പത്ത് കഴിഞ്ഞു, ഇനിയെന്താ...

ആഷിക്ക്. കെ.പി No image

പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു. ശേഷം എന്ത് പഠിക്കാം, എന്തെല്ലാം സാധ്യതകളാണുള്ളത് എന്ന സംശയമാണ് പലര്‍ക്കും. നിര്‍ബന്ധിതവും ഏകീകൃതവുമായ സ്‌കൂള്‍ പഠന രീതി ഏറക്കുറെ എസ്.എസ്.എല്‍.സിയോടെ കഴിഞ്ഞു. ഇനി ഹയര്‍ സെക്കന്ററിക്ക് സീറ്റ് കിട്ടാന്‍ വേണ്ടി നെട്ടോട്ടമാണ്.

ഹയര്‍ സെക്കന്ററി 
(വൊക്കേഷണല്‍)
ഹയര്‍ സെക്കന്ററിക്കൊപ്പം ഒരു തൊഴില്‍ സാധ്യതയുള്ള വിഷയം കൂടി (സെക്കന്റ് ലാംഗ്വേജ് വിഷയം ഉണ്ടാവില്ല) ചേര്‍ന്നതാണ് ഹയര്‍സെക്കന്ററി വൊക്കേഷണല്‍. വേഗത്തില്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് VHSC പഠനം വളരെ നല്ലതാണ്. VHSC പഠനശേഷം പോളി ടെക്‌നിക് പഠനത്തിന് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് രണ്ടാം വര്‍ഷത്തേക്ക് പ്രവേശനം നേടാന്‍ കഴിയും. അടിസ്ഥാന വിഷയങ്ങള്‍ ഹയര്‍ സെക്കന്ററിയിലേതു തന്നെയാണ്. ഒരേ പരീക്ഷയും. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് അടിസ്ഥാനമാക്കിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഹയര്‍സെക്കന്ററി വിഷയങ്ങളോടൊപ്പം ഉള്ളതുകൊണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളില്‍ ഇത്തരം കോഴ്‌സുകളെ അടിസ്ഥാനമാക്കിയുള്ള ജോലികള്‍ക്ക് വലിയ സാധ്യതകളാണ്. കേന്ദ്രസര്‍ക്കാരിന്റെ എന്‍.എസ്.ക്യു.എഫ് 3, 4 സര്‍ട്ടിഫിക്കറ്റുകളാണ് ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ വിഭാഗം കുട്ടികള്‍ക്ക് ലഭിക്കുന്നത്. കോളേജുകളില്‍ ഡിഗ്രിയോടൊപ്പമോ ഡിപ്ലോമയോടൊപ്പമോ ഇതിന് തുടര്‍ച്ചയായ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളുണ്ട്.

പോളിടെക്‌നിക് ഡിപ്ലോമ 
കോഴ്‌സുകള്‍
ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് പോളിടെക്‌നിക്കുകളിലുള്ള വിവിധ ഡിപ്ലോമ കോഴ്‌സുകള്‍. മൂന്ന് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. പത്താം ക്ലാസ് മാര്‍ക്കടിസ്ഥാനത്തിലാണ് പ്രവേശനം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ പോളിടെക്‌നിക്കുകള്‍ക്ക് പുറമെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന് (ഐ.എച്ച്.ആര്‍.ഡി) കീഴിലുള്ള മോഡല്‍ പോളിടെക്‌നിക്കുകളുമുണ്ട്. എഞ്ചിനീയറിങ് മേഖലയിലെ വിവിധ കോഴ്‌സുകള്‍ക്ക് പുറമെ കൊമേഴ്‌സ്/ മാനേജ്‌മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്‌സുകളുണ്ട്. ഡിപ്ലോമ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി പരീക്ഷ വഴി ബി.ടെക്കിനും (രണ്ടാം വര്‍ഷത്തില്‍) ചേരാവുന്നതാണ്.
www.polyadmission.org
www.ihrd.ac.in

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് 
ഇന്‍സ്റ്റിറ്റ്യൂട്ട് (ITI) 
കോഴ്‌സുകള്‍
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വിവിധ ഏകവത്സര/ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നല്‍കുന്ന നിരവധി ഐ.ടി.ഐകളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള NCVT (National Council of Vocational Training)യുടെ അംഗീകാരമുള്ള കോഴ്‌സുകളും കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള SCVT (State Council of Vocational Training) യുടെ അംഗീകാരമുള്ള കോഴ്‌സുകളും ലഭ്യമാണ്. എഞ്ചിനീയറിങ് സ്ട്രീമിലുള്ള കോഴ്‌സുകളും നോണ്‍ എഞ്ചിനീയറിങ് സ്ട്രീമിലുള്ള കോഴ്‌സുകളുമുണ്ട്. ചില കോഴ്‌സുകള്‍ക്ക് (നോണ്‍ മെട്രിക് ട്രെയ്ഡ്) പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഐ.ടി.ഐ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പോളിടെക്‌നിക്കുകളിലെ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സിന് രണ്ടാം വര്‍ഷം നേരിട്ട് ചേരാന്‍ അവസരമുണ്ട്.
www.dtekerala.gov.in

നെട്ടൂര്‍ ടെക്‌നിക്കല്‍ 
ട്രെയിനിംഗ് 
ഫൗണ്ടേഷന്‍ 
(NTTF) കോഴ്‌സുകള്‍

NTTFന്റെ വിവിധ സെന്ററുകള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും ഡിപ്ലോമ കോഴ്‌സുകള്‍ക്കും യോഗ്യത എസ്.എസ്.എല്‍.സിയാണ്. കേരളത്തില്‍ തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്.
www.nttfrg.com

ഫുഡ് ക്രാഫ്റ്റ് 
കോഴ്‌സുകള്‍ 
കേരളത്തില്‍ പതിമൂന്ന് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഹോട്ടല്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളുണ്ട്. ഒമ്പത് മാസത്തെ പഠനവും മൂന്ന് മാസത്തെ ഹോട്ടല്‍ വ്യവസായ പരിശീലനവുമടക്കം പന്ത്രണ്ട് മാസമാണ് കോഴ്‌സ്.
www.fcikerala.org

ജൂനിയര്‍ ഡിപ്ലോമ 
ഇന്‍ കോര്‍പറേഷന്‍ (ജെ.ഡി.സി)
സഹകരണ മേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാന്‍ വേണ്ട യോഗ്യതയാണ് പത്ത് മാസം ദൈര്‍ഘ്യമുള്ള ജെ.ഡി.സി കോഴ്‌സ്.  scu.kerala.gov.in

ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ 
പ്രാക്ടീസ് 
ടൈപ്പ്‌റൈറ്റിങും സ്റ്റെനോഗ്രാഫിയും പഠനവിഷയമായുള്ള രണ്ട് വര്‍ഷ ഡിപ്ലോമ കോഴ്‌സാണ് ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്. കേരളത്തില്‍ പതിനേഴ് ഗവെണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവസരമുണ്ട്.
www.dtekerala.gov.in

പ്ലാസ്റ്റിക് ടെക്‌നോളജി 
കോഴ്‌സുകള്‍
പ്ലാസ്റ്റിക് വ്യവസായ കേന്ദ്രങ്ങളില്‍ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ CIPET (Cetnral Institute of Pterochemical Engineering & Technology) നടത്തുന്ന ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് മോള്‍ഡ് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട്.
www.cipet.gov.in

ഹാന്‍ഡ്‌ലൂം 
ടെക്‌നോളജി 
കോഴ്‌സുകള്‍ 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (IIHT)യുടെ കീഴില്‍ കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം സെന്ററുകളില്‍ ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളുണ്ട്. IIHT കണ്ണൂരിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ www.iihtkannur.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സിഫ്‌നെറ്റിലെ ക്രാഫ്റ്റ് 
കോഴ്‌സുകള്‍ 
മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CIFNET (Cetnral Institute of Fisheries Nautical and Engineering Training)ന്റെ കൊച്ചിയിലടക്കം വിവിധ സെന്ററുകളില്‍ രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ കോഴ്‌സുകളുണ്ട്. പ്രവേശന പരീക്ഷയുണ്ട്.
cifnet.gov.in

ലൈബ്രറി സയന്‍സ് 
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 
തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CLISC) കോഴ്‌സിന് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
statelibrary.kerala.gov.in

ഇഗ്‌നോ സര്‍ട്ടിഫിക്കറ്റ് 
കോഴ്‌സുകള്‍
ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എനര്‍ജി ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, ഹെല്‍ത്ത് കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫസ്റ്റ് എയ്ഡ്, പെര്‍ഫോര്‍മിങ് ആര്‍ട്‌സ് തുടങ്ങിയ വിവിധ മേഖലകളില്‍ കോഴ്‌സുകളുണ്ട്.
വെബ്‌സൈറ്റ്: www.ignou.ac.in

ഫൂട്ട് വെയര്‍ ഡിസൈനിംഗ് 
കോഴ്‌സുകള്‍
സെന്‍ട്രല്‍ ഫൂട്‌വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTI) ചെന്നൈ നടത്തുന്ന പാദരക്ഷ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍.
cftichennai.in

ചെയിന്‍ സര്‍വെ കോഴ്‌സ് 
ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സിന്റെ കീഴില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വെ (ലോവര്‍) കോഴ്‌സ് വിവിധ സര്‍ക്കാര്‍/ സ്വകാര്യ ചെയിന്‍ സര്‍വെ സ്‌കൂളുകളില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: dslr.kerala.gov.in

ഹോമിയോപ്പതിക് ഫാര്‍മസി
തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ കോളേജുകളില്‍ ലഭ്യമായ ഒരു വര്‍ഷം കാലയളവിലുള്ള ഫാര്‍മസി കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി (CCPHOMEO).
lbscentre.in

ആയുര്‍വേദ പാരാമെഡിക്കല്‍ 
കോഴ്‌സുകള്‍
വിവിധ സര്‍ക്കാര്‍/ സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ ഒരു വര്‍ഷ കാലയളവിലുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ ഫാര്‍മസി, ആയുര്‍വേദ നഴ്‌സിങ് കോഴ്‌സുകളുണ്ട്.
www.ayurveda.kerala.gov.in

വസ്ത്ര മേഖലയിലെ 
കോഴ്‌സുകള്‍
അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ (ATDC) വസ്ത്രങ്ങള്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പഠന കേന്ദ്രങ്ങള്‍.
atdcindia.co.in
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിന്റെ വിവിധ സെന്ററുകളില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സുണ്ട്. രണ്ട് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം.
dtekerala.gov.in
www.sittrkerala.ac.in

അഫ്ദലുല്‍ ഉലമാ കോഴ്‌സുകള്‍
കേരളത്തിലെ വിവിധ അറബിക് കോളേജുകളില്‍ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള അഫ്ദലുല്‍ ഉലമാ പ്രിലിമിനറി കോഴ്‌സുകളുണ്ട്. ഈ കോഴ്‌സ് പ്ലസ്ടു ഹ്യുമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്.

   കേരള കലാമണ്ഡലം ഹയര്‍സെക്കന്ററി കോഴ്‌സ് :
ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ ഏതെങ്കിലും ഒരു കലാ വിഷയം പ്രധാന വിഷയമായി ഹയര്‍സെക്കണ്ടറി പഠനം നടത്താം. പതിനാലോളം കലാ വിഷയങ്ങളുണ്ട്. പഠനത്തിന് സ്‌റ്റൈപ്പന്റും ലഭ്യമാണ്. www.kalamandalam.org
കെ.ജി.സി.ഇ (കേരള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍), കെ.ജി.ടി.ഇ (കേരള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍) എന്നിവ നടത്തുന്ന വിവിധ കോഴ്‌സുകളും ജോലി സാധ്യതയുള്ളവയാണ് (www.dtekerala.gov.in).
നാഷനല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (nstitwrivandrum.dgt.gov.in), കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് (www.captkerala.com), എല്‍.ബി.എസ് (lbscetnre.in), കെല്‍ട്രോണ്‍ (ksg.ketlron.in), റൂട്രോണിക്‌സ് (keralastaterturonix.com), അസാപ്പ് (asapkerala.gov.in), ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in), സിഡിറ്റ് (tet.cdit.org), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്്ഷന്‍, കൊല്ലം (www.iiic.ac.in), ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (jss.gov.in), സ്റ്റെഡ് കൗണ്‍സില്‍ (stedcouncil.com) തുടങ്ങിയ സ്ഥാപനങ്ങളും പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി വിവിധ മേഖലകളില്‍ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലത്തില്‍ ചുമര്‍ ചിത്ര രചനയില്‍ (മ്യൂറല്‍ പെയിന്റിങ്) ഒരു വര്‍ഷത്തെ കോഴ്‌സുണ്ട്.(Vasthuvidyagurukulam.com). കൂടാതെ പല സ്വകാര്യ സ്ഥാപനങ്ങളും ജോലി സാധ്യതയുള്ള നിരവധി കോഴ്‌സുകള്‍ നടത്തുന്നു.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top