കുടുംബമെന്നത് മനുഷ്യനോളം പഴക്കമുള്ള സാമൂഹ്യസംവിധാനമാണ്. അത് മനുഷ്യത്വത്തിന്റെ ഭാഗവുമാണ്. പശു, ആട്, പൂച്ച, നായ എന്നിവക്കൊന്നും കുടുംബഘടനയില്ല. ഇണചേരുകയെന്ന പതിവും പ്രത്യുല്‍പാദനവും ഉണ്ട്.
കുടുംബമെന്നത് മനുഷ്യനോളം പഴക്കമുള്ള സാമൂഹ്യസംവിധാനമാണ്. അത് മനുഷ്യത്വത്തിന്റെ ഭാഗവുമാണ്. പശു, ആട്, പൂച്ച, നായ എന്നിവക്കൊന്നും കുടുംബഘടനയില്ല. ഇണചേരുകയെന്ന പതിവും പ്രത്യുല്‍പാദനവും ഉണ്ട്. പക്ഷെ ശക്തവും ഭദ്രവുമായ കുടുംബഘടനയില്ല. പല ജന്തുക്കള്‍ക്കും അടുത്ത പ്രസവത്തോടുകൂടി തന്റെ ആദ്യസന്തതിയുമായുള്ള ബന്ധം ക്രമേണ ഇല്ലാതായിപ്പോകുന്നതായിട്ടാണ് പ്രത്യക്ഷ നിരീക്ഷണത്തില്‍ ഗ്രഹിക്കാനാവുന്നത്.
ഇണചേരലും പ്രത്യുല്‍പാദനവും മാത്രമല്ല കുടുംബം. കുടുംബമെന്ന മനുഷ്യസംവിധാനത്തില്‍ അതും ഉള്‍പെടുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്നാല്‍ ഇതിലുമപ്പുറമാണ് തലമുറകളോളം നീണ്ടുനില്‍ക്കുന്ന സുദീര്‍ഘവും സുഭദ്രവുമായ കുടുംബമെന്ന സംവിധാനം. കുടുംബമെന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. കുടുംബം എത്രകണ്ട് ദുര്‍ബലവും ശിഥിലവുമാകുന്നുവോ, അത്രകണ്ട് മനുഷ്യത്വം മരിച്ചുപോകുമെന്നത് അനുഭവസത്യം.
മാനവികതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം കുടുംബത്തിന് അതീവ പ്രാധാന്യമാണ് കല്‍പിച്ചിട്ടുള്ളത്. മനുഷ്യകുലത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ കുടുംബമെന്ന നിലയിലാണ് അല്ലാഹുവിന്റെ കല്‍പനകള്‍, ആണിനോടോ പെണ്ണിനോടോ മാത്രമായി തനിച്ചല്ല. ''ആദമേ! നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക.'' (വി.ഖു) എന്നാണല്ലോ രണ്ടുപേരോടും ഒരുമിച്ചുള്ള ആദ്യകല്‍പന. തുടര്‍ന്നു ദ്വിവചന ക്രിയയിലാണ് പല കല്‍പനകളും ഒന്നിച്ചു നല്‍കപ്പെട്ടത്. നിങ്ങളിരുപേരും ഭക്ഷിച്ചുകൊള്ളുക (ഫകുലാ...) നിങ്ങളിരുപേരും ഇഛിക്കുന്നേടങ്ങളില്‍ (ഹൈസുശിഅ്തുമാ...) നിങ്ങളിരുപേരും സമീപിക്കരുത് (വലാ തഖ്‌റബാ) ആണും പെണ്ണും ഒറ്റ ആത്മാവില്‍ നിന്ന് (സത്തയില്‍ നിന്ന്) ഉത്ഭവിച്ചതാണെന്ന് ഖുര്‍ആന്‍ 4:1 ല്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഭാര്യ, ഭര്‍ത്താവ് എന്ന സങ്കല്‍പം ഇസ്‌ലാമികമല്ല. ഇണയും തുണയുമെന്നതാണ് ഇസ്‌ലാമിന്റെ കൃത്യമായ സങ്കല്‍പം. സൗജ്, സൗജത്ത് എന്നതാണ് ഇസ്‌ലാമിക പ്രയോഗം. സ്ത്രീ-പുരുഷന്മാര്‍ പരസ്പര പൂരകവും പരസ്പര സഹായകവുമായ പങ്കാളികളായിക്കൊണ്ടുള്ള, ഇണ-തുണയെന്ന നിലക്കുള്ള ഉദാത്ത സങ്കല്‍പമാണ് വിശുദ്ധഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. പാരസ്പര്യമാണ് അതിന്റെ അകംപൊരുള്‍. അടിച്ചമര്‍ത്തലോ, തല്‍സ്വഭാവത്തിലുള്ള മേധാവിത്തമോ പാരസ്പര്യമെന്നത് പുലരുവാന്‍ ഒട്ടും സഹായകമല്ല. അതുകൊണ്ടുതന്നെ അങ്ങനെ ഉണ്ടാകാന്‍ പാടുള്ളതല്ല.
വിശുദ്ധ ഖുര്‍ആനില്‍ നമസ്‌കാരത്തിന്റെ സമയക്രമമോ റക്അത്തുകളോ കൃത്യമായും വ്യക്തമായും വിശദീകരിച്ചിട്ടില്ല, സകാത്തിന്റെ ശതമാനമോ മറ്റ് വിശദാംശങ്ങളോ ഖുര്‍ആനിലില്ല. ഹജ്ജിന്റെ പലകാര്യങ്ങളും വേണ്ടത്ര വിശദമായി ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടില്ല. (ഇതൊക്കെ ഖുര്‍ആന്‍ മനുഷ്യര്‍ക്ക് എത്തിച്ചുതന്ന മുഹമ്മദ് നബി(സ) വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട്). എന്നാല്‍ കുടുംബവുമായി ബന്ധപ്പെട്ട ഒട്ടുവളരെ നിയമനിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ വളരെ വിശദമായി നമ്മെ പഠിപ്പിക്കുന്നുവെന്നത് വളരെ ചിന്തനീയമാണ്. കുടുംബമെന്ന സംവിധാനത്തിന്റെ അതീവ പ്രാധാന്യത്തെയാണ് ഇത് കുറിക്കുന്നത്. വിവാഹം, വിവാഹമൂല്യം, ദമ്പതിമാര്‍ക്കിടയിലെ പിണക്കം, പ്രശ്‌നപരിഹാര രീതി, വളരെ അനിവാര്യമായി വരുമ്പോഴുള്ള വിവാഹമോചനരീതി, തിരിച്ചെടുക്കല്‍, മതാഅ്, ഇദ്ദ, ചിലവ്, ആര്‍ത്തവം, കിടപ്പറ, ഭാര്യമാര്‍ക്കിടയിലെ നീതി, അനന്തരാവകാശം, മക്കള്‍ക്കും ഇണക്കും വേണ്ടിയുള്ള പ്രാര്‍ഥന, പത്‌നിമാരോടുള്ള പെരുമാറ്റം, കുടുംബനാഥനോടുള്ള അനുസരണം, മാതാപിതാക്കളോട് പുലര്‍ത്തേണ്ട കാരുണ്യം, സംബോധനരീതികള്‍, കുടുംബത്തിലെ കൂടിയാലോചന, മുലകുടി, വിവാഹം നിഷിദ്ധമായവര്‍, അകലം പാലിക്കേണ്ടവര്‍, പാലിക്കേണ്ടതില്ലാത്തവര്‍, ചാര്‍ച്ചയെയും ബന്ധങ്ങളെയും കാത്തുസൂക്ഷിക്കല്‍ തുടങ്ങി എല്ലാ പ്രധാന കാര്യങ്ങളും വിശുദ്ധ ഖുര്‍ആന്‍ ഒരു അവ്യക്തതക്കും ഇടയില്ലാത്തവിധം വിശദീകരിച്ചതില്‍നിന്ന് ഭദ്രമായ കുടുംബമെന്നത് ഇസ്‌ലാമിന്റെ- ഖുര്‍ആനിന്റെ- വലിയ വിഷയം തന്നെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പെട്ടതാണ് പരിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം. തദ്വാരാ നിങ്ങള്‍ ഭക്തരായിത്തീരുവാന്‍ (ലഅല്ലക്കും തത്തഖൂന്‍) വേണ്ടി എന്നാണ് ഖുര്‍ആന്‍ വിശദീകരിച്ചത്. വ്രതം, തഖ്‌വ, വിശുദ്ധ ഖുര്‍ആന്‍, പടച്ചവനോടുള്ള നന്ദി, അവനെ വാഴ്ത്തല്‍, പ്രാര്‍ഥന, അല്ലാഹുവിന്റെ വിളിക്ക് ഉത്തരമേകല്‍ തുടങ്ങി സുപ്രധാന കാര്യങ്ങള്‍ (2:183-186) പറഞ്ഞ ഉടനെ റമദാനിലെ രാവുകളിലെ കിടപ്പറയെ പറ്റിയാണ് സാമാന്യം വിശദമായും ചിന്തോദ്ദീപകമായും 2:187 ല്‍ പ്രതിപാദിച്ചത്. എന്നിട്ട് പ്രസ്തുത സൂക്തം ഉപസംഹരിച്ചത് തദ്വാരാ അവര്‍ മുത്തഖികളായിത്തീരാന്‍ (ലഅല്ലഹും യത്തഖൂന്‍) എന്ന് പറഞ്ഞുകൊണ്ടാണ്. വ്രതാനുഷ്ഠാനവും അനുബന്ധ സല്‍ക്കര്‍മങ്ങളും മുഖേന ആര്‍ജിക്കേണ്ടത് എന്താണോ അതു തന്നെയാണ് അന്തിമവിശകലനത്തില്‍ കിടപ്പറജീവിതത്തിലൂടെയും സാധിക്കേണ്ടത്. ദാമ്പത്യത്തെയും കുടുംബജീവിതത്തിലെ കിടപ്പറയേയും ഖുര്‍ആന്‍ എത്രമാത്രം പ്രാധാന്യത്തോടെ അതിലുപരി സൗന്ദര്യബോധത്തോടെ ദര്‍ശിക്കുന്നുവെന്നത് നാം ഇവിടെ തിരിച്ചറിയേണ്ടതുണ്ട്.
വിവാഹമെന്നത് കാമദാഹം തീര്‍ക്കാനുള്ള കേവല ഉപാധിയായിട്ടല്ല നബി(സ) വിശദീകരിച്ചത്. മറിച്ച് സത്യവിശ്വാസവും സദാചാരവും ഭദ്രമാകാനുള്ള സുപ്രധാന സംവിധാനമായിട്ടാണ്. പഠിപ്പിച്ചത്. വിവാഹത്തിലൂടെ ഈമാനിന്റെയും തദടിസ്ഥാനത്തിലുള്ള സദാചാര ഭദ്രതയുടെയും മൂന്നില്‍ രണ്ട് അല്ലെങ്കില്‍ പകുതി ഭദ്രമാകുമെന്നാണല്ലോ പ്രവാചകന്‍ (സ) പ്രസ്താവിച്ചത്.
ഒരു വ്യക്തി തന്റെ ഇണയിലൂടെ തന്റെ ആഗ്രഹപൂര്‍ത്തീകരണം സാധിച്ചാല്‍ അവന് / അവള്‍ക്ക് പടച്ചവന്റെയടുത്ത് വലിയ പ്രതിഫലമുണ്ടെന്ന് നബി പ്രസ്താവിച്ചപ്പോള്‍ കാമദാഹം തീര്‍ത്തതിനും പുണ്യമോ എന്ന് വിസ്മയപൂര്‍വം ചോദിച്ച വ്യക്തിയോട് അയാള്‍ നിഷിദ്ധമാര്‍ഗേണയാണ് ആഗ്രഹനിവൃത്തി വരുത്തിയതെങ്കില്‍ കുറ്റവും ശിക്ഷയുമില്ലേ എന്ന് ചോദിച്ചുകൊണ്ട് നബി(സ) കൃത്യമായ മറുപടി നല്‍കിയത് സ്മരണീയമാണ്. ദാമ്പത്യവും കിടപ്പറയുമൊക്കെ അശ്ലീലമായിട്ടല്ല ഇസ്‌ലാം കാണുന്നതെന്നും മറിച്ച് ഉദാത്തമായ സംഗതിയായിട്ടാണെന്നുമുള്ള ബോധം പലര്‍ക്കും വേണ്ടത്രയില്ല. അതുകൊണ്ടുതന്നെ അനാവശ്യവും അര്‍ഥശൂന്യവും അനര്‍ഥകരവും അപരാധബോധവും അപകര്‍ഷതാ ബോധവും നമ്മളറിയാതെ ഉണ്ടായിത്തീരുന്നു. ഇത് ദാമ്പത്യത്തിലും കുടുംബജീവിതത്തിലും ഉണ്ടാക്കുന്ന പരിക്കുകള്‍ വളരെയാണ്. ഇഴയടുപ്പമുള്ള ഊഷ്മള കുടുംബജീവിതം പരലോകത്തെ സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്. സ്വര്‍ഗീയ ജീവിതം ഇണയോടൊപ്പമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പരലോകത്തെ സ്വര്‍ഗത്തില്‍ ഇണയും സന്തതികളും കൂടെയുണ്ടാവണമെന്നാണ് സത്യവിശ്വാസി ആഗ്രഹിക്കേണ്ടത്. അതിനായിട്ടാണ് പ്രാര്‍ഥിക്കേണ്ടതും പ്രയത്‌നിക്കേണ്ടതും.