കുടുംബത്തിനകത്തെ സ്ത്രീ ചില കര്‍മശാസ്ത്ര ആലോചനകള്‍

സി.ടി സുെെഹബ്‌ No image

ചില വയലന്‍സുകള്‍ക്ക് പ്രത്യക്ഷ ആക്രമണങ്ങളുടെ രൂപമുണ്ടാവില്ല. അത് ചിലപ്പോള്‍ ഒരു നോട്ടമോ വാക്കോ മുഖഭാവമോ മൗനമോ ഒക്കെയായിരിക്കും. അതില്‍ അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങള്‍, ആവശ്യങ്ങള്‍, സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍ ഇങ്ങനെ പലതുമുണ്ടാകും. സ്ത്രീകള്‍ വീടുകളില്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളുടെ രൂപം പലപ്പോഴും ഈ പാസ്സീവ് വയലന്‍സായിരിക്കും.
സ്ത്രീകള്‍ക്കെതിരായ വയലന്‍സിന്റെ ഒരു പ്രധാന ഇടം വീടുകളാണ്. പുരുഷകേന്ദ്രീകൃതമായ കുടുംബ ഘടനയും കുടുംബ സങ്കല്‍പ്പങ്ങളും സ്ത്രീയവകാശങ്ങള്‍ ഹനിക്കുന്നതില്‍ വഹിക്കുന്ന പങ്കിനെ അനുഭവങ്ങളിലൂടെയും അത്തരം അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന കലാരൂപങ്ങളിലൂടെയും പലപ്പോഴായി ചര്‍ച്ചയാകാറുണ്ട്. പുരുഷാധികാര മേല്‍ക്കോയ്മകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഇത്തരം ചര്‍ച്ചകള്‍ മതങ്ങളിലും ആചാരങ്ങളിലുമുള്ള വിവേചനങ്ങളിലാണ് ചെന്നു നില്‍ക്കാറുള്ളത്.
സ്ത്രീ പലതരം അധികാര ഘടനകള്‍ക്കകത്ത് അടിച്ചമര്‍ത്തലുകളനുഭവിക്കുന്ന സാമൂഹിക അന്തരീക്ഷത്തില്‍ നിന്നു കൊണ്ട് ഇസ്ലാമിക നിയമങ്ങളെ വായിക്കുമ്പോള്‍ വിവേചനമുള്ളതായി തോന്നും. ഇസ്ലാമിന്റെ വിഭാവനയനുസരിച്ച് പ്രാക്ടീസ് ചെയ്യപ്പെടുന്ന സാമൂഹിക അന്തരീക്ഷത്തില്‍ വ്യക്തിത്വവും സ്വാതന്ത്ര്യവും അന്തസ്സുമുള്ളവളാണ് സ്ത്രീ. പ്രത്യക്ഷത്തില്‍ വിവേചനമായി തോന്നുന്ന കാര്യങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ച് മുന്നോട്ടു പോകാന്‍ ഒരു സ്ത്രീക്ക് കഴിയുന്ന സാഹചര്യത്തില്‍ വിവേചനമാണോ എന്ന അന്വേഷണം പ്രസക്തമാണ്.
സ്ത്രീയും പുരുഷനും എല്ലാറ്റിലും തുല്യരാണെന്ന നിലക്കല്ല ഇസ്ലാം കാര്യങ്ങളെ സമീപിക്കുന്നത്. പരസ്പരപൂരകങ്ങളായ അവകാശബാധ്യതകളാണുള്ളത്. അതില്‍ തന്നെ സ്ത്രീക്ക് അവളുടെ ശാരീരിക-മാനസിക പ്രത്യേകതകളനുസരിച്ച് വളരെ കുറഞ്ഞ ബാധ്യതകളേ നിയമപരമായി കല്‍പ്പിക്കുന്നുള്ളൂ. കുടുംബ ജീവിതത്തിലെ ഇസ്ലാമികാധ്യാപനങ്ങള്‍ പരിശോധിച്ചാല്‍ അന്തസ്സും അഭിമാനവും സ്വതന്ത്ര വ്യക്തിത്വം ഉറപ്പു ലഭിക്കുന്നതുമായ ഒരു ജീവിതം അവിടെ കാണാനാകും.
വിവാഹം
വിവാഹം ഒരാളുടെ ജീവിതത്തിലെ സുപ്രധാന സന്ദര്‍ഭമാണ്. ആരെ ജീവിതപങ്കാളിയാക്കണം എന്നതില്‍ ഇസ്ലാമിക പരിധിക്കുള്ളില്‍ നിന്നുകൊണ്ട്, ആണിനും പെണ്ണിനും സ്വതന്ത്രമായ തീരുമാനമെടുക്കാം. അതില്‍ മാതാപിതാക്കള്‍ക്ക് അധികാരമില്ല. പെണ്‍കുട്ടിയുടെ താല്‍പര്യവും സമ്മതവുമില്ലാതെ വിവാഹം നടത്തിയാല്‍ അവള്‍ക്ക് ആ ബന്ധം ഒഴിയാനുള്ള അധികാരമുണ്ട്. മഹ്റ് (വിവാഹമൂല്യം) നിശ്ചയിക്കാനും അനുഭവിക്കാനുമുള്ള അവകാശം പൂര്‍ണമായും അവള്‍ക്ക് തന്നെയാണ്.
വിവാഹം കഴിയുന്നതോടെ അവളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ അവന്റെ ബാധ്യതയാണ്. ആ ബാധ്യത നിര്‍വഹിക്കാന്‍ ശേഷിയുള്ളവരാണ് വിവാഹം കഴിക്കേണ്ടത്. പ്രവാചകാധ്യാപനത്തില്‍ വന്നിട്ടുള്ള ബാഅത്ത് ഈ മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നുണ്ട്. ചിലര്‍ ശാരീരിക ശേഷിയെയുമാണ് പറഞ്ഞിട്ടുള്ളതെങ്കിലും ആ പദത്തിന്റെ മൂലാര്‍ഥങ്ങള്‍ പരിശോധിച്ചാല്‍ ജീവിത സൗകര്യം എന്നത് തന്നെയാണെന്ന് വ്യക്തമാകുന്നുണ്ട്.
ഭക്ഷണവും വസ്ത്രവും നല്‍കാനുള്ള കഴിവാണ് പൊതുവെ നമ്മുടെ നാട്ടില്‍ പരിഗണിക്കാറുള്ളത്. എന്നാല്‍ സ്വന്തമായ താമസ സൗകര്യമെന്നത് വിവാഹ സമയത്ത് പരിഗണിക്കപ്പെടാറില്ല. കൂട്ടുകുടുംബ സമ്പ്രദായം പവിത്രമായി മനസ്സിലാക്കപ്പെടുന്ന സാമൂഹികാന്തരീക്ഷത്തില്‍ സ്വന്തമായി വീടു വെക്കാന്‍ ശേഷിയുള്ളവര്‍ പോലും കുറച്ച് വര്‍ഷങ്ങള്‍ കൂട്ടുകുടുംബമായി നിന്നു കൊണ്ടേ മാറിത്താമസിക്കാറുള്ളൂ. വിവാഹം കഴിഞ്ഞ് അധികം കഴിയാതെ മാറിത്താമസിക്കുന്നവര്‍ കുടുംബ സ്നേഹമില്ലാത്തവരായി മുദ്രകുത്തപ്പെടുകയും ചെയ്യും. എന്നാല്‍ ഇസ്ലാമിക സംസ്‌കാരം ദമ്പതികളുടെ സ്വകാര്യതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്.
വിവാഹിതരാകുന്നതോടെ ദമ്പതികള്‍ സ്വന്തമായ സ്വകാര്യ ഇടങ്ങളിലേക്ക് ജീവിതത്തെ പറിച്ചു നടുന്നതാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. കൂട്ടു കുടുംബത്തില്‍ താമസിക്കുന്നതിന് അവള്‍ പ്രയാസം പറയുകയാണെങ്കില്‍ സ്വന്തമായി താമസ സൗകര്യമൊരുക്കല്‍ സാമ്പത്തിക ശേഷിയുള്ള ഭര്‍ത്താവിന്റെ ബാധ്യതയായിട്ടാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂട്ടു കുടുംബ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാത്തതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായിട്ടുള്ളത്: ഒന്നാമത്തേത് ദമ്പതികള്‍ക്ക് വേണ്ട സ്വകാര്യതയാണ്. പരസ്പരം എല്ലാം പങ്കുവെച്ചും ഇഴുകിച്ചേര്‍ന്നും ജീവിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സ്നേഹവും ഇഷ്ടങ്ങളും പ്രകടിപ്പിക്കാന്‍ കഴിയാതെ വരുന്നു. അതിനാല്‍ തന്നെയാകും ചിലരുടെ അഭിപ്രായത്തില്‍ സ്വന്തമായി മാറിത്താമസിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ദമ്പതികള്‍ക്കായി പ്രത്യേക അടുക്കള വേണമെന്ന് പറയുന്നത്. അത് പ്രാക്ടീസ് ചെയ്യുന്ന ജനങ്ങള്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കാണാന്‍ കഴിയും.
രണ്ടാമത്തേത് ഇസ്ലാമിന്റെ ധാര്‍മികാധ്യാപനങ്ങളുടെ ഭാഗമാണ്. മഹ്റമല്ലാത്ത (വിവാഹബന്ധം നിഷിദ്ധമല്ലാത്തവര്‍) ഭര്‍ത്താവിന്റെ സഹോദരങ്ങളടക്കമുള്ളവര്‍ താമസിക്കുന്ന വീട്ടില്‍ ശരീരം മറച്ചും അന്യപുരുഷന്മാരോടുള്ള ബന്ധത്തിന്റെ മറ്റ് പരിധികള്‍ പാലിച്ചും ജീവിക്കുക പ്രയാസകരമാണ്. പലപ്പോഴും ധാര്‍മിക പരിധികള്‍ ലംഘിക്കേണ്ടതായും വരും. അതൊഴിവാക്കാന്‍ കൂടിയാണ് സ്വകാര്യമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് പറഞ്ഞിട്ടുള്ളത്.
ഭാര്യക്ക് ഭര്‍ത്താവിനോടുള്ള ബാധ്യതകളെ കുറിച്ച് പറയുന്നിടത്ത് അദ്ദേഹത്തിന്റെ ലൈംഗികാവശ്യങ്ങളെയും ഇഷ്ടങ്ങളെയും പരിഗണിക്കുക എന്നതാണ് കാര്യമായ ബാധ്യതയായി എണ്ണിയിട്ടുള്ളത്. മഹ്‌റ് അതുമായിക്കൂടി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. ശാരീരിക ബന്ധം നടത്തുന്നതിന് മുന്നേ ബന്ധം വേര്‍പിരിയേണ്ടി വന്നാല്‍ മഹ്റിന്റെ പകുതി തിരിച്ചു വാങ്ങാം എന്നാണ്. ശാരീരിക ബന്ധത്തിന് ശേഷമാണെങ്കില്‍ മഹ്റില്‍നിന്ന് ഒന്നും വാങ്ങാന്‍ പാടില്ല എന്നതാണ് ശരീഅത്തിന്റെ വിധി. ലൈംഗിക ബന്ധത്തില്‍ പുരുഷന്മാരുടെ ഏകപക്ഷീയമായ വികാരശമനങ്ങളെ വിലക്കുന്നുണ്ട് പ്രവാചകധ്യാപനങ്ങള്‍. സ്ത്രീയുടെ അഭിരുചികളും സന്തോഷങ്ങളും പൂര്‍ണമായും പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അവള്‍ക്ക് മതിയാകാതെ അവന്‍ ബന്ധം അവസാനിപ്പിക്കാന്‍ പാടില്ല എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നിടത്ത് അവളുടെ ലൈംഗിക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുന്നു.
ഉത്തരവാദിത്തം
ഭാര്യയുടെ ചുമതലകള്‍ പറയുന്നിടത്ത് ഭര്‍ത്താവിന് ഇഷ്ടമില്ലാത്തവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക, അദ്ദേഹത്തിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സമ്പത്ത് സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. അതിലപ്പുറമുള്ള കാര്യങ്ങള്‍ ഭാര്യ നിര്‍വഹിക്കേണ്ട നിര്‍ബന്ധ ബാധ്യതകള്‍ എന്ന നിലക്ക് പഠിപ്പിക്കുന്നില്ല. പാചകവും വസ്ത്രം അലക്കലും മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങളും ഭാര്യയുടെ ബാധ്യതകളായി പഠിപ്പിക്കുന്നില്ല. വീട്ടുജോലിക്കാരെ വെക്കുന്ന സമ്പ്രദായങ്ങളുണ്ടെങ്കില്‍ അവളാവശ്യപ്പെട്ടാല്‍, ഭര്‍ത്താവിന്റെ കഴിവില്‍പെട്ടതാണെങ്കില്‍ വേലക്കാരിയെ നിശ്ചയിച്ചു കൊടുക്കണം. ഭാര്യ സ്വയം നിലക്ക് വീട്ടിലെ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുകയാണെങ്കില്‍ അവള്‍ക്ക് വേണമെങ്കില്‍ വീട്ടുജോലിക്ക് കൂലി ആവശ്യപ്പെടാമെന്നും ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. നിയമപരമായി ഭക്ഷണം നല്‍കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാണ്. ഭക്ഷണത്തിനാവശ്യമായ മെറ്റീരിയല്‍സ് നല്‍കല്‍ മാത്രമല്ല കഴിക്കാന്‍ പാകത്തിലാക്കുക എന്നതാണ് അതിന്റെ പൂര്‍ണത. അതിനാല്‍ ഭാര്യ വീട്ടുജോലികള്‍ ചെയ്ത് ശീലിച്ചിട്ടില്ലാത്ത വിഭാഗത്തില്‍പെട്ടവളാണെങ്കില്‍ ഭര്‍ത്താവ് അതിനുള്ള മറ്റ് സംവിധാനങ്ങളൊരുക്കണമെന്നാണ്.
ഹനഫി കര്‍മശാസ്ത്ര സരണിയിലെ പ്രമുഖ പണ്ഡിതനായ ഇമാം കാസാനി 'അല്‍ ബദാഇഅ' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'പാചകം ആവശ്യമായ ഭക്ഷണ പദാര്‍ഥമാണ് ഭര്‍ത്താവ് കൊണ്ടുവരുന്നതെങ്കില്‍ അത് പാകം ചെയ്യാന്‍ ഭാര്യ പ്രയാസം പറഞ്ഞാല്‍ കഴിക്കാന്‍ പാകത്തിലുള്ള ഭക്ഷണം കൊണ്ടുവരല്‍ ഭര്‍ത്താവിന്റെ ചുമതലയാണ്'. ശാഫിഈ മദ്ഹബിലെ അബൂ ഇസ്ഹാഖ് ശീറാസി തന്റെ അല്‍ മുഹദ്ദബില്‍ പറയുന്നു: 'അരി പൊടിക്കുക, പാചകം ചെയ്യുക, വസ്ത്രം അലക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭാര്യയുടെ ബാധ്യതയില്‍ പെട്ടതല്ല. ഭര്‍ത്താവിന്റെ ലൈംഗികാവശ്യങ്ങളല്ലാത്തത് ബാധ്യതയുടെ ഗണത്തിലല്ല വരുന്നത്'. മാലികീ മദ്ഹബിലും സമാനമായ അഭിപ്രായമാണുള്ളത്. എന്നാല്‍ വേലക്കാര്‍ ആവശ്യമുള്ള ഭാര്യമാര്‍, ആവശ്യമില്ലാത്ത ഭാര്യമാര്‍ എന്നൊരു വേര്‍തിരിവ് അതില്‍ കാണാന്‍ കഴിയുന്നുണ്ട്. ഹമ്പലീ മദ്ഹബില്‍ വീട്ടുജോലികള്‍ ഭാര്യയുടെ ബാധ്യതയല്ല. എന്നാല്‍ ഒരു നാട്ടിലെ സമ്പ്രദായം അങ്ങനെയാണെങ്കില്‍, അവര്‍ നിര്‍വഹിക്കുമ്പോഴാണ് കുടുംബ ജീവിതം വ്യവസ്ഥാപിതമായി മുന്നോട്ടു പോകുന്നതെങ്കില്‍ അവര്‍ തന്നെ അത് നിര്‍വഹിക്കുന്നതാണ് ഉത്തമം എന്നു പറയുന്നു.
എന്നാല്‍ ഫാത്വിമ (റ) ഒരു സേവകയെ ആവശ്യപ്പെട്ട് നബി(സ)യെ സമീപിച്ചപ്പോള്‍ റസൂല്‍ (സ) അത് നിരസിക്കുകയും ജോലിഭാരങ്ങളുണ്ടെങ്കില്‍ അത് ലഘൂകരിക്കാനായി ചില ദിക്‌റുകള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന ഹദീസ് വെച്ച് വീട്ടിലെ ജോലി ഭാര്യയാണ് ചെയ്യേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഹദീസ് വീട്ടുജോലി ബാധ്യതയാണെന്ന അര്‍ഥത്തിലല്ല, പൊതുവെ സ്ത്രീകളാണ് അതൊക്കെ നിര്‍വഹിക്കുന്നത് എന്നതിനാല്‍ മകളെന്ന നിലക്കുള്ള ഒരു ഉപദേശ രൂപത്തിലാണ് മറ്റുള്ളവര്‍ പരിഗണിച്ചിട്ടുള്ളത്. അത് ബാധ്യത എന്ന അര്‍ഥത്തിലാണെങ്കില്‍ പ്രബല മദ്ഹബുകള്‍ അങ്ങനെ കാണേണ്ടതായിരുന്നു. ചുരുക്കത്തില്‍, നിയമപരമായി വീട്ടുജോലികള്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണെന്നതിന് ഖണ്ഡിതമായ ശര്‍ഈ വിധികളില്ല എന്നാണ്. ബാധ്യതയാണെന്നതിനാണ് തെളിവ് വേണ്ടത്. ഭര്‍ത്താവിന്റെ ബാധ്യതകളാകട്ടെ ഖണ്ഡിതമായി ശരീഅത്ത് പറഞ്ഞിട്ടുണ്ട്.
കുഞ്ഞിന് മുലയൂട്ടല്‍ ഉമ്മയുടെ നിര്‍ബന്ധ ബാധ്യതയില്‍പെടുന്നതാണോ എന്ന ചര്‍ച്ചയില്‍ കുഞ്ഞിന് മുലപ്പാല്‍ ലഭ്യമാകുക എന്നത് കുഞ്ഞിന്റെ അവകാശമാണെന്നും അത് ലഭ്യമാക്കേണ്ട ബാധ്യത ഉപ്പയുടേതാണെന്നും കര്‍മശാസ്ത്ര നിയമം പറയുന്നു. മാതാവ് ആവശ്യപ്പെടുകയാണെങ്കില്‍ മുലയൂട്ടാന്‍ മറ്റ് ആളുകളെ കണ്ടെത്തണമെന്നാണ്. മറ്റാരും ലഭ്യമല്ലാത്ത അവസ്ഥയില്‍ മാത്രമാണ് ഉമ്മക്ക് മുലയൂട്ടല്‍ ബാധ്യതയാകുന്നത്. അറേബ്യന്‍ സംസ്‌കാരത്തില്‍ മുലയൂട്ടല്‍ സമ്പ്രദായം വ്യാപകമായിരുന്നു. ഇസ്ലാം അതിനെ റദ്ദു ചെയ്തില്ലെന്നു മാത്രമല്ല രക്തബന്ധം പോലെ പവിത്രമായ ബന്ധമായി മുലകുടി ബന്ധത്തെ നിശ്ചയിക്കുകയും ചെയ്തു. നമ്മുടെ നാട്ടില്‍ അത്തരം സമ്പ്രദായങ്ങളില്ലാത്തതിനാല്‍ അത് സ്വാഭാവികമായും മാതാവിന്റെ ബാധ്യതയായി മാറുകയാണ് ചെയ്യുന്നത്.
ദാമ്പത്യബന്ധത്തില്‍ ബാധ്യതകളുടെ കണക്കെടുപ്പില്‍ പുരുഷനാണ് കാര്യമായ ഉത്തരവാദിത്തങ്ങളെല്ലാമുള്ളത്. അതിനാല്‍ തന്നെ അതിനനുസരിച്ച അധികാരാവകാശങ്ങളും നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മേലുള്ള പുരുഷന്റെ രക്ഷാധികാരം ഉത്തരവാദിത്തത്തിന്റെ ഭാഗമായുള്ള അധികാരമാണ്.
ഇസ്ലാം വിഭാവനം ചെയ്യുന്ന കുടുംബ ഘടനക്കകത്ത് ഉത്തരവാദിത്തങ്ങളും ബാധ്യതകളും കൂടുതല്‍ ചുമത്തപ്പെട്ടവര്‍ എന്ന നിലക്ക് സ്ത്രീയുടെ സ്വത്തവകാശത്തിലെ ആനുപാതിക കുറവും പുരുഷന്റെ വലിയ്യാകാനുള്ള അവകാശവും വിവേചനപരമല്ല എന്ന് മനസ്സിലാകും. ഭര്‍ത്താവിന്റെ ജീവിതാധ്വാനവും നിര്‍ബന്ധമാക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തന ഇടപെടലുകളുടെ ഭാരവും മനസ്സിലാക്കി ബാധ്യതകള്‍ എന്ന നിയമ ചട്ടക്കൂട്ടില്‍ നിന്നിട്ടല്ലെങ്കിലും അദ്ദേഹത്തോട് നന്നായി വര്‍ത്തിക്കുകയും കൂടുതല്‍ സന്തോഷവും എളുപ്പവുമൊക്കെ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുക എന്നത് ദാമ്പത്യജീവിതത്തിലെ സഹവര്‍ത്തിത്വത്തിന്റെ ഭാഗമായി മനസ്സിലാക്കേണ്ടതുമാണ്. എന്നാല്‍ സ്ത്രീക്ക് ഈ അര്‍ഥത്തിലുള്ള അന്തസ്സും വ്യക്തിത്വവുമൊന്നും വകവെച്ചുനല്‍കപ്പെടാത്ത സാഹചര്യത്തില്‍ ആണ്‍-പെണ്‍ സമത്വമില്ലാത്ത കാഴ്ചപ്പാടുകളെല്ലാം വിവേചനപരമായി മനസ്സിലാക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഇസ്ലാം പുനര്‍വിവാഹത്തെ വളരെ ലളിതവും സ്വാഭാവികവുമായ കാര്യമായിട്ടാണ് കാണുന്നത്. ഇസ്ലാമിക സംസ്‌കാരത്തില്‍ അത് വളരെ വ്യാപകവുമായിരുന്നു. അതിനാല്‍തന്നെ വിവാഹ മോചനം സ്ത്രീയെ സംബന്ധിച്ചേടത്തോളം ജീവിതം വഴിമുട്ടിക്കുന്ന കാര്യമല്ല. പക്ഷേ നമ്മുടെ സമൂഹം പുനര്‍വിവാഹം വലിയ പ്രയാസകരവും സങ്കീര്‍ണവുമായ സാഹചര്യമാണ് സൃഷ്ടിച്ചുവെച്ചിട്ടുള്ളത്. സ്വാഭാവികമായും ഇത്തരം സാഹചര്യത്തില്‍ ഇസ്ലാമിലെ വിവാഹമോചനം സ്ത്രീവിരുദ്ധമായി മനസ്സിലാക്കപ്പെടുകയാണ് ചെയ്യുന്നത്.
കാര്യങ്ങള്‍ മേല്‍വിവരിച്ച പോലെ ആയിരിക്കുമ്പോഴും ദാമ്പത്യജീവിതബന്ധവും കുടുംബജീവിതവും അവകാശബാധ്യതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ടു പോകേണ്ട മേഖലയല്ല. സ്നേഹവും കാരുണ്യവുമാണ് ആ ബന്ധത്തിന്റെ അടിത്തറ. സ്നേഹത്തിനും കാരുണ്യത്തിനും കര്‍മശാസ്ത്രത്തില്‍ നിയമങ്ങളുണ്ടാകില്ല. പരസ്പരം ധാരണയിലും സഹകരണത്തിലും മുന്നോട്ടു പോവുക എന്നത് പ്രധാനമാണ്. കാരണം പരസ്പരപൂരകമായ കര്‍ത്തവ്യങ്ങള്‍ കൊണ്ടാണ് ഈ ലോകത്തെ ദൗത്യങ്ങള്‍ സ്ത്രീയും പുരുഷനും നിര്‍വഹിക്കേണ്ടത്. ഭര്‍ത്താവിന് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ തന്നെ ജോലിക്ക് പോകല്‍ നിര്‍ബന്ധമാണ്. ഭാര്യ മറ്റ് ഭാരങ്ങള്‍ കുറച്ചുകൊടുത്ത് അദ്ദേഹത്തിന് ജോലിയില്‍ സന്തോഷത്തോടെ മുന്നോട്ടു പോകാനുള്ള സാഹചര്യമൊരുക്കുക എന്നത് സഹവര്‍ത്തിത്വത്തിന്റെ ഭാഗമാണ്. ഭാര്യ വീട്ടുജോലികള്‍ ചെയ്ത് ഭര്‍ത്താവിനെ സഹായിക്കുന്നവളാണെന്ന നിലക്ക് തന്റെ ബാധ്യതകള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനനുസരിച്ച ആദരവ് നല്‍കുക എന്നത് പ്രധാനമാണ്. ഇനി രണ്ട് പേരും ജോലിക്ക് പോകുന്നവരാണെങ്കില്‍ വീട്ടുകാര്യങ്ങള്‍ പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് ചെയ്യേണ്ടത്. കൂട്ടുകുടുംബത്തിന്റെ വിഷയത്തിലും നിയമങ്ങള്‍ക്കപ്പുറമുള്ള ഭാഷ ആവശ്യമായി വരും. മാതാപിതാക്കള്‍ക്ക് മക്കളുടെ സാന്നിധ്യം ആവശ്യമുള്ള സാഹചര്യങ്ങളില്‍ അവരുടെ കൂടെ എപ്പോഴും ഉണ്ടാവുക എന്നതും കൂടെയില്ലാത്ത സാഹചര്യത്തില്‍ ബന്ധം സജീവമാക്കാനുള്ള അതീവ ശ്രദ്ധയും പരിഗണനയുമുണ്ടാകണമെന്നതും ഇസ്ലാമിക അധ്യാപനങ്ങളുടെ താല്‍പര്യമാണ്.
നാട്ടുസമ്പ്രദായങ്ങള്‍
ഉര്‍ഫ് (ഓരോ നാട്ടിലെയും സമ്പ്രദായങ്ങള്‍) ഇസ്ലാം പരിഗണിച്ച കാര്യമാണ്. വീട്ടുജോലികള്‍, കൂട്ടുകുടുംബം തുടങ്ങിയ കാര്യങ്ങളില്‍ അറേബ്യന്‍ മുസ്‌ലിം സംസ്‌കാരങ്ങളില്‍നിന്നും വേറിട്ട രീതികളാണ് നമ്മുടെ നാട്ടിലുള്ളത്. ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാകാത്തേടത്തോളം അത്തരം സമ്പ്രദായങ്ങളെ ഒഴിവാക്കണമെന്നില്ല. വിവാഹസമയത്ത് വീടുണ്ടാക്കാന്‍ ശേഷിയുണ്ടാവുക എന്നത് നമ്മുടെ സാഹചര്യത്തില്‍ വളരെ കുറഞ്ഞ ന്യൂനപക്ഷത്തിന് മാത്രം സാധ്യമാകുന്ന കാര്യമാണ്. അതില്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ നിലവിലെ അവസ്ഥയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. എന്നാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന അന്തരീക്ഷങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുകയും കൂട്ടുകുടുംബമെന്നത് അത്ര പവിത്രമായ കാര്യമല്ലെന്നും ഇണകള്‍ക്ക് കൂടുതല്‍ സ്വകാര്യത കിട്ടുന്ന ജീവിതം വേണമെന്നതുമൊക്കെ എല്ലാവരുടെയും ബോധമായി മാറുന്ന രൂപത്തിലുള്ള ഇഷ്ടങ്ങളുണ്ടാവണം. ആ ഒരു ബോധത്തിലേക്ക് ആളുകള്‍ വളരുമ്പോള്‍ മാറിത്താമസിക്കലും ഒരു വീട്ടിലെ വ്യത്യസ്ത അടുക്കളകളുമൊക്കെ പരസ്പരം ഉള്‍ക്കൊള്ളുന്ന സാഹചര്യങ്ങള്‍ രൂപപ്പെടും.
വീട്ടുജോലിയുമായി ബന്ധപ്പെട്ടും നാട്ടുസമ്പ്രദായങ്ങള്‍ പിന്തുടരുന്നത് ശരീഅത്തിന് വിരുദ്ധമല്ല. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമ്പ്രദായങ്ങള്‍ പിന്തുടരുമ്പോള്‍ നീതിനിഷേധവും വയലന്‍സും ഉണ്ടാകാന്‍ പാടില്ല എന്നതാണ്. ആ നിലക്ക് പരിശോധിക്കുമ്പോള്‍ പലപ്പോഴും നാട്ടുനടപ്പിന്റെ പേരില്‍ വയലന്‍സ് ഉണ്ടാകുന്നു എന്നത് യാഥാര്‍ഥ്യമാണ്. അത് അനുവദിക്കപ്പെടാവുന്നതല്ല. സമാധാന അന്തരീക്ഷം പ്രധാനമാണ്, പക്ഷേ നീതിയില്ലാത്ത സമാധാനങ്ങള്‍ ചിലരുടെ മാത്രം സമാധാനമാണ്.
അല്ലാഹുവുമായുള്ള ബന്ധം, അനുഷ്ഠാനങ്ങളിലെ സൂക്ഷ്മത, ദിക്റും ദുആയും സ്വലാത്തുമടക്കമുള്ള ആത്മീയ കാര്യങ്ങള്‍ ഇതിനൊക്കെ സമയം കിട്ടാത്ത രീതിയില്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ ജോലിഭാരം കൂടുന്നത് പ്രശ്നമായി തന്നെ കാണണം. കാരണം നിയമപരമായി നിര്‍ബന്ധ ബാധ്യതയല്ലാത്ത കാര്യങ്ങളില്‍ വ്യാപൃതയാകേണ്ടിവരുന്നതിനാല്‍ സ്വന്തം ആത്മീയ അവകാശങ്ങളും ആത്മാവിഷ്‌കാരങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവിടെ അനീതി സംഭവിക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ടാകല്‍ അവളോടുള്ള നീതിയുടെ താല്‍പര്യമാണ്.
ഖുര്‍ആന്‍ ദാമ്പത്യത്തെ കുറിച്ച് പറയുന്നിടത്ത് ഇണതുണകളോട് പറയുന്നത് 'മിന്‍ അന്‍ഫുസികും' (നിങ്ങളില്‍നിന്നു തന്നെയുള്ളവര്‍ - 30:21) എന്നാണ്. അതായത് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവന്‍/വള്‍ നിന്നെപ്പോലെ കഴിവുകളും കുറവുകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെയുള്ള വ്യക്തിയാണ്. അത് പരസ്പരം മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും വിട്ടുവീഴ്ചകള്‍ ചെയ്തുമൊക്കെയാണ് മുന്നോട്ടുപോകേണ്ടത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top