ഇണകളുടെ ഭാവി

ഹബീബ ഹുസൈന്‍ ടി.കെ. No image

വിവാഹം മതകീയമായ ആശീര്‍വാദങ്ങളോടെ നടക്കുന്ന ഒരു സല്‍കര്‍മമാണ്. അതിന് നല്‍കിയിരുന്ന പവിത്രത ഇന്നേറെ മാറിയിരിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ്. ഹിന്ദു-ക്രിസ്ത്യ-മുസ്‌ലിം-മതവിശ്വാസികള്‍ ഒന്നാകെ വിവാഹത്തെ സമീപിക്കുന്നത് ദൈവികമായ കൂട്ടിയോജിപ്പിക്കലിന്റെ വേദിയായാണ്. സ്വന്തമായി ഇണയെ കണ്ടെത്തുന്ന, ലിവിംഗ് ടുഗെദര്‍ എന്ന ആശയം സങ്കല്‍പിക്കാന്‍ പ്രയാസം ഉണ്ടായിരുന്ന ഒരു ഇന്നലെയുണ്ട് കേരളീയ സമൂഹത്തിന്. ഇവിടെയാണ് ഇനി പറഞ്ഞുവെക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലം.

ഇപ്പോള്‍ കൈകാര്യം ചെയ്യേണ്ടുന്ന വിഷയങ്ങളില്‍ വിവാഹം ഉറപ്പിച്ചതിനുശേഷം പിരിഞ്ഞുപോകുന്ന ഒരുപാട് ബന്ധങ്ങളുണ്ട്. ഇക്കഴിഞ്ഞ ആഴ്ച ആറു മാസത്തെ ദാമ്പത്യപരിചയവുമായി വന്ന ദമ്പതികളില്‍ പെണ്‍കുട്ടിയോട് ഞാന്‍ ചോദിച്ചു. 'എന്തുപറ്റി സുമീ, വിവാഹജീവിതത്തില്‍ സംതൃപ്തയല്ലേ?'' 'എന്ത് പറയാനാ മാഡം, എനിക്ക് മടുത്തു. ഇതുമായി മുന്നോട്ട് പോവാന്‍ പറ്റില്ല.'' തുടര്‍ സംസാരത്തിനിടയിലും അന്വേഷിച്ചു. 'ഇനിയെന്ത് ചെയ്യും.' സുമി ഉറപ്പിച്ചു. 'ഇത് ഇവിടെ വെച്ചങ്ങ് നിര്‍ത്താം. പുതിയ ഒരു വിവാഹബന്ധം എന്തായാലും വരും. ഞാനത്രക്ക് മോശമൊന്നുമല്ലല്ലോ.'

അല്‍പനേരം വീര്‍പ്പ് വിടാനൊക്കാതെ ഞാനോര്‍ത്തുപോയി. ഇതാണോ മതകീയ ആചാരങ്ങളോടെ നടന്ന പവിത്രകര്‍മം. ഇത്ര നിസ്സാരമാണോ വൈവാഹിക ബന്ധം?

എം.ബി.എ ബിരുദദാരിയാണ് സില്‍ന. പ്രതിശുത വരന്‍ ഫിറോസാവട്ടെ B.Tech. വിദേശത്ത് ജോലിചെയ്യുന്ന ബന്ധത്തില്‍ തൃപ്തരായതിനാല്‍ ഹലാലായ ബന്ധമാക്കാനായി വീട്ടുകാര്‍ നിക്കാഹ് നടത്തിവെച്ചു. ഒന്നര വര്‍ഷത്തിനുശേഷം നാട്ടുകാരെ വിളിച്ച് കല്ല്യാണം കെങ്കേമമാക്കാമെന്നും. എല്ലാം ഹലാലായതിനാല്‍ ഫിറോസാദ്യം തന്നെ അവള്‍ക്കു കൊടുക്കാനായി തെരഞ്ഞെടുത്തത് മൊബൈല്‍ ഫോണാണ്. ഒരു കുഴപ്പവുമില്ലാതെ സുഖിപ്പിക്കലുകളോടെ ആറുമാസം കഴിഞ്ഞു. പിന്നെ പഠനത്തിരക്കിനാല്‍ വിഷയദാരിദ്ര്യം. എന്തിനു പറയുന്നു ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും വിളി കുറഞ്ഞു. ഇടക്കൊന്ന് ഒത്തുതീര്‍പ്പാക്കി. കല്ല്യാണവും നടന്നു. വിവാഹാനന്തരം യഥാര്‍ഥ വില്ലന്‍ വന്നു. ഫോണിലൂടെയുള്ള സംസാരത്തിലുള്ള സില്‍നയല്ല പോലും. ദേഷ്യപ്രകൃതം ഏറെയുള്ള തന്റേടിയായ ഭാര്യയാണുപോലും ഇപ്പോളവള്‍. ഇതെന്റെ സങ്കല്‍പത്തിലെ പെണ്ണല്ലെന്ന് അവന്‍ തീര്‍ത്തു പറഞ്ഞു.

ഒരു തോന്നലില്‍നിന്നും തുടങ്ങുന്നു എല്ലാം. തോന്നലിനെ തോന്നിപ്പിക്കലായി മാറ്റുന്നിടത്ത് തുടങ്ങുന്നു ദമ്പതിമാരുടെ അകല്‍ച്ച. പിന്നെ മുമ്പ് കഴിഞ്ഞ മധുരിക്കും ഓര്‍മകള്‍ ഒന്നുമില്ല. പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന രണ്ടു മൃഗങ്ങളാവുന്നു അവര്‍. തന്റെ ഇണയുടെ രഹസ്യം സൂക്ഷിക്കുന്നവനാണ്/അവളാണ് - യഥാര്‍ഥ ഇണയത്രെ. എന്നാല്‍, ഒന്നിടഞ്ഞാല്‍ ജീവിതം മുഴുവന്‍ അങ്ങാടിപ്പാട്ടാണ്. കിടപ്പറ രഹസ്യങ്ങള്‍പോലും പള്ളിക്കമ്മിറ്റിക്ക് മുമ്പില്‍ തത്സമയം വിവരിക്കുന്ന അഭ്യസ്ത വിദ്യരുള്ള ഉത്തമസമുദായം. ഒന്നും നിഷിദ്ധമല്ലാത്ത, എല്ലാറ്റിനെയും പുല്‍കാന്‍ വെമ്പുന്ന സമുദായം. ഇത് മുസ്‌ലിം സമുദായത്തിന്റെ മാത്രം അപചയമായാണ് പലപ്പോഴും അനുഭവപ്പെടാറുള്ളത്.

മറ്റൊരു ട്രെന്റ് ആണ് വിവാഹനിശ്ചയം കഴിഞ്ഞ നീണ്ട ഇടവേള. ഇതിനിടയില്‍ എന്തൊക്കെ എന്നതിന് പരിധി ഇപ്പോഴത്തെ തലമുറക്ക് ഇല്ല. കാരണം പരസ്പരം ഉള്ളുതുറന്ന് പരിചയപ്പെടുവാനുള്ള ഒരു അസുലഭ സന്ദര്‍ഭമായി അവര്‍ കാണുന്നു. ഈ ബന്ധത്തിന് സീമകളാരും നിര്‍വചിച്ചിട്ടില്ല. സുധീറും നിസയും ഇത്തരമൊരു അനുഭവം പറഞ്ഞുതരുന്നു. നിസയുടെ കോളെജ് പഠനത്തിനിടെ ഒരു ബന്ധു വഴി വന്ന അന്വേഷണമാണ്. ഗള്‍ഫില്‍ mall supervisor ആണ് സുധീര്‍. നീണ്ട രണ്ടു വര്‍ഷത്തോളമുള്ള കാത്തിരിപ്പിനൊടുവിലാണ് വിവാഹിതരായത്.

പക്ഷേ, കഴിഞ്ഞ രണ്ടുവര്‍ഷത്തോളം ഫോണ്‍ സംഭാഷണത്തിലൂടെയുള്ള, കൈമാറിയ ഗിഫ്റ്റുകളിലൂടെയുള്ള, ബന്ധത്തിന്റെ പരിമളം ഇന്നില്ല. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? നാമൊന്നിരുന്ന് ചിന്തിക്കേണ്ടതല്ലേ? വിവാഹം കഴിഞ്ഞ് ആദ്യ നാളുകകളില്‍തന്നെ ബന്ധം വേര്‍പെടുത്തി കുരുക്കില്‍ നിന്നൊഴിയുന്ന മനോഭാവത്തിന് ഇന്ന് ആക്കം കൂടുതലാണ്. എന്റെ തന്നെ അനുഭവത്തില്‍ വിവാഹബന്ധം ഒഴിയാന്‍ വന്നിരുന്ന ദമ്പതികള്‍ക്ക് മുന്നില്‍ വിവാഹമോചനത്തിന്റെ അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ പറഞ്ഞ്, മതത്തിന്റെ അനുശാസനയനുസരിച്ച് ഓരോ വിവാഹബന്ധവും ഒഴിയുന്ന ചിന്ത നാം ഓര്‍ക്കുമ്പോഴും ഉറക്കെ പറയുമ്പോഴും സൃഷ്ടികര്‍ത്താവായ ദൈവം തമ്പുരാന്റെ സിംഹാസനം അസ്വസ്ഥതയാല്‍ കുലുങ്ങും. അതിനാല്‍ അവധാനതയോടെ നമുക്ക് സമീപിക്കാം. ഉടനെ വധുവിന്റെ സഹോദരന്റെ കമന്റ് 'ദൈവത്തിന്റെ സിംഹാസനമല്ലേ മാഡം, അത് കുറച്ച് നേരം കുലുങ്ങി, പിന്നെയങ്ങ് നേരെയാവും.''

ഇത്ര നിസ്സാരമാണോ നമ്മുടെ ജീവിതത്തിന്റെ ഭാവി. മനസ്സും മനസ്സും തമ്മിലുള്ള വ്യവഹാരത്തിനിവിടെ ഒരു സ്ഥാനവും ഇല്ലേ? ഗള്‍ഫിലുള്ള ഇണക്ക് മിസ്ഡ്‌കോള്‍ അടിച്ചില്ല എന്നതിന്റെ പേരില്‍, സങ്കല്‍പത്തിലെ നായികയായി ഇന്നലെ കാണാന്‍ കഴിയാതെ, വിവാഹമൂലധനം തുക കുറഞ്ഞതിന്റെ പേരില്‍, പരിഗണന കിട്ടുന്നില്ല എന്നതിന്റെ പേരില്‍, ഇണ സോഷ്യല്‍ അല്ല എന്നതിന്റെ പേരിലൊക്കെ ഒഴിയുന്ന ബന്ധങ്ങള്‍ ഇന്ന് കൗണ്‍സലിങ് സെന്ററുകളിലെ സ്ഥിരം കാഴ്ചകളാണ്.

എന്തുപറ്റി നമ്മുടെ മൂല്യങ്ങള്‍ക്ക്? ഇത്തരത്തിലാണോ കുഞ്ഞുനാള്‍ മുതല്‍ ബന്ധങ്ങളുടെ പവിത്രതയെപ്പറ്റി നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്? വിവാഹബന്ധത്തിലൂടെ ഒന്നിച്ചു വരുന്ന ഇണക്കും തുണക്കും തന്റേതായ ഒരു വ്യക്തിത്വവും സ്വഭാവചര്യയും ഇക്കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായിരുന്നു എന്ന സത്യം മറന്നുപോകുന്നതെന്തേ? വിഭിന്നങ്ങളായ സാമൂഹിക, കുടുംബ, സംസ്‌കാര പാരമ്പര്യങ്ങളില്‍നിന്നും ഒന്നിക്കുന്ന ഇണക്കും തുണക്കും ജീവിതം കരുപ്പിടിപ്പിക്കുന്ന ആദ്യവര്‍ഷങ്ങൡ ഉണ്ടാവുന്ന ചില അഡ്ജസ്റ്റ്‌മെന്റ് പ്രശ്‌നങ്ങള്‍ മനശാസ്ത്രപരമായി തികച്ചും സാധാരണം ആണ്. എന്നാല്‍ ഭൂരിപക്ഷം ഇതിനെ സമീപിക്കുന്നതോ?

സ്വാഭാവികമായും സംശയിക്കാം അപ്പോള്‍ ഈ ബന്ധം ഉറപ്പിച്ചും, നിക്കാഹ് നടത്തിയും ഒടുക്കം കല്ല്യാണത്തിലെത്തുമ്പോള്‍ എന്തോ പ്രശ്‌നമെന്ന്. ഒരാളെ അടുത്തറിയുന്നത്, അവന്റെ/അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അനുഭവിക്കുന്നത്, ഇടപഴകലിന്റെ സൂക്ഷ്മത അറിയാനൊക്കുന്നത്, സമ്മര്‍ദ്ദഘട്ടങ്ങളിലെ പെരുമാറ്റരീതി മനസ്സിലാവുന്നത് - ഒക്കെ ഒന്നിച്ച് കഴിയുമ്പോഴല്ലേ? അതിനാല്‍ തന്നെ വിവാഹാലോചന സമയത്ത് തികച്ചും സാധാരണമായ ബന്ധങ്ങളില്‍ പലതും വിവാഹശേഷം തകരുന്നു.

ഇവിടെയാണ് രക്ഷകര്‍ത്താക്കളും സാമൂഹികപ്രസ്ഥാനങ്ങളും യുവതലമുറയെ ബോധവല്‍ക്കരിക്കേണ്ടത് -ഒരാളുടെ മനസ്സിനേല്‍പിക്കുന്ന മുറിവ് ഉണങ്ങാന്‍ ഒരുപാട് ബുദ്ധിമുട്ടാണെന്ന്. അത്രയും നിസ്സാരവല്‍കരിക്കേണ്ടുന്ന ഒന്നല്ല, ഒരുപാട് ആളുകളുടെ ആശീര്‍വാദത്തോടെയുള്ള ഒരു പവിത്രകര്‍മം. നമ്മുടെ മതകീയമായ സംവിധാനങ്ങളിലൂടെ വിവാഹത്തിനു മുമ്പ് വധുവും വരനും ഇത്തരം വിഷയങ്ങളില്‍ ബോധവല്‍ക്കരിക്കപ്പെടുന്നത് ഒരളവോളം നല്ലതാണ്. എന്താണ് ബന്ധങ്ങള്‍ എന്നും, അതില്‍ വിവിധഘട്ടങ്ങള്‍ക്കുള്ള സ്ഥാനം എന്തെന്നും ബോധ്യപ്പെടുത്തണം. വിവാഹ രജിസ്‌ട്രേഷന് ഇത് ഉറപ്പുവരുത്തുകയും വേണം. ഇത്തരത്തിലുള്ള കൂട്ടായ പ്രയത്‌നങ്ങള്‍ക്ക്, ശൈശവദശയിലേ ഇല നുള്ളിക്കുന്ന വൈവാഹികബന്ധങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top