ജീവിതത്തിന്റെ അതിരടയാളങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ഭൂമിയില്‍ ജീവിതം ആരംഭിച്ച ആദ്യത്തെ മനുഷ്യനോടു തന്നെ ദൈവം പറഞ്ഞു: ''എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തും. തീര്‍ച്ചയായും എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും. ഒട്ടും ദുഃഖമില്ലാത്തവരും. എന്നാല്‍ അതിനെ അവിശ്വസിക്കുകയും നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (ഖുര്‍ആന്‍: 2: 38,39).
കേരളത്തിലെ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനുമായി ആശയവിനിമയം നടത്തുകയായിരുന്നു. സംഭാഷണം വളരെ പെട്ടെന്നു തന്നെ സ്ത്രീയോടുള്ള ഇസ്‌ലാമിന്റെ സമീപനത്തെ സംബന്ധിച്ചായി. അദ്ദേഹം ചോദിച്ചു: 'സ്ത്രീപുരുഷന്മാര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതു പോലും വിലക്കുന്ന മതമല്ലേ നിങ്ങളുടേത്?'
'അതേ. ഇസ്‌ലാം അത് വിലക്കുന്നു.' തുടര്‍ന്ന് അദ്ദേഹത്തോട് ചോദിച്ചു: 'കൈയും കൈയും തമ്മില്‍ ചേര്‍ത്തു പിടിക്കാമെങ്കില്‍ അധരവും കവിളും ശരീരത്തിലെ മറ്റു ഭാഗങ്ങളുമൊക്കെ പരസ്പരം ചേര്‍ത്തു വെച്ചുകൂടേ?'
ഈ ചോദ്യം അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിയപ്പോള്‍ ചോദ്യത്തിന്റെ താല്‍പര്യം വ്യക്തമാക്കാനായി അതിങ്ങനെ വിശദീകരിച്ചുകൊടുത്തു: 'നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവും അനുവദനീയവും നിഷിദ്ധവും ഏതൊക്കെയെന്ന് ഓരോ മനുഷ്യനും സ്വയം തീരുമാനിക്കുകയാണെങ്കില്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരും താന്തോന്നികളായി മാറുകയില്ലേ? അത്തരം താന്തോന്നിക്കൂട്ടങ്ങളാണ് ഭൂമിയിലുള്ളതെങ്കില്‍ ജീവിതം സാധ്യമാകുമോ? അത്തരമൊരു സമൂഹത്തിന് നിലനില്‍ക്കാന്‍ കഴിയുമോ? അത് അസാധ്യമായതിനാലല്ലേ എല്ലാ സമൂഹങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയമങ്ങളും വ്യവസ്ഥകളും വിധിവിലക്കുകളും നിയമവിധേയങ്ങളും നിയമവിരുദ്ധങ്ങളുമൊക്കെ നിശ്ചയിക്കുന്നത്. മനുഷ്യരെല്ലാം സമന്മാരും തുല്യരുമായിരിക്കെ അവരില്‍ ചിലര്‍ നിശ്ചയിക്കുന്ന ശരിയും തെറ്റും, നന്മയും തിന്മയും, നീതിയും അനീതിയും, അനുവദനീയങ്ങളും നിഷിദ്ധങ്ങളും മറ്റുള്ളവര്‍ എന്തിന് അംഗീകരിക്കണം? ചിലര്‍ ആജ്ഞാപിക്കുന്നവരും മറ്റു ചിലര്‍ അനുസരിക്കുന്നവരുമാകുന്നതിന്റെ അടിസ്ഥാനവും ന്യായവുമെന്താണ്?'
ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറ്റു മതനിഷേധികളെപ്പോലെത്തന്നെ അദ്ദേഹത്തിനും തൃപ്തികരമായ മറുപടിയുണ്ടായിരുന്നില്ല.
 ദൈവിക മാര്‍ഗദര്‍ശനം
മനുഷ്യരൊഴിച്ചുള്ള ജീവികള്‍ക്കെല്ലാം വിവേചനശേഷി ജന്മസിദ്ധമാണ്. ജീവിതം എങ്ങനെയാവണമെന്ന് അവയെ ആരും പഠിപ്പിക്കേണ്ടതില്ല. മുട്ടയില്‍നിന്ന് വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞ് വെള്ളാരം കല്ലും അരിയും തിരിച്ചറിഞ്ഞ് അരി മാത്രം കൊത്തിത്തിന്നുന്നു. പിറന്നുവീഴുന്ന പശുക്കിടാവ് സ്വന്തം അമ്മയുടെ അകിടില്‍നിന്നു മാത്രം പാലുകുടിക്കുന്നു. പക്ഷിക്കുഞ്ഞിന് പറക്കാനോ മത്സ്യക്കുഞ്ഞിന് നീന്താനോ ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. അഥവാ മനുഷ്യരൊഴിച്ച് എല്ലാ ജീവികളും ജന്മവാസനകള്‍ക്കനുസരിച്ച് ജീവിക്കുന്നു.
എന്നാല്‍ മനുഷ്യന്റെ അവസ്ഥ തീര്‍ത്തും വ്യത്യസ്തമാണ്. പിറന്നുവീഴുന്ന മനുഷ്യശിശുവിന് മുതിര്‍ന്നവര്‍ ആഹാരപാനീയങ്ങള്‍ മാത്രം നല്‍കിയാല്‍ പോരാ, ജീവിതപാഠങ്ങളും നല്‍കണം. പരസഹായം കൂടാതെ നന്മതിന്മകളും ശരിതെറ്റുകളും നീതിയും അനീതിയും സന്മാര്‍ഗദുര്‍മാര്‍ഗങ്ങളും തിരിച്ചറിയുക സാധ്യമല്ല. മുതിര്‍ന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മനുഷ്യശിശു സ്വന്തം വിസര്‍ജ്യം ഭക്ഷിക്കും. അതുകൊണ്ടുതന്നെ മനുഷ്യന് ജീവിത ലക്ഷ്യവും മാര്‍ഗവും മൂല്യങ്ങളും ക്രമങ്ങളും പഠിപ്പിക്കാനുള്ള സംവിധാനം അനിവാര്യമാണ്. അവനെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവം തന്നെ അതിനു സംവിധാനമൊരുക്കിയിട്ടുണ്ട്.
ലോകത്തിലെ എല്ലാ ഭാഗത്തും എല്ലാ കാലത്തും ദൈവത്തിന്റെ മാര്‍ഗദര്‍ശനവുമായി അവന്റെ ദൂതന്മാര്‍ നിയോഗിതരായിക്കൊണ്ടിരുന്നു. ആ പരമ്പരയിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി. പൂര്‍വികരായ പ്രവാചകന്മാര്‍ക്ക് നല്‍കിയ ജീവിത പാഠങ്ങള്‍ തന്നെയാണ് മുഹമ്മദ് നബിക്കും നല്‍കിയത്. എന്നാലത് സമഗ്രവും എക്കാലത്തേക്കുമുള്ളതുമാണ്. വിശുദ്ധ ഖുര്‍ആനിലാണ് അതുള്ളത്. ഒരക്ഷരം പോലും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകാതെ ആ ഗ്രന്ഥം സംരക്ഷിക്കപ്പെടുമെന്ന് ദൈവത്താല്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും അതിന്നും ദൈവത്തില്‍നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ചതുപോലെത്തന്നെ നിലനില്‍ക്കുന്നു.
തൃപ്തികരമായ ഉത്തരം
മനുഷ്യന്‍ ആരാണ്? എവിടെ നിന്ന് വന്നു? എന്തിനു വന്നു? എങ്ങോട്ട് പോകുന്നു? ജീവിതം എന്താണ്? എങ്ങനെയായിരിക്കണം? മരണശേഷം എന്ത്? മൗലികപ്രധാനങ്ങളായ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം സ്വയം കണ്ടെത്താന്‍ മനുഷ്യന് സാധ്യമല്ല. അവന്റെ അറിവിന്റെ പരിമിതി തന്നെയതിന് കാരണം. 
ഒരു മനുഷ്യനും സ്വന്തത്തെ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനും അവന് സാധ്യമല്ല. അതോടൊപ്പം മനുഷ്യനെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവം അവന്‍ എങ്ങനെ ജീവിക്കണമെന്ന് വിശദമായി വിശദീകരിക്കുന്ന ഒരു കാറ്റലോഗ് തന്നിട്ടുണ്ട്. അതാണ് വിശുദ്ധ വേദഗ്രന്ഥം. അതില്‍ വിശദീകരിക്കപ്പെട്ട പോലെ ജീവിതം നയിക്കുമ്പോള്‍ മാത്രമേ അത് നശിക്കാതെ ഫലപ്രദമായിത്തീരുകയുള്ളു.

കടുത്ത അതിക്രമം

ഇവിടെ ആരുടെ വശവും സ്വന്തമായി ഒന്നുമില്ല. നാമൊക്കെ എന്റെ കൈ, എന്റെ കണ്ണ്, എന്റെ ജീവന്‍, എന്റെ ആയുസ്സ്, എന്റെ ആരോഗ്യം എന്നൊക്കെ പറയാറുണ്ട്. യഥാര്‍ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. നമ്മുടേതാണെങ്കില്‍ അവക്കൊന്നും വേദനയോ രോഗമോ വരില്ല. അവസാനം നിര്‍ജീവമാവുകയുമില്ല. മറ്റുള്ളവരുടെ വസ്തുക്കള്‍ നാം ഉപയോഗിക്കുമ്പോള്‍ അവയുടെ ഉടമ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. അപ്രകാരം തന്നെ നമുക്ക് ശരീരവും ശാരീരികാവയവങ്ങളും ജീവനും ജീവിതവും ആയുസ്സും ആരോഗ്യവും നല്‍കിയ പ്രപഞ്ചസ്രഷ്ടാവായ ദൈവമാണ് അവ എങ്ങനെ ഉപയോഗിക്കണമെന്നും ഉപയോഗിക്കരുതെന്നും നിര്‍ദേശിക്കേണ്ടത്. ആ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നത് ദൈവത്തോടെന്നപോലെ സ്വന്തത്തോടും ചെയ്യുന്ന കടുത്ത അതിക്രമമാണ്. ഇരുലോക നഷ്ടങ്ങള്‍ക്കു നിമിത്തവും.

പരമാധികാരം ആര്‍ക്ക്?

മനുഷ്യന് തെരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള സാധ്യതയും സ്വാതന്ത്ര്യവും ലഭിച്ച മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കാണല്ലോ നിയമമെന്ന് പറയുക. നമുക്ക് അന്തരീക്ഷത്തില്‍ കൈ വീശാം; പക്ഷേ, അത് മറ്റാരുടെയും ശരീരത്തില്‍ തട്ടരുത്. നമുക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ അതാരുടെയും വികാരത്തെ വ്രണപ്പെടുത്തുകയോ അഭിമാനം ക്ഷതപ്പെടുത്തുകയോ അരുത്.
അപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രസക്തമായ ചോദ്യമാണ്; ആര്‍ക്കാണ് ഈ നിയമം നിര്‍മിക്കാനുള്ള അധികാരം എന്ന്. പ്രത്യക്ഷത്തില്‍ അതിനുള്ള സാധ്യത സ്വാതന്ത്ര്യം ലഭിച്ച മനുഷ്യനു തന്നെയാണ്. എന്നാല്‍ എല്ലാ ഓരോ മനുഷ്യനും അത് ഉപയോഗപ്പെടുത്തിയാല്‍ അവ പരസ്പരം ഏറ്റുമുട്ടുകയും വമ്പിച്ച കലാപങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. ഓരോരുത്തരും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിര്‍മിക്കുന്ന നിയമങ്ങള്‍ സ്വാഭാവികമായും മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്നവയായിരിക്കും. അതിനാല്‍ ജാതി, മത, ദേശ, ഭാഷാ, വര്‍ഗ, വര്‍ണ, ലിംഗ ഭേദങ്ങള്‍ക്കതീതമായി എല്ലാവരുടെയും താല്‍പര്യങ്ങള്‍ ഒരേപോലെ അറിയുകയും അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ശക്തിക്കു മാത്രമേ മുഴുവന്‍ മനുഷ്യരുടെയും ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും തുല്യപ്രാധാന്യം കല്‍പ്പിക്കാന്‍ കഴിയുകയുള്ളു. അതുകൊണ്ടാണ് ഇസ്‌ലാം നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിനു മാത്രമാണെന്ന് ഊന്നിപ്പറയുന്നത്.
''വിധിക്കധികാരം അല്ലാഹുവിനു മാത്രമാണ്. അവനെയല്ലാതെ മറ്റാരെയും നിങ്ങള്‍ വഴിപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നു. ഏറ്റവും ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല'' (ഖുര്‍ആന്‍: 12:40).
ദൈവനിശ്ചിതമായ പരിധികളില്‍ നിന്നുകൊണ്ട് മുഴു ജീവിതമേഖലകളിലും ആവശ്യമായ നിയമനിര്‍ദേശങ്ങളും വിധിവിലക്കുകളും ചിട്ടവട്ടങ്ങളും പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കാനുള്ള അധികാരവും അവകാശവും സമൂഹത്തിനുണ്ട്. എന്നാലവ ദൈവിക നിയമനിര്‍ദേശങ്ങളെ ലംഘിക്കുന്നവയോ അവയുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്നവയോ ആകരുത്.
ഇന്ത്യയിലെ പാര്‍ലമെന്റിനും അസംബ്ലികള്‍ക്കും ജനഹിതത്തിനനുസൃതമായി നിയമനിര്‍മാണത്തിനുള്ള അധികാരമുണ്ട്. എന്നാലത് മൗലികാവകാശങ്ങളുടെ പരിധിക്കുള്ളില്‍നിന്നുകൊണ്ടായിരിക്കണം. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിനാണ് അതിന്റെ ഉടമാവകാശമെന്ന് അംഗീകരിക്കുന്ന ആര്‍ക്കും നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിനു മാത്രമാണെന്ന തത്ത്വത്തെ നിരാകരിക്കാന്‍ സാധ്യമല്ല. അതുതന്നെയാണ് ഇസ്‌ലാം അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നത്:
''അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന് മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവന്‍ തന്നെ'' (ഖുര്‍ആന്‍: 7:54).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top