രക്തസാക്ഷികളുടെ സഹധര്‍മിണി

സഈദ് മുത്തനൂര്‍ No image

അല്ലാമാ ഇബ്‌നുകസീര്‍ എഴുതുന്നു: 'ആരാധനാകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന ആതിക സൗന്ദര്യവതിയും അഴകേറിയവരുമായിരുന്നു. സൗന്ദര്യ റാണി എന്ന് അവരെ കുറിച്ച് വിശേഷിപ്പിക്കുന്നത് തെറ്റാവില്ല. ചരിത്രം അത്രയേറെ അവരുടെ അഴകിനെയും സൗന്ദര്യത്തെയും പുകഴ്ത്തിപ്പാടിയിട്ടുണ്ട്.'
സ്വഹാബി വനിത ആതിക ബിന്‍ത് സൈദിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മുഴുവന്‍ പേര് ആതിക ബിന്‍ത് സൈദുബ്‌നു അംറുബ്‌നു നുഫൈല്‍ അല്‍ഖുറശിയ്യ അല്‍ അദവിയ്യ. സൂബ ബിന്‍ത് ഖസ്‌റമിയാണ് സഹോദരി. അശ്‌റത്തുല്‍ മുബശ്ശിറയില്‍പെട്ട അഥവാ സ്വര്‍ഗം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ട ഒരാളായ സഈദുബ്‌നു സൈദ്, ആതികയുടെ സഹോദരനാണ്. നല്ല ഭാഷാ നൈപുണിയുായിരുന്നു ആതികക്ക്. കവിതകള്‍ രചിക്കുകയും ആലപിക്കുകയും ചെയ്യുമായിരുന്നു. പിതാവായ സൈദില്‍നിന്ന് പൈതൃകമായി കിട്ടിയതാണിത്. ജാഹിലിയ്യാ കാലത്ത് തന്നെ വിഗ്രഹപൂജയോട് ആതികയുടെ പിതാവിന് താല്‍പര്യമുണ്ടായിരുന്നില്ല.
നബിതിരുമേനി പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന്റെ ഏതാനും വര്‍ഷം മുമ്പ് ഒരു ശത്രുവിന്റെ കൈയാല്‍ സൈദ് വധിക്കപ്പെട്ടപ്പോള്‍ ആതിക അനാഥയായി. മാതാവ് ഉമ്മുകുറൈസ് ഖദ്‌റമിയ്യയാണ് പിന്നീട് അവരെ വളര്‍ത്തിയത്. പിന്നീടവര്‍ ഇസ്‌ലാമിക ജീവിതം നയിക്കാമെന്നു തിരുമേനി(സ)യോട് ബൈഅത്ത് ചെയ്തു. ഹിജ്‌റ നടത്താനും മഹതിക്ക് അവസരമുണ്ടായി. സല്‍സ്വഭാവം, അഭിപ്രായസുബദ്ധത, ബുദ്ധികൂര്‍മത എന്നിവ ആ വ്യക്തിത്വത്തിന്റെ പ്രത്യേകതകളായിരുന്നു. ഇവരുടെ വിവാഹ ജീവിതം കൗതുകമുണര്‍ത്തുന്നതാണ്. നാലു പ്രാവശ്യം വിവാഹിതയായിട്ടുണ്ട്. ഒരിക്കല്‍ വിവാഹമോചിതയായെങ്കിലും പിന്നീട് തിരിച്ചെടുത്തു. അതടക്കം അഞ്ച് വട്ടം വിവാഹിതയായി. ഭര്‍ത്താക്കന്മാരുടെ മരണമാണ് തുടര്‍വിവാഹങ്ങള്‍ക്ക് കാരണം. മഹാരഥന്മാരായ ആ നാല് ഭര്‍ത്താക്കന്മാരും രക്തസാക്ഷികളായാണ് ഇഹലോകം വിട്ടത്. ആതികയുടെ ജീവിതം ഒരു കല്യാണക്കഥയാണെന്നു തോന്നാം. എന്നാല്‍ അതില്‍ തലമുറകള്‍ക്കൊരു പാഠമുണ്ട്; മാതൃകയും. അതേ, അബൂബക്ര്‍ സിദ്ദീഖിന്റെ പുത്രന്‍ അബ്ദുല്ലാഹിബ്‌നു അബൂബക്‌റായിരുന്ന ആദ്യപുതുമാരന്‍. ദമ്പതിമാര്‍ തമ്മില്‍ നല്ല സ്‌നേഹത്തിലായിരുന്നു. വിവാഹശേഷം അബ്ദുല്ല ആതികയെ പിരിഞ്ഞ് എങ്ങും പോകാന്‍ ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ മതപരമായ കര്‍മങ്ങളില്‍ വരെ നിഷ്ഠ തെറ്റി. ജിഹാദില്‍നിന്ന് വിട്ടുനിന്നത് പിതാവ് അബൂബക്ര്‍(റ)ന്റെ ശ്രദ്ധയില്‍പെട്ടു. ഇതേതുടര്‍ന്ന് അബൂബക്കര്‍ മകനോട് ആതികയെ മൊഴി ചൊല്ലാനാവശ്യപ്പെട്ടു. പിതാവിന്റെ വാക്ക് ശിരസ്സാവഹിച്ച് അദ്ദേഹം ഭാര്യയെ വിവാഹമോചനം നടത്തി. ഈ സമയത്ത് അബ്ദുല്ല പ്രതികരിച്ചത്; ''അവര്‍ പറഞ്ഞു, ഞാന്‍ ത്വലാഖ് ചൊല്ലി, എന്നാല്‍ ഞാന്‍ എപ്പോഴും അവളെ കിനാവ് കാണുന്നു'' എന്നായിരുന്നു. അബ്ദുല്ലയുടെ മനസ്സ് ആതികയെ മൊഴിചൊല്ലിയിരുന്നില്ല. ഏകാന്തത അദ്ദേഹത്തെ വല്ലാതെ വേട്ടയാടി. ഒരു ദിവസം അബ്ദുല്ല ഇങ്ങനെ പാടുന്നത് അബൂബക്ര്‍ സിദ്ദീഖ് കേട്ടു; 'ആതിക ലാ അന്‍സാകി മാ ഹബ്ബത്തി സ്സ്വബാഹ....' 'ആതികാ ഞാന്‍ മറക്കുന്നില്ല... ഇളം തെന്നലുകള്‍ തലോടി കടന്നുപോകുമ്പോഴെല്ലാം ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും ഞാന്‍ നിന്നെ ഓര്‍ക്കുന്നു. എന്റെ മനസ്സ് നീറുന്നു. എന്റെ വിതുമ്പലടങ്ങുന്നില്ല.' തന്റെ പ്രിയതമയെ പിരിഞ്ഞതിലുള്ള ദുഃഖം കടിച്ചമര്‍ത്തുകയായിരുന്നു അബ്ദുല്ല. ഇത് കേട്ട് അബൂബക്ര്‍ മകനോട് അവളെ തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചു. ഇരുവരും രണ്ടാമതും ഒരുമിച്ചു. പിന്നീട് അബ്ദുല്ല തന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തി. ആരാധനാ കാര്യങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. തിരുനബിയുടെ കൂടെ ത്വാഇഫ് യുദ്ധത്തില്‍ പങ്കെടുത്ത അബ്ദുല്ല വിഷം പുരണ്ട അമ്പേറ്റ് കിടപ്പിലാവുകയും പിന്നീട് രക്തസാക്ഷിയാവുകയും ചെയ്തു. തിരുമേനിയുടെ വിയോഗ ശേഷമായിരുന്നു ഇത്. ഈ സന്ദര്‍ഭത്തില്‍ ആതിക ഇങ്ങനെയൊരു വിലാപകാവ്യം പാടി: 'രാവുകള്‍ പാഞ്ഞെത്തുമ്പോള്‍ സുന്ദരമായ പകലുകളെ കുറിച്ചോര്‍ക്കും. മുഹമ്മദ് നബി(സ) ക്കും അബൂബക്‌റി(റ)നും ശേഷം എന്റെ പ്രാണനാഥന്‍ എന്നെ ഏകാകിനിയാക്കി പറന്നകന്നു.' മരണാസന്നനായ അബ്ദുല്ല തന്റെ പ്രാണപ്രേയസിയോട് ഇങ്ങനെ പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നു: 'നോക്കൂ, എന്റെയടുക്കല്‍ ഒരു തോട്ടമുണ്ട്. നിനക്ക് ജീവിക്കാന്‍ അത് മതിയാവും. എനിക്കു ശേഷം ഇനിയൊരു വിവാഹം കഴിക്കരുത്.'
എന്നാല്‍ ഇദ്ദകാലം കഴിഞ്ഞതോടെ വിവാഹാലോചനകളുമായി പലരും മുന്നോട്ടു വന്നു. ഉമറുബ്‌നുല്‍ ഖത്ത്വാബും ആലോചന നടത്തി. അവരുടെ മറുപടി ഇതായിരുന്നു: 'ഞാനിപ്പോള്‍ വിവാഹം വേണ്ടെന്ന് മനസ്സാ ഉറച്ചിരിക്കുകയാണ്.' 'മുന്‍ഭര്‍ത്താവിന്റെ നിര്‍ദേശം ഓര്‍ത്താവാം അവരങ്ങനെ പറഞ്ഞത്. അപ്പോള്‍ ഉമര്‍(റ): 'ആരോടെങ്കിലും അന്വേഷിച്ചു ഇതിന്റെ നിജഃസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കുക.' 'താന്‍ ഈ കാര്യത്തില്‍ അലിയോട് ഫത്‌വ ചോദിച്ചിരുന്നു' - അവര്‍ പറഞ്ഞു. 'എന്നിട്ട്?!' 'മുന്‍ ഭര്‍ത്താവില്‍നിന്ന് കിട്ടിയ സമ്പത്ത്, വിശിഷ്യാ അദ്ദേഹം നല്‍കിയ തോട്ടം തിരിച്ചുകൊടുക്കാനും തുടര്‍ന്ന് വിവാഹിതയാകാനുമാണ് അദ്ദേഹം വിധി നല്‍കിയത്. അത് ശര്‍ഈയായ അവകാശമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.' തുടര്‍ന്ന് ആതിക ആ തോട്ടം മുന്‍ഭര്‍ത്താവ് അബ്ദുല്ലയുടെ കുടുംബത്തിന് തിരിച്ചുകൊടുത്തു. പിന്നീട് ഉമര്‍ (റ) അവരെ വിവാഹം ചെയ്തു. ആ സന്തോഷത്തില്‍ അന്ന് ഉമര്‍ (റ) വിവാഹ സല്‍ക്കാരം നടത്തി. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത അലി (റ) ആതികയുടെ ഒരു കവിത ഓര്‍മപ്പെടുത്തി ചോദിച്ചു:
''നിന്റെ വേര്‍പാടില്‍ എനിക്കെന്നും കണ്ണീരായിരിക്കും. ഇനി മുതല്‍ ഒരു ബന്ധത്തിനും ഞാനില്ല' എന്ന് വിലാപകാവ്യം രചിച്ചിരുന്നല്ലോ?'' ഇതു കേട്ട് ആതിക വല്ലാതെ കരഞ്ഞു. ഉമര്‍(റ) അവരെ സമാധാനിപ്പിച്ചു. 'സാരമില്ല, ക്ഷമിക്കൂ. നിന്റെ കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാം.'
ഒരു റിപ്പോര്‍ട്ടനുസരിച്ച് ഉമര്‍ ഫാറൂഖ് അലിയോട് ചോദിച്ചുവത്രെ: 'അബുല്‍ ഹസന്‍! താങ്കളെന്തിനാണ് ഈ വ്രണിത ഹൃദയത്തിന് നേരെ ഇങ്ങനെയൊരു ചോദ്യമെറിഞ്ഞത്? അവര്‍ കഴിഞ്ഞ കാലത്തെ ഓര്‍ത്ത് കരഞ്ഞതു കണ്ടില്ലേ!' ഹിജ്‌റ വര്‍ഷം 12-ലാണ് ഈ വിവാഹം നടന്നത് (താരീഖുത്ത്വബ്‌രി).
ഉമര്‍ ഫാറൂഖുമായുള്ള ആതികയുടെ ജീവിതം ധന്യമായിരുന്നു. ഉമര്‍(റ) പ്രിയതമക്ക് തന്റെയടുക്കല്‍ വലിയ സ്ഥാനവും പദവിയും നല്‍കി. എന്നാല്‍ നീതിയുടെയും നിയമത്തിന്റെയും മുമ്പില്‍ ഉമറിന് കുടുംബിനിയും മറ്റുള്ളവരും സമമായിരുന്നു. അതില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. അഹ്മദുബ്‌നു ഹമ്പല്‍ കിത്താബ് സുഹ്ദില്‍ ഇസ്മാഈല്‍ ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ അബീവഖാസിനെ ഉദ്ധരിച്ച് ഒരു സംഭവം വിവരിക്കുന്നു: ഉമറിന്റെ ഖിലാഫത്ത് കാലത്ത് ബഹ്‌റൈനില്‍നിന്ന് കസ്തൂരിയും മറ്റു സുഗന്ധദ്രവ്യങ്ങളും പൊതു ഖജനാവിലെത്തി. സുഗന്ധ ദ്രവ്യത്തിന്റെ ഗുണമേന്മ അറിയുന്ന സ്ത്രീകളോട് ഇതൊന്ന് ഐറ്റം തിരിക്കാമോ എന്ന് ഉമര്‍ ചോദിച്ചു. എന്നിട്ട് വേണം പൊതുജനങ്ങളില്‍ വിതരണം ചെയ്യാന്‍. അദ്ദേഹത്തിന്റെ പ്രിയതമ ആതിക പറഞ്ഞു; 'എനിക്കതറിയാം, എന്നെ ഈ സേവനത്തിന് ഏല്‍പിച്ചാലും!' ഉടന്‍ പ്രതികരണം: 'വേണ്ട'. 'എന്തുകൊണ്ട്?' - ആതികയുടെ ചോദ്യം. 'നീ അതില്‍നിന്ന് സുഗന്ധമെടുത്ത് പിരടിയില്‍ പുരട്ടുമോ എന്നാണെന്റെ ആശങ്ക. ഇതാവട്ടെ പൊതുമുതലാണ്.' ഉമറിന്റെ മറുപടി അതായിരുന്നു. ഇങ്ങനെ വിട്ടുവീഴ്ചയില്ലാത്ത നീതിയുടെ ധാരാളം പാഠങ്ങള്‍ ഉമറില്‍നിന്ന് ആതിക പരിശീലിച്ചു.
മഹതി ആതിക മസ്ജിദുന്നബവിയെ വല്ലാതെ പ്രണയിച്ചിരുന്നു. മിക്കപ്പോഴും മദീനാ പള്ളിയില്‍ ജമാഅത്ത് നമസ്‌കാരങ്ങളില്‍ ആതിക പങ്കെടുത്തിരുന്നു. ഉമര്‍ ഫാറൂഖ് മദീനാപള്ളിയില്‍ ശത്രുവിന്റെ കുത്തേറ്റ് രക്തസാക്ഷിയാകുമ്പോള്‍ പള്ളിയില്‍ പത്‌നി ആതിക ഉണ്ടായിരുന്നു. ഉമര്‍-ആതിക ദമ്പതികള്‍ക്ക് ഒരു മകനുണ്ടായിരുന്നു; ഇയാദു ബ്‌നു ഉമര്‍.
ഉമര്‍ രക്തസാക്ഷിയായി ആതികയുടെ ഇദ്ദകാലം കഴിഞ്ഞതോടെ പ്രവാചകന്റെ അടുത്ത അനുയായി സുബൈറു ബ്‌നുല്‍ അവ്വാം അവരെ വിവാഹം ചെയ്തു. വിവാഹവേളയില്‍ അവര്‍ മൂന്നു നിബന്ധനകള്‍ മുന്നോട്ടു വെച്ചു. ഒന്നാമത്തെ കാര്യം, തന്നെ അടിക്കരുത് എന്നായിരുന്നു. മറ്റൊന്ന് സത്യം പറയുന്നതിനെ ഒരിക്കലും വിലക്കരുത്. മൂന്നാമതായി, മസ്ജിദുന്നബവിയില്‍ നമസ്‌കരിക്കാന്‍ പോകുന്നത് തടയരുത്. എന്നാല്‍ വിവാഹശേഷം സുബൈര്‍ (റ) പ്രിയപത്‌നിയോട് പള്ളിയില്‍ പോകരുതെന്ന് നിര്‍ദേശിച്ചു. മുഹമ്മദ് നബിയുടെ കാലത്തും അബൂബക്‌റിന്റെയും ഉമറിന്റെയും കാലത്തും ഞാന്‍ മസ്ജിദുന്നബവിയില്‍ നമസ്‌കരിച്ചിട്ടുണ്ടല്ലോ' - അവര്‍ ചോദിച്ചു. 'ശരി, ഞാന്‍ നിന്നെ തടയുന്നില്ല' എന്ന് പറഞ്ഞ് സുബൈര്‍ പ്രശ്‌നം അപ്പോള്‍ അവസാനിപ്പിച്ചു. എന്നാല്‍ പിന്നീട് പള്ളിയില്‍ പോക്ക് നിര്‍ത്താനായി വഴിവക്കിലിരുന്ന് അവരെ ഭയപ്പെടുത്തി വരുതിയില്‍ വരുത്തുകയായിരുന്നു അദ്ദേഹം. 'എന്തേ ഇന്ന് പള്ളിയില്‍ പോയില്ലേ' എന്നൊരിക്കല്‍ പരിഹാസോക്തിയില്‍ അദ്ദേഹം ചോദിച്ചതും 'എന്താ ചെയ്യുക, കാലം മാറിയില്ലേ?' എന്ന് മഹതി പ്രതികരിച്ചതും ചരിതം! എന്തായാലും സുബൈറുബ്‌നുല്‍ അവ്വാമുമൊത്തുള്ള ആതികയുടെ ജീവിതം അധികകാലം നീണ്ടില്ല. ജമല്‍ യുദ്ധത്തോടെ ആ ദാമ്പത്യ വസന്തം മറ്റൊരു വിലാപകാവ്യമായി പര്യവസാനിച്ചു. ജമല്‍ യുദ്ധത്തില്‍ സുബൈര്‍ (റ) രക്തസാക്ഷിയായി. 
ഇദ്ദകാലം കഴിഞ്ഞതോടെ പുതിയ വിവാഹാലോചനകളായി. അലി(റ)യാണ് പിന്നീട് വിവാഹാമാലോചിക്കുന്നത്. അപ്പോഴേക്കും, 'ആരെങ്കിലും പെട്ടെന്ന് രക്തസാക്ഷിത്വം അഭിലഷിക്കുന്നെങ്കില്‍ അവന്‍ ആതിക ബിന്‍ത് സൈദിനെ വരിക്കട്ടെ' എന്നൊരു ചൊല്ല് നാട്ടില്‍ പാട്ടായിരുന്നു. അതിന് മറുപടിയെന്നോണം ആതിക, അലിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'എന്നെ വരിച്ചവരില്‍ മൂന്നു പേര്‍ രക്തസാക്ഷികളായി. താങ്കള്‍ അങ്ങനെ ആയിക്കൂടാ. താങ്കള്‍ മുസ്‌ലിംകളുടെ നേതാവും പ്രവാചകന്റെ ജാമാതാവും അദ്ദേഹത്തിന്റെ പിതൃസഹോദര പുത്രനുമാണല്ലോ.' എന്നാല്‍ അതൊരു വൃഥാ തോന്നലായിരുന്നു. കാരണം, അലി(റ)യും മരണപ്പെട്ടത് രക്തസാക്ഷിയായിക്കൊണ്ടുതന്നെ. തുടര്‍ന്ന് ഒരു വൈവാഹിക ബന്ധം കൂടി ആതികക്കുണ്ടായി. ഹുസൈനു ബ്‌നു അലിയായിരുന്നു വരന്‍! ഹുസൈന്റെ അന്ത്യം പ്രസിദ്ധമായ കര്‍ബല യുദ്ധത്തിലായിരുന്നല്ലേ).
അത് കഴിഞ്ഞ് മര്‍വാനു ബ്‌നു ഹകം വിവാഹം അന്വേഷിച്ചപ്പോള്‍ അവരുടെ പ്രസിദ്ധമായ ഒരു വാചകമു്; 'മാ കുന്‍തു ല അത്തഖിദു ഹിമാ ബഅ്ദബ്‌നി റസൂലില്ലാഹ്....' റസൂലിന്റെ കുടുംബത്തിന് ശേഷം ഇനിയെങ്ങോട്ടും ഞാനില്ലെന്നു സാരം.
ധാരാളം വിലാപകാവ്യങ്ങള്‍ രചിക്കുകയും പാടുകയും ചെയ്തിട്ടുള്ള ഒരു നല്ല കവയത്രിയായിരുന്നു ആതിക. കാവ്യങ്ങളിലെല്ലാം അവരുടെ ജീവിതം തുടികൊട്ടിയിരുന്നു.
മക്കയില്‍ ജനിച്ച് ഹിജാസില്‍ ജീവിച്ച് മദീനയില്‍ മരണപ്പെട്ട ആതിക ആരാധനകളിലും ദാനധര്‍മങ്ങളിലും സേവന സമര്‍പ്പണങ്ങളിലും പ്രവാചക സ്‌നേഹത്തിലുമെല്ലാം ഉദാത്ത മാതൃകയാണ് കാഴ്ചവെച്ചത്. മുആവിയയുടെ കാലത്ത് ഹിജ്‌റ 41-ല്‍ ആതിക ബിന്‍ത് സൈദ്(റ) നാഥനിലേക്ക് യാത്രയായി.
(അവലംബം: സ്വഹാബിയ്യാത്തെ ത്വയ്യിബാത്ത് - അബൂദിയാ മഹ്മൂദ് അഹ്മദ്).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top