രണ്ട് കുരകള്‍

നിഷ ആന്റണി No image

വൃദ്ധന്‍ ചുമച്ചുകൊണ്ടിരുന്നു.
പുലര്‍ച്ചെ പ്രതീക്ഷിക്കാതെ പെയ്ത മഴ ഭൂമിയെ മുഴുവന്‍ അലക്കിപ്പിഴിഞ്ഞു വിരിച്ചിരുന്നു. ഉണരാന്‍ മടിച്ച് പാതിയുറക്കത്തിലായിരുന്ന മണ്ണും വീടും വൃദ്ധന്റെ ചുമയില്‍ വെപ്രാളപ്പെട്ടുണര്‍ന്നു. നേരം വൈകിയിരിക്കുന്നു.
മകളുടെ വിളി കേട്ടാണ് അവള്‍ അടുക്കളയില്‍നിന്നും പടികയറി മുകളിലത്തെ നിലയില്‍ എത്തിയത്. തുറന്നിട്ട വാതില്‍. വിരിമാറി കിടക്കുന്ന ജനല്‍പ്പൊളികള്‍. തണുത്ത കാറ്റില്‍ അകത്തേക്ക് പാറി വീണ രണ്ട് മൂന്നിലകള്‍ തലയിണക്കു മീതെ നിശ്ശബ്ദമായി ഉറങ്ങുന്നു.
മകള്‍ തന്നെയും നോക്കി നില്‍ക്കുകയാണ്. ഉറക്കഭാരത്താല്‍ തിരുമ്മി ചുളിച്ചുണര്‍ത്തിയ കണ്ണുകള്‍. കവിളുകള്‍ ചടച്ച് വീര്‍ത്തിരിക്കുന്നു. തഴക്കാടുകള്‍ പോലെ തിങ്ങി നിറഞ്ഞഴിഞ്ഞ് കിടക്കുന്ന തലമുടി.
മകള്‍ അമ്മക്കു നേരെ നോക്കി. ''അമ്മയെ എത്ര വട്ടം വിളിച്ചു. പന്ത്രണ്ട് മണിക്കു ശേഷം ഞാനും ചക്കീം ഉറങ്ങീട്ടില്ല. എന്തൊരു കരച്ചിലായിരുന്നു ഇവള്‍. പാല് കൊടുത്തിട്ട്  കുടിക്കാന്‍ കൂടി കൂട്ടാക്കുന്നില്ല. കുപ്പിപ്പാല് മുഴുവന്‍ ഛര്‍ദ്ദിച്ചു. തുണീലാകെ മൂത്രായിറ്റിണ്ട്. രാത്രി മുഴുവന്‍ ഞാനെട്‌ത്തോണ്ട് നടക്കുവായിരുന്നു. ഒരു കൈ സഹായിക്കാന്‍ ആരൂല്ല്യാണ്ടായി.''
അമ്മ ബെഡ്ഡിലേക്ക് നോക്കി. രാത്രിയിലെ അസ്വസ്ഥത മുഴുവന്‍ കുടഞ്ഞെറിഞ്ഞ്, പുലര്‍കാലത്തെ നെഞ്ചോടൊതുക്കി ചക്കി ഒരു വശം ചെരിഞ്ഞു കിടന്നുറങ്ങുകയാണ്.
ഹോസ്പിറ്റലില്‍ ഇന്നലെ വല്ല്യ തിരക്കായിരുന്നു. രാത്രീലാ ഞാനെത്തീത്. അമ്മ മടുത്ത് പോയി മാളൂ. കെടന്നതറിയാതെ ഉറങ്ങിപ്പോയി. നീ വിളിച്ചതൊന്നും ഞാന്‍ കേട്ടില്ല.
അവള്‍ ചക്കിയെ  തലോടിക്കൊണ്ടിരിക്കുകയാണ്. മരത്തിലിത്തിള്‍ക്കണ്ണി പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ ചക്കിയും മകളും  ഒട്ടിപ്പിടിച്ചിരിക്കുന്നു. ശിരസ്സില്‍നിന്നും തോളെല്ലിലേക്ക് തഴുകി സഞ്ചരിച്ചുകൊണ്ടിരുന്ന മകളുടെ ഉത്തരാധുനിക സ്‌നേഹത്തെ അമ്മ വികാരമറ്റ് നോക്കിക്കൊണ്ടിരുന്നപ്പോള്‍ വൃദ്ധന്‍ താഴത്തെ നിലയിലുള്ള മുറികളിലൊന്നില്‍നിന്നും വീണ്ടും ചുമച്ചു.
വൃദ്ധന്റെ ചുമച്ചൂര്, പഴകി ദ്രവിച്ച പുരാവസ്തു പോലെ താഴത്തെ നിലയില്‍നിന്നും പടികള്‍ കയറി കിതച്ച് മുകളിലെത്തി. അത് രണ്ടാം നിലയില്‍ താമസമാക്കിയ ഉത്തരാധുനികതയെ കണ്ട് പരിചയമില്ലാതെ നിന്നു.
സാവന്തീ...
താഴെ നിന്നും അമ്മ വിളിക്കുന്നത് കേട്ടു.
വരുന്നമ്മേ..
അഛനിന്നലെ ഉറങ്ങീറ്റില്ല മോളെ. രാത്രി മുഴുവന്‍ കൊരച്ചു വയ്യാണ്ടായിരിക്ക്ണ്. ഇടയ്ക്ക് ചൂടുവെളളം കൊടുക്കാനെണീച്ച് ഞാനും ഉറങ്ങീറ്റില്ല. നെന്റാശൂത്രീല് ഒന്ന് കൊണ്ടോയ് കാണിക്കണോ അഛനെ?
എങ്ങനെ ആശുപത്രിയില്‍ പോകും?
ചുമയായതുകൊണ്ട് ചെല്ലും വഴി തന്നെ കൊറോണ ടെസ്റ്റ്. പിന്നെ ടാക്‌സിക്കൂലി, മരുന്ന്. വരുമാനമൊക്കെ ഉറങ്ങിത്തുടങ്ങിയിരിക്കുന്നു. എവിടെനിന്നെന്നറിയാതെ ഉണര്‍ന്നെണീറ്റ് സ്ഥലകാലഭേദമില്ലാതെ പാഞ്ഞടുക്കുന്ന രോഗങ്ങള്‍. ഒരു ദിവസം ലീവെടുത്താല്‍ ശമ്പളം കട്ട്. കടലിനക്കരെനിന്നുള്ള വരവിനും ആയുസ്സ് കുറയുന്നു.
തല്‍ക്കാലം അഛന്‍ ചുവന്നുള്ളീം തേനും കഴിക്കട്ടെ.
വഴുവഴുത്ത തുപ്പലുകള്‍ കോളാമ്പിക്കുള്ളില്‍നിന്നും പുളിയിലയിട്ട് തേച്ചുരച്ച് വൃത്തിയാക്കി, അഛന് മരുന്ന് കൊടുത്ത് ബാക്കി പണികള്‍ തീര്‍ത്തുകൊണ്ടിരിക്കെ  മകള്‍ അമ്മക്കരികില്‍ വീണ്ടുമെത്തി.
''അമ്മേ..''
''ദേ ചക്കി പിന്നേം തുടങ്ങി കരച്ചില്‍.
വെര ഇണ്ടായ്റ്റാണോ ആവോ?
നമുക്കൊന്ന് ആശൂത്രി കൊണ്ടോയാലോ?
എനിക്കിത് കേട്ടിറ്റ് സഹിക്കാന്‍ വയ്യ.''
''മിണ്ടാതിരി മാളു.''
ഈ പട്ടിക്കുട്ടീനെ ഓര്‍ത്തിറ്റാണോ നെനക്കിത്ര ദെണ്ണം. അഛഛന്റെ ചുമ നീ കേക്കണില്ലേ? മനുഷമ്മാരെ കൊണ്ടോവാന്‍ നേരല്ല്യാത്തിടത്താ പട്ടിക്കുട്ടി.
ദേ.. അമ്മ, പട്ടി എന്ന് മാത്രം പറയരുത്.
ഇവക്കൊരു പേരില്ലേ? പിന്നെ അഛഛനെ പോലാണോ അമ്മേ ചക്കി. എത്ര വെല കൊടുത്താ ഇതിനെ വാങ്ങ്യേ? ഗള്‍ഫീന്ന് അഛന്റെ കാലു പിടിച്ചിറ്റാ ഇതിനെ വാങ്ങാന്‍ സമ്മയിച്ചെ. ഇപ്പോ ഇങ്ങന്‍ത്തെ ഒരെണ്ണം ഇല്ലാത്ത വീടുണ്ടോ?
മനുഷ്യന്മാര്‍ക്ക് കണ്ടകശ്ശനി തൊടങ്ങി വീട്ടിലിരിപ്പായപ്പോ മൃഗങ്ങള്‍ക്കൊക്കെ നല്ല കാലം വന്ന് തൊടങ്ങി. ഈച്ചേം പൂച്ചേക്കെ കട്ടിലിമ്മേലായി. ഇവറ്റോളെ നോക്കണേന്റെ പകുതി സമയേങ്കിലും  നീ കുടുമ്മത്തുള്ളോരെ ഒന്നോക്ക്.
കൊരച്ച് കൊരച്ച് അഛഛന് വയ്യാണ്ടായിരിക്ക്ണ്.
അഛഛനെ നോക്കാന്‍ വേറെം മക്കളില്ല്യേ അമ്മേ. ചക്കിക്ക് ഞാന്‍ മാത്രല്ല്യേ ഉള്ളൂ. ഇന്ന് രാത്രീലും ഉറക്കളയ്ക്കാന്‍ എനിക്ക് വയ്യ.
ഈ നായ്ക്കുട്ടീനെ നോക്കാന്‍ ഇത്ര ദുരിതാണേല് കുഞ്ഞായിരുന്നപ്പോ നിന്നെ നോക്കാന്‍ ഞാനെത്ര ബുദ്ധിമുട്ടീറ്റിണ്ടാവും മാളൂ? അയിന്റെ വല്ല സ്‌നേഹോണ്ടോ നിനക്ക്?
നൊണ പറേല്ലെ അമ്മേ.
ജോലി കിട്ടിയപ്പോ അമ്മയെന്നെ അഛമ്മേടടുത്താക്കി ഗള്‍ഫിലേക്ക് പോയതല്ലേ? ഓണ്‍ലൈനില്‍ വിശേഷങ്ങള്‍ ചോദിച്ചോണ്ടിരിക്കാനായിരുന്നോ അമ്മക്ക് ബുദ്ധിമുട്ട്?
ഭൂമി ഒന്ന് പ്രകമ്പനം കൊണ്ടു. ഗര്‍ഭപാത്രം തുറക്കുമ്പോഴുള്ള വേദന തത്സമയം ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ അമ്മ ആദ്യമായി മകള്‍ക്കു മുന്നില്‍ തലകുമ്പിട്ടു.
അപ്പോഴും വൃദ്ധന്‍ ചുമച്ചുകൊണ്ടിരുന്നു. മകള്‍ നായ്ക്കുട്ടിയെയും നെഞ്ചിലിട്ട് മുകളിലത്തെ നിലയിലേക്ക് നടന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top