നാസയിലെ ഇന്ത്യന്‍ വിജയഗാഥ

സുധാകരന്‍ കുഞ്ഞികൊച്ചി No image

'ടച്ച് ഡൗണ്‍ സ്ഥിരീകരിച്ചു (Touch down confirmed), പെര്‍സിവിയറന്‍സ് ചൊവ്വയുടെ ഉപരിതലത്തില്‍ സുരക്ഷിതമായി ലാന്റ് ചെയ്തിരിക്കുന്നു.' 
2021 ഫെബ്രുവരി 18 വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.28- ന് കാലിഫോര്‍ണിയയിലെ നാസയുടെ ആസ്ഥാനത്തു നിന്ന് ശാന്തവും എന്നാല്‍ ആവേശത്തോടെയുമുള്ള ഈ വാക്കുകള്‍ ആകാംക്ഷയുടെ മുള്‍മുനയിലായിരുന്ന ശാസ്ത്രലോകം ആശ്വാസത്തോടെയാണ് കേട്ടത്.
പെര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ പ്രതലം തൊടുന്നതിനു മുമ്പുള്ള ഏഴു മിനിറ്റുകള്‍ 'നെഞ്ചിടിപ്പിന്റെ ഏഴു മിനിറ്റുകള്‍' എന്നാണറിയപ്പെടുന്നത്. ദൗത്യത്തിലെ ഏറ്റവും അപകടകരമായ നിമിഷങ്ങള്‍. ഉദ്വേഗജനകമായ ആ നിമിഷങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ശാസ്ത്രലോകം ഒന്നടങ്കം ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ഏഴു മാസം നീണ്ട വലിയൊരു യാത്രയുടെ സുപ്രധാനമായ കാല്‍വെപ്പായിരുന്നു അത്. നാസയിലെ ശാസ്ത്രകാരന്മാര്‍ പരസ്പരം ആശ്ലേഷിച്ചുകൊണ്ട് സന്തോഷം പങ്കുവെച്ചു. ആ ആഹ്ലാദനിമിഷത്തില്‍ ഇന്ത്യക്കാരുടെ ശ്രദ്ധ മുഴുവന്‍ പൊട്ട് തൊട്ട ഒരു സുന്ദരിയിലായിരുന്നു. നാസയുടെ വിജയകരമായ ദൗത്യത്തിന്റെ വാര്‍ത്ത ലോകത്തെ അറിയിക്കാനുള്ള ഉത്തരവാദിത്വം ആ സുന്ദരിക്കായിരുന്നു. ഒറ്റനോട്ടത്തില്‍ ഇന്ത്യന്‍ വംശജയെന്ന് ആര്‍ക്കും മനസ്സിലാക്കാം. അമേരിക്കയുടെ ചൊവ്വാ ദൗത്യത്തില്‍ തുടക്കം മുതല്‍ സഹകരിച്ചിരുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ശാസ്ത്രജ്ഞ ഡോ. സ്വാതി മോഹന്‍ ആയിരുന്നു അത്.
നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ പ്രൊജക്റ്റ് ലീഡര്‍ കൂടിയായിരുന്നു ഡോ. സ്വാതി മോഹന്‍. 'ആറ്റിറ്റിയൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍' എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്‌സിവിയറന്‍സിനെ ചൊവ്വയില്‍ കൃത്യസ്ഥലത്ത് ഇറക്കുന്നതില്‍ നിര്‍ണായകമായത്. ഇതു വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത് ഡോ. സ്വാതി മോഹനായിരുന്നു.
കര്‍ണാടകയില്‍നിന്നുള്ള സ്വാതിയുടെ കുടുംബം, അവള്‍ക്ക് ഒരു വയസ്സുള്ളപ്പോഴാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. നോര്‍ത്തേന്‍ വെര്‍ജീനിയ, വാഷിംഗ്ടണ്‍ ഡി.സി എന്നിവിടങ്ങളിലായിരുന്നു കുട്ടിക്കാലം. 
മെക്കാനിക്കല്‍ ആന്റ് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ കോര്‍ണര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയ സ്വാതി മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് എയ്റോനോട്ടിക്സില്‍ എം.എസും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി. 16 വയസ്സ് വരെ ശിശുരോഗ വിദഗ്ധയാകാനാണ് സ്വാതി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഭൗതികശാസ്ത്ര ക്ലാസ്സില്‍നിന്നുള്ള പ്രചോദനം കാരണം ബഹിരാകാശ പര്യവേക്ഷണത്തോടുള്ള താല്‍പര്യം വര്‍ധിച്ചു. അതോടെ എഞ്ചിനീയറാകാന്‍ തീരുമാനിച്ചു. ഒന്‍പതാം വയസ്സില്‍ കണ്ട സ്റ്റാര്‍ ട്രെക്ക് സയന്‍സ് ഫിക്ഷന്‍ മൂവി സീരീസ് തന്നെ സ്വാധീനിച്ചിരുന്നതായും ഡോ. സ്വാതി വെളിപ്പെടുത്തിയിരുന്നു.
കാലിഫോര്‍ണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ പെര്‍സിവിയറന്‍സ് റോവര്‍ മിഷന്റെ തുടക്കം മുതല്‍ അംഗമായിരുന്നു സ്വാതി. നാസയിലെത്തി ഏഴു വര്‍ഷം മുമ്പാണ് ചൊവ്വാ ദൗത്യ പദ്ധതിയുടെ ഭാഗമാകുന്നത്. നിലവില്‍ പെര്‍സിവിയറന്‍സ് പദ്ധതിയുടെ ഗൈഡന്‍സ്, കണ്‍ട്രോള്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവി കൂടിയാണ്. കാസിനി (ശനിയിലേക്കുള്ള ദൗത്യം), ഗ്രെയ്ല്‍ (ചന്ദ്രനിലേക്കുള്ള ബഹിരാകാശ വാഹനം) തുടങ്ങി നിരവധി നാസ ദൗത്യങ്ങളിലും പങ്കെടുത്ത ഗവേഷകയാണ് സ്വാതി മോഹന്‍.
അനന്തമായ ആകാശത്തിന്റെ നിത്യതയിലേക്ക് ഒരഗ്നിനക്ഷത്രമായി കത്തിപ്പടര്‍ന്ന് ജ്വലിക്കുന്ന ഓര്‍മയായി മാറിയ കല്‍പ്പന ചൗളയും അതിരില്ലാത്ത ബഹിരാകാശ മോഹങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പകര്‍ന്നുനല്‍കിയ സുനിത വില്യംസും ഭാരതത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയവരായിരുന്നു. അവരുടെ കൂടെ ഒരു പേര് കൂടി നമുക്ക് എഴുതിച്ചേര്‍ക്കാം; ഡോ. സ്വാതി മോഹന്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top