സകാത്തിലൂടെ നരകമുക്തി നേടുക

കെ.കെ ഫാത്വിമ സുഹ്‌റ No image

നമസ്‌കാരം പോലെത്തന്നെ അതിപ്രധാനവും അതിശ്രേഷ്ഠവുമായ ആരാധനാകര്‍മ്മമാണ് സകാത്ത്. മുസ്‌ലിമായ ഒരാള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് എത്രമാത്രം കുറ്റകരമാണോ അത്രതന്നെ കുറ്റകരമാണ് സകാത്ത് നല്‍കാതിരിക്കുന്നതും. വിശുദ്ധ ഖുര്‍ആനില്‍ 27 സ്ഥലങ്ങളില്‍ നമസ്‌കാരത്തോട് ചേര്‍ത്തുതന്നെ സകാത്തിനെയും പരാമര്‍ശിച്ചത് സകാത്തിന്റെ ഗൗരവവും പ്രാധാന്യവും വ്യക്തമാക്കുന്നു. ഒന്നാം ഖലീഫ അബൂബക്ര്‍ (റ) നമസ്‌കാരത്തിനും സകാത്തിനുമിടയില്‍ വിവേചനം കല്‍പിച്ചവരെ ശക്തമായി താക്കീത് ചെയ്തതും സകാത്ത്‌നിഷേധികളോട് യുദ്ധം പ്രഖ്യാപിച്ചതും ഒരു ചരിത്ര യാഥാര്‍ഥ്യമാണ്.
സമ്പന്നരുടെ സമ്പത്തില്‍നിന്നും പാവങ്ങളുടെ അവകാശം വേര്‍തിരിച്ചെടുക്കുന്ന ശുദ്ധീകരണ പ്രക്രിയയാണ് സകാത്ത്. അതിന്റെ അവകാശികള്‍ ആരെല്ലാമാണെന്നും ഏതെല്ലാം വസ്തുക്കള്‍ക്ക്, എത്രയാണ് സകാത്ത് നല്‍കേണ്ടതെന്നും വളരെ വ്യക്തമായി ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. സകാത്തിന് ഒരുപാട് നേട്ടങ്ങളും സല്‍ഫലങ്ങളുമുണ്ട്. 'സകാത്ത്' എന്ന പദത്തിന്റെ അര്‍ഥം തന്നെ അവയിലേക്ക് സൂചന നല്‍കുന്നു. വളര്‍ച്ച, പരിശുദ്ധി എന്നൊക്കെയാണ് സകാത്ത് എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സകാത്ത് നല്‍കുന്നവരും അത് സ്വീകരിക്കുന്നവരും മാത്രമല്ല, മൊത്തം സമൂഹത്തിനു തന്നെ ഇതിന്റെ നേട്ടങ്ങള്‍ ലഭ്യമാകുന്നു.
ഒരാള്‍ സകാത്ത് നല്‍കുമ്പോള്‍ അതുവഴി തന്റെ സമ്പത്തിനെ അന്യരുടെ അവകാശത്തില്‍നിന്ന് ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അതുവഴി പ്രസ്തുത പദം സൂചിപ്പിക്കുന്ന പരിശുദ്ധിയും വളര്‍ച്ചയും അയാളുടെ സമ്പത്തിന് കൈ വരുന്നു. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് സകാത്ത് നല്‍കുന്നവരുണ്ടല്ലോ, അവരത്രെ സമ്പത്തിനെ വളര്‍ത്തുന്നവര്‍'' (അര്‍റൂം: 39).
സകാത്ത്ദായകന് പരലോകത്ത് നല്‍കപ്പെടുന്ന പ്രതിഫലത്തെ മാത്രമല്ല, ഇഹലോകത്തുള്ള സാമ്പത്തിക വളര്‍ച്ച കൂടി ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നു. ഭൗതിക മാനദണ്ഡം വെച്ചു ചിന്തിക്കുമ്പോള്‍ സകാത്ത് പണം ചെലവഴിക്കലാണെങ്കിലും ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ സകാത്ത് സമ്പത്തിന്റെ വളര്‍ച്ചയും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കലുമാണ്. 'ഒരാളുടെ സ്വദഖ അയാളുടെ ധനത്തെ ഒട്ടും കുറക്കുകയില്ല'' എന്ന തിരുവചനം കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിക്കും ഏറ്റവും ഫലപ്രദമായ മാര്‍ഗമത്രെ സകാത്ത്.
ഇന്ന് ലോക്കറുകളിലും വീടകങ്ങളിലുമായി സൂക്ഷിക്കപ്പെടുന്ന സ്വര്‍ണശേഖരത്തിന് കൃത്യമായി സകാത്ത് നല്‍കപ്പെട്ടാല്‍ തന്നെ സമൂഹത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് വലിയൊരളവോളം അത് പരിഹാരമാകും എന്ന് നിരീക്ഷിക്കപ്പെടുന്നു. അപ്പോള്‍ മൊത്തം സമുദായം ഈ രംഗത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും സകാത്ത് വ്യവസ്ഥ കാര്യക്ഷമമാക്കുകയും ചെയ്താല്‍ സമൂഹത്തിന്റെ ചിത്രം തന്നെ മാറും. എന്നാല്‍ സമുദായം ഈ രംഗത്ത് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. നമസ്‌കാരത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ജാഗ്രത സകാത്തിന്റെ വിഷയത്തില്‍ കാണിക്കുന്നില്ല.
സകാത്ത് നല്‍കുന്നവന് അതിലൂടെ ലഭിക്കുന്ന ആത്മീയനേട്ടങ്ങള്‍ വളരെ വലുതാണ്. സകാത്ത്ദാതാവിന്റെ മനസ്സ് വലിയ അളവില്‍ അതുവഴി സംസ്‌കരിക്കപ്പെടുന്നുണ്ട്. സമ്പത്തിനോടുള്ള പ്രേമം മനുഷ്യന്റെ പ്രകൃതിയില്‍ ഊട്ടപ്പെട്ടതാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അവന്‍ സമ്പത്തിനോട് അതികഠിന പ്രേമമുള്ളവനാണ്'' (അല്‍ ആദിയാത്ത്: 8). പണത്തോടുള്ള ഈ അത്യാര്‍ത്തി ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന മിക്ക കൊലപാതകങ്ങളുടെയും കൊള്ളകളുടെയും പ്രധാന കാരണം ധനത്തോടുള്ള ഈ ആര്‍ത്തിയാണ്. ധനമോഹത്തിന്റെ മറ്റൊരു രൂപമാണ് പിശുക്ക്. പിശുക്ക് മനുഷ്യപ്രകൃതിയിലുള്ളതും എന്നാല്‍ സത്യവിശ്വാസികളില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതുമായ ഒരു ദുര്‍ഗുണമാണ്. സകാത്ത് നല്‍കുന്നതിലൂടെ അയാളുടെ മനസ്സില്‍നിന്ന് പിശുക്ക് പിഴുതെറിയപ്പെടുന്നു. സകാത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് മനുഷ്യമനസ്സിന്റെ സംസ്‌കരണമാണ്. അല്ലാഹു പറയുന്നു: ''അവരെ ശുദ്ധീകരിക്കുകയും വിശുദ്ധിയുടെ മാര്‍ഗത്തില്‍ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന സ്വദഖ (സകാത്ത്) അവരുടെ ധനത്തില്‍നിന്നും (നബിയേ) താങ്കള്‍ വസൂല്‍ ചെയ്യുക.''
താന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് അതിനോടുള്ള സ്നേഹം നിലനില്‍ക്കെത്തന്നെ ദൈവം കല്‍പിച്ചു എന്ന കാരണത്താല്‍ അവന്റെ പ്രീതിമാത്രം ലക്ഷ്യംവെച്ചുകൊണ്ട് അവന്‍ നിശ്ചയിച്ച അവകാശികള്‍ക്ക് നല്‍കുമ്പോള്‍ അവന്റെ മനസ്സ് ധനമോഹത്തില്‍നിന്നും പിശുക്കില്‍നിന്നും മുക്തമാവുക മാത്രമല്ല, അവന്റെ മനസ്സില്‍ പാവങ്ങളോടുള്ള ആര്‍ദ്രതയും അനുകമ്പയും വര്‍ധിക്കുകയും ഈമാനിക വികാരം ശക്തിപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പ്രശസ്തിക്കോ ഭൗതിക നേട്ടങ്ങള്‍ക്കോ വേണ്ടിയല്ലാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടും ഉദ്ദേശ്യശുദ്ധിയോടെയും ഇത് നിര്‍വഹിക്കപ്പെടുമ്പോള്‍ മാത്രമേ ഈ നേട്ടങ്ങളെല്ലാം ആര്‍ജിക്കാനാവൂ. എത്ര വലിയ സല്‍ക്കര്‍മവും ഉദ്ദേശ്യ ശുദ്ധിയുടെ അഭാവത്തില്‍ പരലോകത്ത് നിഷ്ഫലവും ശിക്ഷാര്‍ഹവുമായിത്തീരുമെന്ന് ഓര്‍ക്കുക. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഉദ്ദേശ്യശുദ്ധിയുടെ പ്രാധാന്യം ധാരാളമായി ആവര്‍ത്തിച്ചു ഉല്‍ബോധിപ്പിച്ചത് ശ്രദ്ധേയമത്രെ.
സകാത്ത് നല്‍കാതിരിക്കുന്നത് അല്ലാഹുവിങ്കല്‍ ശിക്ഷാര്‍ഹമായ കാര്യമാണ്. അത്തരക്കാര്‍ക്ക് തങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന ധനം തങ്ങളുടെ തന്നെ നാശത്തിന് ഹേതുവായിത്തീരുമെന്ന് വളരെ ഭീതിജനകമായ ചിത്രീകരണങ്ങളിലൂടെയാണ് അല്ലാഹുവും നബി(സ)യും താക്കീത് നല്‍കുന്നത്. അല്ലാഹു പറയുന്നു: ''സകാത്ത് നല്‍കാതിരിക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്ന മുശ്‌രിക്കുകള്‍ക്കത്രെ മഹാനാശം'' (ഫുസ്സ്വിലത്ത് 6-7). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ''സ്വര്‍ണവും വെള്ളിയും കൂട്ടിവെക്കുകയും അവ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയുടെ സന്തോഷ വാര്‍ത്തയറിയിക്കുക. അവ നരകത്തിലിട്ട് ചുട്ടുപഴുപ്പിച്ച് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകുകളും ചൂടുവെക്കപ്പെടുന്ന ദിനം വരുന്നുണ്ട്. അന്ന് അവരോട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ശേഖരിച്ചുവെച്ചത്. നിങ്ങളുടെ നിക്ഷേപത്തിന്റെ രുചി നന്നായി ആസ്വദിച്ചുകൊള്ളുക'' (അത്തൗബ 34-35). അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 'അല്ലാഹു ഒരാള്‍ക്ക് ധനം നല്‍കുകയും അയാള്‍ അതിന്റെ സകാത്ത് നല്‍കാതിരിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ ഉഗ്രവിഷമുള്ളതും കറുത്ത രണ്ടു പുള്ളികളുള്ളതുമായ മിനുമിനുത്ത ഒരു ഉഗ്ര സര്‍പ്പം അയാളെ തേടിയെത്തും. അതയാളുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞു വായയുടെ പാര്‍ശ്വഭാഗങ്ങളില്‍ കടിച്ചുകൊണ്ട് പറയും; 'ഞാനാണ് നിന്റെ ധനം, ഞാനാണ് നിന്റെ നിക്ഷേപം.'
സകാത്തിന്റെ വിഷയത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസമില്ല. സ്ത്രീകളും തങ്ങളുടെ കൈവശമുള്ള സ്വത്തുക്കള്‍ക്ക് സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. നബി(സ) തിരുമേനി സ്ത്രീകളോട് പ്രത്യേകമായിത്തന്നെ സകാത്തും ദാനധര്‍മങ്ങളും നല്‍കാന്‍ ഉദ്‌ബോധിപ്പിക്കുന്നതായി കാണാവുന്നതാണ്. അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ന്റെ പത്നി സൈനബ് (റ) പറയുന്നു: ''ഞങ്ങള്‍ പള്ളിയിലിരിക്കെ നബി(സ) തിരുമേനി അവിടേക്ക് വന്ന്, സ്ത്രീകളേ നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങളില്‍നിന്നെങ്കിലും സദഖ നല്‍കുക എന്ന് ഉദ്‌ബോധിപ്പിക്കുകയുണ്ടായി.'' ഇതുപോലുള്ള മറ്റു നിവേദനങ്ങളുമുണ്ട്.
സ്ത്രീകള്‍ സകാത്തിന്റെ കാര്യത്തില്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരോട് സഹകരിക്കണം. ഭര്‍ത്താക്കന്മാര്‍ ഈ രംഗത്ത് അനാസ്ഥ കാണിക്കുന്നുണ്ടെങ്കില്‍ അതിന് അവരെ പ്രേരിപ്പിക്കണം. ഭര്‍ത്താക്കന്മാരുടെ അഭാവത്തില്‍ അവരുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ സകാത്തിന്റെ കാര്യത്തില്‍ കണിശത പുലര്‍ത്തണം. ഉത്തമ സ്ത്രീയെക്കുറിച്ച് നബി(സ) അരുളി: ''നീ അവളെ നോക്കിയാല്‍ അവള്‍ നിന്നെ സന്തോഷിപ്പിക്കും. കല്‍പിച്ചാല്‍ അനുസരിക്കും. നിന്റെ അഭാവത്തില്‍ അവള്‍ അവളുടെ ശരീരവും നിന്റെ സമ്പത്തും കാത്തുസൂക്ഷിക്കും.'' ഇവിടെ ചാരിത്ര്യശുദ്ധിയെപ്പോലെ സമ്പത്തിന്റെ പരിശുദ്ധിയും പ്രധാനമാണ്.
ഇന്ന് സ്ത്രീകള്‍ മുമ്പത്തേക്കാളുപരി ഉദ്യോഗതലങ്ങളിലും വ്യാപാര-വ്യവസായ സംരംഭങ്ങളിലും ധാരാളമായി ഏര്‍പ്പെടുന്നുണ്ട്. അതിനാല്‍ സകാത്തിന്റെ കാര്യത്തില്‍ അവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതുപോലെ തങ്ങളുടെ കൈവശമുള്ളതും ലോക്കറുകളില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ളതുമായ സ്വര്‍ണത്തിനും സകാത്ത് നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വ്യക്തികള്‍ പാവങ്ങള്‍ക്ക് നല്‍കുന്ന ചില്ലറത്തുട്ടുകളല്ല സകാത്ത്. ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ അഭാവത്തില്‍ സകാത്ത് വസൂല്‍ ചെയ്യാനും വിതരണം ചെയ്യാനും മഹല്ലുകളില്‍ വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ടാകേണ്ടതുണ്ട്. ഇന്ന് പല മഹല്ലുകളും ഇത് ഏറ്റെടുത്തു നിര്‍വഹിക്കുന്നുണ്ട്. അതിന്റെ ഫലങ്ങളും അവിടെ പ്രകടമാണ്. ഇസ്‌ലാമിക പ്രസ്ഥാനം വിപുലമായ രീതിയില്‍ വളരെ ഫലപ്രദമായിത്തന്നെ സകാത്ത് സംഭരണവും വിതരണവും ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇത്തരം സംരംഭങ്ങളുമായി സഹകരിച്ച് സകാത്ത് വിതരണം അതിന്റെ യഥാര്‍ഥ ചൈതന്യത്തോട് യോജിക്കുന്ന വിധത്തില്‍ ന ിര്‍വഹിക്കേണ്ടതാണ്.
പരിശുദ്ധ റമദാന്‍ സമാഗതമാവുകയാണല്ലോ. വിശ്വാസിസമൂഹം അതിനെ വരവേല്‍ക്കാന്‍ സന്തോഷപൂര്‍വം കാത്തിരിക്കുകയാണ്. പലരും തങ്ങളുടെ സകാത്ത് കണക്കാക്കുന്നതും നല്‍കുന്നതും റമദാന്‍ മാസത്തിലാണ്. റമദാനില്‍ വ്രതമനുഷ്ഠിച്ച് ജീവിതവിശുദ്ധി നേടുന്നതോടൊപ്പം സകാത്ത് കര്‍മവും നിര്‍വഹിച്ച് സാമ്പത്തിക വിശുദ്ധിയും കൈവരിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top