പൂവാലന്മാര്‍ക്കെതിരെ പുസ്തകം

പി.കെ. ഗോപി (കവി) No image

അഞ്ച് സഹോദരിമാര്‍ക്ക് നാല് സഹോദരന്മാര്‍, ഒമ്പതുമക്കള്‍. അച്ഛന്‍, അമ്മ, കൃഷിപ്പണികള്‍ക്ക് സഹായികളായി രണ്ടോ മൂന്നോ പേര്‍. കുറഞ്ഞത് പതിനാല് പാത്രങ്ങളില്‍ അന്നം നിറയണം. നാട്ടുമ്പുറം, ഓലവീട്, നെല്‍പാടം, കന്നുകാലികള്‍, ചക്ക, മാങ്ങ, ഉഴവുചാല്‍, കൊയ്ത്ത്, മെതി, പാട്ട്, താളം, സ്‌നേഹം എല്ലാം ചേര്‍ന്ന ഓര്‍മ്മകള്‍, ഞാന്‍ അഞ്ചാമന്‍. സഹോദരിമാര്‍ക്ക് പ്രിയപ്പെട്ടവന്‍. അത്രയധികം ശാഠ്യങ്ങളില്ലാത്ത പാവം. അഥവാ ശാഠ്യം പിടിച്ചാല്‍ മൂത്ത ചേച്ചിമാരുടെ കിഴുക്കു കിട്ടിയാല്‍ ഒതുങ്ങിയിരിക്കുന്ന സമാധാനശീലന്‍. എത്രമാത്രം കഷ്ടപ്പെട്ടാണ് അച്ഛനമ്മമാര്‍ പഴയകാലത്തിന്റെ പട്ടിണിയെ അതിജീവിച്ചതെന്ന് വിവരിക്കുക വയ്യ.

ഒരു ചാമ്പയ്ക്ക ആറായി മുറിച്ച് ചേച്ചി അനുജത്തിമാര്‍ക്കും എനിക്കും തന്നിട്ടുണ്ട്. ഒരു പാത്രം കഞ്ഞി ഞങ്ങള്‍ ഏഴായി വീതംവെച്ച് വയറു നിറച്ചിട്ടുണ്ട്. വായനയുടെ ഈണമോ താളമോ കേള്‍പ്പിക്കാതെ അച്ഛന്‍ ഞങ്ങളെ ഉറക്കിയിട്ടില്ല. പുരാണകഥകളുടെ ലോകത്ത് എന്നെപ്പോലെ നുഴഞ്ഞുകയറി സംശയങ്ങള്‍ ഉന്നയിക്കുന്ന ഒരു പെങ്ങള്‍... കനകമ്മ. രാവണന്‍ സീതയെ കട്ടുപോയതെന്ത്? ഒന്നിലും ഭ്രമിക്കാതെ സീത പൊന്മാനിനെ കണ്ട് ഇത്രയധികം മോഹിച്ചതെന്ത്? ലക്ഷ്മണരേഖ മറി കടന്നതെന്ത്? ഉത്തരം കണ്ടുപിടിക്കാന്‍ അച്ഛന്‍ വല്ലാതെ വിഷമിച്ചിട്ടുണ്ട്. ഒരു സംഭവത്തിന് മറ്റൊരു സന്ദര്‍ഭ ബന്ധം. എല്ലാം കഥകളാണ്.. പുണ്യം... പാപം.. മോക്ഷം.. ശാപം... യുദ്ധം... പ്രതികാരം... പ്രതിജ്ഞ... സമര്‍പ്പണം.. ഭക്തി... യുക്തി... ഏതെല്ലാം മേഖലകളില്‍ സഞ്ചരിച്ചാലാണ് ഒരു വലിയ കഥാഗ്രന്ഥം വായിച്ചു തീര്‍ക്കാനാവുക.

കനകമ്മയും ഞാനും ഭക്തകഥകളുടെ യുക്തിയെ സംശയത്തോടെ വായിച്ചു. ഞാന്‍ വായിച്ച പുസ്തകങ്ങളുടെ രണ്ടാം വായനക്കാരി. ഇടവേളകളില്‍ മരച്ചുവട്ടിലോ ചവിട്ടു പടിയിലോ, മടിയില്‍ പുസ്തകം വച്ച് ഏകാഗ്രമായി വായിക്കുന്ന പെങ്ങളെ ഞാന്‍ അഭിമാനത്തോടെ നോക്കി നിന്നു. എ.ടി. കോവൂരിന്റെ ഡയറിയും പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ'യും കുട്ടികൃഷ്ണമാരാരുടെ 'ഭാരതപര്യടനവും' വായിച്ചതോടെ പെങ്ങള്‍ പലരോടും വാദിക്കാന്‍ തുടങ്ങി. നിഷേധി. അഹങ്കാരി, ഭക്തിയില്ലാത്തവള്‍ എന്നൊക്കെ അത്യാവശ്യം ബഹുമതികളും കിട്ടി. അമ്പലങ്ങളിലെ കോമരം തുള്ളലും ആരാധനാലയങ്ങളിലെ മറുഭാഷ പ്രയോഗവും നേര്‍ച്ചയും പണപ്പിരിവും എഴുന്നള്ളത്തും പടേനിയും ബാധയകറ്റലും പ്രേതപ്പേടിയുമൊക്കെ ഞങ്ങളുടെ കോടതിയില്‍ വിസ്താരത്തിനും വിധിനിര്‍ണ്ണയത്തിനും നിത്യേന വിധേയമായി. പുരാണ പുസ്തകങ്ങള്‍ക്ക് പുറത്തേക്ക് പറക്കുന്ന ഞങ്ങളെ അച്ഛനും അമ്മയും തടഞ്ഞതേയില്ല. എന്റെ വാക്കുകളെ അച്ഛന്‍, അഭിമാന പുഞ്ചിരിയോടെ നേരിട്ടു. ഗോപി വരട്ടെ ചോദിക്കാം. അമ്മയുടെ തീര്‍പ്പ് മിക്കപ്പോഴും അങ്ങനെയാവും. എന്റെ സഹവക്കീലായി എപ്പോഴും കനകമ്മ ഏതെങ്കിലും പ്രശ്‌നപുസ്തകവുമായി കാത്തിരിക്കുന്നുണ്ടാവും.

സ്വതന്ത്രവായനയുടെയും അറിവിന്റെയും ചില്ലറ പൊല്ലാപ്പുകളൊക്കെ വീട്ടില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. വിവാഹമാലോചിച്ചു വന്ന ചെറുപ്പക്കാരന്റെ മുമ്പില്‍ അണിഞ്ഞൊരുങ്ങി ചായയും പലഹാരവും നീട്ടിവെക്കാന്‍ വയ്യ എന്ന് കനകമ്മ തീര്‍ത്തു പറഞ്ഞു. 'ഓ... നിന്റെയൊരു വാശി വല്ലാത്തതു തന്നെ'. അമ്മ സങ്കടപ്പെട്ടു. ഞാനായിരുന്നു പ്രശ്‌നപരിഹാരക്കാരന്‍. 'ജീവിതം അവളുടേതല്ലേ... സാധാരണവേഷത്തില്‍ അവളെ ഇഷ്ടപ്പെടുന്നെങ്കില്‍ മതി. അല്ലെങ്കില്‍ വേണ്ട.' വീട്ടുവേഷത്തില്‍ത്തന്നെ കനകമ്മ അതിഥികളെ നേരിട്ടു. കൂസലില്ലാത്ത ആ ഭാവം എനിക്കിഷ്ടപ്പെട്ടു. നാണമഭിനയിച്ച് തലകുനിച്ച് നില്‍ക്കാന്‍ ഇതെന്താ സിനിമയോ..? കനകമ്മയുടെ വാദമുഖം വീട്ടില്‍ അച്ഛന്റെ കോടതിയില്‍ വരെ അപ്പീലുമായെത്തി. അനാചാരവും അന്ധവിശ്വാസവും കനകമ്മയെ ഭയന്നു മാറിനിന്നു.

ഞാനും പെങ്ങളും കൂടി തൃശൂരില്‍ ഒരു ഇന്റര്‍വ്യൂവിന് പോയ കഥ പറയാം. ഒരുസ്വകാര്യ കോളേജിലെ ഓഫീസ് ക്ലര്‍ക്ക് തസ്തികയിലേക്ക് കനകമ്മ അപേക്ഷിച്ചിരുന്നു. ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടി. ഞങ്ങള്‍ അടൂരില്‍ നിന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറിപ്പറ്റി. ആണും പെണ്ണും... അന്നും ഇന്നും വല്ലാത്ത നോട്ടങ്ങളുടെ ഇരകളാണല്ലോ. ചില തുറിച്ചു നോട്ടങ്ങളെ കനകമ്മ പരിഹാസത്തോടെ ഓടിച്ചുവിട്ടു. ഇന്റര്‍വ്യൂ പ്രഹസനമായിരുന്നു. പണം വാങ്ങിയ ആരെയോ നിയമിക്കാന്‍ ഒരു ചിട്ടപ്പടി നാടകം?  പേര്, സ്ഥലം, സര്‍ട്ടിഫിക്കറ്റുകള്‍... ചോദ്യവും അഭിമുഖവും കഴിഞ്ഞു. ബസ്സ്റ്റാന്റിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു. മടക്കയാത്ര അങ്ങേയറ്റം ക്ലേശമനുഭവിപ്പിച്ചു. ഒരു ബസ്സിലും സീറ്റൊഴിവില്ല. അവസാനത്തെ നിരയില്‍ എങ്ങനെയോ ഞങ്ങള്‍ ഞെരുങ്ങിപ്പിഴിഞ്ഞിരുന്നു. റോഡിലെ ഓരോ കുഴിയും ബസ്സിനെ ഉലച്ചു. എല്ലു തകര്‍ക്കുന്ന ആ പരീക്ഷണയാത്ര പാതിരാത്രിയില്‍ അടൂരില്‍ അവസാനിക്കുമ്പോള്‍ ഞങ്ങള്‍ അവശരായിരുന്നു.

തെരുവോരത്തെ തകരപ്പീടികയില്‍ നിന്ന് ഓരോ കട്ടന്‍കാപ്പി മാത്രം. വല്ലതും വാങ്ങിത്തിന്നാല്‍ ടാക്‌സിയോ ഓട്ടോറിക്ഷയോ വിളിച്ചുപോകാനും കൈയില്‍ കാശില്ല. വെളുപ്പിന് അഞ്ചരമണിക്ക് വീടിനടുത്തുകൂടി പോകുന്ന ഒരു ബസ്സുണ്ട്. കടത്തിണ്ണയില്‍ മഞ്ഞുകൊള്ളാതെ ഞങ്ങള്‍ കുത്തിയിരുന്നു. രാത്രി ആ സമയത്ത് ഒരാണും ഒരു പെണ്ണും. എങ്ങനെ സഹിക്കും പൂവാല പ്രമാണിമാര്‍ക്ക്. ഒരാള്‍ സൈക്കിളില്‍ ചൂളമടിച്ച് നാലുവട്ടം കറങ്ങി. ഞാനെഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ ചില വീട്ടുകാര്യങ്ങള്‍ കനകമ്മയോട് പറഞ്ഞു. സഹോദരിയും സഹോദരനുമാണെന്നറിയിക്കാനുള്ള സംഭാഷണം. ചില തെരുവുഭരണ വിരുതന്മാര്‍ പലവട്ടം ഞങ്ങളെ നിരീക്ഷിച്ചു. ഞാന്‍ ബാഗ് തുറന്ന് ഒരു പുസ്തകമെടുത്ത് തെരുവുവിളക്കിന്റെ പ്രകാശത്തില്‍ വായിച്ചു. ഒരു ബൈക്കുകാരന്‍ ഞങ്ങളിരുന്ന വരാന്തപ്പടിയില്‍ കാലുകുത്തി സൂക്ഷിച്ചു നോക്കി. ഞാനും നോക്കി. എനിക്കും കനകമ്മക്കും ഭയം തോന്നി. 

'കൊച്ചാട്ടാ, മനുഷ്യരെ കണ്ടിട്ടില്ലാത്തവരുണ്ടോ ഈ നാട്ടില്‍?'  കനകമ്മ ഉറക്കെ ചോദിച്ചു. ഞാന്‍ ചിരിച്ചു.

'ചിലരുണ്ടാവാം. രാത്രിയല്ലേ. നമുക്കൊരു സംരക്ഷണമൊക്കെ വേണ്ടേ...?'

ഞങ്ങളുടെ സംഭാഷണത്തിലെ പരിഹാസം മനസ്സിലാക്കിയാവാം ബൈക്ക് പടപടാ പ്രതിഷേധം തുപ്പി അകന്നുപോയി. എന്റെ ശ്വാസം നേരെ വീണു. സഹോദരിക്ക് കാവല്‍ എന്ന സങ്കല്‍പത്തിലെ ജാഗ്രത ചെറിയ കാര്യമല്ല. ബസ്സ് വന്നു. ഞങ്ങള്‍ ഓടിക്കയറി. മഞ്ഞും തണുപ്പും. വേഗം സീറ്റു പിടിച്ചു. കണ്ടക്ടര്‍ക്ക് ഞങ്ങളെ അറിയാം. യാത്രാക്കാര്യം പറഞ്ഞ് ടിക്കറ്റെടുത്ത് സ്വസ്ഥമായി ഇരുന്നു. പാവം... എന്റെ കൈയില്‍ തല ചായ്ച്ചിരുന്ന് പെങ്ങള്‍ കണ്ണടച്ചു. സ്‌നേഹം കൊണ്ട് ഞാന്‍ വലിയ സഹോദരന്‍.

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top