''കഴിക്കാന്‍ ബിരിയാണി നോണോ... വെജിയോ...''

നസ്‌ല നജീബ് No image

ഇത് എന്റെ നാട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഭവമാണ്. 
വീട്ടില്‍ ഒരു കല്യാണം നടത്തണമെങ്കില്‍ തന്നെ പെടാപ്പാടാണ്. രണ്ടു കല്യാണം ഒരുമിച്ചാവുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ. ഈ വീട്ടിലെ രണ്ടു ആണ്‍മക്കളുടെ കല്യാണം ഒരുമിച്ചാണ് നിശ്ചയിച്ചത്. രണ്ടു പേരും കച്ചവടക്കാരാണ്. അതുകൊണ്ടു തന്നെ രണ്ടു പേര്‍ക്കും ധാരാളം കസ്റ്റമേഴ്‌സ് ഉണ്ട്. കല്യാണം രണ്ടു പേരും അവരവരുടെ പരിചയക്കാരോടൊക്കെ പറഞ്ഞു നടന്നു. അവരെപ്പോലെ അവരുടെ ഉമ്മയും ബാപ്പയും കച്ചവടക്കാരായതുകൊണ്ട് അവര്‍ക്കും ഉണ്ട് ധാരാളം ക്ഷണിതാക്കള്‍. ഇങ്ങനെ ഒരു വീട്ടിലെ എല്ലാവരും കച്ചവടക്കാര്‍ ആയിട്ടുള്ള ഈ വീട്ടിലെ കല്യാണം  ഞങ്ങളെ എല്ലാവരും വളരെ സന്തോഷത്തോടെയാണ് കണ്ടത്. 
മൂത്ത മകന്‍ അവന്‍ കാണുന്നവരോടും ഇളയവന്‍ അവന്‍ കാണുന്നവരോടും ഉമ്മ ഒരു ഭാഗത്ത് കൂടിയും ബാപ്പ മറുഭാഗത്ത് കൂടിയും ആളുകളെ ക്ഷണിച്ചുകൊണ്ടേയിരുന്നു. ആര് ആരോടൊക്കെ കല്യാണം പറഞ്ഞു, എവിടെയൊക്കെ പറഞ്ഞു എന്നതിന് ഒരു എത്തും പിടിയും കണക്കും ആര്‍ക്കുമില്ല. ഈ വീട്ടിലെ ഏക മകളും വിദ്യാസമ്പന്നയും കൂടിയായ പെങ്ങള്‍ അവളുടെ കോളേജ് ഹോസ്റ്റലിലെ കൂട്ടുകാരികളെയും മാക്‌സിമം ക്ഷണിച്ചിട്ടുണ്ട്.
അങ്ങനെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരുന്നു. സ്വന്തം വീട്ടില്‍ വെച്ചു തന്നെയാണ് കല്യാണം. പന്തലും അലങ്കാര തോരണങ്ങളും തയാറാക്കി. കാത്തിരുന്ന കല്യാണ സുദിനം വന്നെത്തി. രാവിലെ പത്തുമണി മുതലേ ആളുകള്‍ കല്യാണ വീട്ടിലേക്കു ഒഴുകാന്‍ തുടങ്ങി. പത്തര മണിക്ക് ഭക്ഷണം വിളമ്പാന്‍ തുടങ്ങി. 11 മണി ആയപ്പോഴേക്കും വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ഒരു ജില്ലാ സമ്മേളനത്തിന്റെ പ്രതീതി. ആകെ 1200 പേര്‍ക്കുള്ള ഭക്ഷണമാണ് തയാറാക്കിയിരുന്നത്. അതിലേക്കാണ് ഇത്രയും പേര്‍ എത്തിയിട്ടുള്ളത്. പുതിയ ഹിറ്റ് സിനിമ റിലീസ് ആവുമ്പോള്‍ ടിക്കറ്റിനു തിരക്കുന്ന പോലെയാണ് ഭക്ഷണ ഹാളില്‍ സീറ്റ് കിട്ടാന്‍ തിരക്കിയിരുന്നത്. ഒരു മണിക്കൂര്‍ ആയപ്പോഴേക്കും ഭക്ഷണം തീരാന്‍ തുടങ്ങി. ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുന്ന വിവരം സപ്ലയര്‍മാര്‍ വീട്ടുടമയെ അറിയിച്ചെങ്കിലും അദ്ദേഹം രണ്ടാമത് ഭക്ഷണം പാകം ചെയ്യുന്നതിനു കൂട്ടാക്കിയില്ല. ആദ്യ ട്രിപ്പുകളില്‍ ഇരിക്കാന്‍ കഴിഞ്ഞവര്‍ക്ക് മാത്രം ഭക്ഷണം കിട്ടി. പിന്നീട് ഇരുന്നവര്‍ ഭക്ഷണം വരുമെന്ന് കരുതി കുറേ നേരം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ വിശപ്പടക്കാന്‍ അടുത്തുള്ള കടകളില്‍നിന്ന് കിട്ടുന്ന ഭക്ഷണവും വാങ്ങിക്കഴിച്ച് കല്യാണവീട്ടുകാരെ ശപിച്ചു മടങ്ങി. ഭക്ഷണം തീര്‍ന്ന വിവരം സപ്ലയര്‍മാര്‍ വീണ്ടും വീട്ടുടമയെ അറിയിച്ചപ്പോള്‍ 'പന്തല്‍ അങ്ങോട്ട് പോളിച്ചോളിന്‍, അപ്പൊ കല്യാണം കഴിഞ്ഞെന്നു മനസ്സിലാക്കി ആളുകള്‍ ഒഴിഞ്ഞുപോയ്‌കൊള്ളും. ചോറ് തീരുന്നതു വരെയുള്ള കല്യാണത്തിന്റെ ഉത്തരവാദിത്തം മാത്രമേ എനിക്കുള്ളൂ' എന്ന് പറഞ്ഞു കാണുന്നവരോടൊക്കെ ദേഷ്യപ്പെടാന്‍ തുടങ്ങി. ഭക്ഷണം തീരുന്നതോടെ പന്തല്‍ പൊളിച്ചാല്‍ കല്യാണം കഴിഞ്ഞു എന്ന ഒരര്‍ഥം കൂടിയുണ്ട് എന്ന് കല്യാണത്തിനു വന്നവരെ ബോധ്യപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സപ്ലയര്‍മാര്‍ പിന്‍വാതിലിലൂടെ സ്ഥലം വിട്ടു.
ഇതൊന്നും അറിയാതെ നമ്മുടെ കോളേജ് കുമാരി വീട്ടിനുള്ളില്‍ അവള്‍ ക്ഷണിച്ച കൂട്ടുകാരികളോട് കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ 'കഴിക്കാന്‍.. ബിരിയാണി.. നോണോ..വെജിയോ' എന്ന് ചോദിച്ചു കൂട്ടുകാരികളെ നിര്‍ബന്ധിച്ച് ഭക്ഷണ ഹാളിലേക്ക് ആനയിക്കുകയാണ്. അവിടെ എത്തിയപ്പോഴാണ് ഭക്ഷണം തീര്‍ന്ന വിവരം ആ സാധു അറിയുന്നത്. ഇതു കേട്ട് ഒരു നിമിഷം പകച്ചുനിന്ന അവള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ 'നിങ്ങള്‍ ഇവിടെ ഇരിക്കൂ, ഞാന്‍ ഡാഡിയെയും മമ്മിയെയും വിളിച്ചു കൊണ്ടു വന്നു കാണിക്കാം' എന്ന് പറഞ്ഞു തടിതപ്പി.
ആ കല്യാണം അങ്ങനെ അത്തരത്തില്‍ അവസാനിച്ചു,
വര്‍ഷങ്ങള്‍ക്കു ശേഷം മേല്‍പറഞ്ഞ പെണ്‍കുട്ടിയുടെ കല്യാണവും ഇതേ വീട്ടില്‍ വെച്ച് നടന്നു. ഈ കല്യാണത്തിന് മുമ്പ് സംഭവിച്ചതു പോലെ ഭക്ഷണം തികയാത്ത അനുഭവം ഇല്ലാതിരിക്കാന്‍ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിച്ചു. കല്യാണം പറയുന്ന വീടുകളിലും ആളുകളോടും കല്യാണം പറഞ്ഞതിന്നു ശേഷം അവിടെ നിന്നുള്ള എത്ര പേര്‍ കല്യാണത്തിനു പങ്കെടുക്കും എന്ന് കൃത്യമായ കണക്കു കൂടി ചോദിക്കാന്‍ തുടങ്ങി. സാധാരണ കല്യാണത്തിന് ക്ഷണിക്കാന്‍ വരുന്നവര്‍ ചോദിക്കാത്ത ചോദ്യം കേട്ട് ഓരോ വീട്ടുകാരും അന്ധാളിച്ചു നിന്നു. ഒടുവില്‍ ക്ഷണിക്കാന്‍ വന്നവരോട് വരില്ല എന്ന് മുഖത്തു നോക്കി പറയാന്‍ മടിയുള്ളതുകൊണ്ട് പകരം 'ഇവിടുന്നു ഞങ്ങള്‍ എല്ലാവരും കല്യാണത്തിനു വരും' എന്ന ആശ്വാസവാക്ക് പറഞ്ഞ് ഒഴിഞ്ഞുമാറി. നമ്മുടെ ഗൃഹനാഥന്‍ 'നേരെ വാ നേരെ പോ' എന്നാ ചിന്താഗതിക്കാരനായതുകൊണ്ട് പറഞ്ഞിടത്തു നിന്നെല്ലാം എല്ലാവരും എത്തും എന്ന പ്രതീക്ഷയില്‍ ക്ഷണിച്ച വീടുകളിലെ മൊത്തം ആളുകളുടെ കണക്കുകൂട്ടി എല്ലാവര്‍ക്കുമുള്ള ഭക്ഷണവും തയാറാക്കി.
കല്യാണ ദിവസം അദ്ദേഹം രാവിലെ തന്നെ സ്വീകരണ പന്തലിലെ പ്രവേശന കവാടത്തില്‍ ആളുകളെ സ്വീകരിക്കാനായി കാത്തുനില്‍പ്പാണ്.
പക്ഷേ ഇപ്രാവശ്യം കല്യാണത്തിന് ജനങ്ങളുടെ പ്രവാഹമൊന്നും ഉണ്ടായില്ല. കണക്കുകൂട്ടിയ ആളുകളുടെ പത്തില്‍ ഒന്ന് പോലും കല്യാണത്തിന് എത്തിയില്ല. കല്യാണത്തിനു വരുന്നതിനു മുമ്പുതന്നെ പങ്കെടുക്കുന്ന ആളുകളുടെ കണക്കു ചോദിച്ചതുകൊണ്ടുള്ള വെറുപ്പോ അതോ മുമ്പത്തെ കല്യാണത്തിന് പങ്കടുത്തപ്പോള്‍ ഭക്ഷണം കിട്ടാതെ മടങ്ങിയതിലുള്ള നിരാശയോ എന്താണ് ആളുകള്‍ വരാതിരിക്കാന്‍ കാരണമെന്നു മനസ്സിലായില്ല. നിങ്ങള്‍ക്ക് വല്ലതും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top