സ്ത്രീ സഹകരണം വീട്ടില്‍നിന്ന് തുടങ്ങണം

ഡോ. ഹസീന സാബിര്‍ No image

കമല സുറയ്യ എഴുതുന്നുണ്ട്; 'ഒരു സ്ത്രീയും അബലയല്ല, എല്ലാ സ്ത്രീകള്‍ക്കും സ്വപ്‌നങ്ങളുണ്ട്, സ്‌നേഹമുണ്ട്, കരുതലുണ്ട്, നെഞ്ചോട് ചേര്‍ത്തു നിര്‍ത്തി കണ്ണീരൊപ്പിക്കൊടുക്കാനുള്ള ഒരു വലിയ മനസ്സുണ്ട്. മാറ്റിനിര്‍ത്താനും മൂലയില്‍ ഒതുക്കിയിരുത്താനും ഉത്തരവാദിത്വങ്ങള്‍ മാത്രം നല്‍കാനുമുള്ള ഉപകരണമല്ല സ്ത്രീ. മറിച്ച് കരുത്തും കഴിവും ക്ഷമയും പ്രാഗത്ഭ്യവും നിരീക്ഷണബുദ്ധിയും ആത്മാര്‍ഥതയുമുള്ളവളാണ് സ്ത്രീ.'
ഉത്തരവാദിത്വങ്ങള്‍ വീടിനകത്തും പുറത്തും ഒരുപോലെ നിറവേറ്റുന്നവരാണ് ഇന്ന് സ്ത്രീകള്‍. അവസരങ്ങളുടെയും തൊഴിലിന്റെയും വലിയ സാധ്യതകള്‍ ഇന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നു. തൊഴിലിടങ്ങളില്‍ മികവാണ് മുഖ്യം എന്ന കാര്യത്തിലും സ്ത്രീകള്‍ ഒട്ടും പിറകിലല്ല. എന്നിട്ടും സ്ത്രീയെ പിറകിലാക്കുന്നതാരാണ്? വിശാലമായ അവസരങ്ങള്‍ തുറക്കപ്പെടുേമ്പാഴും ആരാണ്, എവിടെ നിന്നാണ് അസ്വാതന്ത്ര്യങ്ങളുടെ ചങ്ങലകള്‍ അവള്‍ക്കുമേല്‍ വീഴ്ത്തുന്നത്? എങ്ങനെയാണ് സമൂഹം അവളോട് ഇടപെടുന്നതെന്നും അവള്‍ക്ക് എവിടെനിന്നെല്ലാം ആശ്വാസം വേണ്ടതുണ്ട് എന്നുമുള്ള അന്വേഷണത്തിനു ഇവിടെ പ്രസക്തിയുണ്ട്.
കുടുംബത്തില്‍നിന്നാണ് യഥാര്‍ഥ ജനാധിപത്യവും സമത്വവും സ്വാതന്ത്ര്യവും ആരംഭിക്കേണ്ടത്. വിലക്കുകളുടെയും പ്രതിസന്ധികളുടെയും കുറ്റപ്പെടുത്തലുകളുടെയും വന്‍നിര തന്നെയുണ്ടാകും എപ്പോഴും സ്ത്രീകള്‍ക്ക് മുന്നില്‍. ഇവയോട് ഏറ്റുമുട്ടി വിജയിക്കാന്‍ കഴിയാതെ വീടകങ്ങളില്‍ നിശ്ശബ്ദമായി കരയുന്ന സ്ത്രീകള്‍ അപൂര്‍വമല്ല. നിബന്ധനകള്‍ക്ക് വഴങ്ങേണ്ട 'ഭയാനകമായ സുരക്ഷിത' ബോധത്തിലാണ് എന്നും സ്ത്രീകള്‍. നാട്ടാചാരങ്ങള്‍, കുടുംബ പാരമ്പര്യങ്ങള്‍ എന്നിങ്ങനെ പലതും അതിന് കാരണമായി നിരത്താനുണ്ടാകും.
പെണ്‍കുട്ടികള്‍ക്ക് 18 തികഞ്ഞാല്‍ കെട്ടിക്കാറായി എന്ന ആധിയിലാണ് രക്ഷിതാക്കള്‍. വിവാഹം ലളിതമായ ഒരു പ്രക്രിയ എന്നതിനു പകരം ചെലവേറിയതായതുകൊണ്ടാണിത്. ഒരു പെണ്‍കുട്ടിയെ കെട്ടിച്ചയക്കാന്‍ ലക്ഷങ്ങള്‍ ചെലവു വരുന്നു. അപ്പോള്‍ രണ്ടും മൂന്നും മക്കളുള്ള രക്ഷിതാക്കളുടെ വേവലാതി പറയാനില്ല. ചെറുപ്രായത്തിലും പഠന സമയത്തും ആരംഭിക്കുന്ന വിവാഹാലോചനകള്‍ പെണ്‍കുട്ടികളെ ഏതോ മായികലോകത്തേക്ക് എത്തിക്കുന്നു. യാഥാര്‍ഥ്യബോധമില്ലാത്ത മായികലോകമാണ് ഇന്ന് പലര്‍ക്കും വിവാഹം. പഠനത്തിനും ലക്ഷ്യത്തിനുമപ്പുറം അവര്‍ മറ്റു സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നു. ഭര്‍തൃവീട്ടുകാരും ഭര്‍ത്താവുതന്നെയും വിലങ്ങുതടിയാകുന്നതോടെ പലരുടെയും പഠനം പാതിവഴിയില്‍ നിലക്കുന്നു. അല്ലെങ്കില്‍ ഭാര്യ എന്നുള്ള ഭാരിച്ച ഉത്തവരാദിത്വം വന്നുചേരുന്നതോടെ പഠന നിലവാരം താഴുന്നു. ഇതോടെ അവരുടെ സ്വപ്‌നങ്ങള്‍ക്ക് താഴുവീഴുന്നു.
കെട്ടിക്കാറായ പെണ്‍കുട്ടികളുള്ള വീടിനെ സമൂഹം കാണുന്നതും മറ്റൊരു രീതിയിലാണ്. നൂറു ചോദ്യങ്ങള്‍കൊണ്ട് രക്ഷിതാക്കളെ സമൂഹം പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. പ്രായപൂര്‍ത്തിയായാല്‍ വിവാഹം എന്നതിനു പകരം പക്വതയെത്തിയാല്‍ വിവാഹം എന്ന ചിന്തയിലേക്ക് സമൂഹം മാറേണ്ടതുണ്ട്.
ചുരുക്കം ചിലരെ മാറ്റിനിര്‍ത്തിയാല്‍ ഭൂരിപക്ഷം പെണ്‍കുട്ടികളും വിവാഹത്തിന് അവരറിയാതെ സമ്മതം മൂളുകയാെണന്ന് കാണാനാകും. പാതിമനസ്സുമായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ മൗനം രക്ഷിതാക്കള്‍ അനുകൂലമായെടുക്കുന്നു.
അതേസമയം, വിവാഹം ലളിതവും മാതൃകാപരവുമാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും അടുത്തിടെ കൂടിയിട്ടുണ്ട്. ഖുര്‍ആനും പുസ്തകങ്ങളും, അത്തറുമൊക്കെ മഹ്‌റായി സ്വീകരിച്ചവരെയും മറ്റൊരാള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വിവാഹത്തിലൂടെ തയാറായ ദമ്പതികളെയും കുറിച്ച് അടുത്തിടെ നാം പത്രങ്ങളില്‍ വായിച്ചു. ഇതിന് ആണ്‍കുട്ടികളും പിന്തുണ നല്‍കുന്നു എന്നത് സമൂഹത്തിലെ പുതുതലമുറ എങ്ങനെ ചിന്തിക്കുന്നു എന്നതിന് തെളിവാണ്. 

പുരുഷന് പ്രയാസങ്ങളുണ്ടോ?

പുരുഷന് എല്ലാം സ്വാതന്ത്ര്യങ്ങളുടെ ഇടമാണ്. ആരുടെ ചോദ്യങ്ങള്‍ക്ക് മുന്നിലും ഉത്തരങ്ങളുടെ ഭാണ്ഡക്കെട്ട് അഴിക്കേണ്ട. എന്നാല്‍ വിവാഹത്തോടെ പല സ്ത്രീകള്‍ക്കും പുരുഷന്‍ നടന്ന വഴിയില്‍ അവന് പിറകെ നിഴലായി മാറേിവരുന്നു. പലരും ഇതാണ് തന്റെ വിധിയെന്ന് കരുതി സ്വയം കൂട്ടില്‍ കയറി വാതിലടക്കുന്നു. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിബന്ധനകളില്‍ സ്വന്തം ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും മറക്കേണ്ടിവരുന്നവര്‍. നിരന്തരമായ മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാേയക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗര്‍ഭം അലസല്‍, മൂത്രാശയ രോഗങ്ങള്‍, വന്ധ്യത, അസ്തിക്ഷയം, പേശിവേദന എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. ഉത്കണ്ഠ, ഉള്‍വലിയല്‍, ഉറക്കമില്ലായ്മ തുടങ്ങി വിഷാദ രോഗങ്ങള്‍ വേറെയുമെത്താം. ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളില്‍ മൂന്നിലൊരാള്‍ ശാരീരികമോ മാനസികമോ ലൈംഗികമോ ആയ പീഡനം പങ്കാളിയില്‍നിന്ന് നേരിടുന്നവരാണ്. പലപ്പോഴും ഇവ തുറന്നുപറയാന്‍ സ്ത്രീകള്‍ സന്നദ്ധരാകാറുമില്ല. അധ്യാപികയെന്ന നിലയില്‍ ഇത്തരം അനുഭവങ്ങള്‍ക്ക് പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. നന്നായി പഠിക്കുന്ന പെണ്‍കുട്ടികള്‍ വിവാഹത്തോടെ കോളേജില്‍നിന്ന് അപ്രത്യക്ഷമാകുന്നതും പിന്നീട് പഠനം നിര്‍ത്തേണ്ടിവരുന്നതും എത്രയോ കണ്ടിരിക്കുന്നു. ഇതോടെ സമൂഹത്തിനും കുടുംബത്തിനും ആ കുട്ടിയുടെ കഴിവുകള്‍ ഉപയോഗപ്പെടാതെ പോകുന്നു. വിവാഹത്തിലെന്നപോലെ പഠനകാര്യത്തിലും ഒരു സ്വയം തെരഞ്ഞെടുപ്പിന് പെണ്‍കുട്ടികള്‍ സന്നദ്ധമാകണം. 

വീടിനുള്ളിലെയും തൊഴിലിടത്തെയും അസമത്വം

പുരുഷനെ പോലെ സ്ത്രീയും ജോലിയില്‍ ആത്മാര്‍ഥത കാണിക്കുന്നവരാണ്. പലപ്പോഴും പുരുഷനേക്കാള്‍ കൂടുതലാണത്. എന്നാല്‍ നീയൊരു പെണ്ണല്ലേ, പ്രായോഗികത കുറവാകും എന്നു പറഞ്ഞ് സ്ത്രീകളെ ഉന്നതസ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് പലപ്പോഴും പതിവാണ്.
സര്‍ക്കാര്‍ ജോലികള്‍ അല്ലാത്തിടത്ത് ഇന്നും ശമ്പളത്തില്‍ ആണ്‍/പെണ്‍ വേര്‍തിരിവുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചാലും സ്ത്രീയെ അംഗീകരിക്കാത്തവരുണ്ട്. ലൈംഗികവും മാനസികവുമായ അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നവരുമുണ്ട്. ഇതൊന്നും ആരോടും തുറന്നുപറയാന്‍ കഴിയാത്ത ഭയാനകമായ അസംതൃപ്തി സ്ത്രീജീവിതത്തില്‍ മുഴുനീളെ പ്രതിഫലിച്ചുകണ്ടേക്കാം.
ഇതിനെയെല്ലാം മറികടന്ന് ഉന്നത സ്ഥാനങ്ങളിലെത്തിയവരുണ്ടാകാം. അവരോട് ചോദിച്ചാലും ഇത്തരം 'ഒഴിവാക്കലുകളുടെ' കഥകള്‍ ഒരുപാട് പറയാനുണ്ടാകും. സര്‍വീസില്‍നിന്ന് പിരിഞ്ഞുപോകുമ്പോള്‍ ഒരു സഹപ്രവര്‍ത്തക പറഞ്ഞത് ഓര്‍ക്കുന്നു; 'ആര്‍ക്കോ വേണ്ടി ഓടിനടക്കുകയായിരുന്നു ഇതുവരെ, ഇനിയൊന്ന് വിശ്രമിക്കണം'. നോക്കൂ, സമൂഹത്തില്‍ മികച്ച ജോലിയുള്ള സ്ത്രീക്കുപോലും വിശ്രമിക്കാന്‍ റിട്ടയര്‍മെന്റ് ആകണം. അപ്പോള്‍ സാധാരണക്കാരായ സ്ത്രീകളുടെ കാര്യം എന്താകും? അടുക്കളയിലും മുറ്റത്തുമായി അവള്‍ വിശ്രമമില്ലാതെ ഓടിനടന്നത് എത്ര കാലമാകും!
തൊഴിലിടങ്ങളിലും വീട്ടിലുമായി 'ഡബിള്‍ ബര്‍ഡന്‍ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം' എന്ന പ്രക്രിയയിലൂടെയാണ് സ്ത്രീകള്‍ അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അടുക്കളയിലെ പാത്രങ്ങളുടെ ശബ്ദത്തിനൊപ്പം അതിരാവിലെ തുടങ്ങുന്ന വീട്ടുജോലികളിലേക്കാണ് അവള്‍ ഉണരുന്നത്. പിന്നീട് വീടും പരിസരവും വൃത്തിയാക്കല്‍, ആഹാരം ഒരുക്കല്‍, കുട്ടികളെ എഴുന്നേല്‍പ്പിക്കല്‍, അവരെ ഒരുക്കല്‍, സ്‌കൂളിലേക്ക് വിടല്‍ ഇതെല്ലാം കഴിഞ്ഞുവേണം ജോലിയുള്ള ഒരു സ്ത്രീ ഓഫീസിലേക്ക് തിരിക്കാന്‍. ഇതിനിടയില്‍ സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടിയെന്നു വരില്ല. നേരാംവണ്ണം പ്രഭാതഭക്ഷണം കഴിക്കാത്ത എത്രയോ പ്രഫഷണലുകള്‍ ഉള്ള നാടാണിത്. ഓടിച്ചെന്ന് ബസ് സ്റ്റോപ്പിലെത്തി തിരക്കുള്ള ബസ്സില്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുമ്പോഴായിരിക്കും ചില കാര്യങ്ങള്‍ മറന്നുപോയത് ഓര്‍ക്കുന്നത്. ഗ്യാസ് ഓഫാക്കിയിരുന്നോ, വീടിന്റെ പിന്‍വാതില്‍ അടച്ചിരുന്നോ! അങ്ങനെയങ്ങനെ.... തിരക്കിട്ട് ഓഫീസ് ജോലിക്കിടയിലും അവള്‍ക്ക് ഓര്‍ക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ടാകും. കുഞ്ഞ് സ്‌കൂളില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ, ഭര്‍ത്താവിന് കറി ഇഷ്ടമായി കാണുമോ? ഇതിനിടയില്‍ ചില മറവികള്‍ ഉണ്ടാകുന്നത് പതിവാണ്. എന്നാല്‍, ആ മറവികളെയും കുറ്റപ്പെടുത്തുന്ന വീട്ടുകാര്‍ ധാരാളമുണ്ടാകും. കൃത്യസമയത്ത് കുളിയും ഭക്ഷണവും കഴിഞ്ഞ് പുറത്തിറങ്ങുന്ന ഭര്‍ത്താവ് ഇതൊന്നും കാണുന്നുണ്ടാകില്ല. സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാന്‍ കഴിയാത്ത, സ്വന്തം എ.ടി.എം കാര്‍ഡ് പോലും ഉപയോഗിക്കാത്ത എത്രയോ ഉദ്യോഗമുള്ള സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ട്.

ഇണകള്‍ തുണകളാകട്ടെ

അസാധാരണമാണെന്നു തോന്നുന്ന എന്തിനെയും കൗതുകത്തോടെ നോക്കുന്നതുപോലെയാണ് സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് എന്ന് തോന്നിയിട്ടുണ്ട്. അസാധാരണമായ കഴിവുള്ള സ്ത്രീകളെ പലപ്പോഴും അംഗീകരിച്ചേക്കും. അപ്പോഴും അവളുടെ ബാഹ്യ സൗന്ദര്യവും പ്രഫഷനുമാകും പലപ്പോഴും ചര്‍ച്ച. വീട്ടിലെ പെണ്ണ് എങ്ങനെയെന്ന് ചര്‍ച്ചചെയ്യുന്ന എത്ര പേരുണ്ടാകും? ഭാര്യയെ സഹായിക്കുന്ന എത്ര ഭര്‍ത്താക്കന്മാരുണ്ടാകും? മാതാവിനെ വീട്ടുജോലികളില്‍ സഹായിക്കുന്ന എത്ര ആണ്‍മക്കളുണ്ടാകും? പഴയ പോലെയല്ല, അണുകുടുംബങ്ങളുടെ കാലമാണിത്. ഭാര്യയും ഭര്‍ത്താവും മക്കളും മാത്രമടങ്ങുന്നതാകും അത്. ചിലപ്പോള്‍ ഭര്‍ത്താവിന്റെ രക്ഷിതാക്കളും കാണും. ഇതിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് കുടുംബനായികക്ക് സഹായത്തിന് മറ്റു സ്ത്രീകള്‍ ഉണ്ടാകില്ല എന്നതാണ്. വീട്ടുജോലികളിലും അടുക്കളപ്പണിയിലും സഹധര്‍മിണിയെ സഹായിക്കാന്‍ ഭര്‍ത്താക്കന്മാര്‍ കൂടി ശ്രമിച്ചാല്‍ അവരുടെ ഭാരം പകുതി കുറയും. രാവിലെ ഒരുമിച്ച് എഴുന്നേല്‍ക്കലും പാചകത്തില്‍ സഹായിക്കലും മാത്രം മതിയാകും സ്ത്രീ സന്തുഷ്ടയാകാന്‍. അലക്കാനുള്ളത് മെഷീനില്‍ ഇടല്‍, അതൊന്ന് വിരിച്ചിടല്‍, ഡ്രസ് അയണ്‍ ചെയ്യല്‍, കുട്ടികളെ പല്ലുതേപ്പിക്കല്‍ എന്നിവയെല്ലാം പുരുഷന് ചെയ്യാവുന്നതേയുള്ളൂ. ഭാര്യയും ഭര്‍ത്താവും വീട്ടുജോലികളില്‍ പരസ്പരം സഹായിക്കുന്നതു കണ്ട് വളരുന്ന കുട്ടികള്‍ക്കും അതില്‍ മാതൃകയുണ്ടാകും. ആണ്‍കുട്ടികളെയും അടുക്കള സഹായത്തിന് വീട്ടമ്മമാര്‍ ആശ്രയിക്കണം. കുട്ടികള്‍ അവരുടെ ജീവിതത്തില്‍ അത് പകര്‍ത്തുകയും മുതിര്‍ന്നാല്‍ പ്രയോഗവത്കരിക്കുകയും ചെയ്യും. സന്തുഷ്ട കുടുംബം, സഹകരണ കുടുംബം എന്ന മഹത്തായ സന്ദേശം ഇതുവഴി പ്രയോഗവത്കരിക്കാനാകും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top