മരണത്തിന്റെ കളി

അഷ്‌റഫ് കാവില്‍ No image

മന്‍പ്രീത് സിങ്ങ് സഹാനി എന്ന 14 വയസ്സുകാരന്‍, മുബെയിലെ ഷേര്‍ ഇ പഞ്ചാബ് എന്ന കെട്ടിടത്തിന്റെ 5-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ്. കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയില്‍ ചാലഞ്ച് എന്ന ഗെയിം ഓണ്‍ലൈനില്‍ കളിച്ചതാണ് ഈ കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു. മധുര സ്വദേശിയും മന്നാര്‍ തിരുമലൈ നായ്ക്കര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയുമായ വിഘ്‌നേഷ് കഴിഞ്ഞമാസം തന്റെ ജീവന്‍ അവസാനിപ്പിച്ചതും നീലത്തിമിംഗലം കളിക്ക് അടിമപ്പെട്ടതുകൊണ്ടാണ്. വിഘ്‌നേഷിന്റെ ഇടതുകൈത്തണ്ടയില്‍ തിമിംഗലത്തിന്റെ ചിത്രം ബ്ലേഡ് കൊണ്ട് വരച്ച് വെച്ചിട്ടുണ്ടായിരുന്നു. താന്‍ ജീവനൊടുക്കുന്നത് ബ്ലൂവെയില്‍ കളിക്ക് അടിമപ്പെട്ടുകൊണ്ടാണെന്ന് വിഘ്‌നേഷ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. ലോകത്താകെ ഇതിനകം 130-ലേറെ കുട്ടികളുടെ ജീവനെടുത്ത ഈ മരണക്കളി നമ്മുടെ രാജ്യത്തും കുട്ടികളെ ഇരകളാക്കിത്തുടങ്ങിയിരിക്കുന്നു.

എന്താണ് ബ്ലൂവെയില്‍?

റഷ്യക്കാരനായ ഫിലിപ്പ് ബുഡേയ്കിന്‍ എന്ന മനഃശാസ്ത്ര വിദ്യാര്‍ത്ഥി വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ കളിയാണ് ബ്ലൂവെയില്‍. ഡെത്ത്ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിന്റെ ഭാഗമായി 2013-ല്‍ റഷ്യയില്‍ ആരംഭിച്ച ഈ ഗെയിം 'വികൊണ്ടാക്ടെ' എന്ന സൈറ്റിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇതോടെ ഫിലിപ്പ് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്തായി. 2015-ലാണ് ഈ കളിയുടെ അടിമയായി ഒരു കുട്ടി ആദ്യമായി ആത്മഹത്യ ചെയ്തത്. ഇതോടെ ഫിലിപ്പിനെ സര്‍ക്കാര്‍ ജയിലിലടച്ചു. ഇയാള്‍ ഇപ്പോള്‍ സൈബീരിയയിലെ ജയിലില്‍ കഴിയുകയാണ്. ഈ സമൂഹത്തില്‍ ഒരു ഗുണവുമില്ലാത്ത കുറേപേരുണ്ട്. അവരെ ഈ ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതാക്കുകയാണ് എന്റെ കളിയുടെ ലക്ഷ്യം. എന്നാണ് ജയിലില്‍ പോകുന്നതിന് മുമ്പ് ഫിലിപ്പ് പ്രതികരിച്ചത്.

സാധാരണപോലെ ഏതെങ്കിലും ആപ്ലിക്കേഷനോ, ലിങ്കോ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റില്‍ കളിക്കാവുന്ന ഒരു ഗെയിം അല്ല ബ്ലൂവെയില്‍. അഡ്മിനിസ്‌ട്രേറ്റര്‍ എന്നോ ക്യുറേറ്റര്‍ എന്നോ വിളിക്കുന്ന ഒരാള്‍ ലോകത്തെ ഏതോ കോണില്‍ നിന്ന് നല്‍കിക്കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന 50 ദിവസത്തെ ദൗത്യമാണ് ബ്ലൂവെയ്ല്‍ ചാലഞ്ച്. ചില ടാഗുകളുള്ള സ്റ്റാറ്റസുകള്‍ ഇതിനായി അഡ്മിനിസ്‌ട്രേറ്റര്‍ പോസ്റ്റ് ചെയ്യുകയാണ് ആദ്യം ചെയ്യുക. ഈ പോസ്റ്റ് സന്ദര്‍ശിക്കുന്ന കുട്ടികളെ പിന്നീട് ക്യുറേറ്റര്‍ പ്രൈവറ്റ് ഗ്രൂപ്പിലേക്ക് ക്ഷണിക്കും. തുടര്‍ന്ന് വെല്ലുവിളികള്‍ ഓരോന്നായി അവതരിപ്പിക്കും.

കാലത്ത് എഴുന്നേല്‍ക്കുക, വെള്ളം കുടിക്കുക, പാട്ട്പാടുക, നൃത്തം ചെയ്യുക തുടങ്ങി ഏതൊരു കുട്ടിക്കും രസകരമായും എളുപ്പത്തിലും ചെയ്ത് തീര്‍ക്കാന്‍ പറ്റിയ നിര്‍ദ്ദേശങ്ങളാവും ക്യുറേറ്റര്‍ ആദ്യം നല്‍കുക. പിന്നീട്, ചിലന്തിയെ പോലെ ചുമരില്‍ പിടിച്ച് കയറുക, സൂചി ദേഹത്ത് കുത്തിക്കയറ്റുക, ശരീരത്തില്‍ ബ്ലേഡ് കൊണ്ടോ കത്തികൊണ്ടോ മുറിവുണ്ടാക്കി ചിത്രം വരക്കുക. തുടങ്ങിയ കഠിനമായ വെല്ലുവിളികള്‍ നല്‍കും. 

24 മണിക്കൂര്‍ ഭീകരചിത്രങ്ങള്‍ കാണുക, ദേഹത്ത് നീലത്തിമിംഗലത്തിന്റെ ചിത്രം കത്തികൊണ്ട് വരക്കുക തുടങ്ങിയ വെല്ലുവിളികളും ലഭിക്കും. കളിയില്‍ ലഹരി കയറുന്ന കുട്ടികള്‍ ഓരോ ടാസ്‌കും ആവേശപൂര്‍വ്വം ഏറ്റെടുക്കും. അഡ്മിനിസ്‌ട്രേറ്റര്‍ ഏല്‍പിക്കുന്ന ഇത്തരം സാഹസികമായ വെല്ലുവിളികള്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്ത് വിജയിച്ചശേഷം അതിന്റെ ഫോട്ടോയും വീഡിയോയും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അയച്ചുകൊടുക്കണം. ടാസ്‌ക്കുകള്‍ കൃത്യമായി ചെയ്ത് വിജയിക്കുന്ന കുട്ടികള്‍ക്ക് നല്ല പ്രോത്സാഹനം കിട്ടും. ഇതുമൂലം അഡ്മിനിസ്‌ട്രേറ്ററുടെ ഓരോ നിര്‍ദ്ദേശവും പാലിച്ച് വിജയിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഉത്സാഹവും ആവേശവും കൂടും. പാലത്തില്‍ നിന്ന് പുഴയിലേക്കോ കടലിലേക്കോ ചാടുക, ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടുക തുടങ്ങിയ അപകടകരമായ വെല്ലുവിളികള്‍ പിന്നീട് കുട്ടികള്‍ ഏറ്റെടുക്കേണ്ടതായി വരും. 50 ദിവസം നീണ്ടുനില്‍ക്കുന്ന കളിയുടെ അവസാന വെല്ലുവിളിയായി ലഭിക്കുക, ആത്മഹത്യ ചെയ്യാനുള്ള നിര്‍ദ്ദേശമായിരിക്കും. കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുക മാത്രമല്ല ബ്ലുവെയില്‍ ഗെയിം ചെയ്യുന്ന അപകടം, മറിച്ച് ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും അധിപനായി മാറുന്ന അഡ്മിനിസ്‌ട്രേറ്റര്‍, ഹാക്ക് ചെയ്ത ഐഡിയിലൂടെ ഫോണിലുള്ള എല്ലാ രഹസ്യവിവരങ്ങളും ചോര്‍ത്തിയെടുക്കുകയും ചെയ്യും.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ ചില ഭാഗങ്ങളിലും ഒതുങ്ങിയിരുന്ന ഈ അപകടക്കളി നമ്മുടെ സംസ്ഥാനത്തും എത്തിയതായി സൈബര്‍ വിദഗ്ധന്മാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരം പേയാട് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, ബ്ലൂവെയില്‍ കളിച്ചതിന്റെ ദുരന്തഫലമാണെന്ന് രക്ഷിതാക്കള്‍ തന്നെ വെളിപ്പെടുത്തിയതോടെയാണ് കേരളത്തിലും ഈ കൊലയാളിക്കളി കുട്ടികളെ ഇരകളാക്കിത്തുടങ്ങിയെന്ന നിഗമനത്തില്‍ പലരും എത്തുന്നത്. 

16 വയസ്സുള്ള ഈ വിദ്യാര്‍ത്ഥി ജൂലൈ 26-നാണ് ജീവനൊടുക്കിയത്. ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതായി മകന്‍ പറഞ്ഞിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. അവരുടെ വെളിപ്പെടുത്തല്‍ പത്രങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ''മകനില്‍ ഈയിടെയായി ഒരുപാട് മാറ്റങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. വീട്ടുകാര്‍ക്കൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ മാത്രം പുറത്ത് പോയിരുന്ന അവന്‍ ഒറ്റക്ക് കടല്‍ കാണാന്‍ പോയി, നീന്തലറിയാഞ്ഞിട്ടും പുഴയില്‍ ചാടി. ഇവയൊക്കെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.'' സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

കണ്ണൂര്‍ കൊളശ്ശേരിയിലെ ഐ.ടി.സി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ബ്ലൂവെയില്‍ കളിയുടെ പ്രത്യാഘാതമാണെന്നാണ് പത്രവാര്‍ത്ത. ബ്ലേഡ് കൊണ്ടും കോമ്പസ് കൊണ്ടും കൈത്തണ്ടയില്‍ മുറിവേല്‍പിച്ച് ചിത്രം വരച്ച പെണ്‍കുട്ടികളെ കൊല്ലം ജില്ലയിലെ ചില ഹൈസ്‌കൂളുകളില്‍ കണ്ടെത്തിയതായുളള പത്രവാര്‍ത്തകള്‍ വന്നിട്ടുണ്ട്.

കാരണങ്ങള്‍

സൈബര്‍ ലോകത്തെ ഇത്തരം ചതിക്കുഴികളില്‍ കുട്ടികള്‍ വീണുപോകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അണുകുടുംബങ്ങളില്‍, കളിക്കാന്‍ കൂട്ടുകാരനില്ലാത്ത കുട്ടികള്‍ മൊബൈല്‍ ഫോണുകളെയും കമ്പ്യൂട്ടറുകളെയും കൂട്ടുകാരാക്കുന്നതാണ് പ്രധാന കാരണം. വായന, ചിത്രം വര തുടങ്ങിയ വിനോദങ്ങള്‍ പാടെ ഉപേക്ഷിച്ച് ദിവസത്തിന്റെ വലിയൊരു ഭാഗം സമയം ഇന്റര്‍നെറ്റില്‍ ചെലവിടുകയാണ് ഇന്ന് കുട്ടികള്‍. ഇതിന് രക്ഷിതാക്കള്‍ പ്രോത്സാഹനവും നല്‍കുന്നു. മാതാപിതാക്കള്‍ സ്‌നേഹത്തോടെ നല്‍കുന്ന മൊബൈല്‍ ഫോണില്‍ തന്നെയാണ് മക്കള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് തുടങ്ങുന്നത്. ബ്ലൂവെയില്‍ ഗെയിമിന് അടിമകളായി ആത്മഹത്യചെയ്യാനിറങ്ങിയ മഹാരാഷ്ട്രയിലെ സോലാപൂരിലും മധ്യപ്രദേശിലെ ഇന്‍സോറിലുമുള്ള രണ്ട് കുട്ടികളും ഈ ഗെയിം കളിച്ചത് അച്ഛന്റെ മൊബൈല്‍ ഫോണിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ബ്ലൂവെയില്‍ കളിച്ച് ഇതിനകം 6 കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ അധികവും 12 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. സാഹസിക കൃത്യങ്ങളോട് താല്‍പര്യം കാണിക്കുന്ന പ്രായമാണ് കൗമാരം. വൈകാരിക സംഘര്‍ഷങ്ങളും മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക്, വീട്ടുകാരുടെ മദ്യപാനം, ലഹരി ഉപയോഗം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹിക പീഢനം, തുടങ്ങിയ കാരണങ്ങളും സന്തോഷപ്രദമല്ലാതായി മാറുന്ന കുടുംബാന്തരീക്ഷം, കുട്ടികളെ ഇന്റര്‍നെറ്റില്‍ ആനന്ദം കണ്ടെത്തുന്നതിലേക്ക് നയിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയം കുറഞ്ഞതും പഠനസമ്മര്‍ദ്ദവും കുട്ടികളെ ഓണ്‍ലൈന്‍ കളികളുടെ അടിമകളാക്കി മാറ്റുന്നു.

ബ്ലൂവെയില്‍ ഗെയിമിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, മൈക്രോസോഫ്റ്റ്, യാഹു എന്നിവയോട് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. എന്നാല്‍ ഇത്തരം ഗെയിമുകളുടെ നിരോധനവും നീക്കം ചെയ്യലും അത്ര പ്രായോഗികമല്ലെന്ന് സൈബര്‍ വിദഗ്ദര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. കാരണം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെര്‍വറുകളില്‍ നിന്നാണ് ഈ കളി നിയന്ത്രിക്കുന്നത്. മാത്രമല്ല, അതിസമര്‍ഥരായ കുറ്റാന്വേഷണ വിദഗ്ദര്‍ക്ക് പോലും ഉറവിടം കണ്ടെത്താന്‍ കഴിയാത്ത വിധം സൈബര്‍ വൈദഗ്ധ്യം നേടിയ അഡ്മിനിസ്‌ട്രേറ്റര്‍മാരാണ് ഇത്തരം അപകട ഗെയ്മുകള്‍ നിയന്ത്രിക്കുന്നത്. കുട്ടികള്‍ സ്വയം നിയന്ത്രിക്കുകയും, രക്ഷിതാക്കള്‍ കുട്ടികളെ നിരീക്ഷിച്ച് രക്ഷിക്കുകയും ചെയ്ത് മുന്‍കരുതല്‍ എടുക്കുക മാത്രമാണ് ഈ സൈബര്‍ കെണിയില്‍ അകപ്പെടാതിരിക്കാനുള്ള വഴിയെന്ന് സാങ്കേതിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

രക്ഷിതാക്കള്‍ അറിയാന്‍

ബ്ലൂവെയില്‍ ഗെയിമിന്റെ അപകടവലയത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കേണ്ടതുണ്ട്. മൊബൈല്‍ ഫോണിലോ, കമ്പ്യൂട്ടറിലോ കുട്ടികള്‍ കൂടുതല്‍ നേരം ഓണ്‍ലൈന്‍ കളികളില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കണം. സ്ഥിരമായി ഇന്റര്‍നെറ്റില്‍ കളിക്കുന്ന കുട്ടികളോട് സ്‌നേഹത്തോടെ സംസാരിച്ച് യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശ്രമിക്കണം. പതിവില്ലാത്ത വിധം അക്രമാസക്തി കാണിക്കുക. അമിതമായ വാശിപ്രകടിപ്പിക്കുക, അനുസരണക്കേട് കാണിക്കുക, തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളെ പ്രത്യേകിച്ചും നിരീക്ഷിക്കണം. വീടുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാക്കാന്‍, കുട്ടികളുമായി സംസാരിച്ചിരിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം. കൊച്ചുകുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴിഞ്ഞ ശേഷം, അവര്‍ സന്ദര്‍ശിച്ച സൈറ്റുകളും ഗാലറികളും പരിശോധിച്ച്, തെറ്റായ വഴിയിലല്ല മക്കളെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്.

കുട്ടികള്‍ക്ക് ഏത് കാര്യവും തുറന്ന് പറയാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കളായി മാതാപിതാക്കള്‍ മാറണം. കുട്ടിയുടെ ദേഹത്ത് പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളില്‍ കത്തികൊണ്ടോ ബ്ലേഡ് കൊണ്ടോ മുറിവേല്‍പിച്ചുണ്ടാക്കിയ ചിത്രങ്ങള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയില്‍ അസമയത്ത് ഉറക്കമുണര്‍ന്ന് വീടുവിട്ട് പുറത്ത് പോകുന്ന കുട്ടികളുടെയും ഇടക്കിടെ ആത്ഹത്യയെക്കുറിച്ച് സംസാരിക്കുന്ന കുട്ടികളുടെയും കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം. രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം അമിതമായ ആക്രമണ സ്വഭാവവും പെരുമാറ്റ വൈകല്യങ്ങളും കാണിക്കുന്ന കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കണം. ആവശ്യമെങ്കില്‍ മനശാസ്ത്രജ്ഞരുടെ സേവനം ലഭ്യമാക്കുകയും വേണം.

വേണം ബോധവത്ക്കരണം

ബ്ലൂവെയില്‍ ഗെയിം പോലുള്ള സൈബര്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള മാനസികാരോഗ്യവും തന്റേടവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. ഇത്തരം കളികളില്‍ അബദ്ധത്തില്‍ അകപ്പെട്ടുപോയവര്‍ക്ക് ക്രിയാത്മക ചിന്തയും ആത്മവിശ്വാസവും പകരണം. ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്ന കുട്ടികളെ യഥാസമയം കണ്ടെത്തി രക്ഷിക്കുന്നതിനുള്ള ജാഗ്രതയും ഇന്ന് ആവശ്യമാണ്. മഹാരാഷ്ട്രയിലെ സോലാപൂരിലും മധ്യപ്രദേശിലെ ഇന്‍ഡോറിലും ബ്ലൂവെയില്‍ ഗെയിമിന് അടിമകളായി മരിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കഴിഞ്ഞ മാസം രക്ഷിക്കാന്‍ കഴിഞ്ഞത് അധ്യാപകരുടെയും സഹപാഠികളുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ്. കളിയുടെ 50-ാം ഘട്ടത്തില്‍, ആത്മഹത്യ ചെയ്യാനായി പൂണയിലേക്ക് ബസ്സ് കയറിയ 14 വയസ്സുകാരനെയാണ് മഹാരാഷ്ട്രയില്‍ രക്ഷിച്ചത്. ഇന്‍ഡോറില്‍ ചാമേലി ദേവി പബ്ലിക് സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥി, സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിക്കാന്‍ നോക്കുന്നതിനിടയിലാണ് അധികൃതര്‍ രക്ഷപ്പെടുത്തിയത്. അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ വെല്ലുവിളികള്‍ മുഴുവന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ രണ്ട്‌കോടി രൂപ സമ്മാനമായി ലഭിക്കുമെന്ന് ഈ കുട്ടി വിശ്വസിച്ചിരുന്നത്രെ! ഇന്റര്‍നെറ്റിലെ ഇത്തരം വ്യാജ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.

അരുത്, കുറ്റകൃത്യം

ബ്ലൂവെയില്‍ ഗെയിം പോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ്. അതുകൊണ്ടാണ്, ഈ കളിയുടെ ആശയങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ഇടുക്കി സ്വദേശിയായ 22 വയസ്സുകാരനെതിരെ ഐ.ടി. നിയമപ്രകാരം മുരിക്കാശ്ശേരി പോലീസ് ഈയിടെ കേസ് രജിസ്റ്റര്‍ ചെയ്തത്. താന്‍ ബ്ലൂവെയില്‍ കളിച്ചതായും ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ചതായും ഈ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ബാന്‍ഡ് എയ്ഡ് ചുറ്റിയ കൈത്തണ്ടയുടെയും രക്തം പുരണ്ട ബ്ലേഡിന്റെയും ചിത്രങ്ങള്‍ ഇയാള്‍ പങ്കുവെച്ചു. എന്നാല്‍ ഇയാള്‍ ബ്ലൂവെയില്‍ കളിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

അതേ സമയം, ബ്ലൂവെയില്‍ ചാലഞ്ച് എന്നത് മാധ്യമ സൃഷ്ടിയാണെന്നും ഈ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്നുമുള്ള അഭിപ്രായങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ബ്ലൂവെയില്‍ ചാലഞ്ചിന്റെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന പതിനേഴുകാരി കഴിഞ്ഞമാസം റഷ്യയില്‍ അറസ്റ്റിലായതും, അതുവഴി ലഭിച്ച വിവരങ്ങളും വിരല്‍ചൂണ്ടുന്നത്, ഈ മരണക്കളി ഒരു യഥാര്‍ത്ഥ്യമാണെന്ന വസ്തുതയിലേക്കാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top