ഉടയുന്ന കുടുംബം സദാചാര കേരളം

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ No image

''മകള്‍ പിറന്നപ്പോള്‍ അവളെ ആദ്യമായി കൈയിലെടുത്തപ്പോള്‍ ശരീരത്തിലും മനസ്സിലും കോരിപ്പാഞ്ഞ അനുഭൂതിപ്രസരം ഇപ്പോഴും കൃത്യമായി ഓര്‍ത്തെടുക്കാം. കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞു തൂവിയിരുന്നു. നടക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മനസ്സ് പാടിയിരുന്നു.

കുത്തഴിഞ്ഞു കിടന്ന നിന്‍ ജീവിത
പുസ്തകത്താളിന്‍മേല്‍ ഒരു
കൊച്ചുവിരല്‍ ആദ്യമെഴുതിയ
ചിത്രം കണ്ടു നീ
നാളെ.. നാളെ... നാളെ....

പെണ്‍കുട്ടികള്‍ ഓര്‍മയുടെ സങ്കല്‍പങ്ങളാണെന്ന് ഞാന്‍ എഴുതിയിട്ടുണ്ട്. അത്തരം അനവധി സങ്കല്‍പങ്ങള്‍ ഞാന്‍ സംഭരിച്ചുവെച്ചിട്ടുണ്ട്. ദാമ്പത്യജീവിതത്തിന്റെ ആന്തരികാനുഭൂതി മകളാണെന്നാണ് ഞാന്‍ ഗ്രഹിച്ചിട്ടുള്ളത്.''

                              -വി.ആര്‍. സുധീഷ്, (അനുഭവം ഓര്‍മ യാത്ര)


 
നിറഞ്ഞു തെളിയുന്ന കുടുംബ ചിത്രത്തിലേക്ക് പലവഴികളുണ്ട്. ഒരുമയുടെയും ഇഷ്ടങ്ങളുടെയും വഴിയാണ് നമുക്ക് ഏറെ സുപരിചിതം. നാം എപ്പോഴും കൊതിക്കുന്നത് അതുതന്നെയാണ്. സ്‌നേഹാന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന കുടുംബം ആഗ്രഹിക്കാത്തവരുണ്ടാകില്ല. എല്ലാവരും അതിനുവേണ്ടി പ്രയത്‌നിക്കുന്നു. പക്ഷേ, ചിലര്‍ക്കു മാത്രം അത് കെട്ടിപ്പടുക്കാന്‍ കഴിയുന്നു. ബഹുഭൂരിപക്ഷം പേര്‍ക്കും ഇലക്കും മുള്ളിനും ഇടയില്‍ അല്ലെങ്കില്‍ ചെകുത്താനും കടലിനുമിടയില്‍ ഞെരുങ്ങുന്ന അവസ്ഥയിലാണ് കുടുംബജീവിതം. എന്നാല്‍ നമ്മുടെ പഴയതലമുറ കുടുംബപ്രശ്‌നങ്ങള്‍ ഏറെയും എളുപ്പത്തില്‍ പരിഹരിച്ചുപോന്നിരുന്നു. അറിവു നേടാനും വികസിപ്പിക്കാനുമുള്ള മാര്‍ഗങ്ങള്‍ കൂടിവരുന്തോറും കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ മുറുകിക്കൊണ്ടിരിക്കുന്നു എന്നാണ് സാമൂഹിക ജീവിതത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

കൂട്ടുകുടുംബം അണുകുടുംബത്തിലേക്കും അണുകുടുംബം ഏകാകികളിലേക്കും കൂടുമാറിക്കഴിയുന്ന സാമൂഹികജീവിതത്തില്‍ പ്രശ്‌നങ്ങളും നാള്‍ക്കുനാള്‍ പെരുകിക്കൊണ്ടിരിക്കുന്നു. കെട്ടിടങ്ങള്‍ വലുതും ചെറുതുമാകുന്നത് മാത്രമല്ല, കുടുംബങ്ങളുടെ മാറ്റം. കുടുംബത്തിനകത്തും നിരവധി മാറ്റങ്ങള്‍ വന്നുചേര്‍ന്നു. കുടുംബനാഥന്‍ അഥവാ ഭര്‍ത്താവ് മാത്രം ജോലിക്കുപോയിരുന്ന കാലം മാറി. അടുക്കളയില്‍ മാത്രം ഒതുങ്ങി, കുട്ടികളെ നോക്കി ജീവിതം തള്ളിനീക്കിയ ഭാര്യയും ജോലിക്കു പോയിത്തുടങ്ങി. അവള്‍ ഉദ്യോഗസ്ഥയായി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി വിഭജിക്കപ്പെട്ടതിനൊപ്പം ഗൃഹാന്തരീക്ഷത്തിലും അനുബന്ധമായ സംഭവവികാസങ്ങളുണ്ടായി.  പെണ്‍കുട്ടികള്‍ പടിപ്പുര കടക്കുന്നത്, ജോലിക്ക് പോകുന്നത് അഭിമാനക്ഷതമായി കരുതിയ കാലത്തില്‍നിന്നും ഉദ്യോഗസ്ഥയായ പെണ്‍കുട്ടി തറവാടിന് അഭിമാനമായിത്തീര്‍ന്നു. വീടിനകത്തെ പോലെ പുറത്തും കുടുംബജീവിതത്തിലെ മാറ്റം പലതരത്തിലും പ്രതിഫലിച്ചു.

ഭാര്യയും ഭര്‍ത്താവും ജോലിക്കുപോകുന്നു എന്ന രീതി ആദ്യകാലത്ത് വരേണ്യവിഭാഗങ്ങളില്‍ മാത്രമായിരുന്നു. പില്‍ക്കാലത്ത് ഇടത്തരം കുടുംബങ്ങളിലും ദമ്പതികള്‍ തങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള ജോലികളില്‍ പ്രവേശിച്ചു. എത്ര ചെറുതായാലും ഒരു ജോലി എന്ന രീതിയിലേക്ക് പൊതുവെ കുടുംബജീവിതം മാറ്റിപ്പണിതു. മുമ്പുകാലത്തെ പോലെ സര്‍ക്കാര്‍ ജോലിക്കുവേണ്ടിയും, വീടിനടുത്തുള്ള സ്‌കൂളില്‍ അധ്യാപിക തസ്തികക്കായും കാത്തിരിക്കുന്ന കാലവും പോയി. സ്വയംതൊഴിലും സ്വകാര്യമേഖലയിലും ജോലി നോക്കി കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന രീതി വര്‍ധിച്ചു. ഇതൊക്കെ പഴയകാല കുടുംബ സമ്പ്രദായത്തെ മാറ്റിപ്പണിയാന്‍ ഇടവരുത്തി. ദൂരസ്ഥലങ്ങളില്‍ ജോലിനോക്കുന്നവര്‍, രാത്രികാല ഷിഫ്റ്റുകളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍, സാങ്കേതിക മേഖലകളില്‍ ജോലിചെയ്യുന്നവരുടെ സമയക്രമത്തില്‍ വരുത്തുന്ന മാറ്റം, ജോലിസ്ഥലത്തേക്കുള്ള യാത്ര തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവരികയും ചെയ്തു. ഇത്തരം മാറ്റി പണിയലുകള്‍ക്കൊപ്പം ഒട്ടേറെ പ്രശ്‌നങ്ങളും വീടകത്തേക്ക് കടന്നുവന്നു.

''കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം'' എന്ന ആപ്തവാക്യത്തിനപ്പുറം, കൂടാതിരിക്കുമ്പോഴും ഇമ്പം അനുഭവപ്പെടുത്തുന്നതുകൂടിയാണ് കുടുംബം എന്നിങ്ങനെ കുടുംബത്തെക്കുറിച്ചുള്ള സങ്കല്‍പം മാറിക്കൊണ്ടിരിക്കുന്നു. കുടുംബം എന്നു കേള്‍ക്കുമ്പോള്‍ പിതാവ്, മാതാവ്, കുട്ടികള്‍ മുതലായവര്‍ ചിരിച്ചുകൊണ്ട് വീടിനുമുമ്പില്‍ നില്‍ക്കുന്ന ചിത്രമാണ് പലരുടെയും മനസ്സില്‍ ആദ്യം തെളിയുക. ഇന്നതിന് ചെറിയ മാറ്റം വന്നുകഴിഞ്ഞു. തിരക്കുപിടിച്ച ജീവിതത്തില്‍ ഭര്‍ത്താവാണോ, ഭാര്യയാണോ വീടിനടുത്ത് ജോലിചെയ്യുന്നത് അവരോടൊപ്പമാകും കുട്ടികള്‍. അങ്ങനെ ജീവിതത്തിന്റെ ക്രമീകരണവും വേഗതയും മനസ്സിലാക്കി കുടുംബത്തെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാടിലേക്ക് വരാന്‍ എത്രപേര്‍ക്ക് സാധിക്കുന്നു? അതിനനുസരിച്ചായിരിക്കും കുടുംബജീവിതത്തിലെ പ്രതിസന്ധികളുടെ ആഴവും പരപ്പും.

വര്‍ത്തമാനകാല കുടുംബജീവിതം തിരിച്ചറിയാന്‍ രണ്ടുകാര്യങ്ങള്‍ ഓര്‍ത്താല്‍ മതി. വാട്ട്‌സപ്പിന് മുമ്പും വാട്ട്‌സപ്പിന് ശേഷവും. ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റം കുടുംബജീവിതത്തിലും വലിയ സംഭാവനകളും വിള്ളലുകളും സൃഷ്ടിച്ചിട്ടു ണ്ട്. കുടുംബാംഗങ്ങളുടെ അകലം കുറക്കാന്‍ സാങ്കേതികവിദ്യക്ക് കഴിഞ്ഞു. മൊബൈലും ഇന്റര്‍നെറ്റും ലോകത്തെ ഏകജാലകത്തിലേക്ക് ഒതുക്കിനിര്‍ത്തി. അതിന്റെ മേന്മകളും തിന്മകളും കുടുംബാന്തരീക്ഷത്തില്‍ സര്‍വസാധാരണമായിക്കഴിഞ്ഞു. ദൂരസ്ഥലങ്ങള്‍ എന്ന കാഴ്ചപ്പാട് മാറി. വിളിക്കാനും, കണ്ടുസംസാരിക്കാനുമുള്ള സംവിധാനങ്ങള്‍ മൂലം ദൂരവും വിരഹവും ഒരുപരിധിവരെയെങ്കിലും കുടുംബജീവിതത്തില്‍നിന്നും അകന്നുകഴിഞ്ഞു. ശാസ്ത്രത്തിന്റെ മറ്റേതു സംഭാവനകളേയും പോലെ മൊബൈലിനും ഇന്റര്‍നെറ്റിനും അതിന്റെ തിന്മകളുമുണ്ട്. ഒരുപക്ഷേ, മനുഷ്യന്‍ ശാസ്ത്രനേട്ടങ്ങളുടെ വിപരീതഫലങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലാണ് അമിത താല്‍പര്യം കാണിക്കാറുള്ളത്. അത് മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും കാര്യത്തിലും വ്യത്യസ്തമല്ല. കുടുംബജീവിതത്തില്‍ അതിന്റെ അടയാളങ്ങള്‍ സാര്‍വത്രികമായിക്കഴിഞ്ഞു. വ്യക്തി സര്‍വതന്ത്ര സ്വതന്ത്രനാണെന്നുള്ള ചിന്താഗതി വര്‍ധിച്ചപ്പോള്‍ 'ഒരുമ'യുടെ വിശാലമായ അര്‍ഥം നഷ്ടപ്പെടുന്നു. കുടുംബത്തിലും 'വ്യക്തി'കള്‍ തുരുത്തുകളായി മാറിത്തുടങ്ങി. ഇത് കുടുംബജീവിതത്തിന്റെ താളംതെറ്റിക്കുന്നു. താളപ്പിഴകളിലൂടെ കടന്നുപോകുന്ന കുടുംബജീവിതം അസ്വസ്ഥതയുടെയും പാരസ്പര്യമില്ലായ്മയുടെയും ദുരന്തഭൂമിയായി മാറും. ഇത്തരം കുടുംബാന്തരീക്ഷം വ്യക്തിക്കും സമൂഹത്തിനും വലിയ പ്രശ്‌നങ്ങളായിത്തീരുന്നു. വര്‍ത്തമാനകാല കേരളീയ കുടുംബാന്തരീക്ഷം ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ നിന്നും മുക്തമല്ല.

കുടുംബ ജീവിതത്തിലെ സാമ്പത്തികവും സാമൂഹികവുമായ കെട്ടുപാടുകളുടെ കുരുക്കഴിക്കാന്‍ പരക്കം പായുന്ന ഭര്‍ത്താവിന്, ചിലപ്പോള്‍ ഭാര്യയുടെ മോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ പലപ്പോഴും സാധിച്ചെന്നു വരില്ല. ഭര്‍ത്താവിന് പഴയ സ്‌നേഹമില്ല എന്ന് അപ്പോള്‍ ഭാര്യക്ക് തോന്നും. സ്വപ്‌നകാലമല്ല ജീവിതകാലമെന്ന് ഭാര്യയെ ബോധ്യപ്പെടുത്താന്‍ പിന്നീട് ഭര്‍ത്താവ് പാടുപെടേണ്ടിവരും. മറ്റൊരു പ്രശ്‌നം അപരന്റെ/അപരയുടെ വരവാണ്. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് അത്ര ശരിയല്ല എന്നു കരുതുന്നവര്‍ സ്വന്തം ജീവിതം നന്നാക്കാന്‍ വേണ്ടി മെനക്കെടാത്തവരാണ്. അന്യന്റെ ജീവിതത്തിലെ യാഥാര്‍ത്ഥ ഥ്യം എന്താണെന്നറിയാതെയാവും  അയല്‍പക്കക്കാരനെ/കാരിയെ പുകഴ്ത്തുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ മിക്കവാറും ജോലി സ്ഥലത്തെ പ്രശ്‌നങ്ങളില്‍ തലപുണ്ണാക്കുന്നവര്‍ക്ക് ഇടപെടാന്‍ സാധിച്ചെന്നു വരില്ല. 'ജീവിതം എങ്ങനെ പോകുന്നു?' അപരന്റെ ചോദ്യം കേള്‍ക്കേണ്ട നിമിഷം, മറുപടി വരും. 'ആ അങ്ങനെയൊക്കെ പോകുന്നു.' അതുമതി അവന്/ അവള്‍ക്ക് വീടിനുള്ളിലേക്ക് പാലം കെട്ടാന്‍. അവന്‍/അവള്‍ ആ പാലത്തിലൂടെ നടന്നു കയറും. 'എന്തോ പ്രശ്‌നമുണ്ടല്ലോ' എന്നു ചോദിക്കും. 'അയാള്‍ക്ക്/അവള്‍ക്ക് ഇപ്പോള്‍ പഴയ സ്‌നേഹമില്ലെടാ' എന്നു പറഞ്ഞ് കുറ്റപ്പെടുത്തല്‍ ആരംഭിക്കും. ഇതൊക്കെ തിരിച്ചറിഞ്ഞെങ്കില്‍ കുടുംബജീവിതം ദുരിതപൂര്‍ണമാകും.

ഭാരതീയ കുടുംബമാതൃക, കേരളീയ കുടുംബാന്തരീക്ഷം, ഉത്തമ ജീവിതരീതി മുതലായ വിശേഷണങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങി. പലവിധ കാഴ്ചപ്പാടില്‍ ലോകത്ത് ഏറ്റവും സുന്ദരമായ കുടുംബസംവിധാനങ്ങളാണ് തങ്ങളുടേത് എന്ന് ചിന്തിക്കുന്ന മലയാളിപോലും നമ്മുടെ കാഴ്ചപ്പുറത്തില്ലാതായിരിക്കുന്നു.  സാമൂഹികാന്തരീക്ഷത്തിലും സംസ്‌കാരത്തിലും ഏത് ചെറിയ പോറലേല്‍ക്കുമ്പോഴും അതിനെ പാശ്ചാത്യസംസ്‌കാരം എന്നാണ് നാം പേരിട്ട് വിളിച്ചത്. കുടുംബം കലഹത്തിന്റെയും വേര്‍പിരിയലിന്റെയും ഇടംകൂടിയാണെന്ന് പാശ്ചാത്യലോകം കരുതിപ്പോന്നിട്ടുണ്ട്.  നാംതാലോലിച്ചു നിലനിര്‍ത്തുന്ന കുടുംബജീവിതത്തിന് ഏല്‍ക്കുന്ന ചെറിയ മുറിവുപോലും കടുത്ത മനോദുഃഖത്തിന് ഇടവരുത്തും. കേരളം ഇപ്പോള്‍ നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്‌നം കുടുംബജീവിത തകര്‍ച്ചയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബകോടതികളിലെത്തുന്ന കേസുകളുടെ കണക്കുകളും ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നിസ്സാരകാര്യത്തിനുപോലും 'വേര്‍പിരിയല്‍' എന്ന സമവാക്യത്തിലേക്ക് മലയാളിയും മാറിക്കഴിഞ്ഞു.

ശാഖോപശാഖകളായി ആകാശത്തിലേക്ക് വിതാനിച്ചുനില്‍ക്കുന്ന ഒരു ആല്‍മരമായിരുന്നു മലയാളിയുടെ കൂട്ടുകുടുംബം. അതിനകത്ത് കളിസ്ഥലവും സദ്ഗുണപാഠശാലയും കുടുംബകോടതികളും കേള്‍ക്കാന്‍ ഒരാള്‍ അല്ലെങ്കില്‍ ഒരുകൂട്ടം ആളുകളുമുണ്ടായിരുന്നു. അണുകുടുംബത്തിലേക്ക് കുടിയേറിയപ്പോള്‍, പരിഹാരത്തറകള്‍, കേള്‍വിക്കൂട്ടം ഇല്ലാതായി. ചെറിയ പ്രശ്‌നംപോലും കുടുംബകോടതിയിലേക്കും, മന:ശാസ്ത്രജ്ഞന്റെ മുമ്പിലേക്കും എത്തി. രണ്ടാമതൊരാളിലേക്ക് മനസ്സുതുറക്കാനോ, ഉള്‍ക്കൊള്ളാനോ തയ്യാറാകാന്‍ കഴിയാത്തവിധത്തില്‍ മലയാളികളുടെ മനസ്സും മാറിത്തുടങ്ങി. ക്ഷമാശീലം വറ്റിത്തുടങ്ങിയ ദാമ്പത്യജീവിതത്തെപ്പറ്റി ഓര്‍ക്കാന്‍പോലും കഴിയുമോ? യഥാര്‍ഥത്തില്‍ കേരളീയ കുടുംബാന്തരീക്ഷം അടരുകളുടെ വലിയൊരു പ്രതലമാണ്. ആത്മവിശ്വാസം നഷ്ടപ്പെടുന്നവരും ശരീരത്തിനപ്പുറം മനസ്സുതുറന്നുവെക്കാന്‍ കഴിയാത്തവരും വര്‍ധിക്കുന്ന ഒരിടമായി മലയാളിയുടെ കുടുംബജീവിതം രൂപപ്പെടുന്നു. ഇതിന് ആക്കം കൂട്ടുന്ന ബാഹ്യ ഉപാധിയായി സാങ്കേതികവിദ്യയും. ശീലങ്ങള്‍ക്കും ദുശ്ശീലങ്ങള്‍ക്കും എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന കവാടമാണ് കുടുംബജീവിതം. ദാമ്പത്യജീവിതത്തിന്റെ വാതിലുകള്‍ യഥേഷ്ടം തുറന്നിട്ടാല്‍, അത് സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ എത്ര വലുതായിരിക്കുമെന്നതിന് എളുപ്പത്തില്‍ ഉത്തരം പറയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അതൊരു വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, കടപുഴക്കിയെറിയുക. സമൂഹത്തിന്റെയാകമാനവുമായിരിക്കും.

കുടുംബത്തിനകത്തെ 'ഇടുങ്ങിയ' സ്ഥലങ്ങളിലൂടെ കൂടുതല്‍ വിശാലതകളിലേക്ക് സഞ്ചരിക്കണമെന്ന് പറയുന്നത് ബാഹ്യവിശാലത എന്നു മാത്രമല്ല, മാനസികപരമായ വിശാലത കൂടിയാണ്. പക്ഷേ, ബാഹ്യതലത്തിലെ പുരോഗമനങ്ങള്‍ മാനസികതലത്തില്‍ വന്നു ചേര്‍ന്നില്ലെങ്കില്‍ അതൊരു ദുരന്തമാകും. നിര്‍ഭാഗ്യവശാല്‍ മലയാളിയുടെ ലക്ഷ്യം പലപ്പോഴും ബാഹ്യതലത്തില്‍ മാത്രം ഒതുങ്ങുന്നു. അതിനാല്‍ ഇത്തിരി സ്വാതന്ത്ര്യം പോലും അതിന്റെ വിപരീതാര്‍ഥത്തില്‍ പ്രയോജനപ്പെടുത്തുന്നതിലാണ് ഒട്ടുമിക്ക പേര്‍ക്കും കമ്പം. കുടുംബത്തില്‍ ബാഹ്യഇടപെടലുകള്‍ നടക്കുന്നത് ഒരുതരത്തില്‍ ആശ്വാസമാണ്. എന്നാല്‍ ബാഹ്യഇടപെടലുകള്‍ തന്നെ വില്ലനായി മാറുന്ന സംഭവങ്ങള്‍ നിരവധിയാണ്. വീടിനകത്തും പുറത്തുമുള്ള സ്ത്രീയുടെ തൊഴിലിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ മൂല്യം, വീട്, ഭാര്യ, വീട്ടുജോലി, കുട്ടികളെ വളര്‍ത്തല്‍, ബന്ധംനിലനിര്‍ത്തല്‍ തുടങ്ങിയ നിര്‍മിതികളും കുടുംബപ്രശ്‌നങ്ങളില്‍ മുഖ്യപങ്ക് വഹിക്കുന്നു.

ലൈംഗികത, സദാചാരം എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകളും ദാമ്പത്യജീവിത ഘടനയെ ഏതൊക്കെ നിലയിലാണ് താങ്ങിനിര്‍ത്തുന്നത് എന്നതും കണക്കിലെടുത്തു വേണം മലയാളിയുടെ കുടുംബജീവിതം വായിച്ചെടുക്കാന്‍ വിദ്യാഭ്യാസം, മതപരമായ കാഴ്ചപ്പാട്, വിശ്വാസം, ആചാരം, അനുഷ്ഠാനം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ കുടുംബജീവിതത്തിന്റെ അടിസ്ഥാന ധാരകളാണ്. ഇവയില്‍ ഇതെല്ലാം സമദൂരത്തിലോ, പരസ്പരം പൂരകമായോ, പരിപാലിക്കപ്പെടുന്നതിലാണ് കുടുംബഭദ്രത. ഏതെങ്കിലും ഒന്നിന് അല്‍പം വ്യതിയാനം വരികയോ, അങ്ങനെ മറ്റുള്ളവര്‍ക്ക് തോന്നുകയോ ചെയ്താല്‍ കുടുംബജീവിതം പ്രശ്‌നബാധിത ഇടമായി മാറും. വാസ്തവത്തില്‍ മാറ്റിപ്പണിയാനും, ഉറപ്പിച്ചു നിര്‍ത്താനും ഏതൊരു വ്യക്തിക്കും അധികാരമുള്ളതാണ് കുടുംബജീവിതം. പക്ഷേ, നാം പുലര്‍ന്നുപോരുന്ന സാമൂഹികാന്തരീക്ഷത്തെ അപ്പാടെ മാറ്റി പ്രതിഷ്ഠിക്കാന്‍ വ്യക്തിക്ക് സാധിച്ചെന്ന് വരില്ല. പരമമായ ചോദ്യത്തിന് ഉത്തരമില്ല എന്നത് കലയുടെ മാത്രം പ്രശ്‌നമല്ല; ജീവിതത്തിന്റേതു കൂടിയാണ്.

സാങ്കേതികവിദ്യയുടെ സംഭാവനയായ വാട്ട്‌സപ്പ് ഏറ്റവും കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത് ദാമ്പത്യജീവിതത്തിലാണ്. ഒളിഞ്ഞും തെളിഞ്ഞുമുള്ള 'രഹസ്യ'ക്കൈമാറ്റം പരസ്പരവിശ്വാസത്തിന്റെ മുനയൊടിക്കുന്നു. അഥവാ അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വേഗത വര്‍ധിപ്പിക്കുന്നു. വിവാഹം, ദാമ്പത്യം എന്നിവ പവിത്രവും വിശ്വാസപൂര്‍ണവുമായിരിക്കണമെന്നാണ് മലയാളി വിശ്വസിക്കുന്നത്. അതിന് ഭംഗം വരുത്തുന്നത് പുരുഷനോ സ്ത്രീയോ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ നൂതന വിദ്യകള്‍ ഏത് രഹസ്യ അറകളിലേക്കും പ്രവേശിക്കുന്നു. അതിനുള്ള കരുത്തും, വികാരപരതയും ക്രമപ്പെടുത്തിയെടുക്കാന്‍ സാങ്കേതികോപകരണങ്ങള്‍ക്ക് കഴിയും. അതിനാല്‍ സങ്കീര്‍ണമായ ഒരു പ്രതിഭാസമായി വാട്ട്‌സപ്പ് മലയാളിയുടെ കുടുംബജീവിതത്തില്‍ മാറിത്തുടങ്ങി.

ദാമ്പത്യജീവിതവും പങ്കാളികളുടെ പരസ്പരവിശ്വാസവുമാണ് കുടുംബജീവിതത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്നത്. അതിന് വൈകാരികവും, സാമൂഹികവും സാംസ്‌കാരികവുമായ മാനങ്ങളുണ്ട്. ലൈംഗികതയുടെ കാര്യത്തിലും ഇവ ബാധകമാണ്. ലൈംഗികതയില്‍ മനസ്സും ശരീരവും ഒരുപോലെ നിര്‍ണായകമാണ്. ലൈംഗികാവയങ്ങള്‍ക്കുമേല്‍ മനസ്സിനുള്ള സ്വാധീനശക്തിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച പക്ഷേ, നമ്മുടെ നാട്ടില്‍ പലര്‍ക്കും ലവലേശമില്ല. അത്തരക്കാര്‍ സാങ്കേതികവിദ്യയും മാര്‍ക്കറ്റില്‍ കിട്ടുന്ന വസ്തുക്കളും പ്രയോജനപ്പെടുത്തുന്നു. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് എത്തിക്കുക. സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുമ്പോള്‍ സ്വാഭാവികമായും കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ വരാനിടയുണ്ട്. അതുപോലെ  ചെറുപ്പത്തിലെ അനുഭവങ്ങള്‍ ഭാവി ലൈംഗികതയെ സ്വാധീനിക്കും. നല്ല കുടുംബബന്ധങ്ങള്‍ ആരോഗ്യകരമായ ലൈംഗിക വ്യക്തിത്വം രൂപപ്പെടുത്താന്‍ സഹായിക്കും. ലൈംഗികാസക്തി വിവേചന രഹിതവും അനിയന്ത്രിവുമാകുമ്പോള്‍ 'സെക്‌സ് അഡിക്ഷന്‍' എന്ന സ്ഥിതി വന്നുചേരും.

ഒരു തമാശക്കോ നേരംപോക്കിനോ വേണ്ടി തുടങ്ങി, പിന്നീട് 'അഡിക്ഷന്‍'സ്ഥിതിയിലേക്ക് വാട്ട്‌സപ്പ് പലരേയും മാറ്റിക്കഴിഞ്ഞിട്ടുണ്ട്. കുടുംബജീവിതത്തിന്റെ ഭദ്രത നഷ്ടപ്പെടുത്താതിരിക്കാന്‍ സാങ്കേതികവിദ്യയെ തിരിച്ചറിയുകയാണ് വേണ്ടത്; കുടുംബത്തിന്റെ മഹത്വവും. ദാമ്പത്യജീവിതം കേവലം ലൈംഗികാഭിനിവേശമായി മാത്രം കാണാതിരിക്കുക. പ്രകൃതിനിയമത്തിന്റെ, ധാര്‍മികമൂല്യത്തിന്റെ നിലനില്‍പായി മനസ്സിലാക്കി ജീവിച്ചാല്‍ ഏത് പ്രശ്‌നവും ലളിതമായി പരിഹരിക്കാം.

കുടുംബജീവിത പ്രതിസന്ധിയുടെ മറ്റൊരു കാരണം വയോജനങ്ങളാണ്. കേരളത്തില്‍ മുതിര്‍ന്ന പൗരജനങ്ങളുടെ എണ്ണവും അവരുടെ ദുരിതങ്ങളും വര്‍ധിക്കുകയാണ്. ഏതാണ്ട് 50 ലക്ഷം വയോജനങ്ങളാണ് കേരളത്തിലുള്ളത്. 2025 ആകുമ്പോഴേക്കും ജനസംഖ്യയുടെ 30-35 ശതമാനമായി വര്‍ധിക്കും. മാനസികവും ശാരീരികവും സാമ്പത്തികപരവുമായ പ്രയാസങ്ങള്‍ നേരിടുന്ന വയോജനം കുടുംബത്തിനകത്ത് ദുരിതാവസ്ഥയാണ് പലപ്പോഴും അനുഭവിക്കുന്നത്. അവരുടെ സംരക്ഷണം സാമൂഹികസേവനവും വ്യക്തിജീവിതത്തിന്റെ ഉത്തരവാദിത്വവുമാണ്. സ്‌നേഹം, ധര്‍മം, മാനവികത തുടങ്ങിയ കാരുണ്യവികാരങ്ങള്‍ ജീവിതത്തില്‍നിന്നും ഉപേക്ഷിക്കപ്പെടേണ്ടവയല്ല; ജീവിതത്തെ താങ്ങിനിര്‍ത്തുന്ന സ്തംഭങ്ങളാണവ. അതിനാല്‍ നന്മയെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കുകയാണ് കുടുംബജീവിതത്തെയും സദാചാരമൂല്യങ്ങളെയും ചേര്‍ത്തുപിടിക്കാന്‍ സഹായകമാവുക. സൈബര്‍ലോകം വിരിക്കുന്ന വലക്കണ്ണികളില്‍ അകപ്പെടാതെ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ കുടുംബജീവിതം ക്രമീകരിക്കേണ്ടതിന്റെ വലിയ ഉത്തരവാദിത്വം നാം ഏറ്റെടുത്തേ മതിയാവൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top