ഒരു കവിത ജനിക്കുന്നു

ഷഹീറ നജ്മുദ്ദീൻ വണ്ടൂർ
ഒക്ടോബര്‍ 2017
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്, ഇരിങ്ങാട്ടിരിയുടെ

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്, ഇരിങ്ങാട്ടിരിയുടെ അഭിമാനത്തിളക്കമായി ഒരു അവാര്‍ഡ് തേടിയെത്തിയിരിക്കുന്നു, അതും ഇതുവരെ അറിയപ്പെടാതിരുന്ന ഒരു കവയിത്രിയെ... സുഹ്‌റ പടിപ്പുര.  അവരുടെ 'രാജ്യദ്രോഹി' എന്ന കവിതക്കാണ് അവാര്‍ഡ്. സമ്മാനമുണ്ടെന്നറിഞ്ഞപ്പോള്‍ തന്റെ പേനയുടെ ശൗര്യം വീണ്ടും വീണ്ടും അന്വേഷിക്കേണ്ടി വന്നു അവര്‍ക്ക്. ആലപ്പുഴ ആര്യാട് വെച്ച് 2017 ജൂലൈ 9-ന് കവി എം.എന്‍ കുറുപ്പ് ചരമദിനത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക്കാണ് 1000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചത്. 

സമകാലീന സംഭവങ്ങള്‍ ഒരു സാധാരണ അധ്യാപികയുടെ മനസ്സിലേക്ക് കവിതകളായി ഓടിയെത്തുമ്പോള്‍ താനറിയാതെ എഴുത്ത് അവരെ പിടിച്ചുനിര്‍ത്തുന്നു. കല്‍ബുര്‍ഗി കൊലപാതകവും പെരുമാള്‍ മുരുകനോട് എഴുത്ത് നിര്‍ത്താന്‍ പറഞ്ഞതും, കമല്‍ സി. ചവറയുടെ പുസ്തകങ്ങള്‍ (കുഴിമാടത്തിലെ നോട്ടുപുസ്തകം) കൂട്ടിയിട്ട് കത്തിച്ചതും....സുഹ്‌റയുടെ മനസ്സിനെ നോവിച്ചു. പേനയോട് സമകാലിക രാഷ്ട്രീയം കാണിച്ചുകൊണ്ടിരിക്കുന്ന തീജ്വാലയില്‍ നിന്നാണ് അവരുടെ 'രാജ്യദ്രോഹി' എന്ന കവിത പിറക്കുന്നത്. പ്രതികരിക്കുന്നവനെ ഇല്ലാതാക്കുന്ന, നിസ്സഹായരുടെ മേല്‍ അഴിഞ്ഞാടുന്ന പുതിയ രാഷ്ട്രീയ വ്യവസ്ഥിതിയോടുള്ള പ്രതികരണമാണീ കവിത. ആശയംകൊണ്ട് മനസ്സുണര്‍ത്തി, മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്ന ലളിതഭാഷയില്‍ ചുരുക്കി സംവദിക്കുന്ന രീതികൊണ്ട് സുഹ്‌റയുടെ കവിത മാറ്റുരക്കപ്പെടുന്നു.

മേലാറ്റൂര്‍ എടപ്പറ്റ പഞ്ചായത്തിലെ കൊമ്പന്‍കല്ല് സൈതലവി - തിത്തുമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായി പിന്നോക്ക പ്രദേശത്ത് യാഥാസ്ഥിതിക കുടുംബത്തിലാണ് ടീച്ചറുടെ ജനനം. അക്ഷരമറിയാത്തവരായിരുന്നു മാതാപിതാക്കള്‍. 'എന്റെ ജീവിതം ഞാന്‍ നിനക്കു പറഞ്ഞുതരാം. നീയതൊരു കഥയാക്കി എഴുതുമോ' എന്ന ഉമ്മയുടെ ചോദ്യമാണ് ടീച്ചറെ എഴുത്തിന്റെ ലോകത്തേക്ക് എത്തിച്ചത്. കുട്ടിക്കാലത്തേ പുസ്തകങ്ങള്‍ അവര്‍ക്കു കൂട്ടായിരുന്നു. കൂട്ടുകാരി വീടിനു മുന്‍പിലെ ലൈബ്രറിയില്‍ നിന്നും എടുത്ത് നല്‍കുന്ന പുസ്തകത്തിലൂടെ ആ പ്രണയം അടക്കി നിര്‍ത്തി. ബഷീര്‍, മാധവിക്കുട്ടി, എംടി തുടങ്ങിയവരിലൂടെ കടന്നുപോയി ഗൗരവമുള്ള വായനകള്‍ ഹൈസ്‌കൂള്‍ തലത്തിലേ കൂട്ടുകൂടിയിരുന്നു.

പ്രീഡിഗ്രി പഠനം തുടങ്ങി അധികം വൈകാതെ വിവാഹവും നടന്നു. എങ്കിലും വീട്ടില്‍ നിന്നും പ്രിയ അധ്യാപിക മേഴ്‌സി ടീച്ചറില്‍ നിന്നും കിട്ടിയ പ്രോത്സാഹനത്തിലൂടെ പി.ജി, ബി.എഡ്, സെറ്റ് കഴിഞ്ഞ് അധ്യാപികയായി. അതിനിടയില്‍ വായനയും എഴുത്തും ഇണങ്ങിയും പിണങ്ങിയും അവരിലൂടെ കടന്നുപോയി. 

ഈ കാലത്ത് സ്‌നേഹസംവാദം വഴി മാധ്യമത്തിലേക്ക് കത്തുകള്‍ അയച്ചുകൊണ്ട് കാനേഷ് പുനൂരുമായി പരിചയപ്പെട്ടു. ഇരിങ്ങാട്ടിരിക്കാരായ എഴുത്തുകാരോട് കവയിത്രിയെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുകയും എഴുത്തുകളുടെ ഭാവിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതായിരിക്കും തനിക്ക് കിട്ടിയ ആദ്യ അംഗീകാരം എന്നവര്‍ ഓര്‍ക്കുന്നു.

ആദ്യമായി അച്ചടി മഷി പുരണ്ട കവിത ഒരു ക്ലബ്ബ് മാഗസിനിലായിരുന്നു. ഡിഗ്രി കഴിഞ്ഞ സമയത്ത് പെരിന്തല്‍മണ്ണ തോണിക്കര മാധവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ കവിത മത്സരത്തില്‍ 'ഗുരുവേ മാപ്പ്' എന്ന കവിതക്ക് മൂന്നാം സ്ഥാനം ലഭിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ഗോപാലന്‍ മങ്കട നല്‍കിയ പിന്തുണയും പ്രോത്സാഹനവും നന്ദിയോടെ ഓര്‍ക്കുന്നു. മാഗസിനുകളില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാരംഗം അധ്യാപക കൂട്ടായ്മ നടത്തിയ കവിത മത്സരത്തില്‍ ഒന്നാം സ്ഥാനവും സുഹ്‌റ ടീച്ചര്‍ക്കാണ്.  

പലപ്പോഴും താനറിയാതെ എഴുത്ത് തന്നെ പിടിച്ചിരുത്താന്‍ തുടങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ രചനകള്‍ വായനക്കാരുമായി പങ്കുവെച്ചുതുടങ്ങി. പ്രതിസന്ധികളും പ്രയാസങ്ങളും അവരുടെ എഴുത്തിനെ ദീപ്തമാക്കുകയായിരുന്നു. ജീവിതത്തിന്റെ അലച്ചിലുകള്‍ക്കിടയിലും കവിതകള്‍ വിരിഞ്ഞുകൊണ്ടേയിരുന്നു. ഒപ്പം സഹപ്രവര്‍ത്തകരുടെ പ്രചോദനം എല്ലാറ്റിനും വഴിയൊരുക്കിയത് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. 

പെണ്ണെഴുത്തും പെണ്‍കരുത്തും കാലഘട്ടത്തിന്റെ ആവശ്യമാണെന്നവര്‍ തിരിച്ചറിയുന്നു. സ്ത്രീ മുന്നേറ്റങ്ങളും കരുത്തുറ്റ ചിന്തകളും വളര്‍ന്നുവരണമെങ്കില്‍ വായനയിലൂടെ ഉദ്ബുദ്ധമായ ഒരു സ്ത്രീ സമൂഹം ഉയര്‍ന്നുവരണം. അപ്പോഴാണ് പെണ്ണെഴുത്ത് പ്രസക്തമാകുന്നത്. പുരുഷാധിപത്യ പ്രവണതകളോടും സ്ത്രീ സ്വത്വത്തോട് പോരാടുന്ന ഫെമിനിസ്റ്റിക്ക് ചിന്തകളോടും അവര്‍ യോജിക്കുന്നില്ല. 

ആനുകാലികങ്ങളില്‍ കവിതകള്‍ വരാറുണ്ടെങ്കിലും ഒരു പുസ്തകം പ്രസിദ്ധീകരിച്ചിറക്കാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

കാളികാവ് അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സാമൂഹ്യശാസ്ത്രം അധ്യാപികയായി ജോലിചെയ്യുന്നു. ഭര്‍ത്താവ് അബ്ദുശുക്കൂര്‍ അതേ സ്‌കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനാണ്. ഏക മകള്‍ ഹിബഫെബിന്‍ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media