ഇസ്തിആദത്തിന്റെ പൊരുള്‍,ബസ്മലയുടെയും

ടി.കെ.ജമീല No image

''ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു.''

ഒരു മുസ്‌ലിം അഞ്ചുനേരത്തെ നമസ്‌കാരത്തില്‍ മാത്രം പതിനേഴിലധികം തവണ ഈ പ്രാര്‍ത്ഥനാ വചനം ഉരുവിടുന്നുണ്ട്. കൂടാതെ ഖുര്‍ആന്‍ പാരായണവേളയിലും മറ്റു സന്ദര്‍ഭങ്ങളിലും ഖുര്‍ആന്‍ അധ്യായങ്ങളുടെ തുടക്കത്തില്‍ ഇത് എഴുതി ചേര്‍ത്തിട്ടില്ലെങ്കിലും ഖുര്‍ആന്‍ ഓതുമ്പോള്‍ മുസ്‌ലിം ലോകം ഒന്നടങ്കം ഇത് പതിവായി ചൊല്ലുന്നുണ്ട്. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടുക എന്ന ദൈവകല്‍പനയും (16.98) മുഹമ്മദ് നബി(സ)യുടെ കര്‍മ്മമാതൃകയുമനുസരിച്ചാണ് അങ്ങനെ ചെയ്തു പോരുന്നത്.

'അഊദു' ഓതുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിവരേണ്ട ഒരു കാര്യം ആദം ഹവ്വമാരുടെ കൂടെ സ്വര്‍ഗ്ഗലോകത്ത് താമസിച്ചിരുന്ന ഇബ്‌ലീസ് എങ്ങനെ ശപിക്കപ്പെട്ടവനും ആട്ടിയോടിക്കപ്പെട്ടവനുമായി എന്ന കാര്യമാണ്. ആദിപിതാവിന്റെ സൃഷ്ടിചരിത്രം പൂര്‍ണ്ണ രൂപത്തിലും ഭാഗിക രൂപത്തിലും ഖുര്‍ആനില്‍ ഏഴോളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ആ ഭാഗങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ആദമിന്റെ സൃഷ്ടിപ്പ് കഴിഞ്ഞ ഉടനെ മാലാഖമാരോടും ജിന്ന് വര്‍ഗ്ഗത്തില്‍പ്പെട്ട ഇബ്‌ലീസിനോടും ആദമിന് സാഷ്ടാംഗം ചെയ്യാന്‍ കല്‍പ്പിക്കുന്നുണ്ട്. മലക്കുകള്‍ ഒന്നടങ്കം സുജൂദ് ചെയ്തു. പക്ഷെ ഇബ്‌ലീസ് വിസമ്മതിച്ചു. അതിന്റെ കാരണം ഇബ്‌ലീസ് പറയുന്നത് ഞാന്‍ അവനെക്കാള്‍ മുന്തിയവനാണ്, നീയവനെ കളിമണ്ണ് കൊണ്ടും എന്നെ തീ കൊണ്ടുമല്ലേ സൃഷ്ടിച്ചത് എന്നാണ്. ഇബ്‌ലീസ് ദൈവകല്‍പന ധിക്കരിക്കുകയും ഞാനാണ് ആദമിനേക്കാള്‍ ഉത്തമന്‍ എന്ന ഔന്നത്യബോധവും അഹങ്കാരവും പ്രകടിപ്പിക്കുകയും ചെയ്തു. അതും പോരാതെ ആദമിന്റെ സൃഷ്ടിപ്പിനെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. പഴകിപ്പുളിച്ച, നാറുന്ന, കറുത്ത, വെയിലത്ത് വെച്ചുണക്കിയ അല്ലെങ്കില്‍ ചൂളയില്‍ വെച്ചുണക്കിയ കലം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന വസ്തുവിന് പ്രണാമം അര്‍പ്പിക്കാന്‍ ഞാന്‍ ആളല്ല എന്നുവരെ അല്ലാഹുവിന്റെ മുമ്പില്‍ വീമ്പിളക്കി. ഉടനെ അല്ലാഹു പറഞ്ഞു. നീ റജീം ആണ്. ശപിക്കപ്പെട്ടവനും ആട്ടിയോടിക്കപ്പെട്ടവനുമായി നീ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്ത് പോവുക. (15.34, 38.77)

അപ്പോള്‍ അഊദു നമുക്ക് നല്‍കുന്ന സന്ദേശം. കിബ്‌റും താന്‍ പോരിമയും ഒരു സത്യവിശ്വാസിക്ക് ചേര്‍ന്നതല്ല; അത് ശൈത്വാന്റെ മാത്രം ദുര്‍ഗുണമാണ്. ഈ പ്രാര്‍ത്ഥനാ വചനം അതിന്റെ പൊരുളറിഞ്ഞ് കൊണ്ടാണ് നാം ഉരുവിടുന്നതെങ്കില്‍ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കാന്‍ ശക്തിയുള്ളതാണ്. ഇങ്ങനെ ചിന്തിച്ച് കൊണ്ട് തന്നെയാണോ ഈ വചനം മൊഴിയുന്നത്?

അഹങ്കാരത്തെ നബി(സ) നിര്‍വചിച്ചത് ഇങ്ങനെ. സത്യം നിരാകരിക്കലും ജനങ്ങളെ അവഹേളിക്കലുമാണ് കിബ്ര്‍ (മുസ്‌ലിം). വര്‍ണ്ണത്തിന്റെ പേരില്‍ ജനങ്ങളെ തരം തിരിക്കുന്നതും കൊല നടത്തുന്നതും ജന്മനാട്ടില്‍ നിന്ന് പുറത്താക്കുന്നതുമൊക്കെ തനി പൈശാചിക വൃത്തിയാണെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കട്ടെ. വിവാഹാലോചന വേളയില്‍ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പെണ്‍കുട്ടിയെ, അവളുടെ തൊലിയും കറുപ്പും പറഞ്ഞ് കല്യാണം മുടക്കുന്നത് സത്യവിശ്വാസിക്ക് ചേര്‍ന്നതാണോ?

ഒരു ദിവസം 94 തവണ നിര്‍ബന്ധമായും നമസ്‌കാരത്തില്‍ മാത്രം അല്ലാഹു അക്ബര്‍ എന്ന് പറയുന്നുണ്ട്. അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന് പറയുമ്പോള്‍ ഞങ്ങള്‍ അങ്ങേയറ്റം ചെറിയവന്‍ എന്ന് സമ്മതിക്കുകയാണല്ലോ. അഹങ്കാരത്തില്‍ നിന്ന് രക്ഷപ്പെടാനായി പല അനുഷ്ഠാനങ്ങളും പടച്ചവന്‍ നമുക്കൊരുക്കി തന്നിട്ടുണ്ട്. ഒരാള്‍ മരിച്ച് ഖബ്‌റില്‍ വെച്ച് കഴിഞ്ഞാല്‍ പലകയോ കല്ലോ ഉപയോഗിച്ച് മൂടിയ ശേഷം അതിലേക്ക് ചുറ്റുമുള്ളവര്‍ മൂന്ന് പിടി മണ്ണ് വാരി എറിയുന്നു. അന്നേരം ഈ ഖുര്‍ആന്‍ വചനം ഉരുവിടുന്നു. ''നാം നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. മണ്ണിലേക്ക് തന്നെ നിങ്ങളെ മടക്കുന്നു. ഈ മണ്ണിലേക്ക് തന്നെ നിങ്ങളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യുന്നു'' (20.55). മാതാപിതാക്കള്‍, ഗുരുനാഥന്മാര്‍, നേതാക്കള്‍, മഹാന്മാര്‍, ബന്ധുമിത്രാദികള്‍ എല്ലാം ഈ മണ്ണ് വാരി എറിയലിന് വിധേയരാണല്ലോ. മനസ്സിന്റെ കാഠിന്യം കുറയാന്‍ മതപരമായി ഈ അനുഷ്ഠാനങ്ങള്‍ തന്നെ ധാരാളം മതി.

''പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നു.'' അല്ലാഹു എന്ന മഹത്തായ നാമത്തിനു ശേഷം വരുന്നത് റഹ്മാന്‍ റഹീം എന്നാണ്. അവ രണ്ടും അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളാണ്. രണ്ടും ഏറെക്കുറെ പര്യായപദങ്ങളാണ്. റഹ്മാന്‍ എന്നതിന് കൂടുതല്‍ അര്‍ത്ഥവ്യാപ്തിയുണ്ട്. ദൈവകാരുണ്യം അര്‍ഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അനുസരിക്കുന്നവര്‍ക്കും ധിക്കരിക്കുന്നവര്‍ക്കും ഒരുപോലെ കാരുണ്യം ചൊരിയുന്നവന്‍ എന്നതാണ് ഇതിന്റെ അര്‍ത്ഥം. ഇഹത്തിലും പരത്തിലും സത്യവിശ്വാസികളോടും സച്ചരിതരോടും സവിശേഷമായ കാരുണ്യം കാണിക്കുന്നവന്‍ എന്നാണ് റഹീം കൊണ്ടുദ്ദേശ്യം. 

അല്ലാഹുവിന് 99 നാമങ്ങളുണ്ട്. അതില്‍ ഏറ്റവും മികച്ച നില്‍ക്കുന്നത് അവന്റെ കാരുണ്യ സ്വഭാവമാണ്. കാരുണ്യം എന്നത് അല്ലാഹു തന്റെ സ്ഥായിയായ സ്വഭാവമായി സ്വീകരിച്ചിരിക്കുന്നു(6.12). ജരീര്‍ ബ്‌നു അബ്ദുല്ല (റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞിരിക്കുന്നു. ''ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കുകയില്ല.'' വീണ്ടും പറഞ്ഞു. ''നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.''

നബി(സ) പറഞ്ഞിരിക്കുന്നു : ''നിങ്ങള്‍ അല്ലാഹുവിന്റെ സ്വഭാവം സ്വീകരിക്കുവിന്‍. മുഹമ്മദ് (സ) ലോകത്തേക്ക് കാരുണ്യമായി വന്നവരായിരുന്നു''. ചുരുക്കത്തില്‍ പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ കര്‍മ്മം തുടങ്ങുന്ന സത്യവിശ്വാസിയുടെ സ്ഥിരം സ്വഭാവമായി സ്വീകരിക്കേണ്ട ഗുണമാണ് ദയയും കാരുണ്യവും എന്ന സന്ദേശമാണ് ബസ്മലത്ത് നമുക്ക് നല്‍കുന്നത്. ബിസ്മി ചൊല്ലി ശുദ്ധിവരുത്തി പള്ളിയിലേക്ക് പുറപ്പെട്ട സഹോദരങ്ങള്‍ പള്ളിയുടെ പേരില്‍ കലഹിക്കുന്നതും കഴുത്തറുക്കുന്നതും അവര്‍ ഉരുവിടുന്ന ബിസ്മിയുടെ പൊരുള്‍ അറിയാത്തത് കൊണ്ടല്ലേ? പണ്ട് കാലത്ത് കത്തുകള്‍ എഴുതിയിരുന്നത് ബിസ്മിയും ഹംദും തുടങ്ങിക്കൊണ്ടായിരുന്നു. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിനെ സാക്ഷി നിര്‍ത്തി എഴുതിയ എത്രയെത്ര കത്തുകള്‍ മനുഷ്യബന്ധങ്ങളെ കശക്കിയെറിഞ്ഞു. 

ഗര്‍ഭപാത്രത്തിന് അറബിയില്‍ റഹ്മ് എന്നാണ് പറയുക. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കാരുണ്യവും അലിവും കൂടുതലാണ്. റഹ്മിന്റെ ഉടമകളായ സ്ത്രീകള്‍ കുഞ്ഞുങ്ങളോടും പ്രായമായവരോടും വളര്‍ത്തു മൃഗങ്ങളോടും ക്രൂരത കാണിക്കുന്നത് അവരുടെ ശരീരപ്രകൃതിക്ക് തന്നെ എതിരാണ്. ഇസ്‌ലാമിക സൊസൈറ്റിയില്‍ നിന്ന് പ്രാഥമിക അംഗത്വം പോലും റദ്ദാക്കപ്പെടുന്ന രീതിയിലാണ് രണ്ട് കാര്യങ്ങളെക്കുറിച്ച് പ്രവാചകന്‍ (സ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ''നമ്മുടെ കൂട്ടത്തിലുള്ള ചെറിയവരോട് കരുണകാണിക്കുകയും മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെയ്യാത്തവന്‍ നമ്മില്‍ പെട്ടവനല്ല''. മറ്റൊരു റിപ്പോര്‍ട്ടില്‍ മുതിര്‍ന്നവരുടെ സ്ഥാനം മനസ്സിലാക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് (തിര്‍മിദി).

മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങളെ തല്ലിയും കണ്ണുരുട്ടിയും ഒച്ചവെച്ചും ചെവി തിരുമ്മിയും ഹോം വര്‍ക്ക് ചെയ്യിക്കുന്നതും പര്‍വ്വതാരോഹണത്തിന് പോകുന്ന മട്ടിലുള്ള വലിയ ബാഗുകള്‍ ഇളം മുതുകുകളില്‍ വഹിപ്പിക്കുന്നതുമെല്ലാം ഈ ഹദീസുമായി തട്ടിച്ച് നോക്കുക. വിദ്യാര്‍ഥികള്‍ക്ക് താങ്ങാന്‍ കഴിയാത്ത രീതിയിലുള്ള പാഠഭാഗങ്ങളും കരിക്കുലവും തയ്യാറാക്കുന്ന ഉത്തരവാദിത്തപ്പെട്ടവരും ഈ ഹദീസിന്റെ വരുതിയില്‍ വരുന്നു. ഒരു മുസ്‌ലിമിന് ഭീകരവാദിയാവാന്‍ കഴിയില്ല എന്ന് ബസ്മല ലോകത്തോട് തന്നെ വിളിച്ചു പറയുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top