ഖുര്‍ആനും തഖ്‌വയും

സി.ടി സുഹൈബ് No image

''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായും നേര്‍വഴി കാണിക്കുന്നതും സത്യവും അസത്യവും വേര്‍തിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍'' (2:185).
റമദാന്‍ മാസത്തിന്റെ മുഴുവന്‍ ശ്രേഷ്ഠതകള്‍ക്കും കാരണം വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണെന്നതാണ്. ഖുര്‍ആന്‍ എന്ന മഹത്തായ ദൈവികാനുഗ്രഹത്തിന്റെ അവതരണം കൊണ്ട് പുണ്യമാക്കപ്പെട്ട മാസത്തില്‍ നോമ്പെടുത്ത് കൃതജ്ഞത കാണിക്കാന്‍ പടച്ചവന്‍ ആവശ്യപ്പെട്ടു. നോമ്പെടുക്കുന്നതാകട്ടെ തഖ് വയുണ്ടാകാനാണെന്നും പറഞ്ഞു.
''വിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടി'' (2:183).
എന്താണ് തഖ്‌വ, എന്തിനാണ് തഖ്‌വ? ഇതിന്റെ ഉത്തരം തേടുമ്പോള്‍ നോമ്പിന്റെ സൗന്ദര്യവും ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ നോമ്പെടുക്കാന്‍ ആവശ്യപ്പെട്ടതിന്റെ പൊരുളും നമുക്ക് മനസ്സിലാകും.
സംരക്ഷിക്കുക, പ്രതിരോധിക്കുക, സൂക്ഷിക്കുക എന്നൊക്കെയാണ് തഖ്‌വയുടെ മൂലാര്‍ഥം. അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കുക, തെറ്റുകളില്‍നിന്ന് സ്വന്തത്തെ സംരക്ഷിക്കുക, അല്ലാഹുവിനെ മനസ്സില്‍ സൂക്ഷിച്ച് ആ വെളിച്ചത്തില്‍ മുന്നോട്ട് നടക്കുക തുടങ്ങി തഖ്‌വക്ക് പല നിര്‍വചനങ്ങളും പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്.
നോമ്പുകാലം വിശ്വാസി മനസ്സില്‍ അല്ലാഹുവിനെ നിറച്ചുവെക്കുന്ന സമയാണ്. മനസ്സില്‍ നിറയുന്ന ദൈവപ്രേമത്തിന്റെ സുഗന്ധവും വെളിച്ചവും അവനില്‍ ആത്മീയ അനുഭൂതികള്‍ നിറക്കും. നമസ്‌കാരവും സ്വദഖയും മാത്രമല്ല, വിശപ്പും ദാഹവും വരെ മനസ്സില്‍ നിര്‍വൃതി സൃഷ്ടിക്കും. തഖ്‌വയുടെ ആനന്ദം അനുഭവിക്കുന്ന വേളകളായി റമദാനിന്റെ രാവുകള്‍ മാറും.
റമദാനില്‍ അല്ലാഹു തന്നെ സൃഷ്ടിക്കുന്ന സവിശേഷമായ ഒരു അന്തരീക്ഷമുണ്ട്. നന്മ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഉത്സാഹം തോന്നുന്ന, തെറ്റുകള്‍ ചെയ്യാതിരിക്കാന്‍ സ്വയം തന്നെ തോന്നുന്ന ഒരു അന്തരീക്ഷം. പിശാചുക്കള്‍ ബന്ധനസ്ഥമാക്കപ്പെടുമെന്ന റസൂലി(സ)ന്റെ വചനത്തിന്റെ പൊരുള്‍ അതായിരിക്കണം. അല്ലാഹു ഒരുക്കിത്തന്ന സവിശേഷമായ അന്തരീക്ഷത്തെ കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിലേക്ക് കൊണ്ടെത്തിക്കുന്ന മനസ്സാണ് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടത്.
നോമ്പ് അല്ലാഹുവിനെ ഏറെ സന്തോഷിപ്പിക്കുന്ന ആരാധനാ കര്‍മമാണ്. ഒരാള്‍ മറ്റുള്ള ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ട് മനസ്സിലാക്കാന്‍ മറ്റുള്ള ആളുകള്‍ക്ക് കഴിയും. എന്നാല്‍ നോമ്പുകാരനാണോ അല്ലയോ എന്നത് അല്ലാഹുവിനും വിശ്വാസിക്കും മാത്രമറിയാവുന്ന കാര്യമാണ്. ആര് കാണുന്നില്ലെങ്കിലും അറിയുന്നില്ലെങ്കിലും പടച്ചവന്‍ കാണുന്നുണ്ടെന്ന ബോധ്യത്താല്‍ ഭക്ഷണവും വെള്ളവും മുന്നിലുണ്ടാകുമ്പോഴും ദാഹവും വിശപ്പും സഹിക്കുന്ന വിശ്വാസിയുടെ മനസ്സാണ് തഖ്‌വയുടെ പരിശീലന കേന്ദ്രം. നോമ്പെടുക്കുന്ന ഓരോ വിശ്വാസിയും തെളിയിക്കുന്ന ഒരു കാര്യമുണ്ട്, എന്റെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമപ്പുറം എന്റെ പ്രിയപ്പെട്ട റബ്ബിന്റെ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമാണ് എനിക്ക് വലുതെന്ന്. അങ്ങനെ അല്ലാഹുവിന്റെ ഇഷ്ടങ്ങളും കല്‍പനകളുമാണ് എനിക്ക് വലുതെന്ന് പ്രഖ്യാപിച്ച് നോമ്പെടുക്കുന്ന വരെ ചൂണ്ടിക്കാണിച്ച് അല്ലാഹു മലക്കുകളോട് പറയുന്നുണ്ടാവണം; 'നിങ്ങള്‍ പറഞ്ഞില്ലേ, ഇവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുമെന്ന്. ഇപ്പോള്‍ കണ്ടില്ലേ അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും തിന്മകളുടെ എളുപ്പവഴികളെ വിട്ട് നന്മകളുടെ പ്രയാസവഴികള്‍ സ്വയം തെരഞ്ഞെടുക്കുന്ന എന്റെ പ്രിയപ്പെട്ട അടിയാറുകളെ. അതാണ് ഞാന്‍ അന്നേ പറഞ്ഞുവെച്ചത് നിങ്ങളറിയാത്തത് ഞാന്‍ അറിയുന്നുണ്ടെന്ന്.'
അല്ലാഹുവുമായുള്ള ബന്ധവും അടുപ്പവും മാത്രമല്ല തഖ്‌വ. മനുഷ്യരോടുള്ള ബന്ധത്തിലും ഇടപാടിലും കാണിക്കേണ്ട സൂക്ഷ്മത കൂടിയാണ് തഖ്‌വ. ആ തഖ്‌വയാണ് ആര്‍ജിക്കാന്‍ പ്രയാസകരമായതും. അബൂഹുറൈറ(റ) തഖ്‌വയെക്കുറിച്ച് വിശദീകരിച്ചത;് മുള്ളും കൂര്‍ത്ത കല്ലുകളും നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോള്‍ കാലില്‍ തറക്കാതിരിക്കാന്‍ കാണിക്കുന്ന സൂക്ഷ്മതയെന്നാണ്. ദാമ്പത്യ ബന്ധം, മാതാപിതാക്കളോടുള്ള ബന്ധം, കൂടുംബ-അയല്‍പക്ക ബന്ധങ്ങള്‍, കച്ചവടം, സാമ്പത്തിക ഇടപാടുകള്‍ ഇങ്ങനെ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ തഖ്‌വ സ്വാധീനം ചെലുത്തും.
ആരാധനകളെ കുറിച്ച് പറയുന്നിടത്ത് ഈ വശത്തെ ഖുര്‍ആനും റസൂലും(സ) പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്. കാണാത്ത ദൈവത്തെ തൃപ്തിപ്പെടുത്താനുള്ള കര്‍മങ്ങളായിട്ട് മാത്രമല്ല, കാണുന്ന മനുഷ്യരോടുള്ള ബന്ധവും അതിലൂടെ മികച്ചതാവണമെന്നും ആരാധനകള്‍ താല്‍പര്യപ്പെടുന്നുണ്ട്. 'എന്റെ ഓര്‍മകള്‍ നിങ്ങളില്‍ സജീവമായിരിക്കാന്‍ നമസ്‌കാരം നിലനിര്‍ത്തുകയെന്ന് പറഞ്ഞ ഖുര്‍ആന്‍ ആവശ്യക്കാരെ പരിഗണിക്കാത്ത, സഹജീവികളെ സഹായിക്കാത്ത നമസ്‌കാരക്കാരന് നാശമാണെന്നും പറഞ്ഞുവെക്കുന്നു. നോമ്പ് അല്ലാഹുവിലേക്ക് ധാരാളമായി വിശ്വാസിയുടെ മനസ്സിനെ ചേര്‍ത്തുവെക്കുന്ന അനുഷ്ഠാന കര്‍മമാണ്. റസൂല്‍ (സ) അതിന്റെ മറ്റൊരു വശത്തെ സൂചിപ്പിച്ചുകൊണ്ട് പറയുന്നു; 'ആരെങ്കിലും മോശം വാക്കുകളും പ്രവൃത്തികളും ഒഴിവാക്കിയില്ലെങ്കില്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കണമെന്ന് അല്ലാഹുവിന് ഒരാവശ്യവുമില്ല.' നോമ്പുകാരന്‍ മറ്റുള്ളവരുമായി ശണ്ഠകൂടാനോ ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്കോ മുതിരരുതെന്ന് പറയുന്ന മറ്റൊരു വചനത്തിലൂടെ മനുഷ്യരോടുള്ള ഇടപെടലുകളില്‍ പാലിക്കേണ്ട സൂക്ഷ്മതയുടെയും നന്മയുടെയും പരിശീലനമായി നോമ്പ് മാറുകയാണ്. സകാത്തിന്റെ ഒരു വശം സമ്പത്തിന്റെ ശുദ്ധീകരണവും അതിലൂടെ അല്ലാഹുവോടുള്ള ബന്ധവുമാണെങ്കില്‍, മറുവശത്ത് സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരോടുള്ള ബാധ്യതയും ബന്ധവുമായി അത് മാറുന്നു. ഹജ്ജ് ആത്മീയ ഉത്സവത്തിന്റെ അനുഷ്ഠാനമാണ്. അല്ലാഹുവിനെ മാത്രം മുന്നില്‍ കാണുന്ന അതിന്റെ വേളകളില്‍ മറ്റുള്ളവരോടുള്ള ബന്ധത്തില്‍ പാലിക്കേണ്ട സൂക്ഷ്മതകളെ പഠിപ്പിക്കുന്നുണ്ട്, ഖുര്‍ആന്‍. ഇത്തരത്തില്‍ ഇസ്‌ലാമിലെ ഓരോ ആരാധനാ-അനുഷ്ഠാനങ്ങളുടെയും ചൈതന്യം അല്ലാഹുവുമായുള്ള ബന്ധം ശക്തമാകുന്നതോടൊപ്പം സഹജീവികളുമായുള്ള ബന്ധം മെച്ചപ്പെടുന്നതിലുമാണെന്ന് മനസ്സിലാക്കാം.
തഖ്‌വയുടെ ഈ രണ്ട് വശങ്ങളും ആര്‍ജിച്ചെടുക്കുന്നവര്‍ക്കാണ് ഖുര്‍ആന്‍ ജീവിതത്തില്‍ വഴികാട്ടിയായി മാറുന്നത്; 'ഇതാണ് ഗ്രന്ഥം, അതില്‍ സംശയമേയില്ല, തഖ്‌വയുള്ളവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.' മുഴുവന്‍ ജനങ്ങള്‍ക്കും ഹിദായത്താണ് ഖുര്‍ആന്‍ എന്ന് പറഞ്ഞ അല്ലാഹു ഇവിടെ തഖ്‌വയുള്ളവര്‍ക്കുള്ള ഹിദായത്താണെന്ന് പറയുന്നു. അതായത് അല്ലാഹുവിന്റെ ദീനിലേക്ക് വഴി കാണിക്കുന്നു എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ എല്ലാവര്‍ക്കുമുള്ള വെളിച്ചമുണ്ട്. എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങളൊക്കെയും ജീവിതത്തില്‍ മുഴുവനായും പ്രയോജനപ്പെടുന്നത് മനസ്സില്‍ തഖ്‌വയുള്ളവര്‍ക്കാണ്. അതിനാല്‍തന്നെ ഖുര്‍ആന്‍ അവതരിപ്പിച്ച അല്ലാഹു അത് പൂര്‍ണമായും ജീവിതത്തില്‍ പ്രയോജനമുള്ളവരായി വിശ്വാസികള്‍ മാറണമെന്ന് താല്‍പര്യപ്പെടുകയാണ്; ആ മാസത്തില്‍ നോമ്പെടുത്ത് തഖ്‌വയുള്ളവരാകണമെന്ന് ആവശ്യപ്പെടുന്നതിലൂടെ. ഇവിടെ ഖുര്‍ആനും റമദാനും നോമ്പും തഖ്‌വയും തമ്മിലുള്ള ഒരു പാരസ്പര്യത്തെ വായിച്ചെടുക്കാനാകും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top