അറബ് മുസ്‌ലിം യാത്രകള്‍ - ആമുഖം

നജ്ദ.എ /യാത്ര No image

യാത്ര ഒരു ചോദനയാണ്. പ്രയാസങ്ങള്‍ക്കപ്പുറത്ത് അത് നിര്‍വൃതിയാണ്. അത്യധ്വാനം അല്ലെങ്കില്‍ ക്ലേശങ്ങളുള്ള സുഖകരമല്ലാത്ത അവസ്ഥയെയോ അനുഭവത്തെയോ കുറിക്കുന്ന travail എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് travel എന്ന ഇംഗ്ലീഷ് പദം ഉരുത്തിരിഞ്ഞത്. ആദിമസമൂഹങ്ങള്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി ദൂരങ്ങള്‍ താണ്ടിയെങ്കില്‍ പിന്നീട് കച്ചവടത്തിനും അതേത്തുടര്‍ന്ന് പര്യവേഷണങ്ങള്‍ക്കും പിന്നെ ആനന്ദലബ്ധിക്കും വേണ്ടിയായി യാത്രകള്‍.

മനുഷ്യന്‍ കടലിനെ കീഴ്‌പ്പെടുത്തിയതിനുശേഷമാണ് പര്യവേഷണങ്ങളെന്ന പുതിയൊരു സംസ്‌കാരം രൂപപ്പെടുന്നത്. കച്ചവടവും യുദ്ധങ്ങളും മറ്റു യാത്രകളും അങ്ങനെ അധികരിച്ചു. മാസങ്ങളെടുത്ത് കാല്‍നടയായോ മൃഗങ്ങളെ ആശ്രയിച്ചോ കാതങ്ങള്‍ താണ്ടിയിരുന്ന കാലത്തെ, ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തം മാറ്റിമറിച്ചു.

ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്ട്രാബോ (strabo) എന്ന ഭൂമിശാസ്ത്രകാരന്റെ പുസ്തകങ്ങളിലൂടെ ദൂരദിക്കുകളെ കുറിച്ച് ആളുകള്‍ വായിച്ചറിഞ്ഞു. ഹുയാന്‍ സാങ്ങ് (AD 602-644) മാര്‍ക്കോ പോളോ (AD 1254-1324), ഇബ്‌നുബത്തൂത്ത (AD 1304-1368), ക്രിസ്റ്റഫര്‍ കൊളംബസ് (AD 1451-1506), ഫെര്‍ഡിനാന്റ് മഗല്ലന്‍ (AD 1480-1521), ആഫ്ര ബെന്‍ (AD 1728-1779), ചാള്‍സ് ഡാര്‍വിന്‍ (AD 1809-1882), റോബര്‍ട്ട് പിയറി (AD 1856-1920), അമുണ്ട്‌സെന്‍ (AD 1872-1928) തുടങ്ങിയവരുടെ വൈജ്ഞാനിക സാഹസിക യാത്രകളും പ്രസിദ്ധമാണ്. ലോകത്ത് ഭൂപടങ്ങള്‍ തെളിഞ്ഞു തുടങ്ങിയതിങ്ങനെയാണ്.

യാത്രകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നത് ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരിക തുറവിയുടെ ചിഹ്നമാണ്. പണ്ട് വിദ്യാഭ്യാസ പൂര്‍ത്തീകരണത്തിന് ദൂരയാത്രകള്‍ നിര്‍ബന്ധമായിരുന്നു. യാത്ര ഇല്ലെങ്കില്‍ പഠനമില്ല (Learn not if travel not) എന്നൊരു ചൊല്ല് പണ്ട് പ്രചാരത്തിലുണ്ടായിരുന്നു. സാഹിത്യമൂല്യമുള്ള യാത്രാവിവരണങ്ങളെ സഞ്ചാരസാഹിത്യത്തിന്റെ ഗണത്തില്‍പെടുത്തുന്നു. കേവല ഡയറിക്കുറിപ്പുകള്‍ക്കപ്പുറത്തുള്ള ആഖ്യാന സൗന്ദര്യം അതിനുണ്ടാകും.

യാത്രികന്റെ/യുടെ ബോധധാരയില്‍ നുരയുന്ന തത്വചിന്തകളും സഞ്ചാരസാഹിത്യത്തിന്റെ മാറ്റ് കൂട്ടുന്നു. എ.ഡി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരിക്കുന്ന പോസേനിയസിന്റെ ഡിസ്‌ക്രിപ്ഷന്‍ ഓഫ് ഗ്രീസ് (Description of Greece) സഞ്ചാരസാഹിത്യത്തിന്റെ ആദ്യകാല മാതൃകയാണ്. മധ്യകാല അറബ് സാഹിത്യത്തില്‍ യാത്രാവിവരണം വളരെ സാധാരണമായിരുന്ന ഒരു മേഖല ആയിരുന്നു.

12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്‌നു ജുബൈറിന്റെയും, 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്‌നുബത്തൂത്തയുടെയും യാത്രാവിവരണങ്ങള്‍ ഇന്നും പ്രസിദ്ധമാണ്.

1589 ല്‍ പ്രസിദ്ധീകരിച്ച റിച്ചാര്‍ഡ് ഹാക്‌ലുറ്റിന്റെ 'വോയേജസ്' (Voyages) ആണ് ഇംഗ്ലീഷ് സഞ്ചാരസാഹിത്യത്തിന്റെ അടിസ്ഥാന പ്രമാണമായി കണക്കാക്കപ്പെടുന്നത്. മധ്യകാല ചൈനയിലെ സോങ്ങ് വംശത്തിലും സഞ്ചാരസാഹിത്യം ഏറെ പ്രചാരത്തിലുണ്ടായിരുന്നു. സമ്പന്നരും സവര്‍ണരും ഒഴിവുവേളകള്‍ ചിലവഴിക്കാനും യൂറോപ്പിലെ കലയും വാസ്തു വിദ്യകളും ആസ്വദിക്കാനും ഇറങ്ങിയത് പിന്നീട് പലരീതിയിലും ഗതിയെ തന്നെ മാറ്റിമറിച്ചത് കോളനീകരണത്തിലൂടെ നാം വായിച്ചറിഞ്ഞതാണ്. ഉയര്‍ന്ന ജാതിയിലുള്ള അത്തരം യാത്രക്കാര്‍ക്ക് മറ്റുള്ള സംസ്‌കാരങ്ങളോടുള്ള മനോഭാവവും അസഹിഷ്ണുതയും സഞ്ചാരസാഹിത്യത്തിലും മുഴച്ചുനിന്നിരുന്നു.

പ്രബന്ധ സ്വഭാവമുള്ള യാത്രാവിവരണങ്ങള്‍ക്കുദാഹരണമാണ് വി.എസ്. നൈപ്പോളിന്റെ 'India, a wonder civilization'' റെബേക്ക വെസ്റ്റി'ന്റെ (Rebecca West) 'Yugoslavia, Black land and Grey Falcon(194)' എന്നീ പുസ്തകങ്ങള്‍.

HMS Beagle യാത്രയായിരുന്നു ചാള്‍സ് ഡാര്‍വിന്റെ പ്രസിദ്ധമായ പ്രകൃതിപഠനങ്ങള്‍ക്കും 'ഒറിജിന്‍ ഓഫ് സ്പീഷീസ്' എന്ന ശാസ്ത്രകൃതിക്കും വഴിവെച്ചത്. ഇംഗ്ലീഷ് എഴുത്തുകാരായ സാമുവല്‍ ജോണ്‍സണ്‍, ചാള്‍സ് ഡിക്കന്‍സ്, മേരി വോള്‍സ്‌റ്റോണ്‍ ക്രാഫ്റ്റ്, ആര്‍.എല്‍. സ്റ്റീവന്‍സണ്‍, ഹിലയ്ര്‍ ബെല്ലോക്ക്, ഡി.എച്ച്. ലോറന്‍സ് തുടങ്ങിയവര്‍ സഞ്ചാരസാഹിത്യത്തിലും തഴക്കമുള്ളവരാണെന്ന് പലര്‍ക്കുമറിയാത്ത കാര്യമാണ്. യഥാര്‍ഥ യാത്രകളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ഫിക്ഷനുകളാണ് ഹോമറുടെ ഒഡീസിയും ജോസഫ് കോണ്‍റാഡിന്റെ ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്‌നെസും. എന്നാല്‍, Dante യുടെ Divine Comedy, ജോനാതന്‍ സ്വിഫ്റ്റിന്റെ Gullivers Travels, Voltare ന്റെ Candide എന്നിവയൊക്കെ സാങ്കല്‍പിക യാത്രാവിവരണങ്ങളാണ്. ഫൂക്കോയുടേയും Edward ന്റെയും സിദ്ധാന്തങ്ങളുടെ സ്വാധീനംമൂലം സഞ്ചാരസാഹിത്യത്തെ കുറിച്ചുള്ള പഠനങ്ങള്‍ കൂടുതലായുണ്ടായത് 90-കളുടെ അവസാനത്തിലാണ്. സംസ്‌കാര വൈവിധ്യങ്ങളും, പാലായനങ്ങളും തീര്‍ഥാടനങ്ങളും യാത്രകളും രാഷ്ട്രീയമായി വിശകലനം ചെയ്യപ്പെടുന്നതങ്ങിനെയാണ്.

1977 ല്‍ മിന്നെസോട്ട യൂനിവേഴ്‌സിറ്റിയില്‍ Donald Ross സംഘടിപ്പിച്ച ആദ്യത്തെ അന്താരാഷ്ട്ര സഞ്ചാരസാഹിത്യസമ്മേളനം International Society of Travel Writing എന്ന കൂട്ടായ്മക്ക് വഴിവെച്ചു.

ടിം യങ്ങ്‌സിന്റെ 'Studies in Travel Writing' പുറത്തിറങ്ങുന്നതും അതേ വര്‍ഷം തന്നെയാണ്. സഞ്ചാരസാഹിത്യമേഖലയിലും യാത്രകളിലുമുള്ള സ്ത്രീപ്രാതിനിധ്യവും അവസ്ഥയുമൊക്കെ പുതിയ പഠനമേഖലകളാണിന്ന്. 1998 ല്‍ ഇന്ദിര ഘോഷ് രചിച്ച 'Women Travellers in Colonial India: The power of the female Gaze' ഇതിനൊരുദാഹരണമാണ്. Bernard Shweitzer ന്റെ 'Radicals on the Road: the politics of English Travel writing in the 1930s' (2001) യാത്രയുടെ രാഷ്ട്രീയ വിശകലനപഠനം, Barbara Korte യുടെ 'English Travel Writing From Pilgrimages Explorations' (2000)  പോസ്റ്റ് കൊളോണിയല്‍ കാഴ്ചപ്പാടുകള്‍, Michael Cronin ന്റെ 'Across the lines; Travel, Language and Translation', യാത്രകളിലും സഞ്ചാരസാഹിത്യത്തിലുമുള്ള ഭാഷയുടെ ളൗിരശേീി എന്നിങ്ങനെ വിവിധ ദിശകളിലായി വിമര്‍ശന പഠനങ്ങള്‍ വിശാലമായിക്കൊണ്ടിരിക്കുകയാണ്.

വാണിജ്യാവശ്യത്തിനല്ലാതെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചോ, യാത്രകളെക്കുറിച്ച് പൊതുവിലോ തയ്യാറാക്കപ്പെടുന്ന travel documentary കള്‍ നമുക്ക് സുപരിചിതമാണ്. ബ്രിട്ടീഷ് ഹാസ്യനടന്‍ Michael Palin ന്റെ ലോകയാത്ര പരമ്പര ഈ മേഖലയില്‍ പ്രസിദ്ധമാണ്. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ 'സഞ്ചാരം' പരമ്പര അതിനുള്ള ഉദാഹരണമാണ്. മനുഷ്യരുടെ അടങ്ങാത്ത ആകാംക്ഷയെ ഏറെക്കുറെ ശമിപ്പിക്കുന്നത് യാത്രകളാണെന്നതില്‍ സംശയമില്ല. യാത്രകളിലെ മനുഷ്യമനസ്സും സ്വഭാവവും ശാസ്ത്രീയമായി പഠിപ്പിക്കുന്നു Travel Psychology. വിദേശരാജ്യങ്ങളില്‍ അധികകാലം താമസിക്കേണ്ടിവരുമ്പോള്‍ മറ്റൊരു സംസ്‌കാരവുമായി ഇടപഴകുമ്പോഴുണ്ടാകുന്ന cultural shock നെക്കുറിച്ചൊക്കെ Dr. Michael Brain എന്ന പ്രശസ്ത യാത്രാമനശാസ്ത്രജ്ഞന്‍ വിശദീകരിക്കുന്നുണ്ട്.

എല്ലാമതങ്ങളും തീര്‍ഥാടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അനുഷ്ഠാനകര്‍മങ്ങളില്‍ യാത്ര കേന്ദ്രസ്ഥാനത്തുവരുന്ന മതമാണ് ഇസ്‌ലാം. ഹജ്ജിനു കഅ്ബയിലേക്കുള്ള തീര്‍ഥാടനം ഏറെ പ്രധാന്യമേറിയതാണ് ഇസ്‌ലാമില്‍. ക്രിസ്ത്യാനികളും യേശുവിന്റെ ജന്മസ്ഥലമായ ജറൂസലമും, വിശുദ്ധരുടെ ശവകുടീരങ്ങളും സന്ദര്‍ശിക്കുന്നവരാണ്. കടല്‍ കടന്നുള്ള യാത്രകള്‍ ഹിന്ദുമതത്തില്‍ പാപമാണെങ്കിലും, കരയിലൂടെ മാത്രമുള്ള ബൃഹദ് തീര്‍ഥാടന പാരമ്പര്യം ഹിന്ദുമതക്കാര്‍ക്കുമുണ്ട്. സര്‍വം ത്യജിച്ചുള്ള യാത്രകള്‍ വരെയുണ്ട് ബുദ്ധമതത്തില്‍.

മനുഷ്യരെ പ്രവാചകരും തത്വചിന്തകരും പുണ്യവാളന്‍മാരുമാക്കിയതില്‍ യാത്രക്കുള്ള പങ്ക് ചെറുതല്ല. മരുഭൂമികളും പര്‍വതങ്ങളും അവരുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നപ്പോള്‍, കച്ചവടക്കാര്‍ക്ക് പ്രിയം കടല്‍മാര്‍ഗങ്ങളായിരുന്നു.

11 മുതല്‍ 15-ാം നൂറ്റാണ്ട് വരെ ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണകാലഘട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപാട് പണ്ഡിതരും ശാസ്ത്രജ്ഞരും ന്യായാധിപരും യാത്രികരും അന്ന് പലരീതിയില്‍ ആ വളര്‍ച്ചക്ക് സംഭാവനകളര്‍പ്പിച്ചിരുന്നു. അറബ്-മുസ്‌ലിം യാത്രാ പാരമ്പര്യത്തിലെ ഇബ്‌നുജുബൈര്‍, ഇബ്‌നുബത്തൂത്ത, മാ ഹുവാന്‍, അബ്ദുറസാഖ് സമര്‍ഖന്ദി തുടങ്ങിയവരുടെ യാത്രാവിവരണങ്ങളെക്കുറിച്ചും ഇസ്‌ലാമിലെ യാത്രാ മനോഭാവവും സൂക്ഷ്മമായി പഠിക്കുന്നതിന് മുന്നോടിയായി പൊതുവില്‍ യാത്രകളെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവെച്ചത്.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top