്ട നേട്ടമാണ്.
പേരുകേട്ട സംസ്ഥാന സമ്മേളനങ്ങളില്‍ ഒന്നായ മലപ്പുറം ദഅ്വത്ത് നഗര്‍ സമ്മേളനത്തില്‍ ആസ്യ ടീച്ചര്‍, റസിയ ചാലക്കല്‍, ജദീദ ടീച്ചര്‍ തിരുവനന്തപുരം തുടങ്ങിയവരൊക്കെ  പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. നാട്ടില്‍ ഇല്ലാത്തതിനാല്‍ എനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. ഏറെ ആശിച്ച ഹജ്ജിന് അവസരം ലഭിച്ചതിനാല്‍ ഹിറാ സമ്മേളനത്തിന്റെ തലേ ദിവസമാണ് നാട്ടിലെത്താനായത്. പ്രസ്തുത സമ്മേളനത്തിലും എ. റഹ്‌മത്തുന്നിസ ടീച്ചര്‍, ഇ.സി ആയിഷ, പി.വി റഹ്‌മാബി തുടങ്ങിയവര്‍ പ്രഭാഷണം നടത്തിയിരുന്നു. ഫത് വാ ഗ്രൂപ്പ് എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ടാക്കി. സ്ത്രീ വിഷയങ്ങളില്‍ കര്‍മശാസ്ത്ര വിധി നല്‍കുക, സംശയങ്ങള്‍ ദൂരീകരിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ഉദ്ദേശ്യം. ഖുര്‍ആനിനെയും സുന്നത്തിനെയും പ്രമാണങ്ങളെയും കുറിച്ച സാമാന്യ വിവരമുള്ള സ്ത്രീകളാണ് അതിലെ അംഗങ്ങള്‍. പ്രസ്ഥാനം വനിതാ നവോത്ഥാന രംഗത്ത് പ്രശംസനീയമായ പങ്ക് വഹിച്ചതിനുള്ള മികച്ച തെളിവുകളാണിവയെല്ലാം.
     മികവുറ്റ എഴുത്തുകാരെയും പ്രഭാഷകരെയും വളര്‍ത്തിയെടുക്കുന്ന പദ്ധതികളും പ്രസ്ഥാനത്തിന് കീഴിലുണ്ട്. ഏറെ ശ്രദ്ധയാകര്‍ഷിച്ച ഐതിഹാസിക സമ്മേളനമാണ് കുറ്റിപ്പുറം സ്വഫാ നഗറില്‍ നടന്ന 'കേരള വനിതാ സമ്മേളനം.' 2019 ജനുവരിയിലായിരുന്നു ഇത്. 'സാമൂഹ്യ വിപ്ലവത്തിന് സ്ത്രീശക്തി' എന്ന പ്രമേയമുയര്‍ത്തി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം, സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകളാല്‍ നടത്തിയ സമ്മേളനത്തില്‍  സ്ത്രീകള്‍ മാത്രമായി ഒരു ലക്ഷത്തില്‍ പരം പങ്കെടുത്തു.
സ്ത്രീധനത്തിനെതിരെ ശക്തമായി നിലകൊള്ളാനും സ്ത്രീയാണ് ധനം എന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കാനും വനിതാ വിഭാഗത്തിന് സാധിച്ചു. വനിതാ വിദ്യാഭ്യാസ രംഗത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ബോധവല്‍ക്കരിച്ചതും ശാക്തീകരിച്ചതും. ഇഖ്റഅ് എന്ന ഖുര്‍ആനിന്റെ ആദ്യ അധ്യാപനം മുന്‍നിര്‍ത്തി കേരളത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട വനിതാ കലാലയമാണ് ചേന്ദമംഗല്ലൂരിലെ ഇസ്ലാഹിയാ ബനാത്ത് കോളേജ്. ശേഷം എറിയാട് മദ്റസത്തുല്‍ ബനാത്ത്, വണ്ടൂര്‍ ഇസ്ലാമിയാ കോളേജ്, മൂവാറ്റുപുഴ വനിതാ ഇസ്ലാമിക് കോളേജ്, പെരുമ്പിലാവ് വനിതാ കോളേജ്, തളിക്കുളം, വാടാനപ്പള്ളി, കണ്ണൂര്‍, കാസര്‍കോട് കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വനിതാ മുന്നേറ്റത്തിന് വലിയ സംഭാവനകള്‍ നല്‍കി. ലിബറലിസം, ദൈവ നിഷേധം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി തുടങ്ങിയ പുതിയ കാലത്തിന്റെ കൊള്ളരുതായ്മകളോട് എതിരിട്ടുനില്‍ക്കാന്‍  ഇത്തരം സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയ പെണ്‍കുട്ടികള്‍ക്കാവുന്നുണ്ട്.

പൊതുപ്രവര്‍ത്തനങ്ങൾ 
1980-കളില്‍ തന്നെ ജനശ്രദ്ധയാകര്‍ഷിക്കുന്ന പല പരിപാടികളും സംഘടിപ്പിക്കാനായി. മദ്യത്തിനെതിരെ കേരള ഗവര്‍ണര്‍ക്ക് സ്ത്രീകളുടെ കണ്ണീരില്‍ കുതിര്‍ന്ന ഒപ്പുകള്‍ ശേഖരിച്ച് അയച്ചതും സൗന്ദര്യപ്രദര്‍ശനത്തിനെതിരെ പ്രതിഷേധ ജാഥ നയിച്ചതും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വനിതാവിംഗിന്റെ മികവാണ്.
ഉത്തരേന്ത്യയില്‍ കേരള മോഡല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഭാഷ അറിയുന്നതുകൊണ്ട് എനിക്ക് സാധ്യമായത് വലിയ അനുഗ്രഹമായി. വനിതാവിംഗിന്റെ പ്രസിഡന്റ് ആരായിരുന്നാലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവയെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കുന്നതിലും അവര്‍ക്ക് കാഴ്ചപ്പാട് നല്‍കുന്നതിലും സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃപാടവം വഹിച്ച പങ്ക് വളരെ വലുതാണ്.
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ കാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം മാതൃകയാക്കി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ദല്‍ഹി, അസം, ബിഹാര്‍, ഗുജറാത്ത്, ആന്ധ്ര, ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്... തുടങ്ങി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും കോര്‍ഡിനേഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നു. ഓരോ പ്രദേശത്തെയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ കേരള വനിതാ വിഭാഗം വേറിട്ടുനിന്നു. കേരള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് ആവേശമായിരുന്നു. നമ്മുടെ റിപ്പോര്‍ട്ട് കോപ്പി എല്ലാവരും മാതൃകയാക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഗുണം ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കിയതിലൂടെയാണ് നവോത്ഥാനം സാധ്യമായത്. മറ്റു സംസ്ഥാനങ്ങളില്‍ അതിനു കഴിയാത്തതുകൊണ്ട് ഖുര്‍ആന്‍-ഹദീസ് വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള സ്ത്രീകള്‍ കുറവായിരുന്നു. പലപ്പോഴും ഹദീസ് വായിക്കാതെ അതിന്റെ ഉര്‍ദു പരിഭാഷയോടെയായിരുന്നു ക്ലാസ്സുകള്‍. ഇപ്പോള്‍ വലിയ മുന്നേറ്റം ആ ഭാഗങ്ങളിൽ ദൃശ്യമാകുന്നുണ്ട്.  

(തുടരും ) 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top